ഡിജിറ്റൽ സാങ്കേതിക സർവകലാശാല വൈസ് ചാന്‍സിലര്‍ നിയമനത്തിൽ നിര്‍ണായക ഉത്തരവുമായി സുപ്രീം കോടതി. ഗവര്‍ണര്‍ നിയമനം നടത്തേണ്ടത് മുഖ്യമന്ത്രി നിശ്ചയിക്കുന്ന മുൻഗണനാക്രമത്തിലാണെന്ന് സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കി. സെര്‍ച്ച് കമ്മിറ്റി നല്‍കുന്ന പാനലില്‍ മുഖ്യമന്ത്രിക്ക് മുന്‍ഗണനാക്രമം നിശ്ചയിക്കാമെന്നും അതേ മുൻഗണനാക്രമത്തിൽ നിയമനം നടത്തണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. മുഖ്യമന്ത്രിയുടെ ശുപാര്‍ശയില്‍ എതിര്‍പ്പുണ്ടെങ്കില്‍ ചാന്‍സലര്‍ സുപ്രീംകോടതിയെ അറിയിക്കണം. തുടര്‍ന്ന് ഇക്കാര്യത്തിൽ സുപ്രീം കോടതി അന്തിമ തീരുമാനമെടുക്കുമെന്നും ഉത്തരവിൽ പറയുന്നു.
സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം 26 മുതലെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ അറിയിച്ചു. ആദ്യ ഘട്ടത്തിൽ എഎവൈ വിഭാഗത്തിനും ക്ഷേമ സ്ഥാപനങ്ങൾക്കുമാണ് കിറ്റ് വിതരണം ചെയ്യുന്നത്. കിറ്റിൽ 14 ഇന സാധനങ്ങൾ ലഭിക്കും. സെപ്റ്റംബർ നാലിന് വിതരണം പൂർത്തിയാക്കും. ആറുലക്ഷത്തിൽ പരം എഎവൈ കാർഡുകാർക്കും ക്ഷേമ സ്ഥാപനങ്ങൾക്കുമാണ് ഭക്ഷ്യക്കിറ്റ് നൽകുകയെന്നും മന്ത്രി പറഞ്ഞു.
കേരള സാഹിത്യ അക്കാദമിയുടെ സാഹിത്യോത്സവ ചര്‍ച്ചയില്‍ നിന്ന് ശിശു ക്ഷേമ സമിതി മുൻ ജനറല്‍ സെക്രട്ടറിയും ഡിവൈഎഫ്ഐ നേതാവുമായിരുന്ന ഷിജുഖാനെ ഒഴിവാക്കി. തിരുവനന്തപുരത്തെ അനുപമയുടെ ദത്ത് വിവാദത്തില്‍ ഷിജുഖാനെതിരെ അനുപയും സഹ പാനലിസ്റ്റും രംഗത്തെത്തിയതിനെ തുടര്‍ന്നാണ് അക്കാദമിയുടെ നടപടി. സാഹിത്യോത്സവത്തില്‍ വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ താൽപ്പര്യമില്ലാത്തത് കൊണ്ടാണ് ഷിജു ഖാൽ മോഡറേറ്റ് ചെയ്യാനിരുന്ന സെഷൻ ഒഴിവാക്കുന്നതെന്ന് അക്കാദമി അധ്യക്ഷൻ കെ സച്ചിദാനന്ദന്‍ പറഞ്ഞു.
സ്കൂൾ സമയ മാറ്റവുമായി ബന്ധപ്പെട്ട് മത പണ്ഡിതന്മാർ പുനർവിചിന്തനം നടത്തണമെന്ന് സ്പീക്കർ എഎൻ ഷംസീർ. സ്കൂൾ സമയത്തിന് മുമ്പ് മാത്രമെ മതപഠനം നടക്കൂ എന്ന വാശി ഒഴിവാക്കണമെന്ന് എഎൻ ഷംസീർ പറഞ്ഞു. കാലത്തിന്റെ മാറ്റത്തിന് അനുസരിച്ച് നമ്മളും മാറണം. 10 മുതൽ നാല് വരെയുള്ള ക്ലാസ് സമയത്തിന്റെ മാറ്റത്തിനെ കുറിച്ച് സജീവ ചർച്ച വേണമെന്നും ഗൾഫ് രാജ്യങ്ങളിൽ പോലും മാറ്റമുണ്ടായെന്നും സ്പീക്കർ പറഞ്ഞു. സമസ്ത ഉൾപ്പെടെയുള്ള സംഘടനകൾ സ്കൂൾ സമയമാറ്റത്തിനെതിരെ രംഗത്ത് വന്നിരുന്നു.
യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയയ്ക്കായി പണം ശേഖരിക്കുന്നുവെന്ന പ്രചാരണം വ്യാജമെന്ന് സ്ഥിരീകരിച്ച് വിദേശകാര്യമന്ത്രാലയം. വിദേശകാര്യമന്ത്രാലയത്തിൻറെ അക്കൗണ്ടിൽ പണം അയയ്ക്കണമെന്ന കെഎ പോളിൻറെ പോസ്റ്റിനാണ് വിദേശകാര്യമന്ത്രാലയം വിശദീകരണം നൽകിയിരിക്കുന്നത്. വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ട് നമ്പർ ഉൾപ്പെടെയുള്ള പോസ്റ്റ് വ്യാജമാണെന്ന് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിക്കുകയാണിപ്പോൾ.
യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് വീണ്ടും പോസ്റ്റുമായി ഇവാഞ്ചലിസ്റ്റും ഗ്ലോബൽ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകനുമായ കെഎ പോൾ. നിമിഷ പ്രിയയെ മോചിപ്പിക്കാൻ പ്രധാനമന്ത്രിയുടെ ഫണ്ടിൽ നിന്ന് തുക നൽകണമെന്ന് കെഎ പോൾ ആവശ്യപ്പെട്ടു. അല്ലെങ്കിൽ തന്റെ എഫ്സിആർഎ അക്കൗണ്ട് പുനസ്ഥാപിക്കണം. നിമിഷ പ്രിയ വിഷയത്തിൽ ലക്ഷങ്ങൾ താൻ ഇതുവരെ ചെലവാക്കി. പുതിയൊരു അക്കൗണ്ട് വിദേശകാര്യ മന്ത്രാലയം നൽകുന്നത് കാത്തിരിക്കുന്നുകയാണെന്നും പോൾ പറഞ്ഞു.
സ്വതന്ത്ര്യ ദിന പോസ്റ്ററിൽ സവർക്കറുടെ ചിത്രം വെച്ചതുമായി ബന്ധപ്പെട്ട് തൃശൂർ പടിഞ്ഞാറേക്കോട്ടയിൽ പ്രതിഷേധത്തിന് എത്തിയ കെഎസ്‍യു പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി പൊലീസ്. കെഎസ്‍യു തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ, പ്രവർത്തകൻ അക്ഷയ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് നീക്കിയത്. ആർഎസ്എസിനെതിരേ പ്രതികരിക്കുന്നവരെയാണ് പിണറായി പൊലീസ് തടയുന്നതെന്നും ജനാധിപത്യ രാജ്യത്തിന് ചേർന്ന നടപടിയല്ലെന്നും ഗോകുൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
സംസ്ഥാനത്ത് കഴിഞ്ഞ ഒരു മാസത്തിനിടെ 1014 വെളിച്ചെണ്ണ പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിവിധ ദിവസങ്ങളിലായി നടത്തിയ പരിശോധനകളില്‍ 17,000ത്തോളം ലിറ്റർ വ്യാജ വെളിച്ചെണ്ണ പിടിച്ചെടുത്തു. 469 സാമ്പിളുകള്‍ ശേഖരിച്ച് നടപടികള്‍ സ്വീകരിച്ചു. 25 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. കേരസൂര്യ, കേര ഹരിതം, കുട്ടനാടന്‍ കേര തുടങ്ങിയ പേരിലുള്ള വെളിച്ചെണ്ണ നിര്‍മ്മാതാക്കള്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചു.
പാലിയേക്കര ടോൾ പ്ലാസക്കേസിലെ ടോൾ പിരിവ് നാല് ആഴ്ച്ചത്തേക്ക് വിലക്കിയ ഹൈക്കോടതി ഉത്തരവിനെതിരായ അപ്പീൽ കടുത്ത വിമർശനത്തോടെ തള്ളി സുപ്രീംകോടതി. . പൌരന്മാരുടെ ദുരവസ്ഥയിൽ ആശങ്കയുണ്ടെന്ന് വ്യക്തമാക്കിയ കോടതി കുണ്ടും കുഴിയും നിറഞ്ഞ റോഡുകളിലൂടെ സഞ്ചരിക്കാൻ കൂടുതൽ പണം നൽകേണ്ടതില്ലെന്നും വിധിച്ചു
ഓണക്കാലത്ത് ശബരി ബ്രാൻഡിൽ പുതിയ ഉത്പന്നങ്ങൾ വിപണിയിൽ ഇറക്കി സപ്ലൈക്കോ. പുട്ടുപൊടി, അപ്പം പൊടി, പായസം മിക്സ്, പഞ്ചസാര, ഉപ്പ്, പാലക്കാടൻ മട്ട എന്നിവയാണ് വിപണിയിൽ എത്തിച്ചിരിക്കുന്നത്. കൊച്ചിയിൽ നടന്ന ചടങ്ങിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ നടി റീമ കല്ലിങ്കലിന് പുതിയ ഉത്പന്നങ്ങളുടെ ആദ്യ വില്പന നടത്തി. ഓണകിറ്റ് വിതരണം ആഗസ്റ്റ് 26 മുതൽ തുടങ്ങുമെന്നും ഓണച്ചന്തകൾ ആരംഭിച്ചാൽ വെളിച്ചെണ്ണ വില പരമാവധി കുറയുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിൽ അടുത്ത 5 ദിവസം നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മൂന്ന് വർഷം മുൻപ് എം ഡി എം എയുമായി പിടിയിലായ കേസിൽ പ്രതികളെ കോടതി ശിക്ഷിച്ചു. മലപ്പുറം ഊരകം മേല്‍മുറി സ്വദേശികളായ ആലിപ്പറമ്പില്‍ മുഹമ്മദ് ജുനൈസ്, കോഴിക്കറമാട്ടില്‍ ഉസ്മാന്‍ എന്നിവരെയാണ് മഞ്ചേരി എന്‍ ഡി പി എസ് കോടതി ശിക്ഷിച്ചത്. പ്രതികൾക്ക് മഞ്ചേരി എന്‍ ഡി പി എസ് കോടതി ജഡ്‌ജ് ടി ജി വര്‍ഗീസ് ഉത്തരവിറക്കി.
അർണബ് ഗോസാമി നൽകിയ മാനനഷ്ടക്കേസിൽ ടൈംസ് നൗ എഡിറ്റർ ഇൻ ചീഫ് നവിക കുമാറിനെതിരെ അന്വേഷണം നടത്താൻ ദില്ലി കോടതി നിർദേശം. ദില്ലി പൊലീസിനാണ് നിർദ്ദേശം നൽകിയത്. ടിആർപി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നവിക നടത്തിയ പരാമർശവുമായി ബന്ധപ്പെട്ടാണ് മാനനഷ്ട കേസ്. കേസിൽ ടൈംസ് നൗ എഡിറ്റർ ഇൻ ചീഫിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവിടുകയായിരുന്നു.
ഒഡിഷയിൽ ബ്രാഹ്മണി നദിയിൽ 73 എരുമകൾ കൂട്ടത്തോടെ മുങ്ങിച്ചത്തു. ഓൾ ബ്ലോക്കിന് കീഴിലുള്ള ഏകമാനിയ ഗ്രാമത്തിനടുത്താണ് ദാരുണ സംഭവം. മത്സ്യബന്ധനത്തിനായി നദിയിലെ വെള്ളത്തിൽ വിഷം കലർത്തിയെന്ന ആരോപണത്തെത്തുടർന്ന്, വെറ്ററിനറി ഉദ്യോഗസ്ഥർ എരുമകൾ ചത്തതിന് പിന്നിലെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. എന്നാൽ കൂട്ടത്തോടെ നദിയിലിറങ്ങിയ പോത്തുകൾ മുതലകളെ കണ്ടതിനെ തുടർന്നാണ് തിക്കിലും തിരക്കിലും പെടുകയായിരുന്നുവെന്നും പറയുന്നു.
ഉത്തർപ്രദേശിലെ പിലിഭിത്തിൽ സ്കൂളുകളിൽ ബെഞ്ചും ഡസ്കും ലഭിച്ചു. ജില്ലയിലെ നൂറുകണക്കിന് സർക്കാർ പ്രൈമറി സ്കൂളുകളിലെ 90,000-ത്തിലധികം കുട്ടികൾക്കാണ് ഇരിക്കാൻ ബെഞ്ചും ഡെസ്കും ലഭിച്ചത്. ആദ്യമായാണ് സ്കൂളുകളിൽ ബെഞ്ചും ഡെസ്കും ലഭിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നു. തറയിലും മരച്ചുവട്ടിലുമായിരുന്നു ഇത്രയും കാലം കുട്ടികളുടെ വിദ്യാഭ്യാസം.
ഓൺലൈൻ ഗെയിമിംഗ് ആപ്പുകൾക്ക് കടിഞ്ഞാൺ ഇടാൻ കേന്ദ്ര സര്‍ക്കാര്‍. ഗെയിംമിഗ് ആപ്പുകളെ നിയന്ത്രിക്കാനുള്ള ബില്ലിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ഓൺലൈൻ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളെ നിയമ ചട്ടക്കൂടിന് കീഴിൽ കൊണ്ടുവരാനും ഡിജിറ്റൽ ആപ്പുകൾ വഴിയുള്ള ചൂതാട്ടത്തിന് പിഴകൾ ഏർപ്പെടുത്താനും വ്യവസ്ഥയാണ് ബില്ലിലുള്ളത്. ബിൽ നാളെ ലോക്സഭയിൽ കൊണ്ടുവന്നേക്കും.
രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന പശ്ചിമ ബംഗാളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികൾക്ക് സംസ്ഥാനത്തേക്ക് മടങ്ങുമ്പോൾ സാമ്പത്തിക സഹായം നൽകുമെന്ന് മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രഖ്യാപനം. മന്ത്രിസഭാ യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പശ്ചിമ ബംഗാളിലേക്ക് മടങ്ങുന്ന കുടിയേറ്റ തൊഴിലാളികൾക്ക് അടുത്ത 12 മാസത്തേക്ക് പ്രതിമാസം 5,000 രൂപ ധനസഹായം ലഭിക്കുമെന്നും ‘ഖാദ്യ സതി’, ‘സ്വസ്ത്യ സതി’ തുടങ്ങിയ സാമൂഹിക ആനുകൂല്യങ്ങൾ ലഭിക്കുമെന്നും സൗകര്യങ്ങൾ നടപ്പിലാക്കുന്നതിനായി ‘ശ്രമശ്രീ’ എന്ന പുതിയ പദ്ധതി പ്രഖ്യാപിക്കുമെന്നും മമതാ ബാനർജി പറഞ്ഞു.
ഉത്തർപ്രദേശിൽ സർക്കാർ ആശുപത്രിയിൽ നിന്ന് വ്യാജ ഡോക്ടറെ പിടികൂടി. ഉത്തർപ്രദേശിലെ ബസ്തിയിലെ ജില്ലാ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ രോഗികളെ പരിചരിക്കുന്ന വ്യാജ ഡോക്ടറെയാണ് അറ്റൻഡർമാർ പിടികൂടിയത്.ആളുകൾ അയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. രേഖാമൂലമുള്ള പരാതിയുടെ അടിസ്ഥാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
ഷാങ്ഹായി സഹകരണ ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങുമായി പ്രത്യേക ചർച്ച നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചൈനീസ് പ്രസിഡൻ്റിൻ്റെ ക്ഷണം നരേന്ദ്ര മോദി സ്വീകരിച്ചു. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീ നരേന്ദ്ര മോദിയെ കണ്ട് ഷി ജിൻപിങിൻ്റെ ക്ഷണക്കത്ത് കൈമാറി. അതിർത്തിയിലെ സമാധാനം രണ്ട് രാജ്യങ്ങൾക്കുമിടയിലെ നല്ല ബന്ധത്തിന് അനിവാര്യമെന്ന് മോദി ചൂണ്ടിക്കാട്ടി. കസാനിൽ താനും ഷി ജിൻപിങും ഉണ്ടാക്കിയ ധാരണയ്ക്കു ശേഷം ചൈനയുമായുള്ള ബന്ധത്തിലുണ്ടായ പുരോഗതി സ്വാഗതാർഹമെന്നും മോദി വ്യക്തമാക്കി
ടെസ്ല കാറുകളുമായി പോയ ട്രക്കിന് തീപിടിച്ചു. ട്രക്കിലുണ്ടായിരുന്ന എട്ട് കാറുകളിൽ ആറെണ്ണവും കത്തി നശിച്ചു. അമേരിക്കയിലെ ലോസ് ഏഞ്ചൽസിലാണ് സംഭവം. ലോസ് ഏഞ്ചൽസ് അഗ്നിരക്ഷാ വിഭാഗം സംഭവ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. കറുത്ത പുകയ്ക്കൊപ്പം തീ ആളിപ്പടരുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലെത്തി. സംഭവത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ല.
ബ്രിട്ടനിൽ സിഖ് വയോധികർക്ക് നേരെ ക്രൂരമായ ആക്രമണം. ഓഗസ്റ്റ് 15 ന് വോൾവർഹാംപ്ടണിലെ റെയിൽവേ സ്റ്റേഷന് പുറത്ത് മൂന്ന് കൗമാരക്കാരാണ് രണ്ട് സിഖ് പുരുഷന്മാരെ ആക്രമിച്ചത്. സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ക്രൂരമായി ആക്രമിച്ച ഇംഗ്ലീഷ് കൗമാരക്കാർ, സിഖ് വയോധികന്റെ തലപ്പാവ് ബലമായി അഴിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. സംഭവം രോഷത്തിനും വിമർശനത്തിനും ഇടയാക്കിയിട്ടുണ്ട്.
ഉത്തർപ്രദേശിലെ ടോൾ പ്ലാസയിൽ ജവാനെ ടോൾ പ്ലാസയിലെ ജീവനക്കാർ കെട്ടിയിട്ട് മർദ്ദിച്ച സംഭവത്തിൽ ആറുപേർ അറസ്റ്റിൽ. കപിൽ കവാദ് എന്ന സൈനികനെയാണ് മീററ്റിലെ ടോൾ പ്ലാസയിലെ തൊഴിലാളികൾ ആക്രമിച്ചത്. വീഡിയോ വൈറലായതോടെയാണ് പൊലീസ് കേസെടുത്ത് പ്രതികളെ പിടികൂടിയത്.
മഹാരാഷ്ട്രയിൽ മുംബൈയടക്കം വിവിധ മേഖലകളിൽ കനത്ത മഴ തുടരുന്നു. അടുത്ത 48 മണിക്കൂർ നിർണായകമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് നൽകി. മുംബൈ, താണെ, റായ്ഗഡ്, രത്‌നഗിരി, സിന്ധുദുർഗ് ജില്ലകളിലെ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. മഹാരാഷ്ട്രയിൽ തീവ്ര മഴയുണ്ടാകുമെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പും മുന്നറിയിപ്പ് നൽകി.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും സഞ്ജയ് കുമാറിനുമെതിരെ ദില്ലി പൊലീസിന് പരാതി. ലോക്സഭാ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് വ്യാജ പ്രചാരണങ്ങൾ നടത്തിയെന്നും സർക്കാരിനെതിരായി പ്രവർത്തിച്ചെന്നും കാട്ടിയാണ് പരാതി. സുപ്രീംകോടതി അഭിഭാഷകൻ വിനീത് ജിൻഡാലാണ് പരാതി നൽകിയത്.
യുക്രൈൻ പ്രസിഡന്റ് വ്ളോദിമിർ സെലൻസ്കിയുമായി റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിൻ കൂടിക്കാഴ്ചയ്ക്ക് സന്നദ്ധത പ്രകടിപ്പിച്ചുവെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഇത് ‘വലിയ കാര്യം’ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. അടിയന്തര സമാധാന കരാർ ഇല്ലെങ്കിലും മൂന്ന് വർഷത്തെ നീണ്ട യുദ്ധത്തിനിടെ യുദ്ധത്തിനിടെ നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് തയ്യാറായത് സുപ്രധാനമായ മാറ്റമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.