തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ഒന്നാംഘട്ട വോട്ടെടുപ്പിന് ആവേശ പൂർവ്വമായ കൊട്ടിക്കലാശം. തിരുവനന്തപുരം, മുതൽ എറണാകുളം വരെയുള്ള ഏഴു ജില്ലകളിളെ വോട്ടെടുപ്പാണ് ചൊവ്വാഴ്ച്ച നടക്കുന്നത്. തൃശൂർ മുതൽ കാസർകോട്‌ വരെയുള്ള ഏഴ്‌ ജില്ലകളിൽ പതിനൊന്നാം തീയതിയാണ് വോട്ടെടുപ്പ്. ഡിസംബർ 13 ശനിയാഴ്ചയാണ് വോട്ടെണ്ണൽ.

 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായി എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കാസർകോട് ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്. വോട്ടിങ് മെഷീൻ അടക്കമുള്ള തെരഞ്ഞെടുപ്പ് ഉപകരണങ്ങളുടെ സ്വീകരണ വിതരണ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന, സ്ട്രോങ് റൂമുകൾ സജ്ജീകരിച്ചിരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

 

ജമാഅത്തെ ഇസ്ലാമി ബന്ധത്തെ ചൊല്ലി വീണ്ടും എൽഡിഎഫ് യുഡിഎഫ് വാക്ക് പോര്. ജമാഅത്തെ നേതാക്കളുമായി താൻ ചർച്ച നടത്തിയിട്ടുണ്ടെന്ന് സമ്മതിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പക്ഷേ ഒരു ഘട്ടത്തിലും ഇവരുമായി തെരഞ്ഞെടുപ്പ് കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടില്ലെന്നും പറഞ്ഞു. എന്നാൽ മുഖ്യമന്ത്രി കള്ളം പറയുകയാണെന്നും ജമാ അത്തെ ഇസ്ലാമിയും സിപിഎമ്മും തമ്മിൽ പതിറ്റാണ്ടുകളായുള്ള ബന്ധമാണെന്നും വി ഡി സതീശൻ തിരിച്ചടിച്ചു. അതേസമയം ജമാഅത്തെ ഇസ്ലാമിയെ കൊണ്ടുനടന്നത് സിപിഎം ആണെന്നും യുഡിഎഫിനെതിരെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും പി കെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു.

 

ജമാഅത്ത് നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ച നടത്തിയത് വോട്ടിന് വേണ്ടി തന്നെയാണെന്നും സിപിഎമ്മിൻ്റെ ഗുഡ് സർട്ടിഫിക്കറ്റിൻ്റെ ആവശ്യം ജമാഅത്തിനില്ലെന്നും ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പുക്കോട്ടൂർ അറിയിച്ചു. 2011 ഏപ്രിൽ 3ന് ആലപ്പുഴ ഗസ്റ്റ് ഹൗസിലായിരുന്നു പിണറായിയുമായി ചർച്ച നടത്തിയതെന്നും ശിഹാബ് പുക്കോട്ടൂർ കുറിപ്പിൽ വ്യക്തമാക്കി. ചർച്ച നടന്നില്ലെന്ന പാർട്ടി സെക്രട്ടറിയുടെ നുണ മുഖ്യമന്ത്രി തിരുത്തിയിരുന്നു.

 

കൊല്ലം കൊട്ടിയത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണ സംഭവത്തിൽ ദില്ലിയിൽ നിന്നുള്ള വിദഗ്ധ സംഘം അന്വേഷണത്തിനെത്തും. ഉടൻ തന്നെ അന്വേഷണം പൂർത്തിയാക്കി കേന്ദ്ര ഗതാഗത മന്ത്രാലയത്തിനും എൻഎച്ച്എഐക്കും റിപ്പോർട്ട് കൈമാറും. അതോടൊപ്പം സമാനമായ അപകടമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടിയ നാലിടത്ത് പിഡബ്ല്യുഡി, മൈനിങ് ആൻ്‍ഡ് ജിയോളജി, ഭൂഗർഭ ജല വകുപ്പ് വിഭാഗത്തിലെ വിദഗ്ധർ പരിശോധിക്കും.

 

യുഡിഎഫ് എംപിമാരുടെ കേരളത്തോടുള്ള മനോഭാവമാണ് കൊല്ലം, കോഴിക്കോട് എംപിമാരുടെ ചോദ്യത്തിലൂടെ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം അതിദാരിദ്ര്യ മുക്തമായെന്ന പ്രഖ്യാപനം എഎവൈ കാർഡുകൾ റദ്ദാക്കാൻ കാരണമാകുമോയെന്ന് പാർലമെന്റിൽ എൻ കെ പ്രേമചന്ദ്രനും എം കെ രാഘവനും ഉന്നയിച്ചിരുന്നു. പാർലമെന്റിൽ ഇത്തരം കുനുഷ്ട് ചോദ്യങ്ങൾ ചോദിക്കാൻ യുഡിഎഫ് എംപിമാർക്ക് വല്ലാത്ത ആവേശമാണ് എന്നാൽ സംസ്ഥാനത്തിന്റെ ആവശ്യം നേടിയെടുക്കാനും കേന്ദ്ര അവഗണനെക്കിതിരെ ശബ്ദിക്കാനും ഈ ഉത്സാഹമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

കേരളത്തിലെ എംപിമാരുടെ പ്രവർത്തനത്തിൽ സംവാദത്തിന് തയ്യാറാണെന്ന് കോഴിക്കോട് പ്രസ്ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദി ലീഡർ പരിപാടിയിൽ മുഖ്യമന്ത്രി പറഞ്ഞതിൽ പ്രതികരിച്ച് കെ സി വേണുഗോപാൽ എംപി. മുഖ്യമന്ത്രി വെല്ലുവിളി സ്വീകരിച്ചതിൽ വലിയ സന്തോഷമെന്നും സംവാദം നാളെത്തന്നെ നടത്താൻ തയാറാണെന്നും അദ്ദേഹം പറ‍ഞ്ഞു. മുഖ്യമന്ത്രിക്ക് തീയതി നിശ്ചയിക്കാം. കേരത്തിനു വേണ്ടിയുള്ള എംപിമാരുടെ പാർലമെന്റ് പ്രസംഗങ്ങൾ സൈറ്റിൽ ഉണ്ട് ആർക്ക് വേണമെങ്കിലും പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു.

 

ശബരിമല സ്വർണ്ണക്കൊള്ളയിലെ അന്വേഷണത്തിൽ അവകാശവാദം ഉന്നയിക്കാൻ മുഖ്യമന്ത്രിക്ക് ഒരു അവകാശവും ഇല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അന്വേഷണം നടക്കുന്നത് ഹൈക്കോടതി ഇടപെടലിൽ ആണ്. കടകംപള്ളിയുടെ ചോദ്യം ചെയ്യലും അറസ്റ്റും നീട്ടിക്കൊണ്ട് പോകാനാണ് സർക്കാരിന്റെ ശ്രമം. പ്രത്യേക അന്വേഷണ സംഘത്തിന് മേൽ സമ്മർദം ചെലുത്താനുള്ള ശ്രമവും നടക്കുന്നുണ്ടെന്നും വിഡി സതീശൻ പറഞ്ഞു.

 

ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് എസ്ഐടിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്. ശബരിമല സ്വർണക്കൊള്ളയിൽ പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണമെന്നും 500 കോടിയുടെ ഇടപാട് നടന്നെന്നും ചെന്നിത്തല കത്തിൽ പറയുന്നു. കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ തയ്യാറാണെന്നും ഇതേക്കുറിച്ച് നേരിട്ട് അറിവുള്ള വ്യക്തിയെ അന്വേഷണവുമായി സഹകരിപ്പിക്കാമെന്നും ചെന്നിത്തല കത്തിൽ ആരോപിക്കുന്നു.

 

മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനവുമായി ബന്ധപ്പെട്ട് മകൾ നടത്തിയ പ്രസ്താവന തിരുത്തി മുസ്‍ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ. ഇസ്ലാമിൽ ഹജ്ജ് കർമത്തിലടക്കം സ്ത്രീകൾ പങ്കെടുക്കുന്നുണ്ടെന്നിരിക്കെ പള്ളികളിൽ പ്രവേശന വിലക്കിനെ സംബന്ധിച്ച് ചോദ്യകർത്താവിന്റെ ചോദ്യത്തിന് മറുപടിയായിട്ടാണ് സ്ത്രീപ്രവേശനത്തെ ഫാത്തിമ നർഗീസ് അനുകൂലിച്ചത്. സ്ത്രീകൾ പള്ളികളിൽ പ്രവേശിക്കരുതെന്ന് ചിലർ ഉണ്ടാക്കിയെടുത്തതാണെന്നും വരും കാലത്ത് ഉടൻ തന്നെ ഇതിൽ മാറ്റും വരുമെന്ന് പ്രതീക്ഷിക്കുന്നതായും ഫാത്തിമ പറഞ്ഞു. എന്നാൽ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചതോടെ ആ വിഷയത്തിൽ ആവശ്യമായ മതബോധമോ പഠനത്തിന്റെ പര്യാപ്തതയോ ഇതുവരെ കൈവരിക്കാത്ത 16കാരിയായ കുട്ടിയുടെ, ആലോചനാപരമല്ലാത്ത പെട്ടെന്നുള്ള അഭിപ്രായപ്രകടനമായി മാത്രം കാണണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

 

മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനവുമായി ബന്ധപ്പെട്ട് അഭിപ്രായ പ്രകടനം നടത്തിയ മുനവ്വറലി തങ്ങളുടെ മകൾ ഫാത്തിമ നർഗീസിനെതിരായ സൈബർ ആക്രമണത്തിൽ പ്രതികരണവുമായി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. 16 വയസുള്ള ചെറിയ കുട്ടി പറഞ്ഞ കാര്യങ്ങൾ വിവാദമാക്കേണ്ട കാര്യമില്ലെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. പല കാര്യങ്ങൾ ആ കുട്ടി പറഞ്ഞു അതിൽ നിന്ന് ഒരു കാര്യം മാത്രമെടുത്ത് വിവാദം ആക്കുന്നുവെന്നും സൈബർ ആക്രമണം ശരിയല്ലെന്നും സാദിഖ് അലി തങ്ങൾ പ്രതികരിച്ചു.

 

കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി സിനിമാ നടനിൽ നിന്ന് ഒരു രാഷ്ട്രീയ പ്രവർത്തകനിലേക്ക് ഇതുവരെ എത്തിയിട്ടില്ലെന്നും നിരന്തരം രാഷ്ട്രീയ പ്രവർത്തകരെ അവഹേളിക്കുകയാണെന്നും മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരം ജില്ലയിൽ എത്ര നിയമസഭാ മണ്ഡലങ്ങൾ ഉണ്ടെന്നോ ലോക്സഭാ മണ്ഡലങ്ങൾ ഉണ്ടെന്നോ സുരേഷ്ഗോപിക്ക് അറിയില്ലെന്നും ആരെയും പുച്ഛത്തോട് കൂടി മാത്രമേ അദ്ദേഹം കാണുകയുള്ളൂവെന്നും മറുപടികൾ പറയുമ്പോൾ കുറച്ചുകൂടി മാന്യമായി പറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

കുറെ ചെളികൾ ഉണ്ടായതുകൊണ്ടാണ് താമരകൾ ശക്തമായി വിരുഞ്ഞു കൊണ്ടിരിക്കുന്നതെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. നുണറായിയല്ല നുണറായിസം ആണ് ഇപ്പോൾ കേരളത്തിലുള്ളതെന്നും, തൃശ്ശൂര്‍ മേയർ വർഗീസ് നല്ല ആളാണ് അതിൽ സംശയമില്ല എന്നാൽ അദ്ദേഹത്തെ നിയന്ത്രിക്കുന്ന ചില പിശാചുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ നാലാം നില സുരേഷ് ഗോപി എം.പി യുടെ വകുപ്പിന് കീഴിലുള്ള സ്ഥാപനത്തിന്‍റെ സി എസ് ആർ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചതെന്ന കേന്ദ്രമന്ത്രിയുടെ വാക്കുകൾ കള്ള പ്രചരണമെന്ന് മന്ത്രി ആര്‍ ബിന്ദു വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. നുണകൾ മാത്രം പ്രചരിപ്പിക്കാൻ മണ്ഡലത്തിലേക്ക് എത്തുന്ന എം പിയായി സുരേഷ് ഗോപി മാറിയെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്‍റെ വാർഷിക പദ്ധതിയിലും എട്ട് നബാർഡ് പദ്ധതിയിലും ഉൾപ്പെടുത്തിയാണ് നിർമ്മാണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 

നടിയെ ആക്രമിച്ച കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നാളെ വിധി പറയും. നടൻ ദീലീപ് എട്ടാം പ്രതിയായ കേസിൽ രാവിലെ പതിനൊന്നിനാണ് നടപടികൾ തുടങ്ങുക. നടിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്തിയ പൾസർ സുനിയാണ് കേസില്‍ ഒന്നാം പ്രതി. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആറു പ്രതികളടക്കം പത്തുപേരാണ് വിചാരണ നേരിട്ടത്. ആക്രമിക്കപ്പെട്ട നടിയോടുളള വ്യക്തി വിരോധത്തെത്തുടർന്ന് ബലാത്സംഗത്തിന് ക്വട്ടേഷൻ കൊടുത്തു എന്നാണ് ദിലീപിന് എതിരായ കേസ്.

 

നടക്കില്ലെന്ന് പറഞ്ഞ ദേശീയ പാത നിര്‍മാണം നടന്നുവെന്നും ജനങ്ങള്‍ കണ്‍കുളിര്‍ക്കേ കാണുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് ആയതുകൊണ്ടാണ് ദേശീയ പാത ഈ രീതിയിലാക്കാൻ കഴിഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് കോര്‍പ്പറേഷൻ എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

 

പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിനെ കണ്ടെത്താൻ ക്രൈംബ്രാഞ്ചിന്‍റെ പുതിയ സംഘത്തെ നിയോഗിച്ചു. ആദ്യ സംഘത്തിൽ നിന്ന് അന്വേഷണ വിവരങ്ങൾ രാഹുലിന് ചോരുന്നു എന്ന നിഗമനത്തിന്‍റെ കൂടി അടിസ്ഥാനത്തിലാണ് മറ്റൊരു സംഘത്തെ നിയോഗിച്ചത്. ബലാത്സംഗ കേസിൽ ഒളിവിലുള്ള രാഹുൽ കഴിഞ്ഞ 11 ദിവസമായി ഒളിവിൽ തുടരുകയാണ്. ഒരു കേസിൽ മാത്രമാണ് രാഹുലിന്‍റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിട്ടുള്ളത്.

 

ലൈംഗിക പീഡന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ഒളിവിൽ കഴിയാൻ സഹായം നൽകിയ രണ്ടുപേരെ പൊലീസ് പിടികൂടി.ബെംഗളൂരുവിൽ രാഹുലിനെ ഒളിവിൽ കഴിയാൻ സഹായിച്ച ജോസ്, റെക്സ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കര്‍ണാടക, തമിഴ്നാട് അതിര്‍ത്തിയിലെ ബാഗല്ലൂരിലെ ഒളിവ് സങ്കേതത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് രാഹുലിനെ എത്തിച്ചത് ഇവരാണെന്ന് പൊലീസ് അറിയിച്ചു. രക്ഷപ്പെടാൻ ഉപയോഗിച്ച ഫോര്‍ച്യൂണര്‍ കാറും പൊലീസ് പിടിച്ചെടുത്തു. ഇരുവരെയും ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു.

 

ഒഡീഷയിലെ ഭുവനേശ്വറിൽ നടന്ന 19-ാമത് ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ കോൺക്ലേവിൽ കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സാങ്കേതിക വിഭാഗമായ കേരള ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷന് (കൈറ്റ്) ‘എഡ്യൂക്കേഷൻ ടെക്നോളജി ട്രാൻസ്‌ഫോർമേഷൻ അവാർഡ്’ ലഭിച്ചു. കേരളത്തിലെ സ്‌കൂളുകൾക്കായി കൈറ്റ് സജ്ജമാക്കിയ നിർമിതബുദ്ധി അധിഷ്ഠിത ‘സമഗ്ര പ്ലസ് എ ഐ’ ലേണിംഗ് പ്ലാറ്റ്ഫോമിനാണ് ഈ ദേശീയ അംഗീകാരം.

 

തിരുപ്പരങ്കുണ്ട്രം ദീപം തെളിക്കൽ വിവാദവുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. ബിജെപിയുടേത് വിലകുറഞ്ഞ രാഷ്ട്രീയമാണെന്നും രാഷ്ട്രീയലാഭത്തിനായി ജനങ്ങളെ വിഭജിക്കുന്നത് ആത്മീയം അല്ലെന്നും എംകെ സ്റ്റാലിൻ പറഞ്ഞു. എല്ലാ വർഷത്തെയും പോലെയാണ് ദീപം ഇത്തവണയും തെളിയിച്ചതെന്നും സ്റ്റാലിൻ പറഞ്ഞു.

 

പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ അസം പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം ഡിസംബർ 12ന് കുറ്റപത്രം സമർപ്പിക്കും. സിംഗപ്പൂരിൽ നടത്തിയ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഉൾപ്പെടെ രണ്ട് പോസ്റ്റുമോർട്ടം റിപ്പോർട്ടുകൾ അടങ്ങിയതാണ് കുറ്റപത്രം. കേസിൽ ഗാർഗിന്റെ ബന്ധുവും മാനേജറും പരിപാടി സംഘാടകനും അടക്കം ഏഴുപേരെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

 

സുഡാനിൽ ഡ്രോൺ ആക്രമണത്തിൽ 33 നഴ്‌സറി കുട്ടികൾ ഉൾപ്പെടെ 50 പേർ കൊല്ലപ്പെട്ടതിൽ ആഗോളതലത്തിൽ വിമർശനം ശക്തമാകുന്നു. കണ്ണിൽ ചോരയില്ലാത്ത ആക്രമണമെന്നാണ് വിവിധ ലോകനേതാക്കളും യുണിസെഫുമടക്കം പ്രതികരിച്ചത്. വടക്കൻ സുഡാനിലെ വൈറ്റ് നൈൽ സംസ്ഥാനത്തെ ഒരു നഴ്‌സറി സ്‌കൂളിന് നേരെയാണ് റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (ആർ എസ് എഫ്) ഡ്രോൺ ഉപയോഗിച്ച് ആക്രമണം നടത്തിയതെന്ന് സുഡാൻ സർക്കാരും സൈന്യവും ആരോപിച്ചു.

 

തമിഴ്നാട് വാൽപ്പാറയിൽ അഞ്ച് വയസ്സുകാരനെ പുലി കടിച്ചുകൊന്ന സംഭവത്തിൽ സബ് കളക്ടറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. എസ്റ്റേറ്റേറ്റിന് സമീപത്തുള്ള കാടുകൾ വെട്ടാൻ യോ​ഗത്തിൽ തീരുമാനമായി. ജനവാസ മേഖലയ്ക്ക് സമീപമുള്ള കാടുകളും ചെടികളും അടിയന്തരമായി വെട്ടിമാറ്റാനാണ് നിർദേശം. കൂടാതെ, ഉടൻ തന്നെ ഫെൻസിങ് നടപടികൾ ആരംഭിക്കാനും നിർദേശിച്ചു.

 

കുനോ ദേശീയോദ്യാനത്തിൽ നിന്ന് പുറത്തുവന്ന ആൺ ചീറ്റക്കുഞ്ഞ് വാഹനമിടിച്ച് ചത്തു. മധ്യപ്രദേശിലെ ഗ്വാളിയോർ ജില്ലയിലെ ദേശീയപാതയിൽ വെച്ച് വെള്ളിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. ആഗ്ര-മുംബൈ ദേശീയപാതയിൽ ഘാട്ടിഗാവ് ഏരിയയിലാണ് അപകടമുണ്ടായത്.

 

ബുധനാഴ്ചയോടെ യാത്രാ പ്രതിസന്ധി പൂര്‍ണമായും പരിഹരിക്കുമെന്ന് ഇന്‍ഡിഗോ. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലായി ഇൻഡിഗോയുടെ 650 സര്‍വീസുകള്‍ ഇന്ന് റദ്ദാക്കി. ഡിജിസിഎ അന്വേഷണ സംഘത്തിന്‍റെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ ഇന്‍ഡിഗോ സിഇഒക്കെതിരെ നടപടിയുണ്ടാകും. പ്രതിസന്ധിയിലിടപെട്ട വ്യോമയാന പാര്‍ലമെന്‍ററി സമിതി ഇന്‍ഡിഗോ അധികൃതരെയും സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിനേയും വിളിച്ചു വരുത്തും.

 

പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രി മമതാ ബാനർജിയെ നാലാം തവണയും അധികാരത്തിൽ തിരിച്ചെത്തിക്കാൻ അനുവദിക്കില്ലെന്ന് മുർഷിദാബാദിൽ ബാബറി മസ്ജിദിന്റെ മാതൃകയിൽ മുസ്ലിം പള്ളി നിർമ്മിക്കാനുള്ള നിർദ്ദേശത്തിന് പിന്നാലെ സസ്പെൻഡ് ചെയ്യപ്പെട്ട തൃണമൂൽ കോൺഗ്രസ്സ് എം.എൽ.എ. ഹുമയൂൺ കബീർ. തൃണമൂലിന്റെ മുസ്ലീം വോട്ട് ബാങ്ക് അവസാനിക്കുമെന്നും അദ്ദേഹം തുറന്നടിച്ചു. മൂർഷിദാബാദിൽ ബാബറി മസ്ജിദിന്റെ മാതൃകയിലുള്ള പള്ളിക്ക് തറക്കല്ലിട്ടതിന് പിന്നാലെയാണ് പ്രഖ്യാപനം.

 

രാജ്യവ്യാപകമായി വിമാന സർവീസ് തടസപ്പെട്ടതോടെ യാത്രക്കാർക്ക് തിരികെ നൽകാനുള്ള 610 കോടി രൂപയുടെ റീഫണ്ട് ഇൻഡിഗോ എയർലൈൻസ് തിരിച്ച് നൽകി. കേന്ദ്ര സർക്കാർ അന്തിമ നിർദ്ദേശം നൽകിയതോടെയാണ് ഇൻഡിഗോ റീഫണ്ട് നടപടികൾ വേഗത്തിലാക്കിയത്. ഇതുവരെ യാത്രക്കാർക്ക് ആകെ ₹610 കോടി രൂപയുടെ റീഫണ്ട് അനുവദിച്ചതായും 3,000-ത്തോളം ലഗേജുകൾ ഉടമകൾക്ക് കൈമാറിയതായും വ്യോമയാന മന്ത്രാലയം അറിയിച്ചു.

 

വ്യോമയാന മന്ത്രിയും ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയിൽ ഇൻഡിഗോ സി ഇ ഒ കുറ്റ സമ്മതം നടത്തി. കണക്കുകൂട്ടലുകൾ പിഴച്ചെന്നാണ് സി ഇ ഒ പീറ്റർ എൽബേഴ്സ് കുറ്റസമ്മതം നടത്തിയത്. പുതിയ ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻസ് (എഫ് ഡി ടിഎൽ) ചട്ടങ്ങൾ നടപ്പാക്കുന്നതിൽ വീഴ്ച സംഭവിച്ചുവെന്നും പുതിയ സമയക്രമത്തിനനുസരിച്ച് ജീവനക്കാരെ നിയമിച്ചില്ലെന്നും സർവീസുകൾ കൂട്ടിയത് പ്രതിസന്ധിയുടെ ആക്കം കൂട്ടിയെന്നും അദ്ദേഹം വിശദീകരിച്ചതായാണ് വിവരം.

 

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യന്‍ സൈന്യത്തിന് കൂടുതല്‍ ശക്തമായി പ്രതികരിക്കാനാവുമായിരുന്നുവെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. എന്നാല്‍, സൈന്യം നിയന്ത്രിതവും സൂക്ഷ്മവുമായ പ്രതികരണ രീതിയാണ് തിരഞ്ഞെടുത്തത്. ധൈര്യവും ആത്മനിയന്ത്രണവും ഒരുപോലെ പ്രകടിപ്പിക്കുന്ന വിധം അനിവാര്യമായ കാര്യങ്ങൾമാത്രമേ സൈന്യം ചെയ്തുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *