വടകരയില്‍ വര്‍ഗീയതയ്‌ക്കെതിരെ പ്രചാരണം നടത്തുമെന്ന യുഡിഎഫ് നിര്‍വാഹക സമിതി തീരുമാനം പരിഹാസ്യമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. തെരഞ്ഞെടുപ്പില്‍ നേരിടാന്‍ പോകുന്ന തിരിച്ചടി ഭയന്നുള്ള മുന്‍കൂര്‍ ജാമ്യമെടുക്കല്‍ മാത്രമല്ലിത്. മണ്ഡലത്തിലുടനീളം യുഡിഎഫ് നടത്തിയ കടുത്ത വര്‍ഗീയ പ്രചാരണങ്ങള്‍ക്കെതിരെ ഉയര്‍ന്ന ജനവികാരത്തില്‍ നിന്നും ഒളിച്ചോടാന്‍ കൂടിയാണെന്ന് ഇപി ജയരാജന്‍ പറഞ്ഞു.
ലൈംഗീക പീഡന ശ്രമം ആരോപിച്ചുള്ള പരാതിയുമായി ബന്ധപ്പെട്ട് തന്നെ വലിച്ച് താഴെയിടാൻ പലരും ശ്രമിക്കുന്നു എന്നാൽ താൻ അങ്ങനെയൊന്നും വീഴുമെന്ന് ആരും കരുതേണ്ടെന്നും ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ് . അതിനിടെ ലൈംഗിക പീഡന പരാതിയിലെ അന്വേഷണത്തില്‍ ഗവര്‍ണ്ണര്‍ സി വി ആനന്ദബോസിന്‍റെ നിസഹകരണം രാഷ്ട്രപതിയെ ബംഗാള്‍ സര്‍ക്കാര്‍ അറിയിക്കും.രാജ്ഭവനിലെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമാക്കുന്നില്ലെന്നും, ജീവനക്കാരുടെ മൊഴിയെടുക്കാന്‍ തടസം നില്‍ക്കുന്നുവെന്നുമറിയിക്കാനാണ് സര്‍ക്കാരിന്‍റെ നീക്കം.
തനിക്കെതിരായ ലൈംഗികാതിക്രമ പരാതിയിൽ അന്വേഷണത്തോട് സഹകരിക്കേണ്ടെന്ന് ഗവര്‍ണര്‍ സിവി ആനന്ദബോസ് പശ്ചിമ ബംഗാളിലെ രാജ്ഭവൻ ജീവനക്കാരോട് ആവശ്യപ്പെട്ടു. ഇക്കാര്യം വിശദീകരിച്ച് അദ്ദേഹം ജീവനക്കാര്‍ക്ക് കത്തയച്ചു. ഗവർണ്ണർക്കെതിരെ ക്രിമിനൽ നടപടി പാടില്ലെന്നാണ് ചട്ടമെന്ന് വിശദീകരിച്ചാണ് ഗവര്‍ണര്‍ ആനന്ദബോസ് കത്തയച്ചിരിക്കുന്നത്.
ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ ഭീകരാക്രമണത്തിൽ ഭീകരർക്കായുള്ള തിരച്ചിൽ തുടർന്ന് സൈന്യം. അതിനിടെ പ്രദേശവാസികളായ 6 പേരെ സൈന്യം കസ്റ്റഡിയിൽ എടുത്തു. ഇവർ ഭീകരരെ സഹായിച്ചോ എന്നറിയാൻ ഇവരെ വിശദമായി ചോദ്യം ചെയ്യും. ഇന്നലെ വ്യോമസേന അംഗങ്ങളെയും വഹിച്ച് വന്ന രണ്ട് വാഹനങ്ങൾക്ക് നേരെ ഭീകരർ വെടിയുതിർത്തിരുന്നു.
വോട്ടെടുപ്പ് കഴിഞ്ഞിട്ടും കെപിസിസി അധ്യക്ഷസ്ഥാനം തിരിച്ചു നൽകാത്തതിൽ കെ സുധാകരന് അതൃപ്തി. തെരഞ്ഞെടുപ്പ് അവലോകനം ചെയ്യാൻ ചേർന്ന ഇന്നലത്തെ കെപിസിസി യോഗത്തിൽ താൽക്കാലിക പ്രസിഡന്റ് എംഎം ഹസ്സനോട് തുടരാൻ സംസ്ഥാനത്തിൻെറ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി നിർദ്ദേശിച്ചു. ഫലം വരുന്നത് വരെയാണ് താൽക്കാലിക ചുമതലെയന്നാണ് ദീപാദാസിന്റെ വിശദീകരണം.
തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരെ പരാതി നൽകിയ കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരായ നീക്കം ശക്തമാക്കി കെഎസ്ആർടിസിയും പൊലീസും. തർക്കമുണ്ടായ ദിവസം യാത്രക്കിടെ യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചെന്ന് പൊലീസ് കണ്ടെത്തി. അതോടൊപ്പം ബസിനുള്ളിലേക്ക് സച്ചിൻ ദേവ് എം എൽ എ കയറി യാത്രക്കാരെ ഇറക്കിവിട്ടു എന്ന യദുവിൻ്റെ പരാതി നാളെ കോടതി പരിഗണിക്കും.
കെ എസ് ആർ ടി സി യിലെ താൽക്കാലിക നിയമനത്തിന് പൊലിസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്ന് റിപ്പോർട്ട് നൽകും. മേയറും,ഡ്രൈവറും തമ്മിലുള്ള തർക്കത്തിലെ കേസിന്‍റെ അന്വേഷണത്തിന്‍റെ ഭാഗമായാണ് പൊലിസ് നടപടി . വിവാദ ഡ്രൈവര്‍ യദു ജോലിക്കു പ്രവേശിക്കുമ്പോൾ 2 കേസിൽ പ്രതിയായിരുന്നു. ഡ്രൈവർ , കണ്ടക്ടർ നിയമത്തിന് പൊലിസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്ന് കമ്മീഷണർ ശുപാർശ നൽകും.
ഇല്ലാത്ത കാര്യങ്ങൾ ഉണ്ടെന്ന് പറഞ്ഞ് പാർട്ടിക്കുള്ളിൽ കലാപം സൃഷ്ടിക്കാനാണ് ചിലരുടെ ശ്രമമെന്ന് ടി. സിദ്ദീഖ്. ചേവായൂര്‍ ബാങ്കുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പാര്‍ട്ടിയിലുണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് ചിലര്‍ പാര്‍ട്ടിയില്‍ നിന്ന് രാജി വച്ചത്. തനിക്കെതിരെ രാഘവന്‍ വിമര്‍ശനം ഉന്നയിച്ചെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്നും സിദ്ദീഖ് പറഞ്ഞു. നിർണായകഘട്ടത്തിൽ ഔദ്യോഗിക സ്ഥാനങ്ങൾ വഹിക്കുന്ന ചിലരുടെ പരസ്യ നിലപാടും രാജിയും പ്രതിസന്ധി സൃഷ്ടിച്ചതായും ഇത്താരക്കാര്‍ക്കെതിരെ കെപിസിസി അന്വേഷണം നടത്തണമെന്നും രാഘവന്‍ ആവശ്യപ്പെട്ടു.
കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ രൂക്ഷമായ കടലാക്രമണം. തിരുവനന്തപുരം അഞ്ചുതെങ്ങിൽ പത്തിലേറെ വീടുകളിൽ വെള്ളം കയറി. കൊല്ലത്തും കൊടുങ്ങല്ലൂരിലും കടലേറ്റം. കടലാക്രമണ സാധ്യത തുടരുന്നതിനാൽ കേരള തീരത്ത് ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്.
താനൂരിൽ മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ ആക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നതായി പരാതി. ജ്വല്ലറികളിലേക്ക് വിതരണം ചെയ്യാനെത്തിച്ച 2 കിലോഗ്രാം സ്വര്‍ണവും 43 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ കട്ടിയും ഉണ്ടായിരുന്നു. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഭരണ നിർമ്മാണശാലയിൽ നിന്നാണ് സ്വര്‍ണം താനൂരിലേക്ക് കൊണ്ടുവന്നത്. കാറിൽ എത്തിയ നാലംഗ സംഘമാണ് കവർച്ച നടത്തിയതെന്നാണ് മൊഴി. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.
ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രനെ സന്ദർശിച്ച് ബിജെപി നേതാക്കൾ. ബിജെപി മധ്യമേഖല പ്രസിഡൻ്റ് ഹരിയും, സംസ്ഥാന വൈസ് പ്രസിഡന്‍റ് പ്രമീള ദേവിയുo എസ് രാജേന്ദ്രന്റെ ഇക്കാ നഗറിലെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച നടത്തിയത്.സിപിഎമ്മില്‍ നിന്നും സസ്പെന്‍ഡ് ചെയ്ത ദേവികുളം മുൻ എംഎൽഎ കൂടിയായ എസ് രാജേന്ദ്രൻ കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം ഇല്ലെന്ന് പ്രതികരിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൂന്നാറിൽ ചില അക്രമ സംഭവങ്ങൾ ഉണ്ടായിരുന്നു.ഈ പരാതി പരിശോധിക്കാനാണ് ബിജെപി നേതാക്കൾ എത്തിയതെന്ന് എസ് രാജേന്ദ്രൻ പറഞ്ഞു.
കുറ്റിപ്പുറം മഞ്ചാടിക്ക് സമീപം പുരുഷന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഇന്ന് വൈകിട്ട് 4 മണിയോടെ ഇവിടെ പുൽക്കാടുകൾക്ക് തീ പിടിച്ചിരുന്നു. തീ അണച്ചപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം പരിശോധനയിൽ കൂടുതൽ വ്യക്തത വരുമെന്ന് പൊലീസ് പറഞ്ഞു.
കൊയിലാണ്ടിയിൽ ഇറാനിയൻ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാർഡ്. കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. ഇറാനിൽ മത്സ്യബന്ധനത്തിന് പോയ സംഘത്തിൽ ഉള്ളവരാണ് ഇവർ. ശമ്പളം കിട്ടാഞ്ഞതിനെ തുടർന്ന് രക്ഷപ്പെട്ട് എത്തിയ സംഘത്തെ കോസ്റ്റ് ഗാർഡ് കണ്ടെത്തുകയായിരുന്നു. ബോട്ട് നിലവിൽ കോസ്റ്റ് ഗാർഡിന്റെ കസ്റ്റഡിയിലാണ്.
റെയിൽവെ സ്റ്റേഷനിൽ വന്നിറങ്ങിയ യാത്രക്കാരിൽ നിന്ന് നാല് കിലോ കഞ്ചാവ് പിടികൂടി. അങ്കമാലി റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ചാലക്കുടി സ്വദേശികളായ സുബീഷ്, സുബിൻ എന്നിവരെ അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ എൽഡിഎഫ് സ്ഥാപിച്ച ബോർഡുകളും പോസ്റ്ററുകളും കൊടിതോരണങ്ങളും നീക്കം ചെയ്യുമെന്ന്സി പിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് . പൊതുസ്ഥലങ്ങളിലുള്ള മുഴുവൻ പ്രചരണ സാമഗ്രികളും മെയ് പത്തിനകം നീക്കും. പാർട്ടി നേതാക്കളും പ്രവർത്തകരും പ്രചരണ സാമഗ്രികൾ നീക്കം ചെയ്യാൻ നേതൃത്വം നൽകി രംഗത്ത് വരണമെന്നും സംസ്ഥാന സെക്രട്ടറിയറ്റ് ആഹ്വാനം ചെയ്‌തു.
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ഇന്ന് മുതല്‍ ഏഴാം തീയതി വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.അടുത്ത 5 ദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാവകുപ്പ് നൽകുന്ന മുന്നറിയിപ്പ്.തെക്കൻ കേരളത്തിൽ 6 മണിക്കൂർ കടലാക്രമണ സാധ്യതയുണ്ടെന്ന് ഇന്ത്യൻ നാഷണൽ സെൻ്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് അറിയിച്ചു. വടക്കൻ കേരളത്തിൽ അടുത്ത 9 മണിക്കൂർ കൂടി കടലാക്രമണ സാധ്യതയുണ്ട്. കൂടാതെ രാത്രി എട്ട് മണിയോടെ കൂടുതൽ ശക്തമായ തിരകൾക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകി.
ബലാത്സംഗത്തിന് ഇരയായി ഗർഭിണിയാവുന്ന സംഭവങ്ങളിൽ ഗർഭഛിദ്രത്തിന് അനുമതി നിഷേധിക്കുന്നത് അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്‍റെ നിഷേധമാണെന്നു ഹൈക്കോടതി പറഞ്ഞു. പീഡനത്തിന് ഇരയായ 16 വയസുള്ള പ്ലസ് വൺ വിദ്യാർഥിനിയുടെ 28 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ അനുമതി നൽകിയ ഉത്തരവിലാണു ജസ്റ്റിസ് കൗസർ എടപ്പഗത്തിന്‍റെ നിര്‍ണായക നിരീക്ഷണം. ഗർഭിണിയായി തുടരുന്നത് പെൺകുട്ടിയുടെ ശരീരത്തെയും മനസിനെയും ബാധിക്കുമെന്ന മെഡിക്കൽ ബോർഡ് റിപ്പോര്‍ട്ടുകൂടി പരിഗണിച്ചാണ് ഗര്‍ഭഛിദ്രത്തിന് കോടതി അനുമതി നല്‍കിയത്.
ഏറത്ത് കിണറ്റിൽ ഇറങ്ങി അബോധാവസ്ഥയിലായ അഞ്ചു പേരെ നാട്ടുകാർ രക്ഷപ്പെടുത്തി. കിണറ്റിൽ വീണ തൊട്ടിയെടുക്കാൻ ഇറങ്ങിയ വീട്ടുടമ രാജുവും രക്ഷിക്കാൻ ഇറങ്ങിയ മറ്റു നാലു പേരുമാണ് അബോധാവസ്ഥയിലായത്. ഇന്ന് രാവിലെയാണ് സംഭവം. ആഴമേറിയ കിണറ്റിൽ ഓക്സിജന്‍റെ അഭാവം കാരണമാണ് അബോധാവസ്ഥയിലായതെന്നാണ് സൂചന.
കടുത്ത ചൂട് കാരണം കുങ്കിയാനകളെ വാൽപ്പാറയിലേക്ക് മാറ്റി തമിഴ്നാട് വനം വകുപ്പ്. കലീം, ചിന്നത്തമ്പി, കാവേരി, സഞ്ചു, ദേവി എന്നീ അഞ്ചു കുങ്കിയാനകളെയാണ് വാൽപ്പാറയിലേക്ക് മാറ്റിയത്. കടുത്ത വേനലിനെ തുടർന്ന് ടോപ്പ് സ്ലീപ്പില്‍ ജലക്ഷാമം രൂക്ഷമായതോടെയാണ് അഞ്ച് കുങ്കിയാനകളെ വാൽപ്പാറയിലേക്ക് എത്തിച്ചത്.
ഗാനരചയിതാവ് ജി കെ പള്ളത്ത് അന്തരിച്ചു. 82 വയസായിരുന്നു. അറുപതിലേറെ നാടകങ്ങൾക്കും 10 സിനിമകൾക്കും ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. 1978 ല്‍ ദേവരാജന്‍ മാസ്റ്ററുടെ സംഗീതത്തില്‍ പി ജയചന്ദ്രന്‍ ആലപിച്ച കാറ്റ് വന്നു നിന്റെ കാമുകന്‍ വന്നു എന്ന ഗാനം എഴുതിക്കൊണ്ടായിരുന്നു സിനിമയിലെ അരങ്ങേറ്റം. ധൂർത്തുപുത്രി, കുടുംബവിളക്ക് എന്നീ നാടകങ്ങള്‍ പ്രശസ്തമാണ്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃശൂരിന്‍റെ പ്രഥമ മേയറുമായിരുന്ന ജോസ് കാട്ടൂക്കാരന്‍ അന്തരിച്ചു. 91 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഇന്നലെയാണ് അദ്ദേഹത്തെ തൃശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെയാണ് മരിച്ചത്. നാളെ രാവിലെ തൃശൂര്‍ കോര്‍പ്പറേഷനിലും ഡിസിസിയിലും പൊതു ദര്‍ശനത്തിന് ശേഷം വൈകിട്ട് നാലു മണിയ്ക്ക് അരണാട്ടുകര സെന്‍റ് തോമസ് പള്ളിയില്‍ സംസ്കാര ചടങ്ങുകള്‍ നടക്കും.
ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജറെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ മൂന്ന് ഇന്ത്യക്കാരെക്കുറിച്ചുള്ള വിവരങ്ങൾ കാനഡ പങ്കുവച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. കനേഡിയൻ പൊലീസ് വിവരം പങ്കുവയ്ക്കുന്നതിനനുസരിച്ച് കൂടുതൽ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ലൈംഗികാതിക്രമക്കേസുകളിൽ പ്രതിയായ ഹാസനിലെ എൻഡിഎ സ്ഥാനാർഥിയും സിറ്റിംഗ് എംപിയുമായ പ്രജ്വൽ രേവണ്ണ മറ്റന്നാൾ വോട്ടെടുപ്പിന് ശേഷം കീഴടങ്ങിയേക്കും. നിലവിൽ പ്രജ്വൽ മസ്കറ്റിലാണുള്ളതെന്നാണ് സൂചന. പ്രജ്വലിന്‍റെ അച്ഛനും എംഎൽഎയുമായ രേവണ്ണയെ പൊലീസ് ചോദ്യം ചെയ്യുകയാണ്. അച്ഛൻ രേവണ്ണ അറസ്റ്റിലായതോടെ മ്യൂണിക്കിൽ നിന്ന് ഇന്ന് പുലർച്ചെ ഒമാനിലെ മസ്കറ്റിലെത്തിയ പ്രജ്വൽ അവിടെ തുടരുകയാണെന്നാണ് വിവരം.
മധ്യപ്രേദശിൽ പൊലീസ് ഉദ്യോഗസ്ഥനെ മണൽമാഫിയ ട്രാക്ടർ കയറ്റി കൊലപ്പെടുത്തി. ഷെദോളിലാണ് ക്രൂരമായ കൊലപാതകം നടന്നത്. എഎസ്ഐ മഹേന്ദ്ര ബാഗ്രിയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഡ്രൈവറെയും ട്രക്ക് ഉടമയുടെ മകന്‍ അശുതോഷ് സിങ്ങിനെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ട്രക്ക് സുരേന്ദ്ര സിങ് ഉടമ ഒളിവിലാണെന്നും ഇയാൾ തിരച്ചിൽ ഊർജിതമാക്കിയെന്നും എഡിജിപി അറിയിച്ചു.
റായ്ബറേലി അമേഠി സീറ്റു നിർണ്ണയത്തെ ചൊല്ലി കുടുംബത്തിൽ ഭിന്നതയില്ലെന്ന് റോബർട്ട് വദ്ര. അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ലെന്ന് വദ്ര ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. പ്രിയങ്ക ഗാന്ധിയെ മാറ്റി നിറുത്തിയതിൽ വദ്ര പ്രതിഷേധിച്ചു എന്ന റിപ്പോർട്ടുകൾക്കിടെയാണ് ഈ വിശദീകരണം. എല്ലാവരുടെയും പിന്തുണയ്ക്കും ആശംസകൾക്കും നന്ദി. പൊതുരംഗത്ത് നിന്ന് ജനങ്ങളെ സഹായിക്കാൻ കഴിയുന്നത് പോലെ ശ്രമിക്കും എന്നും റോബർട്ട് വദ്ര കുറിച്ചു.
ഗുസ്തി താരം ബജ്‌റംഗ് പൂനിയയെ ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയായ നാഡ താല്‍കാലികമായി സസ്‌പെന്‍ഡ് ചെയ്തു. യോഗ്യതാ മത്സരത്തില്‍ പങ്കെടുത്ത താരം സാംപിള്‍ നല്‍കാന്‍ വിസമ്മതിച്ചതിനാണ് നടപടി. സാംപിള്‍ ശേഖരിക്കാന്‍ നാഡ നല്‍കുന്നത് കാലാവധി കഴിഞ്ഞ കിറ്റുകളാണെന്ന് പൂനിയ നേരത്തെ ആരോപിച്ചിരുന്നു. ചൊവ്വാഴ്ചയ്ക്കകം വിശദീകരണം നല്‍കിയില്ലെങ്കില്‍ തീരുമാനം അച്ചടക്ക സമിതിക്ക് വിടുമെന്നും, നിസഹകരണം തുടര്‍ന്നാല്‍ തുടര്‍ന്നുള്ള മത്സരങ്ങളില്‍ വിലക്കുമെന്നും നാഡ ബജ്‌റംഗ് പൂനിയയെ അറിയിച്ചു.
അയോധ്യ രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന് പ്രദേശ് കമ്മിറ്റി ഓഫീസില്‍ അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ദേശീയ മാധ്യമ കോ ഓർഡിനേറ്റർ രാധിക ഖേര പാർട്ടി വിട്ടു. പാര്‍ട്ടിയില്‍ തനിക്ക് നീതി ലഭിച്ചില്ലെന്നും അതിനാല്‍ താന്‍ പ്രാഥമികാംഗത്വത്തില്‍നിന്ന് രാജിവെക്കുന്നുവെന്നും അവര്‍ അറിയിച്ചു.