പുതുതായി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നവർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ പുതിയ നിബന്ധന ഏർപ്പെടുത്തി. ഓൺലൈനായി അപേക്ഷിക്കുമ്പോൾ ഫോം ആറിൽ മാതാപിതാക്കളുടെ കഴിഞ്ഞ സ്പെഷ്യൽ ഇന്‍റൻസീവ് റിവിഷൻ (എസ്ഐആർ) വിവരങ്ങൾ നൽകുന്നത് നിർബന്ധമാക്കി.
വയനാട് മേപ്പാടി കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിൽ ജീവൻ നഷ്ടപ്പെട്ടവർക്കും പരിക്കേറ്റവർക്കും നിർമ്മാണ കമ്പനി നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി ടി സിദ്ദിഖ്. ദുരന്തത്തിൽ മരണപ്പെട്ട 7 പേരുടെ കുടുംബങ്ങൾക്ക് 6 ലക്ഷം രൂപ വീതവും കരാർ തൊഴിലാളിയായ അൽമോന്റെ കുടുംബത്തിന് 5 ലക്ഷം രൂപയും അടിയന്തര സഹായമായി കമ്പനി നൽകും. അപകടത്തിൽ പരിക്കേറ്റ 9 പേരിൽ 6 പേർക്ക് രണ്ടര ലക്ഷം രൂപ വീതം സാമ്പത്തിക സഹായം കൈമാറും.
പൊതുഗതാഗതത്തെ സംരക്ഷിക്കുന്ന നിലപാടാണ് യുഡിഎഫ് സർക്കാറിനുള്ളതെന്ന് ഗതാഗത മന്ത്രി സി പി ജോൺ. കെഎസ്ആർടിസിയെ പുറമ്പോക്കിലേക്ക് തള്ളിവിടില്ല. ജീവനക്കാരെ വിശ്വാസത്തിൽ എടുത്താവും കെഎസ്ആർടിസിയെ കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാറിന്റെ കാലത്തെ പ്രതാപത്തിലേക്ക് കൊണ്ടുവരികയെന്നും മന്ത്രി പറഞ്ഞു.
ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർത്ഥിനി സാവരിയ കൊല്ലപ്പെട്ട സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. പെൺകുട്ടിയെ നിർബന്ധിച്ച് മതംമാറ്റാൻ ശ്രമിച്ചതടക്കമുള്ള ഗുരുതര ആരോപണങ്ങളെ വിഷയം ഗൗരവമായി കണക്കിലെടുത്താണ് കമ്മീഷന്റെ അടിയന്തര ഇടപെടൽ.
പി എം ശ്രീ പദ്ധതിയിൽ കേന്ദ്രം ഫെഡറലിസത്തിന് എതിരായി പ്രവർത്തിക്കുന്നുവെന്നും എൽഡിഎഫ് സർക്കാർ തെറ്റ് ചെയ്തിട്ടില്ലെന്നും കെ കെ ശൈലജ. നീറ്റ് പരീക്ഷ അടിച്ചേൽപ്പിച്ചതുപോലെ പി എം ശ്രീയും സംസ്ഥാനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കാനാണ് കേന്ദ്രത്തിൻ്റെ ശ്രമം എന്നും അവർ പറഞ്ഞു.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തിരക്ക് കുറയ്ക്കാൻ പുലയനാർക്കോട്ടയിൽ ഒപി തുടങ്ങിയ ആരോഗ്യമന്ത്രിയുടെ തീരുമാനത്തെ ഡോ. ഹാരിസ് ചിറയ്ക്കൽ പ്രശംസിച്ചു. രോഗികളെ തറയിൽ കിടത്തുന്നത് ഒഴിവാക്കാനുള്ള ഈ നീക്കത്തെ അഭിനന്ദിച്ച അദ്ദേഹം, മെഡിക്കൽ കോളേജിനെ സൂപ്പർ സ്പെഷ്യാലിറ്റി കേന്ദ്രമാക്കി മാറ്റുന്നതുൾപ്പെടെയുള്ള നിർദ്ദേശങ്ങളും മുന്നോട്ടുവെച്ചു.
1990ൽ കെഎസ്‍ആര്‍ടിസി ബസിൽ കണ്ടക്ടറെ തോക്ക് ചൂണ്ടി കവർച്ച നടത്തിയ കേസിലെ പ്രതി 36 വർഷങ്ങൾക്ക് ശേഷം പിടിയിൽ. മൈസൂരുവിൽ ശിവകുമാർ എന്ന പേരിൽ ജീവിച്ചിരുന്ന മലപ്പുറം സ്വദേശി വി കെ ജോസിനെയാണ് തിരുവമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്.
യുഡിഎഫ് സര്‍ക്കാര്‍ ഭരണത്തിലെത്തി രണ്ട് മാസമായിട്ടും മന്ത്രിമാര്‍ക്ക് പേഴ്സണൽ സ്റ്റാഫായില്ല. പ്രധാന നേതാക്കള്‍ തമ്മിലുള്ള തര്‍ക്കത്തിലുടക്കി മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് നിര്‍ദ്ദേശിച്ച ഉദ്യോഗസ്ഥന്‍റെ നിയമന ഉത്തരവ് ഇതുവരെയുമായില്ല. പല മന്ത്രിമാരുടെയും ഓഫീസുകളിൽ വിവിധ തസ്തികകളിൽ ജോലി തുടങ്ങിയ പലര്‍ക്കും ഇതുവരെ നിയമന ഉത്തരവ് ആയിട്ടുമില്ല.
നെഹ്റു ട്രോഫി വള്ളംകളിയുടെ സമ്മാനത്തുക സർക്കാർ കുത്തനെ ഉയർത്തി. ഒന്നാം സമ്മാനം 25 ലക്ഷം രൂപയായും, രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 20 ലക്ഷം, 15 ലക്ഷം രൂപയായും വർധിപ്പിച്ചു. വള്ളംകളിക്കുള്ള സർക്കാർ ഗ്രാൻഡ് 2 കോടി രൂപയായും ഉയർത്തിയിട്ടുണ്ട്.
താഴമൺ കുടുംബം ശബരിമല തന്ത്രി സ്ഥാനം ഒഴിയണമെന്ന് ബിജെപി നേതാവ് കെ.എസ്. രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. മോഹനര് തന്ത്രിയെ വേശ്യപ്പുരയിൽ നിന്ന് പിടികൂടിയതും രാജീവരര് സ്വർണ്ണക്കൊള്ള കേസിൽ പ്രതിയായതും ഉൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഈ ആവശ്യം.
സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചു എന്ന കേസിൽ യൂട്യൂബർ രാജൻ ജോസഫ് അറസ്റ്റിൽ. അടൂർ പൊലീസ് എറണാകുളത്തുനിന്നാണ് ഇയാളെ പിടികൂടിയത്. കോൺഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിൽ ജാമ്യമില്ല വകുപ്പ് പ്രകാരം പോലീസ് കേസെടുത്തിരുന്നു.
കർണാടകയിൽ നടന്ന പ്രാന്തപ്രചാരക് ബൈഠക്കിൽ അയോധ്യ ക്ഷേത്രത്തിലെ സംഭാവന തട്ടിപ്പിൽ ആർഎസ്എസ് അഗാധമായ ദുഃഖവും നിരാശയും രേഖപ്പെടുത്തി. എസ്ഐടി അന്വേഷണത്തിൽ സത്യം പുറത്തുവരുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച സംഘടന, ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ട്രസ്റ്റ് ജാഗ്രത പുലർത്തണമെന്നും ആവശ്യപ്പെട്ടു.
വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളായ ദമ്പതികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കും. അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളായ എ സി തോമസ് (57), ഭാര്യ ലോവേനി തോമസ് (56) എന്നിവരുടെ മൃതദേഹങ്ങൾ നാളെ (തിങ്കൾ, 13/07/2026) രാത്രി പത്ത് മണിയോടെ മുംബൈ വിമാനത്താവളത്തിൽ എത്തിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ബിജെപിക്കെതിരെ ദേശീയ തലത്തിൽ വിജയ്‌യുടെ ടിവികെയും ഡിഎംകെയും ഒന്നിക്കണമെന്ന വിസികെയുടെ നിർദ്ദേശം ഡിഎംകെ തള്ളി. നിയമസഭാ തെരഞ്ഞെടുപ്പിൽ തങ്ങളെ വഞ്ചിച്ച് ടിവികെയെ പിന്തുണച്ച കോൺഗ്രസിനെയും വിസികെയെയും ഡിഎംകെ രൂക്ഷമായി വിമർശിച്ചു. ഈ ഭിന്നത തമിഴ്‌നാട്ടിലെ ‘ഇന്ത്യ’ സഖ്യത്തിന്‍റെ ഭാവിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
എസ്ഐആർ നടപടി ന്യൂനപക്ഷങ്ങളെ പ്രതികൂലമായി ബാധിച്ചുവെന്ന് കാണിച്ച് ഐക്യരാഷ്ട്രസഭയുടെ മൂന്ന് പ്രതിനിധികൾ കേന്ദ്രസർക്കാറിന് കത്തയച്ചു. ബംഗാളിലെയും ബിഹാറിലെയും വോട്ടർ പട്ടിക പരിഷ്കരണം ദശലക്ഷക്കണക്കിന് ആളുകളുടെ, പ്രത്യേകിച്ച് മുസ്ലീങ്ങളുടെ വോട്ടവകാശം ഇല്ലാതാക്കിയതായി കത്തിൽ ആരോപിക്കുന്നു.
അമേരിക്കയുമായുള്ള യുദ്ധത്തിൽ ഗൾഫ് മേഖലയെ ലക്ഷ്യം വയ്ക്കുന്നതിൽ ഇറാനെതിരെ പ്രതിഷേധം കടുപ്പിച്ച് ഒമാൻ. ഗൾഫ് മേഖലക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളുടെ പേരിൽ ഇറാൻ സ്ഥാനപതിയെ നേരിട്ട് വിളിച്ചുവരുത്തി ഒമാൻ പ്രതിഷേധം അറിയിച്ചു
ഖത്തർ മുൻ ഭരണാധികാരിയും ‘ഫാദർ അമീറുമായ’ ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനി അന്തരിച്ചു. അദ്ദേഹത്തോടുള്ള ആദരസൂചകമായി രാജ്യത്ത് നാല് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിക്കുകയും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടുകയും ചെയ്തു.
യുഎസ് സെനറ്ററും റിപ്പബ്ലിക്കൻ പാർട്ടി നേതാവും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിശ്വസ്തനുമായ ലിൻഡ്സി ഗ്രഹാം (71) അന്തരിച്ചു. പെട്ടന്നുണ്ടായ അസുഖത്തെ തുടർന്നാണ് അന്ത്യമെന്നാണ് അദ്ദേഹത്തിന്റെ ഓഫീസിൽ നിന്നും പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നത്.
ഖത്തറിന്‍റെ മുൻ ഭരണാധികാരി ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ശൈഖ് ഹമദ് ഇന്ത്യയുടെ യഥാർത്ഥ സുഹൃത്തും ദീർഘവീക്ഷണമുള്ള നേതാവുമാണെന്നും മോദി പറഞ്ഞു.
ഇറാനിലെ 140 സൈനിക കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക കനത്ത ആക്രമണം നടത്തിയതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചു. ഹോർമുസ് കടലിടുക്കിൽ ഇറാൻ ഒരു കപ്പലിന് നേരെ ആക്രമണം നടത്തിയതിന് തിരിച്ചടിയായാണ് ഈ നടപടി.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കും സിംബാബ്‌വെക്കെതിരായ ട്വന്‍റി-20 പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ബിസിസിഐ അടിയന്തര മാറ്റങ്ങൾ പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിനെതിരായ ട്വന്‍റി-20 പരമ്പര അവസാനിച്ചതിന് തൊട്ടുപിന്നാലെയാണ് പരിക്ക് മൂലം അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിക്ക് ടീമിൽ മാറ്റം വരുത്തേണ്ടി വന്നത്.
