Untitled design 20250112 193040 0000

 

കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ അടുത്ത ഏഴ് ദിവസത്തേക്ക് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയേക്കും. പവർഗ്രിഡ് കോർപ്പറേഷന്റെ (PGCIL) കോഴിക്കോട്ടെ പ്രധാന സബ്സ്റ്റേഷനിലുണ്ടായ സാങ്കേതിക തകരാറിനെത്തുടർന്നാണ് ഈ നടപടിയെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.

 

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ 16-ാം തീയതി വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മണിക്കൂറിൽ 40 മുതൽ 50 കി.മി വരെ വേഗതയിൽ ശക്തമായ കാറ്റിനാണ് സാധ്യത.

 

എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ തീരുമാനം നാളെയുണ്ടായേക്കുമെന്ന് സൂചന. നാളെ ചേരുന്ന പരീക്ഷ ബോർഡ് ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും. ഫലം പ്രഖ്യാപനം എപ്പോൾ, ആര് നടത്തണമെന്നതിൽ തീരുമാനമെടുക്കും. സർക്കാർ രൂപീകരണം വൈകുന്നതിനൊപ്പ ഫലപ്രഖ്യാപനവും നീണ്ടുപോകുമോ എന്ന ആശങ്കയിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും.

 

തെരഞ്ഞെടുപ്പ് ഫലം വന്ന് ഒൻപത് ദിവസമായിട്ടും കേരളത്തിന്‍റെ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കഴിയാത്ത സാഹചര്യത്തിൽ മുസ്ലിം ലീഗ് അടിയന്തര യോഗം വിളിച്ചു. നാളെ 10 മണിക്ക് പാണക്കാട്ടാണ് മുസ്ലിം ലീഗ് നേതൃയോഗം. മുഖ്യമന്ത്രിയെ സംബന്ധിച്ച് കോൺഗ്രസ് നിലപാടിൽ എന്തു സമീപനം സ്വീകരിക്കണമെന്ന് യോഗം ചർച്ച ചെയ്യും.

 

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പോരിനിടെ ഷാഫി പറമ്പിൽ എംപിക്ക് കോണ്‍ഗ്രസ് സൈബർ അണികളുടെ രൂക്ഷ വിമർശനം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പിന്തുണച്ചു എന്ന് ആരോപിച്ചാണ് ഒരു വിഭാഗം രംഗത്തെത്തിയത്. ‘നമ്മള് ജയിച്ചു സാർ, അങ്ങയെ ക്രൂശിച്ചവരെ ജനം ശിക്ഷിച്ചു’ എന്ന് ഉമ്മൻചാണ്ടിയുടെ ഫോട്ടോ ഉൾപ്പെടുത്തി ഷാഫിയിട്ട പോസ്റ്റിന് താഴെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.

 

കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ എന്ന് ബെന്നി ബെഹനാൻ. കോഴിക്കറി നമുക്ക് തന്നെ പാകം ചെയ്യാം. മറ്റേത് പാകം ചെയ്യുന്നതും ചേരുവകൾ ചേർക്കുന്നതുമെല്ലാം ദില്ലിയിൽ നിന്നാണെന്നും അതിന് വിദഗ്ധർ അവിടെ ഉണ്ടെന്നും ബെന്നി ബഹനാൻ പറഞ്ഞു. സോഷ്യൽ മീഡിയയിലെ കളിയാക്കലുകളെ വക വയ്ക്കുന്നില്ല. എന്തായാലും ഈ കോഴിക്കറി കഴിച്ചു കഴിയുമ്പോൾ മുഖ്യമന്ത്രി ആവില്ല എന്ന് ബെന്നി ബെഹനാൻ കൂട്ടിച്ചേർത്തു.

 

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിലെ കാലതാമസത്തിൽ കോൺഗ്രസ് ജനങ്ങളോട് നീതി പുലർത്തുന്നില്ലെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. സംസ്ഥാനത്ത് ഭരണസ്തംഭനമാണെന്നും അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷ ഉപനേതൃസ്ഥാനം സി പി ഐ ആവശ്യപ്പെട്ടതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്ത ഓൺലൈൻ മാധ്യമപ്രവർത്തകന്റെ ചിത്രം പകർത്തിയ പിങ്ക് പോലീസിനെതിരെ ഫേസ്ബുക് പേജ് ലൈവ് നൽകിയതിന് പേജ് അഡ്മിൻ അറസ്റ്റിൽ. കെടിആർ മീഡിയ അഡ്മിൻ വല്ലം വിഷ്ണുവിനെയാണ് കൊട്ടാരക്കര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് കസ്റ്റഡിയിലെടുത്തത്. പിങ്ക് പോലീസ് നൽകിയ പരാതിയിലായിരുന്നു അറസ്റ്റ്.

 

വയനാട് ടൗൺഷിപ്പിലെ 11 വീടുകളുടെ സാങ്കേതിക കൈമാറ്റം നടത്തും. വീടിന് വിള്ളൽ ഉണ്ടെന്ന് കണ്ടെത്തിയ നൗഫലിന്‍റെ വീടും ഈ ക്ലസ്റ്ററിൽ ഉണ്ട്. ഇതോടെ കൈമാറുന്ന വീടുകളുടെ എണ്ണം 134 ആകും. നിലവിൽ 83 വീടുകൾ ആണ് ഗുണഭോക്താക്കൾക്ക് നൽകിയിരിക്കുന്നത്. എന്നാൽ, വീടുകളിൽ ദുരന്തബാധിതർ ഇനിയും താമസം തുടങ്ങിയിട്ടില്ല.

 

മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് 4 കുട്ടികള്‍ക്ക് ദാരുണാന്ത്യം. പന്തല്ലൂര്‍ മലയിലാണ് അപകടമുണ്ടായത്. 7 വിദ്യാര്‍ത്ഥികള്‍ക്കാണ് മിന്നലേറ്റത്. വ്യൂ പോയിന്‍റ് സന്ദര്‍ശനത്തിനിടെയാണ് ദുരന്തം. റഹീസ് (20) ഫഹദ്(19) ബഹാസ് (18) സിയാദ് (18) എന്നിവരാണ് മരിച്ചത്. 2 വിദ്യാര്‍ത്ഥികള്‍ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

 

പത്തനാപുരത്ത് കാട്ടാന തകർത്ത വീട് സന്ദർശിക്കാനെത്തിയ നിയുക്ത എംഎൽഎ ജ്യോതികുമാർ ചാമക്കാലക്കും സംഘത്തിനും മുന്നിൽ കാട്ടാനയെത്തി. പിറവന്തൂർ പഞ്ചായത്തിലെ ചാങ്ങപ്പാറയിലായിരുന്നു സംഭവം. കാട്ടാനയെ എല്ലാവരും ചേർന്ന് ഓടിച്ച ശേഷം തകർന്ന വീട് സന്ദർശിച്ച് സംഘം മടങ്ങി.

 

തിരുവനന്തപുരം നഗരത്തിൽ ലഹരിമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയായ യുവാവിനെ തിരുമല വലിയവിളയിലെ അപ്പാർട്ട്മെന്‍റിൽ നിന്ന് പൊലീസ് പിടികൂടി. പേരൂർക്കട മുട്ടട സ്വദേശിയായ സിദ്ധാർഥ് (28) ആണ് അറസ്റ്റിലായത്.

 

ഛത്തീസ്‌ഗഡിലെ ജഞ്ച്ഗിറിൽ വിവാഹവിരുന്നിൽ പങ്കെടുത്ത കൗമാരക്കാരൻ മരിച്ചു. തണ്ണിമത്തൻ കഴിച്ചതിനെ തുടർന്നുള്ള ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്ന് സംശയിക്കുന്നതായി ബന്ധുക്കൾ. മറ്റ് നാല് കുട്ടികൾ ചികിത്സയ്ക്ക് ശേഷം അപകടനില തരണം ചെയ്തു. വിശദമായ പരിശോധന വേണമെന്ന് ഡോക്ടർമാർ അറിയിച്ചു.

 

ഐഎഎസ് തലപ്പത്ത് അഴിച്ചുപണിയുമായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്. മുന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ വിശ്വസതനായ ധനകാര്യ സെക്രട്ടറിയെ മാറ്റി. ഉദയചന്ദ്രന് പകരം എം എ സിദ്ദിഖിനെ ധനകാര്യ സെക്രട്ടറിയായി നിയമിച്ചു. മുഖ്യമന്ത്രി വിജയ്‍യുടെ ഓഫീസില്‍ ഒരു മലയാളി കൂടി ഉണ്ടെന്നതും ശ്രദ്ധേയമാണ്. മലയാളിയായ വി വിഷ്ണുവിനെയാണ് മുഖ്യമന്ത്രിയുടെ അഡീഷണൽ സെക്രട്ടറിയായി നിയമിച്ചത്.

 

പെൺകുട്ടികൾ പഠിക്കേണ്ട കാര്യമില്ലെന്നും അവർ വീട്ടിലിരിക്കണമെന്നും ബിഹാർ വിദ്യാഭ്യാസ മന്ത്രി മിഥിലേഷ് തിവാരി. പെൺകുട്ടികൾ പഠിക്കേണ്ടതില്ലെന്നും വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ കഴിയണമെന്നുമുള്ള മന്ത്രിയുടെ പരാമർശം വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.

 

വിജയ്‌യെ പിന്തുണച്ചതിൻ്റെ പേരിൽ പാർട്ടിയിൽ നിന്ന് ടിടിവി ദിനകരൻ പുറത്താക്കിയ എഎംഎംകെ എംഎൽഎ എസ് കാമരാജ് ടിവികെയിൽ ചേരും. പാർട്ടി പുറത്താക്കിയ നടപടിയോട് പ്രതികരിച്ചപ്പോഴാണ് കാമരാജ് തൻ്റെ നിലപാട് വ്യക്തമാക്കിയത്. ഇതോടെ നിയമസഭയിൽ ടിവികെയ്ക്ക് 108 എംഎൽഎമാരാകും.

 

തമിഴ്‌നാട്ടിൽ വിജയിയുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം, ആരാധനാലയങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സമീപമുള്ള 717 ടാസ്മാക് മദ്യശാലകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടു. ഈ തീരുമാനത്തെ ആഘോഷിക്കുമ്പോൾ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് പാർട്ടി പ്രവർത്തകർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

 

ചോദ്യപ്പേപ്പർ ചോർച്ചയെ തുടർന്ന് മെയ് 3ന് നടന്ന നീറ്റ് യുജി പരീക്ഷ റദ്ദാക്കി. ഇത് സംഘടിത അഴിമതിയാണെന്നും പ്രധാനമന്ത്രിയുടെ അമൃതകാലം വിഷകാലമായെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിമർശിച്ചു. വിദ്യാർത്ഥികൾക്ക് പുതിയ രജിസ്ട്രേഷനോ ഫീസോ ഇല്ലാതെ പുനഃപരീക്ഷ നടത്തുമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചു

 

നീറ്റ് പരീക്ഷ ക്രമക്കേടിൽ കേസെടുത്ത് സിബിഐ. എഫ്ഐആർ രജിസ്റ്റർ ചെയ്തതായി സിബിഐ അറിയിച്ചു. കേസിൽ എൻടിഎ ഉദ്യോ​​ഗസ്ഥരെയും ചോദ്യം ചെയ്യും. നീറ്റ് പരീക്ഷയുടെ പുതിയ തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് എൻടിഎ അറിയിച്ചു. അതേ സമയം, നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട വിഷയത്തിൽ തിരുവനന്തപുരം ഏജീസ് ഓഫീസിലേക്ക് എസ്എഫ്ഐ മാർച്ച് നടത്തി. മാർച്ചിൽ സംഘർഷമുണ്ടായതിനെ തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ചു.

 

നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് അഡ്വ. ഹാരിസ് ബീരാൻ എം.പി കത്തയച്ചു. 22.7 ലക്ഷം വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്ന ഈ വിഷയത്തിൽ എൻടിഎയുടെ കഴിവുകേടിനെതിരെയും പരീക്ഷാ മാഫിയക്കെതിരെയും ശക്തമായ നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

 

നീറ്റ് പരീക്ഷ ക്രമക്കേടിൽ നടന്നത് വമ്പൻ തട്ടിപ്പെന്ന് വിവരം. ​ഗൂഢാലോചനയുടെ തുടക്കം നാസിക്കിൽ നിന്നാണെന്ന് കണ്ടെത്തി. ഹരിയാന, ആന്ധ്ര, തെലങ്കാന, രാജസ്ഥാൻ, ദില്ലി, ജമ്മു കശ്മീർ അടക്കം സംസ്ഥാനങ്ങളിലേക്കും ചോദ്യപേപ്പർ എത്തിയതായും കണ്ടെത്തൽ. സിബിഐ ഇന്ന് തന്നെ എഫ്ഐആർ തയ്യാറാക്കുമെന്നാണ് വിവരം. തട്ടിപ്പിന്റെ സൂത്രധാരനെന്ന് പൊലീസ് ആരോപിക്കുന്ന മനീഷ് യാദവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

 

പ്രധാനമന്ത്രി നരേന്ദ്രമോദി മെയ് 15 ന് വിദേശത്തേക്ക് പോകും. അഞ്ച് രാജ്യങ്ങൾ സന്ദർശിക്കും. പശ്ചിമേഷ്യ സംഘർഷത്തിനിടെയാണ് യുഎഇ, നെതർലൻ്റ്സ്, സ്വീഡൻ, നോർവേ, ഇറ്റലി എന്നീ രാജ്യങ്ങൾ സന്ദർശിക്കുന്നത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

 

തമിഴ്നാട്ടിലെ പ്രശസ്ത ജ്യോതിഷിയും ടിവികെ വക്താവുമായ റിക്കി രാധൻ പണ്ഡിറ്റിനെ മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി (OSD) ആയി നിയമിച്ച് വിജയ്. ഇതുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് പുറത്തിറങ്ങി. ചുമതലയേൽക്കുന്ന തീയതി മുതൽ പ്രാബല്യത്തോടെയാണ് റിക്കി രാധൻ പണ്ഡിറ്റിനെ മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടിയായി നിയമിച്ചിരിക്കുന്നത്.

 

പശ്ചിമ ബംഗാളിലെ മുനിസിപ്പൽ നിയമന അഴിമതിക്കേസിൽ മുൻ മന്ത്രിയും തൃണമൂൽ നേതാവുമായ സുജിത് ബോസിനെ ഇ.ഡി അറസ്റ്റ് ചെയ്തു. പത്ത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്. സൗത്ത് ദം ദം മുനിസിപ്പാലിറ്റിയിൽ നിയമവിരുദ്ധമായി ജോലി നൽകി പണം വാങ്ങിയെന്നാണ് പ്രധാന ആരോപണം.

 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് സമീപത്തെ റേസ് കോഴ്‌സ് റോഡിലെ ചേരി ഒഴിപ്പിക്കാൻ ദില്ലി ഹൈക്കോടതി അനുമതി നൽകി. രാജ്യസുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടിയ കേന്ദ്രസർക്കാർ വാദം അംഗീകരിച്ച കോടതി, ചേരി നിവാസികൾക്ക് 45 കിലോമീറ്റർ അകലെ സവ്‌ദ ഖേരയിൽ പുനരധിവാസം ഉറപ്പാക്കാനും നിർദ്ദേശിച്ചു.

 

അധികാരത്തിലേറി ദിവസങ്ങൾ പിന്നിടുമ്പോൾ ടിവികെ പ്രവർത്തകർക്ക് പുതിയ നിർദേശവുമായി മുഖ്യമന്ത്രി വിജയ്. പാതയോര ബോർഡുകളും ബാനറുകളും സ്ഥാപിക്കരുതെന്നും ആൾക്കൂട്ടം എത്തുന്നയിടങ്ങളിൽ പ്രചാരണബോർഡുകൾ പാടില്ലെന്നും വിജയ് നിർദേശിക്കുന്നു. പൊതുജനത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിൽ ജന്മദിനത്തിനും മറ്റും ആഘോഷങ്ങൾ സംഘടിപ്പിക്കരുത്. നിർദേശം ലംഘിച്ചാൽ കർശന നടപടി എന്നും മുഖ്യമന്ത്രി വിജയ് വ്യക്തമാക്കി.

 

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *