ഭാരത് ജോഡോ ന്യായ് യാത്രക്ക് ചെറിയ ഇടവേള നല്‍കി രാഹുൽ ഗാന്ധി എംപി രാവിലെ വയനാട്ടിലെത്തി. കണ്ണൂരിൽ നിന്ന് റോഡുമാർഗമാണ് രാഹുൽ പടമലയിലെത്തിയത്. ബേലൂർ മഖ്നയുടെ ചവിട്ടേറ്റുമരിച്ച അജീഷിന്റെ വീട്ടിലും, തുടർന്ന് കഴിഞ്ഞ ദിവസം കാട്ടാനയുടെ ചവിട്ടേറ്റു മരിച്ച പി.വി. പോളിൻ്റെ പാക്കത്തെ വീടും ശേഷം കടുവയുടെ ആക്രമണത്തിൽ കഴിഞ്ഞ ഡിസംബറിൽ കൊല്ലപ്പെട്ട മൂടക്കൊല്ലി സ്വദേശി പ്രജീഷിൻ്റെ വീടും അദ്ദേഹം സന്ദർശിച്ചു. ശേഷം കൽപ്പറ്റയിൽ പിഡബ്യൂഡി റസ്റ്റ് ഹൗസിൽ ജില്ലാ ഭരണകൂടവുമായി നിലവിലെ സ്ഥിതിഗതികൾ അദ്ദേഹം വിലയിരുത്തി.
രാഹുൽ ഗാന്ധി ടൂറിസ്റ്റാണെന്നും, വിനോദസഞ്ചാരിയായിട്ടല്ല രാഹുൽ സ്വന്തം മണ്ഡലത്തിൽ പോകേണ്ടതെന്നും കേന്ദ്രമന്ത്രി വി.മുരളീധരന്‍. വനംമന്ത്രി ടിവി കണ്ടു രസിക്കുകയല്ല വേണ്ടത്, എന്തിനാണ് ഇങ്ങനെ ഒരു മന്ത്രിയെ പിണറായി വിജയൻ സംരക്ഷിക്കുന്നതെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
വയനാട്ടിൽ ഒരാഴ്ചക്കിടെ രണ്ടുപേർ കാട്ടാന അക്രമണത്തിൽ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ഇന്നലെ നടത്തിയ ഹർത്താലിനിടെയുള്ള സംഘർഷങ്ങളിൽ പുൽപ്പള്ളി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. കണ്ടാൽ അറിയാവുന്ന നൂറു പേർക്കെതിരെ ഐപിസി 283,143,147,149 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
പ്രതിഷേധങ്ങൾ സ്വാഭാവികമാണെന്നും എന്നാൽ അത് അക്രമാസക്തമാകുന്നത് കാര്യങ്ങൾ സങ്കീർണമാക്കുമെന്നും വനം മന്ത്രി എ.കെ ശശീന്ദ്രൻ. കാര്യങ്ങൾ ചെയ്യാൻ വയനാട്ടിൽ പോകേണ്ടതില്ലെന്നും ജനക്കൂട്ടത്തോടല്ല, ഉത്തരവാദപ്പെട്ടവരോടാണ് സംസാരിക്കേണ്ടത്. വികാരപരമായ അന്തരീക്ഷത്തിൽ ഇടപെടുന്നതിനേക്കാൾ ശാന്തമായിരിക്കുമ്പോൾ അവരെ കേൾക്കുന്നതാണ് നല്ലതെന്നും വനം മന്ത്രി പറഞ്ഞു.
വയനാട്ടിൽ സ്ഥിതി ഗുരുതരമായ സാഹചര്യത്തിലാണ് താൻ വന്നതെന്നും അതിൽ രാഷ്ട്രീയമില്ലെന്നും രാഹുൽ ഗാന്ധി. വന്യജീവി പ്രശ്നത്തിൽ സംസ്ഥാന സർക്കാർ കാര്യക്ഷമമായി ഇടപെട്ടില്ലെന്നും, സർക്കാരിന്റെ ഇടപെടൽ കാര്യക്ഷമമല്ലാതെ പോയതിനാലാണ് തനിക്ക് ഇവിടെ വരേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു. വന്യജീവി പ്രശ്നങ്ങളിൽ അയൽ സംസ്ഥാനങ്ങളുമായി കൂടി സഹകരിച്ച് പരിഹാര മാർഗങ്ങൾ തേടാമെന്നും വയനാട്ടിൽ സൗകര്യങ്ങളോട് കൂടിയ മെഡിക്കൽ കോളേജെന്ന ആവശ്യം ഗൗരവകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രിക്ക് സെനറ്റ് യോഗത്തിൽ പങ്കെടുക്കാൻ അധികാരമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ക്രിമിനലുകളോട് മറുപടി പറയാൻ താൻ ഇല്ലെന്നും , ചട്ടലംഘനത്തെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ
സെനറ്റ് യോഗത്തില്‍ അധ്യക്ഷത വഹിക്കാന്‍ മന്ത്രിക്ക് അധികാരമുണ്ടോയെന്ന് അറിയാന്‍ ഗവര്‍ണര്‍ നിയമം പരിശോധിച്ചാല്‍ മതിയെന്നും, പരാതിയുണ്ടെങ്കില്‍ ഗവര്‍ണര്‍ക്ക് കോടതിയെ സമീപിക്കാമെന്നും മന്ത്രി ആര്‍.ബിന്ദു വ്യക്തമാക്കി.
അതോടൊപ്പം ചാൻസലർ ആയ ഗവർണർ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ച് സർവകലാശാലയെ അപമാനിക്കുന്നുവെന്ന് കേരള സർവകലാശാല ഇടത്പക്ഷ സിൻഡിക്കേറ്റ് അംഗങ്ങൾ പ്രസ്താവനയിൽ പറഞ്ഞു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എല്ലാവരെയും ക്രിമിനലായി ചിത്രീകരിക്കുകയാണെന്നും, ഗവർണറുടെ പരാമര്‍ശനത്തിന് മറുപടി പറഞ്ഞ് തന്റെ നിലവാരം കളയില്ലെന്നും മന്ത്രി ആർ ബിന്ദു. കേരള സർവ്വകലാശാല സെനറ്റ് യോഗത്തിൽ അധ്യക്ഷം വഹിച്ച ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദുവിനെ ഗവർണർ ക്രിമിനൽ എന്ന് വിശേഷിപ്പിച്ചിരുന്നു എന്നാൽ ഇരിക്കുന്ന സ്ഥാനത്തെ കുറിച്ച് ബോധ്യമില്ലാത്തവർക്ക് മറുപടി നൽകാനില്ലെന്ന് മന്ത്രിയും മറുപടി നൽകി.
പൊതുവിദ്യാഭ്യാസരംഗത്ത് ഉണ്ടായ നേട്ടം ഉന്നത വിദ്യാഭ്യാസ മേഖലയിലും നേടാൻ വിദ്യാർത്ഥികൾക്ക് കഴിയണമെന്നും, കേരളം കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടത് ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വിദേശത്തേക്ക് പോയവരെ തിരികെ എത്തിക്കാനായി ഉന്നത വിദ്യാഭ്യാസ കൗൺസിൽ വഴി പ്രത്യേക പദ്ധതി നടപ്പാക്കുന്നുണ്ടെന്നും കോഴിക്കോട്ട് വിദ്യാർത്ഥികളുമായി നടത്തിയ മുഖാമുഖം പരിപാടിയിൽ സംസാരിക്കവെ മുഖ്യമന്ത്രി വ്യക്തമാക്കി.
അടുത്ത നൂറ് ദിവസം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും ഇറങ്ങിച്ചെന്നുള്ള പ്രചാരണം നടത്താൻ പ്രവർത്തകരോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി 370 സീറ്റ് നേടുമെന്നും, പുതിയ ഓരോ വോട്ടർമാരിലേക്ക് എത്തണമെന്നും ഓരോ പദ്ധതികളും ഗുണഭോക്താക്കളിലേക്ക് എത്തണമെന്നും ബിജെപി ദേശീയ കണ്‍വെന്‍ഷനില്‍ സംസാരിക്കവെ മോദി നിര്‍ദ്ദേശിച്ചു.
ന്യൂനപക്ഷ സ്കോളർഷിപ്പുകളുൾപ്പെടെ ന്യൂന പക്ഷ വിദ്യാർത്ഥികൾക്ക് നിരവധി പദ്ധതികൾ നടപ്പാക്കിയെന്നും, ന്യൂനപക്ഷ ക്ഷേമത്തിന് 84കോടി രൂപ സർക്കാർ അനുവദിച്ചുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാർ ന്യൂനപക്ഷങ്ങൾക്കുള്ള പദ്ധതികൾ ഇല്ലാതാക്കി. എന്നാൽ ന്യൂനപക്ഷ ഉന്നതി ഉറപ്പ് വരുത്തുകയാണ് സർക്കാർ ചെയ്യുന്നതെന്നും അതിനെ എത്ര വർഗീയ വത്കരിക്കാൻ ശ്രമിച്ചാലും സർക്കാർ മുന്നോട്ട് പോകുമെന്നും കരിപ്പൂരിൽ നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.
എറണാകുളം മറൈൻ ഡ്രൈവിൽ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എസ് ശ്യാം സുന്ദർ ഐപിഎസിന്റെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി കമ്മീഷണർ കെ എസ് സുദർശന്റെ നേതൃത്വത്തിൽ വ്യാപക റെയ്ഡ് നടന്നു. റെയ്ഡിൽ രണ്ട് മയക്കുമരുന്ന് കേസുകളും, നിരോധിത പുകയില ഉൽപ്പന്നങ്ങൾ കൈവശം വച്ചതിൽ ഒരു കേസും, പൊതുസ്ഥലത്ത് മദ്യപിച്ചതിന് ഒരു കേസും കണ്ടെത്തി.
ഇന്നും നാളെയും കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ എന്നീ മൂന്ന് ജില്ലകളിൽ താപനില ഉയരാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് .
ബേലൂർ മഖ്ന കേരളം കടന്ന് നാഗർഹോളയിലെത്തിയെന്ന് വനംവകുപ്പ്. ഇതോടെ വയനാട് മാനന്തവാടി പടമലയിലെ അജീഷ് എന്ന കർഷകനെ കൊലപ്പെടുത്തിയ ബേലൂർ മഖ്നയെന്ന കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം പ്രതിസന്ധിയിലായി.
എറണാകുളം കളക്ട്രേറ്റിൽ തീപിടുത്തം. കളക്ട്രേറ്റിൽ പ്രവർത്തിക്കുന്ന ജിഎസ്ടി ഓഫീസിലാണ് തീപിടുത്തമുണ്ടായത്. ഫോട്ടോസ്റ്റാറ്റ് മെഷീനാണ് കത്തിയത്. ഷോർട്ട് സർക്യൂട്ടെന്ന് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.
സിപിഐഎമ്മിൽ പിണറായി യുഗത്തിന് അന്ത്യമാകുന്നുവെന്ന് കെ സുധാകരൻ. സിപിഐഎമ്മും ബിജെപിയും പരസ്പരധാരണയിലാണ് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. എന്നാൽ ജനങ്ങൾക്ക് സത്യം അറിയാം.പിണറായി വിജയന്റെ മകൾ നടത്തിയ തട്ടിപ്പിനെ ന്യായീകരിക്കാൻ പാർട്ടി നേതാക്കൾ വരുന്നില്ല എന്നത് ഇതിന്റെ തെളിവാണെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു.
ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ വിവിധ അപ്പീലുകളിൽ ഹൈക്കോടതി നാളെ വിധി പറയും. ശിക്ഷ വിധി ചോദ്യം ചെയ്ത് പ്രതികളും പ്രതികൾക്കു പരമാവധി ശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് സർക്കാരും അപ്പീൽ നൽകിയിട്ടുണ്ട്.സിപിഎം നേതാവ് പി.മോഹനൻ ഉൾപ്പെടെയുള്ള പ്രതികളെ വിട്ടയച്ചതിനെതിരെ കെ.കെ.രമയും നൽകിയ അപ്പീലുകൾ ആണ് കോടതി പരിഗണിക്കുന്നത്.
പുത്തൂർ സഹരണബാങ്കിൽ ഫിക്സ്ഡ് ഡെപ്പോസിറ്റ് ആയി പണം നിക്ഷേപിച്ചവർക്ക്,2002-ൽ ബാഗുകൾ വിതരണം ചെയ്യാനെന്ന പേരിൽ ബാങ്കിൽ നിന്നും പണം തട്ടിയെടുത്ത സെക്രട്ടറിയും ബോർഡ് അംഗവും കുറ്റക്കാരെന്ന് തൃശൂർ വിജിലൻസ് കോടതി. ഇവർക്ക് 3 വർഷം കഠിനതടവിനും 3,30,000 രൂപ വീതം പിഴയുമാണ് കോടതി വിധിച്ചത്.
വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റ ആദിവാസി ബാലന്‍ ശരത്തിന് സഹായവുമായി രാഹുല്‍ ഗാന്ധി എംപി. അടിയന്തര ചികിത്സാ സഹായമായി 50,000 രൂപ നല്‍കുമെന്നാണ് പ്രഖ്യാപനം.
ഇലക്ട്രൽ ബോണ്ടിൽ ഏറ്റവും കൂടുതൽ പണം നേടിയത്ബിജെപിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇലക്ട്രൽ ബോണ്ടിലൂടെ കോൺഗ്രസിനും പണം അധികം ലഭിച്ചു . ഒരു പ്രമുഖ നേതാവ് ബിജെപിയിലേക്ക് മാറാൻ നൂറ് കോടിയാണ് ആവശ്യപ്പെട്ടത് എന്നും അദ്ദേഹം ആരോപിച്ചു.
തമിഴ്‌നാട്ടില്‍ പഞ്ഞിമിട്ടായിയുടെ വില്‍പ്പന നിരോധിച്ചു.ക്യാന്‍സറിന് കാരണമാകുന്ന രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി എം സുബ്രഹ്‌മണ്യനാണ് പഞ്ഞിമിട്ടായിയുടെ വില്‍പ്പന നിരോധിച്ചതായി അറിയിച്ചിരിക്കുന്നത്.
ആലപ്പുഴ കലവൂരിൽ 13 വയസുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്കൂൾ അധ്യാപകര്‍ക്കെതിരെ കുടുംബം. ചില അധ്യാപകര്‍ ശാരീരികമായും മാനസികമായും ഉപദ്രവിച്ചതിന്‍റെ മനോവിഷമത്തിലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചു. അസ്വഭാവിക മരണത്തിന് മണ്ണഞ്ചേരി പൊലീസ് കേസെടുത്തിട്ടുണ്ട്.
പത്തനംതിട്ട ഏഴംകുളം ദേവീ ക്ഷേത്രത്തിലെ ഗരുഡൻ ‘തൂക്ക്’ വഴിപാടിനിടെ എട്ടുമാസം പ്രായമുള്ള കുഞ്ഞ് താഴെ വീണു. തൂക്കുകാരൻ്റെ കൈയിൽ നിന്നും വീണ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുഞ്ഞിന്റെ ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.ഈ സംഭവത്തില്‍ നടപടിയെടുക്കാൻ നിർദ്ദേശം നൽകി സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ.
രാജ്കോട്ട് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ചരിത്ര വിജയം. ഇന്ത്യയുടെ ക്രിക്കറ്റ് ടെസ്റ്റ് ചരിത്രത്തിലെ റെക്കോർഡ് ആണ് ഇംഗ്ലണ്ടിനെതിരെ നേടിയ 434 റണ്‍സിന്‍റെ വിജയം. റണ്‍സുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യ നേടുന്ന എക്കാലത്തെയും വലിയ വിജയമാണിത്.