Untitled design 20250112 193040 0000

 

തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സി ജോസഫ് വിജയ്. ആണ്ടവൻ മീതെ ആണയിട്ട് പേപ്പറിൽ നോക്കാതെയായിരുന്നു സത്യപ്രതിജ്ഞ ചൊല്ലിയത്. രണ്ടാമത്തെ ഭാഗം മാത്രമാണ് വിജയ് നോക്കി വായിച്ചത്. ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലി നൽകി.
‎
‎സർക്കാര്‍ രൂപീകരണത്തിൽ ഒപ്പം നിന്നവര്‍ക്ക് നന്ദി പറഞ്ഞ് വിജയ്. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെ, രാഹുൽ ഗാന്ധി, കെ സി വേണുഗോപാൽ എന്നിവർക്കും സിപിഎം, സിപിഐ, വിസികെ, മുസ്ലീം ലീഗ് എന്നീ പാര്‍ട്ടികളുടെ നേതാക്കളുടെ പേരെടുത്ത് പറഞ്ഞും വിജയ് നന്ദി അറിയിച്ചു.
‎
‎തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ ഉടൻ തന്നെ സുപ്രധാന ഫയലുകളിൽ ഒപ്പുവെച്ച് വിജയ്. ഗാർഹിക ഉപഭോക്താക്കൾക്ക് 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നൽകാനുള്ള ഫയലിലാണ് മുഖ്യമന്ത്രി ആദ്യം ഒപ്പിട്ടത്. സ്ത്രീകളുടെ സുരക്ഷയ്ക്കായി ഒരു പ്രത്യേക സേന രൂപീകരിക്കുന്നതിനുള്ള ഉത്തരവിനും അദ്ദേഹം അംഗീകാരം നൽകി.
‎
‎ഭരണത്തിന് തുടക്കം കുറിച്ച് വിജയ്. പുതിയതായി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം മുഖ്യമന്ത്രിയുടെ സെക്രട്ടറിമാരായി രണ്ട് ഐഎസുകാരെ നിയമിച്ചു. ഡോ. പി. സെന്തിൽകുമാർ ഐഎഎസ്, ജി. ലക്ഷ്മി പ്രിയ ഐഎഎസ് എന്നിവരെയാണ് നിയമിച്ചത്.
‎
‎2021 മുതൽ 2026 വരെയുള്ള കാലയളവിലെ സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയെക്കുറിച്ച് തന്റെ സർക്കാർ ഒരു ധവളപത്രം പുറത്തിറക്കുമെന്ന് വിജയ്. ഡിഎംകെ സർക്കാർ സംസ്ഥാനത്തെ 10 ലക്ഷം കോടി രൂപയുടെ കടക്കെണിയിലാണ് ഉപേക്ഷിച്ചു പോയതെന്നും തന്റെമേൽ അടിച്ചേൽപ്പിച്ച ഈ ഭാരം എത്രത്തോളമുണ്ടെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനു വേണ്ടിയാണ് ധവളപത്രം ഇറക്കുന്നതെന്നും വിജയ് വ്യക്തമാക്കി.
‎
‎തമിഴ്നാട് മുഖ്യമന്ത്രി വിജയ്യുടെ സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം പ്രസംഗത്തിൽ പറഞ്ഞ വിമർശനങ്ങൾക്ക് മറുപടി പറഞ്ഞുകൊണ്ട് സ്റ്റാലിന്റെ കുറിപ്പ്. ഖജനാവിൽ പണം ഉണ്ട്, പണം ഇല്ലെന്ന് പറഞ്ഞ് തുടങ്ങരുത് കോവിഡും പ്രളയവും കേന്ദ്രസർക്കാർ അവഗണനയും അതിജീവിച്ചാണ് അഞ്ച് വർഷം ഭരിച്ചത് എന്നിട്ടും നിരവധി ക്ഷേമപദ്ധതികൾ നടപ്പാക്കിയെന്നും അദ്ദേഹം പറയുന്നു.
‎
‎വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത നേതാക്കൻമാരിൽ ശ്രദ്ധ നേടി രാഹുൽ ഗാന്ധി. സത്യപ്രതിജ്ഞാ വേദിയിലെ രാഹുലിന്‍റെ പങ്കാളിത്തം വലിയ ചർച്ചയായി. തന്‍റെ സഹോദരൻ എന്നാണ് വിജയ് രാഹുലിനെ വിശേഷിപ്പിച്ചത്.
‎
‎മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ തിരുച്ചിറപ്പള്ളി ഈസ്റ്റ് സീറ്റ് രാജിവെച്ച് വിജയ്. മന്ത്രി സെങ്കോട്ടയ്യനാണ് രാജിക്കത്ത് കൈമാറിയത്. രണ്ടിടത്ത് വിജയിച്ച സാഹചര്യത്തിലാണ് ഒരു മണ്ഡലത്തിൽ നിന്ന് രാജി വെച്ചത്.
‎
‎തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി കേന്ദ്രം തമിഴ്നാട് സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
‎
‎തമിഴ്നാട്ടിൽ വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ വന്ദേമാതരം ചൊല്ലിയതിനെ സംബന്ധിച്ച് വിവാദം. തമിഴ് തായ് വാഴ്ത്ത് അവഗണിച്ചെന്ന് ആക്ഷേപിച്ച് ഡിഎംകെയും സിപിഐയും രംഗത്തെത്തി.
‎
‎തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി അധികാരമേറ്റ വിജയ്ക്ക് ആശംസകൾ നേർന്നുകൊണ്ട് കേരള മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. ജനാധിപത്യ സംവിധാനത്തിൽ ജനങ്ങൾ നൽകുന്ന വിധി വലിയൊരു ഉത്തരവാദിത്വമാണെന്ന് അദ്ദേഹം കുറിച്ചു.
‎
‎പ്രതിപക്ഷ ഉപനേതാവ് പദവി വേണം എന്നതിൽ വിട്ടു വീഴ്ചയില്ലെന്നും, പ്രതിപക്ഷ നേതാവ് ആരാണെന്നത് സിപിഎം തീരുമാനിക്കട്ടെയെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
‎
‎മലപ്പുറം ജില്ല വിഭജിക്കണമെന്ന അഭിപ്രായവുമായി തിരൂർ സബ് കലക്ടർ ദിലീപ്.കെ.കൈനിക്കര. പെൻഷൻ പ്രായം ഉയർത്തണമെന്നും, മലയാളം മീഡിയം എന്ന സംഗതി പരമാവധി ഒരു എൽപി തലത്തിന് അപ്പുറം കൊണ്ട് പോവരുതെന്നും കലക്ടർ ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെടുന്നുണ്ട്.
‎
‎പത്തനാപുരം മണ്ഡലത്തിൽ യുഡിഎഫ് ബിജെപി ഡീൽ ആരോപണവുമായി മുൻ മന്ത്രി കെ ബി ഗണേഷ് കുമാർ. യുഡിഎഫ് -ബിജെപി ഡീലിന്റെ ഭാഗമായി പത്തനാപുരം മണ്ഡലത്തിൽ ഇരു കൂട്ടരും എൽഡിഎഫ് നു എതിരെ പ്രവർത്തിച്ചുവെന്നുള്ള ഗുരുതര ആരോപണമാണ് ഗണേഷ് കുമാർ മുന്നോട്ട് വക്കുന്നത്.
‎
‎പാലക്കാട് സിപിഎമ്മിൽ കൂട്ടരാജി. സിപിഎം പാലക്കാട് ജില്ലാ നേതൃത്വത്തെ വിമർശിച്ച ഏരിയ കമ്മിറ്റി അംഗവും പാലക്കാട് നഗരസഭ കൗൺസിലറുമായ അബ്‌ദുൽ ഷുക്കൂറിനെ തരം താഴ്ത്തിയതിൽ പ്രതിഷേധിച്ച് 20 ഓളം പേർ സിപിഐഎമ്മിൽ നിന്ന് രാജിവെക്കും.
‎
‎അവയവ കൈമാറ്റത്തിനായി വ്യാജരേഖ ചമച്ച കേസിലെ മുഖ്യപ്രതി നജീബ് അറസ്റ്റിൽ. ദില്ലി ഉത്തർപ്രദേശ് അതിർത്തിയിൽ നിന്നാണ് നജീബിനെ അറസ്റ്റ് ചെയ്തത്. അവയവദാനത്തിന്റെ മറവിൽ വലിയ സാമ്പത്തിക തട്ടിപ്പ് നടന്നിരിക്കുന്നു എന്നാണ് പൊലീസിന്റെ നിഗമനം.
‎
‎ചാലക്കുടി പുഴക്ക് കുറുകെയുള്ള പഴയ പാലത്തിന്റെ ബെയറിങ് മാറ്റുന്നതിനായി അടച്ചതോടെ ഗതാഗത കുരുക്കില്‍ കുടുങ്ങി യാത്രക്കാര്‍. പ്രവൃത്തികള്‍ക്ക് 20 ദിവസത്തോളം വേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കുന്നതിൽ പൊളിറ്റ് ബ്യൂറോയുടെ കൂടി ഇടപെടൽ ഉണ്ടാകുമെന്ന സൂചന ജനറൽ സെക്രട്ടറി എംഎ ബേബി. വിഷയം പിബി ചർച്ച ചെയ്യുമെന്ന് എംഎ ബേബി പറഞ്ഞു.

വെള്ളാപ്പള്ളി നടേശനെ പൊന്നാട അണിയിച്ച ജി സുധാകരന്റെ നടപടിയെ എംഎസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി കെ നജാഫ് രൂക്ഷമായി വിമർശിച്ചു. സമൂഹത്തിൽ വിഷം കലർത്തുന്ന വ്യക്തിയെ പ്രകീർത്തിക്കുന്നത് അക്ഷന്തവ്യമായ തെറ്റാണെന്നും ഇത് യുഡിഎഫിന്റെ നിലപാടല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കെസി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തിൽ പരോക്ഷ വിമർശനവുമായി യൂത്ത് ലീഗ് നേതാവ് യൂസഫ് വല്ലഞ്ചിറ. വോട്ടർമാർ തീരുമാനിച്ചാൽ ആരെയും, ഏതു മണ്ഡലത്തിലും തോൽപ്പിക്കുമെന്ന് യൂത്ത് ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി യൂസഫ് വല്ലഞ്ചിറ പറഞ്ഞു.

‎എറണാകുളം കോതമംഗലത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥികൾ മരിച്ചു. വടാട്ടുപാറ പലവൻപടി പുഴയിൽ കാണാതായ മൂന്ന് വിദ്യാർത്ഥികളാണ് മരിച്ചത്. തിരുവല്ല സ്വദേശി ബിയോൺ, തിരുവനന്തപുരം സ്വദേശി ഹരീഷ്, കോട്ടയം സ്വദേശി അതുൽ എന്നിവരാണ് മരിച്ചത്.

‎ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്. ബുധനാഴ്ച വരെ മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
‎
‎മഴ തുടങ്ങിയപ്പോഴേ ദേശീയപാതയിൽ വിള്ളൽ. കാസർകോട് ചെറുവത്തൂർ മട്ടലായിയിലാണ് ദേശീയപാതയിൽ വിള്ളൽ കണ്ടെത്തിയത്. ചെറുവത്തൂർ മട്ടലായി ശിവക്ഷേത്രത്തിന് സമീപത്താണ് 50 മീറ്റർ അധികം നീളത്തിൽ വിള്ളൽ കണ്ടെത്തിയത്.

സംസ്ഥാനത്ത് പുതിയ മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം വരുന്നത് വരെ ക്ഷമയോടെ കാത്തിരിക്കാമെന്ന് വെള്ളാപ്പള്ളി നടേശൻ. ‘വേവോളം കാത്തിരുന്നു, ഇനി ആറോളം കാത്തിരിക്കാം എന്ന പഴഞ്ചൊല്ല് ഉദ്ധരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത് കോൺഗ്രസ് ഹൈക്കമാൻഡ് ആണെന്നും, അത് പറയാൻ താൻ ആളല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നരേന്ദ്ര മോദിയുടെ വിമർശനത്തിനെതിരെ കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 50 ദിവസം കൊണ്ടാണ് ദില്ലി മുഖ്യമന്ത്രിയെ തീരുമാനിച്ചതെന്നും നാഗ്പൂരിലെ നിർദ്ദേശം അനുസരിച്ച് പ്രവർത്തിക്കുന്ന സംഘടനയല്ല കോൺഗ്രസ് എന്നും ചെന്നിത്തല പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ആകെ അഞ്ച് ദിവസം മാത്രമേ ആയിട്ടുള്ളൂ. എത്രയും പെട്ടെന്ന് തന്നെ മുഖ്യമന്ത്രി ആര് എന്നതിൽ ഹൈകമാൻഡ് തീരുമാനമുണ്ടാകുമെന്നും ചെന്നിത്തല ദില്ലിയിൽ പറഞ്ഞു.
‎
‎ജോലി ആവശ്യങ്ങൾക്കായി നഗരങ്ങളിൽ താമസിക്കേണ്ടി വരുകയും സ്വന്തം വീട് ഗ്രാമ പ്രദേശങ്ങളിൽ നിലനിൽക്കുകയും ചെയ്യുന്നവർക്ക് രണ്ട് പാചകവാതക കണക്ഷൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡൊമസ്റ്റിക് ഗ്യാസ് കൺസ്യൂമർ അസോസിയേഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
‎
‎കുവൈത്തിലേക്ക് വരുന്നതിനുള്ള പ്രവാസികളുടെ ആരോഗ്യപരിശോധനാ നടപടികൾ കൂടുതൽ കർശനമാക്കാനും പൊതുജനാരോഗ്യം സംരക്ഷിക്കാനായി ജിസിസി ഹെൽത്ത് കൗൺസിൽ അംഗീകരിച്ച പരിഷ്കരിച്ച ‘വാഫെഡ്’ പ്രോഗ്രാം നടപ്പിലാക്കിക്കൊണ്ടുള്ള മന്ത്രിതല ഉത്തരവ് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ-അവാദി പുറപ്പെടുവിച്ചു.
‎
‎എംവി ഹോണ്ടിയസ് ക്രൂയിസ് കപ്പലിലെ യാത്രക്കാരെ ഒഴിപ്പിക്കുന്ന നടപടി ആരംഭിച്ചു. മൊറോക്കൻ തീരത്തിന് സമീപത്തെ സ്പാനിഷ് ദ്വീപായ ടെനറൈഫിൽ നങ്കൂരമിട്ടിരിക്കുന്ന സ്ഥലത്ത് നിന്നാണ് ഒഴിപ്പിക്കൽ നടപടി ആരംഭിച്ചത്. യാത്രക്കാരിൽ ഹാന്റവൈറസ് രോഗലക്ഷണങ്ങളില്ലെന്ന് സ്പാനിഷ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
‎
‎അസമിലെ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ഗൗരവ് ഗൊഗോയ് വ്യക്തമാക്കി. ഗൗരവ് ഗോഗോയി ജോർഹട്ടിൽ 23,182 വോട്ടിന് വമ്പൻ പരാജയം ഏറ്റുവാങ്ങിയിരുന്നു. ബിജെപി 99 സീറ്റ്‌ നേടിയപ്പോൾ കോൺഗ്രസ് 23 സീറ്റുകളിലൊതുങ്ങിയിരുന്നു.
‎
‎ഹോർമുസ് കടലിടുക്കിന് സമീപം കടലിൽ വെച്ച് ഇന്ത്യൻ ചരക്ക് കപ്പലിന് തീപിടിച്ച് ഒരു ഇന്ത്യൻ ജീവനക്കാരൻ മരണപ്പെടുകയും നാല് ഇന്ത്യക്കാർക്ക് പരിക്കേൽക്കുകയും ചെയ്ത വിവരം സ്ഥിരീകരിച്ച് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്.
‎
‎ഗൾഫ് രാജ്യങ്ങളായ കുവൈത്ത്, ഖത്തർ, യുഎഇ എന്നിവിടങ്ങളിലേക്ക് ഇറാനിൽനിന്നും ഡ്രോൺ ആക്രമണം. ഇറാനിൽനിന്ന് രണ്ട് ഡ്രോൺ ആക്രമണ ശ്രമങ്ങളുണ്ടായെന്ന് യുഎഇ അറിയിച്ചു. അതിനിടെ, അമേരിക്കയെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾ തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഇറാൻ മുന്നറിയിപ്പ് നല്കി.

തമിഴ്‌നാട് നിയമസഭയിൽ ഇനി വിജയ് – ഉദയനിധി പോരാട്ടം. ഇന്ന് ചേർന്ന ഡി എം കെ നിയമസഭാകക്ഷി യോഗം നേതാവായി ഉദയനിധി സ്റ്റാലിനെ തെരഞ്ഞെടുത്തു. ഇതോടെയ തമിഴ്നാട്ടിലെ പ്രതിപക്ഷ നേതാവാര് എന്ന ചോദ്യത്തിന് കൂടിയാണ് ഉത്തരമായത്.

തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് അധികാരമേറ്റതിന് പിന്നാലെ സത്യപ്രതിജ്ഞാ ചടങ്ങിൽ ‘വന്ദേമാതരം’ ആദ്യം ആലപിച്ചത് വിവാദമായി. സംസ്ഥാന ഗാനമായ ‘തമിഴ് തായ് വാഴ്ത്തിനെ’ അവഗണിച്ചത് തമിഴ് സംസ്കാരത്തോടുള്ള അവഹേളനമാണെന്ന് ആരോപിച്ച് ഡിഎംകെയും സഖ്യകക്ഷികളും രംഗത്തെത്തി.

തമിഴ്നാട്ടിൽ സത്യപ്രതിജ്ഞയ്ക്കെത്തിയ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയുടേയും മുഖ്യമന്ത്രി വിജയ്‍യുടേയും വീഡിയോ ഇൻസ്റ്റ ബ്ലോക്ക്‌ ചെയ്‌തെന്ന് കോൺഗ്രസ്സ്. ഒരു മണിക്കൂറിൽ 12 ദശലക്ഷം പേര് കണ്ട വീഡിയോ ആണ് ബ്ലോക്ക് ചെയ്തിരിക്കുന്നത്. എന്നാൽ വീഡിയോ ബ്ലോക്ക് ചെയ്യാനുള്ള കാരണം ഇൻസ്റ്റ വ്യക്തമാക്കിയിട്ടില്ല. ഇതിനോടകം നിരവധി നേതാക്കളാണ് വിഷയം പങ്കുവെച്ചിരിക്കുന്നത്.

ഹോർമുസിൽ ചെറു മുങ്ങിക്കപ്പലുകൾ വിന്യസിക്കാൻ ഇറാൻ. ശത്രു കപ്പലുകൾ ലക്ഷ്യമെന്ന് ഐആർഐബി. ദീർഘാകാലം അടിത്തട്ടിൽ നിലനിൽക്കാൻ കഴിയുന്ന മുങ്ങിക്കപ്പലാണ് വിന്യസിക്കുന്നത്. മേഖലയിൽ സംഘർഷ ആശങ്ക കനക്കുന്ന സാഹചര്യത്തിലാണ് ഇറാന്റെ നീക്കം. ​
‎
‎ഇന്ത്യന്‍ ഗുസ്തിതാരം വിനേഷ്‌ഫോഗട്ടിന് ഗുസ്തി ഫെഡറേഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്. ഒളിമ്പിക്‌സില്‍ ഫൈനലിലെത്തിയ ശേഷം ഭാരക്കൂടുതല്‍ കാരണം അയോഗ്യയാക്കപ്പെട്ടതിനും ഉത്തേജകവിരുദ്ധ നടപടികള്‍ പാലിക്കാത്തതിനും താരത്തിനോട് ഇപ്പോള്‍ ഫെഡറേഷന്‍ വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *