വയനാട് കുറുവയിൽ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ വെള്ളച്ചാലില്‍ പോള്‍ (50) മരിച്ച സംഭവത്തിന് പിന്നാലെ നാളെ യുഡിഎഫും, എല്‍ഡിഎഫും ബിജെപിയും വയനാട്ടില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും കേന്ദ്ര – സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. നാളെ രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന് വയനാട്ടില്‍ മതിയായ ചികിത്സ കിട്ടിയില്ലെന്ന പരാതിയുമായി മകള്‍. അച്ഛൻ മരിച്ചതിന്‍റെ തീരാവേദനക്കിടെയും വയനാട്ടില്‍ ആവശ്യമായ ചികിത്സ കിട്ടിയില്ലെന്നും കോഴിക്കോടെത്തിക്കാൻ വൈകിയെന്നുമാണ് പോളിന്‍റെ മകള്‍ കണ്ണീരോടെ മാധ്യമങ്ങളോട് പറഞ്ഞത്.
ആളക്കൊല്ലി കാട്ടാന ബേലൂർ മോഴയെ തേടിയുള്ള ആറാം ദിവസത്തെ തിരച്ചിലും അവസാനിച്ചു. പനവല്ലിക്ക് സമീപം കുന്നുകളിൽ തമ്പടിച്ച ആന, വൈകീട്ടാണ് നിരപ്പായ സ്ഥലത്തേക്ക് നീങ്ങിയത്. ആർആർടിയും വെറ്റിനറി ടീമും കാട്ടിൽ മോഴയെ കാത്തിരുന്നിട്ടും മയക്കുവെടിവെക്കാൻ പാകത്തിന് കിട്ടിയില്ല. ഡോക്ടർ അരുൺ സക്കറിയ ഇന്ന് രാവിലെ മുതൽ ദൗത്യസംഘത്തിനൊപ്പം ചേർന്നിരുന്നു. രാത്രി ആന ജനവാസ മേഖലയിൽ എത്താതെ ഇരിക്കാൻ നിരീക്ഷണം ഒരുക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് സ്കൂളിൽ പഠിക്കുന്ന കുട്ടികള്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ‘വാട്ടർ ബെൽ’ സംവിധാനത്തിന് തുടക്കം കുറിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഓരോ ദിവസവും കുട്ടികള്‍ക്ക് വെള്ളം കുടിക്കാനായി മാത്രം രാവിലെയും ഉചയ്ക്കും സ്കൂളുകളിൽ പ്രത്യേകം ബെൽ മുഴങ്ങും.ബെൽ മുഴങ്ങിക്കഴിഞ്ഞാൽ അഞ്ച് മിനിറ്റ് സമയം വെള്ളം കുടിക്കാനായി നൽകണമെന്നാണ് സ്കൂളുകള്‍ക്ക് സർക്കാർ നൽകുന്ന നിര്‍ദേശം.
മസാലബോണ്ട് കേസിൽ ഇഡി സമൻസ് ചോദ്യം ചെയ്ത് മുന്‍ ധനമന്ത്രി ടിഎം തോമസ് ഐസകും കിഫ്ബി സിഇഒയും നല്‍കിയ ഹര്‍ജിയിൽ നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ച് ഹൈക്കോടതി . അറസ്റ്റ് ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്താമെന്നും കോടതിയുടെ നിരീക്ഷണത്തിൽ ചോദ്യം ചെയ്യലിന് ഹാജരായിക്കൂടെയെന്നും ഹൈക്കോടതി ആരാഞ്ഞു. കോടതിയുടെ നിർദേശത്തിൽ കക്ഷികളുമായി കൂടിയാലോചിച്ച് തിങ്കളാഴ്ച മറുപടി നൽകാമെന്ന് അഭിഭാഷകർ അറിയിച്ചു.
അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടിയില്‍ കോണ്‍ഗ്രസിന് താല്‍ക്കാലിക ആശ്വാസം. അക്കൗണ്ടുകള്‍ കോണ്‍ഗ്രസിന് തല്‍ക്കാലം ഉപയോഗിക്കാൻ ആദായ നികുതി വകുപ്പ് അപ്പല്ലേറ്റ് അതോറിറ്റി അനുമതി നല്‍കി. ഫെബ്രുവരി 21 ന് കോണ്‍ഗ്രസിന്‍റെ പരാതി അതോറിറ്റി പരിഗണിക്കുമെന്ന് എംപി വിവേക് തൻഖ അറിയിച്ചു.
തന്‍റെ കൈകള്‍ ശുദ്ധമാണെന്നും മടിയില്‍ കനമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇനി പറഞ്ഞാല്‍ ജനം പത്തലെടുക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ.മാസപ്പടി കേസില്‍ സീരിയസ് ഫ്രോഡ് ഇന്‍വസ്റ്റിഗേഷന്‍ ഓഫീസ് അന്വേഷണം തുടരാമെന്ന ബെംഗളുര്‍ ഹൈക്കോടതിയുടെ വിധി പിണറായി വിജയന്‍ കെട്ടിപ്പൊക്കിയ നുണക്കൊട്ടാരത്തിന്‍റെ അടിവേരു മാന്തി. അഴിമതിയില്‍ മുങ്ങിത്താഴുന്ന പിണറായി വിജയനെ ഇനിയും താങ്ങണോയെന്ന് സിപിഎമ്മും എല്‍ഡിഎഫ് ഘടകകക്ഷികളും ആലോചിക്കണം എന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മിന് മീതെ സമ്മർദ്ദം ചെലുത്തി ലോക്സഭാ തിരഞ്ഞെടുപ്പിൽ ബന്ധമുണ്ടാക്കാനുള്ള ബിജെപി ശ്രമമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അവിഹിതമായ ബന്ധം സംഘപരിവാറും സിപിഎമ്മും തമ്മിലുണ്ട്. മാസപ്പടി കേസിൽ എസ്എഫ്ഐഒ അന്വേഷണം തടസപ്പെടുത്താനാണ് മുഖ്യമന്ത്രിയും മകളും ശ്രമിച്ചത് . സ്വർണ്ണക്കടത്ത് കേസിലും കരുവന്നൂർ കേസിലും സംഭവിച്ചത് തന്നെയാണ് ആവർത്തിക്കാൻ പോകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മാസപ്പടി കേസിൽ തെറ്റ് ചെയ്തിട്ടില്ലെങ്കിൽ എന്തിന്അന്വേഷണത്തെ ഭയപ്പെടുന്നുവെന്ന് ബിജെപി നേതാവും കേസിലെ പരാതിക്കാരനുമായ ഷോൺ ജോർജ്ജ്. അൽപമെങ്കിലും മാന്യത ഉണ്ടെങ്കിൽ മുഖ്യമന്ത്രിയും മകളും അന്വേഷണത്തോട് സഹകരിക്കണം. കെ.എസ്.ഐ.ഡി.സിയുടെ പങ്ക് സംബന്ധിച്ച് തിങ്കളാഴ്ച തെളിവുകൾ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.
എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ മുഖ്യമന്ത്രിയുടെ മകൾ നൽകിയ ഹർജി കർണാടക ഹൈക്കോടതി തള്ളിയതോടെ മുഖ്യമന്ത്രിയും സിപിഎമ്മും നാണംകെട്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ . ഗുരുതരമായ സാമ്പത്തിക ക്രമക്കേട് നടന്നതുകൊണ്ടാണ് കേരള ഹൈക്കോടതിക്ക് പിന്നാലെ കർണാടക ഹൈക്കോടതിയും വീണാവിജയൻ്റെ ഹർജി തള്ളിയത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.മടിയിൽ കനമുള്ളതുകൊണ്ടാണ് മുഖ്യമന്ത്രി അന്വേഷണത്തെ ഭയക്കുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
എക്സാലോജിക്കിന്‍റെ ഹർജി കർണാടക ഹൈക്കോടതി തള്ളിയതിന് പിന്നാലെ വീണയെ പരോക്ഷമായി തള്ളി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വീണ വിജയൻ ഹർജി നൽകിയ വിഷയത്തിൽ താൻ മറുപടി പറയേണ്ട കാര്യമില്ലെന്നാണ് എം വി ഗോവിന്ദൻ പ്രതികരിച്ചത്. ‘അത് അവര്, അവരുടെ കമ്പനി, അവരൊക്കെ ആ വിഷയം നോക്കും’ എന്നാണ് അദ്ദേഹം പ്രതികരിച്ചത്.
എല്‍.ഡി.എഫില്‍ ഘടകകക്ഷിയെന്ന നിലയില്‍ അര്‍ഹതപ്പെട്ട അംഗീകാരം സി.പി.ഐക്ക് ലഭിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സി.പി.ഐ മന്ത്രിമാരുടെ വകുപ്പുകള്‍ക്ക് ബജറ്റില്‍ അര്‍ഹമായ പരിഗണന നല്‍കിയില്ല. കെ.പി.സി.സി സംഘടിപ്പിക്കുന്ന സമരാഗ്നി പ്രക്ഷോഭ ജാഥയുടെ ഭാഗമായി മലപ്പുറത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് എത്തിയത്.
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന് ഡൽഹിയിൽ ദേശീയ ആസ്ഥാന മന്ദിരമായി. ഖാഇദെ മില്ലത്ത് സെന്റർ എന്നാണ് ആസ്ഥാന മന്ദിരത്തിന് പേര് നിശ്ചയിച്ചിരിക്കുന്നത്. ഇതിന്റെ ഡിജിറ്റൽ ലോഞ്ച് മാർച്ച് 10 ന് നടക്കുo. ദേശീയ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം നടത്താനാണ് നിലവിൽ ഉദ്ദേശിക്കുന്നതെന്നും പാർട്ടി നേതാക്കൾ അറിയിച്ചു.
സംസ്ഥാനത്തെ ഡേ കെയർ സെന്‍ററുകളുടെ പ്രവർത്തനം പരിശോധിക്കുമെന്ന് പൊതു വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്ത് കൂണുപോലെയാണ് ഇപ്പോൾ ഡേ കെയർ സെന്‍ററുകൾ, ഇവയിൽ പലതിനും മതിയായ യോഗ്യതയില്ല. അനുമതികൾ ഇല്ലാതെയും മതിയായ സൗകര്യങ്ങൾ ഇല്ലാതെയും ഇനി മുന്നോട്ടുപോകാൻ അനുവദിക്കില്ലെന്നും കൃത്യമായ പരിശോധന നടത്തി നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി.
ശസ്ത്രക്രിയയിലെ പിഴവ് മൂലം ജീവിതം വഴിമുട്ടിയ മലപ്പുറം സ്വദേശിനിക്ക് നിയമസഹായം വാഗ്ദാനം ചെയ്ത് സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം വി.ആര്‍. മഹിളാമണി. യുവതി ഒരു വര്‍ഷം മുന്‍പാണ് മലപ്പുറത്തെ സ്വകാര്യ ആശുപതിയില്‍ ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് വിധേയായത്. തുടര്‍ന്ന് മുറിവ് ഉണങ്ങാതിരിക്കുകയും ശാരീരികമായ മറ്റ് പ്രയാസങ്ങള്‍ തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വനിതാ കമ്മിഷനെ സമീപിച്ചത്.
ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് വിപുലമായ സേവനങ്ങളാണ് ആരോഗ്യവകുപ്പ് ഭക്തജനങ്ങൾക്കായി സജ്ജമാക്കിയിരിക്കുന്നത്. മെഡിക്കൽ ടീം, പബ്ലിക് ഹെൽത്ത് ടീം, സാനിട്ടേഷൻ ടീം എന്നിങ്ങനെ സംഘങ്ങളായി തിരിഞ്ഞാകും പ്രവർത്തിക്കുക.ഫെബ്രുവരി 17 മുതൽ 26 വരെ രാവിലെ ഏഴ് മുതൽ 10 വരെ രണ്ട് ഷിഫ്റ്റുകളിലായി ഡോക്ടർമാർ, സ്റ്റാഫ് നഴ്സ്, അറ്റന്റർ എന്നിവരുടെ സേവനം ക്ഷേത്രപരിസരത്തുണ്ടാകും. രണ്ട് 108 ആംബുലൻസുകളുടെ മുഴുവൻ സമയ സേവനവും ലഭ്യമാകും എന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
വീടുകളിൽ പാഴ് വസ്തുക്കൾ പെറുക്കാൻ വരുന്നവരെ സൂക്ഷിക്കുവാൻ മുന്നറിയിപ്പ് നൽകി കേരളാപൊലീസ്. പഴയ സാധനങ്ങൾ എടുക്കാൻ എന്ന വ്യാജേന വീടുകളിൽ കയറി മോഷണം നടത്തുന്ന സംഭവങ്ങൾ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് സോഷ്യൽമീഡിയ പോസ്റ്റിൽ കേരള പൊലീസ് വ്യക്തമാക്കി .
22 മുതൽ മലയാള സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന് തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് അറിയിച്ചു. തീയർ ഉടമകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കണം. OTT റിലീസ്, സിനിമ എഗ്രിമെന്റ് ഉലപ്ടെയുള്ള കാര്യങ്ങളിൽ നിർമാതകൾ പരിഹാരം കാണാണണം എന്നും മുന്നറിയിപ്പ് നൽകി.
സ്വന്തം പഞ്ചായത്തിൽ പാർട്ടിക്ക് ഭരണം നഷ്ടമായതിനെതുടർന്ന് തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി രാജിവച്ചു. പെരിങ്ങമല പഞ്ചായത്തിലെ കോൺഗ്രസുകാരനായ പ്രസിഡന്റ് കഴിഞ്ഞദിവസം സിപിഎമ്മിൽ ചേർന്നിരുന്നു തുടർന്നാണ് യുഡിഎഫിന് ഭരണം നഷ്ടമായത്.
ഉത്തരേന്ത്യയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ ട്രെയിനിൽ നിന്നും തോക്കും തിരകളും നഷ്ടമായ സംഭവത്തിൽ, ഡ്യൂട്ടിയിലുണ്ടായിരുന്ന 10 പൊലീസുദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്താൻ ആഭ്യന്തരവകുപ്പ് ഉത്തരവ്. മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവടങ്ങളിൽ ഡ്യൂട്ടിക്ക് പോയപ്പോഴാണ് പൊലീസിന്റെ തോക്കും തിരയും നഷ്ടമായത്. ട്രെയിൻ യാത്രക്കിടെ മദ്യപിച്ച ഒരു എസ്പി തോക്കും തിരകളും പുറത്തേക്കെറിഞ്ഞുവെന്നായിരുന്നു ആരോപണം.
തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയില്‍ ക്രിസ്ത്യന്‍ പള്ളിക്കുനേരെ ബജ്റംഗ് ദൾ ആക്രമണം. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇരുപതുപേര്‍ക്ക് പരുക്കേറ്റു. ചൊവ്വാഴ്ച വൈകിട്ടാണ് ആക്രമണമുണ്ടായത്.റോഡ് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് ഈ പ്രദേശത്ത് സവർണജാതിക്കാരും ദളിത് വിഭാഗവും തമ്മിൽ നേരത്തെ പ്രശ്നങ്ങളുണ്ടായിരുന്നു.ഇതിനെത്തുടർന്നാണ് ബജ്റംഗ്ദളിന്‍റെ നേതൃത്വത്തിൽ സവർണവിഭാഗത്തിലെ ആളുകൾ അക്രമം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ വിമര്‍ശകന്‍ അലക്‌സി നവല്‍നി മരിച്ചതായി റിപ്പോര്‍ട്ട്. ആര്‍ട്ടിക് ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വെള്ളിയാഴ്ച ഒരു നടത്തത്തിന് ശേഷം തിരിച്ചെത്തിയ നവല്‍നി വല്ലാതെ അവശനായെന്നും ബോധം നഷ്ടപ്പെട്ട് വീണെന്നും ജയില്‍ അധികൃതര്‍ പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.