രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങൾക്ക് നവരാത്രി ആശംസകൾ നേർന്നുകൊണ്ട് തുടങ്ങിയ മോദി ജിഎസ്ടി സേവിംഗ്സ് ഉത്സവത്തിന് നാളെ മുതൽ തുടക്കമാവും എന്ന് വ്യക്തമാക്കി. സാധാരണക്കാർക്ക് വലിയ ആശ്വാസമാകും ഈ മാറ്റം എന്നും നരേന്ദ്ര മോദി പറഞ്ഞു. ഈ പരിഷ്ക്കാരം ഇന്ത്യയുടെ വികാസത്തെ ത്വരിതപ്പെടുത്തുമെന്നും മധ്യവർഗം, യുവാക്കൾ, കർഷകർ അങ്ങനെ എല്ലാവർക്കും പ്രയോജനം ലഭിക്കും, ദൈനംദിന ആവശ്യങ്ങൾ വളരെ കുറഞ്ഞ ചിലവിൽ നിറവേറ്റപ്പെടും. നികുതി ഭാരത്തിൽ നിന്ന് ജനങ്ങൾക്ക് മോചനം ഉണ്ടാകും എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
രാജ്യം നാളെ മുതൽ പുതിയ ജിഎസ്ടി നിരക്കിലേക്ക് മാറുകയാണ്. വലിയ രീതിയിൽ വിലക്കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജിഎസ്ടി നിരക്ക് മാറ്റത്തിൽ ബോധവത്കരണത്തിന് ഒരുങ്ങുകയാണ് ബിജെപി. നാളെ മുതൽ ഒരാഴ്ച ജി എസ് ടി സേവിംഗ്സ് വാരമായി ആചരിക്കും. നിരക്കുകളിലെ മാറ്റത്തെ കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കും. പദയാത്രകൾ നടത്താനും തീരുമാനമായിട്ടുണ്ട്. നവ മധ്യ വർഗത്തിന് ഇരട്ടി ഐശ്വര്യമാണ് ഉണ്ടാവുകയെന്നും മോദി പറഞ്ഞു.
എയിംസ് ആലപ്പുഴയിൽ തന്നെ സ്ഥാപിക്കണമെന്ന നിലപാട് ആവർത്തിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വികസന കാര്യങ്ങളിൽ മറ്റ് ജില്ലകളെ അപേക്ഷിച്ച് പിന്നോക്കം നിൽക്കുന്ന ആലപ്പുഴയെ മുന്നോട്ട് കൊണ്ടുവരേണ്ടത് നമ്മുടെ കടമയാണെന്ന് അദ്ദേഹം പറഞ്ഞു. ചില രാഷ്ട്രീയ ലക്ഷ്യങ്ങൾ മുൻനിർത്തി ആലപ്പുഴയിൽ എയിംസ് വേണ്ടെന്ന് ആരെങ്കിലും വാദിച്ചാൽ താൻ അത് നിർബന്ധമായും തൃശൂരിൽ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
കേരളത്തിൽ എയിംസ് ആലപ്പുഴയിലാണ് വരേണ്ടതെന്ന് രമേശ് ചെന്നിത്തല. മെഡിക്കൽ സൗകര്യങ്ങൾ കുറവുള്ള ജില്ലയാണ് ആലപ്പുഴ. ആലപ്പുഴ മെഡിക്കൽ കോളേജിലാണ് ജനങ്ങൾ ഏറെ പ്രയാസം അനുഭവിക്കുന്നത്. അതുകൊണ്ടുതന്നെ എയിംസ് വരേണ്ടത് ഇവിടെയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സംസ്ഥാനത്തെ മന്ത്രിമാരെ ബഹു. ചേർത്ത് വിളിക്കണം എന്ന തീരുമാനത്തെ എതിർത്ത‌് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കൊളോണിയൽ ശീലങ്ങളെ എതിർത്ത സംസ്ഥാനമാണ് കേരളമെന്നും സർക്കാർ പുറത്തിറക്കിയ ഈ നിർദ്ദേശം തിരുത്തുകയാണ് നല്ലതെന്ന് ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. സർക്കാർ ഓഫീസുകളിൽ പരാതികൾക്കും അപേക്ഷകൾക്കും മറുപടി നൽകുമ്പോൾ മന്ത്രിമാരെ ഇനി ‘ബഹു’ എന്ന് അഭിസംബോധന ചെയ്യണമെന്നായിരുന്നു പേഴ്‌സണൽ ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ് വകുപ്പ് ഓഗസ്റ്റ് 30-ന് പുറത്തിറങ്ങിയ സർക്കുലറിൽ ആവശ്യപ്പെട്ടിരുന്നത്.
സിപിഐയിൽ പ്രായപരിധി കര്‍ശനമായി നടപ്പാക്കുമെന്നും ജനറൽ സെക്രട്ടറിക്കും ഇത് ബാധകമാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. താൻ സിപിഐ ജനറൽ സെക്രട്ടറി ആകുമോയെന്ന് ഇപ്പോള്‍ പറയുന്നത് ശരിയല്ലെന്നും പ്രായപരിധി പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ തീരുമാനമാണെന്നും അത് വ്യക്തികള്‍ക്കായി മാറ്റാനാവില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളുടെ സ്വർണ്ണപ്പാളികൾ സന്നിധാനത്ത് തിരിച്ചെത്തിച്ചു. കോടതി അനുമതി വാങ്ങി ശില്പങ്ങളിൽ സ്വര്‍ണപ്പാളി തിരികെ സ്ഥാപിക്കും. അറ്റകുറ്റപ്പണിക്ക് വേണ്ടിയായിരുന്നു ചെന്നൈയിലേ കമ്പനിയിലേക്ക് സ്വര്‍ണപ്പാളികള്‍ കൊണ്ടുപോയത്. കോടതി അനുമതിയില്ലാതെ സ്വര്‍ണപ്പാളികള്‍ ഇളക്കിമാറ്റി അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയത് വലിയ വിവാദമായിരുന്നു.
ആഗോള അയ്യപ്പ സംഗമം ലോകപ്രശസ്ത വിജയമെന്നും 4000ത്തിലധികം പേർ സംഗമത്തിൽ പങ്കെടുത്തെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സംഗമം പരാജയമെന്നത് മാധ്യമപ്രചാരണമാണെന്നും നാണവും മാനവുമില്ലാതെ കള്ളം പ്രചരിപ്പിച്ചുവെന്നും എംവി ഗോവിന്ദൻ വിമർശിച്ചു. അതേസമയം വേണെമെങ്കിൽ എഐ ദൃശ്യങ്ങളും ഉണ്ടാക്കിക്കൂടെ എന്നായിരുന്നു സംഗമ സദസ്സിലെ ഒഴിഞ്ഞ കസേരകളെക്കുറിച്ച് എം വി ഗോവിന്ദൻ നൽകിയ വിചിത്ര വിശദീകരണം.
ശബരിമലയിലെ ആചാര ലംഘനത്തിന് നേതൃത്വം നല്‍കിയ പിണറായി വിജയന്‍റെ കര്‍മ്മികത്വത്തില്‍ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് രാഷ്ട്രീയ ദുഷ്ടലാക്കോടെ സംഘടിപ്പിച്ച അയ്യപ്പ സംഗമം പ്രഹസനമായെന്ന് വിഡി സതീശൻ. ഒഴിഞ്ഞ കസേരകള്‍ എ.ഐ നിര്‍മ്മിതിയെന്നു പറഞ്ഞ് ജനങ്ങളുടെ പൊതുബോധ്യത്തെ ചോദ്യം ചെയ്ത എം.വി ഗോവിന്ദന്‍ സ്വയം അപഹാസ്യനാകരുതെന്നും പ്രതിപക്ഷ
നേതാവ് വിഡി സതീശൻ പറഞ്ഞു. യോഗി ആദിത്യനാഥിന്‍റെ ആശംസ അഭിമാനത്തോടെ വായിച്ചതിലൂടെ സര്‍ക്കാര്‍ എന്ത് സന്ദേശമാണ്
നല്‍കുന്നതെന്നും വിഡി സതീശൻ പ്രസ്താവനയിൽ ചോദിച്ചു.
ആഗോള അയ്യപ്പ സംഗമത്തിനെതിരെ വിമർശനവുമായി എ ഐ സി സി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള തട്ടിപ്പാണ് നടന്നതെന്ന് അയ്യപ്പ ഭക്തരായ വിശ്വാസ സമൂഹത്തിന് മനസിലായെന്ന് വേണുഗോപാൽ അഭിപ്രായപ്പെട്ടു. യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ മെസേജ് വായിക്കാൻ ദേവസ്വം മന്ത്രിക്ക് വലിയ ആവേശമായിരുന്നെന്നും കെ സി വിമർശിച്ചു.
ഒഴിഞ്ഞ കസേരകളുടെ ദൃശ്യം എടുത്തത് പരിപാടിക്ക് മുൻപാണെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ. ആഗോള അയ്യപ്പ സംഗമത്തിൽ മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് ശേഷം പോയത് സെഷനിൽ പങ്കെടുത്തവരാണ്. 5000 പേർക്ക് ഇരിക്കാൻ കഴിയുന്ന പന്തൽ ആണ് ഒരുക്കിയത്. പരിപാടി തുടങ്ങുന്നതിന് മുമ്പ് ഫോട്ടോ എടുത്ത് തെറ്റായ പ്രചാരണം നടത്തിയെന്നും മന്ത്രി ആരോപിച്ചു.
ആഗോള അയ്യപ്പ സംഗമം വിശ്വാസ വഞ്ചനയാണെന്നും ഇത് ജനങ്ങള്‍ തിരിച്ചറിഞ്ഞതിനാലാണ് പരിപാടി ദയനീയമായി പരാജയപ്പെട്ടതെന്നും മുസ്ലിം ലീഗ്. മുങ്ങി താഴുന്ന സര്‍ക്കാര്‍ നടത്തുന്ന പിടച്ചിലാണ് ഇപ്പോള്‍ കാണുന്നതെന്നും യഥാര്‍ത്ഥ അയ്യപ്പ ഭക്തര്‍ ആരും സംഗമത്തിൽ പങ്കെടുത്തില്ലെന്നും മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. അതേസമയം ശബരിമല ആഗോള അയ്യപ്പ സംഗമം ഒരു നാടകമാണെന്ന് പി വി അൻവർ പറഞ്ഞു. സർക്കാർ അയ്യപ്പ സംഗമം വർഗ്ഗീയതയെ ഉപയോഗപ്പെടുത്താനുള്ള വേദിയാക്കി മാറ്റുകയാണ് ചെയ്തതെന്നും അൻവർ ആരോപിച്ചു.
തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ കെ അനിൽകുമാറിന്‍റെ ആത്മഹത്യയെ ചൊല്ലി വിവാദം തുടരുന്നു. പൊലീസിന്‍റെ ഭീഷണിയാണ് ആത്മഹത്യക്ക് പിന്നില്ലെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുന്നു ബിജെപി. എന്നാൽ അനിൽകുമാറിനെതിരെ കേസെടുത്തിട്ടില്ലെന്നും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നുമാണ് തമ്പാനൂർ പൊലീസിന്‍റെ വിശദീകരണം. ആരും സഹായിക്കില്ലെന്നും താൻ തനിച്ചായെന്നുമായിരുന്നു ആത്മഹത്യാ കുറിപ്പിലുണ്ടായിരുന്നത്.
പാർട്ടിയിൽ മുരടിപ്പെന്ന് 25ാം സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ സംഘടന റിപ്പോർട്ടിൽ വിമർശനം. 32 പേജുള്ള കരട് സംഘടനാ റിപ്പോര്‍ട്ടിൽ ചില നേതാക്കൾ ഒരേ പദവിയിൽ നിന്ന് മാറാതിരിക്കുകയാണെന്നും ഇത് പാർട്ടിയുടെ ഊർജ്ജം കെടുത്തുകയാണെന്നുമാണ് റിപ്പോര്‍ട്ടിലെ വിമര്‍ശനം.സ്ത്രീകൾക്ക് അധികാരം നല്കാൻ പാടില്ലെന്ന ചിന്ത പാർട്ടിയിലുണ്ടെന്നും ഫണ്ട് പിരിവിൽ കേരളം മാതൃകയാണെന്നും ജനങ്ങളിലേക്കെത്തിയാണ് കേരളത്തിൽ ഫണ്ട് പിരിവെന്നും റിപ്പോര്‍ട്ടിലുണ്ട്.
എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കുനേരെ ലാത്തിചാര്‍ജ് നടത്തിയ സംഭവത്തിന് പിന്നാലെ കോട്ടയം ഡിവൈഎസ്പിക്ക് സ്ഥലം മാറ്റം. കോട്ടയം സിഎംഎസ് കോളേജിലെ തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തിൽ ലാത്തി ചാര്‍ജ് നടത്തിയതിന് കോട്ടയം ഡിവൈഎസ്‍പി കെജി അനീഷിനെയാണ് സ്ഥലം മാറ്റിയത്. അനീഷിനെ പത്തനംതിട്ട ക്രൈംബ്രാഞ്ചിലേക്ക് ആണ് മാറ്റിയത്.
കോൺഗ്രസ് സമരത്തിനിടെ കളക്ടറേറ്റിന് സമീപം കെ.എസ്.ആർ.ടി.സി. സ്റ്റാന്റിൽ നിൽക്കുമ്പോൾ, പോലീസുകാരൻ അകാരണമായി ക്രൂരമായി മർദ്ദിച്ചെന്ന പരാതിയിൽ മലപ്പുറം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർക്കെതിരെ വകുപ്പുതല നടപടികൾ സ്വീകരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. 2020 സെപ്റ്റംബർ 19 ന് നടന്ന മർദ്ദനത്തിൻ്റെ ദൃശ്യങ്ങൾ സഹിതമാണ് ശിവരാമൻ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.
പ്രിയങ്ക ഗാന്ധി എംപി സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തി. മലപ്പുറം കിഴിശേരിയിലെ വീട്ടിലെത്തിയാണ് പ്രിയങ്ക ഗാന്ധി ജിഫ്രി മുത്തുക്കോയ തങ്ങളെ കണ്ടത്. അര മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ച്ചയില്‍ പ്രതീക്ഷ നൽകുന്നതാണെന്ന് ജിഫ്രി തങ്ങൾ പറഞ്ഞു. മതേതരത്വം കാത്ത് സൂക്ഷിക്കാനുള്ള നടപടികൾ കോൺഗ്രസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ പ്രിയങ്ക ഉറപ്പ് തന്നെന്നും ന്യൂനപക്ഷങ്ങള്‍ നേടുന്ന പ്രയാസങ്ങള്‍ നിവേദനമായി പ്രിയങ്ക ഗാന്ധിക്ക് കൈമാറിയെന്നും അദ്ദേഹം പറഞ്ഞു.
പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രങ്ങളായ വാൽപ്പാറയിലും ഇ-പാസ് സംവിധാനം ഏര്‍പ്പെടുത്തും. നവംബര്‍ 1 മുതൽ വാൽപ്പാറയിൽ ഇ-പാസ് സംവിധാനം നിലവിൽ വരും. വാൽപ്പാറയിലേക്കുള്ള വാഹന പ്രവേശനം നിയന്ത്രിക്കുന്നതിന് ഇ-പാസ് സംവിധാനം ഏർപ്പെടുത്താൻ മദ്രാസ് ഹൈക്കോടതി സംസ്ഥാന സർക്കാരിന് നിര്‍ദ്ദേശം നൽകി.
സിപിഎം നേതാവ് കെ ജെ ഷൈനിനെതിരായ സൈബർ ആക്രമണത്തിൽ നടപടികൾ വേഗത്തിലാക്കാൻ മെറ്റയോട് ആവശ്യപ്പെട്ട് അന്വേഷണ സംഘം. മെറ്റയിൽ നിന്നുള്ള റിപ്പോർട്ട് ലഭിച്ചതിന് ശേഷമാകും അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ. അതേസമയം കേസിൽ പ്രതിയായ കോൺഗ്രസ് നേതാവ് ഗോപാലകൃഷ്ണന്‍റെ ഭാര്യയും തനിക്കെതിരായ സൈബർ ആക്രമണത്തിൽ പരാതി നൽകിയിട്ടുണ്ട്. കുടുംബത്തെ വേട്ടയാടുന്നെന്നാണ് പരാതി.
കെജിഎംസിടിഎ പ്രക്ഷോഭത്തിലേക്ക്. അധ്യാപകരുടെ കുറവ്, ശമ്പളത്തിലെ അപാകതകൾ തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണ് പ്രക്ഷോഭം. നാളെയും മറ്റന്നാളുമാണ് മെഡിക്കൽ കോളേജുകളിലെ അധ്യാപകർ പ്രതിഷേധിക്കുക. പ്രതിഷേധത്തിന്‍റെ ഭാഗമായി കരിദിനം ആചരിക്കും എന്നും കെജിഎംസിടിഎ വ്യക്തമാക്കിയിട്ടുണ്ട്. മെഡിക്കൽ കോളേജുകളിൽ ധർണയും ഡിഎംഇ ഓഫീസിലേക്ക് മാർച്ചും നടത്താന്‍ ധാരണയായിട്ടുണ്ട്.
പട്ടാമ്പിയിൽ പ്രകോപന പ്രസംഗവുമായി സിപിഎം നേതാവ്. പട്ടാമ്പി നഗരത്തിലെ റോഡ് പണി തടയാൻ വന്നാൽ വന്നപ്പോലെ തിരിച്ചു പോകില്ലന്നും ശരീരത്തിലെ ഇറച്ചിയുടെ അര കഷ്ണം തൂക്കം കുറയുമെന്നുമായിരുന്നു പട്ടാമ്പി ഏരിയ സെക്രട്ടറി ടി ഗോപാലകൃഷ്ണന്റെ ഭീഷണി. പട്ടാമ്പി നഗരത്തിലെ പൊതുമരാമത്ത് വകുപ്പിന്റെ റോഡ് നവീകരണത്തിന്റെ സന്തോഷം പങ്കുവെക്കാനായി ഡിവൈഎഫൈ സംഘടിപ്പിച്ച വേദിയിലായിരുന്നു ഗോപാലകൃഷ്ണൻ പ്രകോപന പ്രസംഗം നടത്തിയത്.
കോട്ടയം ആർപ്പുക്കര വൊക്കേഷണൽ ഹയർ സെക്കന്‍ഡറി സ്കൂളിന്‍റെ ഗ്രൗണ്ടിൽ നിന്ന് കണ്ടെത്തിയ അസ്ഥികൂടങ്ങൾ 30 വയസിന് മുകളിൽ പ്രായമുള്ള പുരുഷന്‍റേതെന്ന് പ്രാഥമിക ഫോറന്‍സിക് റിപ്പോര്‍ട്ട്. കൂടുതൽ പരിശോധനയ്ക്കായി അസ്ഥിക്ഷണങ്ങള്‍ തിരുവനന്തപുരത്തെ ലാബിലേക്ക് അയക്കും.
ജിഎസ്‍ടി നിരക്കുകളിൽ വന്ന കുറവിന്‍റെ നേട്ടം സെപ്റ്റംബർ 22ന് ശേഷം ഉപഭോക്താക്കൾക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് സെൻട്രൽ ജിഎസ്‍ടി ചീഫ് കമ്മീഷണർ വ്യക്തമാക്കി. കേന്ദ്ര ജിഎസ്‍ടിയിലെയും കേരള ജിഎസ്‍ടിയിലെയും ഉദ്യോഗസ്ഥർ ഇക്കാര്യം ഉറപ്പാക്കാനായി ഉണ്ടാകും. എന്നാൽ ഇക്കാര്യത്തിനായി വിപണിയിൽ നേരിട്ട് ഇടപെടില്ലെന്നും സെൻട്രൽ ജിഎസ്ടി കമ്മീഷണർ വ്യക്തമാക്കി.
വോട്ട് ചോരിയുമായി ബന്ധപ്പെട്ട് ഒരു ഹൈഡ്രജൻ ബോംബ് വെളിപ്പെടുത്തൽ ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞത് പ്രധാനമന്ത്രിയുടെ മണ്ഡലമായ വരാണസിയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലാകുമെന്ന് സൂചന. രാഹുൽഗാന്ധിയുടെ ഉന്നം വരാണസി തന്നെയെന്നാണ് കോൺഗ്രസ് യു പി പി സി സി വ്യക്തമാക്കുന്നത്.
നഗരത്തിലെ റോഡുകളിലെ കുഴി അടയ്ക്കാൻ അന്ത്യശാസനവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ. ഒരു മാസത്തിനുള്ളിൽ റോഡുകൾ നന്നാക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദേശം. എഞ്ചിനീയർമാരുടെ കാര്യക്ഷമതയില്ലായ്മയെ ചോദ്യം ചെയ്ത സിദ്ധരാമയ്യ, റോഡുകൾ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിൽ പരാജയപ്പെടുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നൽകി.
തമിഴക വെട്രി കഴകം പ്രസിഡന്റ് വിജയ്‌യെ തള്ളി ആൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേട്ര കഴകം. 2026ലെ തിരഞ്ഞെടുപ്പിൽ ഡിഎംകെയും ടിവികെയും തമ്മിലാണ് പോരാട്ടമെന്ന വിജയ്‌യുടെ പ്രസ്താവന തെറ്റാണെന്നും ഡിഎംകെയ്ക്ക് ബദൽ എഐഎഡിഎംകെ മാത്രമാണെന്നും ആർ ബി ഉദയകുമാർ പറഞ്ഞു. വിജയ്‌യുടെ തെറ്റായ പ്രചാരണങ്ങളിൽ ജനങ്ങൾ ശ്രദ്ധിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
മണിപ്പൂരിൽ അസം റൈഫിൾസിന് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ 2 പേർ കസ്റ്റഡിയിൽ. അക്രമികൾ സഞ്ചരിച്ച വാഹനവും പിടിച്ചെടുത്തു. രണ്ട് ജവാന്മാരാണ് കഴിഞ്ഞദിവസം നടന്ന ആക്രമണത്തിൽ വീരമൃത്യു വരിച്ചത്. സെപ്റ്റംബർ 19നാണ് അസം റൈഫിൾസിന്റെ ട്രക്കിന് നേരെ സായുധ അജ്ഞാത സംഘം ആക്രമം നടത്തിയത്. ആക്രമിസംഘത്തിൽ കുറഞ്ഞത് 5 പേരെങ്കിലുമുണ്ടെന്നാണ് ഗവർണറുടെ ഓഫീസ് വ്യക്തമാക്കിയിരുന്നത്.
ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എ ബി വി പി ഏഴ് വർഷത്തിന് ശേഷം വിജയം നേടി. ആറ് സീറ്റുകളും പിടിച്ചെടുത്താണ് എ ബി വി പി 7 വർഷങ്ങൾക്ക് ശേഷം യൂണിയൻ ഭരണം സ്വന്തമാക്കിയത്. ശിവ പലേപു പ്രസിഡന്റായും ശ്രുതി പ്രിയ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.
സുകേഷ് ചന്ദ്രശേഖർ സൂത്രധാരനായ 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസ് സുപ്രീം കോടതയിൽ അപ്പീൽ നൽകി. 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് നടി സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ചത്.
ഐക്യരാഷ്ട്ര സംഘടന പൊതുസഭ വാർഷിക സമ്മേളനത്തോടനുബന്ധിച്ച് 10 രാജ്യങ്ങൾ പലസ്തീനിന്റെ രാഷ്ട്ര പദവി അംഗീകരിക്കും. ബ്രിട്ടൻ, ബെൽജിയം, കാനഡ, ഫ്രാൻസ്, പോർച്ചുഗൽ, അൻഡോറ, മാൾട്ട, ഓസ്ട്രേലിയ, ലക്സംബർഗ്, സാൻമറീനോ തുടങ്ങി 10 പ്രമുഖ രാജ്യങ്ങളാണ് പലസ്തീനെ അംഗീകരിക്കുക. ഗാസയിൽ ഇസ്രായേൽ ആക്രമണം തുടരുന്നതിനിടെയാണ് പ്രമുഖ രാജ്യങ്ങളുടെ നിർണായക നീക്കം. അമേരിക്കയുടെയും ഇസ്രയേലിന്റെയും എതിർപ്പ് തള്ളിയാണ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പ്രഖ്യാപനം നടത്തുന്നത്.
അഫ്ഗാനിസ്ഥാനിലെ ബഗ്രാം വ്യോമതാവളത്തിന്‍റെ നിയന്ത്രണം അമേരിക്കയ്ക്ക് തിരികെ നൽകണമെന്ന പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ ആവശ്യം താലിബാൻ നിരസിച്ചു. സാധ്യമല്ല എന്നാണ് താലിബാന്‍റെ പ്രതികരണം. ഒരുകാലത്ത് അഫ്ഗാനിസ്ഥാനിലെ ഏറ്റവും വലിയ യുഎസ് സൈനിക താവളമായിരുന്ന ബഗ്രാം, 2021ൽ അധികാരം തിരിച്ചു പിടിച്ചതിനു ശേഷം താലിബാന്‍റെ നിയന്ത്രണത്തിലാണ്.
യുഎൻ പൊതുസഭ ചേരുന്നതിനു മുന്നോടിയായി പലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച് യുണൈറ്റഡ് കിങ്ഡം(യുകെ). കാനഡയ്ക്കും ഓസ്ട്രേലിയയ്ക്കും പിന്നാലെയാണ് യുകെയും പലസ്തീനെ അംഗീകരിക്കുന്നത്.
പലസ്തീന്‍ രാഷ്ട്രത്തെ യുകെ അംഗീകരിച്ചതിനു തൊട്ടുപിന്നാലെ പ്രതികരണവുമായി ഇസ്രയേല്‍. ഹമാസിനുള്ള പ്രതിഫലമല്ലാതെ മറ്റൊന്നുമല്ല ഇതെന്നാണ് ഇസ്രയേല്‍ പറഞ്ഞത്…പലസ്തീന്‍ രാഷ്ട്രത്തിന്റെ അംഗീകാരം ഹമാസിനുള്ള ഒരു പ്രതിഫലമല്ലാതെ മറ്റൊന്നുമല്ല. യുകെയില്‍ പ്രവര്‍ത്തിക്കുന്ന മുസ്ലീം ബ്രദര്‍ഹുഡ് ഇതിനെല്ലാം ധൈര്യപ്പെടുന്നുവെന്ന് ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെ അറസ്റ്റ് ചെയ്ത് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഹാജരാക്കണമെന്ന് സിപിഎം നേതാവും മുൻമന്ത്രിയുമായ ജി. സുധാകരന്‍പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തിലാണ് ജി. സുധാകരന്റെ പ്രസ്താവന. ഹമാസ് തിരിച്ചടിക്കണമെന്നും ഐക്യരാഷ്ട്ര സഭ പുനഃസംഘടിപ്പിക്കണമെന്നും സുധാകരന്‍ ആവശ്യപ്പട്ടു.
കശ്മീർ പ്രശ്നം പരിഹരിക്കാതെ ഇന്ത്യയുമായി സാധാരണ നിലയിലുള്ള ബന്ധം സാധ്യമല്ലെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്. ലണ്ടനിലെ പാക് സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ഷഹബാസ്.
ജാതിയില്‍ തനിക്ക് വിശ്വാസമില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പുമന്ത്രി നിതിന്‍ ഗഡ്കരി. ജാതിയോ മതമോ ഭാഷയോ കാരണം മനുഷ്യന്‍ മഹാനാകില്ല. വ്യക്തിയിലെ ഗുണങ്ങളാണ് അവരെ ശ്രേഷ്ഠതയുള്ളവരാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.