Untitled design 20250112 193040 0000 1

 

 

അടുത്ത മൂന്ന് മണിക്കൂറിൽ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മഴയ്ക്കൊപ്പം മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.നാളെ എറണാകുളം ജില്ലയിൽ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് നൽകി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ എന്നീ ഏഴ് ജില്ലകളിൽ നാളെ യെല്ലോ അലർട്ടാണ്.

 

കാലിക്കറ്റ് സർവകലാശാലാ പഠനവകുപ്പുകളിലെ ക്ലാസുകൾ ഒക്ടോബർ 21-ന് പുനരാരംഭിക്കും. വിദ്യാര്‍ത്ഥി യൂണിയൻ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ അക്രമ സംഭവങ്ങളെ തുടര്‍ന്ന് അനിശ്ചിത കാലത്തേക്ക് അടച്ചിട്ടിരിക്കുകയായിരുന്നു സര്‍വകലാശാല. നിലവില്‍ ഹോസ്റ്റലുകൾ 20 ന് തുറക്കുമെന്നും ക്ലാസുകൾ 21 ന് പുരനരാരംഭിക്കുമെന്നുമാണ് വൈസ് ചാൻസിലര്‍ അറിയിച്ചിട്ടുള്ളത്.

 

പാലക്കാട് എച്ച് എസ് എസ് കണ്ണാടിയിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി. സംഭവത്തിൽ ആരോപണ വിധേയരായ അധ്യാപികമാർക്കെതിരെ അന്വേഷണ വിധേയമായി നടപടികൾ കൈക്കൊള്ളുവാൻ സ്കൂൾ മാനേജർക്ക് നിർദ്ദേശം നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി.

 

കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോർപറേഷനിലെ രണ്ട് ഉദ്യോഗസ്ഥർ പിടിയിൽ. ഇടപ്പള്ളി സോണൽ ഓഫീസിലെ സൂപ്രണ്ട് ലാലിച്ചൻ, ഇൻസ്‌പെക്ടർ മണികണ്ഠൻ എന്നിവരെയാണ് വിജിലൻസ് പിടികൂടിയത്. ഒരാളിൽ നിന്ന് 5000 രൂപയും മറ്റൊരാളിൽ നിന്ന് 2000 രൂപയും പിടിച്ചെടുത്തു. ഉമർ ഫാറൂഖ് നൽകിയ പരാതിയിൽ പരിശോധന നടത്തിയ വിജിലൻസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

 

ആർഎസ്എസ് പ്രവർത്തകൻ അനന്തു അജിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആത്മഹത്യ പ്രേരണക്ക് കേസെടുക്കാൻ കഴിയില്ലെന്ന് അന്വേഷണ സംഘത്തിന് നിയമോപദേശം. എന്നാൽ പ്രകൃതി വിരുദ്ധലൈംഗിക പീഡനത്തിന് കേസെടുക്കാമെന്നും പൊലീസിന് നിയമോപദേശം ലഭിച്ചു. സംഭവത്തിൽ പൊൻകുന്നം പൊലീസിന് തമ്പാനൂർ പൊലീസ് റിപ്പോർട്ട് കൈമാറും. കോട്ടയം സ്വദേശിയായ അനന്തു സജിയെ തിരുവനന്തപുരത്തുള്ള ഹോട്ടലിലാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

 

അനന്തു അജിയുടെ ആത്മഹത്യയില്‍ പ്രതികരണവുമായി ഡിവൈഎഫ്ഐ. അനന്തുവിന്‍റേത് ആത്മഹത്യയല്ലെന്നും ആര്‍എസ്എസ് നടത്തിയ കൊലപാതകമാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് മാധ്യമങ്ങളോട് പറഞ്ഞു. ഇത്ര ഗൗരവതരമായ വിഷയത്തിൽ പ്രതികരിക്കാൻ ആര്‍എസ്എസ് സംസ്ഥാന – ദേശീയ നേതൃത്വം തയ്യാറായിട്ടില്ലെന്നും സർക്കാർ കുറ്റക്കാരെ അന്വേഷണത്തിലൂടെ പുറത്തു കൊണ്ടുവരും. ക്രിമിനലുകളെ വളർത്തുന്ന ഇടമാണ് ശാഖകൾ എന്നും വി കെ സനോജ് പറഞ്ഞു.

 

അവധി ദിവസങ്ങളിൽ ഹാൻ ടെക്സ്, ഹാൻവീവ് സ്ഥാപനങ്ങൾ അടച്ചിടുന്നതിനെതിരെ മന്ത്രി പി രാജീവ്. അവധി ദിവസങ്ങളിൽ കൂടുതൽ സമയം പ്രവർത്തിക്കണമെന്നും സർക്കാർ ജീവനക്കാർ എന്ന് കരുതി അവധി എടുത്താൽ വിൽപനശാലകൾക്ക് മുന്നോട്ട് പോകാനാകില്ലെന്നും മന്ത്രി പറഞ്ഞു. കണ്ണൂരിൽ നടക്കുന്ന കൈത്തറി കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

മൂന്ന് പതിറ്റാണ്ടിൽ അധികമായി തുടരുന്ന എൻഡോസൾഫാൻ ദുരന്തബാധിതരുടെ സഹനവും സമരവും ഇപ്പോഴും തുടരുകയാണ്. കാസര്‍കോട് ജില്ലാ കലക്ടർ ഓഫീസ് ഇന്ന് എൻഡോസൾഫാൻ ദുരന്തബാധിതർ ഉപരോധിച്ചു. ദുരിത ബാധിതരുടെ ലിസ്റ്റിൽ നിന്നും കാരണം പറയാതെ ഒഴിവാക്കിയ 1031 പേരെ ലിസ്റ്റിൽ ഉൾപ്പെടുത്തി സഹായം നൽകുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പാലിക്കണം എന്നും ആവശ്യപ്പെട്ടായിരുന്നു സമരം. ഒരു വർഷം പിന്നിട്ടിട്ടും വാക്ക് പാലിക്കാൻ ഒരു നടപടിയും എടുത്തിട്ടില്ലെന്നാണ് സമരക്കാർ ആരോപിക്കുന്നത്.

 

സമസ്തയിലെ വിഭാഗീയ പ്രശ്നങ്ങൾ പരിഹരിക്കാൻ പുതിയ സമിതിയെ നിയോ​ഗിച്ചു. സമസ്ത അധ്യക്ഷൻ ജിഫ്രിമുത്തുക്കോയ തങ്ങളും ലീഗ് അധ്യക്ഷൻ പാണക്കാട് സ്വാദിഖ് അലി തങ്ങളും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് തീരുമാനം. കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തിൽ മലപ്പുറത്തായിരുന്നു അനുനയ സമിതിയെ പ്രഖ്യാപിച്ചത്.

 

പത്തനംതിട്ട ഏനാത്ത് കടിക ദേവീ ക്ഷേത്രത്തിൽ മോഷണം. സ്വര്‍ണ്ണമാലകള്‍ അടക്കം രണ്ടര ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. പ്രത്യേക പൊലീസ് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാലമ്പല വാതിലും ശ്രീകോവില്‍ വാതിലും കുത്തിപ്പൊളിച്ചായിരുന്നു മോഷണം.പോലീസ് അന്വേഷണം ആരംഭിച്ചു.

 

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.കെ. രാ​ഗേഷിനെ പ്രകീർത്തിച്ചതിൽ വിശദീകരണവുമായി ദിവ്യ എസ് അയ്യർ ഐഎഎസ്. സൂര്യ ഫെസ്റ്റിവലിൽ അവതാരകന്റെ ചോദ്യത്തിനായിരുന്നു ദിവ്യയുടെ മറുപടി. ഒപ്പം ജോലി ചെയ്യുന്ന ഒരു വ്യക്തിയെക്കുറിച്ച് ഒരുനല്ല കാര്യം പറഞ്ഞതിന് ഒരുപക്ഷേ ഇത്രയധികം അധിക്ഷേപങ്ങൾ ഏറ്റുവാങ്ങേണ്ടി വരുന്നത് പണ്ട് സോക്രട്ടീസിന്റെ കാലഘട്ടത്തിലൊക്കെ ഉണ്ടായിരുന്നു. അതിന് ശേഷം ഇപ്പോഴാണെന്നാണ് എനിക്ക് തോന്നുന്നതെന്ന് ദിവ്യ പറഞ്ഞു.

 

താമരശ്ശേരിയിൽ നാലാം ക്ലാസുകാരിയുടെ മരണകാരണം അമീബിക് മസ്തിഷ്ക ജ്വരമല്ലെന്ന്‌ പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട്‌. ഇൻഫ്ലുവൻസ എ അണുബാധ മൂലമുള്ള വൈറൽ ന്യൂമോണിയയെ തുടർന്നാണ് മരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. കുട്ടിക്ക് മതിയായ ചികിത്സ നൽകിയില്ലെന്ന് ആരോപിച്ച് അച്ഛൻ സനൂപ് താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ചിരുന്നു. ഈ കേസിൽ സനൂപ് ജയിലിൽ തുടരുന്നതിനിടെയാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവരുന്നത്.

 

കണ്ണൂരിൽ യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ തിലങ്കേരി കുണ്ടോട് റോഡരികിലാണ് യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. കണ്ണൂര്‍ മട്ടന്നൂർ കളറോഡ് സ്വദേശി സിദ്ധാർത് ആണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തെതുടര്‍ന്ന് സ്ഥലത്ത് പൊലീസ് എത്തി തുടര്‍ നടപടി സ്വീകരിച്ചു.

 

ശബരിമല സ്വര്‍ണക്കൊള്ള കേസിൽ എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിലെടുത്തതിൽ ആരോപണവുമായി അഭിഭാഷകൻ രംഗത്ത്. നടപടിക്രമങ്ങള്‍ പാലിക്കാതെ നിയമവിരുദ്ധമായിട്ടാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ എസ്ഐടി കസ്റ്റഡിയിലെടുത്തതെന്ന് പോറ്റിയുടെ അഭിഭാഷകൻ അഡ്വ. ശാസ്തമംഗലം അജിത്ത് പറഞ്ഞു.

 

ശബരിമല സ്വര്‍ണക്കൊള്ളയ്ക്കും അഴിമതിക്കുമെതിരെ മഹിളാ മോര്‍ച്ച സെക്രട്ടേറിയറ്റിലേയ്ക്ക് നടത്തിയ മാര്‍ച്ചിൽ സംഘര്‍ഷം. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തതിന് പിന്നാലെ പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളിലേയ്ക്ക് കയറി. സെക്രട്ടേറിയറ്റിന്‍റെ മതിൽ ചാടിക്കടക്കാനും ശ്രമിച്ചു. പൊലീസ് രണ്ടു വട്ടം ജല പീരങ്കി പ്രയോഗിച്ചു. റോഡിൽ ഇരുന്ന് സമരക്കാര്‍ ശരണം വിളിച്ച് പ്രതിഷേധിച്ചു. പിണറായി സര്‍ക്കാര്‍ രാജിവെക്കണമെന്നും ആവശ്യപ്പെട്ടു.

 

ശബരിമല സ്വർണ്ണപ്പാളിക്കവർച്ചാ കേസിൽ ദേവസ്വം മുൻ കമ്മീഷണർ എൻ വാസുവിനെയും എസ്ഐടി ചോദ്യം ചെയ്യും. സ്വർണ്ണം പതിപ്പിച്ച കട്ടിള ചെമ്പാണെന്ന് രേഖപ്പെടുത്തി കൈമാറിയത് വാസുവിൻറെ കാലത്താണെന്ന് ദേവസ്വം വിജിലൻസ് കണ്ടെത്തിയിരുന്നു. എന്നാൽ ഉത്തരവാദിത്തം തിരുവാഭരണം കമ്മീഷണർക്കാണെന്ന് എൻ വാസു പ്രതികരിച്ചു.

 

രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമലയില്‍ ദര്‍ശനം നടത്തുമ്പോള്‍ ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്ന നിര്‍ദേശവുമായി ഹൈക്കോടതി. രാഷ്ട്രപതി ദര്‍ശനം നടത്തുമ്പോള്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ഫലപ്രദമായ നടപടികള്‍ ഉണ്ടാകണമെന്ന നിര്‍ദേശവും ഹൈക്കോടതി നല്‍കി.

 

 

പുത്തൂർ സുവോളജിക്കൽ പാർക്കിലേക്കുള്ള കെഎസ്ആർടിസി ഡബിൾഡക്കർ ബസ് ട്രയൽ റൺ നടത്തി. രാവിലെ തൃശൂർ രാമനിലയിൽ നിന്നും ആണ് പുത്തൂരിലേക്കുള്ള ബസ് ട്രയൽ നടത്തിയത്. മന്ത്രിമാരായ കെ ബി ഗണേഷ് കുമാർ , കെ രാജൻ എന്നിവരും ജനപ്രതിനിധികളും ആദ്യ യാത്രയിൽ പങ്കാളികളായി. സാംസ്കാരിക തലസ്ഥാനമായ തൃശൂരിലെ ആദ്യത്തെ ഡബിള്‍ ഡെക്കര്‍ ബസ് സര്‍വീസിന്‍റെ ട്രയൽ റണ്‍ ആണ് ഇന്ന് പൂര്‍ത്തിയാക്കിയത്.

 

ശബരിമല വിഷയത്തിൽ ഹൈക്കോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. നിഷ്പക്ഷമായ അന്വേഷണം നടക്കണമെങ്കിൽ ഹൈക്കോടതിയുടെ മേൽനോട്ടം അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

 

തിരുവനന്തപുരത്ത് മദ്യലഹരിയിൽ വാഹനങ്ങളെ ഇടിച്ചുതെറുപ്പിച്ച എസ്എച്ച്ഒയെ കസ്റ്റഡിയിലെടുത്തു. വിളപ്പിൽശാല സ്റ്റേഷൻ ഹൗസ് ഓഫീസര്‍ നിജാമിനെയാണ് കസ്റ്റഡിയിലെടുത്തത്. ഇന്ന് തിരുവനന്തപുരത്ത് വെച്ചാണ് സംഭവം. കന്‍റോണ്‍മെന്‍റ് പൊലീസാണ് എസ്എച്ച്ഒയെ കസ്റ്റഡിയിലെടുത്തത്.

 

മുതിർന്ന സിപിഎം നേതാവ് ജി സുധാകരനുമായി അനുനയ നീക്കത്തിനൊരുങ്ങി സിപിഎം നേതൃത്വം. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത, ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജി സത്യപാലൻ എന്നിവർ ജി സുധാകരന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. ഒപ്പം, സിപിഎം നടത്തുന്ന പരിപാടിയിലേക്ക് സുധാകരനെ നേതാക്കൾ ക്ഷണിക്കുകയും ചെയ്തു. വി എസ് അച്യുതാനന്ദൻ സ്മാരക കേരള പുരസ്കാരം വിതരണ ചടങ്ങിലേക്കാണ് ക്ഷണം.

 

 

ഗള്‍ഫ് സന്ദര്‍ശനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ബഹ്‌റൈനില്‍ എത്തി. വെള്ളിയാഴ്ച വൈകീട്ട് ആറരക്ക് ബഹ്‌റൈന്‍ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ നടക്കുന്ന പ്രവാസി മലയാളി സംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.എട്ടു വര്‍ഷത്തിനു ശേഷം ബഹ്‌റൈനില്‍ എത്തിയ മുഖ്യമന്ത്രിക്ക് ഉജ്വല സ്വീകരണമൊരുക്കാന്‍ ഒരുങ്ങിയിരിക്കയാണ് മലയാളി സമൂഹം. മലയാളം മിഷനും ലോക കേരള സഭയും ചേര്‍ന്നാണ് പ്രവാസി മലയാളി സംഗമം ഒരുക്കുന്നത്.

 

ബെംഗളൂരുവിൽ വിദ്യാര്‍ഥിനിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. പ്രണയനൈരാശ്യത്തെ തുടര്‍ന്ന് യുവാവ് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ്. ബിഫാം വിദ്യാര്‍ത്ഥിനിയായ യാമിനി പ്രിയ ആണ് കൊല്ലപ്പെട്ടത്.ശ്രീറാംപുര പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി.

 

 

ബിഹാർ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിൽ വോട്ടർ പട്ടികയിലെ മാറ്റങ്ങൾ പ്രസിദ്ധീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ബാധ്യസ്ഥരെന്ന് സുപ്രീംകോടതി. തെരഞ്ഞെടുപ്പ് കമ്മീഷൻ അവരുടെ ഉത്തരവാദിത്വം നിറവേറ്റും എന്നതിൽ സംശയമില്ലെന്നും കോടതി. വോട്ടർ പട്ടികയിലെ മാറ്റങ്ങളിൽ കമ്മീഷൻ വിശദീകരണം എഴുതി നൽകണമെന്നും കോടതി നിർദ്ദേശിച്ചു. നിയമ പ്രശ്നങ്ങളിൽ നവംബർ 4ന് വാദം കേൾക്കാമെന്നും സുപ്രീംകോടതി അറിയിച്ചു.

 

 

പൊതുസ്ഥലങ്ങളിലെ സ്വകാര്യ- സർക്കാരിതര സംഘടനകളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ഉത്തരവ് പുറപ്പെടുവിക്കാൻ കർണാടക മന്ത്രിസഭ വ്യാഴാഴ്ച തീരുമാനിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള കളിസ്ഥലങ്ങളിലും സ്ഥാപനങ്ങളിലും നടക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (ആർ‌എസ്‌എസ്) ശാഖകളെ നിയന്ത്രിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നേരത്തെ പൊതുസ്ഥലങ്ങളിലെ ആർഎസ്എസ് പ്രവർത്തനങ്ങളെ നിരോധിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി പ്രിയങ്ക് ഖർ​ഗെ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു.

 

നാളെ നടക്കാനിരിക്കുന്ന മന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുന്നോടിയായി ഗുജറാത്ത് സർക്കാരിലെ 16 മന്ത്രിമാർ രാജിവയ്ക്കും. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ തുടരും. മുഖ്യമന്ത്രിയുടെ വസതിയിൽ നടന്ന യോഗത്തിലാണ് തീരുമാനം. യോഗത്തിന് ശേഷം 16 മന്ത്രിമാരും മുഖ്യമന്ത്രിക്ക് രാജി സമർപ്പിച്ചെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ഇന്ന് രാത്രി ഗവർണർ ആചാര്യ ദേവവ്രതിന് രാജി സമർപ്പിക്കുമെന്നാണ് റിപ്പോർട്ട്.

 

ഗൂഗിളിന്റെ നിക്ഷേപം സംസ്ഥാനത്തേക്ക് ആകർഷിക്കുന്നതിൽ പരാജയപ്പെട്ടതിൽ എഐഎഡിഎംകെ നേതാവും മുൻ മന്ത്രിയുമായ തങ്കമണി നിയമസഭയിൽ ഡിഎംകെ സർക്കാരിനെ വിമർശനവുമായി രം​ഗത്ത്. ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ തമിഴനാണെങ്കിലും, ഗൂഗിൾ പോയത് ആന്ധ്രാപ്രദേശിലേക്കാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ഫോക്‌സ്‌കോണിന്റെ 15,000 കോടി രൂപയുടെ നിക്ഷേപം സംസ്ഥാനത്തിന് ലഭിക്കാൻ പോകുന്നുണ്ടെന്നും ഇത് നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും തമിഴ്‌നാട് മന്ത്രി ടിആർബി രാജ മറുപടി നൽകി.

 

അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച എയര്‍ ഇന്ത്യ വിമാനത്തിന്‍റെ ക്യാപ്റ്റൻ സുമീത് സബർവാളിന്റെ പിതാവ് സുപ്രീംകോടതിയെ സമീപിച്ചു. അപകടത്തിൽ സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് പുഷ്‌കരാജ് സബർവാൾ കോടതിയെ സമീപിച്ചത്. സുപ്രീംകോടതി ഒരു സമിതിയെ രൂപീകരിച്ച് അന്വേഷണത്തിന്റെ മേൽനോട്ടം നിർവഹിക്കണമെന്നാണ് ആവശ്യം. ഹര്‍ജി ദീപാവലി അവധിക്കുശേഷം കോടതി പരിഗണിക്കും.

 

ഹരിയാനയിലെ പൊലീസ് ഉദ്യോ​ഗസ്ഥരുടെ ആത്മഹത്യ സംബന്ധിച്ച അന്വേഷണത്തിൽ ഹരിയാന പൊലീസിന്റെ നിർണായക നീക്കം. എഎസ്ഐ സന്ദീപ് ലാത്തറുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ പുരൻ കുമാറിന്റെ ഭാര്യയും ഐഎഎസ് ഉദ്യോ​ഗസ്ഥയുമായ അമ്നീതിനെയും അവരുടെ സഹോദരനെയും പ്രതിചേർത്തു. പുരൻ കുമാറിനെതിരായ കേസ് അന്വേഷിച്ച സന്ദീപ് കടുത്ത പീഡനത്തിന് ഇരയായെന്ന് സന്ദീപിന്റെ ബന്ധുക്കൾ ആരോപിച്ചിരുന്നു. ഇവരുടെ പരാതിയിലാണ് നടപടി.

 

കർണാടകയിൽ നടക്കുന്ന സാമൂഹിക-വിദ്യാഭ്യാസ സർവേയിൽ (ജാതി സർവേ) പങ്കെടുക്കില്ലെന്ന് രാജ്യസഭാ എംപിയും ജീവകാരുണ്യ പ്രവർത്തകയുമായ സുധ മൂർത്തി വ്യക്തമാക്കി. ഇൻഫോസിസ് സ്ഥാപകനും ഭർത്താവുമായ എൻ ആർ നാരായണ മൂർത്തിയും സർവേയിൽ വിവരങ്ങൾ നൽകാൻ വിസമ്മതിച്ചു. തങ്ങൾ പിന്നാക്ക വിഭാഗത്തിൽപ്പെടുന്നവരല്ലെന്നും അതിനാൽ സർവേയിൽ പങ്കെടുത്തുകൊണ്ട് സർക്കാരിന് തങ്ങളുടെ കേസിൽ പ്രത്യേക പ്രയോജനം ലഭിക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇരുവരും വിവരങ്ങൾ നൽകാൻ വിസമ്മതിച്ചത്.

 

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ ഇന്നലെ ടെലിഫോണിൽ സംസാരിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യാഴാഴ്ച വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ട്രംപും തമ്മിൽ സംഭാഷണമോ ടെലിഫോൺ കോളോ നടന്നോ എന്ന ചോദ്യത്തിന് മറുപടിയായിട്ടാണ് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്നലെ രണ്ട് നേതാക്കളും തമ്മിൽ സംഭാഷണം നടന്നോ എന്ന കാര്യം തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

 

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനൽകിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദത്തിന് മറുപടിയായി റഷ്യയും രം​ഗത്ത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരാമർശത്തോട് പ്രതികരിക്കവേ, എണ്ണ ഇറക്കുമതി സംബന്ധിച്ച ഇന്ത്യയുടെ തീരുമാനങ്ങൾ ഇന്ത്യയുടെ ദേശീയ താൽപ്പര്യങ്ങൾ അനുസരിച്ചാണെന്ന് റഷ്യൻ അംബാസഡർ ഡെനിസ് അലിപോവ് പറഞ്ഞു. ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് തുടരുമോ എന്ന ചോദ്യത്തിനായിരുന്നു മറുപടി.

 

അഫ്ഗാനിസ്താനുമായുള്ള പ്രശ്‌നങ്ങള്‍ക്ക് ഇന്ത്യയെ കുറ്റപ്പെടുത്തുന്ന പാകിസ്താന്റെ നിലപാടിനെതിരേ പ്രതികരിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. സ്വന്തം ആഭ്യന്തര പരാജയങ്ങള്‍ക്ക് അയല്‍ക്കാരെ കുറ്റപ്പെടുത്തുന്നത് പാകിസ്താന്റെ പണ്ടേയുള്ള ശീലമാണെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ വ്യക്തമാക്കി.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *