Untitled design 20250112 193040 0000

 

 

രാജ്യത്തെ പരമോന്നത പത്മപുരസ്കാരങ്ങൾ ഏറ്റുവാങ്ങി മലയാളികൾ. രാഷ്ട്രപതി ഭവനിൽ നടന്ന പത്മപുരസ്കാര വിതരണത്തിന്റെ രണ്ടാം ഘട്ട ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. ആർഎസ്എസ് സൈദ്ധാന്തികൻ പി. നാരായണൻ , ജസ്റ്റിസ് കെ.ടി. തോമസ് എന്നിവർ പത്മവിഭൂഷണും, മമ്മൂട്ടി, വെള്ളാപ്പള്ളി നടേശൻ എന്നിവർ പത്മഭൂഷണും, കലാമണ്ഡലം വിമലാ മേനോൻ, ജി. ദേവകിയമ്മ എന്നിവർ പത്മശ്രീയും സ്വീകരിച്ചു. അഞ്ച് മലയാളികളാണ് രണ്ടാം ഘട്ടത്തിൽ പുരസ്കാരം ഏറ്റുവാങ്ങിയത്.

 

സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടരുന്നു. ഇന്ന് മാത്രം സംസ്ഥാനത്ത് 159 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഒരാൾ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. 15 പേർക്ക് കൂടി ഷിഗെല്ലയും 22 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. ഒരാൾക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിട്ടുണ്ട്.

 

പകർച്ചവ്യാധി പ്രതിരോധം കാര്യക്ഷമമാക്കാൻ രൂപീകരിച്ച ഉന്നതാധികാര കമ്മിറ്റി പ്രാഥമിക റിപ്പോർട്ട് ആരോഗ്യ മന്ത്രിക്ക് കൈമാറി. ഡെങ്കിപ്പനി, ഷിഗല്ല പോലുള്ള രോഗങ്ങൾ വ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്ത് കൊതുക് നശീകരണം, മാലിന്യ സംസ്കരണം തുടങ്ങിയവ ഉൾപ്പെടെയുള്ള നിരവധി പൊതു ശുപാർശകൾ റിപ്പോർട്ടിലുണ്ട്.

 

യുഡിഎഫ് സർക്കാരിനെതിരെ ഗുരുതരമായ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ബക്കാർഡി എന്ന മദ്യക്കമ്പനിയെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് മദ്യത്തിന്റെ നികുതി കുറച്ചെന്നും, ഇത് തിരഞ്ഞെടുപ്പ് ഫണ്ടിനുള്ള പ്രത്യുപകാരമാണെന്നും അദ്ദേഹം ആരോപിച്ചു.

 

സംസ്ഥാനത്തെ പൊലീസ് സംവിധാനത്തിൽ സമഗ്രമായ മാറ്റങ്ങൾ നിർദ്ദേശിച്ച് ഡിജിപി റവദ ചന്ദ്രശേഖർ ആഭ്യന്തര വകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചു. സ്റ്റേഷൻ ഹൗസ് ഓഫീസർ സംവിധാനം പരിഷ്കരിക്കുക, 210 പൊലീസ് സർക്കിളുകൾ പുനഃസ്ഥാപിക്കുക എന്നിവയാണ് പ്രധാന ശുപാർശകൾ

 

ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റിയിലെ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട്, നിക്ഷേപകർക്ക് പണം തിരികെ നൽകാത്തതിനെ തുടർന്ന് സൊസൈറ്റിയുടെ മീറ്റ് ഫാക്ടറിയും ഭൂമിയും ലേലം ചെയ്യാൻ സുൽത്താൻ ബത്തേരി സബ് കോടതി ഉത്തരവിട്ടു. മീനങ്ങാടി സ്വദേശികളായ രണ്ട് നിക്ഷേപകർ നൽകിയ ഹർജിയിലാണ് ഈ നിർണ്ണായക നടപടി. അടുത്ത മാസം എട്ടിന് ലേലം നടക്കുമെന്നും കോടതി അറിയിച്ചു.

 

ജൂൺ മാസത്തെ ക്ഷേമ പെൻഷൻ നാളെ മുതൽ വിതരണം ചെയ്യും. വിവിധ ക്ഷേമ നിധി ബോർഡുകളിലെ പെൻഷനും നാളെ മുതൽ നൽകും. രണ്ടിനുമായി 1080 കോടി രൂപ അനുവദിച്ച് ധനവകുപ്പ് ഉത്തരവ് പുറത്തിറക്കി.

 

സംസ്ഥാനത്തെ പൊലീസ് സ്റ്റേഷന്‍ വളപ്പിലും സമീപത്തും വര്‍ഷങ്ങളായി കിടക്കുന്ന വാഹനങ്ങള്‍ നീക്കം ചെയ്യാനായി സർക്കാർ. ഇത്തരത്തില്‍ കെട്ടിക്കിടക്കുന്ന വാഹനങ്ങള്‍ നീക്കം ചെയ്യാനായി “സ്പേസ് ” (Scrap Processing for Area Cleanup and Enhancement- SPACE) എന്ന പേരില്‍ പദ്ധതി നടപ്പാക്കുമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

 

ആലപ്പുഴയിൽ ചേർന്ന ദിശ യോഗത്തിൽ ദേശീയപാത വികസനം മൂലമുള്ള വെള്ളക്കെട്ട് തടയാൻ കെ സി വേണുഗോപാൽ എംപി അടിയന്തര നടപടിക്ക് നിർദ്ദേശിച്ചു. കായംകുളത്തെ ഉയരപ്പാത, മത്സ്യത്തൊഴിലാളി വിദ്യാർഥികളുടെ വിദ്യാഭ്യാസ ലോൺ, എം.പി.ലാഡ്സ് പദ്ധതികളുടെ പുരോഗതി എന്നിവയും യോഗം ചർച്ച ചെയ്തു.

 

കൊല്ലം പുതിയകാവ് ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണമാല അപഹരിച്ച സ്ത്രീ അടക്കം രണ്ടുപേർ പിടിയിൽ. തമിഴ്നാട് കള്ളക്കുറിച്ചി ജില്ലയിലെ ചിന്നസേലം സ്വദേശി ശശികുമാർ ( 25 ) മഹാലക്ഷ്മി ( 60 ) എന്നിവരാണ് കൊല്ലം ഈസ്റ്റ് പോലീസിന്‍ററെ പിടിയിലായത്.

 

കൊച്ചിയിൽ കട കത്തിച്ച കേസിൽ പൊലീസ് അന്വേഷിക്കുന്ന 15കാരൻ മരിച്ച നിലയിൽ. ആരക്കുന്നം സ്വദേശിയായ വിദ്യാർത്ഥിയാണ് വീടിനടുത്തുള്ള ഒഴിഞ്ഞ കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലായിരുന്നു. കാഞ്ഞിരമറ്റത്ത് കഴിഞ്ഞ വ്യാഴാഴ്ച സ്പെയർ പാർട്സ് കട കത്തിച്ചത് 15കാരനാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

 

എം എസ് സി എൽസ കപ്പൽ അപകടം ഉണ്ടാക്കുന്ന പരിസ്ഥിതി പ്രശ്നത്തിൽ ആശങ്ക ആവർത്തിച്ച് കോടതി. രണ്ട് കണ്ടെയ്നറുകൾ ചോർന്നതായി കണ്ടെത്തിയിട്ടുണ്ടെങ്കിൽ അത് സുരക്ഷിതമാണോ എന്ന് കൂടി ബന്ധപ്പെട്ട് ഏജൻസികൾ വ്യക്തത വരുത്തണമെന്ന് കോടതി നിർദേശിച്ചു.

 

കൂട്ടുകാർക്കൊപ്പം വിഴിഞ്ഞം കാണാനെത്തി കടലിൽ വീണ് കാണാതായ വയനാട് സ്വദേശിയായ ഹോമിയോ ഡോക്‌ടർക്കായി തിരച്ചിൽ രണ്ടാം ദിനവും തുടരുന്നു. ഇന്നലെ രാവിലെ വിഴിഞ്ഞം ബൊള്ളാർഡ് പുൾ ടെസ്‌റ്റ് കേന്ദ്രത്തിനു സമീപമുണ്ടായ അപകടത്തിൽ വയനാട് പയ്യംപള്ളി വള്ളിയൂർക്കാവ് ആറാട്ടുതറയിൽ ശ്രീജിത്തി(29)നെയാണ് കാണാതായത്.

 

എറണാകുളം ബോട്ട് ജെട്ടി കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് വരാപ്പുഴ – പറവൂർ – കൊടുങ്ങല്ലൂർ വഴി ഗുരുവായൂരിലേക്കും പൊന്നാനിയിലേക്കും സർവീസ് നടത്തുന്ന പ്രിയദർശിനി ബസുകൾ പതിവായി ട്രിപ്പ് മുടക്കുന്നതായി യാത്രക്കാർ. വൈകുന്നേരം മൂന്ന് മണിക്ക് ശേഷമുള്ള തിരക്കേറിയ സമയത്താണ് സർവീസുകൾ കൂടുതലായും റദ്ദാക്കപ്പെടുന്നതെന്നാണ് പരാതി.

 

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ മൂന്ന് പ്രതികൾക്കും ജാമ്യമില്ല. ജീവൻ, നന്ദു, ഷൈജു എന്നീ പ്രതികളുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. തിരുവനന്തപുരം ജുഡീഷ്യൻ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

 

കെഎസ്ആർടിസി പ്രിയദർശിനി സൗജന്യയാത്ര ആരംഭിച്ചതോടെ കാസർകോട് ജില്ലയിലെ സ്വകാര്യ ബസുകൾ സർവ്വീസ് നിർത്തിവെയ്ക്കാൻ തീരുമാനിച്ചു. തുടർന്ന് 10 ബസുകൾ ആർടിഒയിൽ ജി ഫോം നൽകി. ത്രൈമാസ നികുതിയിൽ കാലാവധി ഈ മാസം മുപ്പതിന് അവസാനിക്കുന്നതോടെ സർവീസ് നിർത്താനാണ് തീരുമാനം.

 

ഛത്തീസ്‌ഗഢിലെ ബലോഡബസാർ ജില്ലയിൽ നാല് മാസത്തിനിടെ എട്ട് പേരെ വിഷം നൽകി കൊലപ്പെടുത്തിയ കടയുടമയെ പോലീസ് അറസ്റ്റ് ചെയ്തു. ഖർവെ ഗ്രാമവാസിയായ രാം സഹായ് ജയ്‌സ്വാൾ (46) എന്നയാളാണ് പിടിയിലായത്. ഈ വർഷം ഫെബ്രുവരി മുതൽ മെയ് വരെയുള്ള കാലയളവിലാണ് ഇയാൾ കൊലപാതകങ്ങൾ നടത്തിയത്. മദ്യത്തിൽ ബോറാക്സ് പൗഡർ കലർത്തി നൽകിയാണ് ഇയാൾ ഇരകളെ കൊലപ്പെടുത്തിയത്.

 

ഗുജറാത്ത് സർക്കാർ 28 പഴയ ബസുകളെ സോളാർ മൊബൈൽ ക്ലാസ് റൂമുകളാക്കി മാറ്റി. ‘രൺശാല’ എന്ന ഈ ‘സ്‌കൂൾ ഓൺ വീൽസ്’ പദ്ധതി, കുടിയേറ്റ തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കാൻ ലക്ഷ്യമിടുന്നതാണ്. സ്മാർട്ട് ടിവി, ലൈബ്രറി തുടങ്ങിയ സൗകര്യങ്ങളോടെയാണ് ബസുകൾ സജ്ജീകരിച്ചിരിക്കുന്നത്.

 

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ‘തായ് മാമൻ ഗോൾഡ് റിങ് സ്‌കീം’ എന്ന പേരിൽ പുതിയൊരു ജനക്ഷേമ പദ്ധതി പ്രഖ്യാപിച്ചു. ഈ പദ്ധതി പ്രകാരം സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന എല്ലാ കുട്ടികൾക്കും ഒരു ഗ്രാം സ്വർണ്ണമോതിരം സമ്മാനമായി നൽകും. 2026 ജൂൺ 22 മുതൽ ജനിക്കുന്ന കുട്ടികൾക്ക് ഈ ആനുകൂല്യം ലഭിക്കും, ഇതിനായി സർക്കാർ 755.83 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

 

പ്രതിശ്രുത വരനെ യുവതി കാമുകന്റെ സഹായത്തോടെ ലോഹഗഡ് കോട്ടയിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി. സെൽഫിയെടുക്കുമ്പോൾ കാൽവഴുതി വീണതാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചെങ്കിലും പോലീസ് അന്വേഷണത്തിൽ കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു.

 

തമിഴ്‌നാട് നിയമസഭയിൽ മുഖ്യമന്ത്രി വിജയും പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടം വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് നീങ്ങി. വിജയിന്റെ കുടുംബജീവിതം പരാമർശിച്ച് ഉദയനിധി ആഞ്ഞടിച്ചപ്പോൾ, ഡിഎംകെയ്‌ക്കെതിരെ വിജയ് അഴിമതി ആരോപണങ്ങൾ ഉന്നയിച്ചു.

 

പെരിയാർ ഇ.വി. രാമസാമിയുടെ സാമൂഹിക ആശയങ്ങളെ തന്‍റെ പാർട്ടി നെഞ്ചേറ്റുന്നുണ്ടെങ്കിലും, അദ്ദേഹത്തിന്‍റെ നിരീശ്വരവാദത്തോടും മതവിശ്വാസങ്ങൾ നിരസിക്കുന്നതിനോടും യോജിക്കുന്നില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നിയമസഭയിൽ വ്യക്തമാക്കി.

 

ഛത്തീസ്‌ഗഢിലെ മഹാസമുണ്ഡ് ജില്ലയിൽ പുതിയ ധാതുസമ്പത്ത് കണ്ടെത്തുന്നതിനായുള്ള വജ്ര പര്യവേക്ഷണത്തിനിടെ അഞ്ച് വജ്രങ്ങൾ കണ്ടെത്തി. വൻതോതിലുള്ള സാമ്പിൾ പരിശോധനയ്ക്കിടയിലാണ് വജ്രം കണ്ടെത്തിയിരിക്കുന്നത്.

 

വിമത നീക്കം ശക്തമായതിന് പിന്നാലെ ദേശീയ വർക്കിങ് കമ്മിറ്റി പുനഃസംഘടിപ്പിച്ച് തൃണമൂൽ കോൺഗ്രസ്. താൻ തന്നെയാണ് പാർട്ടിയുടെ പരമാധികാരിയെന്ന് വ്യക്തമാക്കിക്കൊണ്ട് മമത ബാനർജിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക വിഭാഗം പുതിയ ഭാരവാഹികളുടെ പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചു.

 

ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി രാജ്യത്ത് നിശ്ചയിച്ചിട്ടുള്ളതിലും നേരത്തെ പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി റിപ്പോർട്ട്. നിലവിലെ പാർലമെന്‍റിന്‍റെ കാലാവധി 2027 അവസാനത്തോടെയാണ് അവസാനിക്കുക.

 

ഗാസയിലെ ഫലസ്തീന്‍ കുട്ടികളെ ഇസ്രായേല്‍ സൈന്യം ബോധപൂര്‍വ്വം ലക്ഷ്യമിടുകയാണെന്നും ഇത് വംശഹത്യയുടെയും മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളുടെയും പരിധിയില്‍ വരുന്നതാണെന്നും ഐക്യരാഷ്ട്രസഭയുടെ പ്രത്യേക അന്വേഷണ കമ്മീഷന്‍. കുട്ടികളെ കൊന്നൊടുക്കുന്നതിലൂടെ ഫലസ്തീന്റെ ഭാവി തന്നെ തകര്‍ക്കാനുള്ള ആസൂത്രിത തന്ത്രമാണ് ഇസ്രായേല്‍ നടപ്പാക്കുന്നതെന്ന് കമ്മീഷന്‍ പുതിയ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തി.

 

 

യുഎസും ഇറാനും തമ്മില്‍ സമാധാന ചര്‍ച്ചകള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടക്കുന്നതിനിടയില്‍, ഇരുരാജ്യങ്ങളും തമ്മില്‍ പുതിയ വാക്‌പോര്. ഇറാനിലെ ആണവനിലയങ്ങളില്‍ യുഎന്‍ പ്രതിനിധികള്‍ക്ക് വീണ്ടും പരിശോധന നടത്താന്‍ ഇറാന്‍ അനുമതി നല്‍കിയെന്ന യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിന്റെ പ്രസ്താവന തള്ളിക്കൊണ്ട് ഇറാന്‍ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി.

 

പുരുഷാധിപത്യ ചിന്താഗതികളെ വിമര്‍ശിക്കാന്‍ എന്ന പേരില്‍ പ്രമുഖ ഹെല്‍ത്ത് കെയര്‍ ബ്രാന്‍ഡായ ഡെറ്റോള്‍ ചൈനയില്‍ പുറത്തിറക്കിയ പുതിയ പരസ്യം വന്‍ വിവാദമായി. പുരുഷന്മാരിലെ ടോക്‌സിക് ചിന്തകളെ ബാക്ടീരിയയോട് ഉപമിച്ചുകൊണ്ട് തയ്യാറാക്കിയ പരസ്യം ചൈനയില്‍ വലിയ പ്രതിഷേധത്തിന് കാരണമായി. പ്രതിഷേധം കനത്തതോടെ പരസ്യം പിന്‍വലിച്ചു.

 

സ്വിറ്റ്‌സർലൻഡിലെ ചർച്ചകളെ തുടർന്ന് ഇറാന്റെ പെട്രോളിയം ഉൽപ്പന്നങ്ങൾക്കുള്ള ഉപരോധം അമേരിക്ക താൽക്കാലികമായി നീക്കി. ഈ തീരുമാനം ആഗോള എണ്ണ വിതരണം വർദ്ധിപ്പിച്ച് വില കുറയ്ക്കാൻ സാധ്യതയുണ്ടെങ്കിലും, മറ്റ് വ്യാപാര മുൻഗണനകൾ കാരണം ഇന്ത്യ ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഉടൻ വർദ്ധിപ്പിച്ചേക്കില്ല.

 

 

എബോള പ്രതിരോധത്തിന്‍റെ ഭാഗമായി ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട എന്നീ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് ഒമാനിലെത്തുന്ന യാത്രക്കാർക്ക് ഹെൽത്ത് ഡിക്ലറേഷൻ ഫോം നിർബന്ധമാക്കി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി. ഇതുമായി ബന്ധപ്പെട്ട് അധികൃതർ പുതിയ സർക്കുലർ പുറപ്പെടുവിച്ചു.

 

അമേരിക്കന്‍ പൗരത്വത്തിനായുള്ള അപേക്ഷാ ഫീസ് 75 ശതമാനത്തോളം വര്‍ദ്ധിപ്പിക്കാന്‍ ട്രംപ് സര്‍ക്കാര്‍ നിര്‍ദ്ദേശം സമര്‍പ്പിച്ചു. വരുമാനം കുറഞ്ഞ അപേക്ഷകര്‍ക്ക് ലഭിച്ചിരുന്ന ഫീസ് ഇളവുകള്‍ പൂര്‍ണ്ണമായും നിര്‍ത്തലാക്കാനും ഈ നീക്കത്തില്‍ വ്യവസ്ഥയുണ്ട്. ഇത് അമേരിക്കയിലുള്ള ലക്ഷക്കണക്കിന് ഇന്ത്യക്കാരടക്കമുള്ള പ്രവാസികളെ പ്രതികൂലമായി ബാധിക്കും.

 

യുഎഇയുടെ ഗതാഗത മേഖലയിൽ പുതിയ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് ഇത്തിഹാദ് റെയിൽ പാസഞ്ചർ ട്രെയിൻ സർവീസുകളുടെ തീയതികൾ പ്രഖ്യാപിച്ചു. അബുദാബിക്കും ഫുജൈറയ്ക്കും ഇടയിലുള്ള ആദ്യഘട്ട സർവീസുകൾ ഈ വരുന്ന ജൂൺ 30-ന് ആരംഭിക്കും. വെറും ഒരു മണിക്കൂറും 45 മിനിറ്റും കൊണ്ട് ട്രെയിൻ ഈ രണ്ട് എമിറേറ്റുകൾക്കുമിടയിലെ യാത്ര പൂർത്തിയാക്കും.

 

ലോകകപ്പിലെ ഗോൾഡൻ ബൂട്ടിനായുള്ള മത്സരം കനക്കുകയാണ്. അഞ്ച് ഗോളുകളുമായി ലയണൽ മെസ്സി മുന്നിട്ടുനിൽക്കുമ്പോൾ, നാല് ഗോളുകൾ വീതം നേടി കിലിയൻ എംബാപെയും എർലിങ്ങ് ഹാളണ്ടും തൊട്ടുപിന്നിലുണ്ട്.

 

 

എംബാപെയുടെ ഇരട്ട ഗോളിൽ ഇറാഖിനെ തകർത്ത് ഫ്രാൻസ് നോകൗട്ട് ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. ടൂർണമെന്റിന്റെ തുടക്കം മുതലേ ഈ ലോകകപ്പിലെ ഫേവറൈറ്റുകളെന്ന് വിശേഷിപ്പിക്കപ്പെടുന്ന ടീം കൂടിയാണ് ഫ്രാൻസ്.

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *