സുതാര്യവും നീതിപൂര്‍വകവുമായി വോട്ടെടുപ്പ് നടന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. സംസ്ഥാനത്ത് ഇത്രയും മോശമായ രീതിയില്‍ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല, ഇരട്ട വോട്ടുകളും മരണപ്പെട്ടവരുടെ വോട്ടുകളും ഒഴിവാക്കി വോട്ടേഴ്‌സ് ലിസ്റ്റ് പരിഷ്‌ക്കരിക്കുന്നതിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ പരാജയപ്പെട്ടുവെന്നും, തെരഞ്ഞെടുപ്പ് നടത്തിപ്പിലുണ്ടായ ഗുരുതര വീഴ്ചകളെ കുറിച്ച് സ്വതന്ത്രമായ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് പരാതിയില്‍ ആവശ്യപ്പെട്ടു.

 

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമര്‍ശനവുമായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എംവി ജയരാജന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ ബിജെപി പ്രസിഡന്റിന് നോട്ടീസ് നല്‍കിയ സംഭവങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് എംവി ജയരാജന്റെ പരാമര്‍ശം. തെരഞ്ഞെടുപ്പ് ചട്ടം തുടര്‍ച്ചയായി ലംഘിക്കുന്ന പ്രധാനമന്ത്രിക്കെതിരെ 27 പരാതികളാണ് വിവിധ സംഘടനകളും വ്യക്തികളും ഇലക്ഷന്‍ കമ്മീഷന് നല്‍കിയത് . എന്നാൽ ഇലക്ഷന്‍ കമ്മീഷന്‍ മോദി നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ ബിജെപി പ്രസിഡന്റ് നദ്ദക്കാണ് നോട്ടീസ് നല്‍കിയത്. കുറ്റം ചെയ്തയാളെ രക്ഷിക്കുകയും മറ്റൊരാള്‍ക്ക് നോട്ടീസ് നല്‍കുകയും നോട്ടീസ് ലഭിച്ചയാള്‍ കുറ്റം ആവര്‍ത്തിക്കുകയും ചെയ്താല്‍ കയ്യുംകെട്ടി നോക്കി ഇരിക്കുന്ന ഇലക്ഷന്‍ കമ്മീഷന്‍ രാജ്യത്തിന് അപമാനമാണെന്ന് എംവി ജയരാജന്‍ പറഞ്ഞു.

തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചനയാണെന്നും, അതില്‍ മാധ്യമങ്ങൾക്ക് പങ്കുണ്ടെന്നും ഇപി ജയരാജൻ. ശോഭ സുരേന്ദ്രനെ നേരിട്ട് കണ്ടിട്ടേയില്ല, പ്രകാശ് ജാവദേക്കരുമായി രാഷ്ട്രീയം സംസാരിച്ചില്ല, കൂടാതെ പോളിംഗ് ദിനത്തിൽ കൂട്ടിക്കാഴ്ച വെളിപ്പെടുത്തിയതിൽ അസ്വാഭാവികത ഇല്ല താൻ വഴി ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയെയാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ശിവനും പാപിയും പരാമര്‍ശനം സ്വാഗതാര്‍ഹമാണെന്നും, മുഖ്യമന്ത്രിയുടെ ഉപദേശം ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ്. അദ്ദേഹം പറഞ്ഞത് എല്ലാവര്‍ക്കുമുള്ള ഉപദേശമാണ്. തെറ്റുപറ്റിയാല്‍ തിരുത്തി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജാവ്ദേക്കറുമായുള്ള കൂടിക്കാഴ്ചയിൽ ഇപിക്ക് ജാഗ്രത കുറവ് ഉണ്ടായി എന്നും, ദല്ലാളുമാരുമായി ഇടത് നേതാക്കൾ അടുപ്പം പുലർത്തരുതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കൺവീനർ സ്ഥാനം ഇപി ഒഴിയണ്ടേ എന്ന ചോദ്യത്തിന് സിപിഎം ഉചിതമായ തീരുമാനം എടുക്കുമെന്ന് അദ്ദേഹം മറുപടി നല്‍കി. തിരുത്താൻ ആർജ്ജവം ഉള്ള പാർട്ടിയാണ് സിപിഎമ്മെന്നും അദ്ദേഹം പറഞ്ഞു.

 

കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് തിരുവനന്തപുരത്ത് നടുറോഡിൽ മേയർ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ തർക്കമുണ്ടായി. പട്ടത്തു നിന്നും പാളയം വരെ മേയറുടെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് , ബസ്സിനു മുന്നില്‍ കാര്‍ വട്ടം നിര്‍ത്തിയിട്ട ശേഷമായിരുന്നു തര്‍ക്കം. ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. എന്നാൽ കാർ ബസിന് കുറുകെ ഇട്ട് ട്രിപ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവും പോലീസിന് പരാതി നൽകി.

 

ക്രൈസ്തവ പെണ്‍കുട്ടികളുടെ പേരുപറഞ്ഞ് ഒരു വര്‍ഗീയശക്തികളും ഇവിടെ വര്‍ഗീയതയുടെ വിഷം വിതയ്ക്കാന്‍ പരിശ്രമിക്കേണ്ടതില്ലെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. നമ്മുടെയിടയില്‍ ഭിന്നതയുടേയും വര്‍ഗീയതയുടേയും വിത്തുകള്‍ വിതയ്ക്കാന്‍ പലരും ഒളിഞ്ഞും തെളിഞ്ഞും പരിശ്രമിക്കുന്നുണ്ടെന്നത് തിരിച്ചറിയണമെന്നും പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ സമുദായത്തിനറിയാമെന്നും പാംപ്ലാനി പറഞ്ഞു.

 

ആറ് വർഷം മുൻപ് നടത്തിയ വിധിപ്രസ്താവത്തിൽ പിഴവ് സംഭവിച്ചെന്നും തിരുത്താൻ തയാറെന്നും മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് ആനന്ദ് വെങ്കടെശിന്റെ തുറന്നു പറച്ചിൽ. ജഡ്ജി ആയി ചുമതലയെറ്റെടുത്ത് ഒരു മാസത്തിനുള്ളിൽ ഹർഷ എസ്റ്റേറ്റുമായി ബന്ധപ്പെട്ടുണ്ടായ സിവിൽ കേസിലെ വിധിയെ കുറിച്ചായിരുന്നു പരാമർശം. അടുത്തിടെ വായിച്ച ചില ലേഖനങ്ങളിൽ നിന്നാണ് വസ്തുത ബോധ്യപ്പെട്ടതെന്നും പുതിയ ജഡ്ജിയെന്ന നിലയിലെ അമിതാവേശമാണ് പിഴവിന് കാരണമായതെന്നും മദ്രാസ് ബാർ അസോസിയേഷൻ സംഘടിപ്പിച്ച അനുസ്മരണ പ്രഭാഷണത്തിൽ ജസ്റ്റിസ് ആനന്ദ് വെങ്കടേശൻ വ്യക്തമാക്കി.

എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷയിൽ ഗ്രേസ് മാർക്ക് നൽകുന്നതിൽ വിദ്യാഭ്യാസ വകുപ്പ് പരിഷ്കാരങ്ങൾ വരുത്തി. എസ്എസ്എല്‍സിക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കുന്നവര്‍ക്ക് ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിന് ബോണസ് പോയിന്‍റ് ഇനിയുണ്ടാകില്ല. നേരത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഗ്രേസ് മാർക്കും ഹയർസെക്കൻഡറി പ്രവേശനത്തിന് ബോണസ് പോയൻറും നൽകുന്ന രീതിയായിരുന്നു. ഇതിനാണ് മാറ്റം വരിക.

 

ഒന്നു മുതൽ 30 ലൈസൻസ് മാത്രം ഒരു ദിവസം കൊടുത്താൽ മതിയെന്നാണ് ഗതാഗത മന്ത്രിയുടെ നിർദ്ദേശം. എന്നാൽ പ്രതിദിനം 100 ലൈസൻസിന് മുകളിൽ കൊടുക്കുന്ന മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടർമാരുടെ പരസ്യ ടെസ്റ്റ് നാളെ നടക്കും. ഇവര്‍ എങ്ങനെയാണ് ഇത്രയധികം ലൈസന്‍സ് ഒരു ദിവസം നല്‍കുന്നതെന്നറിയാനാണ് ഇവര്‍ക്കായി പ്രത്യേകമായി ടെസ്റ്റ് നടത്തുന്നത്.

മെയ് ഒന്നുമുതലാണ് താൽക്കാലിക അടിസ്ഥാനത്തിൽ വേണാട്‌ എക്‌സ്‌പ്രസ്‌ എറണാകുളം സൗത്ത്‌ റെയിൽവേ സ്റ്റേഷൻ ഒഴിവാക്കി എറണാകുളം നോർത്ത് സ്റ്റേഷനിൽ മാത്രം നിർത്തി യാത്ര നടത്തും. എറണാകുളം സൗത്ത് സ്റ്റേഷൻ ഒഴിവാക്കുമ്പോൾ എറണാകുളം നോർത്ത് ഷൊർണൂർ റൂട്ടിൽ വേണാട് എക്സ്പ്രസ് നിലവിലെ സമയക്രമത്തേക്കാൾ 15 മിനിട്ടോളം മുൻപേ ഓടും. തിരിച്ചുള്ള യാത്രയിൽ എറണാകുളം നോർത്ത് മുതൽ തിരുവനന്തപുരം വരെ എല്ലാ സ്റ്റേഷനിലും 15 മിനിറ്റോളം നേരത്തെ എത്തും.

എല്ലാ ദുഷിച്ച പ്രചരണങ്ങളും നടത്തിയിട്ട് ഇപ്പോൾ ഹരിചന്ദ്രൻ ആണെന്ന് പറയുകയാണ് ഷാഫി പറമ്പില്‍ എന്ന ആരോപണവുമായി പി ജയരാജൻ.പ്രചരണ സമയത്ത് എല്ലാ തോന്ന്യാസങ്ങൾക്കും ഷാഫി പിന്തുണ നൽകി. ഇപ്പോൾ അമർ അക്ബർ അന്തോണി എന്ന സിനിമയിലെ “നല്ലവനായ ഉണ്ണി” യെപ്പോലെയാണ് ഷാഫി പറമ്പിലെന്നും ജയരാജൻ പരിഹസിച്ചു.

കണ്ണൂരിൽ സൂര്യാഘാതമേറ്റ് ഒരു മരണം. സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന മാഹി സ്വദേശി യു എം വിശ്വനാഥനാണ് ഇന്ന് പുലർച്ചെ മരണപ്പെട്ടത്. വെള്ളിയാഴ്ച കിണർ പണിക്കിടെയാണ് ഇയാൾക്ക് സൂര്യാഘാതമേറ്റത്.തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെയാണ് വിശ്വനാഥന്റെ മരണം.

സംസ്ഥാനത്ത് നടന്നത് ശക്തമായ ത്രികോണ മത്സരമെന്ന് വെള്ളാപ്പള്ളി നടേശൻ. ആരുടെ എങ്കിലും അഭിപ്രായം കേട്ടിട്ടോ പ്രശ്നം വച്ചോ ഫലം പ്രവചിക്കാനില്ല, സംസ്ഥാനത്ത് യുഡിഎഫിന് മുൻതൂക്കമുണ്ടെന്നും, എന്നാൽ കഴിഞ്ഞ തവണത്തെ പോലെ വിജയം ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ ചൂട് രേഖപ്പെടുത്തിയതിന്റേയും, പാലക്കാട് ജില്ലയിൽ 41 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം, തൃശൂർ ജില്ലകളിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും, താപനില ഉയരുമെന്ന പ്രവചനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉഷ്ണതരംഗ മുന്നറിയിപ്പ്.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, വടക്കൻ തമിഴ്‌നാട് തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

 

അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാന ആക്രമണം. കണ്ണംകുഴിയിൽ പാപ്പാത്ത് രജീവിന്റെ പറമ്പിലെ വാഴകൾ നശിപ്പിച്ചു. പുഴയോട് ചേർന്ന് വനം വകുപ്പ് ഇട്ടിരുന്ന ഫെൻസിങ് തകർത്ത ആന പുലർച്ചെയോടെയാണ് കാട്ടിലേക്ക് മടങ്ങിയത്.അതോടൊപ്പം വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. ചേകാടി കുണ്ടുവാടി കോളനിയിലെ കാളനാണ് പരിക്കേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

 

പാലക്കാട് മലമ്പുഴ ജില്ലാ ജയിലിൽ ജോലിക്കിടെ അസിസ്റ്റന്‍റ് സൂപ്രണ്ട് മുരളീധരനെ മരിച്ച നിലയിൽ കണ്ടെത്തി. ഓഫിസിലെ മുറിയിൽ വീണു കിടക്കുന്ന നിലയിലായിരുന്നു. പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.

 

അതിരപ്പിള്ളി പഞ്ചായത്തിൽ വോട്ട് ചെയ്ത് മടങ്ങുമ്പോൾ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന യുവാവ് മരിച്ചു. കണ്ണൻകുഴി സ്വദേശി കാരിക്കൽ രവിയുടെ മകൻ സതീഷാണ് മരിച്ചത്. ലോകസഭ തിരഞ്ഞെടുപ്പിൽ പൊകലപ്പാറ ഫോറസ്റ്റ് സ്റ്റേഷനിലെ പോളിംഗ് ബൂത്തിൽ വോട്ട് ചെയ്ത ശേഷം കൂട്ടുകാരനായ അജിത്തിന്റെ കൂടെ ബൈക്കിൽ മടങ്ങുന്ന വഴിക്കായിരുന്നു അപകടം.

 

പ്രസവത്തെ തുടർന്ന് അണുബാധയേറ്റ് അമ്പലപ്പുഴ സ്വദേശി ഷിബിന മരിച്ചു. പ്രസവം നടന്ന് ഒരു മാസത്തിന് ശേഷമാണ് മരണം. പ്രസവത്തെ തുടർന്ന് ഷിബിനയ്ക്ക് അണുബാധയേററ്റിരുന്നു ഇത് കരളിനെ അടക്കം ബാധിച്ചിരുന്നു. അന്ന് മുതൽ ആലപ്പുഴ മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്. ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്ന് ബന്ധുക്കൾ ആരോപിച്ചു. എന്നാൽ യുവതിയുടെ മരണം ഹൃദയഘാതം മൂലമെന്ന് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചു.

 

ജീവനോടെ ഉണ്ടെങ്കില്‍ നിങ്ങളുടെ താലിയിൽ കൈ വെയ്ക്കാൻ കോണ്‍ഗ്രസിനെ സമ്മതിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വപ്നം അങ്ങ് മറന്നേക്കുവെന്നും സ്വത്ത് പിടിച്ചെടുത്ത് വിതരണം ചെയ്യാമെന്ന കോണ്‍ഗ്രസിന്‍റെ സ്വപ്നം നടക്കില്ലെന്നും നിങ്ങളുടെ സ്വപ്നമെന്തോ അതാണ് മോദിയുടെ സ്വപ്നമെന്നും പ്രധാനമന്ത്രി പറഞ്ഞു. 2047വരെ നിങ്ങള്‍ക്കൊപ്പം. അതാണ് എന്‍റെ സ്വപ്നം. ജനങ്ങളുടെ വോട്ട് തട്ടിയെടുത്ത് പ്രിയപ്പെട്ട മതത്തിന്‍റെ വോട്ട് ബാങ്കിന് വീതം വച്ച് കൊടുക്കാനാണ് കോൺഗ്രസിന്‍റെ യുവരാജാവും സഹോദരിയും ശ്രമിക്കുന്നതെന്നും മോദി ആരോപിച്ചു. കര്‍ണാടകയിലെ ബെലഗാവിയില്‍ ബിജെപിയുടെ തെരഞ്ഞെട‍ുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.

രാജ്യത്തിന്‍റെ സമ്പത്ത് കോണ്‍ഗ്രസ് മുസ്ലിംങ്ങള്‍ക്ക് നല്‍കുമെന്ന രാജസ്ഥാനിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരായി വിമർശനം നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ ബിക്കാനീർ ബിജെപി മുൻ ന്യൂനപക്ഷ സെൽ ചെയർമാൻ ഉസ്മാൻ ഗനി അറസ്റ്റിൽ. സമൂഹത്തിൽ സ്പർധ വളർത്താൻ ശ്രമിച്ചെന്ന കുറ്റത്തിനാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. ഉസ്മാൻ ഗനിയെ നേരത്തെ ബിജെപിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ 24നാണ് ഉസ്മാനെതിരെ പാര്‍ട്ടി നടപടിയെടുത്തത്. മോദിക്കെതിരായ വിമര്‍ശനത്തിന്‍റെ വീഡിയോ പ്രചരിച്ചതോടെയാണ് നടപടിയുണ്ടായത്.

ദില്ലി പിസിസി അധ്യക്ഷൻ അരവിന്ദർ സിംഗ് ലവ്‍‍ലി രാജി വച്ചു. പിസിസി അധ്യക്ഷ സ്ഥാനം രാജിവച്ചുകൊണ്ട് കോണ്‍ഗ്രസ് അഖിലേന്ത്യ അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെക്കാണ് അദ്ദേഹം കത്ത് നല്‍കിയത്. 2023 ആഗസ്റ്റ് 31നാണ് ദില്ലി പിസിസി അധ്യക്ഷനായി ലവ്ലിയെ നിയമിക്കുന്നത്. കഴിഞ്ഞ എട്ടുമാസമായി പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വം വഹിക്കാനായതില്‍ സന്തോഷമുണ്ടെന്നും രാജികത്തില്‍ പറയുന്നുണ്ട്. ദില്ലിയുടെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറിയുമായുള്ള തർക്കമാണ് രാജിവെക്കാൻ കാരണമെന്നാണ് രാജികത്തില്‍ ലവ്ലി വ്യക്തമാക്കുന്നത്.

 

തെലങ്കാനയിൽ ബിജെപിയുടെ പ്രചാരണത്തിനിറങ്ങി നടി ഖുശ്ബു. കേന്ദ്ര മന്ത്രി ജി കിഷൻ റെഡ്‌ഡിക്കൊപ്പം റോഡ്‌ ഷോ നടത്തി. അനാരോഗ്യം ചൂണ്ടികാട്ടി തമിഴ്നാട്ടിലെ പ്രചാരണത്തിൽ നിന്ന് നേരത്തെ ഖുഷ്ബു പിന്മാറിയിരുന്നു. ഡോക്ടർമാരുടെ കർശന നിർദേശം ഉണ്ടെന്നായിരുന്നു വിശദീകരണം.

റിയാദിൽ ഭക്ഷ്യവിഷബാധ മൂലം ആശുപത്രികളില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 35 ആയി. ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദാലിയാണ് ഇക്കാര്യം അറിയിച്ചത്. ഇതില്‍ 27 പേര്‍ തീവ്രപഹരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ആറ് പേര്‍ സുഖം പ്രാപിച്ചു. രണ്ടു പേരെ ചികിത്സക്ക് ശേഷം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.

മണിപ്പൂരില്‍ രണ്ടാം ഘട്ട വോട്ടെടുപ്പിനിടെ സംഘര്‍ഷം ഉണ്ടായ ബൂത്തുകളില്‍ റീ പോളിങ് പ്രഖ്യാപിച്ചു. ഉഖ്‌റുല്‍, ചിങ്ഗായ്, ഖരോങ് നിയമസഭ മണ്ഡലങ്ങളിലെ ആറ് ബൂത്തുകളിലാണ് ചൊവ്വാഴ്ച റീ പോളിങ് നടത്തുക. കഴിഞ്ഞദിവസത്തെ പോളിങ്ങിനിടെ നാല് ബൂത്തുകളില്‍ വോട്ടിങ് യന്ത്രങ്ങള്‍ അടിച്ച് തകര്‍ത്തിരുന്നു. 19ന് ആദ്യഘട്ട പോളിങ് നടന്നപ്പോഴും വിവിധയിടങ്ങളില്‍ സംഘര്‍ഷവും വെടിവെപ്പും ഉണ്ടായതിനെ തുടര്‍ന്ന് 11 ബൂത്തുകളിലും റീ പോളിങ് നടത്തിയിരുന്നു.

 

കർണാടക ഹാസനിലെ ജെഡിഎസ് സ്ഥാനാർഥിയും ദേവഗൗഡയുടെ കൊച്ചുമകനുമായ പ്രജ്വൽ രേവണ്ണയ്ക്ക് എതിരെ അശ്ലീല വീഡിയോ വിവാദം. നേരത്തേ ഇത്തരം വീഡിയോകൾ ഉണ്ടെന്ന ആരോപണമുണ്ടായിരുന്നെങ്കിലും ദൃശ്യങ്ങൾ പുറത്ത് വരുന്നത് ഇതാദ്യമാണ്. ദൃശ്യങ്ങൾ യഥാർത്ഥമാണെങ്കിൽ ഗുരുതരമായ കുറ്റകൃത്യമാണ് നടന്നിരിക്കുന്നതെന്ന് വനിതാ കമ്മീഷൻ ചെയർപേഴ്സൺ നാഗലക്ഷ്മി ചൗധരി പറഞ്ഞു. വനിതാകമ്മീഷന്റെ നിർദേശപ്രകാരം കേസന്വേഷണത്തിന് പ്രത്യേകാന്വേഷണസംഘത്തെ നിയോഗിച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി.

ആം ആദ്മി പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ഗാനത്തിൽ മാറ്റം വരുത്തണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചു എന്ന് കാട്ടിയാണ് നടപടി. ഗാനം ബിജെപി ക്കും തെരഞ്ഞെടുപ്പ് കമ്മീഷനും എതിരാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി നേരത്തെ പരാതി നൽകിയിരുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *