Untitled design 20250112 193040 0000

 

സിഎംആർഎൽ കേസില്‍ ദില്ലി ഹൈക്കോടതി വീണ്ടും വാദം കേൾക്കും.നേരത്തെ കേസിൽ വാദം കേട്ട ജസ്റ്റിസ് സി ഡി സിംഗ് സ്ഥലംമാറി പോയതോടെയാണ് നടപടി  SFIO അന്വേഷണത്തിനെതിരെ CMRL സമര്‍പ്പിച്ച ഹർജിയിലാണ് വീണ്ടും വാദം കേള്‍ക്കുന്നത്.ജസ്റ്റിസ് ഗിരീഷ് കത്പാലിയുടെ ബെഞ്ചാണ് കേസിൽ  വാദം കേൾക്കുക.കേസ് വീണ്ടു വാദം കേൾക്കാൻ ജൂലൈയിലേക്ക് മാറ്റി.അതുവരെ തുടർനടപടികൾ സ്റ്റേ ചെയ്യണമെന്ന് CMRL ആവശ്യം തള്ളി.ഇതോടെ SFIO ക്ക്  തുടർനടപടികൾ സ്വീകരിക്കാം.

 

മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണ വിജയനെ പ്രതിചേർത്ത് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിൻ്റെ കുറ്റപത്രം. എക്സാലോജിക്കും ശശിധരൻ കർത്തയും സിഎംആർഎല്ലും സഹോദര സ്ഥാപനവും പ്രതികളാണ്. സേവനമൊന്നും നൽകാതെ വീണ വിജയൻ 2.70 കോടി കൈപ്പറ്റിയെന്നാണ് കണ്ടെത്തൽ. പ്രോസിക്യൂഷൻ നടപടികൾക്ക് കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അനുമതി നൽകി.

മാസപ്പടി കേസിൽ വീണ വിജയനെ പ്രതിചേർത്ത് എസ്എഫ്ഐഒ കൊച്ചിയിലെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ, മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായി കോൺഗ്രസിൻ്റെയും ബിജെപിയുടെയും നേതാക്കൾ. തെളിവുകളെ അതിജീവിക്കാന്‍ മുഖ്യമന്ത്രിക്കോ മകള്‍ക്കോ സാധിക്കില്ലെന്നും പണം വാങ്ങിയവര്‍ അതിന്റെ ഭവിഷ്യത്ത് അനുഭവിച്ചേ തീരൂവെന്നും പലനാള്‍ കട്ടാല്‍ ഒരു നാള്‍ പിടിക്കപ്പെടുമെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പ്രതികരിച്ചു.

 

മാസപ്പടി കേസില്‍ വീണാ വിജയന്‍ പ്രതിപ്പട്ടികയില്‍ വന്ന സാഹചര്യത്തില്‍ ഇനി മുഖ്യമന്ത്രിക്ക് ഒരു നിമിഷം പോലും തല്‍സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്നും ഉടനടി രാജി വെക്കണമെന്നും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പത്തു വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മകളെന്ന നിലയില്‍ പ്രതിമാസം ലഭിച്ച മാസപ്പടിയാണിതെന്ന കാര്യം വളരെ വ്യക്തമാണ് എന്നും അദ്ദേഹം പറഞ്ഞു.

 

മാസപ്പടി കേസിൽ എസ്‌ഫ്ഐഒ വീണ വിജയനെ പ്രതി ചേർത്ത സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ ആവശ്യപ്പെട്ടു. പിണറായി വിജയന്‍റെ രാജി ആവശ്യപ്പെട്ട് ബിജെപി എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കോലം കത്തിച്ചു പ്രതിഷേധം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

 

മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരായ കുറ്റപത്രവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാർത്തയോട് പ്രതികരിച്ച് സിപിഎം നേതാക്കൾ.ഇന്ത്യയിലെ പ്രതിപക്ഷത്തിന്റെ പരിച്ഛേദമാണ് കേരള മുഖ്യമന്ത്രിയും തമിഴ്നാട് മുഖ്യമന്ത്രിയുമെന്ന് എംഎ ബേബി പറഞ്ഞു.കേസിൽ പാർട്ടിക്ക് ഒരു പ്രശ്നവുമില്ലെന്ന് പറഞ്ഞ എംവി ഗോവിന്ദൻ, പാർടിക്ക് എതിരായി മാറ്റുമ്പോൾ രാഷ്ട്രീയമായി നേരിടുമെന്നും അത് നേരത്തെയെടുത്ത നിലപാടാണെന്നും പറ‌ഞ്ഞു.സിഎംആർഎല്ലിന് എവിടെയെങ്കിലും പരാതിയുണ്ടോയെന്നായിരുന്നു എകെ ബാലൻ്റെ ചോദ്യം.ഉള്ളി തോല് പൊളിച്ചത് പോലെയാകും കേസെന്നും എ കെ ബാലൻ പറഞ്ഞു.

 

വഖഫ് ബില്ലിലൂടെ മുനമ്പം വിഷയം പരിഹരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമായതോടെ ബി ജെ പി കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നെന്ന് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍ എം പി. സംസ്ഥാന സര്‍ക്കാര്‍ വിചാരിച്ചാല്‍ പരിഹരിക്കാവുന്ന മുനമ്പം വിഷയത്തില്‍നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒളിച്ചോടുകയും ബി ജെ പിയുടെ പ്രഭാരിയായി അദ്ദേഹം മാറുകയും ചെയ്തെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.

 

ആശ പ്രവർത്തകരുടെ സമരവുമായി ബന്ധപ്പെട്ട് നടത്തിയ ചർച്ചയിൽ ട്രേഡ് യൂണിയനുകളുമായി വിശദമായ ചർച്ച നടത്തിയെന്ന് ആരോ​ഗ്യ മന്ത്രി വീണ ജോർജ്. സംഘടനകൾ ഉന്നയിച്ച വിവിധ വിഷയങ്ങളിൽ സർക്കാരിന് അനുകൂല നിലപാടാണുള്ളത്. കുടിശിക തീർക്കുകയും ഓണറേറിയം മാനദണ്ഡങ്ങൾ പരിഷ്കരിക്കുകയും ചെയ്തു. കമ്മിറ്റിയെ രൂപീകരിക്കാമെന്ന നിർദ്ദേശമാണ് സർക്കാർ മുന്നോട്ട് വച്ചതെന്നും ആരോ​ഗ്യമന്ത്രി പറഞ്ഞു.

 

ആശ പ്രവർത്തകരുടെ സമരം തീർക്കാൻ മന്ത്രി തലത്തിൽ ഇന്ന് നടത്തിയ ചർച്ചയിൽ സമവായമായില്ല. ഈ സാഹചര്യത്തിൽ ആശാ വർക്കർമാരുമായി ചർച്ച നാളെയും തുടരും. വേതനം പരിഷ്‌കരിക്കുന്നതിനെ കമ്മീഷനെ വെക്കുന്നതടക്കം സംസ്ഥാന സർക്കാർ ആലോചിക്കുന്നുണ്ട്. ഇക്കാര്യത്തിലടക്കം ട്രേ‍ഡ് യൂണിയനുകളുടെ സമവായം ഉണ്ടാക്കാനാണ് ശ്രമം. ഇന്ന് നടന്ന ചർച്ചയിൽ ധനമന്ത്രിയും ഓൺലൈനായി പങ്കെടുത്തെങ്കിലും രണ്ട് മിനിറ്റ് നേരം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് സമര സമിതി നേതാവ് ബിന്ദു പ്രതികരിച്ചു.

 

എസ്എസ്എല്‍സി, ഹയർ സെക്കണ്ടറി പരീക്ഷാ മൂല്യനിർണയ പ്രവർത്തനങ്ങൾ തകൃതിയായി മുന്നേറുകയാണെന്ന്  വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മൂല്യനിർണയം സമയബന്ധിതമായി നടത്താനുള്ള എല്ലാ സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

കടയ്ക്കൽ ക്ഷേത്രത്തിൽ വിപ്ലവ ഗാനം ആലപിച്ച സംഭവത്തിൽ ഗായകൻ അലോഷിയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനിൽ കുമാറിൻ്റെ പരാതിയിലാണ് കടയ്ക്കൽ പൊലീസ് കേസെടുത്തത്. ക്ഷേത്രോപദേശക സമിതിയിലെ രണ്ട് പേരും കേസിൽ പ്രതികളാണ്.

ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ജാതി വിവേചനം നേരിട്ട കഴകം പ്രവർത്തിക്കാരൻ ബാലുവിൻ്റെ രാജി ദേവസ്വം സ്വീകരിച്ചു. ഇന്ന് ചേർന്ന യോഗത്തിലാണ് ദേവസ്വം ഭരണ സമിതിയുടെ തീരുമാനം. ബാലു രാജിവെച്ച ഒഴിവ്  കേരള റിക്രൂട്ട്മെൻറ് ബോർഡിന് ഉടൻ റിപ്പോർട്ട് ചെയ്യും.

 

മധ്യപ്രദേശിലെ ജബൽപൂരിൽ ക്രിസ്ത്യാനികൾക്കു നേരെ ഉണ്ടായ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തീർത്ഥാടനം നടത്തുകയായിരുന്ന കുട്ടികളും സ്ത്രീകളും ഉൾപ്പെടുന്ന ആദിവാസികളുടെ സംഘത്തെ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയതും, അവരെ സഹായിക്കാനായി എത്തിയ മലയാളി വൈദികരെ പോലീസുകാരുടെ സാന്നിധ്യത്തിൽ മർദ്ദിച്ചതും അത്യന്തം ഹീനമെന്നും അദ്ദേഹം വിമർശിച്ചു.

 

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് എത്തി. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി. 15 മിനിറ്റോളം കൂടിക്കാഴ്ച നീണ്ടു. രാഷ്ട്രീയ സന്ദർശനം അല്ലെന്നും സംസ്ഥാന പ്രസിഡന്റ് എന്ന ചുമതലയ്ക്ക് പിന്തുണ തേടിയാണ് എത്തിയതെന്നും സന്ദർശനത്തിനുശേഷം രാജിവ് ചന്ദ്രശേഖർ പറഞ്ഞു.

ചലച്ചിത്ര മേഖല സ്ത്രീ സുരക്ഷിതവും സ്ത്രീ സൗഹൃദവുമാകണമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ക്യാമറയ്ക്ക് മുന്നിലും പുറകിലും കൂടുതല്‍ സ്ത്രീകള്‍ എത്തണം. പോഷ് ആക്ട് 2013ന്റേയും ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റേയും വെളിച്ചത്തില്‍ ഒരു സിനിമ രൂപപ്പെടുമ്പോള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിയെടുക്കുന്ന എല്ലാവര്‍ക്കും സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം ഉറപ്പ് വരുത്തേണ്ടതുണ്ട് എന്നും മന്ത്രി അഭിപ്രായപ്പെട്ടു.

 

കുട്ടനല്ലൂരിൽ പ്രവർത്തിക്കുന്ന ഹൈലൈറ്റ് മാളിൽ പാർക്കിംഗ് ഫീസ് ഈടാക്കുന്നത് മേയർ എം.കെ വർഗീസെത്തി തട‌ഞ്ഞു. പരാതി ലഭിച്ചതിനെ തുടർന്നാണ് മേയറും കോർപറേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തിയത്. മാളിൽ നിയമം ലംഘിച്ച പണം വാങ്ങി പാർക്കിംഗ് നടത്തുന്നതായി കണ്ടെത്തിയതിന് പിന്നാലെ പാർക്കിങ് ഫീസ് പിരിക്കാൻ ആകില്ലെന്ന് മേയർ മാൾ അധികൃതരോട് വ്യക്തമാക്കിയത്.

 

തിരുവനന്തപുരത്തെ ഐബി ഉദ്യോ​ഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷിക്കുന്ന സുകാന്തിന്റെ ജാമ്യാപേക്ഷയിലെ വാദങ്ങൾ തള്ളി യുവതിയുടെ കുടുംബം. സുകാന്തിന്റെ മാതാപിതാക്കൾ വിവാഹാലോചനയുമായി വീട്ടിൽ വന്നിട്ടില്ലെന്നും വിവാഹാലോചനയിൽ നിന്ന് ഒഴിഞ്ഞുമാറാനാണ് സുകാന്തും കുടുംബവും ശ്രമിച്ചതെന്നും കുടുംബം വ്യക്തമാക്കുന്നു. ഗർഭഛിദ്രം നടത്തിയതായി പൊലീസിൽ നിന്ന് അറിഞ്ഞു. പോലീസ് അന്വേഷണം നല്ല രീതിയിൽ നടക്കുന്നുണ്ടെന്നും കുടുംബം പ്രതികരിച്ചു.

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചു. ആലപ്പുഴ കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളിയുടെ വസതിയിൽ വെച്ചായിരുന്നു കുടിക്കാഴ്ച. ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി, ബിജെപി നേതാക്കളായ പി.കെ കൃഷ്ണദാസ്, എസ് സുരേഷ്, വെള്ളിയാകുളം പരമേശ്വരൻ എന്നിവരും എത്തിയിരുന്നു.

വഖഫ് ഭേദഗതി ബിൽ ലോക്സഭയിൽ പാസായെങ്കിലും മുനമ്പത്തെ ഭൂമി പ്രശ്നത്തിൽ പരിഹാരം നീളും. ഭൂമി കൈമാറിയത് ട്രസ്റ്റിയാണെങ്കിൽ വഖഫ് നിയമം ബാധകമല്ലെന്ന ഭേദഗതി മുനമ്പത്ത് പ്രായോഗികമാണോ എന്നതിലാണ് തർക്കങ്ങൾ ഉയരുന്നത്. മുനമ്പത്തെ കുടുംബങ്ങൾക്ക് ഭൂമി കൈമാറിയ ഫാറൂഖ് കോളേജ് ട്രസ്റ്റല്ലെന്ന് ചൂണ്ടിക്കാട്ടി വഖഫ് ബോർഡ് നിലപാട് കടുപ്പിച്ചാൽ വഖഫ് ട്രൈബ്യൂണലിലേക്ക് വീണ്ടും നിയമ നടപടി തുടരും.

 

ഒരു മതവിഭാഗത്തിന്‍റെ അവകാശങ്ങള്‍ ഹനിക്കുന്നതിനും അവരെ ദ്രോഹിക്കുന്നതിനും വേണ്ടിയുള്ള സംഘ്പരിവാര്‍ അജണ്ടയുടെ ഭാഗമാണ് വഖഫ് ബില്‍ ഭേദഗതിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇപ്പോള്‍ പാസാക്കുന്ന വഖഫ് ബില്‍ എങ്ങനെയാണ് മുനമ്പത്തെ ജനങ്ങളെ സഹായിക്കുന്നതെന്നു കൂടി ഈ പ്രചാരണം നടത്തുന്നവര്‍ വ്യക്തമാക്കണമെന്ന് വി ഡി സതീശൻ ആവശ്യപ്പെട്ടു.

 

 

കാറിലും ശരീരത്തിലെ സ്വകാര്യ ഭാഗത്തും ഒളിപ്പിച്ച് എംഡിഎംഎ കടത്തിയ കേസിൽ മുഖ്യപ്രതി അനില രവീന്ദ്രൻ്റെ കൂട്ടാളി അറസ്റ്റിൽ. കിളികൊല്ലൂർ സ്വദേശി ശരബിനാണ് ശക്തികുളങ്ങര പൊലീസിൻ്റെ പിടിയിലായത്. ബെംഗളൂരുവിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്ന് പിടികൂടുകയായിരുന്നു. നഗരത്തിൽ വിദ്യാർത്ഥികളെയും യുവാക്കളെയും കേന്ദ്രീകരിച്ച് ലഹരി മരുന്ന് വിൽപന നടത്തുന്നയാളാണ് പ്രതി.

 

കോഴിക്കോട് സാമൂതിരി കെ സി ഉണ്ണിയനുജൻ രാജ (100) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട്ടെ  സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്ന് വൈകിട്ടോടെയാണ് അന്ത്യം സംഭവിച്ചത്.

 

എറണാകുളം വാഴക്കുളത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയിക്കിയ മധ്യവയസ്കന്‍ അറസ്റ്റില്‍. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന കാര്യം വീട്ടുകാര്‍ അറിഞ്ഞത്. വാഴക്കുളം ചെമ്പറക്കി സ്വദേശി രാജൻ എന്ന 55 കാരനെയാണ് തടിയിട്ടപറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.

 

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറു വിദ്യാര്‍ത്ഥികളുടേയും ജാമ്യാപേക്ഷ വിധി പറയാനായി ഈ മാസം എട്ടിലേക്ക് മാറ്റി. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറയുക. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഇപ്പോള്‍ കുട്ടികള്‍ക്ക് ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

 

മികച്ച അക്കാദമിക പശ്ചാത്തലം മാത്രമല്ല ഉന്നതപദവിയിലേക്കുള്ള മാനദണ്ഡമെന്ന് സംസ്ഥാനസർക്കാർ സുപ്രീംകോടതിയിൽ. ചീഫ് സെക്രട്ടറി ഗ്രേഡിലേക്ക് സ്ഥാന കയറ്റം നൽകാത്തത് ചോദ്യം ചെയ്ത് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ രാജു നാരായണ സ്വാമി നൽകിയ ഹർജിയിലെ വാദത്തിനിടെയാണ് സംസ്ഥാന സർക്കാരിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ ഇക്കാര്യം വ്യക്തമാക്കിയത്.

 

വഖഫ് നിയമ ഭേദഗതി ബിൽ ‘ഉമീദ്’ ബിൽ എന്ന പേരിൽ അറിയപ്പെടുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു. യൂനിഫൈഡ് വഖഫ് മാനേജ്മെന്റ് എംപവർമെന്റ് എഫിഷ്യൻസി ആന്റ് ഡെവലപ്മെന്റ് ബിൽ എന്നുള്ളതിന്റെ ചുരുക്ക രൂപമാണ് ഉമീദ്. പ്രതീക്ഷ എന്നാണ് വാക്കിന്റെ നേരിട്ടുള്ള അർത്ഥം.

 

മലയാളി വൈദികർക്ക് ജബൽപൂരിൽ മർദനമേറ്റ സംഭവം ലോക്സഭയിൽ ഉന്നയിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി. ന്യൂനപക്ഷങ്ങൾക്കെതിരെ നടന്നത് ക്രൂരമായ ആക്രമണമാണെന്നും വിശ്വാസികളുടെയും വൈദികരുടെയും ഭരണഘടനാവകാശങ്ങൾ ലംഘിക്കപ്പെട്ടു എന്നും കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. നിയമപാലനത്തിലും മത സ്വാതന്ത്ര്യത്തിലും ആശങ്ക ഉയർത്തുന്ന സംഭവമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി ചൂണ്ടിക്കാട്ടി.

 

വഖഫ് ഭേദഗതി ബില്ലിൻ മേൽ രാജ്യസഭയിൽ നടന്ന ചർച്ചയിൽ കേന്ദ്ര സർക്കാരിനും ബി ജെ പിക്കുമെതിരെ ആഞ്ഞടിച്ച് സി പി എം എം.പി ജോൺ ബ്രിട്ടാസ്. വഖഫിനെ പറ്റി കേന്ദ്രമന്ത്രി കിരൺ റിജിജുവിന് എ ബി സി ഡി അറിയില്ലെന്ന് പറഞ്ഞു തുടങ്ങിയ ജോൺ ബ്രിട്ടാസ് പിന്നീട് രൂക്ഷമായ വിമർശനങ്ങളാണ് അയിച്ചുവിട്ടത്. വഖഫ് ബോർഡിൽ നിന്നും മുസ്ലീങ്ങളെ ഇല്ലാതാക്കാനാണ് ശ്രമമെന്നും ബ്രിട്ടാസ് പറഞ്ഞു.

 

വഖഫ് ഭേദഗതി ബില്ലിൻ മേൽ നടന്ന ചർച്ചക്കിടെ രാജ്യസഭയിൽ ജോൺ ബ്രിട്ടാസും സുരേഷ് ഗോപിയും തമ്മിൽ നേർക്കുനേർ പോര്. ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കവെ കേന്ദ്ര സർക്കാരിനും ബി ജെ പിക്കുമെതിരെ രൂക്ഷ വിമർശനമാണ് സി പി എം എം.പി ജോൺ ബ്രിട്ടാസ് ഉയർത്തിയത്. വഖഫ് ഭേദഗതിക്കെതിരെ ആഞ്ഞടിച്ച ബ്രിട്ടാസ്, ബി ജെ പി ബഞ്ചിൽ എംപുരാനിലെ മുന്നയുണ്ടെന്നതടക്കമുള്ള വിമർശനം ഉയർത്തി. തൃശൂരിന് ഒരു തെറ്റ് പറ്റിയെന്നും അധികം വൈകാതെ കേരളം ആ തെറ്റ് തിരുത്തുമെന്നും ബ്രിട്ടാസ് പറഞ്ഞുവച്ചു.

 

രാജ്യസഭയിൽ വഖഫ് ബില്ലിൽ ചര്‍ച്ചകള്‍ തുടരുമ്പോൾ പ്രതിപക്ഷ വിമര്‍ശനങ്ങൾക്ക് മറുപടിയുമായി കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദ. പ്രതിപക്ഷം പ്രചരിപ്പിക്കുന്നത് തെറ്റായ കാര്യങ്ങളാണ്. എല്ലാ ജനാധിപത്യ നടപടികളും പാലിച്ചാണ് ബിൽ കൊണ്ടുവന്നത്. മോദി സർക്കാർ ജനാധിപത്യ രീതിയിലാണ് പ്രവർത്തിക്കുന്നത്. ബില്ലിനെ കുറച്ച് പ്രതിപക്ഷം പറഞ്ഞു നടക്കുന്നത് എല്ലാം വ്യാജമാണെന്നും ബില്ലിനെതിരെ കാര്യമായി ഒന്നും പ്രതിപക്ഷത്തിന് പറയാനില്ലെന്നും കെ പി നദ്ദ രാജ്യസഭയില്‍ പറഞ്ഞു.

 

25,000ത്തിലധികം അധ്യാപകരുടെയും അനധ്യാപക ജീവനക്കാരുടെയും നിയമനം റദ്ദാക്കിയ കൽക്കട്ട ഹൈക്കോടതി ഉത്തരവ് ശരിവച്ച് സുപ്രീം കോടതി. കോടതി ഉത്തരവ് പശ്ചിമ ബംഗാളിലെ മമത ബാനർജി സർക്കാരിന് കനത്ത തിരിച്ചടിയായി. നിയമന തട്ടിപ്പ് നടന്നെന്നും നിയമനത്തിലെ വിശ്വാസ്യത ഇല്ലാതായെന്നും കോടതി വിമർശിച്ചു. ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ ഒരു കാരണവും കാണുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് പി വി സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *