Untitled design 20250112 193040 0000

 

സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗത്തു നിന്ന് അനുഭാവ പൂര്‍വമായ സമീപനമുണ്ടായാല്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറെന്ന് ആശാ സമര സമിതി. സിപിഎം ജനറല്‍ സെക്രട്ടറിക്ക് അയച്ച തുറന്ന കത്തിലാണ് സമരം അവസാനിപ്പിക്കാന്‍ സത്വര നടപടിയെടുക്കാനുള്ള അഭ്യര്‍ത്ഥന. അതേസമയം സമരം തീര്‍ക്കാന്‍ സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്തുള്ള നിര്‍ദേശങ്ങളാണ് മുന്നോട്ടുവച്ചതെന്ന് തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചു. മറ്റ് ട്രേഡ് യൂണിയനുകളുമായി കൂടിയാലോചനയില്ലാതെയാണ് ആശമാര്‍ സമരത്തിന് ഇറങ്ങിയതെന്നാണ് എംഎ ബേബിയുടെ മറുപടി.

 

കേരള സർവകലാശാലയിലെ എംബിഎ ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ട സംഭവത്തിൽ കുറ്റക്കാരനായ അധ്യാപകനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടേക്കും. ഇക്കാര്യത്തിൽ വിസിയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. ബൈക്കിൽ ഉത്തരക്കടലാസ് പാലക്കാടേക്ക് കൊണ്ടുപോയത് വീഴ്ചയെന്നാണ് അന്വേഷണ സമിതി റിപ്പോർട്ട്. പൂജപ്പുര ഐസിഎം കോളേജിലെ ഗസ്റ്റ് ലക്ചററാണ് അധ്യാപകൻ. പുനഃപരീക്ഷയ്ക്ക് വേണ്ടിവന്ന ചെലവ് ഈ കോളജിൽ നിന്ന് ഈടാക്കാനും തീരുമാനമുണ്ട്.

 

കരുവന്നൂർ കേസുമായി ബന്ധപ്പെട്ട് പലരും നൽകിയ മൊഴികളിൽ വ്യക്തത വരുത്താനാണ് ഇ ഡി തന്നെ വിളിപ്പച്ചതെന്ന് സിപിഎം എംപി കെ രാധാകൃഷ്ണൻ. കൊച്ചിയിൽ ഇ‍ഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു.

 

പകര്‍ച്ചവ്യാധി പ്രതിരോധത്തിന് തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രാദേശിക പ്രതിരോധ പദ്ധതി തയ്യാറാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓരോ തദ്ദേശ സ്ഥാപന തലത്തിലും പദ്ധതി തയ്യാറാക്കും. മുന്‍ വര്‍ഷങ്ങളിലെ പകര്‍ച്ചവ്യാധികളുടെ കണക്കുകള്‍ പരിശോധിച്ച് ഹോട്ട് സ്‌പോട്ടുകള്‍ കണ്ടെത്തി വിശകലനം നടത്തി പ്രതിരോധം ശക്തമാക്കും എന്നും മന്ത്രി പറഞ്ഞു.

കെ എസ് ആർ ടി സിക്ക് സർക്കാർ സഹായമായി 102.62 കോടി രൂപകൂടി ധനവകുപ്പ് അനുവദിച്ചു. പെൻഷൻ വിതരണത്തിനായാണ് 72.62 കോടി രൂപ. മറ്റു കാര്യങ്ങൾക്കുള്ള സാമ്പത്തിക സഹായമായാണ് 30 കോടി രൂപ അനുവദിച്ചത്‌.

സുരേഷ് ഗോപിയെ കുറിച്ചുള്ള തൊപ്പി പരാമർശത്തിൽ പ്രതിഷേധിച്ച് ബിജെപി നടത്തുന്ന സമരത്തെ പരിഹസിച്ച് മന്ത്രി കെ ബി ഗണേഷ് കുമാർ. പൊലീസ് തൊപ്പിയെ പറ്റി പറഞ്ഞാൽ തൊപ്പിയല്ലേ തനിക്കെതിരെ സമരം ചെയ്യേണ്ടതെന്ന് ഗണേഷ് കുമാർ ചോദിച്ചു. സിനിമാ ഷൂട്ടിങിന് കൊണ്ടുവന്ന ഒരു തൊപ്പിയെ പറ്റിയാണ് താൻ തമാശ പറഞ്ഞത്. അതിനൊക്കെ സമരം ചെയ്യുന്നത് മോശം എന്നല്ലാതെ മറ്റൊന്നും പറയാനില്ലെന്നും ഗണേഷ് കുമാർ പ്രതികരിച്ചു.

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ്റെ വിവാദപ്രസംഗം അവഗണിച്ചു തള്ളേണ്ടതെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. സംസ്ഥാനത്ത് ഇടതുമുന്നണിക്ക് തുടർ ഭരണം കിട്ടുമോ എന്നതിൽ തദ്ദേശ തെരഞ്ഞെടുപ്പോടെ വ്യക്തത വരും. ബിജെപിയെ താഴെ ഇറക്കാൻ എവിടെയൊക്കെ കോൺഗ്രസുമായി സഹകരിക്കണോ അവിടെയൊക്കെ അത് ചെയ്യുമെന്നും എംഎ ബേബി പ്രതികരിച്ചു. തിരുവനന്തപുരത്ത് മീറ്റ് ദി പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

പി ജയരാജനെ വാഴ്ത്തിയുള്ള ഫ്ലെക്സ് ബോർഡുകൾ തള്ളി എം വി ജയരാജൻ . വ്യക്തിയല്ല പാർട്ടിയാണ് വലുതെന്ന് അദ്ദേഹം പറഞ്ഞു.പാർട്ടിയെക്കാൾ വലുതായി പാർട്ടിയിൽ ആരും ഇല്ലെന്ന് ഇഎംഎസ് തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പി.ജയരാജനെ വാഴ്ത്തി കണ്ണൂരിലെ സിപിഎം ശക്തികേന്ദ്രങ്ങളിലാണ് ഫ്ലക്സ് ബോർഡ് വച്ചത്.

 

ഡ്യൂട്ടിക്കിടെ മദ്യപിച്ചെന്ന് ആരോപിച്ച് രാത്രി പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസുകാരെ നാട്ടുകാർ തടഞ്ഞുവെച്ചു. കൊല്ലം പത്തനാപുരത്താണ് സംഭവം ഉണ്ടായത്. കൺട്രോൾ റൂം വാഹനത്തിൽ ഇരുന്ന് എസ്ഐ ഉൾപ്പടെയുള്ളവർ മദ്യപിച്ചെന്നായിരുന്നു ആരോപണം.

 

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മന്ത്രി സജി ചെറിയാന്‍. വെള്ളാപ്പള്ളിയെ ജനങ്ങള്‍ക്കറിയാമെന്നും മലപ്പുറത്തിനെതിരെയുള്ള അദ്ദേഹത്തിന്റെ പ്രസ്താവനയെ മറ്റൊരു രീതിയില്‍ കാണേണ്ടെന്നും മന്ത്രി പറഞ്ഞു.

അതിഥി തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസം ഉറപ്പു വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഴുവന്‍ കുട്ടികളുടേയും സ്കൂള്‍ പ്രവേശനം ഉറപ്പാക്കാന്‍ പ്രത്യേക ക്യാമ്പയിന്‍ നടത്തുമെന്നും അതിനു വേണ്ട പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, വാസസ്ഥലത്തോട് ചേർന്ന് നിൽക്കുന്ന വിദ്യാലയങ്ങളിലെ അദ്ധ്യാപകർ, രക്ഷാകർതൃ സമിതി ഭാരവാഹികൾ മുതലായവരുടെ സേവനം പ്രയോജനപ്പെടുത്തിക്കൊണ്ട് നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതിഥി തൊഴിലാളികളുടെ കുട്ടികള്‍ വിദ്യാഭ്യാസ രംഗത്ത് പുറകോട്ട് പോകുന്നത് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് തിരുമാനം.

 

തമിഴ്നാട് ഗവർണർ ബില്ലുകൾ അനിശ്ചിതമായി തടഞ്ഞുവച്ച വിഷയത്തിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ഫെഡറൽ സംവിധാനത്തെയും നിയമസഭയുടെ ജനാധിപത്യ അവകാശങ്ങളെയും ഉയർത്തിപ്പിടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവർണർമാർ മന്ത്രിസഭയുടെ ഉപദേശത്തിനനുസരിച്ചാണ് പ്രവർത്തിക്കേണ്ടതെന്ന് നേരത്തെ തന്നെ സുപ്രീംകോടതി പലവട്ടം വ്യക്തമാക്കിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കരുവന്നൂര്‍ കേസുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്ക് ബാങ്കുമായി ഇടപാടുകളില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ബോധ്യമായതായി കെ. രാധാകൃഷ്ണന്‍ എംപി. ചോദ്യംചെയ്യലിന് ശേഷം കൊച്ചിയില്‍ ഇഡി ഓഫീസിനുമുന്നില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എംപി. ചോദ്യംചെയ്യലിനായി വിളിപ്പിച്ചാല്‍ ഇനിയും ഇഡിക്ക് മുന്നില്‍ ഹാജരാകാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

 

പാർലമെൻ്റിൻ്റെ ഇരു സഭകളിലും പാസാക്കിയ, രാഷ്ട്രപതി ഒപ്പുവച്ച വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ. ഇന്ന് മുതൽ നിയമം പ്രാബല്യത്തിൽ വരുത്തിക്കൊണ്ട് കേന്ദ്രസർക്കാർ ഉത്തരവിറക്കി. നിയമത്തിൻ്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് ഒന്നിന് പുറകെ ഒന്നായി പ്രതിപക്ഷ പാർട്ടികൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കെയാണ് കേന്ദ്ര സർക്കാരിൻ്റെ നീക്കം. അതേസമയം വഖഫ് നിയമ ഭേദഗതിക്കെതിരായ ഹര്‍ജികളിൽ സുപ്രീം കോടതി ഉടന്‍ വാദം കേൾക്കില്ല.

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *