നിയമസഭ തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം യുഡിഎഫ് പുതിയ മന്ത്രിസഭ രൂപീകരിക്കാനുള്ള ഒരുക്കത്തിലാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശൻ, കെ സി വേണുഗാപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകൾ പരിഗണിക്കുമ്പോൾ, ചാണ്ടി ഉമ്മൻ, മാത്യു കുഴൽനാടൻ തുടങ്ങിയ യുവനേതാക്കളും സാധ്യതാ പട്ടികയിലുണ്ട്.
എറണാകുളത്ത് വി ഡി സതീശന് ഉജ്ജ്വല സ്വീകരണം. ആവേശത്തോടെ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് പ്രവർത്തകർ സ്വീകരിച്ചത്. വിഡി സതീശനെ ചുമലിലേറ്റിക്കൊണ്ടാണ് പ്രവർത്തകർ റെയിൽവേ സ്റ്റേഷന് പുറത്തേക്ക് എത്തിച്ചത്. തിരുവനന്തപുരത്തെ വിജയാഘോഷത്തിന് ശേഷം ഇന്നാണ് വിഡി സതീശൻ എറണാകുളത്ത് എത്തിയത്.
വൻതരംഗമായ വിജയത്തിന് ശേഷം മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള നീക്കങ്ങൾ കോൺഗ്രസ്സിൽ അതിശക്തം. 50 ലേറെ എംഎൽഎമാരുടെ പിന്തുണ അവകാശപ്പെട്ട് പിടിമുറക്കുകയാണ് കെസി വേണുഗോപാൽ പക്ഷം. സീനിയോറിറ്റി ഓർമ്മിപ്പിക്കുന്ന രമേശ് ചെന്നിത്തല, എംഎൽഎമാരുടെ എണ്ണമാണ് പ്രധാനമെങ്കിൽ 2021ൽ താൻ പ്രതിപക്ഷനേതാവാകുമായിരുന്നുവെന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഭരണമാറ്റത്തിന് പിന്നാലെ കിഫ് ബി സിഇഒ കെഎം എബ്രഹാം രാജിവച്ചു. അഡീഷണൽ സിഇഒ മിനി ആന്റണിക്കാണ് താത്കാലിക ചുമതല. കിഫ് ബിയുടെ ഭാവിയിൽ യുഡിഎഫ് സർക്കാറിൻ്റെ നയപരമായ തീരുമാനം വരും മുമ്പാണ് പടിയിറക്കം.
നിയമസഭാ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയടക്കം മത്സരിച്ച 12 സീറ്റുകളിലും തോൽവി സംഭവിച്ചതിന് പിന്നാലെ വൈകാരിക കുറിപ്പുമായി ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ് കെ മാണി. പ്രയത്നിച്ചതോ പ്രാർത്ഥിച്ചതോ ആയിരുന്നില്ല തെരഞ്ഞെടുപ്പ് ഫലമെന്നും ഞങ്ങൾ വീണ്ടും ഉയിർത്തെഴുന്നേൽക്കും, കൂടുതൽ ശക്തിയോടെയെന്ന് നിഷ ഫേസ്ബുക്കിൽ കുറിച്ചു.
സീറ്റെണ്ണം മൂന്നിരട്ടിയാക്കി വീണ്ടും അക്കൗണ്ട് തുറന്നെങ്കിലും പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ലെന്ന വിലയിരുത്തലിൽ ബിജെപി. എഫ്സിആർഎ വിവാദം തിരിച്ചടിച്ചെന്നും ക്രിസ്ത്യൻ സ്വാധീന മണ്ഡലങ്ങളിൽ തോൽവിക്ക് കാരണമായെന്നും സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പരീക്ഷണം വിജയിച്ചില്ലെങ്കിലും ട്വന്‍റി 20യുമായുളള സഖ്യം തുടരാനാണ് തീരുമാനം.
സിപിഎം നേതൃത്വത്തിനെതിരെ പരോക്ഷ വിമർശനവുമായി വിഎസിന്റെ മകൻ വി എ അരുൺകുമാർ. അഴിമതിക്കും പരിസ്ഥിതിക്കും സാധാരണക്കാരൻ്റെ നീതിക്കും വേണ്ടി പോരാടണമെന്നും ആ പഴയ കരുത്തിലേക്ക് തിരിച്ചു പോകേണ്ട സമയം അതിക്രമിച്ചുവെന്നും വിഎ അരുൺകുമാർ പറഞ്ഞു. ഫേസ്ബുക്കിലാണ് അരുൺ കുമാറിൻ്റെ വിമർശനം.
കെ സി വേണുഗോപാലിനായി കളമശ്ശേരിയിൽ ഫ്ലക്സ്. ‘സേനാധിപനുമല്ല മന്ത്രിയും അല്ല ഒരേയൊരു രാജാവ്, ദി റിയൽ കിംഗ്’ എന്നാണ് ഫ്ലക്സിലെ എഴുത്ത്. എച്ച്എംടി മെഡിക്കൽ കോളേജ് റോഡിൽ ആണ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.
പാലക്കാട് ജില്ലയിൽ ഫിസിക്കൽ ക്ലാസുകൾ നടത്താൻ അനുമതി. ഓണ്‍ലൈന്‍ ക്ലാസുകള്‍ ഏർപ്പെടുത്തിയ ഉത്തരവ് പിൻവലിച്ചു. ജില്ലയിൽ ചൂട് കനത്തതോടെയാണ് ഫിസിക്കല്‍ ക്ലാസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിക്കൊണ്ട് ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് അനുമതി നൽകിയത്.
കണ്ണൂർ പൊയിലൂരിൽ സ്ഫോടനകവസ്തു പൊട്ടി കുട്ടിയ്ക്ക് പരിക്കേറ്റു. വടക്കെ പൊയിലൂരുള്ള മുഹമ്മദ് ഷഹദി(13)നാണ് പരിക്കേറ്റത്. പരിക്കേറ്റ കുട്ടിയെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കൊളവല്ലൂർ പൊലീസ് അന്വേഷണം തുടങ്ങി.
പാലക്കാട് മണ്ഡലത്തിൽ ജയിക്കാം എന്ന് താൻ പറഞ്ഞിട്ടില്ലെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു. ഞങ്ങൾ തോൽക്കും എന്ന് ആദ്യമേ പറയാനുമാകില്ലല്ലോ. എൽഡിഎഫ് വോട്ടുകൾ കുറഞ്ഞിട്ടുണ്ട്. ബിജെപി വരാതിരിക്കാനുള്ള ഒരു ജാഗ്രത പാലക്കാട് മണ്ഡലത്തിൽ എടുത്തു എന്ന് വേണം കരുതാനെന്നും ഇ എൻ സുരേഷ് ബാബു പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ പ്രതികരണവുമായി കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ സച്ചിദാനന്ദൻ രംഗത്ത്. 10 കൊല്ലത്തിനിടയില്‍ കേന്ദ്ര അധികാരവും, പണവും പി.ആര്‍ വര്‍ക്കും മാധ്യമ സ്വാധീനവും വര്‍ഗീയ കാര്‍ഡുകളും സൈബർ ഗുണ്ടായിസവും അടക്കം പ്രയോഗിച്ചിട്ടും കേരളത്തില്‍ എന്‍ഡിഎക്ക് 6 ലക്ഷത്തോളം വോട്ടുകള്‍ കുറയുകയാണുണ്ടായതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു
അടുത്ത തെരഞ്ഞെടുപ്പിൽ കേരളത്തിൽ രണ്ട് മുന്നണികളെ ഉണ്ടാകൂ. അത് എൻഡിഎയും യുഡിഎഫുമാണെന്ന് ട്വന്റി ട്വന്റി ചീഫ് കോർഡിനേറ്റർ സാബു ജേക്കബ്. ഇടതു പക്ഷം പൂർണമായി ഇല്ലാതാകും. എൻഡിഎയും ട്വന്റി ട്വന്റിയും ചേർന്നുള്ള വോട്ടുകളിൽ കുറവ് ഉണ്ടായിയിട്ടുണ്ടെന്നും സാബു ജേക്കബ് പറഞ്ഞു.
സിപിഎമ്മിന്റെ ശക്തികേന്ദ്രമായ മട്ടന്നൂരിൽ മുഖ്യമന്ത്രി പിണറായി വിജയനും എം വി ഗോവിന്ദനുമെതിരെ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. പി. ജയരാജനും എം. സ്വരാജും പാർട്ടിയെ നയിക്കണമെന്നാവശ്യപ്പെടുന്ന ബോർഡുകൾ, തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പാർട്ടിയിലുയരുന്ന ഭിന്നതയുടെ സൂചനയായി. സംഭവം വിവാദമായതോടെ പാർട്ടി പ്രവർത്തകർ തന്നെ ഇവ നീക്കം ചെയ്തു.
താനും ജി സുധാകരനും ഉൾപ്പെടെയുള്ളവർ വിമതരല്ല, കമ്മ്യൂണിസ്റ്റുകളാണെന്ന് ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാർത്ഥി പി കെ ശശി. ഒറ്റപ്പാലത്ത് യുഡിഎഫ് വോട്ടുകൾ ബിജെപിയിലേക്ക് ഒഴുകിയെന്നും, എൽഡിഎഫിന്റെ പത്ത് വർഷത്തെ ദുർഭരണത്തിനെതിരായ ജനകീയ മുന്നേറ്റമാണിതെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പിലെ എൽഡിഎഫ് തോൽവിക്ക് കാരണം മുഖ്യമന്ത്രി പിണറായി വിജയൻ്റെ സമീപനത്തോടുള്ള വിയോജിപ്പാണെന്ന് മുതിർന്ന സിപിഐ നേതാവ് കെഇ ഇസ്മയിൽ. ജയസാധ്യത പരിഗണിക്കാതെ സ്ഥാനാർത്ഥികളെ നിർണ്ണയിച്ചതും മുന്നണിക്കകത്തെ പ്രശ്നങ്ങളുമാണ് വലിയ തകർച്ചയ്ക്ക് കാരണമായതെന്നും അദ്ദേഹം ആരോപിച്ചു.
നേരിട്ടത് അപ്രതീക്ഷിത തിരിച്ചടിയാണെന്നും പരാജയത്തിന്റെ ഉത്തരവാദിത്വം പിണറായി വിജയനിൽ കെട്ടിവയ്ക്കാൻ ആകില്ലെന്നും വി കെ സനോജ്. ജില്ലയിൽ വിമതർ ജയിച്ചത് കൊണ്ട് പാർട്ടി തകരില്ല. അതിജീവിക്കും. കോൺഗ്രസ് തരംഗത്തിൽ ഇടതുപക്ഷ വോട്ടുകൾ നഷ്ടമായി. മട്ടന്നൂരിലും വോട്ട് കുറഞ്ഞത് യുഡിഎഫ് തരംഗത്തിലാണെന്നും വി കെ സനോജ് പറഞ്ഞു.
ആശമാർ ഉൾപ്പെടെയുള്ള തൊഴിലാളി വിഭാഗങ്ങളോട് പിണറായി സർക്കാർ കാട്ടിയ ജനാധിപത്യവിരുദ്ധവും തൊഴിലാളി വിരുദ്ധവുമായ നിലപാടിനോടുള്ള ജനങ്ങളുടെ പ്രതിഷേധമാണ് പിണറായി സർക്കാരിന് ലഭിച്ച തോൽവിയെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ. തൊഴിലാളി ദ്രോഹ നടപടികൾക്ക് നേതൃത്വം നൽകിയ പിണറായി സർക്കാരിനെ അധികാരത്തിൽ നിന്നു പുറത്താക്കിയതിന് ജനങ്ങൾക്ക് നന്ദി അറിയിച്ച് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ.
അമ്പലപ്പുഴയിൽ കോൺഗ്രസ് പിന്തുണയോടെ ജയിച്ച ജി സുധാകരൻ, മുഖ്യമന്ത്രിയുടെ ‘ചെറ്റ’ പ്രയോഗം പ്രത്യയശാസ്ത്ര ദാരിദ്ര്യമാണെന്ന് വിമർശിച്ചു. സിപിഎം രാഷ്ട്രീയം പറയാതെ വ്യക്തിഹത്യ നടത്തിയെന്നും, പഴയ സിപിഎം അല്ലാതായതുകൊണ്ടാണ് പാർട്ടി വിട്ടതെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം തിരുത്തലിന് തയ്യാറായില്ലെങ്കിൽ കേരളം ബംഗാൾ ആകുമെന്ന് വി കുഞ്ഞികൃഷ്ണൻ. രക്തസാക്ഷി കുടുംബങ്ങൾ ഉൾപ്പെടെ തനിക്ക് വോട്ട് ചെയ്തു. വിജയിച്ചശേഷം പ്രാദേശിക സിപിഎം നേതാക്കൾ രഹസ്യമായി വിളിച്ച് അഭിനന്ദിച്ചു. അരലക്ഷം വോട്ടിന്റെ ഭൂരിപക്ഷം മറികടക്കുക അസാധ്യമായിരുന്നുവെന്നും താൻ ഉന്നയിച്ച വിഷയം ശരിയാണെന്ന് ബോധ്യമായിരുന്നു വോട്ടർമാർക്കെന്നും വി കുഞ്ഞികൃഷ്ണൻ പറഞ്ഞു.
തിരുവനന്തപുരം എ ആർ ക്യാമ്പിൽ ചട്ടങ്ങള്‍ ലംഘിച്ച് പൊലിസുകാരുടെ തെരഞ്ഞെടുപ്പ് വിജയാഘോഷം. യുഡിഎഫിനുണ്ടായ വിജയമാണ് ഒരു വിഭാഗം പൊലിസുകാർ ചേർന്ന് ക്യാമ്പിലെ ഡ്യൂട്ടി ഓഫീസിനുള്ളിൽ ആഘോഷിച്ചത്. പൊലിസുകാർ രാഷ്ട്രീയ പ്രവർത്തനത്തിലോ രാഷ്ട്രീയ ആഘോഷത്തിലോ പങ്കെടുക്കരുതെന്ന് ചട്ടമുള്ളപ്പോഴാണ് ആഷോഘം നടത്തിയത്.
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകളിൽ വിജയിച്ച വിജയ്, ട്രിച്ചി ഈസ്റ്റ് സീറ്റ് രാജിവെച്ചേക്കും. ഈ സീറ്റിൽ നടി തൃഷ കൃഷ്ണ മത്സരിക്കുമെന്ന അഭ്യൂഹങ്ങളുണ്ട്. സർക്കാർ രൂപീകരിക്കാൻ 10 പേരുടെ പിന്തുണ കൂടി വേണ്ട ടിവികെ, മറ്റ് പാർട്ടികളുടെ നിലപാട് നിർണായകമാകുന്നതോടെ വിജയ് മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പായി.
ബംഗാളിൽ നാടകീയ പ്രഖ്യാപനങ്ങളുമായി മമത ബാനർജി. തോൽവി സമ്മതിക്കില്ലെന്നും രാജിവെയ്ക്കില്ലെന്നും ഗവർണറെ കാണില്ലെന്നുമുള്ള വിചിത്ര നിലപാട് വാർത്താ സമ്മേളനം വിളിച്ച് മമത പ്രഖ്യാപിച്ചു. ധാർമിക വിജയം ടിഎംസിക്കാണെന്നും മമത പറയുന്നു.
ബംഗാളിലേറ്റ തെരഞ്ഞെടുപ്പ് തോൽവി മമത ബാനർജി അംഗീകരിക്കണമെന്ന് കേന്ദ്രമന്ത്രി സുഖന്ദ മജുംദാർ. ജനവിധി ചോദ്യംചെയ്യുന്ന രാഷ്ട്രീയ പാർട്ടികൾക്ക് ശോഭനമായ ഭാവിയുണ്ടാകില്ലെന്ന് മുന്നറിയിപ്പ് നൽകിയ അദ്ദേഹം ജനവിധി അംഗീകരിക്കാത്ത രാഷ്ട്രീയ പാർട്ടികൾക്ക് ശോഭനമായ ഭാവിയുണ്ടാകില്ലെന്നും ചൂണ്ടിക്കാട്ടി.
പ്രീപെയ്ഡ് സ്മാർട്ട് മീറ്ററുകളുടെ നിർബന്ധിത ഉപയോഗം നിർത്തലാക്കി ഉത്തർപ്രദേശ് സർക്കാർ. പകരം പഴയ പോസ്റ്റ്‌പെയ്ഡ് ബില്ലിംഗ് സംവിധാനത്തിലേക്ക് മാറി. സംസ്ഥാനത്തുടനീളമുള്ള ലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് ആശ്വാസം നൽകുന്നതാണ് തീരുമാനമെന്നും സർക്കാർ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കും രാഹുൽ ഗാന്ധിക്കും നന്ദി പറഞ്ഞ് ടിവികെ അധ്യക്ഷൻ വിജയ്. തമിഴ്നാട്ടിലെ വമ്പൻ വിജയത്തിന് ശേഷമുള്ള വിജയ്‍യുടെ ആദ്യ പ്രതികരണമാണിത്. രാഷ്ട്രീയത്തിനപ്പുറം തമിഴ്നാടിന്റെ ക്ഷേമത്തിനു മുൻഗണന നൽകാമെന്നും തമിഴ്നാടിന്റെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിൽ പ്രതിബദ്ധത പുലർത്താമെന്നും സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ വിജയ് പറഞ്ഞു.
പശ്ചിമ ബംഗാളിലും അസമിലും സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങളാരംഭിച്ച് ബിജെപി. ബംഗാളിലേക്കും അസമിലേക്കുമുള്ള നിരീക്ഷകരെ നിയമിച്ചു. ബംഗാളിലേക്ക് അമിത് ഷായെയും മോഹൻ ചരൺ മാജിയെയും അസമിലേക്ക് ജെപി നദ്ദയെയും നായബ് സിങ് സൈനിയെയും നിയമിച്ചു.
പെട്രോൾ, ഡീസൽ, ഗ്യാസ് എന്നിവയുടെ വിൽപ്പനയിൽ എണ്ണക്കമ്പനികൾക്ക് കനത്ത നഷ്ടം നേരിടുന്നുണ്ടെങ്കിലും, സാമ്പത്തിക സഹായം നൽകില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നിട്ടും നാല് വർഷമായി ചില്ലറ വിൽപ്പന വില മരവിപ്പിച്ചതാണ് കമ്പനികളെ സാമ്പത്തികമായി തളർത്തുന്നത്
അറ്റ്ലാൻ്റിക് സമുദ്രത്തിലൂടെ യാത്ര നടത്തുന്ന നെതർലൻഡ് ആസ്ഥാനമായ ക്രൂയിസ് കപ്പലിൽ മറ്റൊരാൾക്ക് കൂടി ഹാൻ്റാവൈറസ് രോഗബാധ സ്ഥിരീകരിച്ചു. മൂന്നുപേർ മരണപ്പെടുകയും ഒരാളുടെ ആരോഗ്യാവസ്ഥ ഗുരുതരമാകുകയും ചെയ്തതിനിടെ, ആണ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടായി ഉയർന്നത്.
തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന എല്ലാ കപ്പലുകൾക്കും തങ്ങളുടെ അനുമതി നിർബന്ധമാക്കി ഇറാൻ. അമേരിക്കൻ ആക്രമണം സിവിലിയൻ ബോട്ടുകൾക്ക് നേരെയാണെന്ന് ആരോപിച്ച ഇറാൻ, പ്രതിസന്ധി മറികടക്കാൻ ചൈനയുടെ സഹായം തേടി. മേഖലയിലെ സംഘർഷങ്ങളിൽ സൗദി അറേബ്യ ആശങ്ക പ്രകടിപ്പിച്ചു.
