Untitled design 20250112 193040 0000

 

തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്യും. നാളെ 11 മണിക്ക് നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ചാണ് സത്യപ്രതിജ്ഞ ചെയ്യുക. തെരഞ്ഞെടുപ്പ് ഫലം വന്നതുമുതൽ 4 നാൾ നീണ്ട അനിശ്ചിതത്വത്തിന് അവസാനം കുറിച്ചാണ് തമിഴ്നാട് വിജയ് ഭരിക്കുമെന്ന് ഉറപ്പായത്. 108 എം എൽ എ മാരുടെ പിന്തുണയുണ്ടായിരുന്ന ടി വി കെയുടെ ‘കൈ’ പിടിച്ചെത്തിയ കോൺഗ്രസിന് പിന്നാലെ ഇന്ന് വിസിലടിച്ച് ഇടത് പാർട്ടികളും വി സി കെയും ഉപാധികളില്ലാത്ത പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ജനനായകനായി വിജയ് മാറുന്നത്.

 

തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് ടിവികെ നേതാവ് വിജയ് ഗവർണറെ കണ്ടു. 108 ടിവികെ എംഎൽഎമാർക്ക് പുറമെ കോൺഗ്രസ്, ഇടത് പാർട്ടികൾ, ലീഗ്, വിസികെ എന്നിവരുടെ പിന്തുണയോടെ 120 പേരുടെ അംഗബലം ഉറപ്പിച്ചാണ് വിജയ് സർക്കാർ രൂപീകരണത്തിന് ഒരുങ്ങുന്നത്. നാല് നാൾ നീണ്ട അനിശ്ചിതത്വത്തിന് വിരാമമിട്ട് നാളെ സത്യപ്രതിജ്ഞ നടക്കുമെന്നാണ് സൂചന

 

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് അനുകൂല പ്രകടനം നടത്തിയവര്‍ക്കെതിരായ അച്ചടക്ക നടപടിയെ വിമര്‍ശിച്ച് ഡീന്‍ കുര്യാക്കോസ് എംപി. കോണ്‍ഗ്രസ് പ്രവർത്തകർ ചോര നീരാക്കി ഉണ്ടാക്കിയതാണ് ഈ വിജയമെന്നും അത് ഉൾക്കൊള്ളണമെന്നും ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു. ആ പ്രവർത്തകരെ പദവികളിൽ നിന്ന് നീക്കുമെന്ന ഭീഷണി ക്രൂരമാണെന്നും അദ്ദേഹം പ്രതികരിച്ചു.

 

കേരളത്തിലെ മുഖ്യമന്ത്രി ചർച്ച നിർണായക ഘട്ടത്തിലേക്ക് കടക്കുന്നു. മുഖ്യമന്ത്രി പദവിക്കായി ചരടുവലിക്കുന്ന നേതാക്കളെ ഹൈക്കമാന്റ് ദില്ലിക്ക് വിളിപ്പിച്ചു. വിഡി സതീശനും രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും ഇന്ന് ദില്ലിക്ക് പുറപ്പെടും. നിലവിൽ കെസി വേണു​ഗോപാൽ ദില്ലിയിൽ തുടരുകയാണ്. നേതാക്കളെല്ലാവരും ദില്ലിയിലെത്തുന്നതോടെ നാളെ നിർണ്ണായക ചർച്ച നടക്കും.

 

മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ വി ഡി സതീശന്‍റെ പുതിയ പുസ്തകം നാളെ വായനക്കാരിലേക്ക്. ‘ആദം നീ എവിടെ ആകുന്നു?’ എന്ന പേരിൽ ബൈബിള്‍ സംബന്ധമായ പുസ്തകമാണ് പുറത്തിറക്കുന്നത്. ഡിസി ബുക്‌സാണ് പ്രസാധകർ. പുസ്തകം നാളെ മുതൽ ലഭ്യമാകും. ഡോ. സിറിയക് തോമസ് ആണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്.

 

പ്രമുഖ എഴുത്തുകാരി സാറാ ജോസഫ് കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കത്തിൽ വി ഡി സതീശന് പിന്തുണയുമായി രംഗത്ത്. സതീശന്റെ കഴിവും രാഷ്ട്രീയ തന്ത്രങ്ങളും ഉപയോഗിക്കാൻ ഹൈക്കമാൻഡ് വിവേകം കാണിക്കണമെന്നും സംഘപരിവാർ രാഷ്ട്രീയത്തെ ചെറുക്കാൻ ഇത് അനിവാര്യമാണെന്നും അവർ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

 

ആലപ്പുഴയിൽ നിന്ന് ഒരു മുഖ്യമന്ത്രി വന്നാൽ സന്തോഷമെന്ന് വെള്ളാപ്പള്ളി നടേശൻ. കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയും വി ഡി സതീശനും മുഖ്യമന്ത്രിയാകാൻ യോഗ്യരാണെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. ഇക്കാര്യം ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുസ്ലിം ലീഗിനെയും സിപിഐയെയും അദ്ദേഹം രൂക്ഷമായി വിമർശിക്കുകയും ചെയ്തു.

 

യു. പ്രതിഭക്കെതിരെ രൂക്ഷവിമർശനവുമായി വെള്ളാപ്പള്ളി നടേശൻ. പ്രതിഭയെ താനാണ് തോൽപ്പിച്ചതെങ്കിൽ തനിക്കതൊരു പൊൻതൂവലാണെന്നാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം. മകൻ കഞ്ചാവ് കച്ചവടത്തിന് പോകുമ്പോൾ ഓർക്കണമായിരുന്നുവെന്ന് പറഞ്ഞ വെള്ളാപ്പള്ളി ഇതെല്ലാം ജനം കാണുന്നുണ്ടെന്ന് മറക്കരുതായിരുന്നുവെന്നും ചൂണ്ടിക്കാട്ടി.

 

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര. പ്രാഥമിക നടപടികൾ തുടങ്ങി കെ എസ് ആർടിസി. സാമ്പത്തിക ബാധ്യത എത്രയെന്ന് കണ്ടെത്താൻ നടപടി തുടങ്ങി. നാളെ മുതൽ ടിക്കറ്റ് മെഷീനിൽ ലിംഗഭേദം രേഖപ്പെടുത്തും. ടിക്കറ്റിൽ സ്ത്രീ, പുരുഷൻ എന്ന് ഉണ്ടാകും. ഇത് നാളെ മുതൽ നടപ്പാക്കാനാണ് ഉത്തരവ്.

 

കോൺഗ്രസിൽ മുഖ്യമന്ത്രി ചര്‍ച്ചകൾ തെരുവിലേക്ക് വലിച്ചിഴക്കപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി വിഡി സതീശൻ. ചേരിതിരിഞ്ഞ് പ്രകടനങ്ങൾ നടത്തുന്നതും ഫ്ലക്സുകൾ സ്ഥാപിക്കുന്നതും അവസാനിപ്പിക്കണമെന്ന് വിഡി സതീശൻ ഫേസ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു. തൃശൂരിലും തിരുവനന്തപുരത്തും കോഴിക്കോട്ടുംം മലപ്പുറത്തും വിഡി സതീശൻ അനുകൂലികൾ പ്രകടനം നടത്തുന്നതിനിടെ ആണ് വിഡി സതീശന്റെ അഭ്യര്‍ത്ഥന പുറത്തുവന്നിരിക്കുന്നത്.

 

കെ സച്ചിദാനന്ദൻ സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം രാജിവച്ചു. സാഹിത്യ അക്കാദമിയിൽ എത്തിയാണ് അദ്ദേഹം രാജി സമർപ്പിച്ചത്. ഈ മാസം 31 വരെ കാലാവധി ഉള്ളപ്പോഴാണ് രാജി. ഭരണ മാറ്റത്തിന്‍റെ ഭാഗമായിട്ടാണ് രാജിയെന്ന് സച്ചിദാനന്ദൻ പറഞ്ഞു. ‘സ്വാഭാവികമായിട്ടും എല്ലാവരും ഒഴിയുമല്ലോ,ഗവണ്‍മെന്‍റ് മാറിയാൽ ഒഴിയും, ഞാനിപ്പോൾ ഒഴിയാനാണ് വന്നത്’ എന്നാണ് സച്ചിദാനന്ദന്‍റെ പ്രതികരണം.

 

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സംസ്ഥാന സെക്രട്ടറിയേറ്റിൽ വ്യക്തിപരമായ വിമർശനങ്ങൾ നടന്നുവെന്ന വാർത്തകൾ സിപിഎം നേതൃത്വം തള്ളി. മാധ്യമങ്ങൾ പാർട്ടിയെ ഇകഴ്ത്താൻ കള്ളക്കഥകൾ പ്രചരിപ്പിക്കുകയാണെന്നും, സ്വയം വിമർശനപരമായ ചർച്ചകളാണ് നടന്നതെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറയുന്നു

 

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ വിവിധ വകുപ്പുകളിൽ കൂട്ടത്തോടെ സ്ഥലം മാറ്റം. വിദ്യാഭ്യാസ വകുപ്പിന് പിന്നാലെ ലോക്കൽ ഫണ്ട് ഓഡിറ്റ്,സ്റ്റാറ്റിറ്റിക്സ് വകുപ്പുകളിൽ ഉത്തരവിറങ്ങി. ഇടതു യൂണിയൻ നേതാക്കളെയാണ് കൂട്ടത്തോടെ സ്ഥലം മാറ്റിയത്. ഇതിനെതിരെ എൻ ജി ഒ യൂണിയൻ പ്രതിഷേധിച്ചു. വികാസ്ഭവനിൽ സ്ഥലമാറ്റ ഉത്തരവ് കത്തിച്ചു.

 

പത്തനംതിട്ടയിൽ 28 കാരി ക്രൂര ബലാത്സംഗത്തിന് ഇരയായതായി പരാതി. അയൽവാസിയായ ഓട്ടോ ഡ്രൈവറാണ് പീഡിപ്പിച്ചത്. ജ്യൂസിൽ മയക്കുമരുന്ന് കലക്കി നൽകി പീഡിപ്പിച്ചുവെന്നും നഗ്ന ദൃശ്യങ്ങളും പകർത്തിയെന്നും പരാതിയിൽ പറയുന്നു. പിന്നീട് ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. പലസ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നും പരാതിയിലുണ്ട്.

 

സിപിഎം ബ്രാഞ്ച് സെക്രട്ടറി ബലാൽസംഘ കേസിൽ പിടിയിൽ. തിരുവനന്തപുരം കഴക്കൂട്ടത്ത് 23 കാരിയെ പീഡിപ്പിച്ചെന്നാണ് കേസ്. കഴക്കൂട്ടം, കൽപ്പന ബ്രാഞ്ച് സെക്രട്ടറിയായ റിബ്സൺ ആണ് അറസ്റ്റിലായത്. സ്പായിൽ വച്ചായിരുന്നു യുവതിയെ പീഡിപ്പിച്ചത്.

 

ദത്തെടുത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 44 വർഷം കഠിന തടവും 1,04,000 രൂപ പിഴയും. മാങ്ങാട്ടിടം സ്വദേശി സി ജി ശശികുമാറിനെയാണ് തലശ്ശേരി പോക്സോ കോടതി ശിക്ഷിച്ചത്.

