Untitled design 20250112 193040 0000 2

 

 

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രാജ്യത്തോട് നടത്തിയ അഭിസംബോധനക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. മോദിയുടേത് നേരത്തെ തയ്യാറാക്കിയ പ്രസംഗമായിരുന്നുവെന്നും, നാടകത്തിൻ്റെ അവസാനമാണ് പ്രസംഗമെന്നും ആരോപിച്ച് പ്രധാനമന്ത്രിക്കെതിരെ പി സന്തോഷ് കുമാർ എംപി തെരഞ്ഞെടുപ്പ‌് കമ്മീഷന് പരാതി നല്കി. അതേസമയം വനിതാ ബില്ലിലെ പ്രധാനമന്ത്രിയുടെ പ്രതികരണത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് അനിൽ അക്കരയും പരാതി നൽകിയിട്ടുണ്ട്.

 

വനിത സംവരണ ബില്ലിലെ പ്രധാനമന്ത്രിയുടെ അഭിസംബോധനയില്‍ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. നടപടി പെരുമാറ്റ ചട്ട ലംഘനമെന്ന് കാട്ടി കോണ്‍ഗ്രസും സിപിഐയും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. അതേസമയം പ്രതിപക്ഷത്തിന് എതിരെ വനിതകളെ അണിനിരത്തി രാജ്യവ്യാപക പ്രതിഷേധത്തിനാണ് ബിജെപി ആഹ്വാനം.

 

പ്രധാനമന്ത്രിയുടെ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ സിപിഎം പരാതി നൽകിയെന്ന് ദേശീയ ജനറൽ സെക്രട്ടറി എംഎ ബേബി. ഇന്നലെ പ്രധാനമന്ത്രി ദൂരദർശൻ ഉൾപ്പടെയുള്ള ഔദ്യോഗിക മാധ്യമങ്ങളെ ഉപയോഗിച്ച് നടത്തിയത് രാഷ്‌ട്രീയ പ്രചരണമാണെന്ന് എംഎ ബേബി പറഞ്ഞു.

 

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വേണ്ടി പിന്നണിയിൽ നിന്ന് എല്ലാം ചെയ്തത് കെ സി വേണുഗോപാലാണെന്ന് വെള്ളാപ്പള്ളി നടേശൻ. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയാകാൻ കെ സി വേണുഗോപാൽ അയോഗ്യനാണ് എന്ന് താൻ പറയില്ല. എന്നാൽ ആരാണ് യോഗ്യൻ എന്നും പറയില്ല. വി ഡി സതീശൻ കൂടുതൽ പ്രവർത്തിച്ചത് ടെലിവിഷനിലാണ്.

 

രൂക്ഷ വിമർശനവുമായി എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായി എം.എൻ. കാരശേരി. കോൺഗ്രസ് നേതാക്കൾ കുറച്ചുകൂടി മര്യാദ കാണിക്കണമെന്നും ജനാധിപത്യത്തോടും ബഹുജനങ്ങളോടും കുറച്ചുകൂടി വിനയം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുമായുള്ള ചർച്ചക്ക് പിന്നാലെയാണ് കാരശേരിയുടെ വിമർശനം.

 

കോൺഗ്രസിലെ മുഖ്യമന്ത്രി പോരിൽ പ്രതികരിച്ച് കെ മുരളീധരൻ. ടേം വ്യവസ്ഥയൊന്നും ഇല്ലെന്നും തെരഞ്ഞെടുക്കുന്നയാൾ അഞ്ച് വർഷം മുഖ്യമന്ത്രിയാകുമെന്നും കെ മുരളീധരൻ പറഞ്ഞു. സുധാകരന്റെ പരസ്യ പ്രതികരണം മുരളീധരൻ തള്ളുകയും ചെയ്തു.

 

സിപിഎം വിട്ട എല്ലാ നേതാക്കളുമായും ചർച്ച നടത്തുമെന്ന് പിവി അൻവർ. പിണറായിയുടെ നേതൃത്വത്തിൽ ഇവർക്കെതിരെ ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ട്. ഇവരുടെ കൂട്ടായ്മ ഉണ്ടാക്കാൻ ശ്രമിക്കും. അതിന്റെ രൂപം യുഡിഎഫ് നേതൃത്വവുമായി ചർച്ച ചെയ്ത ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

കൊച്ചിക്ക് ആശ്വാസമായി ശക്തമായ വേനൽ മഴയെത്തി. ആലുവയിലടക്കം പലയിടത്തും മരങ്ങൾ കടപുഴകി വീഴുകയും ഗതാഗതവും വൈദ്യുതിയും തടസ്സപ്പെടുകയും ചെയ്തു. സംസ്ഥാനത്ത് ഏപ്രിൽ 22 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി

 

വയനാട് ടൗണ്‍ഷിപ്പിലെ വിള്ളല്‍ വിവാദം തിരിച്ചടിയാകുമോ എന്ന ആശങ്കയില്‍ സര്‍ക്കാര്‍. വിള്ളല്‍ ഇല്ല എന്ന മന്ത്രിയുടെ വാദം വീട്ടുടമ നൗഫല്‍ തള്ളിപ്പറഞ്ഞതോടെ പ്രതിപക്ഷവും സംഭവത്തെ രാഷ്ട്രീയ ആയുധമാക്കുകയാണ്. നൗഫലിന്റെ വീട്ടിന്റെ ടെറസില്‍ തുടര്‍ പരിശോധനയ്ക്കായി വിള്ളലിന് ചുറ്റും വെള്ളം കെട്ടി നിര്‍ത്താന്‍ ഉണ്ടാക്കിയ സംവിധാനം പൊളിച്ചു മാറ്റി. ആദ്യഘട്ട വീടുകളില്‍ രണ്ടാംഘട്ട കോണ്‍ക്രീറ്റ് നടത്താനുള്ള നടപടികള്‍ ആരംഭിച്ചു.

 

ടൗൺഷിപ്പ് വീടുകളിൽ വിള്ളൽ വന്നെന്ന ആരോപണത്തിൽ പ്രതികരിച്ച് സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീക്ക്. കോൺഗ്രസിന്റെ ഭവനപദ്ധതി എവിടെയെത്തിയെന്ന് പറഞ്ഞിട്ട് മതി വിള്ളൽ പൊറാട്ട് നാടകമെന്നാണ് അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്.

 

കുംഭമേള വൈറല്‍ താരത്തിന്‍റെ വിവാഹവും കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി കൊച്ചിയിലെത്തിയ മധ്യപ്രദേശ് പൊലീസ് തിരിച്ചുപോയി. പെൺകുട്ടിയെയും പങ്കാളിയെയും കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് മധ്യപ്രദേശ് പൊലീസ് നാട്ടിലേക്ക് തിരിച്ചത്.

 

മലപ്പുറം അങ്ങാടിപ്പുറത്ത് മന്തിയുടെ ചിത്രം ഉൾപ്പെടുത്തിയുള്ള വിഷു ആശംസയ്ക്ക് പിന്നാലെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് പേരും ഹോട്ടൽ ഉടമകളാണ്. മുസ്തഫ, ഷാഹുൽ ഹമീദ്, മുഹമ്മദ്‌ ഷാഹിൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

 

കണ്ണൂർ അഞ്ചരക്കണ്ടി ഡന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ കോളജിൽ ആർക്കും പങ്കില്ലെന്നും ജീവനൊടുക്കാൻ കാരണം ലോൺ ആപ്പ് ഭീഷണിയാണെന്നും മാനേജ്മെന്റിന്റെ വിശദീകരണക്കുറിപ്പ്. ജാതി വിവേചന ആരോപണം തെറ്റെന്നും മാനേജ്മെന്റ് വ്യക്തമാക്കുന്നു.

 

ഇടുക്കി നാരകക്കാനത്ത് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ഒരു സ്ത്രീയും ആറുമാസം പ്രായമുള്ള കുഞ്ഞുമാണ് മരിച്ചത്. നാരകക്കാനത്ത് വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്.

 

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താ

വളം വഴി സ്വർണം കടത്തിയ കേസിൽ കസ്റ്റംസ് ഉദ്യോഗസ്ഥ ഉൾപ്പെടെ രണ്ട്‌ പ്രതികൾക്ക് കഠിനതടവും പിഴയും ശിക്ഷ വിധിച്ചു. കസ്റ്റംസ് ഹവിൽദാർ തിരുമല അണ്ണൂർ ബിന്ദുവിലാസത്തിൽ ജി. റാണിമോൾ, പൂന്തുറ പരുത്തിക്കുഴി ത്രിവേണി നഗർ 57ൽ സബീർ അബ്ദുൽ കരീം എന്നിവരെയാണ് സിബിഐ പ്രത്യേക കോടതി ശിക്ഷിച്ചത്.

 

വഴുതക്കാട് വാഹനാപകടക്കേസിൽ നടൻ മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്. അപകടസമയത്ത് മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞു. ഇതോടെ മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റം ഒഴിവാക്കി പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.

 

തൃശ്ശൂർ കോടാലിയിൽ എട്ട് വയസ്സുകാരൻ പാമ്പുകടിയേറ്റു മരിച്ചു. ആൽജോ ആണ് മരിച്ചത്. ആൽജോയുടെ സഹോദരൻ അനോജിനും പാമ്പ് കടിയേറ്റു. അനോജ് അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. കുട്ടികൾ കിടന്ന മുറിയിലെ തലയണയ്ക്കടിയിൽ നിന്ന് പാമ്പിനെ കണ്ടെത്തി.

 

നാസിക് ടിസിഎസ് കേസിൽ പരാതി നൽകിയ യുവതി പട്ടിക വിഭാഗത്തിൽ നിന്നായതുകൊണ്ട് ഒന്നാംപ്രതി ഡാനിഷ് ഷെയ്ഖിനെതിരെ എസ്‍ സി, എസ്‍ടി നിയമപ്രകാരവുമുള്ള വകുപ്പ് കൂടി ചുമത്തി. ലൈംഗികാതിക്രമം, മതപരിവർത്തനം തുടങ്ങിയ ആരോപണങ്ങളിലാണ് കേസിലെ മുഖ്യപ്രതി ഡാനിഷിനെതിരെ കേസ് എടുത്തിരുന്നത്.

 

എം കെ സ്റ്റാലിന് പിന്തുണയുമായി തമിഴ്നാട്ടിലെ ബിഷപ്പുമാർ. വോട്ടെടുപ്പിന് മുമ്പുള്ള ഞായറാഴ്ച ബിഷപ്പുമാരുടെ സംഘം സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. റോമൻ കത്തോലിക്കാ, സിറോ മലബാർ, ലാറ്റിൻ, സിഎസ്ഐ, യാക്കോബായ, ലൂഥറൻ, ഇവാഞ്ചലിക്കൽ സഭകളിലെ ബിഷപ്പുമാരും വൈദികരും സംഘത്തിലുണ്ടായിരുന്നു.

 

തമിഴ്‌നാട് വിരുദുനഗർ കട്ടനാർപട്ടിയിലെ ഒരു പടക്ക നിർമ്മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ 19 പേർ കൊല്ലപ്പെട്ടു. എട്ടോളം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. വനജ പടക്കനിർമാണ ശാലയിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനം നടക്കുമ്പോൾ ഇവിടെ 30ഓളം തൊഴിലാളികളുണ്ടായിരുന്നതായാണ് റിപ്പോർട്ട്.

 

നിരോധിത സാറ്റലൈറ്റ് ഫോൺ കൈവശം വെച്ചതിന് ശ്രീനഗർ വിമാനത്താവളത്തിൽ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ജെഫ്രി സ്കോട്ട് പ്രഥർ എന്ന അമേരിക്കൻ പൗരനും ഹൽദാർ കൗശിക് എന്ന കൊൽക്കത്ത സ്വദേശിയുമാണ് കസ്റ്റഡിയിലുള്ളത്.

 

ബംഗ്ലാദേശിലെ പുതിയ ഇന്ത്യൻ ഹൈക്കമ്മീഷണറായി മുൻ കേന്ദ്രമന്ത്രിയും ബി ജെ പി നേതാവുമായ ദിനേശ് ത്രിവേദിയെ നിയമിച്ചു. നിലവിലെ ഹൈക്കമ്മീഷണർ പ്രണയ് വർമ്മയ്ക്ക് പകരക്കാരനായാണ് അദ്ദേഹം എത്തുന്നത്.

 

സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി അടച്ചിട്ടിരുന്ന ദുബായിലെ ഗ്ലോബൽ വില്ലേജ് ഏപ്രിൽ 20 തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണി മുതൽ പ്രവർത്തനം പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. എല്ലാ ദിവസവും വൈകുന്നേരം 5 മണി മുതൽ അർധരാത്രി 12 മണി വരെയാണ് പ്രവർത്തന സമയം.

 

ഹോർമുസ് കടലിടുക്കിലെ സംഘർഷങ്ങൾക്കിടയിൽ, കേരളത്തിന്റെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാകുന്നുവെന്ന് ശശി തരൂർ എംപി. നിലവിലെ ഭൗമരാഷ്ട്രീയ പ്രതിസന്ധികൾക്കിടയിലും വിഴിഞ്ഞം കൈവരിക്കുന്ന അഭൂതപൂർവ്വമായ വളർച്ചയെക്കുറിച്ച് എക്സ് ഹാൻഡിലിലൂടെയാണ് അദ്ദേഹം വിശദീകരിച്ചത്.

 

പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, വോട്ടർമാരോട് നേരിട്ട് അഭ്യർത്ഥനയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാളിൽ ബിജെപി സർക്കാർ രൂപീകരിച്ചാൽ ‘ഡബിൾ എഞ്ചിൻ’ ഭരണം ഉറപ്പാക്കുമെന്നും കർഷകർക്ക് ഇതിന്റെ ഗുണം നേരിട്ട് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൃണമൂൽ കോൺഗ്രസിന്റെ ഇടനിലക്കാരെ ബംഗാളിലെ മാർക്കറ്റുകളിൽ നിന്ന് പുറത്താക്കുമെന്നും അതുവഴി കർഷകർക്ക് അവരുടെ ഉത്പ്പന്നങ്ങൾക്ക് ന്യായവില ലഭിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.

 

ബിജെപിക്ക് പരോക്ഷ മറുപടിയുമായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. താനും രാഹുലും ഒരേ ലക്ഷ്യത്തോടെ ‌രണ്ട് ദിശയിൽ സഞ്ചരിച്ചുവെന്നും സഖ്യത്തിന്റെ ജയത്തിനായി വിവിധ സ്ഥലങ്ങളിൽ പോയെന്നും സ്റ്റാലിൻ പറഞ്ഞു.ഞാൻ ചെന്നൈയിലും രാഹുൽ തെക്കൻ തമിഴ്നാട്ടിലും പ്രചാരണം നടത്തുമെന്നും സ്റ്റാലിൻ പറഞ്ഞു.

 

ഇന്ത്യൻ പതാകയുള്ള പത്താമത്തെ കപ്പൽ ഹോർമുസ് കടന്നതായി റിപ്പോർട്ട്. രണ്ട് ഇന്ത്യൻ പതാകയുള്ള ടാങ്കറുകൾ തിരിച്ചുപോയിരുന്നു. മാരിടൈം ട്രാഫിക്കിൽ ലഭ്യമായ വിശദാംശങ്ങൾ പ്രകാരം നിരവധി ഇന്ത്യൻ, വിദേശ പതാകയുള്ള കപ്പലുകൾ ഇപ്പോഴും ഹോർമുസ് കടക്കാൻ കാത്തിരിക്കുന്നുവെന്നാണ് വിവരം

 

ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെ ഹോര്‍മുസ് കടലിടുക്കില്‍ ഉണ്ടായ വെടിവയ്പ്പില്‍ നാശനഷ്ടമുണ്ടായിട്ടില്ലെന്ന് വിവരം. ഐആര്‍ജിസിയുടെ രണ്ട് ഗണ്‍ബോട്ടുകള്‍ ആണ് വെടിയുതിര്‍ത്തതെന്ന് ഒരു കപ്പലിലെ ക്യാപ്റ്റന്‍ റിപ്പോര്‍ട്ട് ചെയ്തു. കപ്പലുകളുടെ ഗതി മാറ്റാനാണ് വെടിയുതിര്‍ത്തത് എന്നാണ് ഇറാന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍.

 

ചരിത്ര തീരുമാനവുമായി ബ്രിട്ടനിലെ ചർച്ച് ഇൻ വെയ്‌ൽസ്. സ്വവർഗ ദമ്പതികളുടെ വിവാഹത്തിന് പള്ളികളിൽ ഔദ്യോഗികമായി ആശിർവാദം നൽകുന്നതിനുള്ള ബില്ലിന് ഭൂരിപക്ഷത്തോടെ അംഗീകാരം നൽകി.

 

അമേരിക്കയ്ക്കും ഇസ്രയേലിനും പുതിയ കയ്‌പേറിയ തോൽവികൾ ഉണ്ടാകുമെന്ന് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനയി. ഇറാൻ സ്റ്റേറ്റ് ടിവിയിലൂടെയാണ് മുജത്ബയുടെ പ്രസ്താവന. ഇറാനും അമേരിക്കയും തമ്മിലുള്ള രണ്ടാം ഘട്ട ചർച്ചകൾ അനിശ്ചിതത്വത്തിൽ തുടരുന്നതിനിടെയാണ് പരമോന്നത നേതാവിന്റെ പ്രസ്താവന.

 

അമേരിക്കയുടെ മഹത്തായ സഖ്യകക്ഷിയാണ് ഇസ്രയേൽ എന്ന് തെളിയിക്കപ്പെട്ടുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സംഘർഷങ്ങളുടെയും പോരാട്ടങ്ങളുടെയും സമയത്ത് തനിനിറം കാട്ടിയ മറ്റു പലരെയും പോലെയല്ല ഇസ്രയേൽ. ഇസ്രയേലിന് ശക്തമായി പോരാടാനും എങ്ങനെ വിജയിക്കാമെന്ന് അറിയാമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

 

ഇറാനുമായുള്ള അടുത്ത ഘട്ട ചർച്ചകൾക്കായി യുഎസ് പ്രതിനിധികൾ പാകിസ്ഥാനിലെത്തുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചു. കരാറിലെത്തിയില്ലെങ്കിൽ ഊർജനിലയങ്ങൾ ഉൾപ്പെടെ തകർക്കുമെന്ന് ഭീഷണി മുഴക്കിയ ട്രംപ്, ഹോർമുസ് കടലിടുക്കിൽ വെടിനിർത്തൽ ലംഘിച്ചത് ഇറാനാണെന്നും ആരോപിച്ചു.

 

യുഎസ്-ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ മൃതദേഹം 51 ദിവസങ്ങൾ കഴിഞ്ഞിട്ടും സംസ്കരിച്ചിട്ടില്ല. സുരക്ഷാ ഭീഷണികളും പ്രതിഷേധ സാധ്യതയും കണക്കിലെടുത്താണ് നടപടി വൈകുന്നത്. അദ്ദേഹത്തിന്റെ മകൻ മുജ്തബ ഖമേനിയെ പുതിയ നേതാവായി തെരഞ്ഞെടുത്തു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *