Untitled design 20250112 193040 0000 3

 

 

 

കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് ചരിത്ര ദിനമെന്നും വർഷങ്ങളായി നീണ്ട സാധനയിലൂടെ ലഭിച്ച സിദ്ധിയെന്നും നരേന്ദ്ര മോദി പറഞ്ഞു. ബംഗാളിലെ, അസമിലെ, കേരളത്തിലെ, പുതുച്ചേരിയുടെ, തമിഴ്നാടിൻ്റെ ജനങ്ങളെ നമിക്കുന്നുവെന്നും മോദി പറഞ്ഞു.

 

സംസ്ഥാനത്തെ യുഡിഎഫ് വിജയത്തെ ‘യഥാർഥ കേരള സ്റ്റോറി’ എന്ന് വിശേഷിപ്പിച്ച് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. യുഡിഎഫിന്റെ മുഖ്യമന്ത്രിയെ കോൺഗ്രസ് ഹൈക്കമാൻഡ് കൂടിയാലോചിച്ച് ഉടൻ തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു. പത്ത് വർഷത്തെ എൽഡിഎഫ് ദുർഭരണത്തിനെതിരായ ജനവികാരമാണ് തിരഞ്ഞെടുപ്പ് ഫലമെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.

 

2026 നിയമസഭ തെരഞ്ഞെടുപ്പില്‍ പറവൂർ നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി വിഡി സതീശന് വിജയം. 20600 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് വിഡി സതീശൻ വിജയിച്ചത്. ആകെ 78658 വോട്ടുകളാണ് വിഡി സതീശൻ നേടിയത്.

 

കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ഇത്തവണ മത്സരിച്ച വലിയ പാർട്ടികളിൽ ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റ് മുസ്ലിം ലീഗിനാണ്. 81.48 ആണ് മുസ്ലിം ലീ​ഗിൻ്റെ വിജയശതമാനം. സിപിഎം മൂക്കു കുത്തി വീണതോടെ സ്വന്തമായി വോട്ട് ബാങ്കും കേഡർ സ്വഭാവവുമുള്ള ഒരേയൊരു പാർട്ടിയായി മാറിയിരിക്കുകയാണ് ലീഗ്.

 

കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയവും ബംഗാളിലെ ബിജെപി മുന്നേറ്റവും ഗൗരവമായി കാണുന്നതായി സിപിഎം പൊളിറ്റ് ബ്യൂറോ. പരാജയകാരണങ്ങൾ പരിശോധിച്ച് തിരുത്തൽ നടപടികൾ സ്വീകരിക്കുമെന്നും പാർട്ടി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഫലങ്ങൾ വിശകലനം ചെയ്യാൻ ഉടൻ യോഗം ചേരുമെന്നും പ്രസ്താവനയിൽ പറയുന്നു.

 

നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവച്ചു. തലസ്ഥാനത്ത് എത്താതെ, കണ്ണൂരിലെ വസതിയിൽ നിന്ന് പ്രത്യേക ദൂതൻ വഴിയാണ് അദ്ദേഹം രാജിക്കത്ത് രാജ്ഭവനിലേക്ക് അയച്ചത്. ഗവർണർ രാജി സ്വീകരിക്കുകയും പുതിയ സർക്കാർ അധികാരമേൽക്കും വരെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ ആവശ്യപ്പെടുകയും ചെയ്തു.

 

ജനങ്ങളെ എപ്പോഴും മാനിക്കണം എന്നതാണ് ജനാധിപത്യത്തിന്‍റെ സൌന്ദര്യമെന്ന് പാലക്കാട് ജയിച്ച യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടി. ജനങ്ങളെയല്ല ഭരിക്കേണ്ടത്. ജനങ്ങൾക്കു വേണ്ടിയായിരിക്കണം ഭരണമെന്ന് ഒരിക്കൽ കൂടി ഓർമിപ്പിക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണിത്. പാലക്കാട്ടെ ഓരോ വോട്ടർക്കും നന്ദി പറയുന്നുവെന്നും രമേഷ് പിഷാരടി പ്രതികരിച്ചു.

 

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കെ സി വേണുഗോപാലിനായി പാലക്കാട് ഫ്ലക്സ്. ‘കെ.സി നയിച്ചു, കേരളം ജയിച്ചു’ എന്നാണ് ഫ്ലക്സിലെ എഴുത്ത്. പാലക്കാട് ജില്ലാ ആശുപത്രിക്ക് സമീപമാണ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്. അതേസമയം ഉജ്ജ്വല വിജയം സമ്മാനിച്ച ജനങ്ങൾക്ക് നന്ദിയുണ്ടെന്നും പതിനായിരക്കണക്കിന് യുഡിഎഫ് പ്രവർത്തകർക്ക് വിജയം സമർപ്പിക്കുകയാണെന്നും വിഡി സതീശൻ പറഞ്ഞു.

 

തൃശൂർ ഒല്ലൂർ മണ്ഡലത്തിൽ മിന്നുന്ന ജയത്തോടെ സിപിഐ സ്ഥാനാർഥി കെ. രാജൻ. 8884 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രാജൻ യുഡിഎഫ് സ്ഥാനാർഥി ഷാജി കോടങ്കണ്ടത്തിനെ പരാജയപ്പെടുത്തിയത്.

 

യുഡിഎഫ് സ്ഥാനാർത്ഥി സതീഷ് കൊച്ചുപറമ്പിലിനെ 1,838 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് ജനീഷ് കുമാർ മണ്ഡലത്തിൽ ഹാട്രിക് വിജയം പൂർത്തിയാക്കിയത്. ജനീഷ് കുമാർ 60,380 വോട്ടുകൾ നേടിയപ്പോൾ, അവസാന നിമിഷം വരെ കടുത്ത വെല്ലുവിളി ഉയർത്തിയ സതീഷ് കൊച്ചുപറമ്പിലിന് 58,542 വോട്ടുകൾ ലഭിച്ചു.

 

2026 നിയമസഭ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വക്കേറ്റ് ഫൈസൽ ബാബു 52680 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. എൽഡിഎഫ് സ്ഥാനാര്‍ഥി അഹമ്മദ് ദേവർകോവിലിനെ പരാജയപ്പെടുത്തി, കഴിഞ്ഞ തവണത്തെ അട്ടിമറി വിജയത്തിന് ശേഷം യുഡിഎഫ് മണ്ഡലം തിരിച്ചുപിടിച്ചു.

 

തിരുവനന്തപുരത്ത് എൽഡിഎഫിനേറ്റ കനത്ത തോൽവിക്ക് പിന്നാലെ പ്രതികരണവുമായി പി. സരിൻ. ജനവിധി അംഗീകരിക്കുന്നുവെന്നും തോൽവിയുടെ കാരണങ്ങൾ കണ്ടെത്തി തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. വിജയിച്ച യുഡിഎഫിന് ആശംസകൾ നേർന്ന സരിൻ, ജനങ്ങളെ വീണ്ടും വിശ്വാസത്തിലെടുത്ത് പാർട്ടി തിരികെ വരുമെന്നും കൂട്ടിച്ചേർത്തു.

 

കുന്നത്തുനാട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി വി പി സജീന്ദ്രന് വിജയം. 21283 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് സജീന്ദ്രന് വിജയിച്ചത്. സജീന്ദ്രൻ 70292 വോട്ടുകളും പ്രധാന എതിരാളികളായ എൽഡിഎഫ് സ്ഥാനാർഥി പിവി ശ്രീനിജൻ 49009 വോട്ടുകളും,എൻഡിഎ സ്ഥാനാര്‍ഥി ബാബു ദിവാകരൻ 40221 വോട്ടുകളും നേടി.

 

 

മലപ്പുറം നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി കുഞ്ഞാലിക്കുട്ടിക്ക് പടുകൂറ്റന്‍ വിജയം. 85327 വോട്ടുകളുടെ റെക്കോര്‍ഡ് ഭൂരിപക്ഷം നേടിയാണ് കുഞ്ഞാലിക്കുട്ടി വിജയിച്ചത്.

 

 

തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി ദീപക് ജോയ്ക്ക് വിജയം. 18468 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് ദീപക് ജോയ് വിജയിച്ചത്.

 

മുന്നണിക്ക് വേണ്ടി വിട്ടുവീഴ്ചകൾ നടത്തി മത്സരിച്ച കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം എട്ടിൽ ഏഴ് സീറ്റിലും വിജയിച്ച് കരുത്ത് തെളിയിച്ചു. ജോസ് കെ മാണി വിഭാഗം തകർന്നടിഞ്ഞപ്പോൾ, പി ജെ ജോസഫ് മാറിനിന്നിട്ടും പാർട്ടി നേടിയ ഈ വിജയം യുഡിഎഫിൽ അവരുടെ സ്ഥാനം ഉറപ്പിക്കുന്നു.

 

മണ്ണാർക്കട് നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. എന്‍ ഷംസുദ്ദീന് (മുസ്‍ലിം ലീഗ്) വിജയം. 25,903 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് ഷംസുദ്ദീന്‍ വിജയിച്ചത്.

 

 

കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി അഡ്വ. കെ ജയന്ത് 1483 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. എൽഡിഎഫിലെ തോട്ടത്തിൽ രവീന്ദ്രനെയാണ് പരാജയപ്പെടുത്തിയത്.

 

 

കേന്ദ്രമന്ത്രി എത്തിയിട്ടും കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിൽ ക്ലച്ച് പിടിച്ചിക്കാനാവാതെ ബിജെപി. കേന്ദ്രമന്ത്രി ജോർജ് കുര്യൻ്റെ സ്ഥാനാർഥിത്വം പാർട്ടിവോട്ടുകളിൽ വിള്ളൽ വീഴ്ത്തിയത് ബിജെപിക്ക് കനത്ത തിരിച്ചടിയായി.

 

പ്രതീക്ഷിച്ചതിന് അപ്പുറം ഉള്ള തോൽവിയാണെന്നും തോൽവി അംഗീകരിക്കുന്നുവെന്നും സിപിഎം നേതാവ് സജി ചെറിയാൻ. ഇത്രയും വലിയ തിരിച്ചടിക്ക് കാരണമെന്തെന്ന് പരിശോധിക്കും. സംഘടന ദൗർലബ്യങ്ങൾ വന്നിട്ടുണ്ടാകാം. ആരും അഹങ്കരിക്കേണ്ടെന്നും അടുത്ത തവണ കരയേണ്ടി വരുമെന്നും സജി ചെറിയാൻ പറഞ്ഞു.

 

നെടുമങ്ങാട് നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാര്‍ഥി ജി ആർ അനിലിന് വിജയം. 21583 ഭൂരിപക്ഷം നേടിയാണ് അനിൽ വിജയിച്ചത്. 69206 വോട്ടുകളാണ് അദ്ദേഹം നേടിയത്.

 

ഇരിങ്ങാലക്കുട നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. തോമസ് ഉണ്ണിയാടന് വിജയം. 10212 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചത്.

 

 

എലത്തൂർ നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി അഡ്വ വിദ്യ ബാലകൃഷ്‍ണന് മിന്നും ജയം.12162 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഏ കെ ശശീന്ദ്രനെ പരാജയപ്പെടുത്തി വിദ്യ ബാലകൃഷ്‍ണൻ വിജയിച്ചത്.

 

 

വടക്കാഞ്ചേരി നിയമസഭാ മണ്ഡലത്തില്‍ വിജയം വിടാതെ എല്‍ഡിഎഫ് സ്ഥാനാർഥി സേവ്യർ ചിറ്റിലപ്പള്ളി. യുഡിഎഫിന്‍റെ പി എൻ വൈശാഖിനെ 5690 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ തോല്‍പിച്ചാണ് സേവ്യർ ചിറ്റിലപ്പള്ളി തുടര്‍ച്ചയായ രണ്ടാം തവണയും നിയമസഭയിലെത്തിയത്.

 

2026 നിയമസഭ തെരഞ്ഞെടുപ്പില്‍ ആലുവ നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി അൻവർ സാദത്തിന് വിജയം. 29143 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് അൻവർ സാദത്ത് വിജയിച്ചത്.

 

കഴിഞ്ഞ മൂന്ന് സർക്കാരുകളിലായി ആരോഗ്യവകുപ്പ് കൈകാര്യം ചെയ്ത വീണ ജോർജ്ജ്, കെകെ ശൈലജ, വിഎസ് ശിവകുമാർ എന്നിവർ ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. ആറന്മുള, പേരാവൂർ, അരുവിക്കര എന്നിവിടങ്ങളിലാണ് യഥാക്രമം ഇവർ പരാജയപ്പെട്ടത്. ഇത് ഈ പ്രമുഖ നേതാക്കൾക്ക് വലിയ രാഷ്ട്രീയ തിരിച്ചടിയായി.

 

 

വിവാദങ്ങൾ ഉണ്ടാക്കി നടന്ന രാഷ്ട്രീയക്കാരെ ജനം പുറത്താക്കിയെന്ന് രാജീവ് ചന്ദ്രശേഖർ. നിയമസഭയ്ക്കുള്ളിൽ ജനങ്ങൾക്കായി നിലകൊള്ളും. ബിജെപിയ്ക്ക് ജനങ്ങൾ അവസരം തന്നുവെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇക്കാര്യത്തിൽ മാജിക്ക് ഇല്ല. സിപിഎമ്മിൻ്റെ നുണപ്രചാരണങ്ങളെ വോട്ടർമാർ പൊളിച്ചെഴുതി. ഇന്നുമുതൽ നേമത്തെ ജനങ്ങളുടെ സേവകൻ ആണ് താനെന്ന് രാജീവ് ചന്ദ്രശേഖർ. എല്ലാ പ്രശ്നത്തിനും ജനങ്ങൾക്കൊപ്പം ഉണ്ടാകുമെന്ന് ഉറപ്പ് തരുന്നുവെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

 

 

പശ്ചിമ ബംഗാളിൽ നാലാം തവണയും ഭരണത്തിലേറാൻ ഒരുങ്ങിയ മമത ബാനർജിക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ് ബിജെപിയുടെ മുന്നേറ്റം. മമത നേതൃത്വം നൽകുന്ന തൃണമൂൽ കോൺഗ്രസിന് ഭരണം നഷ്ടപ്പെട്ടതിന് പുറമേ, സീറ്റെണ്ണവും കൂപ്പുകൂത്തിയത് തോൽവിയുടെ ആഘാതം ഇരട്ടിയാക്കി. സംസ്ഥാന സർക്കാരിനെതിരായ ഭരണവിരുദ്ധവികാരവും അഴിമതി ആരോപണങ്ങളും അടക്കം ശരിവെക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം

 

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് മികച്ച നേട്ടം. പശ്ചിമ ബംഗാൾ, അസം, പുതുച്ചേരി എന്നിവിടങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ കേരളത്തിൽ മൂന്ന് സീറ്റുകൾ നേടി. എന്നാൽ, തമിഴ്‌നാട്ടിൽ പാർട്ടിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വന്നു.

 

 

പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേടിയ ഐതിഹാസിക വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർട്ടി പ്രവർത്തകരെ അഭിനന്ദിച്ചു. ബംഗാളിലെ ജനങ്ങളുടെ സ്വപ്നങ്ങൾ നിറവേറ്റുമെന്ന് ഉറപ്പു നൽകിയ അദ്ദേഹം,  ഈ വിജയം ചരിത്രപരമാണെന്നും എടുത്തുപറഞ്ഞു.

 

നടൻ വിജയ്‌യുടെ ടിവികെ പാർട്ടി തമിഴ്‌നാട് തെരഞ്ഞെടുപ്പിൽ 110 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. കേവലഭൂരിപക്ഷം ഇല്ലെങ്കിലും മറ്റ് കക്ഷികളുടെ പിന്തുണയോടെ വിജയ് മുഖ്യമന്ത്രിയാകാനുള്ള സാധ്യത തെളിഞ്ഞു. പുതുച്ചേരിയിലും രണ്ട് സീറ്റുകൾ നേടി ടിവികെ നിർണായക സാന്നിധ്യമായി.

 

 

കന്നി അങ്കത്തിൽ തന്നെ തമിഴ്‌നാട് രാഷ്ട്രീയത്തെ അമ്പരപ്പിച്ച് വിജയിന്റെ തമിഴക വെട്രി കഴകം. ചെന്നൈയിലെ നിർണ്ണായക സീറ്റായ വിരുഗമ്പാക്കത്ത് വിജയിന്റെ മുൻ ഡ്രൈവറും പേഴ്സണൽ അസിസ്റ്റന്റുമായ രാജേന്ദ്രന്റെ മകൻ ആർ ശബരീനാഥൻ ഡിഎംകെ സ്ഥാനാർത്ഥിയെക്കാൾ മികച്ച മുന്നേറ്റം നടത്തി വിജയം കണ്ടെത്തിയിരിക്കുകയാണ്.

 

 

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കൊളത്തൂർ മണ്ഡലത്തിൽ അപ്രതീക്ഷിതമായി പരാജയപ്പെട്ടു. നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ സ്ഥാനാർത്ഥിയും സ്റ്റാലിന്റെ മുൻ വിശ്വസ്തനുമായ വി എസ് ബാബുവാണ് അട്ടിമറി വിജയം നേടിയത്. ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ തമിഴക വെട്രി കഴകം സംസ്ഥാനത്ത് വൻ മുന്നേറ്റം നടത്തി.

 

 

ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിക്കാൻ ഡോണൾഡ് ട്രംപിന്‍റെ പുതിയ പ്ലാൻ. പ്രൊജക്ട് ഫ്രീഡം എന്നപേരിലാണ് പുതിയ പ്ലാൻ എന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. കപ്പലുകളും അതിലെ ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിക്കുകയാണ് ലക്ഷ്യമെന്ന് ട്രംപ് വ്യക്തമാക്കി. ഹോർമുസ് പ്രതിസന്ധിയിൽ ഇറാനുമായി പോസിറ്റീവായ ചർച്ചകളാണ് നടക്കുന്നത്. ഈ ചർച്ചകൾ എല്ലാവർക്കും ഗുണകരമായ ഒരു തീരുമാനത്തിൽ എത്തിച്ചേരുമെന്നും ട്രംപ് പറയുന്നു.

 

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *