താമരശ്ശേരി ചുരത്തിലെ ഗതാഗത നിയന്ത്രണം നീക്കി. ഇന്ന് മുതൽ ചരക്ക് വാഹനങ്ങൾ ഉൾപ്പെടെ കയറ്റിവിടുമെന്ന് അധികൃതർ അറിയിച്ചു. കോഴിക്കോട് കളക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ചരക്കുമായെത്തുന്ന വാഹനങ്ങൾക്ക് പ്രത്യേക ക്രമീകരണമൊരുക്കും. ഇരുവശങ്ങളിൽ നിന്നും ഒരേ സമയം ചരക്കുവാഹനങ്ങൾ അനുവദിക്കില്ല. ഹെയർപിൻ വളവുകളിൽ സ്ലോട്ട് തീരുമാനിക്കും. മണ്ണിടിച്ചിലുണ്ടായ ഒൻപതാം വളവിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ചുരത്തിൽ നിരീക്ഷണം തുടരും
സർക്കാർ – വൈസ് ചാൻസലർ തർക്കം കാരണം സാങ്കേതിക സർവകലാശാലയിലെ ജീവനക്കാർ ബുദ്ധിമുട്ടരുതെന്ന് സുപ്രീം കോടതി. തർക്കങ്ങൾ രമ്യമായി പരിഹരിക്കണമെന്ന് തൊഴു കൈയോടെ അഭ്യർത്ഥിക്കുകയാണെന്ന് ജസ്റ്റിസ് ജെബി പർദ്ദിവാലാ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.സിൻഡിക്കേറ്റ് യോഗം ചേരുന്നതിന് സർക്കാർ പ്രതിനിധികളെ അയക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് താത്കാലിക വൈസ് ചാൻസലർ കെ ശിവപ്രസാദ് ഹർജി നൽകിയത്.
കേരള യൂണിവേഴ്സിറ്റിയിൽ സിൻഡിക്കേറ്റ് യോഗം വിളിച്ച് വി സി. സെപ്റ്റംബർ രണ്ടിന് യോഗം വിളിച്ചിട്ടുള്ളത്. അംഗങ്ങൾക്ക് അറിയിപ്പ് നൽകിയത് മിനി കാപ്പനാണ്. പൊലീസിനും യോഗത്തെ കുറിച്ച് യൂണിവേഴ്സിറ്റിയുടെ കത്ത് നൽകിയിട്ടുണ്ട്. സിൻഡിക്കേറ്റ് യോഗം വിളിക്കണം എന്ന് ദീർഘകാലമായി ഇടത് അംഗങ്ങൾ ആവശ്യപ്പെടുന്നുണ്ട്. രാവിലെ 11 മണിക്കാണ് യോഗം.
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ പുതിയ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ചു. ഡിവൈഎസ്പി ഷാജിക്കാണ് അന്വേഷണ ചുമതല. വിശദമായ അന്വേഷണത്തിനാണ് പുതിയ സംഘത്തെ നിയമിച്ചതെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ അറിയിച്ചു. ഡിവൈഎസ്പി ബിനുകുമാറിനായിരുന്നു ആദ്യം അന്വേഷണ ചുമതല. ഇൻസ്പെക്ടർമാരായ സാഗർ, സജൻ, സൈബർ ഓപ്പറേഷൻ ഇൻസ്പെക്ടർ ഷിനോജ് എന്നിവരും സംഘത്തിലുണ്ട്. അന്വേഷണത്തിന് സൈബർസംഘത്തെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
തൃശ്ശൂർ നഗരത്തിൽ ആംബുലൻസിന് വനിത പൊലീസ് ഉദ്യോഗസ്ഥ വഴിയൊരുക്കിയ വീഡിയോ വൈറലായതിന് പിന്നാലെ മോട്ടോർ വാഹന വകുപ്പിന്റെ അന്വേഷണത്തിൽ ട്വിസ്റ്റ്. ആംബുലൻസിൽ രോഗി ഇല്ലെന്ന് മോട്ടോർ വാഹന വകുപ്പ് അന്വേഷണത്തിൽ കണ്ടെത്തി. രോഗി ഉണ്ടെന്ന് കരുതിയാണ് പൊലീസ് ഉദ്യോഗസ്ഥ ആംബുലൻസിന് വഴിയൊരുക്കിയത്. പരിശോധനയിൽ ഡ്രൈവർ വീഡിയോ എടുത്തത് വണ്ടിയോടിക്കുമ്പോഴാണെന്ന് കണ്ടെത്തിയെന്നും എം.വി. ഐ ബിജു പ്രതികരിച്ചു. സംഭവത്തില്‍ പിഴ ഈടാക്കി ആംബുലൻസ് ഡ്രൈവറെയും സഹായിയെയും വിട്ടയച്ചു.
കേരള കേഡറിലുള്ള ഐപിഎസ് ഉദ്യോഗസ്ഥ ഡി. ശിൽപയെ കര്‍ണാടക കേഡറില്‍ ഉള്‍പ്പെടുത്താന്‍ ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സർക്കാരിന്റെ അപ്പീൽ. സുപ്രീംകോടതിയിൽ കേന്ദ്രം ഇതുസംബന്ധിച്ച് അപ്പീൽ സമർപ്പിച്ചു. കേഡർ മാറ്റം നിലവിൽ പ്രായോഗികമല്ലെന്നാണ് കേന്ദ്ര നിലപാട് എന്നാണ് സൂചന. കേന്ദ്രത്തിന്റെ അപ്പീലിനെതിരെ തന്റെ വാദം കേൾക്കാതെ തീരുമാനം എടുക്കരുത് എന്ന് കാട്ടി ഡി ശിൽപ ഐപിഎസ് സുപ്രീംകോടതിയിൽ തടസഹർജി സമർപ്പിച്ചു.
കേരള രാഷ്ട്രീയ ചരിത്രത്തിൽ കേട്ട് കേൾവിയില്ലാത്ത പരാതി പരമ്പരകളാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയരുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മനസാക്ഷി ഉള്ള ആർക്കും അംഗീകരിക്കാൻ കഴിയില്ല. പുറത്ത് വന്ന വിവരങ്ങൾ മഞ്ഞു മലയുടെ അറ്റം മാത്രമാണ്. തുടർന്ന് വരുന്നത് കേട്ടതിനേക്കാൾ കൂടുതൽ കാര്യങ്ങളാണ്. കൃത്യമായ തെളിവുകളോടെ നിൽക്കുമ്പോഴും കോൺഗ്രസ് എന്ത് നടപടി എടുത്തു. പരാതി ഉയർന്നപ്പോൾ തന്നെ തേച്ച് മാച്ച് കളയാൻ ശ്രമിച്ചുവെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
പാലക്കാട് മണ്ഡലത്തിലേക്ക് വരണോ വേണ്ടയോ എന്ന് രാഹുൽ മാങ്കൂട്ടത്തിൽ തീരുമാനിക്കട്ടെയെന്നും കോൺഗ്രസ് അഭിപ്രായം പറയാനില്ലെന്നും ഷാഫി പറമ്പിൽ എംപി. രാഹുലിനെ പാർട്ടിയിലേക്ക് വീണ്ടും എങ്ങനെയെത്തിക്കുമെന്ന് ചർച്ച ചെയ്യാനായി തന്റെ നേതൃത്വത്തിൽ എ ഗ്രൂപ്പ് യോഗം ചേർന്നെന്ന വാർത്ത മാധ്യമസൃഷ്ടിയാണെന്നും ഷാഫി പറഞ്ഞു. സിപിഎം അജണ്ട മാധ്യമങ്ങൾ ഏറ്റെടുക്കരുതെന്നും ഷാഫി പറഞ്ഞു.
ഖദർ ഇടണമെന്ന് പറഞ്ഞതിന് ചിലർ തന്നെ പരിഹസിച്ചതിന് കാരണം ഇപ്പോഴാണ് തെളിഞ്ഞെന്ന് കോൺഗ്രസ് നേതാവ് അജയ് തറയിൽ. ഖദർ ഡിസിപ്ലിന്റെ ഭാഗമാണ്. ഖാദിയുടെ പ്രാധാന്യത്തെ കുറിച്ച് അടുത്തിടെ കോൺഗ്രസുകാരെ ഓർമിപ്പിച്ച കോൺഗ്രസ് നേതാവ് അജയ് തറയിൽ, എറണാകുളം പള്ളിമുക്കിലെ ഖാദി ഷോറൂമിലെത്തി. എല്ലാവരും ഖദർ വസ്ത്രം വാങ്ങി ഈ ഓണക്കാലം കളറാക്കണമെന്നും അജയ് തറയിൽ ആവശ്യപ്പെട്ടു.
തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ യുവതിയുടെ നെഞ്ചിൽ ട്യൂബ് വയർ കുടുങ്ങിയ സംഭവത്തിൽ ഡോക്ടറുടെ ഭാഗത്ത് പിഴവ് ഉണ്ടെങ്കിൽ നടപടി എടുക്കുമെന്ന് ഉറപ്പ് നൽകിയതായി ആരോഗ്യവകുപ്പ്. വയർ കുടുങ്ങിയ ട്യൂബ് തിരിച്ചെടുക്കാനുള്ള ചികിത്സ നല്‍കും. യുവതിക്ക് വിദഗ്ധ ചികിത്സ സർക്കാർ സഹായത്തോടെ ഉറപ്പാക്കും. അല്ലെങ്കിൽ മറ്റ് കാര്യങ്ങൾ സർക്കാരുമായി ആലോചിക്കും. ട്യൂബ് തിരിച്ചെടുക്കാൻ സാധിച്ചില്ലെങ്കില്‍ നഷ്ടപരിഹാരം നൽകും.സംഭവത്തിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഡോക്ടർ രാജീവ് കുമാറിനെതിരെ കേസെടുത്തിട്ടുണ്ട്.
കണ്ണൂരിൽ നിർമ്മിക്കുന്ന അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം തലമുറകള്‍ക്ക് നല്കുന്ന സംഭാവനയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതിന്റെ ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണെന്ന് മന്ത്രി പറഞ്ഞു. പ്രഥമ കേരള ആയുഷ് കായകല്പ് അവാര്‍ഡ് വിതരണത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
തത്തേങ്ങലം വനത്തിൽ കല്ലംപാറ മലയിൽ കുടുങ്ങിയ യുവാക്കൾക്കെതിരെ കേസെടുത്ത് വനംവകുപ്പ്. അതിക്രമിച്ചു കയറിയെന്ന വകുപ്പ് ചുമത്തിയാണ് 3 യുവാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്. നാട്ടുകൽ പാറപ്പുറം സ്വദേശികളായ ഇർഫാൻ, ഷമീൽ, മുർഷിദ് എന്നിവരാണ് കഴിഞ്ഞ ദിവസം വനത്തിലകപ്പെട്ടത്. വനംവകുപ്പ് ആർആർടി സംഘം എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്.
പട്ടാപ്പകല്‍ കുറുക്കന്റെ ആക്രമണത്തില്‍ ഗൃഹനാഥന് പരിക്കേറ്റു. നാദാപുരം ചിയ്യൂരിലാണ് നാടിനെ ആശങ്കയിലാഴ്ത്തിയ സംഭവമുണ്ടായത്. തയ്യില്‍ ശ്രീധര(60)നാണ് പരിക്കേറ്റത്. കഴുത്തിന് കടിയേറ്റ് സാരമായി പരിക്കേറ്റ ശ്രീധരനെ നാദാപുരം താലൂക്ക് ആശുപത്രിയില്‍ പ്രഥമ ചികിത്സ നല്കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
സർക്കാർ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമവുമായി സഹകരിക്കുമെന്ന് എൻഎസ്എസ്. ആചാര ലംഘനമുണ്ടാകില്ലെന്ന് ദേവസ്വം മന്ത്രി ഉറപ്പ് നൽകിയെന്ന് എൻഎസ്എസ് വൈസ് പ്രസിഡണ്ട് എൻ സംഗീത് കുമാർ വ്യക്തമാക്കി. സംഗമത്തെ എതിർക്കുമെന്ന് ബിജെപി പ്രഖ്യാപിക്കുമ്പോൾ എൻഎസ് എസിന്റെ പിന്തുണ സർക്കാറിന് ആശ്വാസമാണ്.
കൊച്ചി വാട്ടര്‍ മെട്രോ ആലുവയില്‍ നിന്ന് സിയാല്‍ വിമാനത്താവളത്തിലേക്ക് സര്‍വ്വീസ് ആരംഭിക്കുന്നത് സംബന്ധിച്ച സാധ്യത പഠനം നടത്തുന്നതിന് മുന്നോടിയായുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ആരംഭിച്ചു. പ്രാരംഭ പഠനത്തിനായി രൂപീകരിച്ച ആഭ്യന്തര ഉന്നതതല കമ്മറ്റി പ്രവര്‍ത്തനം തുടങ്ങി. ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
ലോട്ടറിയുടെ മേലുള്ള നികുതി 28 ശതമാനത്തിൽ നിന്നും 40 ശതമാനമാക്കുന്ന തീരുമാനത്തെ എതിർത്ത് എംവി ജയരാജൻ. വിഷയത്തിൽ കേന്ദ്ര ധനമന്ത്രിയുമായി ചർച്ച നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ലോട്ടറി തൊഴിലാളികളുടെ ഉപജീവന മാർഗത്തെ ബാധിക്കുന്ന തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന് അദ്ദേഹമുൾപ്പെട്ട പ്രതിനിധി സംഘം കേന്ദ്ര ധനമന്ത്രിയോട് ആവശ്യപ്പെട്ടു.
ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിൽ. ഡോളറിനെതിരെ രൂപയുടെ മൂല്യം 88.29 ആയി. അമേരിക്ക ഇന്ത്യയ്ക്കുമേൽ ചുമത്തിയ 50 ശതമാനം ഇറക്കുമതി തീരുവയെത്തുടർന്ന് വിപണിയിൽ രൂപപ്പെട്ട ആശങ്കകളാണ് മൂല്യത്തകർച്ചയ്ക്ക് ആക്കം കൂട്ടിയത്. എണ്ണ കമ്പനികളിൽ നിന്ന് ഡോളറിന് ഡിമാൻഡ് കൂടിയതും മൂല്യം ഇടിയാൻ കാരണമായി. ഓഹരി വിപണിയിൽ നിന്ന് വിദേശ നിക്ഷേപം കൊഴിയുന്നതും രൂപയുടെ മൂല്യം ഇടിയാൻ കാരണമായി. ട്രംപിന്റെ തീരുവ രാജ്യാന്തര വ്യാപാര രംഗത്ത് ഇന്ത്യയ്ക്ക് കോട്ടംതട്ടുമെന്ന വിലയിരുത്തൽ ശക്തമാണ്.
ബിഹാറിൽ നടന്ന ഇന്ത്യ സഖ്യത്തിന്റെ പരിപാടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമ്മക്കുമെതിരെ അപകീർത്തിപരമായ വാക്കുകൾ ഉപയോഗിച്ചതിനെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അപലപിച്ചു. രാഹുൽ ഗാന്ധിക്ക് ലജ്ജയുണ്ടെങ്കിൽ, മോദി ജിയോടും അദ്ദേഹത്തിന്റെ അമ്മയോടും ഈ രാജ്യത്തെ ജനങ്ങളോടും മാപ്പ് പറയണം. ദൈവം എല്ലാവർക്കും നല്ല ബുദ്ധി നൽകട്ടെയെന്ന് അമിത് ഷാ പറഞ്ഞു.
തന്റെയും ഉറ്റ ബന്ധുവിന്റേയും ചിത്രങ്ങൾ അശ്ലീല വെബ്സൈറ്റുകളിൽ വൈറലായതിന് പിന്നാലെ കുറ്റക്കാരെ വെറുതെ വിടില്ലെന്ന് വ്യക്തമാക്കി ഇറ്റലിയുടെ പ്രധാനമന്ത്രി. ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജിയ മെലോണി, സഹോദരി അരിയാന്ന, പ്രതിപക്ഷ നേതാവ് എല്ലി ഷെലീൻ അടക്കമുള്ള സ്ത്രീകളുടെ വ്യാജ ചിത്രങ്ങളാണ് അശ്ലീല സൈറ്റുകളിൽ വൈറലായത്. വെറപ്പുളവാക്കുന്ന പ്രവർത്തിയെന്നാണ് വ്യാജ ചിത്രങ്ങൾ ഇറ്റലിയിലെ കുപ്രസിദ്ധ അശ്ലീല സൈറ്റിൽ എത്തിയതിനേക്കുറിച്ച് ജോർജിയ മെലോണി പ്രതികരിച്ചത്.
എത്തിക്സ് ലംഘനം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് തായ്ലൻഡ് പ്രധാനമന്ത്രി പെയ്തോങ്താൺ ഷിനവത്രയെ ഭരണഘടനാ കോടതി പുറത്താക്കി. ഒരു വർഷം മാത്രം അധികാരത്തിലിരുന്ന ശേഷമാണ് ഈ നടപടി. ഇത് ഷിനവത്ര രാഷ്ട്രീയ കുടുംബത്തിന് ലഭിച്ച വലിയ തിരിച്ചടിയാണ്. തായ്ലൻഡിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു പെയ്തോങ്താൺ.
ഗാസയെ യുദ്ധമേഖലയായി പ്രഖ്യാപിച്ച് ഇസ്രയേൽ സൈന്യം. യുദ്ധത്തിന് ഇടയ്ക്ക് ഇടവേള അനുവദിച്ച് ഗാസയിൽ മാനുഷിക സഹായമെത്തിക്കാൻ നൽകിയിരുന്ന അനുമതിയും ഇസ്രയേൽ സൈന്യം റദ്ദാക്കി. അപകടകരമായ യുദ്ധമേഖലയാണ് ഗാസ നഗരമെന്നാണ് ഇസ്രയേൽ സൈന്യം വെള്ളിയാഴ്ച വ്യക്തമാക്കിയത്. രാവിലെ പത്ത് മണി മുതൽ വൈകുന്നേരം എട്ട് മണി വരെ ഭക്ഷണവും വെള്ളവും മറ്റ് അവശ്യ സാധനങ്ങളും ഉൾപ്പെടുന്ന മാനുഷിക സഹായങ്ങളെത്തിക്കാൻ കഴിഞ്ഞ മാസമാണ് ഇസ്രയേൽ സൈന്യം ഇടവേള നൽകിയത്.
ഇന്ത്യ-പാകിസ്താന് സംഘര്‍ഷത്തിലെ മധ്യസ്ഥതയ്ക്ക് ഇന്ത്യ അനുവദിക്കാത്തതാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഇന്ത്യയോടുള്ള നീരസത്തിന് കാരണമായതെന്നും ഇന്ത്യയ്ക്കെതിരെ തീരുവ വര്‍ധന നടപ്പിലാക്കാനുള്ള തീരുമാനത്തിലേക്ക് ട്രംപിനെ നയിച്ചതെന്നും റിപ്പോര്‍ട്ട്..ഇന്ത്യയുടെ നടപടി ട്രംപിന്റെ നൊബേല്സമ്മാനമെന്ന സ്വപ്നത്തിന് മങ്ങലേല്ക്കാന് കാരണമായതാണ് ഇന്ത്യയ്ക്കെതിരെ അന്‍പത് ശതമാനം ഇറക്കുതിത്തീരുവ ചുമത്താനുള്ള പ്രധാനകാരണമെന്ന് ജെഫറീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ചൈനീസ് സന്ദര്‍ശനത്തിന് മുന്നോടിയായി ചൈനയും ഇന്ത്യയും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ പ്രധാന്യം പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസുമായുള്ള താരിഫ് തര്‍ക്കത്തിനിടയില്‍ ജപ്പാനില്‍വെച്ചാണ് പ്രധാനമന്ത്രി മോദി ചൈനയുമായി ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടത് പ്രധാനമാണെന്ന് പറഞ്ഞത്.
ചാന്ദ്രയാന്‍-5 ദൗത്യത്തില്‍ ഇന്ത്യയും ജപ്പാനും കൈകോര്‍ക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ടോക്യോ സന്ദര്‍ശന വേളയിലാണ് സുപ്രധാന പ്രഖ്യാപനം. ചാന്ദ്രയാന്‍ പദ്ധതികളുടെ വിജയത്തിന് പിന്നാലെയുള്ള ഇന്ത്യയുടെ അടുത്ത ചാന്ദ്ര ദൗത്യമാണ് ചാന്ദ്രയാന്‍-5.