Untitled design 20250112 193040 0000

 

 

ഇന്ത്യയിലെ ഏറ്റവും മികച്ച പൊലീസ് സേനയിലേക്കാണ് പുതിയ സേനാംഗങ്ങള്‍ കടന്നുവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള ഒട്ടേറെ പേര്‍ പൊലീസ് സേനയുടെ ഭാഗമാകുന്നത് പൊലീസിന്‍റെ മൊത്തത്തിലുള്ള മികവ് വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിവിധ ബറ്റാലിയനുകളില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 376 റിക്രൂട്ട് പോലീസ് കോണ്‍സ്റ്റബിള്‍മാരുടെ പാസിംഗ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ ഇതുവരെ ആകെ 774 പേർക്ക് നിയമനം നടന്നതായും അതിൽ 69 ശതമാനവും കേരളത്തിൽ നിന്നുള്ളവരാണെന്നും തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു.വിഴിഞ്ഞം സ്‌കിൽ ഡെവലപ്പ്‌മെന്റ് സെന്ററിൽ പരിശീലനം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും പ്ലേസ്‌മെന്റ് പ്രഖ്യാപനവും വിഴിഞ്ഞം തുറമുഖ ഓഫീസിൽ നിർവഹിക്കുകയിരുന്നു മന്ത്രി.

 

കേരളത്തില്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ മൂന്നര ലക്ഷം സംരംഭങ്ങള്‍ തുടങ്ങിയെന്നും അതില്‍ 31 ശതമാനം സ്ത്രീ സംരംഭകരാണെന്നും വ്യവസായ കയര്‍ നിയമകാര്യ വകുപ്പ് മന്ത്രി പി. രാജീവ്. കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ പാപ്പനംകോട് പൂഴിക്കുന്ന് ബീ കീപ്പിംഗ് ഫെഡറേഷനില്‍ ആരംഭിക്കുന്ന ബീ കീപ്പിംഗ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ശബരിമല ശ്രീകോവിലിൽ പൂജിച്ച അയ്യപ്പ ചിത്രം ആലേഖനം ചെയ്ത  സ്വർണ്ണ ലോക്കറ്റുകളുടെ വിതരണം വിഷുദിനം മുതൽ ആരംഭിക്കും. ലോക്കറ്റുകളുടെ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു. WWW.sabarimalaonline.org എന്ന  വെബ്സൈറ്റിലൂടെ ലോക്കറ്റുകൾ  ബുക്ക്  ചെയ്യാം.

 

കേരള സര്‍വകലാശാല സെനറ്റ് തെരഞ്ഞെടുപ്പിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തിൽ പരസ്പരം ആരോപണ പ്രത്യാരോപണവുമായി കെഎസ്‍യുവും എസ്‍എഫ്ഐയും. പൊലീസ് ലാത്തിചാര്‍ജിൽ എസ്‍എഫ്ഐ പ്രവര്‍ത്തകര്‍ക്കും കെഎസ്‍യു പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. സെനറ്റിലും സ്റ്റുഡന്‍റ് കൗണ്‍സിലിലും കെഎസ്‍യുവിന്‍റെ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചതിൽ പ്രകോപിതരായാണ് എസ്‍എഫ്ഐ പ്രവര്‍ത്തകര്‍ അക്രമം നടത്തിയതെന്നാണ് കെഎസ്‍യുവിന്‍റെ ആരോപണം.

 

കേരള സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിൽ എസ്എഫ്ഐയ്ക്ക് നേട്ടം. സ്റ്റുഡന്റ്സ് കൗൺസിലിൽ എസ്എഫ്ഐ 7 സീറ്റും കെഎസ്‍യു 3 സീറ്റും നേടി. എക്സിക്യൂട്ടീവ് കമ്മറ്റിയിൽ എസ്എഫ്ഐ 11 സീറ്റും കെഎസ്‍യു‍‍ 4 സീറ്റും നേടി. അക്കൗണ്ട്സ് കമ്മിറ്റിയിലേക്ക് എസ്എഫ്ഐയ്ക്ക് 4 വോട്ടും കെഎസ്‍യുവിന് 1 വോട്ടുമാണ് ലഭിച്ചിരിക്കുന്നത്. സെനറ്റ് വോട്ടെണ്ണൽ തുടരുകയാണ്.

 

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട സിഎംആർഎൽ എക്സാലോജിക് മാസപ്പടി ഇടപാടിൽ പ്രാരംഭ അന്വേഷണം തുടങ്ങി എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ്. ഇതിനുമുന്നോടിയായി എസ്എഫ്ഐഒ കുറ്റപത്രത്തിന്‍റെ പകർപ്പിനായി കൊച്ചിയിലെ പ്രത്യേക കോടതിയിൽ അപേക്ഷ നൽകി. പകർപ്പ് ലഭ്യമാകുന്നതോടെ എസ്എഫ്ഐഒ കുറ്റപത്രത്തിന്‍റെ അടിസ്ഥാനത്തിൽ ഇഡി തുടർ നടപടി സ്വീകരിക്കും.

കൊല്ലം കോട്ടുക്കൽ ദേവി ക്ഷേത്രത്തിലെ ആർഎസ്എസ് ഗണഗീത വിവാദത്തിൽ ഉപദേശക സമിതിയെ പിരിച്ചു വിട്ടു. ഉത്സവാഘോഷത്തിലെ ഗാനമേളയിൽ ഗണഗീതം പാടിയതിൽ ഉപദേശക സമിതിക്ക് വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ നടപടി. ക്ഷേത്ര പരിസരത്ത് ആർഎസ്എസിൻ്റെ കൊടിയും തോരണങ്ങളും കെട്ടിയെന്ന പരാതിയിൽ കൊട്ടാരക്കര ദേവസ്വം അസിസ്റ്റൻറ് കമ്മീഷണർ അന്വേഷണം നടത്തുന്നതിനിടെയാണ് ഗാനമേളയിൽ ഗണഗീതം പാടിയത്.

 

വയനാട് ദുരന്തത്തിൽപ്പെട്ടവരുടെ ലോണുകൾ എഴുതി തള്ളുന്ന കാര്യത്തിൽ ഇടക്കാല ഉത്തരവിറക്കി ഹൈക്കോടതി.  കേന്ദ്രസർക്കാരും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും ഇക്കാര്യത്തിൽ വിവേചനാധികാരം പ്രയോഗിക്കണമെന്ന് ഡിവിഷൻ ബെ‌ഞ്ച് നിർദേശിച്ചു. ബാങ്ക് വായ്പ എഴുതിത്തള്ളാൻ നിർദ്ദേശിക്കാൻ കേന്ദ്ര ദുരന്തനിവാരണ അതോറിറ്റിക്ക് അവകാശമുണ്ട്. ഇക്കാര്യത്തിൽ അവർ പരിശോധിക്കണം എന്നും നിർദ്ദേശമുണ്ട്.

ഇത്തവണ സ്കൂൾ സഹകരണ സംഘങ്ങൾ വഴി വിലകുറച്ച് ഗുണമേന്മയുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്യുന്ന കാര്യം പരിഗണനയിലെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. 2025-26 അധ്യയന വർഷത്തേയ്ക്ക്  ഇന്റന്റ് ചെയ്ത 3299 സൊസൈറ്റികൾ മുഖേനയാണ് സ്കൂളുകൾക്ക് പാഠപുസ്തകങ്ങൾ വിതരണം ചെയ്യുന്നത്. ഈ സൊസൈറ്റികൾ വഴി തന്നെയാണ് വിലകുറച്ച് ഗുണമേന്മയുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്നത്.

 

 

അഞ്ചുവയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ പ്രതിക്ക് അഞ്ച് വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ഇരിങ്ങാലക്കുട അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജ്  സേതുമോഹന്‍ ആണ് കേസില്‍ വിധി പ്രസ്താവിച്ചത്. തമിഴ്‌നാട് ഡിണ്ടിഗല്‍ സ്വദേശിയായ കൃഷ്ണന്‍ എന്ന കൃഷ്ണമൂര്‍ത്തി (50) യെയാണ് കോടതി ശിക്ഷിച്ചത്.  2020 ഡിസംബറിലാണ് വീടിന്‍റെ പുറകുവശത്ത് വെച്ച് പെണ്‍കുട്ടിയെ പ്രതി ലൈംഗികമായി പീഡിപ്പിച്ചത്.

ആലപ്പുഴയിലെ ഹൈബ്രി‍ഡ് ക‍ഞ്ചാവ് വേട്ടയിലെ മുഖ്യപ്രതി സുൽത്താനെന്ന് എക്സൈസ് അധികൃതർ. ഇന്നലെയാണ് കേസിൽ നേരത്തെ പിടിയിലായ തസ്ലിമയുടെ ഭർത്താവ് ചെന്നൈ എണ്ണൂർ സത്യവാണി മുത്ത് നഗർ സ്വദേശി സുൽത്താൻ അക്ബർ അലി (43 വയസ്) തമിഴ്നാട് ആന്ധ്രാ അതിർത്തിയിൽ നിന്നും എക്സൈസ് പിടികൂടിയത്.

പുതിയതായി 12 റെയിൽവേ മേൽപ്പാലങ്ങൾ തുറക്കുന്നത് കേരള ചരിത്രത്തിൽ ആദ്യമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ലെവൽക്രോസ് ഇല്ലാത്ത കേരളം പദ്ധതിയുടെ ഭാഗമായി പണി പൂര്‍ത്തിയാകുന്ന നാല് റെയിൽവേ മേൽപ്പാലങ്ങൾ മെയിൽ നാടിന് സമര്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു. റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷന്റെ പദ്ധതികൾ റിവ്യൂ ചെയ്യുന്നതിനായി ചേര്‍ന്ന യോഗത്തിന് ശേഷമായിരുന്നു മന്ത്രി ഇക്കാര്യം അറിയിച്ചത്.

സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 2228.30 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഈ സാമ്പത്തിക വർഷത്തെ വികസന ഫണ്ടിന്റെ ഒന്നാം ഗഡുവായി 2150.30 കോടി രൂപയും, ഉപാധിരഹിത ഫണ്ടായി 78 കോടി രൂപയുമാണ്‌ അനുവദിച്ചത്‌. ഇതോടെ ഏപ്രിൽ തന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഈ സാമ്പത്തിക വർഷത്തെ പദ്ധതി പ്രവർത്തനങ്ങളുടെ നിർവഹണത്തിലേക്ക്‌ കടക്കാനാകുമെന്നും ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.

വയനാട് പൂക്കോട് വെറ്റിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ പ്രതികളായ 19 വിദ്യാര്‍ത്ഥികളെ കേരള വെറ്ററിനറി സര്‍വകലാശാല പുറത്താക്കി. ഹൈക്കോടതിയിലാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരായ നടപടിയെ കുറിച്ച് വെറ്ററിനറി സര്‍വകലാശാല അറിയിച്ചത്. 19 വിദ്യാര്‍ത്ഥികള്‍ കുറ്റക്കാരെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെന്നും സര്‍വകലാശാല കോടതിയെ അറിയിച്ചു. സിദ്ധാര്‍ത്ഥന്റെ അമ്മ എംആര്‍ ഷീബ നല്‍കിയ ഹര്‍ജിയിലാണ് മറുപടി.

 

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ മുസ്ലീം ലീഗ് നേതാക്കളായ എം.സി കമറുദ്ദീനും പൂക്കോയ തങ്ങളും ഇ.ഡിയുടെ കസ്റ്റഡിയില്‍. കോഴിക്കോട് അഡീഷണല്‍ സെഷന്‍സ്  കോടതിയാണ് ഇരുവരേയും രണ്ടു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടത്. തെളിവ് ശേഖരണത്തിന് വേണ്ടി ഇരുവരേയും കസ്റ്റഡിയിൽ ആവശ്യമുണ്ടെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

 

ഒരാളുടെ മരണത്തിന് കാരണമായ അപകടമുണ്ടാക്കിയ ശേഷം വാഹനം നിർത്താതെ ഓടിച്ചു പോയ ഓട്ടോ ഡ്രൈവ‍ർ പൊലീസിന്റെ പിടിയിലായി. കോട്ടയം വൈക്കത്ത് പ്രസ് ഉടമയെ ഓട്ടോ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ സംഭവത്തിലാണ് ഡ്രൈവർ ഇന്ന് പിടിയിലായത്. പാലാരിവട്ടം സ്വദേശി ബാബു കെ.ആർ ആണ് അറസ്റ്റിലായത്.

 

ടിക്കറ്റ് ചോദിച്ചതിന് ടിടിഇയെ ഒരു സംഘം യാത്രക്കാർ മർദിച്ചതായി പരാതി. ഐലൻഡ് എക്സ്പ്രസിലാണ് സംഭവം. മർദനമേറ്റ ടി‌ടിഇ ആശുപത്രിയിലാണ്. സംഭവവുമായി ബന്ധപ്പെ‌ട്ട് ഒരാൾ കസ്റ്റ‍ഡിയിലായി‌‌‌ട്ടുണ്ട്. നെയ്യാറ്റിൻകരയ്ക്കും പാറശ്ശാലക്കും ഇടയിലാണ് സംഭവം നടന്നിരിക്കുന്നത്.മർദിച്ച സംഘത്തിലെ ഒരാളൊഴികെ ബാക്കിയെല്ലാവരും ഓടി രക്ഷപ്പെട്ടിരിക്കുകയാണ്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തി‌ട്ടുണ്ട്. മർദനമേറ്റ ടിടിഇ ജയേഷ് പേ‌‌ട്ട ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

 

ഇടുക്കി ഉപ്പുതറ ഒമ്പതേക്കറിൽ ഒരു കുടുംബത്തിലെ നാലു പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഉപ്പുതറ പട്ടത്തമ്പലം സജീവ് മോഹനൻ, ഭാര്യ രേഷ്മ, നാലും ആറും വയസ്സുള്ള രണ്ട് മക്കൾ എന്നിവരാണ് മരിച്ചത്. വീടിനുള്ളിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം. ഉപ്പുതറ പോലീസ് സ്ഥലത്ത് പരിശോധന നടത്തുന്നു. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം.

 

നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി. വെട്ടൂർ അരിവാളം സ്വദേശി സുത്താനെ (28) യാണ് കാപ്പ നിയമപ്രകാരം ജയിലാക്കിയത്. തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.

അച്ഛന്‍ കല്ലെറിഞ്ഞ് ഓടിക്കുന്നതിനിടെ മകന്‍ കിണറ്റിൽ വീണു മരിച്ച കേസിൽ അച്ഛന് പത്തുവർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കല്ലിയൂർ സ്വദേശി ബേബിയെ (63) ആണ് നരഹത്യയ്ക്ക് പത്തു വർഷം കഠിന തടവിനും 50,000 രൂപ പിഴ ഒടുക്കുന്നതിനും നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ സെഷൻസ് കോടതി വിധിച്ചത്. 2014 മാർച്ച്‌ മാസം 27 ന് പുലർച്ചെ രണ്ട് മണിക്കാണ് കേസിനാസ്പദമായ സംഭവം.

 

ജാമ്യത്തിലിറങ്ങിയ പ്രതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. എഴുപുന്ന സ്വദേശി സുദീപ് (38) ആണ് മരിച്ചത്. ഭാര്യ നല്‍കിയ പരാതിയിലാണ് സുദീപ് അറസ്റ്റിലായത്. സുദീപിന്‍റെ മർദനം സഹിക്കാതെ വന്നപ്പോൾ  ഭാര്യ നസിയ അരൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുമായി ബന്ധപ്പെട്ട് കോടതിയിൽ കേസ് നടന്നതിനിടെയാണ് ആത്മഹത്യ.

 

പാലക്കാട് പുളിഞ്ചോട് കാർ ചായക്കടയിലേക്ക് ഇടിച്ചു കയറി 2 മരണം. ചായക്കടക്കാരൻ ബാലൻ, കടയിൽ ഉണ്ടായിരുന്ന മറ്റൊരാൾ എന്നിവരാണ് മരിച്ചത്. മരിച്ച രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ആലത്തൂരിൽ നിന്ന് നെൻമാറ ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്.

 

മുബൈ ഭീകരാക്രമണ കേസ് സൂത്രധാരൻ തഹാവൂർ റാണയെ അറസ്റ്റ് ചെയ്ത് എൻഐഎ. ദില്ലി വിമാനത്താവളത്തിൽ വെച്ചാണ് എൻഐഎ റാണയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. റാണയുടെ ചിത്രം എൻഐഎ പുറത്തുവിട്ടു. ദില്ലി പാലം വ്യോമസേന വിനാനത്താവളത്തിലാണ് തഹാവൂര്‍ റാണയുമായുള്ള വിമാനം ലാന്‍ഡ് ചെയ്തത്. എന്‍എസ്ജ കമാന്‍ഡോകളും മറ്റ് ഏജന്‍സികളും റാണയെ ഇന്ത്യയിലെത്തിക്കുന്നതില്‍ സഹകരിച്ചെന്ന്  എന്‍ഐഎ വ്യക്തമാക്കി.

വ്യാഴാഴ്ച നടന്ന ബ്രിഗേഡിയർതല ചർച്ചയിൽ പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പ് നൽകി ഇന്ത്യ. അതിർത്തി മേഖലയിലെ സമാധാനം തകർക്കുന്ന നീക്കങ്ങളിൽ നിന്ന് പാക്കിസ്ഥാൻ പിന്തിരിയണമെന്ന് ഇന്ത്യ ഫ്ലാഗ് മീറ്റിൽ ആവശ്യപ്പെട്ടു. സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും  പക്ഷേ ഇത്തരം നടപടികൾ പാക്കിസ്ഥാൻ തുടർന്നാൽ തിരിച്ചടി ഉണ്ടാകുമെന്നും യോഗത്തിൽ ഇന്ത്യ അറിയിച്ചു. കശ്മീരിലെ പൂഞ്ചിലാണ് വ്യാഴാഴ്ച സൈനികതല ചർച്ച നടന്നത്.

 

ഗുരുഗ്രാം, ബെംഗളൂരു തുടങ്ങിയ തെരഞ്ഞെടുത്ത നഗരങ്ങളിലെ പ്രീമിയം തീയേറ്ററുകളിൽ മദ്യം വിളമ്പുന്നതിനുള്ള ലൈസൻസിനായി പിവിആർ ഐനോക്സ് ശ്രമിക്കുന്നുണ്ടെന്ന് വൃത്തങ്ങൾ പറഞ്ഞതായി എൻഡിടിവിയുടെ റിപ്പോ‍‌ർട്ട്. പിവിആ‌ർ ഐനോക്സ് തീയേറ്ററുകളിലേക്കുളള തിരക്ക് കുറഞ്ഞു വരുന്ന സാഹചര്യത്തിൽ ഇതിനെ ചെറുക്കാനാണ് പുതിയ നീക്കമെന്നാണ് റിപ്പോർട്ട്.

 

യുഎസുമായൊരു ഏറ്റുമുട്ടലിന് ആഗ്രഹിക്കുന്നില്ലെങ്കിലും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചുമത്തുന്ന ഉയര്‍ന്ന തീരുവയ്‌ക്കെതിരെ ശക്തമായ നിലപാട് പുലര്‍ത്തുമെന്ന് ചൈന. ചൈനയില്‍ നിന്നുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതിത്തീരുവ 125 ശതമാനമായി യുഎസ് ഉയര്‍ത്തിയതിനുപിന്നാലെയാണ് ചൈനയുടെ പ്രതികരണം. വ്യാപാരയുദ്ധത്തിന് തങ്ങള്‍ തയ്യാറാണെന്ന പരസ്യപ്രഖ്യാപനമാണ് ചൈന നടത്തിയിരിക്കുന്നതെന്നാണ് വിലയിരുത്തല്‍. കൂടാതെ ട്രംപ് ഭരണകൂടത്തിന്റെ ‘നിന്ദ്യമായ’ നടപടികള്‍ക്കെതിരെ ലോക വ്യാപാര സംഘടനയിലും ചൈന പരാതി നല്‍കിയിട്ടുണ്ട്.

ആർത്തവത്തെ തുടർന്ന് എട്ടാം ക്ലാസ് വിദ്യാർഥിനിയെ ക്ലാസ് മുറിക്ക് പുറത്തിരുത്തി പരീക്ഷ എഴുതിപ്പിച്ചതായി പരാതി. തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *