കേന്ദ്ര തൊഴിൽ നിയമങ്ങൾ പ്രകാരം സ്‌കീം തൊഴിലാളികൾക്ക് പൂർണ്ണ തൊഴിലാളി പദവി നൽകണമെന്ന് കേരള മന്ത്രി വി. ശിവൻകുട്ടി കേന്ദ്ര തൊഴിൽ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയോട് ആവശ്യപ്പെട്ടു. കേന്ദ്ര മന്ത്രിയെ അഭിസംബോധന ചെയ്ത കത്തിൽ, അംഗൻവാടി തൊഴിലാളികൾ, ആശാ തൊഴിലാളികൾ, ഉച്ചഭക്ഷണ തൊഴിലാളികൾ, മറ്റ് സ്‌കീം അധിഷ്ഠിത തൊഴിലാളികൾ എന്നിവർക്ക് അർഹമായ അവകാശങ്ങൾ നൽകേണ്ടതിന്റെ ആവശ്യകത മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.
ആശാവര്‍ക്കര്‍മാരുടെ സമരത്തോടെ സംസ്ഥാന സര്‍ക്കാര്‍ അനുഭാവം കാണിക്കണമെന്നും അവരുടെ പ്രശ്നം വേഗത്തിൽ പരിഹരിക്കാനുള്ള നടപടിയാണ് സ്വീകരിക്കേണ്ടതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. ആശമാര്‍ക്ക് കുറഞ്ഞ പണമാണ് നൽകേണ്ടത്. അവരുടെ ആവശ്യങ്ങളിൽ സംസ്ഥാന സര്‍ക്കാര്‍ ഉചിതമായ നടപടിയെടുത്ത് പ്രശ്നം അടിയന്തരമായി പരിഹരിക്കുകയാണ് വേണ്ടതെന്ന് നൽകിയ അഭിമുഖത്തിൽ രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.
സാമ്പത്തിക ഞെരുക്കത്തിന്റെ പേരിലാണ് ആശാ വര്‍ക്കര്‍മാരുടെയും അങ്കണവാടി ജീവനക്കാരുടെയും ഓണറേറിയം കൂട്ടാന്‍ സര്‍ക്കാര്‍ വിസമ്മതിക്കുന്നതെങ്കില്‍ അത്രയും തുക കണ്ടെത്താനുള്ള വഴികള്‍ താന്‍ നിര്‍ദേശിക്കാമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഏപ്രില്‍ മെയ് മാസങ്ങളിൽ നടത്താനിരിക്കുന്ന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷ ആര്‍ഭാട പരിപാടികള്‍ ഉപേക്ഷിക്കുകയോ വെട്ടിച്ചുരുക്കുകയോ ചെയ്താല്‍ ഇവര്‍ക്ക് നല്കാനുള്ള പണം അനായാസം ലഭിക്കും എന്നും അദ്ദേഹം വ്യക്തമാക്കി .
പ്രധാന പ്ലാന്‍ മിഷൻ 2026 തന്നെയാണ് പുതിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖർ. കേരളത്തിന്റെ ധനസ്ഥിതി ദുർബലമാണ്. മാറ്റം കൊണ്ടുവരാൻ കഴിയുന്നത് എന്‍ഡിഎയ്ക്ക് മാത്രമാണെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എല്ലാ മാറ്റവും ഒരു വർഷത്തിനുള്ളിൽ കൊണ്ടുവരാനാണ് ആഗ്രഹം. റിസ്ക് എടുക്കാൻ പേടി ഉള്ള ആളല്ല താനെന്നും തിരുവനന്തപുരത്ത് മത്സരിച്ചപ്പോഴും റിസ്ക് നോക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാർഷിക പരീക്ഷ അവസാനിക്കുന്ന ദിവസം സ്‌കൂളുകളിൽ സംഘർഷം ഉണ്ടാകുന്ന തരത്തിൽ ആഘോഷപരിപാടികൾ പാടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി നിർദേശം നൽകി. ഇക്കാര്യത്തിൽ അധ്യാപകരുടെ പ്രത്യേക ശ്രദ്ധ വേണം. സ്കൂൾ കോമ്പൗണ്ടിൽ വാഹനങ്ങളിലുള്ള പ്രകടനവും അനുവദിക്കരുത്. ആവശ്യമെങ്കിൽ പൊലീസിന്റെ സാന്നിധ്യം ഉറപ്പുവരുത്തണം. വിദ്യാഭ്യാസ ഓഫീസർമാരുടെ മേഖലാ യോഗങ്ങളിൽ ആണ് മന്ത്രി നിർദേശം നൽകിയത്.
ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് ഉപയോഗവും വിൽപനയും സംശയിച്ച് 2997 പേരെ പരിശോധിച്ചു. വിവിധ തരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 194 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 204 പേരാണ് അറസ്റ്റിലായത്.
താനൂരിൽ ലഹരി കേസിൽ പൊലീസ് പിടികൂടിയ താമിര്‍ ജിഫ്രി എന്ന യുവാവ് കസ്റ്റഡിയിൽ മരിച്ച കേസിൽ അന്വേഷണം നടത്തി സിബിഐ സമര്‍പ്പിച്ച കുറ്റപത്രം കോടതി മടക്കി. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. കുറ്റപത്രത്തിലെ ചില തീയതികള്‍ രേഖപ്പെടുത്തിയതില്‍ സംഭവിച്ച പിഴവുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കോടതി കുറ്റപത്രം മടക്കിയത്. ഇത് സ്വാഭാവിക നടപടി മാത്രമാണെന്നും സിബിഐ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.
വയനാട് പുനരധിവാസ പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം ഈ മാസം 27ന് നടത്താൻ സംസ്ഥാന സർക്കാരിന് തടസമില്ലെന്ന് ഹൈക്കോടതി. ഈ മാസം 27ന് വയനാട് ടൗണ്‍ഷിപ്പിന്‍റെ തറക്കല്ലിടൽ ചടങ്ങ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അതിനാൽ തന്നെ ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവോടെ തറക്കല്ലിടൽ ചടങ്ങുമായി സര്‍ക്കാരിന് മുന്നോട്ടുപോകാനാകും. ഏറ്റെടുക്കുന്ന ഭൂമിയ്ക്ക് സർക്കാർ നിശ്ചയിച്ച പ്രതിഫലം കുറഞ്ഞുപോയെന്നാരോപിച്ച് എൽസ്റ്റൺ എസ്റ്റേറ്റ് ഉടമകൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദേശം.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സപ്ലൈകോ റംസാൻ ഫെയറുകൾ മാർച്ച് 30 വരെ സംഘടിപ്പിക്കും. തിരുവനന്തപുരത്ത് 25നും മറ്റു ജില്ലകളിൽ 26നുമാണ് റംസാൻ ഫെയറിന് തുടക്കമാവുക. വിഷു- ഈസ്റ്റർ ഫെയർ ഏപ്രിൽ 10 മുതൽ 19 വരെയാണ് സംഘടിപ്പിക്കുക. ഈ വർഷത്തെ റംസാൻ- വിഷു- ഈസ്റ്റർ ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ തിരുവനന്തപുരം ഫോർട്ട് പീപ്പിൾസ് ബസാറിൽ നാളെ രാവിലെ പത്തരയ്ക്ക് നിർവഹിക്കും.
ബിജെപി ദേശീയ കൗൺസിലില്‍ നിന്ന് ഒഴിവാക്കിയതില്‍ നീരസം പ്രകടമാക്കി ബിജെപി ദേശീയ കൗൺസിൽ അംഗമായിരുന്ന മുതിർന്ന നേതാവ് എൻ ശിവരാജൻ. ബിജെപി സ്ഥാനം നൽകിയില്ലെങ്കിലും ആർഎസ്എസുകാരനെന്ന ലേബൽ ഒഴിവാക്കാൽ ആർക്കുമാകില്ലെന്ന് എൻ ശിവരാജൻ പറഞ്ഞു. പാർട്ടിയിൽ സ്ഥാനമില്ലെങ്കിലും പ്രവർത്തകനായി തുടരും എന്ന് അദ്ദേഹം വ്യക്തമാക്കി.
കേരളം മൊത്തം എടുക്കുവാൻ പോവുകയാണെന്ന് ബിജെപി എംപി സുരേഷ് ഗോപി. രാജീവ് ചന്ദ്രശേഖറിന് ബിജെപി അധ്യക്ഷ പദവി ഭാരിച്ച ഉത്തരവാദിത്വമല്ല. നിഷ്പ്രയാസം സാധിക്കുന്ന ഒന്നു മാത്രമാണെന്നും സുരേഷ് ഗോപി പറഞ്ഞു. പാർട്ടി സൈദ്ധാന്തിക വിപ്ലവത്തിലേക്ക് വളർന്നിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസംഘം ഉടൻ കേരളം സന്ദർശിക്കുമെന്ന് കേരള സർക്കാരിന്‍റെ ദില്ലിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ്. പാർലമെന്‍റ് സമ്മേളനത്തിനുശേഷം ഇതു സംബന്ധിച്ച തീരുമാനമെടുക്കും. കോഴിക്കോട് എയിംസ് സ്ഥാപിക്കണമെന്നാണ് കേരള സർക്കാരിന്‍റെ നിർദ്ദേശം.ആശാവർക്കർമാരുടെ വിഷയം ചർച്ചയുടെ ഭാഗമായില്ലെന്നും തന്നെ ഏൽപ്പിക്കുന്ന വിഷയം മാത്രമേ തനിക്ക് കൈകാര്യം ചെയ്യാൻ സാധിക്കൂവെന്നും കെ വി തോമസ് വ്യക്തമാക്കി.
കെ.ടി. ജലീല്‍ എംഎല്‍എയോട് രൂക്ഷമായി പ്രതികരിച്ച് സ്പീക്കര്‍ എ.എന്‍. ഷംസീര്‍. നിയമസഭയില്‍ പ്രസംഗം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടും ജലീല്‍ അതിന് തയ്യാറാകാതിരുന്നതാണ് സ്പീക്കറെ ചൊടിപ്പിച്ചത്. ചെയറിനെ ജലീല്‍ മാനിക്കുന്നില്ലെന്നും സമയം കഴിഞ്ഞിട്ടും പ്രസംഗം നിര്‍ത്താത്തത് ധിക്കാരമെന്നും സ്പീക്കര്‍ പറഞ്ഞു. ഒരുപാട് തവണ ആവശ്യപ്പെട്ടിട്ടും സഹകരിച്ചില്ലെന്നും ഷംസീര്‍ പറഞ്ഞു.
സംസ്ഥാനത്തെ 100 ആയുഷ് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരമായ എന്‍.എ.ബി.എച്ച്. ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലെ 61 ആയുര്‍വേദ ഡിസ്പെന്‍സറികള്‍ക്കും ഒരു സിദ്ധ ഡിസ്പെന്‍സറിക്കും ഹോമിയോപ്പതി വകുപ്പിലെ 38 ഡിസ്പെന്‍സറികള്‍ക്കുമാണ് എന്‍.എ.ബി.എച്ച്. അംഗീകാരം ലഭ്യമായിരിക്കുന്നത്.
വാളയാർ കേസിൽ സുപ്രധാന നീക്കവുമായി കുട്ടികളുടെ മാതാപിതാക്കൾ ഹൈക്കോടതിയിൽ ഹർജി നൽകി. തങ്ങളെ കൂടി പ്രതിചേർത്ത സി ബി ഐ നടപടിക്കെതിരെയാണ് ഹർജി നൽകിയത്. സി ബി ഐ കുറ്റപത്രം റദ്ദാക്കണമെന്നതാണ് കുട്ടികളുടെ മാതാപിതാക്കളുടെ പ്രധാന ആവശ്യം. കേസിൽ തുടരന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജി ഫയലിൽ സ്വീകരിച്ച കോടതി സിബിഐയുടെ മറുപടിയ്ക്കായി ഏപ്രിൽ ഒന്നിലേക്ക് മാറ്റി.
ഒരു മണിക്കൂർ കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ലിഫ്റ്റിൽ കുടുങ്ങി യാത്രക്കാർ. സാങ്കേതിക തകരാറിനെ തുടർന്ന് ഒരു കുട്ടിയടക്കം അഞ്ച് പേരാണ് ലിഫ്റ്റിൽ കുടുങ്ങിയത്. വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം.ഒരു മണിക്കൂറിന് ശേഷമാണ് യാത്രക്കാരെ പുറത്തെത്തിച്ചത്. പിന്നീട് കണ്ണൂർ എക്സ്പ്രസിൽ പോകാനുള്ള സൗകര്യം റെയിൽവേ ഒരുക്കി.
ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസിലെ പ്രതി നോബി ലൂക്കോസിന് ജാമ്യം കൊടുക്കരുതെന്ന് പൊലീസ്. നോബിക്ക് ജാമ്യം കൊടുത്താൽ സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുമെന്നാണ് പൊലീസ് കോടതിയില്‍ റിപ്പോർട്ട് നല്‍കിയിരിക്കുന്നത്.
കേരളത്തിലേക്ക് വിൽപനക്കായി കൊണ്ടുവന്ന 65 കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശികൾ കോയമ്പത്തൂരിൽ പിടിയിൽ. അഞ്ച് സ്ത്രീകളും ഒരു പുരുഷനും അടങ്ങുന്ന സംഘമാണ് പിടിയിലായത്. തൃശൂര്‍, പെരുമ്പാവൂര്‍ എന്നിവിടങ്ങളിലേക്ക് കഞ്ചാവ് കടത്താനായിരുന്നു ശ്രമമെന്ന് ആര്‍പിഎഫ് പറയുന്നു.
ആരോപണം നേരിടുന്ന ദില്ലി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ്മയെ സ്ഥലം മാറ്റാനുള്ള ശുപാർശ കേന്ദ്രത്തിന് കൈമാറി സുപ്രീംകോടതി. ജസ്റ്റിസ് വർമ്മയുടെ വീട്ടിൽ നിന്ന് പണം കണ്ടെത്തിയതിന്‍റെ ദൃശ്യങ്ങൾ പുറത്തുവിട്ടതിൽ കൊളീജിയത്തിൽ അതൃപ്തിയുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് സ്ഥലംമാറ്റത്തിനുള്ള അന്തിമ തീരുമാനമായത്. സംഭവത്തിൽ തൽക്കാലം പാർലമെൻറിൽ പ്രത്യേക ചർച്ച വേണ്ടെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ വിളിച്ച യോഗം ധാരണയിലെത്തി.
സ്ത്രീകളുടെ മാറിടം സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കാന്‍ ശ്രമിക്കുന്നതും വലിച്ചിഴയ്ക്കുന്നതും ബലാത്സംഗശ്രമത്തിനുള്ള തെളിവായി കണക്കാക്കാനാകില്ലെന്ന അലഹബാദ് ഹൈക്കോടതിയുടെ വിവാദ ഉത്തരവിനെതിരായ ഹർജിയിൽ ഇടപെടാന്‍ വിസ്സമ്മതിച്ച് സുപ്രീംകോടതി. ഹൈക്കോടതി ഉത്തരവിനെതിരെ അഞ്ജലി പട്ടേൽ എന്ന സ്വകാര്യ വ്യക്തി റിട്ട് ഹർജിയാണ് സമർപ്പിച്ചത്. എന്നാൽ ക്രിമിനൽ കേസുകളിലടക്കം അപ്പീലുകൾ സമർപ്പിക്കുമ്പോൾ പ്രത്യേകാനുമതി ഹർജിയായി വേണം സമീപിക്കാനെന്ന് കോടതി വ്യക്തമാക്കി.
എം പിമാരുടെ ശമ്പളവും മറ്റു ആനുകൂല്യങ്ങളും വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി. എം പിമാരുടെ ശമ്പളം 1 ലക്ഷത്തിൽ നിന്ന് 1,24,000 രൂപയായി ഉയർത്തി. പ്രതിദിന അലവൻസ് 2000 രൂപയിൽ ത്തിൽ നിന്ന് 2500 രൂപയാക്കിട്ടും ഉയർത്തിയിട്ടുണ്ട്. 2023 ഏപ്രിൽ ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ശമ്പള പരിഷ്കരണം.
വിദ്യാഭ്യാസ മേഖലയുടെ പൂർണ നിയന്ത്രണം ആർഎസ്‌എസ് ഏറ്റെടുത്താൽ രാജ്യം തകരുമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യാ മുന്നണിയിലെ വിവിധ കക്ഷികൾക്ക് അവരുടെ പ്രത്യയശാസ്ത്രങ്ങളിലും നയങ്ങളിലും ചെറിയ വ്യത്യാസങ്ങൾ ഉണ്ടാകാം. പക്ഷേ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അവർക്ക് ഒരിക്കലും വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ ഇന്ത്യാ സഖ്യത്തിലെ വിവിധ വിദ്യാർഥി സംഘടനകൾ ഡൽഹിയിൽ സംഘടിപ്പിച്ച പാർലമെന്റ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.