തൃശൂർ പൂരത്തിൽ മത ജാതി രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ചിഹ്നങ്ങളുടെ പ്രദർശനം പാടില്ലെന്ന ദേവസ്വം മന്ത്രി വി.എൻ വാസവൻ നടത്തിയ പ്രസ്താവന തിരുത്തണമെന്ന് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ. തൃശൂർ പൂരത്തെ മതപരമായ ചടങ്ങല്ലെന്ന് വരുത്തി ഹിന്ദു സമൂഹത്തിൽ നിന്ന് അകറ്റാനുള്ള ഹിഡൻ അജണ്ടയുടെ ഭാഗമാണ് മന്ത്രിയുടെ പ്രസ്താവനയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തെറ്റ് തിരുത്തി മന്ത്രി മാപ്പ് പറയണം എന്നും പൂരത്തിന്‍റെ ചുമതലയുള്ള മന്ത്രി രാജൻ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.
തൃശൂർ പൂരപ്പറമ്പിൽ മതാചാരങ്ങളുടെ കാര്യത്തിൽ തടസമുണ്ടാകരുതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മത-ജാതി ചിഹ്നങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി, മന്ത്രി വി.എൻ. വാസവൻ പറഞ്ഞതിനോട് യോജിക്കുന്നുവെന്നും സമൂഹം ആഘോഷിക്കുന്ന പൂരത്തിൽ അച്ചടക്കം നല്ലതാണെന്നും ചിഹ്നങ്ങൾ, പോസ്റ്ററുകൾ എന്നിവയുടെ കാര്യത്തിൽ അതിര് നിശ്ചയിക്കണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു.
തൃശൂർ പൂരത്തോടനുബന്ധിച്ച് പൂങ്കുന്നത്ത് ഇത്തവണയും താത്കാലിക സ്റ്റോപ്പ് അനുവദിച്ച് ഇന്ത്യൻ റെയിൽവേ. ഒരു നൂറ്റാണ്ടിലധികമായി റെയിൽവേ തൃശൂര്‍ പൂരത്തിന് പൂങ്കുന്നത്ത് താത്കാലിക സ്റ്റോപ്പ് അനുവദിക്കുന്ന പതിവ് മുടക്കിയിട്ടില്ല. ഇതോടൊപ്പം അധിക സൗകര്യങ്ങളും റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ട്.
തൃശൂർ പൂരം കലക്കലിൽ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ മന്ത്രി കെ രാജന്റെ മൊഴി. എം ആര്‍ അജിത് കുമാറിനെ മന്ത്രി പല തവണ വിളിച്ചിട്ടും ഫോൺ എടുത്തില്ലെന്ന് ആക്ഷേപം. എഡിജിപി സ്ഥലത്തുണ്ടായിരുന്നെന്ന് അറിഞ്ഞാണ് ഫോണില്‍ വിളിച്ചത്. പല തവണ വിളിച്ചിട്ടും ഫോൺ എടുത്തില്ലെന്ന് ഡിജിപിയുടെ അന്വേഷണ സംഘത്തിന് മുന്നില്‍ മന്ത്രി കെ രാജന്‍ മൊഴി നൽകി. പൂരം കലക്കലിൽ ഡിജിപി ഈ മാസം റിപ്പോർട്ട് നൽകും.
രണ്ടാം എൽ.ഡി.എഫ് സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലതോറും സംഘടിപ്പിക്കുന്ന -എന്റെ കേരളം- പ്രദർശനവിപണന മേളയുടെ കോഴിക്കോട് ജില്ലയിലെ പതിപ്പിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സംരംഭക വികസനത്തിനായി നടത്തിയ സംരംഭകവർഷം പദ്ധതിയിലൂടെ കേരളത്തിൽ ഇതുവരെ 3.5 ലക്ഷം പുതിയ സംരംഭങ്ങൾ തുടങ്ങിയതായി മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് നടന്ന തൃശൂര്‍ പൂരത്തിന്‍റെ സാമ്പിള്‍ വെടിക്കെട്ടിനിടെയുണ്ടായ അപകടത്തിൽ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് പരിക്ക്. വെടിക്കെട്ടിനിടെ അമിട്ട് പൊട്ടിയതിന്‍റെ അവശിഷ്ടം വീണാണ് പരിക്കേറ്റത്. ചാലക്കുടി ഫയര്‍ഫോഴ്സ് യൂണിറ്റിലെ ഫയര്‍ഫോഴ്സ് ഹോം ഗാര്‍ഡ് ടിഎ ജോസിനാണ് പരിക്കേറ്റത്.
പാലക്കാട് അട്ടപ്പാടിയിൽ ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു. അതിഥി തൊഴിലാളികൾ തമ്മിലെ ത൪ക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. അട്ടപ്പാടി റാവുട്ടം കല്ലിൽ ഇന്ന് വൈകിട്ടാണ് സംഭവം. ജാർഖണ്ഡ് സ്വദേശി രവി (35) ആണ് കൊല്ലപ്പെട്ടത്. രവിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് നിഗമനം.
പാലക്കാട് അട്ടപ്പാടിയിൽ ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു. അതിഥി തൊഴിലാളികൾ തമ്മിലെ ത൪ക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. അട്ടപ്പാടി റാവുട്ടം കല്ലിൽ ഇന്ന് വൈകിട്ടാണ് സംഭവം. ജാർഖണ്ഡ് സ്വദേശി രവി (35) ആണ് കൊല്ലപ്പെട്ടത്. രവിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് നിഗമനം.
കെ സുധാകരനെ മാറ്റാൻ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും ഇപ്പോൾ ഒരു മാറ്റം നല്ലതല്ല എന്നാണ് തന്റെ അഭിപ്രായമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഒരു സമുദായവും ഇടപെട്ടിട്ടില്ലെന്നും സമുദായത്തെ വലിച്ചിഴക്കേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറണമെന്ന നേരിയ സൂചന പോലും ലഭിച്ചിട്ടില്ലെന്ന് കെ സുധാകരന്‍. തന്നെ മാറ്റണമെങ്കില്‍ ദില്ലിക്ക് വിളിപ്പിക്കേണ്ട കാര്യമില്ലെന്നും പാര്‍ട്ടി സ്ഥാനം ഒഴിയാന്‍ പറഞ്ഞാല്‍ ഒഴിയുമെന്നും കെ സുധാകരന്‍ പറഞ്ഞു. തനിക്ക് ആരോഗ്യപ്രശ്‌നം ഉണ്ടെന്ന് ചിലർ മനഃപൂർവം പറഞ്ഞു പരത്തുന്നുവെന്നും രോഗി ആണെന്ന് കാണിച്ച് തന്നെ മൂലയ്ക്ക് ഇരുത്താൻ ഒരു ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ടെന്നും അത് സംസ്ഥാനത്തെ ഒരു നേതാവാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയുള്ള ദി ലെജന്‍ഡ് ഡോക്യുമെന്‍ററിയിൽ സർക്കാരിന്‍റെ ഭരണ നേട്ടമാണ് ചിത്രീകരിക്കുന്നതെന്നും വ്യക്തിപൂജയല്ല ഡോക്യുമെന്‍ററിയിലുള്ളതെന്നും സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷൻ. ഡോക്യുമെന്‍ററി നിർമ്മിക്കാനുള്ള തീരുമാനം സംഘടന ഒറ്റക്കെട്ടായി എടുത്തതാണെന്നും അസോസിയേഷൻ വ്യക്തമാക്കി.
കോൺഗ്രസിലും സി പി എമ്മിലും രാജവംശം ഉണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജിവ് ചന്ദ്രശേഖര്‍. കേരളത്തിൽ മകളും മരുമകനുമാണ് രാജവംശമെന്നും ഡൽഹിയിൽ നാഷണൽ ഹെറാൾഡിന്‍റെ പേരിലാണ് കോൺഗ്രസ് രാജവംശത്തിന്‍റെ അഴിമതിയെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ടയിൽ നീറ്റ് പരീക്ഷയിൽ വ്യാജ ഹാള്‍ടിക്കറ്റുമായി വിദ്യാര്‍ത്ഥി എത്തിയ സംഭവത്തിൽ വഴിത്തിരിവ്. വിദ്യാര്‍ത്ഥിയെ ചതിച്ചത് അക്ഷയ സെന്‍റര്‍ ജീവനക്കാരിയാണെന്നാണ് നിര്‍ണായക മൊഴി. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് പത്തനംതിട്ട ഡിവൈഎസ്പി ബിനു വര്‍ഗീസ് വ്യക്തമാക്കി. പാറശ്ശാല സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് വ്യാജ ഹാള്‍ടിക്കറ്റുമായി പരീക്ഷ കേന്ദ്രത്തിൽ വെച്ച് പിടിയിലായത്.
കെ സുധാകരന്‍റേത് അപ്രതീക്ഷിത നീക്കമെന്ന് എഐസിസി. അഭിമുഖത്തെ വൈകാരിക പ്രകടനമായി വിലയിരുത്തിയ നേതൃമാറ്റ പ്രഖ്യാപനം മുന്‍ നിശ്ചയിച്ചത് പോലെ നടത്താനാണ് നീക്കം. ഇതിനിടെ, സംസ്ഥാന കോണ്‍ഗ്രസിലെ ഒരു വിഭാഗം സുധാകരന് കൂടുതല്‍ പ്രതിരോധമുയര്‍ത്തി. നേതൃമാറ്റത്ത കുറിച്ച് ഒന്നുമറിയില്ലെന്ന് ആന്‍റോ ആന്‍റണി കൈമലര്‍ത്തി.
പൊലീസ് സുരക്ഷ ഒഴിവാക്കി വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ സന്ദർശനം. പടിഞ്ഞാറത്തറ മഞ്ഞൂറയിലെ കർഷകരായ ജോണിയുടെയും മേരിയുടെയും വീട്ടിലാണ് പ്രിയങ്കയും മകൾ മിരായയും എത്തിയത്. സ്ഥിരമുള്ള ചുരുക്കം സുരക്ഷാ ഉദ്യോഗസ്ഥരെ മാത്രം ഒപ്പം കൂട്ടിയായിരുന്നു പ്രിയങ്കയുടെ സന്ദർശനം.
സംസ്ഥാനത്ത് ഇന്ന് മുതൽ അഞ്ച് ദിവസം കൂടി കാലാവസ്ഥ വകുപ്പ് ഇടിമിന്നൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഇന്ന് മുതൽ ആറാം തിയതി വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും, മെയ് 07, 08 തീയതികളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്.
കേരള ജനത വികസനം ആഗ്രഹിക്കുന്നവെന്നും ബിജെപി അധികാരത്തിലെത്തിയാൽ മാത്രമേ മാറ്റമുണ്ടാകുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. എറണാകുളം ഈസ്റ്റ് ബിജെപി ജില്ലാ കണ്‍വെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖര്‍. ബിജെപിയെ കേരളത്തിൽ അധികാരത്തിൽ എത്തിച്ച ശേഷമേ മടങ്ങിപോകുവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗം പ്രവർത്തനം തുടങ്ങി. പഴയ അത്യാഹിത വിഭാഗം കെട്ടിടത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ അത്യാഹിത വിഭാഗം തുടങ്ങുകയായിരുന്നു. സിപിയു ബാറ്ററി പൊട്ടിത്തെറിച്ചതിനെ തുടർന്ന് ഒഴിപ്പിച്ച അത്യാഹിത വിഭാഗം ഒരാഴ്ചക്കകം തുറക്കാൻ ആകുമെന്നാണ് പ്രതീക്ഷയെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ കുടുംബത്തിന്‍റേതല്ല വിഴിഞ്ഞം പദ്ധതിയെന്നും, എന്ത് പ്രോട്ടോകോളിന്റെ അടിസ്ഥാനത്തിലായിരുന്നു പിണറായിയുടെ കുടുംബത്തിന്‍റെ വിഴിഞ്ഞം സന്ദർശനമെന്നും മുന്‍ കേന്ദ്ര മന്ത്രി വി മുരളീധരന്‍. വിഴിഞ്ഞം എംഡി ദിവ്യ എസ് അയ്യർ പദ്ധതിയെക്കുറിച്ച് വിശദീകരിക്കുമ്പോൾ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾ ഔദ്യോഗിക യോഗത്തിൽ പങ്കെടുത്തുവെന്നും അതീവ സുരക്ഷാ മേഖലയിൽ ഇവർക്ക് എങ്ങനെ സന്ദർശം നടത്താൻ കഴിഞ്ഞുവെന്നും അദ്ദേഹം ചോദിച്ചു.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ എം എബ്രഹാമിനെതിരായ നിയമ പോരാട്ടം ശക്തമായി തുടരുമെന്ന് പരാതിക്കാരനായ ജോമോൻ പുത്തൻ പുരയ്ക്കൽ. കേസിലെ സിബിഐ എഫ് ഐ ആർ മാത്രമാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത് താൻ അനുകൂല ബെഞ്ചിൽ ഹർജി നൽകി അനുകൂല വിധി വാങ്ങിയെന്ന് കെ എം ഏബ്രഹാം ആരോപിച്ചു.മുഖ്യമന്ത്രിക്ക് ഇത് ചൂണ്ടിക്കാട്ടി ഏബ്രഹാം കത്ത് നൽകി.ഈ ആരോപണം കോടതിയലക്ഷ്യമാണ്. ഹൈക്കോടതിയിൽ ഏബ്രഹാമിനെതിരെ കോടതിയലക്ഷ്യ ഹർജി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളത്ത് ഇന്ന് നടക്കുന്ന വഖഫ് സംരക്ഷണ റാലിയിൽ നിന്ന് സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങൾ പിൻമാറി. സമസ്തയിലെ മുസ്ലീം ലീഗ് അനുകൂല വിഭാഗത്തിൻ്റെ എതിർപ്പിനെ തുടർന്നാണ് പിൻമാറ്റം. പാണക്കാട് സാദിഖലി തങ്ങളെ പരിപാടിയിലേക്ക് ക്ഷണിക്കാത്തതിലാണ് വലിയ എതിർപ്പുയർന്നത്. തർക്കത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഇടപെട്ടിരുന്നു.
ഇടുക്കിയിലെ എൻ്റെ കേരളം പ്രദർശന മേളയിൽ റാപ്പർ വേടന് വീണ്ടും വേദിയൊരുക്കി സർക്കാർ. സർക്കാരിൻ്റെ 4-ാം വാർഷികവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 29നാണ് ഇടുക്കിയിൽ വേടൻ്റെ പരിപാടി നടക്കാനിരുന്നത്. കഞ്ചാവ് കേസിൽ പിടിയിലായതോടെ പരിപാടി റദ്ദാക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചിരുന്നു. തുടർന്ന് ജാമ്യത്തിലിറങ്ങിയതിന് ശേഷം വീണ്ടും വേദി നൽകാൻ തീരുമാനിക്കുകയായിരുന്നു.
ലിസ്റ്റിൻ സ്റ്റീഫൻ വിവാദത്തിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് അമ്മ സംഘടനയും ഫിലിം ചേംമ്പറും. ആരും പരാതിയുമായി സംഘടനകളെ സമീപിക്കാത്ത സാഹചര്യത്തിൽ വിഷയത്തിൽ കൂടുതൽ അഭിപ്രായത്തിന് ഇല്ലെന്നാണ് സിനിമ സംഘടനകളുടെ നിലപാട്. അമ്മ സംഘടനയോ ഫിലിം ചേംമ്പറോ ഇക്കാര്യം ചർച്ചയ്ക്കെടുത്തിട്ടില്ല.
തമിഴ്നാട്ടിലെ വട്ടിപ്പലിശക്കാരന്റെ വഴിവിട്ട സാമ്പത്തിക താൽപര്യങ്ങൾക്ക് വഴിവെട്ടാൻ മലയാള സിനിമ വ്യവസായത്തെ ഒറ്റിക്കൊടുക്കുന്ന മഹാപാപം ലിസ്റ്റിൻ ചെയ്യരുതെന്ന് നിർമ്മാതാവ് സാന്ദ്ര തോമസ് പറഞ്ഞു. മലയാള സിനിമയുടെ സമസ്ത മേഖലകളും ലിസ്റ്റിന്റെ കൈപ്പിടിയിൽ ഒതുങ്ങണമെന്ന താൽപര്യം അദ്ദേഹത്തേക്കാൾ കൂടുതൽ സംസ്ഥാനത്തിന് പുറത്തുള്ള കള്ളപ്പണ ലോബിക്കാണെന്നും സാന്ദ്ര ആരോപിച്ചു.
കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിൻ്റെ വികസനത്തിന് വിശദമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ നിർദ്ദേശം നൽകി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ. ദീർഘകാല അടിസ്ഥാനത്തിലുള്ള ആവശ്യങ്ങൾ മുൻകൂട്ടി കണ്ടുള്ള പദ്ധതിയാണ് നടപ്പാക്കുക. സംസ്ഥാന സർക്കാർ ബജറ്റിൽ അഞ്ചു കോടിയും ദേവസ്വം ബോർഡിന്റെ 25 കോടിയുടെ പ്രവർത്തനങ്ങളും കൂടി ഉൾപ്പെടുത്തിയാകും പദ്ധതി തയ്യാറാക്കുക.
പെരുവള്ളൂരിൽ പേവിഷബാധയേറ്റ് അഞ്ചര വയസുകാരി മരിച്ച സംഭവത്തിൽ പ്രതികരണവുമായി ആശുപത്രി അധികൃതർ. കാറ്റഗറി 3 ൽ വരുന്ന കേസ് ആണിതെന്നും മുറിവ് തുന്നാൻ പാടില്ല എന്നാണ് ഗൈഡ്ലൈൻ എന്നും ചികിത്സയിൽ ഒരു വീഴ്ചയും വന്നിട്ടില്ലെന്നുമാണ് ആശുപത്രിയുടെ പ്രതികരണം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ വൈകിയെന്നും ചികിത്സാ പിഴവിനെതിരെ പരാതി നൽകുമെന്നും സിയയുടെ പിതാവ് പറഞ്ഞു.
പേവിഷബാധയേറ്റ് തിരുവനന്തപുരം എസ്എടിയിൽ ചികിത്സയിൽ തുടരുന്ന ഏഴ് വയസ്സുകാരിയുടെ നില അതീവഗുരുതരമായി തുടരുന്നു. വെന്റിലേറ്റിൽ തുടരുന്ന കുട്ടിക്ക് സാധ്യമായ എല്ലാ ചികിത്സയും നൽകുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഏപ്രിൽ 28ന് പേവിഷബാധ സ്ഥിരീകരിച്ച പത്തനാപുരം സ്വദേശിയായ പെൺകുട്ടിയെ മൂന്ന് ദിവസം മുമ്പാണ് തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നത്.
കാസര്‍കോട് കാഞ്ഞിരത്തുങ്കാല്‍ കുറത്തിക്കുണ്ടില്‍ പൊലീസുകാരനെ അടക്കം രണ്ട് പേരെ കുത്തിപരിക്കേൽപ്പിച്ച് ഒളിവിൽ പോയ സഹോദരങ്ങൾ പിടിയിൽ. ജിഷ്ണു, വിഷ്ണു എന്നിവരെ കന്യാകുമാരിയിൽ നിന്നാണ് പിടികൂടിയത്.കഴിഞ്ഞ മാസം 19 നാണ് ബിംബൂങ്കാല്‍ സ്വദേശി സരീഷ്, ബേഡകം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ സൂരജ് എന്നിവരെ സഹോദരങ്ങൾ കുത്തി പരിക്കേൽപ്പിച്ചത്.
സാക്ഷരതാ പ്രവർത്തക പത്മശ്രീ കെവി റാബിയ അന്തരിച്ചു. തിരൂരങ്ങാടി വെള്ളിലക്കാട് സ്വദേശിയും സാമൂഹിക പ്രവർത്തകയുമാണ്. അർബുദ ബാധിതയായി ചികിത്സയിലായിരുന്നു. കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കെവി റാബിയക്ക് പത്മശ്രീ പുരസ്ക്കാരം കിട്ടിയിട്ടുണ്ട്. 2022-ലാണ് റാബിയയെ രാജ്യം പത്മശ്രീ നൽകി ആദരിച്ചത്. 2014-ൽ സംസ്ഥാന സർക്കാറിന്റെ ‘വനിതാരത്‌നം’ അവാർഡും നേടി.
പാക് ജവാനെ ഇന്ത്യ തട്ടിക്കൊണ്ടു പോയെന്ന ആരോപണവുമായി പാകിസ്ഥാൻ. സുഖൻവാല ചെക്ക്പോസ്റ്റിനടുത്ത് നിന്നാണ് തട്ടിക്കൊണ്ടുപോയതെന്നും പാകിസ്ഥാൻ ആരോപിച്ചിട്ടുണ്ട്. ജവാനെ വിട്ടയക്കണമെന്നും പാകിസ്ഥാൻ ആവശ്യപ്പെട്ടു. ബി എസ് എഫിനോട് ഫ്ളാഗ് മീറ്റിംഗും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യക്കെതിരെ ആണവ ആക്രമണത്തിനും മടിക്കില്ലെന്ന് റഷ്യയിലെ പാകിസ്ഥാൻ അംബാസഡർ മുഹമ്മദ് ഖാലിദ് ജമാലി. സിന്ധു നദീജലം തടഞ്ഞുനിർത്തിയാൽ ഇന്ത്യക്കെതിരെ സൈനിക ആക്രമണം നടത്തുമെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് ഇന്നലെ ഭീഷണി മുഴക്കിയിരുന്നു.
ബ്രിട്ടനിൽ ഭീകരാക്രമണം നടത്താൻ പദ്ധതിട്ടെന്നാരോപിച്ച് നാല് ഇറാനിയൻ പൗരന്മാർ ഉൾപ്പെടെ 5 പേർ അറസ്റ്റിൽ. ഭീകരവാദ ഗൂഢാലോചന ആരോപിച്ച് തീവ്രവാദ കുറ്റകൃത്യങ്ങൾ ആരോപിച്ചാണ് ബ്രിട്ടണിലെ തീവ്രവാദ വിരുദ്ധ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് മെട്രോപൊളിറ്റൻ പൊലീസ് ഞായറാഴ്ച പ്രസ്താവനയിൽ പറഞ്ഞു.
അനന്തനാഗിലെ വനമേഖലയിൽ ഭക്ഷ്യവസ്തുക്കൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. സൈന്യം നടത്തിയ തെരച്ചിലിൽ വനത്തിനുള്ളിൽ നിന്നാണ് ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തിയത്. ഭീകരർക്ക് പ്രാദേശിക സഹായം ലഭിക്കുന്നുണ്ടെന്ന സംശയത്തിലാണ് അന്വേഷണ ഏജൻസികൾ. പാകം ചെയ്യാത്ത ഭക്ഷ്യവസ്തുക്കൾ ആണ് കിട്ടിയത് എന്നത് സംശയം ബലപ്പെടുത്തുന്നു.
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനിലേക്കുള്ള ജലമൊഴുക്കും ഇന്ത്യ കുറച്ചു. ചിനാബ് നദിയിലെ ബഗ്ലിഹാർ ഡാമിലെ ഷട്ടർ താഴ്ത്തിയതോടെയാണ് പാകിസ്ഥാനിലേക്കുള്ള ജലനിരപ്പ് കുറഞ്ഞത്.ഝലം നദിയിലെ കിഷൻഗംഗ ഡാമിലും സമാന നടപടി സ്വീകരിക്കും. ഹ്രസ്വ കാലത്തേക്കാണ് നടപടിയെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്‍റെ സമൂഹ മാധ്യമ അക്കൗണ്ടുകൾ നേരത്തെ തന്നെ വിലക്കിയ ഇന്ത്യ, ഇപ്പോൾ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെയും ബിലാവൽ ഭൂട്ടോയുടെയുമടക്കം അക്കൗണ്ടുകൾക്കും വിലക്കേർപ്പെടുത്തി. ഗായകൻ അതിഫ് അസ്ലമിന്‍റെയും അക്കൗണ്ടുകൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും നടപടി തുടരാനാണ് സാധ്യത.
സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ ഫലം ഈ മാസം 6 ന് പ്രഖ്യാപിക്കും എന്നരീതിയിൽ പ്രചരിക്കുന്ന നോട്ടീസ് വ്യാജമെന്ന് സിബിഎസ്ഇ അറിയിച്ചു. അനൌദ്യോഗിക വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് മാതാപിതാക്കളോടും വിദ്യാർത്ഥികളോടും സിബിഎസ്ഇ അഭ്യർത്ഥിച്ചു. റിസൾട്ട് വരുന്ന തീയതി മുൻകൂട്ടി പ്രഖ്യാപിക്കുമെന്നും സിബിഎസ്ഇ വ്യക്തമാക്കി.
15 മണിക്കൂർ പത്രസമ്മേളനം നടത്തി മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. യുക്രൈൻ നേതാവ് വോളോഡിമർ സെലെൻസ്‌കിയുടെ റെക്കോർഡാണ് മുയിസു തകർത്തതെന്ന് അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു. ശനിയാഴ്ച രാവിലെ 10ന് വാർത്താസമ്മേളനം ആരംഭിച്ച മുയിസു, 15 മണിക്കൂർ വാർത്താസമ്മേളനം തുടർന്നു. ഇതിനിടെ പ്രാർത്ഥനകൾക്കായി ചെറിയ ഇടവേളകൾ മാത്രമാണെടുത്തത്.
പഹൽഗാം കൂട്ടക്കൊലയ്ക്ക് ശേഷം അതിർത്തി കടന്നുള്ള ഭീകരാക്രമണങ്ങൾക്ക് ഇന്ത്യയെ കുറ്റപ്പെടുത്തി പാകിസ്ഥാൻ ഉപപ്രധാനമന്ത്രി ഇഷാഖ് ദാറും ഐഎസ്പിആർ മേധാവി ലെഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷെരീഫ് ചൗധരിയും നടത്തിയ പരാമർശങ്ങൾക്ക് മറുപടിയുമായി എക്സ് ഉപയോക്താവ്. പാക് അധികൃതർ ഉന്നയിച്ച വ്യാജ ഡിജിറ്റൽ തെളിവുകൾ, പൊരുത്തക്കേടുകൾ തുടങ്ങിയ നാടകീയ നീക്കങ്ങളെ ഉപയോക്താവ് വസ്തുതകൾ നിരത്തി പൊളിച്ചു. ഇദ്ദേഹത്തിന്റെ വാദങ്ങൾക്ക് വൻസ്വീകാര്യതയാണ് സോഷ്യൽമീഡിയയിൽ ലഭിച്ചത്.
പഹൽഗാം ഭീകരാക്രമണത്തിന് തക്ക മറുപടി നൽകിയിരിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. അതിർത്തി കാക്കുന്ന സൈനികർക്ക് പൂർണ്ണ പിന്തുണയെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. അതിർത്തി സംരക്ഷണം പ്രതിരോധ മന്ത്രിയായ തൻ്റെ ഉത്തരവാദിത്തം ആണ്. മറുപടി നൽകേണ്ടതും തന്റെ ഉത്തരവാദിത്തമാണെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി.