Screenshot 2024 02 27 20 21 14 990 com.android.chrome edit

മോദിയുടെ ഗ്യാരണ്ടിക്ക് പകരം ഗ്യാരണ്ടിയുമായി അരവിന്ദ് കെജ്രിവാള്‍. മോദി ഇതുവരെ ചെയ്യുമെന്ന് പറഞ്ഞതൊന്നും ചെയ്തില്ലെന്നും ഏത് ഗ്യാരണ്ടി വിശ്വാസത്തിലെടുക്കണമെന്ന് ജനങ്ങള്‍ക്ക് തീരുമാനിക്കാമെന്നും കെജ്രിവാള്‍ വ്യക്തമാക്കി. 15 ലക്ഷം രൂപ അക്കൗണ്ടില്‍ നല്‍കുമെന്ന് പറഞ്ഞത് നടന്നില്ല, അടുത്ത വർഷം മോദി വിരമിക്കും, മോദി റിട്ടയർ ചെയ്താൽ ആര് ഗ്യാരണ്ടി നടപ്പാക്കുമെന്നും കെജ്രിവാൾ ചോദിച്ചു. വിലക്കയറ്റം പിടിച്ചുനിര്‍ത്തും,രാജ്യത്ത് എല്ലാവര്‍ക്കും വൈദ്യുതിയെത്തിക്കും എന്നു തുടങ്ങി പത്ത് ഗ്യാരണ്ടികളാണ് കെജ്രിവാൾ നടപ്പാക്കാൻ ഒരുങ്ങുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പിലെ നാലാം ഘട്ട പോളിംഗ് . നാലാംഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പിന് പൂർണ സജ്ജമായെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 10 സംസ്ഥാനങ്ങളിലും, കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 96 ലോക്‌സഭാ മണ്ഡലങ്ങളിലേക്കാണു പോളിങ് നടക്കുന്നത്.ആന്ധ്രപ്രദേശ് നിയമസഭയിലെ ആകെയുള്ള 175 സീറ്റിലേക്കും ഒഡിഷ നിയമസഭയിലെ 28 സീറ്റിലേക്കും നാളെ വോട്ടെടുപ്പു നടക്കും.

 

വടകരയിൽ യു ഡി എഫ് നടത്തിയ പരിപാടിക്കിടെ ആർ എം പി നേതാവ് ഹരിഹരൻ നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങളിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡി വൈ എഫ് ഐയും ജനാധിപത്യ മഹിളാ അസോസിയേഷനും സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. സ്ത്രീത്വത്തെ അപമാനിച്ചതിൽ ഹരിഹരനെതിരെ കേസെടുക്കണമെന്നും കൂടാതെ വനിതാ കമ്മിഷനും പരാതി നൽകുമെന്നും ജനാധിപത്യ മഹിളാ അസോസിയേഷൻ അറിയിച്ചു.

ആര്‍.എം.പി. കേന്ദ്രകമ്മിറ്റി അംഗം കെ.എസ്. ഹരിഹരനെ തള്ളി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ഹരിഹരന്റ വിവാദ പ്രസ്താവന യു.ഡി.എഫ്. അംഗീകരിക്കുന്നില്ലെന്ന് അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സ്ത്രീവിരുദ്ധമായ പരാമര്‍ശം പൂര്‍ണ്ണമായും തെറ്റാണ്. പൊതുവേദിയില്‍ സംസാരിക്കുമ്പോള്‍ രാഷ്ട്രീയ നേതാക്കള്‍ എപ്പോഴും മറ്റുള്ളവര്‍ക്ക് മാതൃകയാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പൊതുരംഗത്തെ സ്ത്രീകളെ അവമതിപ്പോടെ കാണുന്ന ആണ്‍കോയ്മാ മുന്നണിയായി യുഡിഎഫ് അധപ്പതിച്ചു കഴിഞ്ഞുവെന്ന് തെളിയിക്കുന്നതാണ് ആര്‍എംപി നേതാവ് ഹരിഹരന്റെ പ്രസ്താവനയെന്ന് മന്ത്രി ആര്‍ ബിന്ദു. ലോക്‌സഭാ തെരഞ്ഞെടുപ്പു ഘട്ടത്തില്‍ കെ കെ ശൈലജ ടീച്ചര്‍ക്കെതിരെ ലിംഗനീതിക്ക് തെല്ലുവില കൊടുക്കാതെ യുഡിഎഫ് നടത്തിയ സൈബര്‍ ആക്രമണങ്ങളുടെ ബുദ്ധികേന്ദ്രം ആരാണെന്ന് ഇതു വഴി വ്യക്തമായിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ആർഎംപി നേതാവ് ഹരിഹരന്റെ പരാമർശങ്ങൾ എംഎൽഎ എന്ന നിലക്കും വ്യക്തി എന്ന നിലക്കും പൂർണമായി തള്ളിക്കളയുകയാണെന്ന് കെ കെ രമ. ഇത്തരത്തിലുള്ള പരാമർശങ്ങളോ ഒരു വാക്കോ സ്ത്രീക്കെതിരെ ആരുടെയും ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ല. പരാമർശം തെറ്റ് ആണെന്ന് കണ്ട് ഖേദം പ്രകടിപ്പിക്കാൻ ഹരിഹരൻ തയ്യാറായി. മറ്റ് പല നേതാക്കളും കാണക്കാത്ത മാന്യത ഹരിഹരൻ കാണിച്ചു. ഖേദം പ്രകടിപ്പിച്ചതോടെ എല്ലാം അവസാനിക്കണമെന്നും രമ പറഞ്ഞു.

ആർ എം പി നേതാവ്  ഹരിഹരന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ. കെ എസ് ഹരിഹരന്‍റെ മാത്രം ആത്മനിഷ്ഠ പ്രസംഗമായി സ്ത്രീവിരുദ്ധ പരാമർശത്തെ  കാണുന്നില്ലെന്ന് പി മോഹനൻ പറഞ്ഞു. യു ഡി എഫിന്‍റെ സൈബർ ഗ്രൂപ്പുകളും ഇത്തരം പ്രചാരണം നടത്തിയിരുന്നു. ഇന്ത്യ മുഴുവൻ ആരാധിക്കുന്ന സിനിമാ താരത്തെ അധിക്ഷേപിക്കുന്നത്  ഖേദ പ്രകടനം കൊണ്ട് അവസാനിപ്പിക്കാൻ കഴിയില്ലെന്നും പി മോഹനൻ പറഞ്ഞു. നിയമ നടപടികൾ തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്നും അധിക ബാച്ചുകള്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മുസ്ലീം ലീഗ്. വിജയശതമാനത്തിന് അനുസരിച്ച് കുട്ടികള്‍ക്ക് ഉപരിപഠനത്തിന് സാധ്യത ഒരുങ്ങുന്നില്ലെന്നും, യുഡിഎഫ് ഭരിച്ചിരുന്നപ്പോള്‍ ബാച്ചുകള്‍ അനുവദിച്ചിരുന്നു. ബാച്ചുകള്‍ അനുവദിക്കുക എന്നത് മുൻനിര്‍ത്തിക്കൊണ്ട് എംഎസ്എഫും യൂത്ത് ലീഗും സമരരംഗത്തുണ്ട്, സര്‍ക്കാര്‍ അത് കണ്ടറിഞ്ഞ് ബാച്ച് അനുവദിച്ചുകൊണ്ട് ഈ പ്രതിസന്ധിയില്‍ നിന്ന് കുട്ടികളെ രക്ഷപ്പെടുത്തണമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടനെതിരെ സിപിഎം ഇടുക്കി ജില്ല സെക്രട്ടറി സി വി വർഗീസ്. സർക്കാർ അധിക ഭൂമി ഉണ്ടെന്നറിഞ്ഞുകൊണ്ടാണ് കുഴൽനാടൻ ചിന്നക്കനാലിൽ ഭൂമി വാങ്ങിയത്. അതിനായി ഗൂഡാലോചനയും സാമ്പത്തിക ക്രമക്കേടും നടത്തിയെന്നും സി വി വർഗീസ് ആരോപിച്ചു. കുഴൽനാടൻ അനധികൃതമായി കയ്യേറിയ സ്ഥലം സർക്കാരിന് വിട്ടുനൽകാൻ തയാറാകണം. വിട്ടു കൊടുത്തില്ലെങ്കിൽ ഭൂമി സർക്കാർ ഏറ്റെടുത്ത് ഭൂരഹിതരായ ആളുകൾക്ക് വിട്ട് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പാലക്കാട് റെയില്‍വേ ഡിവിഷന്‍ അടച്ചുപൂട്ടാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് തുടരുന്ന അവഗണനയുടെയും പ്രതികാരബുദ്ധിയുടെയും മറ്റൊരു ഉദാഹരണമാണെന്ന് മന്ത്രി എംബി രാജേഷ്. സംസ്ഥാനത്തിന്റെ റെയില്‍വേ വികസനം അട്ടിമറിക്കാനുള്ള നീക്കം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്നും ഇത്തരം നീക്കങ്ങള്‍ക്കെതിരെ ജനകീയ പ്രതിഷേധം ഉയരണമെന്നും എംബി രാജേഷ് ആവശ്യപ്പെട്ടു.

തിരൂരില്‍ മണ‍ല്‍ കടത്തിയ ആളെ പിടികൂടാനെത്തിയ പൊലീസുകാര്‍ക്കെതിരെ മണല്‍ മാഫിയയുടെ ആക്രമണം. രണ്ട് സിപിഒമാര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. രാവിലെ നടക്കുന്ന പതിന് പട്രോളിംഗിന് ഇടയില്‍ മണല്‍ കടത്തുന്ന ലോറി പൊലീസ് പിടിക്കുകയായിരുന്നു. ഡ്രൈവറെ കസ്റ്റഡിയിലുമെടുത്തു. ഇതിന് ശേഷം പൊലീസ് ജീപ്പ് വരാൻ വേണ്ടി കാത്തുനില്‍ക്കുന്നതിനിടെ ബൈക്കിലെത്തിയ അക്രമികള്‍ ഹെല്‍മെറ്റ് ഉപയോഗിച്ചും മറ്റും പൊലീസുകാരെ ആക്രമിക്കുകയായിരുന്നു.

കുഴിനഖം ചികിത്സിക്കാൻ ഡോക്ടറെ വീട്ടിലേക്ക് വിളിപ്പിച്ച കളക്ടറെ ചാനൽ ചർച്ചയിൽ വിമർശിച്ചതിന് സിപിഐയുടെ സ‍‍ർവീസ് സംഘടനയായ ജോയിന്റ്കൗൺസിൽ നേതാവും ദേവസ്വം ബോർഡ് തഹസീൽദാറുമായ ജയചന്ദ്രൻ കല്ലിംഗലിന് റവന്യു പ്രിൻസിപ്പൽ സെക്രട്ടറി കാരണം കാണിക്കൽ നോട്ടീസ് നൽകി. എന്നാൽ ഇതിനെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് ഭരണാനുകൂല സംഘടനയുടെ തീരുമാനം. നാളെ എല്ലാ കലക്ടറേറ്റുകളിലേക്കും പ്രതിഷേധ പ്രകടനം നടത്തും.

മാധ്യമപ്രവര്‍ത്തകനും സംസ്ഥാന ആസൂത്രണ ബോർഡ്‌ വൈസ് ചെയർമാൻ്റെ പ്രൈവറ്റ് സെക്രട്ടറിയുമായ ബിപിന്‍ ചന്ദ്രന്‍ അന്തരിച്ചു. സിപിഎം നേതാവ് എസ് രാമചന്ദ്രൻ പിള്ളയുടെ മകനാണ് ബിപിന്‍ ചന്ദ്രന്‍. അസുഖ ബാധിതനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നാളെ വൈകിട്ട് നാലിന് തൈക്കാട് ശാന്തികവാടത്തിൽ സംസ്‌കരിക്കും.

തെലങ്കാനയിൽ ഹൈദരാബാദ് ഒഴികെയുള്ള 16 മണ്ഡലങ്ങളിലും കോൺഗ്രസിനെ പിന്തുണയ്ക്കാൻ അസറുദ്ദീൻ ഒവൈസി ആഹ്വാനം നൽകി. ഇത് കെ സി ആറിന്‍റെ തെരഞ്ഞെടുപ്പല്ലെന്നും മോദിയെ പുറത്താക്കാനുള്ള തെരഞ്ഞെടുപ്പാണെന്നും പറഞ്ഞുകൊണ്ടാണ് ഒവൈസി കോൺഗ്രസിന് പരോക്ഷ പിന്തുണ പ്രഖ്യാപിച്ചത്. ഓരോ മണ്ഡലങ്ങളിലെയും കോൺഗ്രസ് സ്ഥാനാർഥികളുടെ പേരെടുത്ത് പറയാതെയുമായിരുന്നു ഒവൈസി പിന്തുണ പ്രഖ്യാപിച്ചത്.

തെക്കൻ കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും മധ്യകേരളത്തില്‍ എറണാകുളം ജില്ലയിലും വടക്കൻ കേരളത്തില്‍ വയനാട്, കണ്ണൂർ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അടുത്ത ദിവസങ്ങളിലും വ്യാപകമായി സംസ്ഥാനത്ത് വേനല്‍ മഴ ലഭിക്കുമെന്നാണ് അറിയിപ്പ്.

വടക്കഞ്ചേരിയിൽ കാട്ടുപന്നിക്ക് വച്ച വൈദ്യുത കെണിയിൽപ്പെട്ട് വയോധിക മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. അഞ്ചുമൂർത്തിമംഗലം പയ്യക്കുണ്ട് തെക്കേക്കുളം വീട്ടിൽ അബ്ദുൾകരീമാണ് അറസ്റ്റിലായത്. കഴിഞ്ഞ ജനുവരിയിൽ പയ്യക്കുണ്ട് കുന്നത്ത് വീട്ടിൽ കണ്ടന്‍റെ ഭാര്യ കല്യാണിയാണ് മരിച്ചത്. അബ്ദുൾ കരീമിന്‍റെ പറമ്പിൽ കാട്ടുപന്നിയെ തുരത്താൻ വച്ച കെണിയിൽ കല്യാണി അകപ്പെടുകയായിരുന്നു.

 

കോടഞ്ചേരി ആശുപത്രിയിൽ രോഗി ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. കോടഞ്ചേരി സ്വദേശി റംജുവിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. മർദ്ദനം, കയ്യേറ്റം ചെയ്യൽ,അസഭ്യം പറയൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം നടന്നത്. ഡോക്ടർ സുസ്മിത്തിനെയാണ് ആക്രമിച്ചത്. അപകടത്തില്‍ പരിക്കേറ്റെത്തിയ ഇയാള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി പറഞ്ഞയച്ചിരുന്നു. എന്നാല്‍ മതിയായ ചികിത്സ നല്‍കിയില്ലെന്ന് പറഞ്ഞായിരുന്നു ആക്രമണം നടത്തിയത്.

കരിപ്പൂർ എയർപോർട്ടിൽ 63 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് 3 പേരെ പൊലീസ് പിടികൂടുകയും ചെയ്തു. കോഴിക്കോട് നാദാപുരം സ്വദേശി മുഹമ്മദ്, കുറ്റ്യാടി സ്വദേശികളായ സജീർ, അബു സാലിഹ് എന്നിവരാണ് പിടിയിലായത്. ക്യാപ്സ്യൂളുകളായി വിഴുങ്ങിയായിരുന്നു കടത്താൻ ശ്രമിച്ചത്. മുഹമ്മദാണ് സ്വർണ്ണം വിഴുങ്ങി കടത്താൻ ശ്രമിച്ചത്. സ്വർണ്ണം വാങ്ങാൻ എത്തിയതാണ് മറ്റു രണ്ടുപേർ. ഇവരുടെ വാഹനമടക്കം പൊലീസ് പിടിച്ചെടുത്തു.

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുറഞ്ഞു. വൈദ്യുതി ഉപഭോഗം നൂറ് ദശലക്ഷം യൂണിറ്റിൽ താഴെയായി. ഇന്നലെ ഉപയോഗം 95.69 ദശലക്ഷം യൂണിറ്റാണ്. പീക്ക് ടൈം ആവശ്യകതയും കുറഞ്ഞു.  പീക് ആവശ്യകത ഉയർന്നു നിൽക്കുന്ന  സബ്സ്റ്റേഷൻ പരിധികളിൽ നിയന്ത്രണം തുടരും. ഈ സ്ഥലങ്ങളിൽ വൈദ്യതി നിയന്ത്രണത്തിന്റെ സമയം കുറയ്ക്കും. പലസ്ഥലങ്ങളിലും വേനൽ മഴ കൂടി കിട്ടാൻ തുടങ്ങിയതോടെയാണ് വൈദ്യുതി ഉപഭോഗം കുറഞ്ഞത്.ഘട്ടം ഘട്ടം ആയി നിയന്ത്രണം ഒഴിവാക്കാനാണ് കെഎസ്ഇബിയുടെ തീരുമാനം.

കരമന അഖിൽ വധക്കേസിലെ പ്രധാന പ്രതികളായ അഖിൽ അപ്പുവും വിനീത് രാജും പിടിയിൽ. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ആറായി. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മറ്റൊരു പ്രതി സുമേഷിനായുള്ള തെരച്ചിൽ തുടരുകയാണ്.

കോഴിക്കോട് ഇരുവഴിഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ക്ക് നീര്‍നായകളുടെ കടിയേറ്റു. ഇന്നലെ വൈകിട്ട് സമീപത്തെ ഗ്രൗണ്ടിലെ കളി കഴിഞ്ഞ ശേഷം പുഴയില്‍ കുളിക്കാനിറങ്ങിയ കലങ്ങോട്ട് അനീസിന്റെ മകന്‍ ഹാദി ഹസന്‍ , ആശാരിക്കണ്ടി യൂനുസിന്റെ മകന്‍ അബ്ദുല്‍ ഹാദി , ചുങ്കത്ത് ശമീറിന്റെ മകന്‍ മുഹമ്മദ് ഷാദിന്‍ എന്നീ വിദ്യാര്‍ഥികള്‍ക്കാണ് നീര്‍നായകളുടെ കടിയേറ്റത്.

മലപ്പുറത്ത് വൈറൽ ഹെപ്പറ്റൈറ്റിസ് രോഗം ബാധിച്ച് ഒരു മരണം കൂടി. പോത്തുകൽ കോടാലിപൊയിൽ സ്വദേശി ഇത്തിക്കൽ സക്കീറാണ് മരിച്ചത്. മലപ്പുറം ജില്ലയിൽ കഴിഞ്ഞ 5 മാസത്തിനിടെ 7 പേരുടെ മരണമാണ് റിപ്പോർട്ട് ചെയ്തത്. 3000ത്തിലധികം കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ജീവനക്കാരോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ കണ്ണൂര്‍ സ്വദേശിയായ ബി.സി മുഹമ്മദിനെ മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ സുരക്ഷാ കോ-ഓര്‍ഡിനേറ്റര്‍ സിദ്ധാര്‍ത്ഥ ദാസിന്റെ പരാതിയിലാണ് നടപടി. എട്ടാം തീയതി ദുബായി-മംഗളൂരു IX814 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലായിരുന്നു സംഭവം.

ബിഹാറിലെ സമസ്തിപൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കെത്തിയപ്പോൾ കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ‍ഗെയുടെ ഹെലികോപ്ടർ പരിശോധിച്ചെന്ന ആരോപണവുമായി കോണ്‍ഗ്രസ്. രാഹുല്‍ഗാന്ധിക്ക് ശേഷം ഖാർഗെയുടെ വാഹനവും പരിശോധിക്കുന്നുവെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. തെര‍ഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി ദുരുദ്ദേശ്യപരമാണെന്നും ജനാധിപത്യത്തെ കൊല ചെയ്യുന്നുവെന്നും കോൺ​ഗ്രസ് വിമർശിച്ചു.

ബംഗാളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അധിർരഞ്ജന്‍ ചൗധരിക്ക് ബിജെപി സ്ഥാനാര്‍ഥി പുഷ്പവൃഷ്ടി നടത്തിയ സംഭവം വിവാദമാക്കി തൃണമൂല്‍ കോൺഗ്രസ്. ബെഹ്റാംപൂരില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥി നിർമല്‍ സാഹയാണ് പൂക്കളെറിഞ്ഞത്. പ്രചാരണത്തിനിടെ ഇരുവരും കണ്ട് മുട്ടിയപ്പോഴായിരുന്നു സംഭവം. മോദിയുടെ കുടുംബമാണ് കോണ്‍ഗ്രസ് ലോക്സഭ കക്ഷി നേതാവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു.

 

ബഹ്റൈനിൽ അൽ ലൂസിയിൽ കെട്ടിടത്തിൽ തീപിടിത്തം. നാല് പേർ മരിച്ചു. എട്ട് നിലകളുള്ള റെസിഡൻഷ്യൽ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. ഇരുപതോളം താമസക്കാരെ രക്ഷപ്പെടുത്തിയതായും അവർ സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു.

ആന്ധ്രയിൽ പണം നൽകി വോട്ടർമാരെ സ്വാധീനിക്കുന്നുവെന്ന് റിപ്പോർട്ട്. പണം നൽകിയവർക്ക് തന്നെ വോട്ട് ചെയ്യുമെന്ന് തിരുപ്പതിയിലെ വൈഎസ്ആർസിപി പ്രവർത്തകർ പ്രതിജ്ഞയെടുപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നു. ഒരു വോട്ടിന് 3000 രൂപ മുതല്‍ 5000 രൂപ വരെ രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.

ടോക്കിയോയിൽ പലസ്തീൻ അനുകൂല പ്രതിഷേധം. ഇൻതിഫാദ മുദ്രാവാക്യവുമായുള്ള പ്രകടനമാണ് ശനിയാഴ്ച ടോക്കിയോയിൽ നടന്നത്. ടോക്കിയോയിലെ ഷിബുയാ സ്ട്രീറ്റിൽ നടന്ന പ്രതിഷേധത്തിൽ നിരവധി പേരാണ് ഭാഗമായത്. ഇസ്രയേലിനെ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുക എന്നുള്ളതായിരുന്നു റാലിയിലെ മുദ്രാവാക്യം.

അഫ്ഗാനിസ്ഥാനിലെ കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ 300-ലധികം ആളുകൾ മരിക്കുകയും 1,000-ത്തിലധികം വീടുകൾ നശിച്ചതായും റിപ്പോർട്ട്. കഴിഞ്ഞ ഏതാനും ആഴ്‌ചകളായി അഫ്ഗാനിസ്ഥാനിലെ വിവിധ ഭാഗങ്ങളിൽ മഴ പെയ്യുകയാണ്. തഖർ പ്രവിശ്യയിൽ വെള്ളപ്പൊക്കത്തിൽ 20 പേരെങ്കിലും മരിച്ചതായി സർക്കാർ ഉടമസ്ഥതയിലുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഡൽഹിയിൽ രണ്ട് ആശുപത്രികളിലും വിമാനത്താവളത്തിലും ബോബ് ഭീഷണിയെതുടർന്ന് പരിശോധന നടത്തിവരുന്നു . ബുരാഡി സർക്കാർ ആശുപത്രിയിലും സ‌ഞ്ജയ് ഗാന്ധി ആശുപത്രിയിലുമാണ് ഇ മെയിൽ വഴി ഭീഷണി സന്ദേശം എത്തിയിരിക്കുന്നത്. സംഭവത്തെ തുടർന്ന് ആശുപത്രികളിൽ സുരക്ഷ ക്രമീകരണങ്ങൾ വർധിപ്പിച്ചു.

രാജ്യത്ത് ഭരണമാറ്റം ഉറപ്പാണെന്ന് ശശി തരൂര്‍. ജനങ്ങള്‍ മാറ്റത്തിന് ആഗ്രഹിക്കുന്നു. മഹാരാഷ്ട്രയില്‍ കോൺഗ്രസ് ശക്തമായി തിരിച്ചുവരുമെന്നും ശശി തരൂര്‍ പറഞ്ഞു. വോട്ടെടുപ്പ് മൂന്ന് ഘട്ടം കഴി‌ഞ്ഞപ്പോൾ ബിജെപിയുടെ കഥ കഴിഞ്ഞു, എഴുപത്തിയഞ്ച് വയസ് തികയും മുമ്പ് മോദി പ്രധാനമന്ത്രി പദത്തിൽ നിന്നുമിറങ്ങും, അമിത് ഷാ തന്നെ മോദിക്ക് വേണ്ടി നിലപാട് മാറ്റി പറയുകയാണെന്നും തരൂര്‍ പറഞ്ഞു.

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *