Untitled design 20250112 193040 0000 1

 

 

ദില്ലിയിലെ സമരത്തിൻ്റെ മുഖം മാറുന്നു. ഗാന്ധി സ്മൃതിയിലേക്ക് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം പ്രതിഷേധിക്കുന്നു. നീറ്റ് വിഷയത്തിൽ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് മാർച്ച് നടത്തുന്നത്. വിദ്യാർത്ഥികൾക്ക് ഒപ്പം കോൺഗ്രസ് ഉണ്ട് എന്ന് രാഹുൽ ഗാന്ധി സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമായ എക്സിൽ കുറിച്ചു.

 

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് സമരം ശക്തമാക്കുന്നതിനിടെ സിജെപിയെ വീണ്ടും ചർച്ചയ്ക്ക് വിളിച്ച് കേന്ദ്ര സർക്കാർ. ചർച്ചയ്ക്ക് സമരക്കാർ തയ്യാറാകണമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. ജെപി നദ്ദയുടെ ഓഫീസിലോ വസതിയിലോ ചർച്ച നടത്താമെന്നും ചർച്ചകളിലൂടെ മാത്രമേ പ്രശ്നങ്ങൾ പരിഹരിക്കാനാകൂ എന്നും ജിതേന്ദ്ര സിംഗ് പറഞ്ഞു.

 

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെ വിദ്യാർഥികൾക്കെതിരെ പൊലീസ് നടത്തിയ അതിക്രമത്തിൽ പരിക്കേറ്റവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നാളെ രാജ്യവ്യാപക സമരം പ്രഖ്യാപിച്ച് സി ജെ പി. സമരത്തിന്റെ ഭാഗമായി രാജ്യത്തുടനീളം വീഥികളിലിറങ്ങുന്ന പ്രവർത്തകർക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങളും സംഘടന പുറപ്പെടുവിച്ചിട്ടുണ്ട്.

 

നീറ്റ്-യു ജി പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ മുംബൈയില്‍ വിദ്യാര്‍ത്ഥികള്‍ വ്യത്യസ്തമായ പ്രതിഷേധം സംഘടിപ്പിച്ചു. നോര്‍വേ ഫുട്‌ബോള്‍ ആരാധകരുടെ ‘വൈക്കിംഗ് റോ’ മാതൃകയാക്കി, കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

 

 

രാഷ്ട്രീയപ്രേരിതമായ കേസാണെന്നും തന്നെ കുടുക്കിയതാണെന്നും ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി എസ് പ്രശാന്ത്. നിരപരാധിത്വം തെളിയിച്ച് തിരിച്ചു വരുമെന്ന് പ്രശാന്ത് പറഞ്ഞു. വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു പ്രതികരണം.

 

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് പി എസ് പ്രശാന്തും ബോർഡ് അംഗമായിരുന്ന സി പി ഐ നേതാവ് അജികുമാറും ജയിലിലേക്ക്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തതോടെ തിരുവനന്തപുരം സ്പെഷ്യൽ ജയിലിലേക്കാണ് ഇവരെ മാറ്റുന്നത്.

 

ജൂലൈയിലെ സാമൂഹ്യ സുരക്ഷാ പെന്‍ഷൻ വിതരണം നാളെ മുതൽ. പെന്‍ഷനായി 1095 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

 

ഇന്ന് വൈകീട്ട് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി. 300 മെഗാവാട്ട് ഉപയോഗം വര്‍ധിക്കാം. പുറത്ത് നിന്ന് വൈദ്യുതി കിട്ടിയില്ലെങ്കിൽ നിയന്ത്രണമുണ്ടാകുമെന്നാണ് അറിയിപ്പ്.

 

ഡെൻ്റൽ കോളേജ് വിദ്യാർത്ഥിയായ നിതിൻ രാജിന്റെ മരണത്തിൽ മുഖ്യപ്രതി ഡോ. റാം വീണ്ടും അറസ്റ്റിലായി. തലശ്ശേരി എസ് സി എസ് ടി പ്രത്യേക കോടതി അനുമതി നൽകിയതിന് പിന്നാലെയാണ് അറസ്റ്റ്.

 

ദേശീയ-രാജ്യാന്തര മത്സരങ്ങളിലെ മെഡൽ ജേതാക്കൾക്ക് നൽകാനുള്ള പാരിതോഷിക കുടിശ്ശിക തീർക്കാൻ കായിക വകുപ്പ് 1.5 കോടി രൂപ അനുവദിച്ചു. 2019 മുതലുള്ള കുടിശ്ശിക തീർപ്പാക്കുന്നതിന്റെ ആദ്യഘട്ടമാണിത്. ലോംഗ് ജംപ് താരം ആൻസി സോജന്റെ കുടിശ്ശിക ഉടൻ കൈമാറാനും മന്ത്രി ഉത്തരവിട്ടു.

 

ആലപ്പുഴയിലെ പി കെ കാളൻ ഭവന പദ്ധതിയിൽ വ്യാപക ക്രമക്കേടുകൾ നടന്നെന്ന ആരോപണത്തിൽ മന്ത്രി കെഎം ഷാജി അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. ടെൻഡർ മുതൽ നിർമ്മാണം വരെയുള്ള ഘട്ടങ്ങൾ പരിശോധിക്കാൻ പ്രത്യേക സംഘത്തെ നിയമിച്ചു. 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാനും നിർദേശമുണ്ട്.

 

റെയിൽവേ ഭൂമി ഏറ്റെടുക്കലിന് നഷ്ടപരിഹാരം നൽകാത്തതിനെ തുടർന്ന് തിരുവല്ല താലൂക്ക് ഓഫീസിലെ ജീപ്പും കമ്പ്യൂട്ടറുകളും അടക്കമുള്ള വസ്തുക്കൾ കോടതി ഉത്തരവ് പ്രകാരം ജപ്തി ചെയ്തു. ചെങ്ങന്നൂർ – കോട്ടയം റെയിൽപാത ഇരട്ടിപ്പിക്കലിനായി ഭൂമി വിട്ടുനൽകിയ വ്യക്തിക്ക് 5.34 ലക്ഷം രൂപ നൽകാത്തതിനാലാണ് നടപടി.

 

ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസ് അട്ടിമറിയിൽ ഒടുവിൽ എഡിജിപി എംആർ അജിത്കുമാറിനെതിരെ നടപടിയെടുത്ത് യുഡിഎഫ് സർക്കാർ. എംആർ അജിത് കുമാറിനെ സസ്പെൻൻ്റ് ചെയ്തു കൊണ്ടാണ് ഉത്തരവ്. ആഭ്യന്തര മന്ത്രിയാണ് സസ്പെൻഷൻ ശുപാർശ ചെയ്തത്.

 

ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ച സംഭവത്തിൽ എഡിജിപി എംആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്ത യുഡിഎഫ് സർക്കാർ നടപടിയെ പ്രശംസിച്ച് എഡി തോമസ് എംഎൽഎ. കേരളത്തിലെ പൊതുജനങ്ങൾക്ക് യുഡിഎഫ് സർക്കാർ നൽകിയ വാക്ക് പാലിച്ച ദിനമാണിതെന്നും, എന്തിനാണ് യുഡിഎഫ് സർക്കാരിനെ ജനങ്ങൾ തെരഞ്ഞെടുത്തതെന്ന് ബോധ്യപ്പെടുത്തിയ ദിവസമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

 

ചോദ്യപേപ്പർ മാറി നൽകിയതിനെ തുടർന്ന് മാറ്റി വെച്ച പിഎസ്‌സി ലാസ്റ്റ് ഗ്രേഡ് പരീക്ഷ ഓഗസ്റ്റ് 22 ന് നടത്തും. രാവിലെ 10.30 മുതൽ ഉച്ചക്ക് 12.05 വരെയാണ് പരീക്ഷ. ചോദ്യ പേപ്പർ മാറി നൽകിയ ആലപ്പുഴ ലജ്നത്തുൾ സ്കൂളിൽ പരീക്ഷ എഴുതിയവർക്കും അന്ന് വീണ്ടും പരീക്ഷ നടത്തും.

 

ശബരിമലയിൽ കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്മദത്തനെ തന്ത്രിയാക്കണമെന്ന ആവശ്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നതിന് മുന്നോടിയായി ദേവസ്വം ബോർഡ് മൂന്ന് അംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു. അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് അടക്കം താന്ത്രികാചാര്യർ ഉള്ള സമിതിയുമായി നാളെ ബോർഡ് അധ്യക്ഷൻ കൂടിക്കാഴ്ച നടത്തും.

 

പനയാൽ വില്ലേജിലെ മുണിക്കാലിൽ യുവാക്കളെ തടഞ്ഞുനിർത്തി മർദിക്കുകയും വധിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ ബേക്കൽ പോലീസ് കേസെടുത്തു. മുണിക്കാൽ സ്വദേശികളായ സതീശൻ, പ്രമോദ്, ജയൻ എന്നിവർക്കെതിരെയാണ് ഭാരതീയ ന്യായ സംഹിത പ്രകാരം പോലീസ് കേസെടുത്തിരിക്കുന്നത്.

 

കാൻസർ, വൃക്ക, ക്ഷയ രോഗികൾക്കുള്ള സഹായധനം 2000 രൂപയാക്കി ഉയർത്തി. നിലവിൽ 1000 രൂപയാണ് നൽകിയിരുന്നത്. ബജറ്റിലെ പ്രഖ്യാപനത്തിന്‍റെ അടിസ്ഥാനത്തിലാണ് തുക വർദ്ധിപ്പിച്ചത്. ആരോഗ്യ വകുപ്പിൽ നിന്നുള്ള സർട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിൽ ബി പി എൽ വിഭാഗത്തിൽ പെട്ടവർക്ക് ചികിത്സാ കാലയളവിലാണ് ഈ ആനുകൂല്യം ലഭിക്കുക.

 

സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപരിപാടികളുടെ ഭാഗമായി കെ എസ് ആർ ടി സി ആരംഭിച്ച ‘പിങ്ക് ബസ്’- ലേഡീസ് ഒൺലി സർവീസിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ മന്ത്രി സി പി ജോൺ നിർവഹിച്ചു. തൊഴിൽ ചെയ്യുന്ന സ്ത്രീകൾക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

 

ഓൺലൈൻ ഡെലിവറി സ്ഥാപനങ്ങളിൽ ക്രമക്കേട് നടത്തി ഒന്നരക്കോടിയിലധികം രൂപ വിലമതിക്കുന്ന മൊബൈൽ ഫോണുകൾ തട്ടിയെടുത്ത കേസിൽ ഒരാളെ ആലുവ സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂർ മാറമ്പിള്ളി മുടിക്കൽ കരോത്തുകുടി വീട്ടിൽ സിദ്ദിഖ് (31) ആണ് പിടിയിലായത്.

 

പാലക്കാട് കഞ്ചിക്കോട് ​ഗവൺമെന്‍റ് എച്ച്എസ്എസിൽ കായികാധ്യാപകന്‍ കുട്ടികളെ മര്‍ദിച്ച പരാതിയുമായി ബന്ധപ്പെട്ട് സ്‌കൂൾ സന്ദർശിച്ച് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗങ്ങള്‍ തെളിവെടുപ്പ് നടത്തി. കുട്ടികളോട് കമ്മീഷൻ കാര്യങ്ങൾ അന്വേഷിച്ചു. അധ്യാപകനിൽ നിന്ന് ശാരീരികവും മാനസികവുമായ പീഡനങ്ങൾ ഉണ്ടായതായി കുട്ടികൾ പറഞ്ഞു.

 

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മോർഫിങ് കേസിൽ സഹപാഠികൾ നടത്തിയ അന്വേഷണമാണ് നിർണായകമായത്. റെഡ്ഡിറ്റിലെ ചാറ്റിലൂടെ പ്രതിയായ ഏബൽ അഗസ്റ്റിനെ തിരിച്ചറിഞ്ഞ വിദ്യാർത്ഥികൾ പോലീസിൽ പരാതി നൽകി. കൂടുതൽ പരാതികൾ ഉയർന്നതോടെ വിദ്യാർത്ഥിക്ക് എതിരെ പുതിയ കേസുകൾ രജിസ്റ്റർ ചെയ്യുകയും കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തു.

 

നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ ട്രോളി സപ്ലൈക്കൊ. സപ്ലൈക്കൊ ഉൽപ്പന്നങ്ങളുടെ പുതിയ പരസ്യത്തിലാണ് ട്രോൾ. ‘നിലവാരത്തിൽ നീറ്റ് ലീക്കില്ലാത്ത പാക്ക് ‘ എന്നതാണ് പുതിയ പരസ്യത്തിലെ വാചകം.

 

സിപിഎം നേതാവ് പി കെ ശ്രീമതി ടീച്ചറുടെ പെൻഷൻ വാങ്ങൽ വിവാദത്തിൽ പ്രതികരിച്ച് കുന്നംകുളം മുൻ എംഎൽഎ പി ആർ കൃഷ്ണന്റെ മകൻ. സിപിഎം നേതാവ് പി കെ ശ്രീമതി തന്റെ അമ്മയായ പി കെ ശ്രീമതിയുടെ പെൻഷൻ വാങ്ങിയിട്ടില്ലെന്നും പേരിലെ സാമ്യം കൊണ്ട് ഉണ്ടാക്കുന്ന വിവാദമാണെന്നും അജിത് കുമാർ പറഞ്ഞു.

 

ഇലക്ട്രിക് വാഹനം വാങ്ങാനെത്തിയ ഉപഭോക്താവിൽ നിന്ന് മുഴുവൻ തുകയും കൈപ്പറ്റിയ ശേഷം ഉടമയുടെ പേരിൽ വ്യാജ വായ്പയെടുത്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഭവത്തിൽ യുവതി പിടിയിലായി. നെയ്യാറ്റിൻകരയിലെ സ്വകാര്യ ഇലക്ട്രിക് വാഹന ഷോറും നടത്തിപ്പുകാരിയും പള്ളിച്ചൽ സ്വദേശിയുമായ സുമകുമാരി (44) യെയാണ് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.

 

ഡി ആർ ഡി ഒ വികസിപ്പിച്ച ദീർഘദൂര ഉപരിതല-ആകാശ മിസൈൽ ‘കുശ’യുടെ ആദ്യ ഫ്ലൈറ്റ് ടെസ്റ്റ് വിജയം. ഒഡീഷ തീരത്തെ ഡോ. എ.പി.ജെ. അബ്ദുൾ കലാം ദ്വീപിൽ നിന്നാണ് മിസൈൽ വിജയകരമായി പരീക്ഷിച്ചത്.

 

നീറ്റ് പരീക്ഷ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് രാജ്യതലസ്ഥാനത്ത് സി ജെ പി നടത്തുന്ന പ്രക്ഷോഭങ്ങളെ അടിച്ചമർത്താനാണ് കമ്മീഷണർക്ക് ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള (എൻ എസ് എ) കരുതൽ തടങ്കൽ അധികാരം നൽകിയതെന്ന മാധ്യമ റിപ്പോർട്ടുകൾ തള്ളി ദില്ലി പോലീസ്. എൻ എസ് എ പ്രകാരമുള്ള ഈ അധികാരങ്ങൾ മൂന്ന് മാസത്തിലൊരിക്കൽ പുതുക്കി നൽകുന്ന പതിവ് ഭരണപരമായ നടപടി മാത്രമാണ് ഇപ്പോളുണ്ടായതെന്നാണ് പൊലീസിന്‍റെ വിശദീകരണം.

 

ഡൽഹയിലെ സമരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് നാഗാലാൻഡിൽ നിന്ന് കരുതൽ. നേരിട്ട് സമരത്തിൽ പങ്കാളിയാകാൻ സാധിക്കാത്ത വിഷമത്തിൽ ഡൽഹി ജന്ദർ മന്തറിലെ സമരക്കാർക്കായി 67000 രൂപയിലേറെ മൂല്യമുള്ള 150 ചീസ് ബർസ്റ്റ് പിസ്സകൾ ഓർഡർ ചെയ്ത് നൽകിയിരിക്കുകയാണ് നാഗാലാൻഡ് സ്വദേശിയായ ഡീലി ഡീനു.

 

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ദില്ലിയിൽ നടന്ന പ്രക്ഷോഭത്തിൽ യുവതി മരിച്ചെന്ന വാർത്ത വ്യാജമാണെന്ന് പോലീസ് അറിയിച്ചു. ഇത്തരം പ്രചാരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയ പോലീസ്, വാർത്തയുടെ ആധികാരികത ഉറപ്പുവരുത്താൻ ജനങ്ങളോട് അഭ്യർത്ഥിച്ചു.

 

 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുന്നിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനെതിരെ രൂക്ഷ വിമർശനവുമായി ആക്റ്റിവിസ്റ്റ് സോനം വാങ്ചുകിൻ്റെ ഭാര്യ ഗീതാഞ്ജലി ആങ്മോ. നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ വിദ്യാർത്ഥികൾ നടത്തുന്ന പ്രക്ഷോഭത്തെ മുൻനിർത്തി കോൺഗ്രസ് നടത്തിയ പ്രതിഷേധം ആത്മാർത്ഥത ഇല്ലാത്തതാണെന്ന് അവർ കുറ്റപ്പെടുത്തി.

 

 

ഡൽഹിയിൽ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ രണ്ടു മണിക്കൂർ നീണ്ട മൗന ആന്ദോളൻ (മൗന സമരം) നടത്തി. മഹാരാഷ്ട്രയിലെ അഹില്യാനഗറിലാണ് അദ്ദേഹം സമരം സംഘടിപ്പിച്ചത്.

 

നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ മുംബൈയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ വ്യാജ മയക്കുമരുന്ന് കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. ഭീഷണിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് നടപടി.

 

തെക്കൻ ഗുജറാത്തിലും മഹാരാഷ്ട്രയിലും മഴ കനത്തതോടെ കേരളത്തിൽ നിന്നുളള ട്രെയിനുകൾ വഴിതിരിച്ചുവിടുന്നു. കൊച്ചുവേളി – അമൃതസർ എക്സ്പ്രസ്, തിരുവനന്തപുരം സെൻട്രൽ – നിസാമുദ്ദീൻ എക്സ്പ്രസും ട്രെയിനുകളാണ് പൻവേലിൽ നിന്നും വഴിതിരിച്ചുവിടുക.

 

മധുവിധു യാത്രയ്ക്കിടെ ഭർത്താവ് രാജ രഘുവംശിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ സോനം രഘുവംശിയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. മൂന്ന് ആഴ്ചയ്ക്കുള്ളിൽ വിചാരണക്കോടതിക്ക് മുന്നിൽ കീഴടങ്ങാനാണ് സോനം രഘുവംശിയോട് സുപ്രീം കോടതി നിർദേശിച്ചിട്ടുള്ളത്.

 

സിജെപി സമരത്തെ അധിക്ഷേപിച്ച് ഇൻസ്റ്റ​ഗ്രാം സ്റ്റോറി പങ്കുവെച്ച സിആർപിഎഫിന് കീഴിലുള്ള റാപ്പിഡ് ആക്ഷൻ ഫോഴ്സ് ഉദ്യോ​ഗസ്ഥ വിവാദത്തിൽ. ഹരിയാണയിൽനിന്നുള്ള റാപ്പിഡ് ആക്ഷൻ ഫോഴ്സ്(ആർഎഎഫ്) അസി. കമാൻഡന്റ് ആയ സോണിയ ഷെരാവത്തിന്റെ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയാണ് വിവാ​ദത്തിന് വഴിവെച്ചത്.

 

‘കണ്ണിന് പകരം കണ്ണ്’ എന്ന നയമാണ് തങ്ങളുടേതെന്ന ഇറാന്റെ പ്രസ്താവനയ്ക്ക് ‘കണ്ണിന് പകരം തല’ എന്നതാണ് ഇനി നയമെന്ന മറുപടിയുമായി അമേരിക്ക രംഗത്തെത്തിയതോടെ പശ്ചിമേഷ്യൻ യുദ്ധഭീതി കനക്കുന്നു. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ആണ് ‘കണ്ണിന് പകരം തല’ എന്നതായിരിക്കും ഇനി നയമെന്ന് വ്യക്തമാക്കി രംഗത്തെത്തിയത്.

 

അമേരിക്കയുമായി ചരിത്രപരമായ ആണവ കരാറിൽ സൗദി അറേബ്യ ഒപ്പുവെച്ചു. എന്നാൽ, കരാർ പൂർണ്ണമായി നടപ്പാക്കണമെങ്കിൽ ഇസ്രയേലുമായി സാധാരണ ബന്ധം സ്ഥാപിക്കുന്ന അബ്രഹാം കരാറിൽ സൗദി പങ്കുചേരണമെന്ന് ഡോണൾഡ് ട്രംപ് പുതിയ നിബന്ധന വെച്ചിരിക്കുകയാണ്.

 

പശ്ചിമേഷ്യയിലെയും കപ്പൽപ്പാതകളിലെയും സംഘർഷ സാഹചര്യം വഷളാവുന്നു. ബാബ് അൽ മന്ദബിൽ സൗദിയുടേത് ഉൾപ്പടെ രണ്ട് കപ്പലുകൾ ഹൂത്തികൾ ആക്രമിച്ചു. ഇതോടെ ബാബ് അൽമന്ദബും സംഘർഷത്തിൽ മുങ്ങുന്ന സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നത്. സൗദിയുടെ ലൈല, എൻസലിയ എന്നീ രണ്ട് കപ്പലുകൾ ആക്രമിച്ചെന്ന് ഹൂത്തികൾ വ്യക്തമാക്കി.

 

കുവൈത്തിലെ അബ്ദലി അതിർത്തി ചെക്ക്‌പോസ്റ്റിൽ ഡ്രോൺ ആക്രമണം. ചെക്ക്പോസ്റ്റിൽ ആക്രമണം ഉണ്ടായതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചെങ്കിലും ആളപായമൊന്നും ഉണ്ടായിട്ടില്ല.

 

നേപ്പാൾ പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം വിദേശ രാജ്യങ്ങളുടെ സ്ഥാനപതിമാരുമായി നേരിട്ട് കൂടിക്കാഴ്ച നടത്തേണ്ടതില്ലെന്ന മുൻ നിലപാട് സ്വയം തിരുത്തി ബാലേന്ദ്ര ഷാ. ഇന്ത്യയുടെയും ചൈനയുടെയും നേപ്പാളിലെ സ്ഥാനപതിമാരുമായി ഈ ആഴ്ച തന്നെ അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നാണ് വ്യക്തമാക്കിയത്. ഇരുരാജ്യങ്ങളുമായും നയതന്ത്രപരമായി ശക്തമായ ബന്ധം തുടരാൻ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കിയാണ് ഈ നയംമാറ്റം.

 

 

2027ലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഓവല്‍ വേദിയാകുമെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. രണ്ടാം തവണയാണ് ഓവല്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് വേദിയാകുന്നത്. 2027 ജൂണ്‍ 9 മുതല്‍ 13 വരെയാണ് ഫൈനല്‍ മത്സരം നിശ്ചയിച്ചിരിക്കുന്നത്.

 

 

സിംബാബ്‌വെക്കെതിരായ ആദ്യ ടി20 മത്സരത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം. 19 പന്തിൽ 50 റൺസെടുത്ത കൗമാരതാരം വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ബാറ്റിംഗും, രണ്ട് വിക്കറ്റ് വീഴ്ത്തിയ മായങ്ക് യാദവിൻ്റെ ബൗളിംഗുമാണ് ഇന്ത്യയുടെ വിജയം എളുപ്പമാക്കിയത്.

 

 

 

 

 

 

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *