ഉരുൾപൊട്ടൽ ദുരന്തത്തിന് ശേഷം മഴക്കാലത്ത് സ്വീകരിച്ച മുൻകരുതൽ നടപടികളിലും തയ്യാറെടുപ്പുകളിലും വയനാട് ജില്ല മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയെന്ന് പ്രിയങ്ക ഗാന്ധി എംപി. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന ഡിസ്ട്രിക്ട് ഡെവലപ്മെന്റ് കോര്‍ഡിനേഷൻ ആന്റ് മോണിട്ടറിങ് കമ്മിറ്റിയിൽ (ദിശ) സംസാരിക്കുകയായിരുന്നു പ്രിയങ്ക. ഇത്തവണ മഴക്കാല അപകടം മൂലം ഒരു ജീവൻ പോലും പൊലിയാതെ കാത്തതിന് ജനപ്രതിനിധികളെയും ജില്ലാ കളക്ടര്‍ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയും എംപി അഭിനന്ദിച്ചു.
കേരളത്തിന് വീണ്ടും കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മഴ മുന്നറിയിപ്പ്. ഇന്നും 26 -ാം തിയതിയും വിവിധ ജില്ലകളിൽ മഴക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഇത് പ്രകാരം ഈ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിലും 26 ന് എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം എന്നീ ജില്ലകളിലുമാണ് യെല്ലോ ജാഗ്രത. ഇതിനൊപ്പം 3 ദിവസം ഇടിമിന്നൽ ജാഗ്രതയും പുറപ്പെടുവിച്ചിട്ടുണ്ട്.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് നാളെ രാത്രി 11.30 വരെ 0.5 മുതൽ 1.1 മീറ്റർ വരെയും കന്യാകുമാരി ജില്ലയിലെ നീരോടി മുതൽ ആരോക്യപുരം വരെയുള്ള തീരങ്ങളിൽ ഇന്ന് വൈകുന്നേരം മുതൽ മറ്റന്നാൾ പകൽ 11.30 വരെ 0.9 മുതൽ 1.0 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ അങ്കണവാടി പ്രവര്‍ത്തകരുടെ സംഘടനാ പ്രതിനിധികളുടെ യോഗം ചേര്‍ന്നു. പ്രവര്‍ത്തകരുടെ വിവിധ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. പ്രവര്‍ത്തകര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ സംബന്ധിച്ച് സമിതിയുടെ റിപ്പോര്‍ട്ട് കിട്ടുന്ന മുറയ്ക്ക് പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കുന്നതാണെന്ന് മന്ത്രി അറിയിച്ചു.
മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിന് വേണ്ടിയുള്ള മുസ്ലിം ലീഗിന്റെ വീട് നിര്‍മ്മാണത്തില്‍ നിയമ കുരുക്ക്. വീട് നിർമ്മാണം നിർത്തിവയ്ക്കാൻ മേപ്പാടി പഞ്ചായത്ത് സെക്രട്ടറിയാണ് ലീഗ് നേതാക്കൾക്ക് നിർദ്ദേശം നൽകിയത്. ലാൻഡ് ഡെവലപ്മെൻ്റ് പെർമിറ്റ് നടപടിക്രമം പാലിക്കാതെ നിർമ്മാണം നടത്തുന്നു എന്ന് ആരോപിച്ച് സെക്രട്ടറി നോട്ടീസ് നൽകിയിരുന്നു.നിർമ്മാണം തുടർന്നാൽ സ്റ്റോപ്പ് മെമ്മോ നൽകുമെന്നും പഞ്ചായത്ത് സെക്രട്ടറി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ശബരിമല സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്ത് തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ അണ്ണാമലൈ. ദൈവം ഇല്ലെന്ന് പറഞ്ഞ പിണറായി വിജയൻ ഭഗവത്ഗീതയേ കുറിച്ച് ക്ലാസ് എടുക്കുന്നുവെന്ന് അണ്ണാമലൈ രൂക്ഷഭാഷയിൽ വിമർശിച്ചു. ഗണപതി മിത്ത് എന്ന് പറഞ്ഞവർ ക്ലാസെടുക്കുന്നുവെന്നും അണ്ണാമലൈ പറഞ്ഞു. ആഗോള അയ്യപ്പ സംഗമത്തിന് കേരള സർകാർ ആരെ ക്ഷണിച്ചു എന്നതാണ് കാണേണ്ടത്. സനാതന ധർമ്മത്തെ തർക്കാൻ ശ്രമിക്കുന്ന തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെ. ഡിഎംകെ ആഗോള മുരുക സംഗമം നടത്തുന്നത് കണ്ട് കേരളത്തിൽ ആഗോള അയ്യപ്പ സംഗമം നടത്തുന്നു. രണ്ട് പേരും അതിന് യോഗ്യത ഇല്ലത്തവരാണെന്നും അണ്ണാമലൈ പറഞ്ഞു.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് കൃത്യമായ ഭൂരിപക്ഷം ലഭിക്കുമെന്ന് എസ്എന്‍ഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ത്രികോണ മത്സരത്തിന്റെ ഗുണം കൃത്യമായി എല്‍ഡിഎഫിന് കിട്ടും. ഭൂരിപക്ഷ വോട്ടുകള്‍ പിടിച്ചു നിര്‍ത്തുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. വിഡി സതീശന്റെ ഗ്രാഫ് കുത്തനെ താഴ്ന്നു. ധിക്കാരിയായ നേതാവായി വിഡി സതീശന്‍ മാറിയെന്നും വെള്ളാപ്പള്ളി നടേശന്‍പറഞ്ഞു.
കിളിമാനൂരിൽ വയോധികൻ വാഹനമിടിച്ച് മരിച്ച സംഭവത്തിൽ പാറശ്ശാല എസ്എച്ച്ഒ സിഐ അനിൽകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം അഡീ സെഷൻസ് കോടതിയുടെതാണ് ഉത്തരവ്. നിസ്സാരവകുപ്പുകൾ മാത്രമാണ് എസ്എച്ച്ഒക്കെതിരെ ചുമത്തിയിരിക്കുന്നത്.
വയനാട് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലിലെ ദുരിത ബാധിതതരുടെ പുനരധിവാസത്തിലേക്ക് കേരള മുസ്‌ലിം ജമാഅത്ത് രണ്ട് കോടി രൂപ സര്‍ക്കാറിന് കൈമാറി. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരിയാണ് ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്.
കേരളത്തിലേക്ക് നിക്ഷേപം നടത്താൻ താത്പര്യം അറിയിച്ച് ന്യൂജേഴ്സി ഗവർണർ ഫിലിപ്പ് ഡി മർഫി. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര വാണിജ്യ സഹകരണം ഊട്ടിയുറപ്പിക്കാൻ കൂടിക്കാഴ്ച ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ലുലു ഗ്രാൻഡ് ഹയാത്തിൽ നടന്ന ബിസിനസ് പാർട്ടണർഷിപ്പ് മീറ്റിലും അത്താഴ വിരുന്നിലും പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ, വിശേഷിച്ച് കേരളത്തിൽ നിക്ഷേപം നടത്താൻ അനുയോജ്യമായ സമയത്താണ് കേരളത്തിലേക്ക് സന്ദർശനം നടത്തിയതെന്നും അദ്ദേഹം പ്രതികരിച്ചു.
മലപ്പുറം തിരുവാലിയിൽ ഒൻപത് കാട്ടുപന്നികളെ വെടിവെച്ചു കൊന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും വേട്ടക്കാരുടെയും നേതൃത്വത്തിലാണ് ഇവയെ കൊന്നത്. കൃഷിയിടങ്ങളിൽ നാശം വരുത്തുകയും ജനങ്ങൾക്ക് ശല്യമുണ്ടാക്കുകയും ചെയ്ത പന്നികളെയാണ് പിടികൂടി കൊന്നത്. വനംവകുപ്പിന്റെ അനുമതിയോടെയാണ് ഈ നടപടി സ്വീകരിച്ചത്. കാട്ടുപന്നികളെ വെടിവെച്ചു കൊന്നതിന് ശേഷം വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ അവയെ മറവു ചെയ്തു.
അഹമ്മദാബാദിൽ നടന്ന എയർ ഇന്ത്യ വിമാനാപകടവുമായി ബന്ധപ്പെട്ട അന്വേഷണം നീതിയുക്തവും വേഗത്തിലുമാണോ എന്ന് സുപ്രീം കോടതി പരിശോധിക്കും. അപകടത്തെക്കുറിച്ച് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി പരിഗണിക്കവെയാണ് കോടതി നിലപാട് വ്യക്തമാക്കിയത്. ഇതേ തുടർന്ന് കേന്ദ്രത്തിനും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും (ഡിജിസിഎ), എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയ്ക്കും കോടതി നോട്ടീസ് അയച്ചു.
ഹമാസിനെതിരെ വീണ്ടും വെല്ലുവിളിയുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസിനെ ഇല്ലാതാക്കുമെന്ന് നെതന്യാഹു ആവർത്തിച്ചു. യുദ്ധത്തിന്റെ ലക്ഷ്യങ്ങൾ നേടുമെന്നും ബന്ദികളെ മോചിപ്പിച്ച് തിരികെയെത്തിക്കുമെന്നും നെതന്യാഹു പറഞ്ഞു. ഗാസ ഒരു ഭീഷണി അല്ലാതായിത്തീരുന്നത് വരെ നടപടികൾ തുടരുമെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു. ജൂത പുതുവർഷ വേളയിലായിരുന്നു നെതന്യാഹുവിന്‍റെ സന്ദേശം.
ആണവായുധങ്ങൾ ഉപേക്ഷിക്കണമെന്ന് നിർബന്ധിക്കുന്നത് നിർത്തിയാൽ അമേരിക്കയുമായി ചർച്ചയ്ക്ക് തയാറെന്ന് വടക്കൻ കൊറിയ.കൂടിക്കാഴ്ചക്ക് താത്പര്യമുണ്ടെന്ന ട്രംപിന്‍റെ പ്രസ്താവനക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. അമേരിക്കയുടെ ഉപരോധങ്ങളിൽ നിന്ന് മുക്തമാകാൻ വേണ്ടി മാത്രം ആണവായുധങ്ങൾ ഉപേക്ഷിക്കില്ലെന്ന് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോംഗ് ഉൻ പ്രഖ്യാപിച്ചു. കൊറിയയുടെ സുപ്രീം പീപ്പിൾസ് അസംബ്ലിയിൽ ആയിരുന്നു കിം ജോങ് ഉന്നിന്റെ പ്രഖ്യാപനം.
ഈ വർഷത്തെ ഏറ്റവും ശക്തമായ കൊടുങ്കാറ്റായ ടൈഫൂൺ റഗാസ, ഫിലിപ്പീൻസിൽ വൻ നാശനഷ്ടങ്ങൾ വിതച്ച് വടക്കൻ പ്രദേശങ്ങളിൽ ആഞ്ഞടിച്ചു. ഫിലിപ്പീൻസിൽ നാൻഡോ എന്ന് വിളിക്കപ്പെടുന്ന ഈ കൊടുങ്കാറ്റ്, തിങ്കളാഴ്ച കാഗയാൻ പ്രവിശ്യയിലെ പനുയിറ്റാൻ ദ്വീപിലാണ് കരതൊട്ടത്. മണിക്കൂറിൽ 267 കിലോമീറ്ററിലധികം വേഗതയുള്ള കാറ്റും കനത്ത മഴയും കൊടുങ്കാറ്റും വലിയ നാശമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ഫിലിപ്പീൻസിന്റെ കാലാവസ്ഥാ ഏജൻസിയായ പഗാസ അറിയിച്ചു.
ഡോണൾഡ് ട്രംപിന്‍റെ അധിക തീരുവ നയം തുടർന്നാൽ ഇന്ത്യ അമേരിക്ക ബന്ധത്തെ കാര്യമായി ബാധിക്കുമെന്ന് ന്യൂജേഴ്സി ഗവർണർ ഫിൽ മർഫി. റഷ്യയെ എതിർക്കുക പ്രധാനം ആണെങ്കിലും അമേരിക്കയുടെ ഏറ്റവും പ്രധാനപ്പെട്ട സഖ്യ രാജ്യങ്ങളിൽ ഒന്നായ ഇന്ത്യയുമായി ചർച്ചകളിലൂടെ പരിഹാരം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും ഫിൽ മർഫി പറഞ്ഞു.
ഛത്തീസ്ഗഢിലെ നാരായൺപുർ ജില്ലയിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഉന്നത മാവോവാദി നേതാക്കൾ കൊല്ലപ്പെട്ടു. രാജു ദാദ എന്ന കട്ട രാമചന്ദ്ര റെഡ്ഡി, കോസ ദാദ എന്ന കടാരി സത്യനാരായണ റെഡ്ഡി എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രാജ്യത്ത് വിസ നിയമങ്ങള്‍ കര്‍ശനമാക്കുമ്പോള്‍ ആഗോള പ്രതിഭകളെ യുകെയിലേക്ക് ആകര്‍ഷിക്കാന്‍ പ്രധാനമന്ത്രി കെയിര്‍ സ്റ്റാര്‍മര്‍ പദ്ധതിയിടുന്നതായി വിവരം. ഉന്നത ഉദ്യോഗസ്ഥ തലത്തില്‍, സ്റ്റാര്‍മറിന്റെ നേതൃത്വത്തില്‍ യുകെ വിസ ഫീസ് ഒഴിവാക്കാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചതായും അമേരിക്കയുടെ കുടിയേറ്റ നിയന്ത്രണ നടപടി വിജയമാക്കി മാറ്റാന്‍ അവര്‍ ശ്രമങ്ങള്‍ ആരംഭിച്ചതായുമുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.
പോലീസ് രേഖകളില്‍ നിന്നും പൊതു അറിയിപ്പുകളില്‍ നിന്നും ജാതി സംബന്ധമായ എല്ലാ പരാമര്‍ശങ്ങളും ഉടനടി നീക്കം ചെയ്യാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉത്തരവിട്ടു. ജാതി വിവേചനം ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടുള്ള അലഹബാദ് ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നടപടി.
പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാൻ ഫ്രാൻസും. പലസ്തീനെ അംഗീകരിക്കുന്ന യുകെ, കാനഡ, ഓസ്‌ട്രേലിയ, പോർച്ചുഗൽ എന്നീ രാജ്യങ്ങൾക്കൊപ്പം ഫ്രാൻസും ചേരും. ഗാസയിൽ ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നതിനിടെയാണ് യുകെയും ഫ്രാൻസും ഉൾപ്പെടെയുള്ള പശ്ചാത്ത്യ രാജ്യങ്ങൾ പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ രാജ്യങ്ങൾ സമാന നിലപാട് സ്വീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഒരു നേതാവിന് വലിയ ജനക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ കഴിയുന്നു എന്നതുകൊണ്ട് ആ ജനങ്ങള്‍ മുഴുവന്‍ വോട്ടായി മാറുമെന്ന് കരുതുന്നത് ശരിയല്ലെന്ന് നടനും മക്കള്‍ നീതി മയ്യം സ്ഥാപക നേതാവുമായ കമല്‍ഹാസന്‍. പുതുതായി രൂപീകരിച്ച തമിഴക വെട്രി കഴകം പാര്‍ട്ടിയുടെ തലവനായ നടന്‍ വിജയ്ക്കും തനിക്കും ഉള്‍പ്പെടെ.രാജ്യത്തെ എല്ലാ രാഷ്ട്രീയക്കാര്‍ക്കും ഈ തിരിച്ചറിവ് ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.