കൊച്ചി തീരത്തിന് സമീപം ചരക്ക് കപ്പൽ അപകടത്തിൽപ്പെട്ടു. ലൈബീരിയൻ പതാകയുമായെത്തിയ എംഎസ്‍സി എൽസ-3 എന്ന പേരുള്ള ഫീഡര്‍ കപ്പലാണ് അപകടത്തിൽപ്പെട്ടത്. 400ലധികം കണ്ടെയ്നറുകളാണ് കപ്പലിലുണ്ടായിരുന്നത്. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരിൽ 21 പേരെയും രക്ഷപ്പെടുത്തി. മൂന്നുപേരെ കൂടി രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. മൂന്നു ജീവനക്കാര്‍ ഇപ്പോഴും കപ്പലിലുണ്ട്. കപ്പൽ നിലവിൽ മുങ്ങിത്താഴ്ന്നില്ലെന്നും സ്ഥിരതയോടെയാണ് നിൽക്കുന്നതെന്നുമാണ് കോസ്റ്റ് ഗാര്‍ഡ് അറിയിക്കുന്നത്.
കേരളാ തീരത്ത് നിന്ന് അകലെയായി അറബിക്കടലിൽ കപ്പലിൽ നിന്ന് അപകടരമായ വസ്തുക്കൾ അടങ്ങിയ കാർഗോ തീരത്ത് അടിഞ്ഞാൽ പൊതുജനം തൊടരുത് എന്ന് നിർദ്ദേശം. ദുരന്ത നിവാരണ അതോറിറ്റിയാണ് പ്രത്യേക മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ആറ് മുതൽ എട്ട് വരെ കണ്ടെയ്‌നറുകൾ വരെയാണ് കടലിൽ ഒഴുകി നടക്കുന്നത്. മധ്യ കേരളം മുതൽ വടക്കൻ കേരളം വരെയാണ് ഇവ എത്താൻ സാധ്യതയുള്ളത്. ഇവ കണ്ടാൽ ഉടൻ 112 എന്ന നമ്പറിൽ വിവരം അറിയിക്കാനാണ് നിർദേശം.
നിതി ആയോഗ് യോഗത്തില്‍, പ്രധാനമന്ത്രി എല്ലാ സംസ്ഥാനങ്ങളോടും വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ അഭ്യര്‍ത്ഥിച്ചു. യോഗത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനടക്കമുള്ള ചില പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ തങ്ങളുടെ സംസ്ഥാനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ ഉന്നയിക്കുകയും ചെയ്തു. കേന്ദ്രം ഫണ്ട് നല്‍കുന്നില്ലെന്നതായിരുന്നു പ്രധാന പരാതി. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ പങ്കെടുത്തില്ല.
കണ്ണൂർ ചാലക്കുന്നിൽ ദേശീയപാത നിർമാണത്തിനിടെ മണ്ണിടിഞ്ഞ് തൊഴിലാളി മരിച്ചു. ജാർഖണ്ഡ് സ്വദേശി ബിയാസ് ആണ് മരിച്ചത്. കോൺക്രീറ്റ് മതിൽ നിർമ്മിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മണ്ണിടിഞ്ഞപ്പോൾ മറിഞ്ഞുവീണ ബിയാസിന്‍റെ തലയിലൂടെ കമ്പി തുളച്ചുകയറുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കണ്ണൂര്‍ ചാലക്കുന്നിൽ ഇന്ന് വൈകിട്ടോടെയാണ് ദാരുണമായ അപകടമുണ്ടായത്.
കനത്ത മഴ പെയ്യാനുള്ള മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച് സാഹചര്യത്തില്‍ മലപ്പുറത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (മെയ് 25) അവധി പ്രഖ്യാപിച്ചു. ജില്ലയിൽ കനത്ത മഴ തുടരുന്നതിനാലും മെയ് 25 ന് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും മദ്റസകൾ, ട്യൂഷൻ സെന്‍ററുകൾ ഉൾപ്പെടെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ വി ആർ വിനോദ് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കാലവർഷത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിൽ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ വിവിധ സർക്കാർ ഓഫീസ് പരിസരങ്ങളിലും സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളിലും അപകടാവസ്ഥയിലുള്ള മരങ്ങളും ശിഖരങ്ങളും മുറിച്ചുമാറ്റുന്നതിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സൺ കൂടിയായ ജില്ലാ കളക്ടർ അനുകുമാരി നിർദേശം നൽകി.
ചെറുപുഴയിൽ എട്ടു വയസ്സുകാരിയെ അച്ഛൻ ക്രൂരമായി മർദ്ദിച്ച കേസിൽ പ്രതിയായ ജോസിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ ഇന്ന് വൈകിട്ടോടെ പയ്യന്നൂര്‍ കോടതിയിൽ ഹാജരാക്കും. കേസിൽ രണ്ടു മക്കളുടെയും ഇവരുടെ അമ്മയുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി. സംഭവത്തെ തുടര്‍ന്ന് കുട്ടികളെ ഏറ്റെടുക്കുമെന്ന് ശിശുക്ഷേമ സമിതി അറിയിച്ചു. സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്നാണ് ശിശുക്ഷേമ സമിതി കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്തത്.
രാജ്യത്ത് ആദ്യമായി തുടങ്ങുന്ന കോളേജ് പ്രൊഫഷണൽ സ്‌പോർട്സ് ലീഗിന് 26-ാം തീയതി മലപ്പുറത്ത് കിക്കോഫ്. കോളേജ് സ്‌പോർട്സ് ലീഗ് കേരളയിൽ ഫുട്‌ബോൾ, വോളിബോൾ ലീഗുകളാണ് ഇക്കൊല്ലം ആരംഭിക്കുന്നത്. കേരളത്തിലെ വിവിധ സർവകലാശാലകളിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കുന്ന ലീഗിന്‍റെ ഉദ്ഘാടനം തിരൂരിൽ നടക്കും. കായിക വകുപ്പ് സംഘടിപ്പിച്ചിട്ടുള്ള കിക്ക്ഡ്രഗ്‌സ് എന്ന ലഹരിവിരുദ്ധ സന്ദേശയാത്രയുടെ സമാപനവും വേദിയിൽ നടക്കും. കായിക വകുപ്പും, ഉന്നത വിദ്യാഭ്യാസവകുപ്പും സംയുക്തമായാണ് കോളേജ് സ്‌പോർട്സ് ലീഗ് കേരള ആരംഭിക്കുന്നത്.
യുഡിഎഫിന്റെ അടിത്തറ വിപുലപ്പെടുത്തുമെന്നും വരാനിരിക്കുന്ന ദിവസങ്ങളില്‍ വിസ്മയിപ്പിക്കുന്ന പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കോട്ടയത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു പ്രതിപക്ഷ നേതാവ്.
പത്തനംതിട്ട കടമ്മനിട്ടയില്‍ 17-കാരിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊന്ന കേസില്‍ പ്രതി സജിലിന് ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ പിഴയും. പത്തനംതിട്ട അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി.ശാരികയുടെ മുന്‍ സുഹൃത്ത് കൂടിയായ സജില്‍ കുറ്റക്കാരനെന്ന് കോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു.
റാപ്പർ വേട്ടനെതിരെ പാലക്കാട് നഗരസഭ കൗൺസിലർ മിനി കൃഷ്ണകുമാർ ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) പരാതി നൽകിയ സംഭവത്തിൽഅതൃപ്തി അറിയിച്ച് ബിജെപി സംസ്ഥാന നേതൃത്വം. പാർട്ടിയോട് ആലോചിക്കാതെ പരാതി നൽകിയതിനാണ് അത്യപ്തി.ഇത് പാർട്ടിയ്ക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് വിലയിരുത്തൽ. എന്ത് അടിസ്ഥാനത്തിലാണ് എന്‍ഐഎയ്ക്ക് പരാതി നൽകിയതെന്നാണ് ബിജെപി സംസ്ഥാന നേതൃത്വം കൗണ്‍സിലറോട് ഉന്നയിച്ച ചോദ്യം. ഇനി വേടൻ പ്രശ്നത്തിൽ പരസ്യ പ്രതികരണം നടത്തരുതെന്നും മിനിക്ക് സംസ്ഥാന നേതൃത്വം നിര്‍ദേശം നൽകി.
മാസപ്പടി കേസിൽ എസ് എഫ് ഐ ഒ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ ദില്ലി ഹൈക്കോടതിയിൽ നൽകിയ ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. സിഎംആർഎൽ കേസ് തിങ്കളാഴ്ചത്തെ പരിഗണന പട്ടികയിൽ ദില്ലി ഹൈക്കോടതി ഉൾപ്പെടുത്തി. ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന്‍റെ ബെഞ്ചാണ് സിഎംആര്‍എല്ലിന്‍റെ ഹര്‍ജി പരിഗണിക്കുന്നത്.
പിറന്നാള്‍ ദിനത്തില്‍ കൊല്ലം പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസികൾക്ക് സദ്യയൊരുക്കി മുഖ്യമന്ത്രി പിണറായി വിജയൻ. 1500ലധികം കുടുംബാംഗങ്ങള്‍ക്ക് പിറന്നാൾ സദ്യയൊരുക്കാനുള്ള തുകയാണ് മുഖ്യമന്ത്രി നല്‍കിയത്. ഗാന്ധിഭവന്‍ ഭാരവാഹികളുടെയും സേവന പ്രവര്‍ത്തകരുടെയും കുടുംബാംഗങ്ങളുടെയും നേതൃത്വത്തില്‍ മുഖ്യമന്ത്രിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മധുരം പങ്കുവെച്ച് പിറന്നാള്‍ ആഘോഷിച്ചു.
മൈസൂര്‍ പാക്കിന്‍റെ പേര് മൈസൂര്‍ ശ്രീ എന്ന് പേരുമാറ്റുന്നതിന് പിന്നിൽ ഒരു വിഭാഗം ആര്‍എസ്എസുകാരാണെന്നും ഇത് ഒരു തരം ഭ്രാന്താണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. റാപ്പര്‍ വേടനെതിരായ ജാതീയ ആക്രമണം ചാതുർവർണ്യ വ്യവസ്ഥിതിയുടെ ഭാഗമാണ്. ബിജെപിയും ആര്‍എസ്എസും ക്ഷേത്ര സംരക്ഷണ സമിതിയും എല്ലാം ഇതിന് പിന്നിലുണ്ട്.കാസ തികച്ചും വർഗീയ സംഘടനയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
താമരശേരി ഷഹബാസ് കൊലപാതകത്തിൽ കുറ്റപത്രം സമർപ്പിച്ചു. പ്രായപൂർത്തിയാകാത്ത ആറ് പേരെ പ്രതി ചേർത്തുള്ളതാണ് കുറ്റപത്രം. 107 സാക്ഷികളെ ഉൾപ്പെടുത്തിയുള്ള കുറ്റപത്രത്തിൽ, ഇൻസ്റ്റഗ്രാം ഗ്രൂപ്പിലെ ചാറ്റ് ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകളും സമർപ്പിച്ചിട്ടുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചന സംബന്ധിച്ച് തുടർ അന്വേഷണം നടത്തുമെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. ജുവൈനൽ ജസ്റ്റിസ് ബോർഡ് മുമ്പാകെയാണ് കുറ്റപത്രം നൽകിയത്.
സിഎംആർഎലിനെതിരെ ബിജെപി നേതാവ് ഷോൺ ജോർജ് നടത്തിയ ആരോപണങ്ങൾ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് എറണാകുളം മുൻസിഫ് കോടതി. ഷോൺ ജോർജിനും മെറ്റയ്ക്കും കോടതി നോട്ടീസ് അയച്ചു. ഷോണും ബന്ധപ്പെട്ടവരും ഇത്തരം ആരോപണങ്ങൾ ഉന്നയിക്കരുതെന്നും ഇടക്കാല ഉത്തരവിൽ പറയുന്നു.
കേന്ദ്രസര്‍ക്കാരും സംസ്ഥാനങ്ങളും ടീം ഇന്ത്യയെപ്പോലെ ഒരുമിച്ച് പ്രവര്‍ത്തിച്ചാല്‍ ഒരു ലക്ഷ്യവും അസാധ്യമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നീതി ആയോഗിന്റെ പത്താമത് ഗവേണിംഗ് കൗണ്‍സില്‍ യോഗത്തില്‍ അധ്യക്ഷതവഹിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.വികസനത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ ബിജെപി കേരളത്തില്‍ ഒറ്റക്കെട്ടായാണ് മുന്നോട്ടുപോകുന്നതെന്നും ബാക്കി ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ്. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എറണാകുളം കുമ്പളത്ത് റോഡിലേക്ക് വീണ വൈദ്യുത പോസ്റ്റിൽ ഇടിച്ച് ബൈക്ക് യാത്രികൻ അരൂക്കുറ്റി സ്വദേശി അബ്ദുൽ ഗഫൂർ മരിച്ച സംഭവത്തിൽ റിപ്പോര്‍ട്ട് കിട്ടിയശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. വൈദ്യുത പോസ്റ്റ് റോഡിൽ വീണുകിടക്കുന്നതിന്‍റെ സൂചന ബോര്‍ഡ് സ്ഥാപിക്കാത്തത് വീഴ്ചയാണ് എന്നും ചൂണ്ടിക്കാട്ടി.
ഉത്തർപ്രദേശിലെ ഒരു സർക്കാർ ഡോക്ടർക്കെതിരെ ഭാര്യയുടെ ഞെട്ടിക്കുന്ന ആരോപണങ്ങൾ. ഡോക്ടര്‍ ക്രോസ് ഡ്രസ്സിംഗ് ചെയ്യുന്നതിന്‍റെ ചിത്രങ്ങൾ ഇന്‍റർനെറ്റിൽ വൈറലായതിന് പിന്നാലെയാണ് പോൺ വീഡിയോകൾ ചിത്രീകരിക്കുകയും വിൽക്കുകയും ചെയ്തുവെന്ന ആരോപണം ഭാര്യ ഉന്നയിച്ചത്.വിഷയത്തിൽ അന്വേഷണം നടത്തുമെന്ന് ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർ മഹേന്ദ്ര പ്രസാദ് ഉറപ്പുനൽകി.
ബംഗളുരുവിൽ അഡ്രസ് തെറ്റിയതിനെച്ചൊല്ലി ഡെലിവറി എക്സിക്യൂട്ടീവ് ഉപഭോക്താവിനെ മർദിച്ചെന്ന് പരാതി. അടിയേറ്റ ഉപഭോക്താവിന് സാരമായ പരിക്കുകളുണ്ട്. മുഖത്ത് നീരും തലയോട്ടിക്ക് പരിക്കുമുണ്ടെന്ന് അദ്ദേഹം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ കമ്പനിയും നടപടിയെടുക്കുമെന്ന് അറിയിച്ചു.
പശ്ചിമ അതിർത്തിക്ക് സമീപമുള്ള പ്രതിരോധ വിമാനത്താവളങ്ങളിൽ ടേടേക്ക്ഓഫിനും ലാൻഡിംഗിനും സമയത്ത് വിമാനത്തിലെ ജനൽ ഷേഡുകൾ അടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാൻ ഡിജിസിഇ നിര്‍ദേശം. ടേക്ക്ഓഫിന് ശേഷം വിമാനം 10,000 അടി ഉയരം എത്തുന്നത് വരെയും, ലാൻഡിംഗിന് സമയത്ത് ഈ ഉയരത്തിൽ നിന്ന് താഴേക്ക് വരുന്നതുവരെയും ഈ നിയമം ബാധകമായിരിക്കും. എമർജൻസി എക്സിറ്റ് നിരകൾക്ക് മാത്രമാണ് ഈ നിയമത്തിന് ഇളവ് നൽകിയിട്ടുള്ളതെന്ന് ഡിജിസിഎ അറിയിച്ചു.
ഇന്ത്യൻ വ്യോമ സേനയുമായും അതിർത്തി രക്ഷാ സേനയുമായും ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ പാകിസ്ഥാനി ഏജന്റിന് ചോർത്തി നൽകിയ യുവാവ് പിടിയിലായി. ഗുജറാത്തിലെ കച്ച് സ്വദേശിയായ സഹ്ദേവ് സിങ് ഗോഹിൽ എന്നയാണ് പിടിയിലായതെന്ന് തീവ്രവാദ വിരുദ്ധ സേനയിലെ മുതിർന്ന ഉദ്യോഗസ്ഥൻ കെ സിദ്ധാർത്ഥ് മാധ്യമങ്ങളോട് പറഞ്ഞു. 28കാരനായ സഹ്ദേവ് ആരോഗ്യ പ്രവർത്തകനായി ജോലി ചെയ്യുകയായിരുന്നു.പാകിസ്ഥാന് വേണ്ടി ഇന്ത്യയിൽ നിന്ന് ചാര പ്രവർത്തനം നടത്തുന്നവരെ കണ്ടെത്താൻ കഴിഞ്ഞ ദിവസങ്ങളിൽ നടന്നുവന്ന വ്യാപക അന്വേഷണത്തിന്റെ ഭാഗമായാണ് പുതിയ അറസ്റ്റും ഉണ്ടായത്.
ഇന്ത്യയിലെ നഗര കേന്ദ്രങ്ങളിൽ കൊവിഡ് കേസുകളിൽ വര്‍ധന. ദില്ലി, കർണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും ആശുപത്രികൾക്ക് മുന്നറിയിപ്പുകൾ നല്‍കിയിട്ടുണ്ട്. ദില്ലി, മഹാരാഷ്ട്ര, കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ ഈ മാസം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മുംബൈയിൽ നിന്ന് തുർക്കിയിലേക്കുള്ള വിമാന സർവീസുകൾ ഒരു കാരണവശാലും നടത്തരുതെന്ന് ശിവസേന. ശിവസേന സോഷ്യൽ മീഡിയ ചുമതലയുള്ള റഹൂൽ കനാൽ മഹാരാഷ്ട്ര ഗവർണർ സി പി രാധാകൃഷ്ണൻ, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ എന്നിവർക്ക് ഇക്കാര്യം ആവശ്യപ്പെട്ട് കത്തയച്ചു, തുർക്കി തീവ്രവാദത്തിനെതിരായ നിലപാട് വ്യക്തമാക്കുകയും പാകിസ്ഥാനെ പിന്തുണയ്ക്കുന്നതിൽ നിന്ന് പിന്മാറുകയും ചെയ്യുന്നതു വരെ മുംബൈയിൽ നിന്ന് ഇസ്താംബൂളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവയ്ക്കണമെന്നാണ് ആവശ്യപ്പെട്ടത്.
ജമ്മുവിലെ ദോഡാ മേഖലയിലെ 37 ടവർ ലൊക്കേഷനുകളിൽ താൽക്കാലികമായി ഇൻറർനെറ്റ് വിച്ഛേദിച്ചു. ജമ്മു കശ്മീർ പോലീസിന്റെ ശുപാർശ പ്രകാരമാണ് നടപടി. പൊതു സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്നാണ് വിശദീകരണം. ഈ മാസം 27 വരെയാണ് നിരോധനം. രാജ്യവിരുദ്ധ ശക്തികൾ ഇൻറർനെറ്റ് സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നതായുള്ള വിവരത്തെ തുടർന്നാണ് നടപടിയെന്നാണ് സൂചന.
കഴിഞ്ഞ നാല്‍പത് കൊല്ലത്തിനിടെ ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം 20,000 ലധികമാണെന്ന് ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ. ഭീകരപ്രവര്‍ത്തനത്തിന്റേയും അതിന് പാകിസ്താന്‍ നല്‍കിവരുന്ന പിന്തുണയുടേയും ഗൗരവം ഐക്യരാഷ്ട്രസഭയ്ക്ക് മുന്നില്‍ തുറന്നു കാട്ടുകയായിരുന്നു ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അംബാസഡര്‍ പര്‍വ്വതനേനി ഹരീഷ്.
കടുത്ത രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിൽ ഉപദേശക സമിതിയുടെ അപ്രതീക്ഷിത യോഗം വിളിച്ചുചേർത്ത് ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ്. മുൻകൂട്ടി നിശ്ചയിച്ച ദേശീയ സാമ്പത്തിക സമിതിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന് തൊട്ടുപിന്നാലെ മന്ത്രിമാർ ഉൾപ്പെടെയുള്ള ഉപദേഷ്ടാക്കളുമായി യൂനുസ് കൂടിക്കാഴ്ച നടത്തിയതായി പ്രാദേശിക മാധ്യമ റിപ്പോർട്ടുകളെ ഉദ്ധരിച്ച് പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയോ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റിനെയോ(ഇഡി) ഡിഎംകെ ഭയക്കുന്നില്ലെന്നും ഏതൊരു നിയമനടപടിയ്ക്കും നിയമപരമായ മാർഗ്ഗങ്ങളിലൂടെ മറുപടി നൽകുമെന്നും തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ..നീതി ആയോഗിൻ്റെ യോഗത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഡൽഹി സന്ദർശിച്ചതിനെ ചോദ്യം ചെയ്ത എഐഎഡിഎംകെയുടെ ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു.ഉദയനിധി സ്റ്റാലിൻ.