മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയനുമായി ബന്ധപ്പെട്ട കേസില്‍ ആദായനികുതി വകുപ്പിന്‍റെ അന്വേഷണം. പ്രാഥമിക പരിശോധന നടത്തിയ ശേഷം ഇഡി നടപടികളിലേക്ക് കടക്കും. വീണ വിജയന്‍റെ ഉടമസ്ഥതയിലുള്ള എക്സാലോജിക്, കൊച്ചിയിലെ സിഎംആര്‍എല്‍, കെഎസ്ഐഡിസി എന്നീ കമ്പനികള്‍ക്കെതിരെയാണ് പ്രാഥമികമായി അന്വേഷണം നടന്നുവരുന്നത്. വീണ വിജയന്‍റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിക്ക് ചെയ്യാത്ത സേവനങ്ങളുടെ പേരില്‍ സിഎംആര്‍എല്‍ മാസപ്പടി നല്‍കിയെന്നാണ് കേസ്.

ഡോ. കെ. എസ് അനിലിനെ പൂക്കോട് വെറ്ററിനറി സർവ്വകലാശാല വിസിയായി നിയമിച്ചു. മണ്ണുത്തി വെറ്ററിനറി കോളേജിലെ പ്രൊഫസറാണ് അനിൽ. ഡോ.പി സി ശശീന്ദ്രൻ രാജി വെച്ച ഒഴിവിൽ ആണ് ഡോക്ടർ കെ എസ് അനിലിനെ നിയമിച്ചത്.

കലാമണ്ഡലത്തിൽ മോ​ഹിനിയാട്ടത്തിന് ഇനി ആൺകുട്ടികൾക്കും പ്രവേശനം ലഭിക്കും. ഇന്നു ചേർന്ന ഭരണ സമിതി യോഗത്തിൽ ലിംഗ ഭേദമെന്യേ എല്ലാവർക്കും പ്രവേശനം നൽകുമെന്ന് ഭരണസമിതി അറിയിച്ചു. കഥകളിയിൽ വനിതകൾക്ക് പ്രവേശനം നടപ്പാക്കിയ കലാമണ്ഡലം പക്ഷെ മോഹിനിയാട്ടത്തിന് ആൺകുട്ടികൾക്ക് പ്രവേശനം കൊടുത്തിരുന്നില്ല.

പൂക്കോട് വെറ്ററിനറി സര്‍വകലാശാല ക്യാമ്പസിലെ 13 വിദ്യാര്‍ത്ഥികള്‍ക്കെതിരായ സസ്പെൻഷൻ നടപടി റദ്ദാക്കി. കേസില്‍ ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ വന്നതിന് പിന്നാലെയാണ് സസ്പെഷൻ റദാക്കിയത്. സംഭവത്തിൽ 13 പേർ കുറ്റക്കാരെന്ന് പൂക്കോട് സര്‍വകലാശാലയിലെ റാഗിങ് വിരുദ്ധ സമിതി കണ്ടെത്തിയതിന്പിന്നാലെ 13 പേരെയും സസ്പെൻഡ് ചെയ്യുകയായിരുന്നു.

തോമസ് ഐസക്കിന് വീണ്ടും ഇഡി സമൻസ്. മസാല ബോണ്ടുമായി ബന്ധപ്പെട്ട കേസിൽ ഏപ്രിൽ 2ന് തോമസ് ഐസക്കിനോട് ഹാജരാകണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പുമായി പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്ന തന്നെ മനപ്പൂർവ്വം ഈ ഡി ബുദ്ധിമുട്ടിക്കുകയാണെന്ന് തോമസ് ഐസക് പ്രതികരിച്ചു.

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ അമേരിക്ക നടത്തിയ പ്രസ്താവന അനാവശ്യമാണെന്ന അഭിപ്രായം പ്രകടിപ്പിച്ച് ഇന്ത്യ. രാജ്യത്തെ ആഭ്യന്തര വിഷയങ്ങളില്‍ മറ്റു രാജ്യങ്ങൾ ഇടപെടുന്നത് അംഗീകരിക്കാനാവില്ല. ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറിയാണ് എന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

ഇഡിയെയും ബിജെപിയെയും വിമർശിച്ച് എം വി ഗോവിന്ദൻ. ഇഡി ബിജെപിക്കായി കൂലിപ്പണിയെടുക്കുകയാണ്. കേന്ദ്ര ഏജൻസികളെ പണമുണ്ടാക്കാൻ ഉപയോഗിക്കുകയാണെന്നും ഇതൊന്നും കേരളത്തിൽ വിലപ്പോകില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. മുഖ്യമന്ത്രിയെയും സർക്കാരിനെയും പാർട്ടിയെയും അപഹസിക്കാനുള്ള നീക്കമാണ് ഇടഡി ഇപ്പോൾ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

രാഹുല്‍ ഗാന്ധി അടുത്ത മാസം വയനാട്ടിലെത്തും. ലോക്സഭാ തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ കൂടിയാണ് അദ്ദേഹം വരുന്നത്. രാഹുൽ ഗാന്ധി വരുന്നതുമായി ബന്ധപ്പെട്ട് വയനാട്ടില്‍ റോഡ് ഷോ സംഘടിപ്പിക്കും. ഏപ്രില്‍ രണ്ടിന് വയനാട്ടിലെത്തുന്ന രാഹുല്‍ ഗാന്ധി മൂന്നാം തിയതി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമെന്നാണ് സൂചന.

കിഫ്ബി മസാല ബോണ്ട് വഴി സമാഹരിച്ച 2150 കോടി രൂപ തിരിച്ചടച്ചു. മസാല ബോണ്ടിന്റെ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് പണം തിരിച്ചടച്ചത്. മസാല ബോണ്ടിൽ ക്രമക്കേട് ആരോപിച്ച് തോമസ് ഐസകിനെതിരെ ഇഡി കേസ് പുരോഗമിക്കുന്നതിനിടെയാണ് കിഫ്‌ബി തുക മുഴുവനായി തിരിച്ചടച്ചത്.

സമ്മർ ബമ്പർ ഒന്നാം സമ്മാനം കണ്ണൂർ പരപ്പ സ്വദേശി നാസറിന്. ആലക്കോട് രാജരാജേശ്വരി ലോട്ടറി ഏജൻസിയിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനo 10 കോടി ലഭിച്ചത്. ഉച്ചയ്ക്ക് 2ന് തിരുവനന്തപുരത്തെ ഗോർഖി ഭവനിലാണു നറുക്കെടുപ്പ് നടന്നത്. രണ്ടാം സമ്മാനമായ 50 ലക്ഷം SA 177547 എന്ന നമ്പറിനും ലഭിച്ചു. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ ഫലം ലഭ്യമാകും.

കെകെ ശൈലജയെ അപകീ‍ർത്തിപ്പെടുത്തുന്ന വിധത്തിൽ പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച് യുഡിഎഫിനെതിരെ എൽഡിഎഫ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി . യുഡിഎഫ് സ്ഥാനാർത്ഥിയുടെ അറിവോടെയാണ് എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജക്ക് നേരെയുള്ള അധിക്ഷേപമെന്ന് എൽഡിഎഫ് ആരോപണം.ഇടത് സ്ഥാനാർത്ഥിയുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും മോർഫ് ചെയ്ത ചിത്രങ്ങൾ അടക്കം വ്യാജ പ്രചാരണത്തിന് ഉപയോഗിക്കുന്നുവെന്ന് പരാതിയിൽ ആരോപിച്ചിട്ടുണ്ട്.

കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എംഎം കൃഷ്ണനുണ്ണി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു. പ്രകാശ് ജാവദേക്കര്‍ നേതാക്കളെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പത്മജ വേണുഗോപാലിന് പിന്നാലെയാണ് കൂടുതല്‍ നേതാക്കള്‍ ബിജെപിയിലേക്ക് എത്തുന്നത്.

വയനാട് ചെന്നായ്ക്കവലയില്‍ മരങ്ങള്‍ മുറിച്ചു കടത്തിയ കേസില്‍ ആറുപ്രതികളും ഒളിവില്‍. മുന്‍കൂര്‍ ജാമ്യംതേടി ഇവര്‍ കോടതിയെ സമീപിച്ചുണ്ടെന്നാണ് വിവരം. ഫെബ്രുവരിയില്‍ 20 മരങ്ങള്‍ മുറിക്കാനാണ് വനംവകുപ്പ് അനുമതി നല്‍കി, എന്നാൽ30 മരത്തിലധികം വെട്ടിയെന്നാണ് വനം വകുപ്പിന്റെ കണ്ടെത്തൽ.

കോൺഗ്രസുകാർ രാജ്യംവിട്ട് പാകിസ്ഥാനിൽ പോകുന്നതാണ് നല്ലതെന്ന് അനിൽ ആന്‍റണി.നരേന്ദ്രമോദി പ്രചാരണത്തിന് എത്തിയ മണ്ഡലത്തിൽ ഇനി ആര് വന്നിട്ടും കാര്യമില്ലെന്നും, രാജ്യദ്രോഹിയായ ആന്‍റോ ആന്‍റണിക്ക് വേണ്ടി പത്തനംതിട്ടയിൽ വോട്ട് തേടാൻ എ.കെ. ആന്‍റണി വരില്ലെന്നാണ് കരുതുന്നത് എന്നും എൻഡിഎ സ്ഥാനാർഥി അനിൽ ആന്റണി പ്രതികരിച്ചു .

പൊലീസ് ലാത്തിച്ചാർജിൽ ഗുരുതരമായി പരിക്കേറ്റ ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി മേഘ രഞ്ജിത്ത് കേരള ഹൈക്കോടതിയെ സമീപിച്ചു. തനിക്കേറ്റ പരിക്കിന് നഷ്ടപരിഹാരമായി 50 ലക്ഷം രൂപ ആവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് നേതാവ് കൂടിയായ മേഘ ഹൈക്കോടതിയിൽ ഹര്‍ജി സമര്‍പ്പിച്ചത്.

സംസ്ഥാനത്ത് ഇന്നലത്തെ വൈദ്യുതി ഉപയോഗം 103.86 ദശലക്ഷം യൂണിറ്റാണെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ വൈകുന്നേരം 6 മുതല്‍ 11 വരെയുള്ള വൈദ്യുതി ആവശ്യകത 5301 മെഗാവാട്ട് ആണ്. പുറത്ത് നിന്ന് 90.16 ദശലക്ഷം യൂണിറ്റ് വൈദ്യുതി വാങ്ങാനായി 767 കോടിരൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു എന്നും കെഎസ്ഇബി അറിയിച്ചു .

അപകീർത്തി കേസിൽ എം.വി.ഗോവിന്ദൻ ജൂലൈ 2 ന് കോടതിയിൽ ഹാജരാകാൻ നിർദ്ദേശം.ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ഗോപാലകൃഷ്ണൻ നൽകിയ പരാതിയിൽ തൃശൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നിർദ്ദേശം. ബി.ഗോപാലകൃഷ്ണൻ ഭരണഘടന അംഗീകരിക്കുന്നില്ലെന്നും മനുസ്മൃതിയെയാണ് അംഗീകരിക്കുന്നത് എന്നുമുള്ള ഗോവിന്ദന്റെ പ്രസംഗത്തിനെതിരെയാണ് കേസ്.

നരേന്ദ്രമോദിയുടെ ഭരണത്തിൽ അഴിമതി കാട്ടിയവർ കണക്ക് പറയേണ്ടി വരുമെന്നും,മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്നും കേന്ദ്രമന്ത്രി വി. മുരളീധരൻ.  മാസപ്പടിക്കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റർ ചെയ്ത വാർത്തയിൽ പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

കൊൽക്കത്ത വിമാനത്തവളത്തിൽ എയർ ഇന്ത്യ വിമാനം റൺവേയിൽ പ്രവേശിക്കാൻ അനുമതി കാത്തുനിൽക്കുമ്പോൾ, ഇൻഡിഗോ വിമാനം ചിറകിൽ ഇടിച്ചു. സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാ​ഗമായി ഇൻഡിഗോ വിമാനത്തിന്റെ പൈലറ്റുമാരെ ഏവിയേഷൻ റെഗുലേറ്റർ ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കി.

പഞ്ചാബിലെ ആം ആദ്മി പാർട്ടി എംപിയും എംഎൽഎയും ബിജെപിയിൽ ചേര്‍ന്നു. ജലന്ദർ എംപി സുശീൽ കുമാർ റിങ്കു, ജലന്ദർ വെസ്റ്റ് എംഎൽഎ ശീതൾ അൻഗൂറൽ എന്നിവരാണ് ബിജെപിയിൽ ചേർന്നത്. ഇത് ആം ആദ്മി പാർട്ടിക്ക് വലിയ തിരിച്ചടിയാണ്.

അരവിന്ദ് കെജ്രിവാളിനെ ഉടൻ വിട്ടയക്കണമെന്ന ആവശ്യത്തില്‍ ദില്ലി ഹൈക്കോടതി തീരുമാനമെടുത്തില്ല. ഹര്‍ജിയില്‍ മറുപടി നല്‍കാൻ സമയം അനുവദിക്കണമെന്ന് ഇഡി കോടതിയില്‍ ആവശ്യപ്പെട്ടു.  ഉപഹര്‍ജിയില്‍ വിശദീകരണം തേടി ഇഡിക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ഇഡിക്ക് മറുപടി നല്‍കാൻ ഏപ്രില്‍ രണ്ടുവരെ സമയവും കോടതി അനുവദിച്ചു.

ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരേ, മുംബൈ ഇന്ത്യൻസ് ബോളിങ് തിരഞ്ഞെടുത്തു. രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. രണ്ട് ടീമുകളും സീസണിലെ ആദ്യത്തെ വിജയം ലക്ഷ്യമിട്ടാണ് കളിക്കാനിറങ്ങുന്നത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *