Untitled design 20250112 193040 0000

 

വഖഫ് നിയമ ഭേദഗതി ചോദ്യം ചെയ്ത് സമസ്ത സുപ്രീം കോടതിയിൽ. വഖഫ് സ്വത്തുക്കളുടെ വലിയ ഭാഗം സർക്കാർ സ്വത്താക്കി മാറ്റുന്നതിനാണ് വഖഫ് ബില്ലെന്ന് സമസ്ത ഹർജിയിൽ പറയുന്നു. മുസ്‌ലിം സമുദായത്തിന്‍റെ ഇഷ്ടാനുസരണം വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യാനുള്ള അവകാശം ലംഘിക്കപ്പെടുമെന്നും നിയമം കോടതി റദ്ദാക്കണമെന്നുമാണ് ആവശ്യം. അഭിഭാഷകൻ സുൽഫിക്കർ അലിയാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ഹർജി സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്.

 

രാജ്യത്ത് വഖഫ് ബോർഡിനേക്കാൾ സ്വത്തുള്ളത് കത്തോലിക്കാ സഭയ്ക്കാണെന്ന ഓർഗനൈസർ ലേഖനത്തെ കുറിച്ച് ബി.ജെ.പി ദേശീയ-സംസ്ഥാന നേതാക്കൾ നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ആർ.എസ്.എസിന്‍റെ നിഗൂഢ അജണ്ട അടിവരയിട്ട് വ്യക്തമാക്കുന്നതാണ് ലേഖനമെന്നും ന്യൂനപക്ഷങ്ങളെ തിരഞ്ഞ് പിടിച്ച് ആക്രമിക്കുകയന്ന ശൈലിക്ക് തുടർച്ച ഉണ്ടാകുമെന്ന സന്ദേശമാണ് ആർ.എസ്.എസും ബി.ജെ.പിയും രാജ്യത്തിന് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ വന്ന ക്രൈസ്തവ വിരുദ്ധ ലേഖനത്തെച്ചൊല്ലിയുള്ള വിവാദം തള്ളി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ. 2012ലെ ലേഖനം വെബ്സൈറ്റിൽ നിന്നും പുറത്തിട്ടു വിവാദമാക്കാൻ ഉള്ള ഗൂഢാലോചന ആണ്‌ നടന്നത്. പ്രിയങ്കയും രാഹുലും വഖഫ് ബിൽ ചർച്ചയിൽ പങ്കെടുക്കാത്തതിൽ ഉള്ള ജാള്യത മറക്കാൻ വി ഡി സതീശനും കൂട്ടരും ശ്രമിക്കുകയാണ്. ഇതെല്ലാം വിശ്വസിക്കുന്നവരല്ല ക്രൈസ്തവ സഭകൾ. ചെറിയ വേവലാതി അല്ല കോൺഗ്രസിനും കൂട്ടർക്കും ഉള്ളതെന്നും അദ്ദേഹം പരിഹസിച്ചു.

 

വഖഫ് ഭേദഗതിക്ക് പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് എൻഡിഎ ഈ മാസം 9ന് മുനമ്പത്ത് ബഹുജനക്കൂട്ടായ്മ സംഘടിപ്പിക്കും.താങ്ക്യൂ മോദി എന്ന പേരിലുള്ള ബഹുജനക്കൂട്ടായ്മ കേന്ദ്ര മന്ത്രി കിരൺ റിജിജു ഉദ്ഘാടനം ചെയ്യുമെന്ന് പികെ കൃഷ്ണദാസ് അറിയിച്ചു.ഇരകളോടൊപ്പമാണ് കേന്ദ്ര സർക്കാർ നിലക്കൊണ്ടിട്ടുള്ളതെന്നും വേട്ടക്കാരെ സഹായിക്കാനാണ് കോൺഗ്രസ് സുപ്രീംകോടതിയിൽ പോയതെന്നും മുനമ്പത്തെ ജനങ്ങൾക്ക് റവന്യൂ അവകാശം ലഭ്യമാക്കുന്ന ചടങ്ങിലേക്ക് ഹൈബി ഈഡനെ പ്രത്യേകമായി ക്ഷണിക്കുമെന്നും അദ്ദേഹം അറിയിച്ചു.

 

വഖഫ് ഭേദഗതി ബിൽ ചർച്ചയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പങ്കെടുക്കാത്തതിൽ ചോദ്യങ്ങളുമായി ജോയിന്‍റ് പാർലമെന്‍ററി കമ്മിറ്റി ചെയർമാൻ ജഗദാംബിക പാൽ. വോട്ട് ബാങ്കായി മുസ്ലീങ്ങളെ കണ്ടിട്ടില്ലെങ്കിൽ പിന്നെ ചർച്ചയിൽ പങ്കെടുക്കുന്നതിലെ തടസമെന്തായിരുന്നു എന്ന ചോദ്യമാണ് ജെ പി സി ചെയർമാൻ ഉന്നയിച്ചത്. ന്യൂനപക്ഷങ്ങളുടെ കാര്യത്തിൽ കോൺഗ്രസിന് ഒരാശങ്കയുമില്ലെന്നും അതാണ് വഖഫ് ബില്ലിലെ കോൺഗ്രസിന്‍റെ നിലപാട് വ്യക്തമാക്കുന്നതെന്നും ജഗദാംബിക പാൽ കൂട്ടിച്ചേർത്തു. പ്രിയങ്ക ഗാന്ധി വിട്ടു നിന്നതിന്‍റെ കാരണവും മറ്റൊന്നല്ലെന്ന് ജഗദാംബിക പാൽ അഭിപ്രായപ്പെട്ടു.

 

സിപിഎം ജനറല്‍ സെക്രട്ടറിയായി എം എ ബേബിയെ പ്രഖ്യാപിച്ചു. ഇഎംഎസ് നമ്പൂതിരിപ്പാടിന് ശേഷം കേരള ഘടകത്തില്‍ നിന്ന് ഈ പദവിയിലേക്ക് എത്തുന്ന രണ്ടാമത്തെ മലയാളിയാണ് എം എ ബേബി. പിബി പാനലിനും അംഗീകാരമായി. 84 പേരാണ് കേന്ദ്ര കമ്മിറ്റിയിലുള്ളത്. കേരളത്തില്‍ നിന്നുള്ള ജോൺ ബ്രിട്ടാസ് അടക്കം നാല് പേര്‍ കേന്ദ്ര ക5മ്മിറ്റിയിൽ സ്ഥിരം ക്ഷണിതാക്കളാവും. അതേസമയം, പാനലിനെതിരെ മത്സരിച്ച് ഡി എല്‍ കരാഡ് തോറ്റു. 31 വോട്ടുകളാണ് ഡി എല്‍ കരാഡിന് ലഭിച്ചത്.

 

 

പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ച കേന്ദ്ര കമ്മിറ്റി പട്ടികയിൽ എതിർപ്പ് ഉയർത്തി മത്സരിച്ച് കരാഡ്. മഹാരാഷ്ട്ര സി ഐ ടി യു സംസ്ഥാന അധ്യക്ഷൻ കൂടിയായ കരാഡ് തൊഴിലാളി വർഗ സമരത്തിന്‍റെ നേതൃ മുഖം കൂടിയാണ്. പാർട്ടി കോൺഗ്രസിൽ മത്സരിക്കുക മാത്രമല്ല, പരസ്യമായി പ്രതികരിക്കുകയും ചെയ്തു എന്നതും ശ്രദ്ധേയമാണ്. തൊഴിലാളി വർഗ്ഗത്തെ അവഗണിച്ചതുകൊണ്ടാണ് താൻ മത്സരിച്ചതെന്നുമാണ് കരാട് പരസ്യമായി പ്രതികരിച്ചത്.

 

നിലവിൽ പാർട്ടിയിലെ മുതിർന്ന നേതാവും കേരളത്തിലെ മുഖ്യമന്ത്രിയുമാണ് പിണറായി വിജയണെന്നും സ്വാഭാവികമായും അടുത്ത തിരഞ്ഞെടുപ്പിൽ പിണറായി വിജയൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ രാഷ്ട്രീയമായ പ്രചാരണത്തിലും സംഘടനാകാര്യത്തിലുമെല്ലാം നയിക്കുമെന്നും എം എ ബേബി. ഒരു തുടർഭരണം വീണ്ടും കിട്ടിയാൽ അന്ന് ആരാണ് മുഖ്യമന്ത്രിയാകുക എന്ന കാര്യം ഇപ്പോൾ ചർച്ചചെയ്യേണ്ട കാര്യമില്ലെന്നും സമയമാകുമ്പോൾ പാർട്ടി കൃത്യമായ തീരുമാനമെടുക്കുമെന്നും പുതിയ ജനറൽ സെക്രട്ടറി വ്യക്തമാക്കി.

 

 

കേരളം കൂടുതൽ വർഗീയമാകുന്നുവെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സ്വാമി വിവേകാനന്ദൻ ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ, ഭ്രാന്താലയത്തിന് പകരം അതിനെക്കാൾ ക്രൂരമായ വാക്ക് ഉപയോഗിച്ചേനെയെന്നും അദ്ദേഹം പറഞ്ഞു.എല്ലാ ന്യൂനപക്ഷങ്ങളും അസംതൃപ്തർ, എല്ലാവർക്കും അന്യതാബോധം ഉണ്ടായിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

സിപിഎം മുസ്ലിം മൗലിക വാദത്തിന് കീഴ്പ്പെട്ടെന്ന് മത ചിഹ്നമായ കഫിയ അണിഞ്ഞത് ഇതിന് തെളിവെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എടി രമേശ്‌. ശബരിമലയിൽ മന്ത്രിമാർ കറുപ്പ് ഉടുക്കുന്നത് വിലക്കുന്ന നേതാക്കൾ കഫിയ അണിയുന്നുവെന്നും പാർട്ടി കോൺഗ്രസിലെ പലസ്തീൻ ഐക്യദാർഢ്യം സിപിഎമ്മിന്‍റെ സി കമ്മ്യൂണലും എം മുസ്ലിമും ആണെന്ന് ഉറപ്പിക്കുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.

 

 

വിവാദ മലപ്പുറം പരാമർശത്തിൽ വിശദീകരണവുമായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തൻ്റെ പ്രസംഗത്തിൻ്റെ ഒരു ഭാഗം അടർത്തിയെടുത്ത് പ്രചരിപ്പിക്കുകയാണെന്നും സമുദായത്തിൻ്റെ പിന്നോക്കാവസ്ഥയാണ് വിവരിച്ചതെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു. വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമർശത്തിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർന്നിരുന്നു.

 

മാധ്യമപ്രവര്‍ത്തകരോടുള്ള കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ സമീപനത്തിൽ പ്രശ്നത്തിന്‍റെ കാരണമറിയാതെ പ്രതികരിക്കാനില്ലെന്നും സുരേഷ് ഗോപി ജെന്‍റിൽമാനാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. ബിജെപി മാധ്യമപ്രവർത്തകരെ അടക്കം ബഹുമാനിക്കുന്ന പാർട്ടിയാണ്. സുരേഷ് ഗോപിയുടെ പ്രതികരണത്തിന്‍റെ ബാക്ക് ഗ്രൗണ്ട്‌ അറിയാതെ തനിക്ക് പ്രതികരിക്കാനാവില്ലെന്നും വിഷയം മനസ്സിലാക്കിയിട്ടില്ലെന്നും ആരാണ് പ്രകോപനം ഉണ്ടാക്കുന്നതെന്ന് അറിയില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

 

 

സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടു കൂടിയ വേനൽ മഴക്ക് സാധ്യത. അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ 11 ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

 

എട്ടാം ക്ലാസില്‍ മിനിമം മാർക്ക് കിട്ടാത്ത വിദ്യാർത്ഥികൾക്ക് പ്രത്യേക ക്ലാസ് നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മിനിമം മാർക്ക് അടിസ്ഥാനത്തിലുള്ള എട്ടാം ക്ലാസ് പരീക്ഷാ ഫലം ഇന്നലെ പ്രഖ്യാപിച്ചിരുന്നു. 2241 സ്കൂളിൽ നിന്നുള്ള കണക്കുകളാണ് ഇതുവരെ ലഭ്യമായത്. വയനാട് ജില്ലയിലാണ് കൂടുതൽ തോൽവി ഉള്ളത്. 6.3 ശതമാണ്. കൊല്ലത്ത് കുറവ് തോൽവി. ഹിന്ദിയിലാണ് കൂടുതൽ കുട്ടികൾ തോറ്റത്. ഇംഗ്ലീഷ് വിഷയത്തിലാണ് കുറവ് തോൽവി. ഇനിയും സ്കൂളുകളിൽ നിന്ന് കണക്ക് വരാനുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു.

ക്രൈസ്തവരുടെ രാഷ്ട്രീയ പാർട്ടി എന്ന വിഷയത്തില്‍ തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ നിലപാട് തള്ളി പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് സ്വർഗത്തിലെത്താമെന്ന് കരുതുന്നില്ലെന്ന് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രതികരിച്ചു. നമ്മൾ ഒന്നിച്ചു നിന്നാൽ രാഷ്ട്രീയക്കാർ നമ്മളെ തേടിയെത്തും. ക്രൈസ്തവർ തമ്മിൽ ഒരുമയുണ്ടാവണം. പുതിയ രാഷ്ട്രീയ പാർട്ടി ഉണ്ടാക്കണമെന്നത് തെറ്റായ സന്ദേശമാണ്. ആവശ്യക്കാരെല്ലാം ക്രൈസ്തവരുടെ അടുത്ത് എത്തുമെന്നും ബിഷപ്പ് പ്രതികരിച്ചു. പാലായിലെ മദ്യ-ലഹരി വിരുദ്ധ പരിപാടിയിൽ ആയിരുന്നു ബിഷപ്പിന്റെ പ്രസംഗം.

 

ആന്‍റണി പെരുന്പാവൂരിനും ആദായ നികുതി വകുപ്പിന്‍റെ നോട്ടീസ്. ലൂസിഫർ, മരയ്ക്കാർ അറബിക്കടലിന്‍റെ സിംഹം എന്നീ രണ്ട് സിനിമകളു‍ടെ സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്താൻ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത് . ഈ സിനിമകളുടെ ഓവർസീസ് റൈറ്റും അഭിനേതാക്കളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യത്തിലാണ് വ്യക്തത തേടുന്നത്. ആന്റണി പെരുമ്പാവൂരിന്‍റെ ആശീർവാദ് ഫിലിംസിൽ 2022ൽ റെഡ് നടത്തിയിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ നോട്ടീസ് അയച്ചതെന്നാണ് വിവരം.

 

കളമശ്ശേരി സ്ഫോടനം സംബന്ധിയായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയേക്കുറിച്ച് വ്യാജ പ്രചാരണത്തിന്റെ പേരിലും കർമ്മന്യൂസ് ചാനലിൻ്റെ എംഡി വിൻസ് മാത്യൂ അറസ്റ്റിൽ. സൈബർ പൊലീസ് വിൻസിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഓസ്ട്രേലിയലിൽ നിന്നും രാവിലെ എത്തിയപ്പോൾ വിമാനത്താവളത്തിൽ വച്ചാണ് വിൻസിനെ പിടികൂടിയത്. മൂന്ന് കേസുകളാണ് സൈബർ പൊലീസ് വിൻസിനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

 

എഎസ്പിയുടെ ഒഫീഷ്യൽ മെയിൽ ഐഡിയും സീലും ദുരുപയോഗം ചെയ്ത പൊലീസുകാരന് സസ്പെൻഷൻ. എറണാകുളം പെരുമ്പാവൂർ ഡിവൈഎസ്പി ഓഫീസിലെ സിവിൽ പൊലീസ് ഓഫീസർ വിഎസ് ഷർനാസിനെയാണ് സസ്പെൻഡ് ചെയ്തത്. എഎസ്പിയുടെ മെയിലിൽ നിന്ന് പശ്ചിമ ബംഗാളിലെ നരേന്ദ്രപൂർ പൊലീസ് സ്റ്റേഷനിലേക്ക് മെയിൽ അയച്ചെന്ന് കണ്ടെത്തുകയായിരുന്നു. സ്വകാര്യ ആവശ്യത്തിനായിട്ടായിരുന്നു ഇത്.

 

 

പൊലീസ് കാന്‍റീൻ ദുരുപയോഗിച്ചുവെന്ന അന്വേഷണത്തിൽ എറണാകുളം പെരുമ്പാവൂരിൽ എ എസ് ഐയ്ക്കെതിരെ ആഭ്യന്തര അന്വേഷണം തുടങ്ങി. എ എസ് ഐ സലീമിനെതിരെയാണ് അന്വേഷണം. എ എസ് ഐ സലീമിന്‍റെ കാർഡ് മറ്റൊരു സ്വകാര്യ വ്യക്തി ദുരുപയോഗിച്ചെന്നാണ് കണ്ടെത്തിയത്. പൊലീസുദ്യോഗസ്ഥർക്കും കുടുംബത്തിനും മാത്രമാണ് പൊലീസ് കാന്‍റീനിൽ നിന്ന് വീട്ടുസാധനങ്ങൾ വാങ്ങാൻ കഴിയുക എന്നിരിക്കെയാണ് ഇത്. സംഭവത്തിൽ സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകും.

 

ഐബിയിലെ വനിത ഓഫീസറുടെ ആത്മഹത്യയിൽ പൊലീസ് പ്രതി ചേര്‍ത്ത ഐബി ഓഫീസര്‍ സുകാന്ത് സുരേഷിനെതിരെ രണ്ടു വകുപ്പുകള്‍ കൂടി ചുമത്തി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കൽ, പണം തട്ടിയെടുക്കല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയത്. നേരത്തെ ബലാത്സംഗം, വഞ്ചന, ആത്മഹത്യാപ്രേരണ വകുപ്പുകള്‍ ചുമത്തിയിരുന്നു. അതോടൊപ്പം സുകാന്തിന്‍റെ പുതിയ ബന്ധത്തെക്കുറിച്ച് ഐബി ഉദ്യോഗസ്ഥയായ യുവതി അറിഞ്ഞിരുന്നുവെന്നും ആ പെണ്‍സുഹൃത്തും ഐബി ഉദ്യോഗസ്ഥയെന്നുമാണ് പൊലീസിന് ലഭിച്ച വിവരം.

 

2024-25 സാമ്പത്തിക വർഷത്തിലെ അവസാനത്തെ ഒന്നരമാസം കൊണ്ട് ക്ലീൻ കേരള കമ്പനി കെ എസ് ആർ ടി സിയുടെ വിവിധ ഡിപ്പോകളിൽ നിന്നും സെൻട്രൽ വർക്ക് ഷോപ്പുകളിൽ നിന്നും 66,410 കിലോഗ്രാം അജൈവ മാലിന്യം ശേഖരിച്ച് സംസ്‌ക്കരണത്തിനയച്ചു. റിജക്ട്സ്/ ലെഗസി ഇനത്തിൽപ്പെട്ട പുനരുപയോഗയോഗ്യമല്ലാത്ത 61,220 കി.ഗ്രാം, ഇ-വേസ്റ്റ് 4,560 കി.ഗ്രാം, ഇരുമ്പ് സ്ക്രാപ്പ് 630 കി.ഗ്രാം എന്നിവയാണ് ശേഖരിച്ചത്.

 

പത്തനംതിട്ട റാന്നി സ്വദേശിയുടെ തുന്നിക്കെട്ടിയ മുറിവിനുള്ളിൽ ഉറുമ്പുകളെ കണ്ടെന്ന പരാതിയിൽ ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി. റാന്നി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡിഎംഒക്ക് റിപ്പോർട്ട് നൽകും. ആശുപത്രി സൂപ്രണ്ടിന്‍റെ മേൽനോട്ടത്തിലാണ് അന്വേഷണം. ഗൗരവമേറിയ പരാതിയിലാണ് ആരോഗ്യവകുപ്പിന്‍റെ പ്രാഥമിക അന്വേഷണം.റാന്നി ബ്ലോക്കുപടി സ്വദേശി സുനിൽ എബ്രഹാമായിരുന്നു പരാതിക്കാരൻ.

 

 

കൊല്ലം കോട്ടുക്കൽ മഞ്ഞിപ്പുഴ ക്ഷേത്രോത്സവത്തിലെ ഗാനമേളയിൽ ആർഎസ്എസ് ഗണഗീതം പാടിയ സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് പൊലീസിൽ പരാതി. കൊല്ലം മഞ്ഞിപ്പുഴ ശ്രീഭഗവതി ഭദ്രകാളി ക്ഷേത്രത്തിലാണ് ഗണഗീതം പാടിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രമാണിത്. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് കോട്ടുക്കൽ സ്വദേശി പ്രതിൻ ആണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.

 

കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ഓണററി പദവി റദാക്കി. നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ എല്ലാം വെടിവെച്ചു കൊല്ലുന്ന നിലപാടെടുത്ത ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്‍റ് കെ സുനിലിന്‍റെ ഓണററി വൈൽഡ് ലൈഫ് വാർഡൻ പദവിയാണ് സർക്കാർ താൽക്കാലികമായി റദ്ദാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അംഗീകാരത്തോടെ വനംവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ചീഫ് വൈൽഡ് ലൈഫ് വാർഡന് പദവി റദ്ദാക്കാൻ നിർദ്ദേശം നൽകിയത്. ചക്കിട്ടപ്പാറയിൽ പഞ്ചായത്ത് സെക്രട്ടറി ആയിരിക്കും ഇനി അപകടകാരികളായ കാട്ടുപന്നികളെ വെടിവയ്ക്കാൻ അനുമതി നൽകുന്നതിനുള്ള അധികാരം.

 

 

മണ്ണൊലിപ്പ് തടയാൻ ട്രാക്കുകൾക്ക് ഇരുവശവും കയർ ഭൂവസ്ത്രം പരീക്ഷിച്ച് റെയിൽവേ. റെയിൽവേ ട്രാക്കിന് ഇരുവശത്തുമുള്ള മണ്ണൊലിപ്പ് തടയാനും മെറ്റലുകൾ ഊർന്നു പോകുന്നത് ഒഴിവാക്കാനുമാണ് കയർ ഭൂവസ്‌ത്രങ്ങൾ വിരിക്കുന്നത്. നിലവിൽ കൊല്ലത്തെ ഇടവ, പെരുമൺ, കാപ്പിൽ, മയ്യനാട്, മൺറോതുരുത്ത്, കല്ലടയാർ, ഇടച്ചാൽ എന്നിവിടങ്ങളിലെ റെയിൽവേ ട്രാക്കുകൾക്ക് സമീപം കയർ ഭൂവസ്‌ത്രങ്ങൾ പാകിയിട്ടുണ്ട്. കൊല്ലം, കണ്ണൂർ, നേമം എന്നിവിടങ്ങളിൽ ഉടൻ കയർ ഭൂവസ്ത്രങ്ങൾ വിരിക്കാനും തീരുമാനമായിട്ടുണ്ട്.

വീട്ടിൽ പ്രസവിച്ചതിനെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായതായി പൊലീസ്. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. എന്നാൽ പോസ്റ്റ്മോർട്ടം നാളെ മാത്രമേ നടക്കുകയുള്ളൂവെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ ഭർത്താവ് സിറാജുദ്ദീനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. യു ട്യൂബ് ചാനൽ നടത്തുന്ന സിറാജുദ്ദീൻ നിരവധി പ്രഭാഷണങ്ങളും നടത്തിയിരുന്നു. പുറം ലോകവുമായി ഇവർക്ക് യാതൊരു ബന്ധവുമില്ലെന്നും അഞ്ചാമത്തെ പ്രസവമാണ് അസ്മയുടേതെന്ന് അറിഞ്ഞത് ഇപ്പോഴാണെന്നും നാട്ടുകാർ പറയുന്നു.

 

ഉത്തരേന്ത്യയിൽ ഇന്ന് രാമ നവമി ആഘോഷം. ശോഭയാത്രകൾ അടക്കം വിപുലമായ പരിപാടികളാണ് ആഘോഷത്തോട് അനുബന്ധിച്ച് നടക്കുക. അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രത്യേക ചടങ്ങുകളിൽ പ്രതിഷ്ഠയുടെ നെറ്റിയിൽ സൂര്യ രശ്മി പതിക്കുന്ന സൂര്യ അഭിഷേക് അഥവാ സൂര്യ തിലക് ചടങ്ങും ഇന്ന് നടക്കും. ശ്രീരാമന്റെ പിറവിയെ ആദരിക്കുന്ന പ്രത്യേക ചടങ്ങുകളിൽ പ്രധാനപ്പെട്ടതാണ് സൂര്യ തിലക്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു ചടങ്ങ്.

 

മധ്യപ്രദേശിലെ ദാമോയിൽ മിഷനറിമാർ നടത്തുന്ന ആശുപത്രിയിൽ വ്യാജ കാർഡിയോളജിസ്റ്റ് ശസ്ത്രക്രിയ നടത്തിയ ഏഴ് രോഗികൾ മരിച്ചതായി റിപ്പോർട്ട്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ വ്യാജ ഡോക്ടർ 15 പേർക്ക് ശസ്ത്രക്രിയ നടത്തിയെന്നും ഇതിൽ ഏഴ് പേർ മരിച്ചുവെന്നുമാണ് റിപ്പോർട്ട്. ദാമോ സ്വദേശിയായ ദീപക് തിവാരി എന്നയാൾ പരാതിയുമായി രംഗത്തെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

 

 

ന്യുമോണിയ ചികിത്സ കഴിഞ്ഞ്‌ ആശുപത്രി വിട്ട ഫ്രാൻസിസ് മാർപാപ്പ ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടു. ചികിത്സ കഴിഞ്ഞ് രണ്ടാഴ്ച മുമ്പാണ് മാർപ്പാപ്പ ആശുപത്രി വിട്ടത്. ഞായറാഴ്ച രാവിലെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ വീൽചെയറിലാണ് അദ്ദേഹം വിശ്വാസികളെ അഭിസംബോധന ചെയ്തത്. എല്ലാവർക്കും ഞായറാഴ്ച ആശംസകൾ നേരുന്നുവെന്നും നന്ദിയുണ്ടെന്നും മാർപ്പാപ്പ പറഞ്ഞു.

 

പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരെ അമേരിക്കയിൽ വ്യാപക പ്രതിഷേധം. വാഷിംഗ്ടൺ ഡി സി അടക്കം വിവിധ നഗരങ്ങളിൽ ആയിരങ്ങൾ ട്രംപ് വിരുദ്ധ മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങി. ആയിരത്തി ഇരുന്നൂറ് കേന്ദ്രങ്ങളിലായാണ് ഹാൻഡ്സ് ഓഫ് എന്ന പേരിൽ ജനകീയ പ്രതിഷേധം. കാനഡ, ഗ്രീൻലാൻഡ് യുക്രെയ്ൻ വിഷയങ്ങളിലും താരിഫ് നയം മുതൽ സർക്കാർ വകുപ്പുകളിലെ ചെലവ് വെട്ടിച്ചുരുക്കൽ വരെയുള്ള നയങ്ങൾക്കെതിരെയും പ്രതിഷേധക്കാർ മുദ്രാവാക്യമുയർത്തി. ട്രംപ് അധികാരത്തിൽ വന്ന ശേഷം സ്വീകരിച്ച സാമ്പത്തിക, വിദേശകാര്യ, സാമൂഹിക നയങ്ങൾക്കെതിരെ വിമർശനം ശക്തമാണ്.

 

 

ഗാസ മധ്യസ്ഥ ശ്രമങ്ങളിൽ ഈജിപ്തിന്റെ പങ്ക് മറച്ചുവെക്കാൻ പണം നൽകിയെന്ന മാധ്യമ വാർത്തകളെ ശക്തമായി അപലപിച്ച് ഖത്തർ. ഗാസയിൽ വെടിനിർത്തൽ സാധ്യമാക്കുന്നതിനും ബന്ദി മോചനത്തിനുമുള്ള മധ്യസ്ഥ ശ്രമങ്ങൾ ഖത്തറിന്റെയും ഈജിപ്തിന്റെയും നേതൃത്വത്തിലാണ് നടന്നത്. ഈജിപ്ത് നടത്തിയ ഇടപെടലുകളെ മറച്ചുവെയ്ക്കാനും ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങൾക്ക് കൂടുതൽ മാധ്യമ ശ്രദ്ധ ലഭിക്കാനും പണം നൽകിയെന്ന് ചില അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. ഇത് അടിസ്ഥാന രഹിതമാണെന്നും സമാധാന ശ്രമങ്ങളെ അട്ടിമറിക്കാനാണെന്നും ഖത്തര്‍ ഇന്റർനാഷണൽ മീഡിയ ഓഫീസ് ആരോപിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *