പരിഷ്‌കരിച്ച സര്‍ക്കുലര്‍ പ്രകാരം 40 പേരെ മാത്രം പങ്കെടുപ്പിച്ച് ഡ്രൈവിംഗ് ടെസ്റ്റ് നടത്താൻ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നൽകി സര്‍ക്കാര്‍. ആദ്യം റോഡ് ടെസ്റ്റ്, പിന്നീട് ഗ്രൗണ്ട് ടെസ്റ്റ് എന്ന രീതി തുടരും. പുതിയ ട്രാക്ക് തയാറാവുന്നത് വരെ എച്ച് ട്രാക്കിൽ ടെസ്റ്റ് നടത്തി ലൈസൻസ് അനുവദിക്കണമെന്നുമാണ് നിര്‍ദ്ദേശം നൽകിയിരിക്കുന്നത്. ടെസ്റ്റിന് തീയതി ലഭിച്ചവർ സ്വന്തം വാഹനവുമായി നാളെ മുതൽ എത്തണo. കെഎസ്ആര്‍ടിസിയുടെ സ്ഥലങ്ങൾ നാളെ മുതൽ ഡ്രൈവിംഗ് ടെസ്റ്റിന് ഉപയോഗിക്കും. പ്രതിഷേധ സാധ്യത മുന്നിൽ കണ്ട് പൊലീസ് സംരക്ഷണം ഉറപ്പാക്കാൻ ആര്‍ടിഒമാര്‍ക്ക് നിര്‍ദ്ദേശം നൽകി. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നത തല യോഗത്തിലാണ് തീരുമാനം.
സംസ്ഥാനത്തെ ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലo പ്രഖ്യാപിച്ചു. 78.69 ശതമാനമാണ് വിജയo. 3,73755 പേരാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതിയത്. ഇതില്‍ 2,94888 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷം 82.95 ശതമാനമായിരുന്നു പ്ലസ് ടു പരീക്ഷയിലെ വിജയം.മുന്‍ വര്‍ഷത്തേക്കാള്‍ 4.26 വിജയ ശതമാനം കുറവാണ് ഇത്തവണ. ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ എറണാകുളമാണ് ഏറ്റവും കൂടുതല്‍ വിജയശതമാനം നേടിയ ജില്ല (84.21%). വയനാട് ജില്ലയാണ് ഏറ്റവും കുറവ് (72.13%).
2023-24 വർഷത്തെ രണ്ടാം വർഷ ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലം പുറത്തുവന്നപ്പോൾ നൂറുമേനി വിജയം നേടിയ സർക്കാർ സ്കൂളുകളുടെ എണ്ണത്തിൽ കുറവ്. ഇക്കുറി 100 ശതമാനം വിജയം നേടിയത് ഏഴ് സർക്കാർ സ്കൂളുകൾ മാത്രമാണ്. സർക്കാർ സ്കൂളുകളിൽ 100 ശതമാനം വിജയം നേടിയ സ്കൂൾ അധികം ഇല്ലാത്തതിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അന്വേഷണം പ്രഖ്യാപിച്ചു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ അരളിപ്പൂവ് ഒഴിവാക്കാൻ തീരുമാനം. നിവേദ്യസമര്‍പ്പണം, അര്‍ച്ചന, പ്രസാദം തുടങ്ങിയവയ്ക്ക് അരളിപ്പൂവ് ഇനി മുതൽ ഉപയോഗിക്കില്ല എന്നാൽ പൂജയ്ക്ക് ഉപയോഗിക്കുന്നതില്‍ തടസമില്ല. തിരുവിതാംകൂർ ദേവസ്വം പ്രസിഡന്‍റ് പി എസ് പ്രശാന്താണ് ഇക്കാര്യം അറിയിച്ചത്. അരളിക്ക് പകരം പിച്ചിയും തുളസിയുമെല്ലാം ഉപയോഗിക്കും. നാളെ മുതല്‍ തന്നെ തീരുമാനം പ്രാബല്യത്തില്‍ വരും. സമൂഹത്തില്‍ നിലവില്‍ ആകെ പടര്‍ന്നിട്ടുള്ള ആശങ്ക പരിഗണിച്ചാണ് തീരുമാനം.
സംസ്ഥാനത്ത് ചൂട് ഇനിയും ഉയരുമെന്നും, ആലപ്പുഴ ജില്ലയിൽ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. സാധാരണയേക്കാൾ 3 മുതൽ 5 ഡിഗ്രി വരെ താപനില ഉയരും. കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°സെലഷ്യസ് വരെയും തിരുവനന്തപുരം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°സെലഷ്യസ് വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വൈദ്യുതി പ്രതിസന്ധിക്കിടെ മേഖല തിരിച്ച് നടത്തിയ വൈദ്യുതി നിയന്ത്രണം ഫലം കണ്ടതിനാൽ സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണ്ടി വരില്ലെന്ന് കെഎസ്ഇബി. നിലവിൽ വൈദ്യുതി പ്രതിസന്ധി നിയന്ത്രണ വിധേയമാണ്. ഉപഭോഗം കൂടുതലുളള സ്ഥലങ്ങളിൽ മാത്രം നിയന്ത്രണം തുടരാനും മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനിച്ചു.
സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫിസുകളിലും ക്യാഷ് ഡിക്ലറേഷൻ രജിസ്റ്റർ സൂക്ഷിക്കണമെന്ന് പൊതുഭരണ അഡിഷണൽ ചീഫ് സെക്രട്ടറിയുടെ സർക്കുലർ. ഉദ്യോഗസ്ഥർ ഓഫിസിൽ ഹാജരാകുന്ന സമയം, അവരുടെ കൈവശമുള്ള തുക എത്ര, വിലപിടിപ്പുള്ള വസ്തുക്കൾ എന്തൊക്കെ, എന്നുള്ള വിവരം ഡെയ്‌ലി ക്യാഷ് ഡിക്ലറേഷൻ രജിസ്റ്ററിലോ പേഴ്സണൽ ക്യാഷ് ഡിക്ലറേഷൻ രജിസ്റ്ററിലോ രേഖപ്പെടുത്തി സൂക്ഷിക്കണമെന്നാണ് നിർദേശം.
മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ യാത്രയുമായി ബന്ധപ്പെട്ട വിവാദങ്ങളെ തളളി മന്ത്രി വി ശിവൻകുട്ടി. വ്യക്തിപരമായ ആവശ്യങ്ങൾക്കായി വിദേശ സന്ദർശനം എല്ലാവരും നടത്തും. സ്വന്തം കാശിന് പോകുന്നതിൽ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു. രാഹുൽ ഗാന്ധി ആരോടും പറയാതെ വിദേശത്ത് പോയിട്ടില്ലേ. മാധ്യമങ്ങൾ ചിന്താ ഗതി മാറ്റണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
മേയർ ആര്യ രാജേന്ദ്രൻ നിരന്തരം വിവാദങ്ങളുണ്ടാക്കുന്നതിലൂടെ നഗരസഭയിൽ ഭരണസ്തംഭനം ഉണ്ടാകുന്നുവെന്ന് ആരോപിച്ച് പ്രതിഷേധവുമായി ബിജെപി. നഗരസഭാ കൗൺസിലർമാരുടെയും പാർട്ടി പ്രവർത്തകരുടേയും നേതൃത്വത്തിൽ കോർപ്പറേഷന് മുന്നിൽ ബിജെപി ധർണ നടത്തി. കെഎസ്ആർടിസി ഡ്രൈവറുമായുള്ള തർക്കത്തിൽ മേയർക്കെതിരെ പൊലീസ് നടപടി കടുപ്പിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
കൊല്ലം പരവൂർ മുൻസിപ്പാലിറ്റി 10-ാം വാർഡ് കൗൺസിലർ നിഷാകുമാരി, ചെമ്പ് ഗ്രാമപഞ്ചായത്തംഗം ശാലിനി മധു, പുന്നപ്ര സൗത്ത് പഞ്ചായത്തംഗം സുൽഫിക്കർ എന്നിവരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യരാക്കി . ഇല്ലാത്ത പ്രിൻ്റിംഗ് പ്രസ്സിൻ്റെ പേരിൽ ചെയർപേഴ്സൻ്റെയും അംഗങ്ങളുടേയും ലെറ്റർ പാഡ് അച്ചടി കരാർ ഏറ്റെടുത്തതിനും, വ്യാജ ബില്ലുകൾ നൽകി പണം കൈപ്പറ്റിയതിനുമാണ് നിഷാകുമാരിയെ അയോഗ്യയാക്കിയത്. തുടർച്ചയായി കമ്മിറ്റികളിൽ പങ്കെടുക്കാത്തതിനാണ് മറ്റ് രണ്ട് പേരെ അയോഗ്യരാക്കിയത്.
പെരിന്തൽമണ്ണയിൽ ഓട്ടോയിൽ കഞ്ചാവുമായി വന്ന താഴെക്കോട് ബിടാത്തി സ്വദേശി ഷഹീർ ബാവയെ എക്സൈസ് അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണ എക്സൈസ്റേഞ്ചിന്റെ അധിക ചുമതലയുള്ള കാളികാവ് റേഞ്ച് ഇൻസ്‌പെക്ടർ എൻ. നൗഫലിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
അന്തിക്കാട് പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലെടുത്ത രണ്ട് സിപിഎം പ്രവർത്തകർ അടക്കം 6 പേരെ കരിക്ക് കൊണ്ട് മര്‍ദ്ദിച്ചതായി പരാതി. വെളുത്തൂർ നമ്പോർക്കാവ് ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിൽ കസ്റ്റഡിയിലെടുത്ത യുവാക്കളെ കരിക്ക് ഉപയോഗിച്ച് മർദ്ദിച്ചതായി അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെകെ ശശിധരനും ആരോപിച്ചു.അന്തിക്കാട് സിഐക്കെതിരെയാണ് ആരോപണം.
കുട്ടിക്കാനത്ത് കാർ കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരണമടഞ്ഞു. കൊട്ടാരക്കര ദിണ്ടിഗൽ ദേശീയപാതയിൽ മുറിഞ്ഞപുഴക്ക് അടുത്ത് നടന്ന അപകടത്തിൽ തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശികളായ സിന്ധു, ഭദ്ര എന്നിവരാണ് മരിച്ചത്. നാല് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷ പ്രവർത്തനം നടത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ശിവകാശി പടക്കനിര്‍മ്മാണ ശാലയില്‍ പൊട്ടിത്തെറി. അഞ്ച് സ്ത്രീകള്‍ അടക്കം 8 പേര്‍ മരിച്ചുവെന്നാണ് വിവരം. ഏഴുപേർക്ക് പരിക്കേററ്റിട്ടുണ്ട്. അതിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്. അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരിച്ച എല്ലാവരും തന്നെ പടക്ക നിർമ്മാണശാലയിലെ തൊഴിലാളികളാണ് എന്നാണ് റിപ്പോർട്ട്.
ഹരിയാന ബിജെപി സർക്കാരിന്റെ രാഷ്ട്രീയ പ്രശ്നങ്ങൾക്ക് പിന്നാലെ ഗവർണറെ കാണാൻ സമയം തേടി കോൺഗ്രസ് നേതാക്കൾ . ജെജെപി എംഎൽഎമാർ പിന്തുണ പിൻവലിച്ചതോടെ നായബ് സിംഗ് സയിനി സർക്കാർ ന്യൂനപക്ഷ സർക്കാരായെന്നും, ഉടൻ രാജിവയ്ക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. സർക്കാർ രാജിവയ്ക്കാൻ തയ്യാറായില്ലെങ്കിൽ ഗവർണർ നടപടിയെടുക്കണമെന്നും കോൺഗ്രസ് നേതാവ്ദീപേന്ദർ ഹൂഡ ആവശ്യപ്പെട്ടു. കോൺഗ്രസിന് ജെജെപി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരും മാനേജ്മെന്റും തമ്മിൽ നടന്ന ചര്‍ച്ച വിജയം. ദില്ലി ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ ആണ് ചർച്ച നടന്നത്. പിരിച്ചുവിട്ടവരെ തിരികെ എടുക്കണമെന്ന ആവശ്യം അടക്കം അംഗീകരിച്ചാണ് സമരം അവസാനിപ്പിക്കാനുള്ള ധാരണയിലേക്ക് എത്തിയത്.എയർ ഇന്ത്യ എക്സ്പ്രസ് എംപ്ലോയീസ് യൂണിയനിലുള്ള 300 ജീവനക്കാരാണ് കൂട്ടമായി മെഡിക്കല്‍ അവധിയെടുത്ത്. ഇത് ആസൂത്രിതമാണെന്ന് ബോധ്യമായതോടെ കമ്പനി പിരിച്ചുവിടൽ നോട്ടീസ് അയക്കുകയായിരുന്നു.
ഡൽഹിമുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യ ഹര്‍ജിയിൽ സുപ്രീം കോടതി നാളെ ഉത്തരവ് പറയാനിരിക്കെ, കെജ്രിവാളിന് ഇടക്കാല ജാമ്യം നൽകരുതെന്ന ആവശ്യമുന്നയിച്ചുകൊണ്ട് ഇ ഡി സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുക എന്നത് മൗലികാവകാശം അല്ല, തെരഞ്ഞെടുപ്പ് പ്രചാരണം നടത്തണമെന്നതിന്‍റെ പേരിൽ കെജ്രിവാളിന് ജാമ്യം നൽകരുതെന്നും ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്.
കർഷകസമരത്തിൽ പങ്കെടുക്കവെപഞ്ചാബ് അതിർത്തിയിൽ വനിതാ കർഷക മരിച്ചു. 22 ദിവസമായി ഖനൌരിയില് തുടരുന്ന ട്രെയിൻ തടയൽ സമരത്തിനിടെയാണ് സുഖ്മിന്ദർ കൗർ എന്ന കര്‍ഷക കുഴഞ്ഞുവീണ് മരിച്ചത്.
ഗവർണർ സി വി ആനന്ദബോസിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചതിന് പിന്നാലെ,പശ്ചിമ ബംഗാള്‍ രാജ്ഭവനിൽ ജോലി ചെയ്യുന്ന താല്‍ക്കാലിക ജീവനക്കാരുടെ വിവരങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാൻ രാജ്ഭവന്‍റെ നിര്‍ദേശം. നിലവില്‍ ഉള്ള 40 താല്‍ക്കാലികജീവനക്കാർ എന്ത് ജോലി ചെയ്യുന്നു, എത്രകാലമായി രാജ്ഭവനിലുണ്ടെന്നത് അടക്കമുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് നല്‍കാനാണ് നിർദേശം നൽകിയിരിക്കുന്നത്.
കോണ്‍ഗ്രസ് ലോക്‌സഭയിലേക്ക് 400-ൽ കുറഞ്ഞ സീറ്റുകളിൽ ഇത്തവണ മത്സരിക്കുന്നു. 328 മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് ഇത്തവണ സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്. കഴിഞ്ഞതവണത്തേക്കാൾ 93 സീറ്റുകള്‍ കുറവാണിത്.