മദ്യനയത്തിലും ക്രൈസ്തവ സമുദായത്തിനുളള ആനുകൂല്യങ്ങളുടെ കാര്യത്തിലും സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കത്തോലിക്ക സഭ. സര്‍ക്കാരിന് വരുമാനം കണ്ടെത്താനുള്ള കുറുക്ക് വഴിയാണ് ലഹരിയെന്ന് മദ്യവിരുദ്ധ ഞായറിന്‍റെ ഭാഗമായി ഇന്ന് പള്ളികളില്‍ വായിച്ച സര്‍ക്കുലര്‍ ആരോപിക്കുന്നു. സമുദായത്തിനുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതായാരോപിച്ച് കോഴിക്കോട്ട് അവകാശ സംരക്ഷണ സമ്മേളനം സംഘടിപ്പിക്കുമെന്ന് താമരശേരി രൂപതയും പ്രഖ്യാപിച്ചു.
പിണറായിയെ പുറത്താക്കാൻ ജനം കാത്തിരിക്കുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ .മൂന്നാമതും ദുർഭൂതം വരാൻ പോകുന്നുവെന്ന് പ്രചാരണം നടക്കുന്നുണ്ട്.അടുത്തത് യുഡിഎഫ് സർക്കാർ തന്നെയാണ്.കോൺഗ്രസിന് ഒന്നിലധികം മുഖ്യമന്ത്രിമാരെന്ന് പ്രചാരണം നടക്കുന്നു.എന്നാല്‍ കോൺഗ്രസിൽ യാതൊരു തർക്കവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങള്‍ കൊന്നിട്ടു വരൂ ഞങ്ങള്‍ കൂടെയുണ്ട് എന്ന സന്ദേശമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സിപിഎം നൽകുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. മുഴപ്പിലങ്ങാട് എളമ്പിലായി സൂരജിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ പ്രതികളെ ഏതറ്റംവരെയും ഇടപെട്ട് സംരക്ഷിക്കുമെന്നാണ് സിപിഎം നിലപാട് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാകും. നാളെയായിരിക്കും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക. കോര്‍ കമ്മറ്റിയിലാണ് രാജീവ് ചന്ദ്രശേഖറിന്‍റെ പേര് നിര്‍ദേശിച്ചത്. രണ്ടാം മോദി സർക്കാരിൽ കേന്ദ്ര സഹമന്ത്രിയായിരുന്നു അദ്ദേഹം.പാര്‍ട്ടിയുടെ അടിസ്ഥാന വോട്ടുകള്‍ക്ക് പുറമെ കൂടുതല്‍ വിഭാഗങ്ങളിലേക്ക് എത്താനാകുമോയെന്ന പരീക്ഷണമാണ് രാജീവ് ചന്ദ്രശേഖറിലൂടെ ബിജെപി കേന്ദ്ര നേതൃത്വം നടത്തുന്നത്.
രാജീവ് ചന്ദ്രശേഖർ ബിജെപിയുടെ ഐഡിയോളജി ഉള്ള ആളാണെന്ന് കരുതുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വേറെ പാർട്ടികളുടെ ആഭ്യന്തര കാര്യത്തിൽ ഇടപെടാറില്ല. സുരേന്ദ്രനോടല്ല ഫൈറ്റ് ചെയ്യുന്നതെന്നും സുരേന്ദ്രൻ ഫോളോ ചെയ്യുന്ന ഐഡിയോളജിയോടാണെന്നും വി ഡി സതീശൻ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ തിരഞ്ഞെടുത്തതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രാജീവ് ചന്ദ്രശേഖര്‍ കഴിവ് തെളിച്ചയാളെന്ന് ബി.ജെ.പി. നേതാവ് ശോഭ സുരേന്ദ്രന്‍. അദ്ദേഹം ബി.ജെ.പി. സംസ്ഥാന അധ്യക്ഷനാകുന്നത് സന്തോഷത്തോടെയാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പ്രസ്ഥാനത്തെ നല്ലരീതിയില്‍ മുന്നോട്ട് നയിക്കുമെന്ന് അവര്‍ പറഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടരാൻ ആഗ്രഹിച്ചിരുന്നില്ലെന്നും കാലാവധി കഴിയുമ്പോള്‍ മാറേണ്ടിവരുമെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും കെ സുരേന്ദ്രൻ. സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് രാജീവ് ചന്ദ്രശേഖറിന്‍റെ നാമനിര്‍ദേശ പത്രിക മാത്രമാണ് ലഭിച്ചിട്ടുള്ളതെന്നും നാളെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
രമേശ് ചെന്നിത്തലയുടെ ഗാന്ധി ഗ്രാമം സംഘടിപ്പിക്കുന്ന ദളിത് പ്രോഗ്രസ് കോൺക്ലേവിൽ വൈകാരിക പ്രസംഗവുമായിjകൊടിക്കുന്നിൽ സുരേഷ്.താൻ നിൽക്കുന്നത് വല്ലാത്തൊരു അവസ്ഥയിലാണ്.പ്രസംഗിച്ചാൽ പലതും തുറന്ന് പറയേണ്ടി വരും.തുറന്നു പറഞ്ഞാൽ വിവാദമായേക്കാം.ശത്രുക്കൾ കൂടിയേക്കാം.അതുകൊണ്ട് പ്രസംഗം എഴുതിക്കൊണ്ടാണ് വന്നത്. തന്നെ മാത്രമാണ് എല്ലാവരും വേട്ടയാടുന്നതെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
75 വയസ് കഴിഞ്ഞവരെ പാര്‍ട്ടി കമ്മിറ്റികളില്‍നിന്ന് ഒഴിവാക്കണമെന്ന മാനദണ്ഡത്തില്‍ ഇളവ് അനുവദിക്കണമെന്ന് സി.പി.എം. കേന്ദ്ര കമ്മിറ്റിയില്‍ ആവശ്യം. പൊളിറ്റ്ബ്യൂറോയിലെ മുതിര്‍ന്ന അംഗങ്ങള്‍ക്ക് ഇളവ് അനുവദിക്കണമെന്ന ആവശ്യമാണ് കേന്ദ്ര കമ്മിറ്റിയില്‍ ഉയര്‍ന്നത്. മുതിര്‍ന്ന നേതാക്കളില്‍ ചിലര്‍ക്ക് ഇളവ് അനുവദിച്ച് അവരുടെ അനുഭവസമ്പത്ത് മേല്‍കമ്മിറ്റിക്കളില്‍ പ്രയോജനപെടുത്തണമെന്ന ആവശ്യമാണ് കേന്ദ്ര കമ്മിറ്റിയില്‍ ഉയര്‍ന്നത്.
ദേവസ്വം ബോർഡ് ക്ഷേത്രത്തിൽ ഷർട്ട് ധരിച്ചു കയറി ഭകതർ. പെരുനാട് കക്കാട്ട് കോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലാണ് എസ്എൻഡിപി സംയുക്ത സമിതിയുടെ നേതൃത്വത്തിൽ ഷർട്ട് ധരിച്ചു കയറിയത്. സ്ഥലത്ത് പോലീസ് കാവൽ ഉണ്ടായിരുന്നെങ്കിലും ആരും തടഞ്ഞില്ല. എല്ലാ ക്ഷേത്രങ്ങളിലും ഷർട്ട് ധരിച്ചു കയറാൻ അനുവദിക്കണമെന്ന് എസ്എൻഡിപിയും ശിവഗിരി മഠവും മുൻപു ആവശ്യപ്പെട്ടിരുന്നു.
സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് മാർച്ച് മാസത്തിൽ ഒരു ഗഡു പെൻഷൻകൂടി അനുവദിച്ചു. ഇതിനായി 817 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.
ഇന്ന് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. മറ്റ് 10 ജില്ലകളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
നഴ്സിംഗ് അഡ്മിഷൻ വാഗ്ദാനം ചെയ്ത് പണം തട്ടിയതിന് കായംകുളത്ത് സിപിഎം നേതാവിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. കായംകുളം പുതുപ്പള്ളി ലോക്കൽ കമ്മിറ്റി അംഗം എസ്. സുഭാഷിനെതിരെയാണ് നടപടി. ആറ് പരാതികൾ ആണ് ഇയാൾക്കെതിരെ പാർട്ടിക്ക് ലഭിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി അടക്കമുള്ള നേതാക്കൾക്കൊപ്പം നിൽക്കുന്ന ഫോട്ടോകൾ കാണിച്ച് വിശ്വാസ്യത പിടിച്ചു പറ്റിയാണ് തട്ടിപ്പ് നടത്തിയത്.
കോഴിക്കോട് ചെറുവണ്ണൂരില്‍ ആയുർവേദ ആശുപത്രിയിൽ ചികിത്സക്കെത്തിയ യുവതിക്ക് നേരെ ആസിഡ് ആക്രമണം. മുൻ ഭർത്താവാണ് യുവതിയെ ആക്രമിച്ചത്. ബാലുശേരി സ്വദേശി പ്രബിഷയ്ക്ക് ആക്രമണത്തിൽ പരിക്കേറ്റു. പ്രബിഷയുടെ മുന്‍ ഭര്‍ത്താവ് ബാലുശേരി സ്വദേശി പ്രശാന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കോഴിക്കോട് പൂവാട്ടുപറമ്പില്‍ കാറിൽ നിന്നും നാൽപ്പത് ലക്ഷം രൂപ കവർന്നെന്ന പരാതി വ്യാജം. ബന്ധു നൽകിയ പണം ചെലവായതിനെ തുടർന്ന് പരാതിക്കാരനുണ്ടാക്കിയ നാടകമാണ് മോഷണമെന്ന് തെളിഞ്ഞു. ആനക്കുഴിക്കര സ്വദേശി റഹീസും സുഹൃത്തുക്കളായ രണ്ട് പേരും പിടിയിലായി.
താമരശ്ശേരിയിലെ ഷിബില കൊലക്കേസുമായി ബന്ധപ്പെട്ട് താമരശ്ശേരി പൊലീസ് സ്റ്റേഷനില്‍ സംഭവിച്ച നടപടിക്രമങ്ങളിലെ ഗുരുതര വീഴ്ചയില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി യാസിറിനെ കസ്റ്റഡിയില്‍ ലഭിക്കാന്‍ പൊലീസ് അടുത്ത ദിവസം അപേക്ഷ നല്‍കും.
തൊടുപുഴയിൽ കൊലപ്പെട്ട ബിജുവിന്റെ മരണകാരണം തലച്ചോറിനേറ്റ ക്ഷതമെന്ന് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. ക്രൂരമായ മർദ്ദനം ബിജുവിന് ഏറ്റിട്ടുണ്ടെന്ന പൊലീസ് നിഗമനം സാധൂകരിക്കുന്നതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ.നേരത്തെ തന്നെ ബിജുവിനും കുടുംബത്തിനും ഭീഷണി ഉണ്ടായിരുന്നെന്ന് സഹോദരൻ എം ജെ ജോസ് പറഞ്ഞു.
ലഹരിമരുന്നിനായി വ്യാജ കുറിപ്പടി തയ്യാറാക്കിയ സംഭവത്തിൽ വടക്കൻ പറവൂരിൽ രണ്ട് പേർ അറസ്റ്റിൽ. വ്യാജ കുറിപ്പടിയുണ്ടാക്കി നൈട്രോസെപാം ഗുളികകൾ വാങ്ങിക്കൂട്ടിയതിലാണ് നടപടി. പറവൂർ സ്വദേശിയായ നിക്സൻ ദേവസ്യ, സനൂപ് വിജയൻ എന്നിവരാണ് പിടിയിലായത്. ഉപയോഗിക്കാനും വിൽപനക്കും വേണ്ടിയാണ് ഇവർ മരുന്ന് വാങ്ങിക്കൂട്ടിയതെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ഖത്തറിൽ തടവിൽ കഴിയുന്ന ഇന്ത്യൻ യുവാവിന്റെ മോചനത്തിനായി ഇടപെടണമെന്നാവശ്യപ്പെട്ട് വഡോദരയിലെ കുടുംബം പ്രധാനമന്ത്രിയുടെ ഓഫീസിനെ സമീപിച്ചു. വഡോദര സ്വദേശിയായ അമിത് ഗുപ്തയെയാണ് ജനുവരി 1 മുതൽ സ്റ്റേറ്റ് സെക്യൂരിറ്റി കസ്റ്റഡിയിൽ പാർപ്പിച്ചിരിക്കുന്നത്. ഡാറ്റ മോഷണക്കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്ന് കുടുംബം ആരോപിച്ചു.
കർണാടക ചിത്രദുർഗയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് 2 മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾ മരിച്ചു. കൊല്ലം അഞ്ചല്‍ സ്വദേശികളായ യാസീന്‍ (22) അല്‍ത്താഫ് (22) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന നബീലെന്ന വിദ്യാര്‍ഥിയെ ബെംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിത്രദുർഗ എസ്.ജെ.എം നഴ്സിങ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളാണ് ഇരുവരും. റംസാൻ നോമ്പ് എടുക്കുന്നതിന് രാത്രി ഭക്ഷണം കഴിച്ചു മടങ്ങുന്നതിനിടെ ആണ് അപകടം ഉണ്ടായത്.
സർക്കാർ ഉദ്യോഗസ്ഥന് കൈക്കൂലിയായി കിട്ടുന്ന പണം അനുഭവിക്കുന്ന ഭാര്യയും ശിക്ഷയ്ക്ക് അർഹയെന്ന് മദ്രാസ് ഹൈക്കോടതി. അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ കസ്റ്റംസ് സൂപ്രണ്ടിനെയും ഭാര്യയെയും കീഴ്കോടതി വെറുതെ വിട്ട ഉത്തരവ് റദ്ദാക്കിയ വിധിയിലാണ് പരാമർശങ്ങൾ. ഇരുവർക്കും 4 വർഷത്തെ കഠിന തടവ് വിധിച്ച് ഹൈക്കോടതി മധുര ബെഞ്ച്.
കോടികളുടെ തട്ടിപ്പ് കേസിന് പിന്നാലെ ഇന്ത്യയിൽ നിന്ന് മുങ്ങിയ മെഹുൽ ചോക്സി ബെൽജിയത്തിലുണ്ടെന്ന് റിപ്പോർട്ട്. മെഹുൽ ചോക്സി ബെൽജിയത്തിൽ ഭാര്യയോടൊപ്പം താമസിക്കുന്നുവെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്. ചോക്സിയെ വിട്ടുകിട്ടാൻ ഇന്ത്യ നടപടി തുടങ്ങിയതായും റിപ്പോർട്ടുകളുണ്ട്.
നാഗ്പൂരിൽ വർഗീയ സംഘർഷത്തിനിടെ പരിക്കേറ്റയാൾ മരിച്ചു. മാർച്ച് 17-ന് നടന്ന അക്രമത്തിലാണ് 40കാരനായ വെൽഡർ ഇർഫാൻ അൻസാരിക്ക് പരിക്കേറ്റത്. തുടർന്ന് ചികിത്സയിലായിരുന്നു. ഇറ്റാർസിയിലേക്ക് പോകാൻ റെയിൽവേ സ്റ്റേഷനിലേക്ക് പോകുമ്പോഴാണ് ആക്രമിക്കപ്പെട്ടത്. അതേസമയം, സംഘർഷത്തിന് പിന്നാലെ ഏർപ്പെടുത്തിയ കർഫ്യൂ ചില ഭാഗങ്ങളിൽ ഇളവ് വരുത്തി.
ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമ്മയുടെ വസതിയിൽ നിന്ന് പണം കണ്ടെത്തിയ സംഭവത്തിൽ ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സമർപ്പിച്ച റിപ്പോർട്ട് പുറത്തുവിട്ട് സുപ്രീംകോടതി. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസ് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. കത്തിയ നോട്ട് കെട്ടുകളുടെ ചിത്രങ്ങളും ദൃശ്യങ്ങളും സുപ്രീംകോടതി പുറത്തു വിട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചത്.
ഒരു മാസത്തിലേറെയായി നീണ്ടുനിന്ന ആശങ്കയ്ക്ക് അറുതി വരുത്തി ഫ്രാന്‍സിസ് മാര്‍പാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്തു.ഗാസയ്ക്കുമേല്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണം ഉടന്‍ അവസാനിപ്പിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ഗാസയില്‍ ആക്രമണം പുനഃരാരംഭിച്ചതില്‍ താന്‍ ദുഃഖിതനാണെന്നും ആക്രമണം അവസാനിപ്പിച്ച് ബന്ദികളെ മോചിപ്പിക്കാനായുള്ള ചര്‍ച്ചകള്‍ എത്രയും വേഗം തുടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു..