പ്രൊഫ. എം കെ സാനു അന്തരിച്ചു. വൈകുന്നേരം 5 .35 നാണ് മരണം സംഭവിച്ചത്. 99 വയസായിരന്നു. നാളെ രാവിലെ ഒമ്പതുമണി മുതൽ 10 വരെ വീട്ടിൽ പൊതുദർശനം ഉണ്ടാവും. രാവിലെ 10 മുതൽ എറണാകുളം ടൗൺ ഹാളിലായിരിക്കും പൊതുദര്‍ശനം.മലയാള സാഹിത്യലോകം കണ്ട ഏറ്റവും മികച്ച സാഹിത്യ നിരൂപകരില്‍ ഒരാളാണ് വിടവാങ്ങിയത്. എഴുത്തുകാരന്‍, പ്രഭാഷകന്‍, ചിന്തകന്‍ എന്നിങ്ങനെ വ്യത്യസ്ത തലങ്ങളില്‍ അദ്ദേഹം സംഭാവനകൾ നല്‍കിയിട്ടുണ്ട്.
പ്രൊഫസർ എം കെ സാനുവിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കേരളത്തിലെ സാമൂഹിക-സാംസ്‌കാരിക രംഗങ്ങളില്‍ ശാന്തമെങ്കിലും ഉറച്ച ശബ്ദമായിരുന്നു സാനുമാഷെന്ന് പിണറായി വിജയൻ ഓർമ്മിച്ചു. കേരളസമൂഹത്തിനാകെയും പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് വിശേഷിച്ചും നികത്താനാകാത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വേര്‍പാടിലൂടെ സംഭവിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
കെഎസ്ഇബി ലൈനിൽ നിന്നുള്ള വൈദ്യുതി നേരിട്ടോ അല്ലാതെയോ വൈദ്യുതി വേലികളിലേക്ക് പ്രവഹിപ്പിക്കാൻ പാടില്ലെന്ന് മുന്നറിയിപ്പ്. വന്യജീവി ആക്രമണത്തെ ചെറുക്കാൻ വൈദ്യുതി വേലികൾ സ്ഥാപിക്കുന്നതിന് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ നിന്നുള്ള പ്രത്യേക അനുമതി ആവശ്യമാണ്. വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് കഴിഞ്ഞ രണ്ട് കൊല്ലത്തിനിടെ 24 പേർ മരിച്ച സാഹചര്യത്തിലാണ് പ്രത്യേക നിർദേശം.
മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം ഡയറക്ടർ ഡോ.ഹാരിസിന് കുരുക്കായി വിദഗ്ദ സമിതി റിപ്പോർട്ട്. യൂറോളജി വിഭാഗത്തിൽ ഉപകരണം കാണാതായിട്ടുണ്ടെന്നാണ് വിദഗ്ദ സമിതിയുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. 12 ലക്ഷത്തിന്റെ ഉപകരണത്തിന്റെ ചില ഭാഗങ്ങൾ കാണാനില്ലെന്നാണ് റിപ്പോർട്ടിലുള്ളത്. ഇത് വകുപ്പ് മേധാവി ഡോ.ഹാരിസ് സമ്മതിച്ചതായും റിപ്പോർട്ടിൽ പരാമർശിക്കുന്നു.
ഡോക്ടര്‍ ഹാരിസിനെ വേട്ടയാടുകയാണെന്ന ആരോപണം തള്ളി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വിശദീകരണം തേടിയത് വേട്ടയാടലല്ല എന്നും സ്വാഭാവിക നടപടിയാണെന്നും ആവര്‍ത്തിക്കുകയാണ് വീണാ ജോര്‍ജ്. ഉപകരണങ്ങള്‍ കാണാതായിട്ടുണ്ടെന്ന് ഞാന്‍ പറഞ്ഞിട്ടില്ല, വിദഗ്ധ സമിതിയാണ് ഇക്കാര്യം പറഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി.
