മനുഷ്യക്കടത്തും നിര്‍ബന്ധിത മതപരിവര്‍ത്തനവും ആരോപിച്ച് ഛത്തീസ്ഗഡിൽ അറസ്റ്റിലായ രണ്ട് മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി. രണ്ട് കന്യാസ്ത്രീകളും ദുർഗിലെ സെൻട്രൽ ജയിലിൽ തുടരും. സെഷൻ കോർട്ടിലേക്കാണ് ഇനി ജാമ്യാപേക്ഷ സംബന്ധിച്ച നടപടികൾ എത്തുന്നത്.
ഛത്തീസ്ഗഢില്‍ മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റുചെയ്ത സംഭവത്തെ അപലപിച്ച് എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ്. എല്ലാ വൈവിധ്യങ്ങളെയും ഉള്‍ക്കൊള്ളുന്ന ബഹുസ്വരതയാണ് ഭാരതത്തെ ലോകത്തിന് മുന്നില്‍ വേറിട്ട് നിര്‍ത്തുന്നതെന്നും അസഹിഷ്ണുത ഭാരതത്തിന്റെ ശോഭകെടുത്തുമെന്നുംമലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം യാദൃശ്ചികമായ ഒന്നല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. രാജ്യത്ത് അപകടകരമായ സ്ഥിതിയാണെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു. നെറികെട്ട രീതിയിൽ കന്യാസ്ത്രീകൾക്കെതിരെ കള്ള പ്രചരണം കേന്ദ്ര സർക്കാർ നടത്തുന്നു. സഭയുടെ വിശ്വാസം സഭയെ രക്ഷിക്കട്ടെയെന്ന് പറഞ്ഞ എംവി ഗോവിന്ദൻ ബിജെപി പ്രതിനിധികളെ അയച്ചത് കണ്ണിൽ പൊടിയിടാനാണെന്നും വിമർശിച്ചു.
ഛത്തിസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ബജ്റംഗ്ദൾ പ്രവർത്തകർ നൽകിയ വ്യാജപരാതിയിലാണ് കന്യാസ്ത്രീകളെ അറസ്റ്റു ചെയ്ത് ജയിലിൽ അടച്ചത്. ക്രൈസ്തവ ഭവനങ്ങളിലും അരമനകളിലും കേക്കും സൗഹാർദച്ചിരിയുമായി കയറിയിറങ്ങുന്ന കൂട്ടർ തന്നെയാണ് മതപരിവർത്തനവും മനുഷ്യക്കടത്തുമാരോപിച്ച് കന്യാസ്ത്രീകളെ പോലും വേട്ടയാടുന്നതെന്ന് മുഖ്യമന്ത്രി വിമർശിച്ചു.രാജ്യത്തിന്റെ ബഹുസ്വരതയേയും സഹവർത്തിത്വത്തേയും സംഘപരിവാർ ഭയപ്പെടുന്നതുകൊണ്ടാണ് ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആക്രമണം തുടരെ നടക്കുന്നതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളെ കാണാനെത്തിയ ഇടതുപക്ഷ എംപിമാരെ പൊലീസ് തടഞ്ഞു. ബൃന്ദ കാരാട്ട്, ജോസ് കെ മാണി, എ എ റഹീം, പി പി സുനീർ, കെ രാധാകൃഷ്ണൻ, ആനി രാജ എന്നിവരും ഛത്തീസ്ഗഡിലെ പ്രാദേശിക നേതാക്കളും അടങ്ങിയ സംഘത്തെയാണ് ജയിലിന് മുന്നിൽ വെച്ച് പൊലീസ് തടഞ്ഞത്.നേരത്തെ ആവശ്യപ്പെട്ടിട്ടും അനുമതി നൽകിയില്ലെന്നും വിവേചനം കാണിച്ചെന്നും ബൃന്ദ കാരാട്ട് മാധ്യമങ്ങളോട് പ്രതികരിച്ചു.
കേരള സർവകലാശാലയിൽ വീണ്ടും പോര്. രജിസ്ട്രാർ അനിൽ കുമാറിന് ഫയൽ നൽകരുതെന്ന് വീണ്ടും നിർദേശിച്ച് വിസി മോഹനൻ കുന്നുമ്മേൽ. ഫയൽ കൈമാറിയാൽ ചട്ടലംഘനമായി കണക്കാക്കുമെന്ന് വിസി മോഹൻ കുന്നുമ്മൽ ഉത്തരവിറക്കി. സെനറ്റ് ഹാളിൽ നടന്ന സ്വകാര്യ ചടങ്ങിലെ പ്രശ്നങ്ങളാണ് വിസിയും രജിസ്ട്രാറും തമ്മിലുള്ള തർക്കങ്ങൾക്ക് തുടക്കം.
കാറ്റിലും മഴയിലും വൈദ്യുതി കമ്പി പൊട്ടിവീഴുമ്പോൾ വൈദ്യുതി വിതരണം സ്വയം നിലയ്ക്കുന്ന സാങ്കേതികവിദ്യ സംസ്ഥാനത്ത് നടപ്പിലാക്കാൻ കഴിയുമോ എന്ന് പരിശോധിക്കാൻ മനുഷ്യാവകാശ കമ്മീഷൻ കെഎസ്ഇബി മാനേജിംഗ് ഡയറക്ടർക്ക് നിർദ്ദേശം നൽകി. നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടിരിക്കുന്നത്.
മുഖ്യമന്ത്രിയെ വിമാനത്തില്‍ വെച്ച് ആക്രമിക്കാന്‍ ശ്രമിച്ചെന്ന കേസിലെ യൂത്ത് കോൺഗ്രസ് നേതാവിനെതിരായ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. മട്ടന്നൂര്‍ യുപി സ്‌കൂൾ അധ്യാപകനും യൂത്ത് കോൺഗ്രസ് നേതാവുമായ ഫര്‍സീന്‍ മജീദിന്റെ ശമ്പള വര്‍ദ്ധനവ് തടഞ്ഞ നടപടിയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.
കുടുംബശ്രീ ഓണ്‍ലൈന്‍ ഉൽപ്പന്ന വിപണന സംവിധാനമായ പോക്കറ്റ് മാര്‍ട്ട് ഒരുങ്ങുന്നു. ഓണാഘോഷത്തിനായുള്ള കുടുംബശ്രീ ഉത്പന്നങ്ങള്‍ ഒറ്റ ക്ലിക്കില്‍ ഇനി വീട്ടിലെത്തും. ഓണ്‍ലൈന്‍ സ്റ്റോര്‍ ആഗസ്റ്റ് ആദ്യവാരത്തോടെ പ്രവര്‍ത്തനം ആരംഭിക്കും.
പാടത്തെ വെള്ളക്കെട്ടിൽ വീണ് നാലര വയസുകാരന് ദാരുണാന്ത്യം. പാലക്കാട് കിഴക്കഞ്ചേരി പനംകുറ്റി ജോമോൻ്റെ മകൻ ഏബൽ ആണ് മരിച്ചത്. വൈകീട്ട് കളിക്കുന്നതിനിടെ കുട്ടി വീടിന് സമീപത്തെ വെള്ളക്കുഴിയിൽ അകപ്പെടുകയായിരുന്നു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ട് യുവാക്കളെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തമിഴ്‌നാട്ടിലെ സേലത്ത് നിന്ന് പിടികൂടി. താഴേക്കാട് സ്വദേശി അമൽ (25), തമിഴ്‌നാട് സേലം തുട്ടംപട്ടി താരമംഗലം സ്വദേശി വിശ്വഭായ് എന്ന വിശ്വ (21) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെയും പെൺകുട്ടിയെയും ചാലക്കുടിയിലെത്തിച്ചു.
ഹണി ട്രാപ്പിലൂടെ പണം തട്ടാൻ ശ്രമിച്ച കേസില്‍ കൊച്ചിയിൽ ദമ്പതികള്‍ അറസ്റ്റിൽ. തൃശ്ശൂർ സ്വദേശി ശ്വേതയും ഭർത്താവ് കൃഷ്ണദാസുമാണ് പിടിയിലായത്. കൊച്ചിയിലെ പ്രമുഖ ഐടി വ്യവസായിയുടെ പരാതിയിലാണ് സെൻട്രൽ പൊലീസ് പ്രതികളെ പിടികൂടിയത്. ഐടി വ്യവസായിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ജോലി ചെയ്ത ആളാണ് ശ്വേത.
നടന്‍ നിവിന്‍ പോളിക്കെതിരെ പരാതി നല്‍കിയ നിര്‍മ്മാതാവ് പി.എസ്. ഷംനാസിനെതിരെ അന്വേഷണത്തിന് കോടതി ഉത്തരവ്. വൈക്കം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയാണ് ഇയാള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്.
മുണ്ടക്കയത്ത് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് ഓഫീസിലെ ഹോം ഗാർഡായ കരിനിലം സ്വദേശി കെഎസ് സുരേഷാണ് മരിച്ചത്. വൈദ്യുതി ലൈനിലേയ്ക്ക് ചാഞ്ഞ് കിടന്ന മരംമുറിച്ച് മാറ്റുന്നതിനിടെയാണ് അപകടമുണ്ടയത്.
ഷാർജയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശിനി വിപഞ്ചികയുടെയുടെയും കുഞ്ഞിന്റെയും മരണം സംസ്ഥാന ക്രൈം ബ്രാഞ്ച് അന്വേഷിക്കും. നിലവിൽ ശാസ്താംകോട്ട ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. അന്വേഷണ സംഘത്തെ ഉടൻ തന്നെ തീരുമാനിക്കും. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നും അറിയിപ്പുണ്ട്.
ഡിസിസി ജില്ലാ ജനറൽ സെക്രട്ടറി കെ.സി.വിജയൻ രാജിവെച്ചു. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹനനും രാഹുൽ മാങ്കൂട്ടത്തിലിനും എതിരെ പാർട്ടിയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ കെ.സി.വിജയന്റെ ശബ്ദസന്ദേശം പുറത്തുവന്നതിന് പിന്നാലെയാണ് രാജി.
ഇത് ഇന്ത്യയുടെ വിജയോത്സവത്തിന്റെ സമ്മേളനമാണെന്ന് പ്രധാനമന്ത്രി മോദി. ലോക്സഭയിൽ ഓപ്പറേഷൻ സിന്ദൂർ ചർച്ചയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഭീകരരുടെ ആസ്ഥാനം തകർത്തതിന്റെ ആഘോഷമാണ്. രാജ്യത്തെ സേനകളുടെ ധീരതയുടെ വിജയാഘോഷം. താൻ പറയുന്നത് ഇന്ത്യയുടെ പക്ഷമെന്നും മോദി പറഞ്ഞു. ഇന്ത്യക്കൊപ്പം നിൽക്കാത്തവരെ പാഠം പഠിപ്പിക്കും. 22 മിനിറ്റിൽ ഏപ്രിൽ 22 ലെ ആക്രമണത്തിന് മറുപടി നൽകി. പാകിസ്ഥാനെ വിറപ്പിച്ചു. പാകിസ്ഥാന് ഒന്നും ചെയ്യാൻ സാധിച്ചില്ല. പാക് ആണവഭീഷണി വ്യാജമെന്ന് തെളിയിക്കാനായി എന്നും മോദി ചൂണ്ടിക്കാട്ടി.
പഹൽഗാമിലെ വീഴ്ച എങ്ങനെയെന്നതിൽ സർക്കാർ മൗനം പാലിക്കുന്നുവെന്ന് ലോക്സഭയിൽ പ്രിയങ്ക ഗാന്ധി എംപി. കശ്മീരിൽ സമാധാന അന്തരീക്ഷമാണെന്ന പ്രചാരണം നടത്തിയത് സർക്കാരാണ്. 1500ലധികം ടൂറിസ്റ്റുകൾ ബൈസരൺവാലിയിൽ എത്തിയിരുന്നു. 26 പേരെ കൊലപ്പെടുത്തി ഭീകരർ രക്ഷപ്പെട്ടു. ഒരു മണിക്കൂറോളം ഒരു സുരക്ഷ ഉദ്യോഗസ്ഥൻ പോലും ഇല്ലായിരുന്നുവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ അതിർത്തി സംഘർഷത്തിൽ മാതാപിതാക്കളെയോ കുടുംബത്തിന്‍റെ അത്താണിയെയോ നഷ്ടപ്പെട്ട 22 കുട്ടികളെ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഏറ്റെടുക്കും. പാകിസ്ഥാൻ ഷെല്ലാക്രമണത്തിൽ അനാഥരായ ഈ കുട്ടികളുടെ വിദ്യാഭ്യാസം, ബിരുദം പൂർത്തിയാകുന്നത് വരെ രാഹുൽ ഗാന്ധി പൂർണമായും ഏറ്റെടുക്കുമെന്ന് ജമ്മു കശ്മീർ കോൺഗ്രസ് അധ്യക്ഷൻ താരിഖ് ഹമീദ് കാറയെ ഉദ്ധരിച്ച് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
തിരുനെൽവേലിയിലെ ദുരഭിമാനക്കൊലയിൽ ധനസഹായം വേണ്ടെന്ന് കൊല്ലപ്പെട്ട കെവിന്റെ കുടുംബം. വീട്ടിലെത്തിയ സർക്കാർ പ്രതിനിധികളെ കുടുംബം തിരിച്ചയച്ചു. പണമല്ല തങ്ങൾക്കാവശ്യം നീതിയാണ് എന്നാണ് കൊലപ്പെട്ട കെവിന്റെ കുടുംബത്തിന്റെ നിലപാട്. കേസിൽ ഒന്നും രണ്ടും പ്രതികളായവർ പൊലീസ് ഉദ്യോഗസ്ഥരാണ്
ദില്ലിയുടെ വിവിധ ഭാഗങ്ങളിൽ ചൊവ്വാഴ്ച കനത്ത മഴ പെയ്തതിനെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റും മോശം കാലാവസ്ഥയും കാരണം വിമാനങ്ങൾ വൈകാനിടയുണ്ടെന്ന് കമ്പനികൾ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. കനത്ത മഴയ്ക്കൊപ്പം ഇടിമിന്നലുമുണ്ടായതോടെ ജനജീവിതം താറുമാറായി. കൊണാട്പ്ലേസിൽ രണ്ട് മണിക്കൂറിൽ 100.2 മില്ലീ മീറ്റർ മഴ പെയ്തെന്നാണ് റിപ്പോർട്ട്.
ധർമ്മസ്ഥലയിലെ വെളിപ്പെടുത്തൽ നടത്തിയ സ്ഥലത്ത് ആദ്യമായി പരിശോധിച്ച പോയിൻ്റ് നമ്പർ ഒന്നിൽ നിന്ന് ഇതുവരെ ഒന്നും കണ്ടെത്താനായില്ലെന്ന് പൊലീസ്. കനത്ത മഴയായതിനാൽ സ്ഥലത്ത് ഉറവയും വെള്ളക്കെട്ടുമാണ് നിലവിലുള്ളത്. മൂന്നടി താഴ്ചയിൽ കുഴിച്ചു നോക്കിയിട്ടും ഒന്നും കണ്ടെത്താനായില്ല. എന്നാൽ പുഴക്കര ആയതിനാൽ കുഴിച്ചുനോക്കി പരിശോധിക്കുന്നത് ദുഷ്കരമാണെന്ന് അന്വേഷണ സംഘം പറയുന്നു.നിലവിൽ പരിശോധന തുടരുകയാണ്.
ചൈനയിലെ തങ്ങളുടെ ഒരു റീട്ടെയില്‍ സ്റ്റോര്‍ അടച്ചുപൂട്ടാന്‍ ഒരുങ്ങി ആപ്പിള്‍. ചൈനയിലെ ഡാലിയന്‍ നഗരത്തിലെ സോങ്ഷാന്‍ ജില്ലയിലുള്ള പാര്‍ക്ക്‌ലാന്‍ഡ് മാള്‍ സ്റ്റോര്‍ ഓഗസ്റ്റ് 9-ന് അടച്ചുപൂട്ടുമെന്ന് ആപ്പിള്‍ അറിയിച്ചു. ഷോപ്പിംഗ് കോംപ്ലക്‌സിലെ സാഹചര്യങ്ങളിലുണ്ടായ മാറ്റങ്ങളാണ് ഇതിന് കാരണമെന്നാണ് കമ്പനി പറയുന്നത്.
ഓപ്പറേഷന്‍ സിന്ദൂര്‍ ചര്‍ച്ചയില്‍ ലോക്‌സഭയില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പാകിസ്താനെതിരെ പോരാടാന്‍ സര്‍ക്കാരിന് രാഷ്ട്രീയ ഇച്ഛാശക്തിയില്ലെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. പ്രതിരോധ സേനയുടെ കൈ കെട്ടിയിട്ടിട്ടാണ് പാകിസ്താനെതിരെ ആക്രമിക്കാന്‍ ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
കപ്പൽ തകർന്ന് ചെങ്കടലിൽ കുടുങ്ങിയ ഇന്ത്യൻ പൗരനുൾപ്പടെയുള്ള 10 ജീവനക്കാരെ സൗദി സേന രക്ഷപ്പെടുത്തി. ജിദ്ദക്ക് സമീപം ചെങ്കടലിൽ കുടുങ്ങിയ ഇന്ത്യൻ പൗരനെയും ഒമ്പത് സൗദി പൗരന്മാരെയുമാണ് സൗദി അതിർത്തി സുരക്ഷാസേന രക്ഷപ്പെടുത്തിയത്.
നാസയും ഐഎസ്ആര്‍ഒയും സംയുക്തമായി നിര്‍മ്മിച്ച ആദ്യ ഉപഗ്രഹമായ നൈസാര്‍ (എന്‍ ഐ സാര്‍) ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ ആഗോള സഹകരണത്തില്‍ നാഴികക്കല്ലാകുമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ജിതേന്ദ്ര സിംഗ്. നാളെ (ജൂലൈ 30) ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍ നിന്നാണ് നാസ- ഐഎസ്ആര്‍ഒ സിന്തറ്റിക്ക് അപേർച്ചർ റഡാർ സാറ്റ്‌ലൈറ്റ് (NISAR) വിക്ഷേപിക്കുന്നത്. ഭൗമനിരീക്ഷണത്തിനുള്ള അത്യാധുനികവും ചിലവേറിയതുമായ സാറ്റ്‌ലൈറ്റാണ് എന്‍ ഐ സാര്‍ അഥവാ നൈസാര്‍.
ഒരു രാജ്യത്തെയും ഒരു നേതാവും ഇന്ത്യയോട് ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ-പാകിസ്താൻ യുദ്ധം അവസാനിപ്പിച്ചത് തന്റെ ഇടപെടലിനെ തുടര്‍ന്നാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദങ്ങളെ തള്ളിക്കൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ലോക്‌സഭയിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
മുൻ രഞ്ജി താരം സന്തോഷ് കരുണാകരനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി കേരള ക്രിക്കറ്റ് അസോസിയേഷൻ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീം കോടതി റദ്ദാക്കി. ജില്ലാ ക്രിക്കറ്റ് അസോസിയേഷനുകളിൽ ജസ്റ്റിസ് ലോധ സമിതി ശുപാർശ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സന്തോഷ് കരുണാകരൻ നൽകിയ പരാതി വീണ്ടും പരിഗണിക്കാൻ ക്രിക്കറ്റ് അസോസിയേഷന്റെ ഓംബുഡ്സ്മാനോട് സുപ്രീം കോടതി നിർദേശിച്ചു.
പകർപ്പവകാശ തർക്കവുമായി ബന്ധപ്പെട്ട കേസ് ബോംബെ ഹൈക്കോടതിയിൽ നിന്ന് മദ്രാസ് ഹൈക്കോടതിയിലേക്ക് മാറ്റണമെന്ന സംഗീത സംവിധായകൻ ഇളയരാജയുടെ ഹർജി സുപ്രീം കോടതിതള്ളി. 536 സംഗീത സൃഷ്ടികളുടെ അവകാശവാദങ്ങളുമായി ബന്ധപ്പെട്ട ഈ നിയമയുദ്ധം തുടരുകയാണ്.
ഓപ്പറേഷന്‍ മഹാദേവിന്റെ വിജയത്തെക്കുറിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്‌സഭയില്‍ നടത്തിയ പ്രസംഗത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഏപ്രില്‍ 22-ന് നടന്ന പഹല്‍ഗാമിലെ ക്രൂരമായ ആക്രമണത്തിന് ഉത്തരവാദികളായ മൂന്ന് ഭീകരരെ വധിച്ച സൈന്യത്തിന്റെ ആക്രമണത്തെക്കുറിച്ച് ചൊവ്വാഴ്ചയാണ് അമിത് ഷാ ലോക്‌സഭയെ അറിയിച്ചത്. രാജ്യസുരക്ഷയ്ക്ക് വേണ്ടി കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്ന പ്രവര്‍ത്തികളെ കൃത്യമായി വെളിവാക്കുന്നതായിരുന്നു ഷായുടെ പ്രസംഗമെന്ന് പ്രധാനമന്ത്രി പറഞ്ഞു.