രാത്രി വാർത്തകൾ
ശബരിമല സ്വർണപ്പാളിയിലെ തൂക്കം വ്യത്യാസം ഭരണപരമായ വീഴച്ചയെന്ന് ഹൈകോടതി. 2019 ൽ സ്വർണ്ണപ്പാളി തിരികെയെത്തിച്ചപ്പോൾ തൂക്കം മഹസറിൽ രേഖപ്പെടുത്തിയില്ലെന്നും വിശ്വാസ്യതയും സുതാര്യതയും ഉറപ്പ് വരുത്തേണ്ട ഒരു ക്ഷേത്ര സമിതിയിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്ത വീഴ്ച്ചയാണ് ഉണ്ടായതെന്നും കോടതി പറഞ്ഞു. സ്വർണ്ണപ്പാളി കേസിൽ വിശദമായ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.
ആഗോള അയ്യപ്പ സംഗമം നടത്താന്‍ അനുമതി നല്‍കി സുപ്രീം കോടതി. അയ്യപ്പ സംഗമം നടത്താമെന്നും ഹൈക്കോടതിയുടെ ഉത്തരവിൽ ഇടപെടാനില്ലെന്നുമാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. ആഗോള അയ്യപ്പ സംഗമത്തിന്‍റെ ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കാന്‍ പാടില്ല എന്നും സുപ്രീം കോടതി ഉത്തരവില്‍ പറയുന്നു. മാത്രമല്ല സംഗമവുമായി ബന്ധപ്പെട്ട് എന്ത് പ്രശ്നം വന്നാലും ഉത്തരവാദിത്തം ദേവസ്വം ബോര്‍ഡിനായിരിക്കുമെന്നും പരാതിയുണ്ടെങ്കില്‍ ഹൈക്കോടതിയെ സമീപിക്കണം, ഹൈക്കോടതിയുടെ നിബന്ധനകൾക്ക് വിധേയമായിട്ടായിരിക്കണം അയ്യപ്പ സംഗമം നടത്താന്‍ എന്നും സുപ്രീം കോടതി വ്യക്തമാക്കി.
ആഗോള അയ്യപ്പസംഗമം നാടകമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വിശ്വാസികൾക്ക് വേണ്ടി പ്രവർത്തിക്കുന്നവരെ ജനങ്ങൾ മനസ്സിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ആഗോള അയ്യപ്പ സംഗമം നടത്താന്‍ സുപ്രീം കോടതി അനുമതി നല്‍കി. അയ്യപ്പ സംഗമം നടത്താമെന്നും ഹൈക്കോടതിയുടെ ഉത്തരവിൽ ഇടപെടാനില്ലെന്നുമാണ് സുപ്രീംകോടതി വ്യക്തമാക്കിയത്.
ആഗോള അയ്യപ്പ സംഗമത്തിൽ നിലവിൽ 5000ത്തിലധികം പേർ രജിസ്റ്റർ ചെയ്തുവെന്ന് മന്ത്രി വി എൻ വാസവൻ. പ്രതിനിധികളുടെ എണ്ണം മുൻഗണനാക്രമത്തിൽ 3000 ആയി നിജപ്പെടുത്തിയിട്ടുണ്ടെന്നും ശബരിമല മാസ്റ്റർ പ്ലാൻ സർക്കാർ അംഗീകരിച്ചുവെന്നും മന്ത്രി പറഞ്ഞു. മാസ്റ്റർ പ്ലാൻ നിർദ്ദേശങ്ങൾ ആഗോള അയ്യപ്പ സംഗമത്തിൽ ചർച്ചയാകും.
മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി വയനാട് സന്ദർശിക്കും. രാഹുൽ ഗാന്ധിക്കൊപ്പം വെള്ളിയാഴ്ചയാണ് സോണിയാഗാന്ധി വയനാട്ടിലേക്ക് വരുന്നത്. ഒരു ദിവസത്തെ സന്ദർശനം മാത്രമാണെന്നാണ് പുറത്തുവരുന്ന വിവരം. മകളും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി വയനാട്ടിൽ തുടരുന്നതിനിടെയാണ് ഇരുവരും ജില്ലയിലേക്ക് എത്തുന്നത്. സോണിയാഗാന്ധിയുടേത് സ്വകാര്യ സന്ദർശനത്തിന്റെ ഭാഗമാണെങ്കിലും നേതാക്കന്മാരെയും കാണുമെന്നാണ് വിവരം.
ഡോ എം ലീലാവതിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾ അങ്ങേയറ്റം അപലപനീയമാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി. എറണാകുളത്ത് നടന്ന കമ്മീഷൻ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവർ.കേരളം ആദരിക്കുന്ന പ്രശസ്ത നിരൂപകയും എഴുത്തുകാരിയുമായ ടീച്ചറെ അധിക്ഷേപിക്കുന്നത് വേദനാജനനകമാണ്. പ്രായം പോലും കണക്കിലെടുക്കാതെയാണ് ആക്രമിക്കുക്കുന്നതെന്നും കേരളീയ സമൂഹം ഇതിനെതിരെ പ്രതികരിക്കേണ്ടതുണ്ടെന്നും അധ്യക്ഷ പറഞ്ഞു.
കോഴിക്കോട് വെർച്വൽ അറസ്റ്റിലൂടെ റിട്ടയേർഡ് അധ്യാപികയുടെ 18 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. താമരശ്ശേരി സ്വദേശി മുഹമ്മദ് സൽമാനാണ് പിടിയിലായത്. വിദേശത്തായിരുന്ന പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. ആറ് മാസം മുൻപാണ് തട്ടിപ്പ് നടന്നത്. കൊയിലാണ്ടി സ്വദേശിയായ റിട്ടയേർഡ് അധ്യാപികക്കാണ് പണം നഷ്ടമായത്.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസിന് മറുപടിയുമായി കെടി ജലീൽ എംഎൽഎ. താൻ എവിടേക്കും ഒളിച്ചോടിയിട്ടില്ലെന്നും തനിക്ക് എവിടെയും ബിസിനസ് വിസ ഇല്ലെന്നും കെടി ജലീൽ പറഞ്ഞു. ഫിറോസിനെ പോലുള്ള പ്രമാണിമാർക്ക് കിട്ടുന്നതാണ് ബിസിനസ് വിസ. മലയാളം സർവകലാശാല ഭൂമി വിഷയം നിയമസഭയിൽ കൊണ്ടുവരാൻ ലീഗിനെ വെല്ലുവിളിക്കുകയാണ്. തിരൂരിൽ പ്രതിഷേധം നടത്താനുള്ള ലീഗ് തീരുമാനം തിരൂർകാർക്ക് തന്നെ അറിയുമെന്നും ജലീൽ പറഞ്ഞു. വടക്കൻ പറവൂരിൽ പരിപാടിയിൽ പങ്കെടുക്കുമ്പോഴായിരുന്നു കെടി ജലീലിന്റെ പ്രതികരണം.
ആലപ്പുഴ പൂച്ചാക്കലിൽ നിന്ന് കാണാതായ വിദ്യാർത്ഥികളെ കണ്ടെത്തി. ബെംഗളൂര്‍ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഇരുവരെയും കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് സ്കൂൾ വിട്ട് വീട്ടിൽ എത്തിയ ശേഷം പുറത്ത് പോയ കുട്ടികൾ തിരികെ എത്താത്തതിനെ തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് ഇവർ ബെംഗളൂരുവില്‍ ഉണ്ടെന്ന് റെയിൽവേ പൊലീസ് അറിയിച്ചത്.
എറണാകുളം പുത്തന്‍വേലിക്കര പോക്‌സോ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്ന വൈദികന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചിന്റെയാണ് തീരുമാനം. പുത്തന്‍വേലിക്കര കുരിശിങ്കല്‍ ലൂര്‍ദ്മാതാ പള്ളി വികാരിയായ എഡ്വിന്‍ ഫിഗറസിന്റെ ശിക്ഷയാണ് കോടതി മരവിപ്പിച്ചത്. കേസില്‍ വൈദികന് ഹൈക്കോടതി വിധിച്ച 20 വര്‍ഷം തടവെന്ന ശിക്ഷയ്‌ക്കെതിരെ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.
വൻ ഓൺലൈൻ തട്ടിപ്പ് കേസിൽ നിർണായക അറസ്റ്റ് നടത്തി കൊച്ചി സിറ്റി പൊലീസ്. 25 കോടി രൂപയുടെ ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലം സ്വദേശിയായ ജി സുജിതയാണ് അറസ്റ്റിലായത്. കൊച്ചി സൈബർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. പൊലീസിൻ്റെ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായാണ് വിവരം. ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻ്റ് ചെയ്തു.
തൃശൂർ അതിരൂപത മുൻ ആർച്ച് ബിഷപ്പ് ജേക്കബ് തൂങ്കുഴി അന്തരിച്ചു. 94 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തൃശൂർ കാച്ചേരി മൈനർ സെമിനാരിയിൽ വിശ്രമത്തിലായിരുന്നു.
കലുങ്ക് സൗഹൃദ സദസിൽ കരുവന്നൂർ ബാങ്കിലെ നിക്ഷേപം തിരികെ എടുക്കാൻ സഹായം തേടിയ വയോധികയോട് മുഖ്യമന്ത്രിയെ സമീപിക്കാൻ ആവശ്യപ്പെട്ട് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. മുഖ്യമന്ത്രിയെ തിരക്കി തനിക്ക് പോകാൻ പറ്റില്ലെന്നും വഴി അറിയില്ലെന്നും വയോധിക പറഞ്ഞു. എന്നാൽ, എന്‍റെ നെഞ്ചത്തോട്ട് കയറിക്കോ എന്നായിരുന്നു സുരേഷ് ഗോപി ചിരിച്ചുകൊണ്ട് പറഞ്ഞത്.
പൊലീസിനെതിരെ ഭീഷണി ആവർത്തിച്ച് കെ എസ് യു കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി ടി സൂരജ്. അകാരണമായി കെ എസ് യു പ്രവർത്തകരെ മർദിക്കുന്ന പൊലീസുകാരെ കൈകാര്യം ചെയ്യാൻ മടിക്കില്ല. പ്രവർത്തകരുടെ വികാരമാണ് താൻ ഇന്നലെ പറഞ്ഞത്. കഴിഞ്ഞ ദിവസം പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നതായും കെ എസ് യുവിന്റെ മെക്കിട്ട് കേറിയാൽ തിരിച്ചടി ഉണ്ടാകുമെന്നും വി ടി സൂരജ് ആവർത്തിച്ച് പറഞ്ഞു.
സംസ്ഥാനത്ത് ആശങ്ക ഉയർത്തിക്കൊണ്ട് പടരുന്ന അമീബിക് മസ്തിഷ്ക ജ്വരത്തെപ്പറ്റി ചർച്ച ചെയ്യുന്നതിനുള്ള അടിയന്തിര പ്രമേയത്തില്‍ മറുപടി പറഞ്ഞ് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. 12 മണി മുതലാണ് ചർച്ച ആരംഭിച്ചത്. പൊതുജനാരോഗ്യം പ്രാധാന്യം ഉള്ള വിഷയമാണെന്നും ചർച്ചക്ക് തയാറാണെന്നും ആരോഗ്യ മന്ത്രി അറിയിക്കുകയായിരുന്നു. ചര്‍ച്ചയില്‍ ആരോഗ്യ വകുപ്പിനെതിരെയും സര്‍ക്കാര്‍ നയങ്ങൾക്കെതിരെയും പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചു. എന്നാല്‍ ആരോപണങ്ങൾക്കും വിമര്‍ശനങ്ങൾക്കും വീണ ജോര്‍ജ് മറുപടി പറഞ്ഞു.
പോലീസ് അതിക്രമങ്ങളെ സംബന്ധിച്ച പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം ചീറ്റിപ്പോയെന്ന് പറഞ്ഞാല്‍ ജനങ്ങളത് വിശ്വസിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ് വിഎസ് സുജിത്തിനും കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനില്‍ നടന്ന പോലീസ് അതിക്രമങ്ങളുടെയും നേര്‍സാക്ഷ്യമാണ് പ്രതിപക്ഷം നിയമസഭയില്‍ അവതരിപ്പിച്ചത്. വിഷയത്തിന്റെ ഗൗരവം ഉള്ളതുകൊണ്ടാണ് ഭരണപക്ഷമത് ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചതെന്നും സണ്ണി ജോസഫ് പറഞ്ഞു.
ഇന്നും നാളെയും വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് എട്ട് ജില്ലകളിലും നാളെ ആറ് ജില്ലകളിലും കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ധർമ്മസ്ഥലയിൽ വീണ്ടും അസ്ഥികൾ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ബങ്കലെഗുഡേ വനമേഖലയിൽ നിന്നാണ് അസസ്ഥി കഷ്ണങ്ങൾ ലഭിച്ചത് എന്നാണ് വിവരം. എസ്ഐടി സംഘം ഇന്ന് ബങ്കലെഗുഡേയിൽ പരിശോധന നടത്തിയിരുന്നു. കർണാടക ഹൈക്കോടതി നിർദേശപ്രകാരമായിരുന്നു പരിശോധന. ഈ പരിശോധനയിൽ അഞ്ചിടത്ത് നിന്ന് അസ്ഥി കഷ്ണങ്ങൾ ലഭിച്ചതായാണ് സൂചനയുണ്ട്.
ധര്‍മ്മസ്ഥലയില്‍ നിന്ന് ഒമ്പത് മൃതദേഹാവശിഷ്ടങ്ങൾ എസ്ഐടി കണ്ടെത്തിയതായി യൂട്യൂബര്‍ മനാഫ്. കുട്ടിയുടെയും സ്ത്രീകളുടെയും മൃതദേഹാവശിഷ്ടങ്ങളാണ് കണ്ടെത്തിയതെന്നും ബംഗലെഗുഡേ വനമേഖലയിൽ നിന്നാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്, ഇനിയും അസ്ഥികൾ കണ്ടെത്തും. ഉന്നയിച്ചകാര്യങ്ങളെല്ലാം സത്യമായി വരും. ഇപ്പോഴും തനിക്കെതിരെ വധഭീഷണിയുണ്ട്. പറഞ്ഞകാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നു എന്നും മനാഫ് പറഞ്ഞു.
അഹമ്മദാബാദ് വിമാന ദുരന്തത്തിൽ കേന്ദ്രസർക്കാർ നേരിട്ട് അന്വേഷണം നടത്തണമെന്ന് ക്യാപ്റ്റൻ സുമീത് സബർവാളിൻ്റെ പിതാവ് പുഷ്കരാജ് സബർവാൾ. എയർക്രാഫ്റ്റ് ആക്സിഡൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ അന്വേഷണം ശരിയായ ദിശയിലല്ലെന്ന് പുഷ്കരാജ് സബർവാൾ പറഞ്ഞു. സുമിത് സബർവാളാണ് ദുരന്തത്തിന് കാരണക്കാരൻ എന്ന പ്രചാരണം ശക്തമാകുന്നുവെന്നും അക്കാര്യം അന്തിമ റിപ്പോർട്ടാകുമോയെന്ന ആശങ്കയുണ്ടെന്നും പുഷ്കരാജ് സബർവാൾ പറഞ്ഞു.
അസമിലെ യുവ ഐഎഎസ് ഓഫീസർ വൻ അഴിമതി കേസിൽ പിടിയിൽ. 2019 ബാച്ച് ഐഎഎസ് അസം കേഡർ ഉദ്യോഗസ്ഥ നുപുർ ബോറയാണ് പിടിയിലായത്. മുഖ്യമന്ത്രിയുടെ വിജിലൻസ് സെൽ ഗുവാഹത്തിയിലെ ബോറയുടെ വീട്ടിലടക്കം നടത്തിയ റെയ്‌ഡുകളിൽ 92 ലക്ഷം രൂപയും സ്വർണ-വജ്രാഭരണങ്ങളും പിടിച്ചെടുത്തതായാണ് വിവരം. ബാർപേട്ട ജില്ലയിൽ സേവനമനുഷ്ഠിച്ച കാലത്തെ ഭൂമി കൈമാറ്റ അഴിമതിയുമായി ബന്ധപ്പെട്ടായിരുന്നു അന്വേഷണം.
ജോർജിയയിൽ എത്തിയ 56 ഇന്ത്യക്കാർക്ക് മനുഷ്യത്വരഹിതമായ പെരുമാറ്റം നേരിടേണ്ടി വന്നതായി പരാതി. ധ്രുവി പട്ടേൽ എന്ന യുവതി ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് അനുഭവം പങ്കുവെച്ചത്. സാധുവായ ഇ-വിസയും മറ്റ് രേഖകളും ഉണ്ടായിരുന്നിട്ടും, സദാഖ്ലോ അതിർത്തിയിൽ വെച്ച് തങ്ങളെ അപമാനിക്കുകയും ദീർഘനേരം തടഞ്ഞുവെക്കുകയും ചെയ്തതായി യുവതി ആരോപിച്ചു.
ടിക് ടോകിന്‍റെ ഉടമസ്ഥാവകാശം കൈമാറുന്ന കാര്യത്തിൽ അമേരിക്കയും ചൈനയും തമ്മില്‍ ധാരണയായെന്ന് ചൈനീസ് ഭാഗത്ത് നിന്നും സ്ഥിരീകരണം. അമേരിക്കയിലെ ടിക് ടോക്ക് ആപ്പും, ഡാറ്റയും, അനുബന്ധ സാങ്കേതിക വിദ്യയും വാങ്ങാൻ സന്നദ്ധത പ്രകടിപ്പിച്ച അമേരിക്കൻ കമ്പനികൾക്ക് കൈമാറും. ഏതൊക്കെ കമ്പനികൾക്കാണ് ആപ്പ് ഉടമസ്ഥാവകാശം കൈമാറുകയെന്ന് വെളിപ്പെടുത്തിയിട്ടില്ല.
സാംസ്കാരികമായ അധിനിവേശം ആരോപിച്ച് ഐസ്ക്രീം, ഹാംബർഗർ, കരോക്കെ തുടങ്ങിയ വാക്കുകൾ നിരോധിച്ച് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. പാശ്ചാത്യമാണെന്ന് ആരോപിച്ച് വേറെയും വാക്കുകൾ നിരോധിച്ചുവെന്ന് ഡെയ്‌ലി എൻകെ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് പുതുതായി തുറന്ന വോൺസാൻ ബീച്ച് സൈഡ് റിസോർട്ടിൽ ജോലി ചെയ്യുന്ന ടൂർ ഗൈഡുകൾ സന്ദർശകരുമായി ഇടപഴകുമ്പോൾ വിദേശ, ദക്ഷിണ കൊറിയൻ പദാവലി ഒഴിവാക്കാൻ ഉത്തരവിട്ടിട്ടുണ്ട്.
ഗാസയിലെ യുദ്ധം രണ്ടു വർഷം പൂർത്തിയാകാൻ 20 ദിവസം മാത്രം ശേഷിക്കേ കരയാക്രമണമാരംഭിച്ച് ഇസ്രയേൽ. യുദ്ധം ആരംഭിച്ച് ഇതിനകം 64964 പേർ കൊല്ലപ്പെട്ടുകഴിഞ്ഞു. 165312 പേർക്ക് പരിക്കേറ്റു. നിരവധി പേർക്ക് കിടപ്പാടം നഷ്ടപ്പെട്ടതായി അൽജസീറ റിപ്പോർട്ട് ചെയ്തു.