ഛത്തീസ്ഗഡില്‍ അറസ്റ്റിലായിരുന്ന കന്യാസ്ത്രീകൾ പുറത്തിറങ്ങി. ഒമ്പത് ദിവസം ജയിലില്‍ കഴിഞ്ഞതിന് ശേഷമാണ് മോചനം. എന്‍ഐഎ കോടതിയാണ് കന്യാസ്ത്രീകൾക്ക് ജാമ്യം നല്‍കിയത്. കടുത്ത ഉപാതികളില്ലാതെയായിരുന്നു ജാമ്യം ലഭിച്ചത്. നിലവില്‍ കന്യാസ്ത്രീകൾ മദര്‍ സുപ്പീരിയറിനോടൊപ്പം മഠത്തിലേക്ക് പോവുകയാണ്. പൊലീസ് സംരക്ഷണത്തിലാണ് യാത്ര. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, എംപി ജോണ്‍ ബ്രിട്ടാസ് എന്നീ നേതാക്കൾ ജയില്‍ മോചിതരായ കന്യാസ്ത്രീകളെ കാണുകയും സംസാരിക്കുകയും ചെയ്തു.
ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ ജാമ്യം ലഭിച്ച് ജയിലിൽ നിന്ന് പുറത്തിറങ്ങിയതിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. കന്യാസ്ത്രീകളുടെ മോചനം സാധ്യമാക്കിയ ജുഡീഷ്യറിക്കും പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കും നന്ദിയെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഒമ്പതു ദിവസം കഴിഞ്ഞാണ് അവര്‍ പുറത്തിറങ്ങുന്നത്. ഇന്ന് സന്തോഷത്തിന്‍റെ ദിവസമാണ് എന്നും അദ്ദേഹം പറഞ്ഞു.
ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം കിട്ടിയതില്‍ പ്രതികരിച്ച് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംമ്പ്ലാനി. ജാമ്യം ലഭിച്ച സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന് അദ്ദേഹം നന്ദി പറഞ്ഞു. വൈകിയാണെങ്കിലും നീതി ലഭിച്ചെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞ വാക്ക് പാലിച്ചു, കാര്യമായി ഇടപെടൽ കേന്ദ്രസർക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായി എന്നും അദ്ദേഹം പറഞ്ഞു.
നിരപരാധികളായ കന്യാസ്ത്രീകളെ ജയിലിൽ അടച്ചെന്നും കേട്ടുകേൾവിയില്ലാത്ത കാര്യമെന്നും അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് മദർ ജനറൽ ഇസബൽ ഫ്രാൻസിസ് . മതപരിവർത്തമവും മനുഷ്യക്കടത്തും ചിന്തയിൽ പോലുമില്ലെന്നും മദർ ജനറൽ കൂട്ടിച്ചേർത്തു.
നടൻ കൃഷ്ണ കുമാറിന്‍റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ പൊലീസ് അന്വേഷണത്തിൽ നിർണായക കണ്ടെത്തലുകൾ. ഇന്നലെ കീഴടങ്ങിയ വിനീതയുടെയും രാധാകുമാരിയെയുടെയും ചോദ്യം ചെയ്യൽ പുരോഗമിക്കുന്നതിനിടെയാണ് ഇക്കാര്യം പൊലീസ് വ്യക്തമാക്കിയത്. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചതിൽ നിന്നും 40 ലക്ഷത്തിലധികം രൂപയുടെ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്.കേസിൽ നിർണായക തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ പ്രതികളെ കൂടുതൽ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്.
താൽക്കാലിക വി സി നിയമനവുമായി ബന്ധപ്പെട്ട കടുത്ത തർക്കങ്ങൾക്കിടയിലും രാജ്ഭവനിലെ വിരുന്ന് സൽക്കാരത്തിന് 15 ലക്ഷം രൂപയുടെ അധിക ഫണ്ട് അനുവദിച്ച് സർക്കാർ. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഗവർണർ രാജ്ഭവനിൽ ഒരുക്കുന്ന ‘അറ്റ് ഹോം’ വിരുന്നിനായാണ് 15 ലക്ഷം രൂപ അനുവദിച്ചത്.
വയനാട്ടിൽ പാസ്റ്റർക്കെതിരെ സംഘപരിവാർ പ്രവർത്തകരുടെ ഭീഷണി. ഹിന്ദു വീടുകളിൽ കയറിയാൽ കാൽ വെട്ടുമെന്നാണ് ഭീഷണി. പാസ്റ്ററുടെ വാഹനം തടഞ്ഞ് ബത്തേരി ടൗണിൽ വച്ച് ബജ്റംഗ്ദൾ പ്രവർത്തകർ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഏപ്രിലിൽ നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നത്. സംഭവം അന്വേഷിച്ചിരുന്നുവെന്നും പരാതിയില്ലെന്ന് അറിയിച്ചതിനാൽ കേസെടുത്തിട്ടില്ല എന്നും ബത്തേരി പൊലീസ് പറയുന്നു.
സംസ്ഥാനത്ത് ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്. വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ മുന്നറിയിപ്പുണ്ട്. പക്ഷേ ഇനിയുള്ള ദിവസങ്ങളിൽ മൂന്ന് മുതൽ പത്ത് ജില്ലകളിൽ വരെ ഓറഞ്ച് അലർട്ട് (തീവ്ര മഴ മുന്നറിയിപ്പ്) പുറപ്പെടുവിച്ചു.
അതിരപ്പിള്ളി ആദിവാസി ഉന്നതികൾ കേന്ദ്രീകരിച്ച് ചാരായ വിൽപ്പന. വെറ്റിലപ്പാറ സ്വദേശി വിനീഷ് (44) ആണ് അറസ്റ്റിലായത്. ചാലക്കുടി റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ സി യു ഹരീഷിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മലപ്പുറം മഞ്ചേരിയിൽ ഡ്രൈവറുടെ മഖത്തടിച്ച കേസില്‍ പൊലീസുകാരനെതിരെ കൂടുതൽ നടപടി. സംഭവത്തില്‍ നൗഷാദ് എന്ന പൊലീസുദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. വാഹന പരിശോധനയ്ക്കിടെ ഇയാൾ ഡ്രൈവറുടെ മുഖത്തടിക്കുകയായിരുന്നു. അടിയേറ്റ ജാഫര്‍ എന്നയാൾ എസ്പിക്ക് നേരിട്ട് പരാതി നല്‍കിയതോടെയാണ് നടപടി.
മലയാള സിനിമാ നിര്‍മ്മാണത്തിന് പുതിയ നയം രൂപീകരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച കേരള ഫിലിം പോളിസി കോണ്‍ക്ലേവിന്‍റെ ആദ്യ സെഷനില്‍ പരാതി പറഞ്ഞ് നടി അന്‍സിബ ഹസന്‍. കോണ്‍ക്ലേവില്‍ സംസാരിച്ച ആരും അമ്മ സംഘടനയെ പരാമര്‍ശിക്കുന്നില്ലെന്നാണ് അന്‍സിബ പറഞ്ഞത്. എല്ലാവരും പറയുന്നത് ഡബ്ല്യുസിസിയെക്കുറിച്ചും ഫെഫ്കയെക്കുറിച്ചും മാത്രമാണെന്നും അന്‍സിബ പറഞ്ഞു.
കോഴിക്കോട് ബാലുശ്ശേരിയിൽ ഹോട്ടലിൽ നിന്നും പാഴ്സൽ വാങ്ങിയ ബിരിയാണിയിൽ പുഴുവിനെ കണ്ടെത്തി. കോക്കല്ലൂർ ശ്രീ സന്നിധി ഹോട്ടലിൽ നിന്നുമാണ് ബാലുശ്ശേരി സ്വദേശിയായ ശ്രീമതി ബിരിയാണി വാങ്ങിയത്. ബിരിയാണി കഴിച്ചതിന് പിന്നാലെ ശ്രീമതിയുടെ കൊച്ചുമകന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.തുടര്‍ന്ന് ബാലുശ്ശേരി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പഞ്ചായത്തിലും ആരോഗ്യവിഭാഗത്തിലും കുടുംബം പരാതി നൽകിയിട്ടുണ്ട്.
ഉത്തർപ്രദേശിലെ ബറേലിയിൽ യുവാവിനെ കാട്ടിൽ അവശനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ട്വിസ്റ്റ്. ഭർത്താവിനെ കൊല്ലാൻ ഭാര്യയും സഹോദരങ്ങളും ചേർന്ന് ക്വട്ടേഷൻ നൽകിയതാണെന്നാണ് കണ്ടെത്തൽ. ബറേലിയിൽ ഇസത്‌നഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന രാജീവ് എന്നയാളെയാണ് കൈകാലുകൾ ഒടിഞ്ഞ നിലയിൽ കാട്ടിൽ കണ്ടെത്തിയത്.
ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജെഎംഎം പാർട്ടിയുടെ മുതിർന്ന നേതാവുമായ ഷിബു സോറൻ (81) അതീവ ഗുരുതരാവസ്ഥയിൽ . കിഡ്‌നി സംബന്ധമായ അസുഖത്തെ തുടർന്ന് ഡൽഹിയിലെ ശ്രീ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം നിലവിൽ വെന്റിലേറ്ററിൽ തുടരുകയാണ്.
ബലാത്സംഗ കേസിൽ ജെഡിഎസ് മുൻ എംപി പ്രജ്വൽ രേവണ്ണയ്ക്ക് ജീവപര്യന്തം തടവ്. 47കാരിയെ ബലാത്സംഗം ചെയ്തെന്ന കേസിലാണ് ശിക്ഷാവിധി. 5 ലക്ഷം രൂപ പിഴയൊടുക്കാനും കോടതി വിധിച്ചിട്ടുണ്ട്. ജനപ്രതിനിധികള്‍ക്കായുള്ള പ്രത്യേക കോടതിയുടേതാണ് വിധി.
ബലാത്സംഗ കേസില്‍ ജീവപര്യന്തം തടവിന് വിധിക്കപ്പെട്ട ജെഡിഎസ് മുൻ എംപി പ്രജ്വല്‍ രേവണ്ണ കോടതിയിൽ പൊട്ടിക്കരഞ്ഞു. പ്രജ്വലിന്‍റെ പിതാവ് എച്ച് ഡി രേവണ്ണയും കോടതിയില്‍ എത്തിയിരുന്നു. ശിക്ഷാവിധിക്ക് മുൻപേ പരമാവധി കുറവ് ശിക്ഷ മാത്രം തരണമെന്നാണ് കോടതിയോട് പ്രജ്വല്‍ അപേക്ഷിച്ചത്. പരാതിക്കാരിയെ പ്രോസിക്യൂഷൻ നിർബന്ധിച്ച ഹാജരാക്കിയതാണെന്നും അന്തിമ വാദത്തിനിടെ പ്രജ്വല്‍ കോടതിയില്‍ പറഞ്ഞു.
ബംഗ്ലാദേശ് മോഡൽ വ്യാജരേഖകളുമായി കൊൽക്കത്തയിൽ പിടിയിലായി. വ്യാജരേഖകൾ ഉപയോഗിച്ച് ഇന്ത്യയിൽ താമസിച്ചതിനാണ് ബംഗ്ലാദേശ് സ്വദേശിനിയായ ശാന്താ പോളിനെ അറസ്റ്റ് ചെയ്തത്. ഒരു എയർലൈൻ കമ്പനിയിലെ ജീവനക്കാരിയായിരുന്നു ശാന്താ പോളെന്ന് പൊലീസ് പറഞ്ഞു.റേഷൻ കാർഡ്, ആധാർ കാർഡ്, വോട്ടർ ഐഡി, പാൻ കാർഡ് എന്നിവയുൾപ്പെടെ നിരവധി ഇന്ത്യൻ തിരിച്ചറിയൽ രേഖകൾ ഇവർ വ്യാജമായി നിർമ്മിച്ചത് പ്രാദേശികമായി ലഭിച്ച സഹായത്തോടെയാണെന്ന് പൊലീസ് പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
ജമ്മു കശ്മീരിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു. കുൽഗാം ജില്ലയിലാണ് ഏറ്റുമുട്ടൽ. രണ്ട് ഭീകരർ ഇതിനോടകം കൊല്ലപ്പെട്ടതായാണ് സൈന്യം പുറത്തുവിടുന്നത്. ഇവരാരൊക്കെയെന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.
മുൻ റഷ്യൻ പ്രസിഡന്റ് ദിമിത്രി മെദ്‍വദേവിന്റെ പ്രസ്താവന പ്രകോപനമായി. റഷ്യയ്ക്കടുത്തായി രണ്ട് ആണവ അന്തർ വാഹിനി കപ്പലുകൾ വിന്യസിക്കാൻ ഉത്തരവിട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വെള്ളിയാഴ്ചയാണ് ഇത് സംബന്ധിയായ ഉത്തരവ് ട്രംപ് നൽകിയത്. റഷ്യയുമായി അകൽച്ചയിൽ ആയിരിക്കുന്ന സമയത്താണ് ട്രംപിന്റെ അപ്രതീക്ഷിത നീക്കം.
വ്യോമ സേനാ താവളത്തിലേക്ക് നുഴഞ്ഞ് കയറാൻ ശ്രമിച്ചയാളെ വെടിവച്ച് വീഴ്ത്തി സുരക്ഷാ ഉദ്യോഗസ്ഥർ. അരിസോണയ്ക്ക് സമീപത്ത് ടക്സണിലെ ഡേവിസ് മോൻതാൻ വ്യോമസേനാ താവളത്തിലാണ് സൈനികനല്ലാത്തൊരാൾക്ക് വെടിയേറ്റത്. പുലർച്ച 2.30ഓടെയാണ് സാധാരണക്കാരനായൊരാൾ വ്യോമ സേനാ താവളത്തിലേക്ക് കടക്കാനുള്ള ശ്രമം നടത്തിയത് .
വിജനമായ സ്ഥലങ്ങളിലേക്ക് പോകരുത്, പ്രത്യേകിച്ച് രാത്രികാലങ്ങളില്‍… അയര്‍ലണ്ടില്‍ ഇന്ത്യക്കാര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ ഡബ്ലിനിടെ ഇന്ത്യന്‍ എംബസി പുറപ്പെടുവിച്ച മുന്നറിയിപ്പാണിത്. അതീവ ജാഗ്രത പുലര്‍ത്തണമെന്ന് എംബസി ഇന്ത്യക്കാരോട് നിര്‍ദ്ദേശിച്ചു. ഇന്ത്യന്‍ വംശജരായ ആളുകള്‍ക്കെതിരെ അയര്‍ലണ്ടില്‍ കൗമാരക്കാരുടെ സംഘം ആക്രമണം അഴിച്ചുവിടുന്ന സാഹചര്യത്തിലാണ് ഈ സുരക്ഷ മുന്നറിയിപ്പ്.
ലോക സമ്പദ്‌വ്യവസ്ഥ അനിശ്ചിതത്വത്തിന്റെ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ‘സ്വദേശി’ (മെയ്ഡ് ഇൻ ഇന്ത്യ) ഉൽപ്പന്നങ്ങൾക്ക് ഊന്നൽ നൽകണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിൽനിന്ന് യുഎസിലേക്ക് കയറ്റിയയയ്ക്കുന്ന ചരക്കുകൾക്ക് 25 ശതമാനം തീരുവയും റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ പിഴച്ചുങ്കവും ചുമത്താനുമുള്ള യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പരാമർശം.
കോടതികള്‍ വ്യവഹാരികള്‍ക്കുള്ളതാണെന്നും അഭിഭാഷകര്‍ക്കുള്ളതല്ലെന്നും സുപ്രീംകോടതിയുടെ നിരീക്ഷണം. ആന്ധ്രാപ്രദേശിലെ ഒരു ജില്ലാ കോടതി മാറ്റി സ്ഥാപിക്കുന്നത് ചോദ്യംചെയ്ത് ഒരു അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ചുകൊണ്ടാണ് സുപ്രീംകോടതി ഇത്തരമൊരു നിരീക്ഷണം നടത്തിയത്.
വനിതാ ചെസ്സ് ലോകകപ്പ് നേടിയ ഇന്ത്യന്‍ താരം ദിവ്യ ദേശ്മുഖിന് 3 കോടി രൂപ പാരിതോഷികം നല്‍കി മഹാരാഷ്ട്ര സര്‍ക്കാര്‍. നാഗ്പുരില്‍ വെച്ച് നടന്ന അനുമോദനച്ചടങ്ങില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസാണ് പാരിതോഷികം കൈമാറിയത്.
തടവിലാക്കപ്പെട്ട ബന്ദികളെ ഉടൻ മോചിപ്പിച്ചില്ലെങ്കിൽ ഗാസയിലെ ആക്രമണം തുടരുമെന്നും അതിന് പിന്നെ ഒരിടവേള ഉണ്ടാകില്ലെന്നും ഇസ്രയേൽ. ബന്ദികളെ വിട്ടയിക്കാൻ ഹമാസുമായി മധ്യസ്ഥരാജ്യങ്ങൾ ചർച്ചയ്ക്ക് കളം ഒരുക്കവെയാണ് ഇസ്രയേൽ കരസേന മേധാവി ലെഫ്റ്റനന്റ് ജനറൽ ഇയാൽ സമീറിന്റെ പ്രസ്താവന.
അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ് കമ്പനികള്‍ക്കെതിരായ 3,000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. 68.2 കോടി രൂപയുടെ വ്യാജ ഗ്യാരണ്ടികള്‍ സമര്‍പ്പിച്ചതിന് ഒഡീഷ ആസ്ഥാനമായുള്ള ഒരു കമ്പനിയുടെ മാനേജിംഗ് ഡയറക്ടറെ കസ്റ്റഡിയിലെടുത്തതായി ഇഡി വൃത്തങ്ങള്‍ അറിയിച്ചു. റിലയന്‍സ് പവറിന് വേണ്ടിയാണ് ഈ ഗ്യാരണ്ടികള്‍ ക്രമീകരിച്ചതെന്നും ഇഡി വ്യക്തമാക്കി.
ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി തയ്യാറാക്കിയ കരട് വോട്ടർ പട്ടികയിൽ തന്റെ പേരില്ലെന്ന് രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവും ബിഹാർ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ്. തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ പ്രക്രിയയുടെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയിൽ തന്റെ പേരില്ലെന്നാണ് തേജസ്വിയുടെ ആരോപണം.
2008-ലെ മലേഗാവ് സ്‌ഫോടനക്കേസ് അന്വേഷണത്തിനിടെ തന്നെക്കൊണ്ട് നിര്‍ബന്ധിച്ച് നരേന്ദ്ര മോദിയടക്കമുള്ളവരുടെ പേര് പറയിപ്പിക്കാന്‍ ശ്രമിക്കുകയും അത് രേഖപ്പെടുത്തിക്കുകയും ചെയ്തതായി മുന്‍ ബിജെപി എംപി പ്രജ്ഞാ സിങ് ഠാക്കൂര്‍ ..നരേന്ദ്ര മോദി, യോഗി ആദിത്യനാഥ്, ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് എന്നിവരുടെ പേരുകള്‍ പറയാനാണ് തന്നെ നിര്‍ബന്ധിച്ചതെന്ന് കേസില്‍ കുറ്റവിമുക്തയാക്കപ്പെട്ട പ്രജ്ഞാ സിങ് പറഞ്ഞു.
അമേരിക്കന്‍ ആണവ അന്തര്‍വാഹിനികള്‍ ‘അനുയോജ്യമായ’ മേഖലകളിലേക്ക്’ വിന്യസിക്കുമെന്ന ട്രംപിന്റെ പരാമര്‍ശത്തോട് പ്രതികരിച്ച് റഷ്യ. അമേരിക്കന്‍ അന്തര്‍വാഹിനികളെ നേരിടാന്‍ ആവശ്യമായ റഷ്യന്‍ ആണവ അന്തര്‍വാഹിനികള്‍ ആഴക്കടലിലുണ്ടെന്നാണ് റഷ്യന്‍ പാര്‍ലമെന്റിലെ മുതിര്‍ന്ന നേതാവായ വിക്ടര്‍ വൊഡോലാറ്റ്‌സ്‌കി പ്രതികരിച്ചത്.