 

ട്രെയിൻ യാത്രക്കാർക്ക് വിൽക്കുന്ന വെള്ളരിക്കകളിൽ മാരകമായ കൃത്രിമ നിറം ചേർക്കുന്ന സംഘത്തെ റെയിൽവേ സംരക്ഷണ സേന പിടികൂടി. ബീഹാറിലെ കതിഹാർ റെയിൽവേ സ്റ്റേഷനിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് നടപടി. പ്ലാറ്റ്‌ഫോമിൽ വെച്ച് വെള്ളരിക്കകൾ പച്ച നിറത്തിലുള്ള ഒരു പ്രത്യേക ദ്രാവകത്തിൽ മുക്കിയെടുക്കുന്ന വീഡിയോയാണ് എക്സിൽ പ്രചരിച്ചത്

 

നെടുങ്കണ്ടം ഇരട്ടക്കൊലപാതക കേസിലെ പ്രതി സജി എട്ടുവർഷം മുമ്പ് കാണാതായ പിതാവിനെ കൊലപ്പെടുത്തിയെന്ന് സംശയം. പിതാവ് മാത്യുവിനെ കൊലപ്പെടുത്തി സജി കുഴിച്ചുമൂടി എന്നാണ് സംശയം. സംശയത്തിന്റെ അടിസ്ഥാനത്തിൽ പുരയിടം കുഴിച്ച് തെളിവെടുപ്പ് പരിശോധന നടത്തുകയാണ് പൊലീസ്. സജി അമ്മയേയും സഹോദരനെയും കൊലപ്പെടുത്തി കുഴിച്ചുമൂടിയിരുന്നു.

 

തമിഴ്നാട്ടിൽ വിജയ് മുഖ്യമന്ത്രിയാകാനുള്ള സാധ്യത ഏറി. ടിവികെയ്ക്ക് പിന്തുണ നൽകാൻ ഇടതു പാർട്ടികൾ തീരുമാനിച്ചു. സിപിഐ ടിവികെയ്ക്ക് പിന്തുണക്കത്ത് നൽകി. ഇടതു പാർട്ടികൾക്ക് തൊഴിൽ വകുപ്പ് നൽകാമെന്ന ധാരണയിൽ ടിവികെ നേതാക്കൾ എത്തി. ഇതോടെ 116 എന്ന സംഖ്യയിലേക്ക് ടിവികെ എത്തി. വിസികെയുടെ രണ്ട് എംഎൽഎമാരുടെ പിന്തുണ കൂടി ലഭിക്കുന്നതോടെ കേവല ഭൂരിപക്ഷമാകും.

 

തമിഴ്നാട്ടിൽ മന്ത്രിസഭാ രൂപീകരണത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടെ, ടിവികെയ്ക്കും വിജയ്ക്കും വേണ്ടി നേരിട്ട് രംഗത്തിറങ്ങി കോൺഗ്രസ്. പ്രമുഖ ദളിത് നേതാവും ദളിത് രാഷ്ട്രീയ പാർട്ടിയായ വിടുതലൈ ചിറുതൈകൾ കച്ചി നേതാവുമായ തിരുമാവളവനെ മല്ലികാർജുൻ ഗർഗെ ഫോണിൽ വിളിച്ച് പിന്തുണ തേടി. തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കാനായി വിജയിയെ വിസികെ പിന്തുണയ്ക്കണമെന്ന് അഭ്യർത്ഥിച്ചു.

 

പശ്ചിമ ബംഗാളിൽ ബിജെപിയുടെ ചരിത്രപരമായ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഈ തെരഞ്ഞെടുപ്പ് ഫലത്തെ ‘ചരിത്രപരവും നിർണ്ണായകവും’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. മോദിയെപ്പോലെ ഒരു നേതാവിനെ ലഭിക്കാൻ ഇന്ത്യ ഭാഗ്യം ചെയ്ത രാജ്യമാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു.

 

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസ്, വിജയിയുടെ പാർട്ടിയായ ടിവികെയെ പിന്തുണച്ചതിൽ ഡിഎംകെ കടുത്ത അതൃപ്തിയിലാണ്. ഇതിന്റെ ഭാഗമായി, ലോക്സഭയിൽ കോൺഗ്രസ് അംഗങ്ങൾക്കൊപ്പം ഇരിക്കാനാകില്ലെന്നും പുതിയ ഇരിപ്പിടം വേണമെന്നും ആവശ്യപ്പെട്ട് കനിമൊഴി എംപി സ്പീക്കർക്ക് കത്ത് നൽകി.

 

വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം തമിഴ്‌നാട്ടിൽ അധികാരത്തിലേറാനൊരുങ്ങുമ്പോൾ, നിർണ്ണായക നീക്കവുമായി മുസ്ലിം ലീഗ്. ടിവികെ സർക്കാരിന് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പുറത്തുനിന്ന് പിന്തുണ നൽകും. ലീഗിന്റെ പിന്തുണ അറിയിച്ചുകൊണ്ടുള്ള ഔദ്യോഗിക കത്ത് ലഭിച്ചാലുടൻ വിജയ് ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കും.

 

സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാത്തതിൽ ഭരണഘടനവിരുദ്ധം ചൂണ്ടിക്കാട്ടി ടിവികെ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു. മുൻക്കാല നടപടികൾക്ക് അനുസരിച്ച് ഗവർണർ പ്രവർത്തിക്കണം. സർക്കാർ രൂപീകരിക്കാൻ അവകാശം ടിവികെയ്ക്ക് എന്നും ഹർജിയിൽ പറയുന്നു. ടിവികെ അംഗമാണ് ഹർജിക്കാരൻ.

 

ഡി എം കെയും അണ്ണാ ഡി എം കെയും തമ്മിൽ കൈകോർത്ത് ഭരിക്കാമെന്ന നീക്കത്തിൽ പുനരാലോചന. ഡി എം കെ – എ ഐ എ ഡി എം കെ സഖ്യമുണ്ടാകുമെന്ന അഭ്യൂഹങ്ങൾ തള്ളി ഡി എം കെ നേതാവ് ടി കെ എസ് ഇളങ്കോവൻ രംഗത്തെത്തിയതോടെ തമിഴ്‌നാട് രാഷ്ട്രീയത്തിൽ നാടകീയ നീക്കങ്ങൾ തുടരുന്നു. ഇരു പാർട്ടികളും ബദ്ധശത്രുക്കളാണെന്നും ഒന്നിച്ചുപോകാൻ കഴിയില്ലെന്നുമാണ് ഇളങ്കോവൻ ഇപ്പോൾ വ്യക്തമാക്കുന്നത്.

 

തമിഴ്നാട്ടിൽ വിജയ്‌യുടെ ടിവികെയെ അധികാരത്തിൽ നിന്ന് മാറ്റിനിർത്താൻ ഡിഎംകെ-എഐഎഡിഎംകെ പാർട്ടികൾ ഒന്നിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ, ഇതിനെതിരെ വികെ ശശികല രംഗത്ത്. ചരിത്രപരമായ മണ്ടത്തരം സംഭവിക്കരുതെന്നും, വിജയ് നേതൃത്വം നൽകുന്ന ടിവികെ പാർട്ടിക്ക് സർക്കാർ രൂപീകരിക്കാൻ അവസരം നൽകണമെന്നും ശശികല ആവശ്യപ്പെട്ടു.

 

വിജയ്ക്ക് ഉപാധികളില്ലാതെ പിന്തുണ നൽകി സിപിഐ- സിപിഎം. സിപിഐ തയ്യാറാക്കിയ കത്തിൽ ഉപാധികൾ ഇല്ലാത്ത പിന്തുണ എന്നാണ് പരാമർശിച്ചിട്ടുള്ളത്. മതേതര, സുസ്ഥിര, ജനാധിപത്യ ഭരണത്തിന് പിന്തുണയെന്നാണ് കത്തിൽ പറയുന്നത്. ഇതോടെ തമിഴ്നാട്ടിൽ വിജയ് മുഖ്യമന്ത്രി സ്ഥാനത്ത് എത്തുകയാണ്. ടിവികെയ്ക്ക് പിന്തുണ നൽകാൻ ഇടതു പാർട്ടികൾ നേരത്തെ തീരുമാനിച്ചിരുന്നു.

 

സുവേന്ദു അധികാരി പശ്ചിമബം​ഗാൾ മുഖ്യമന്ത്രിയാകും. ബിജെപി നിയമസഭ കക്ഷി യോ​ഗത്തിലാണ് തീരുമാനം. ബം​ഗാളിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയാണ് സുവേന്ദു അധികാരി അധികാരത്തിലേറുന്നത്. പശ്ചിമബം​ഗാളിലെ പ്രതിപക്ഷ നേതാവായിരുന്നു അദ്ദേഹം. മമത ബാനര്‍ജിയെ രണ്ട് തവണ പരാജയപ്പെടുത്തി.

 

സിറിയയില്‍നിന്ന് മടങ്ങിയെത്തിയ, ഐസിസുമായി ബന്ധമുള്ള രണ്ട് സ്ത്രീകള്‍ വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്ത് കടുത്ത കുറ്റങ്ങള്‍ ചുമത്തി ഓസ്‌ട്രേലിയ.സിറിയയില്‍ ഒരു യുവതിയെ അടിമയാക്കി കൈവശം വെച്ചു എന്നതടക്കമുള്ള കുറ്റകൃത്യങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയതെന്ന് ഓസ്‌ട്രേലിയന്‍ പൊലീസ് അറിയിച്ചു. പരമാവധി 25 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.

 

 

അർജന്റീനയിൽ നിന്ന് യാത്ര തിരിച്ച എംവി ഹോണ്ടിയസ് എന്ന ആഢംബര കപ്പലിൽ ഹാന്റ വൈറസ് പടരുന്നു. മൂന്ന് പേർ മരിക്കുകയും നിരവധി പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തതോടെ ലോകാരോഗ്യ സംഘടന രാജ്യങ്ങൾക്ക് അതീവ ജാഗ്രതാ നിർദേശം നൽകി

 

കുവൈത്തിൽ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത 85 കുപ്പി മദ്യം പിടിച്ചെടുത്തു. മദ്യം കൈവശം വെച്ചതിന് രണ്ട് വിദേശികളെയും പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

 

താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കുന്നു എന്നവകാശപ്പെടുമ്പോഴും ഇറാനും അമേരിക്കയും തമ്മില്‍ ഏറ്റുമുട്ടലുകള്‍ തുടരുന്നു. ഏറ്റവുമൊടുവില്‍, വ്യാഴാഴ്ച ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ അമേരിക്ക ആക്രമണം നടത്തുകയായിരുന്നു. പ്രകോപനമില്ലാതെ ഇറാന്‍ തങ്ങളുടെ യുദ്ധക്കപ്പലുകള്‍ ആക്രമിച്ചതിന് തിരിച്ചടിയായാണ് ആക്രമണം എന്നാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചത്.

 

കുവൈത്തിൽ വൻ ലഹരിമരുന്ന് വേട്ട. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫിന്‍റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ ശക്തമായ നടപടിയെടുത്തത്. ജനറൽ ഡിപ്പാർട്ട്മെന്‍റ് ഫോർ ഡ്രഗ് കൺട്രോളിന്റെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ കഞ്ചാവ് കൃഷി ചെയ്തിരുന്ന നാല് സ്വദേശികളെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.

 

 

തായ്‌വാന് ചുറ്റും വീണ്ടും സൈനിക വിന്യാസം ശക്തമാക്കി ചൈന. ഇന്ന് രാവിലെ ആറ് മണിക്ക് 12 ചൈനീസ് സൈനിക വിമാനങ്ങളും ആറ് യുദ്ധക്കപ്പലുകളും രണ്ട് ഔദ്യോഗിക കപ്പലുകളും തായ്‌വാന് സമീപം കണ്ടെത്തിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

 

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *