Untitled design 20250112 193040 0000

 

ഒരു മാസം തികയുന്ന ആശാ പ്രവർത്തകരുടെ സമരത്തോട് സർക്കാർ മുഖംതിരിച്ചുനിൽക്കെ, നിയമം ലംഘിച്ചുള്ള സമരത്തിലേക്ക് പ്രവർത്തകർ കടക്കുന്നു. മാർച്ച്‌ 17 ന് സംസ്ഥാന സെക്രട്ടേറിയേറ്റ് ഉപരോധിച്ചുകൊണ്ടുള്ള സമരത്തിനാണ് ശ്രമം. ഇതിനായി സമരത്തെ അനുകൂലിക്കുന്ന വിവിധ സംഘടനകളുടെ പിന്തുണയും സമരക്കാർ തേടിയിട്ടുണ്ട്. അതേസമയം തങ്ങളെ അധിക്ഷേപിച്ച സിഐടിയു സംസ്ഥാന സെക്രട്ടറി കെ.എൻ ഗോപിനാഥിന് സമരക്കാർ അപകീർത്തി നോട്ടീസ് അയച്ചു.

 

താമരശ്ശേരിയിലെ ഷഹബാസിന്റെ കൊലപാതകത്തില്‍ പ്രതികളായ വിദ്യാര്‍ത്ഥികളെ എസ്എസ്എല്‍സി പരീക്ഷയെഴുതാന്‍ അനുവദിച്ചതിനെതിരായ ഹർജി ഹൈക്കോടതി ബുധനാഴ്ച്ചത്തേക്ക് മാറ്റി. ഷഹബാസിന്‍റെ പിതാവാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. ഇരയ്ക്കും അവകാശങ്ങളുണ്ടെന്നാണ് ഷഹബാസിന്റെ പിതാവ് കോടതിയില്‍ വാദിച്ചത്. ചെറിയ കുറ്റകൃത്യങ്ങളിൽ പോലും പ്രതികളായവരെ ഡീ ബാർ ചെയ്യാറുണ്ടെന്നും ഷഹബാസിന്റെ പിതാവ് ഹൈക്കോടതിയിൽ വാദിച്ചു.

സിപിഎം സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്താത്തതിന് പിന്നാലെ പൊട്ടിത്തെറിച്ച് പരസ്യ പ്രതികരണം നടത്തിയ എ പദ്മകുമാറിനെ ബിജെപി ജില്ലാ പ്രസിഡൻ്റും ജില്ലാ ജനറൽ സെക്രട്ടറിയും വീട്ടിലെത്തി കണ്ടു. പാർട്ടി സംസ്ഥാന നേതൃത്വത്തിൻ്റെ നിർദ്ദേശപ്രകാരമാണ് നേതാക്കൾ വീട്ടിലെത്തിയത്. സിപിഎം ജില്ല സെക്രട്ടറി രാജു എബ്രഹാം വീട്ടിലെത്തി ചർച്ച നടത്തിയിട്ടും പാർട്ടി തീരുമാനം തെറ്റെന്നും തനിക്കെതിരെ നടപടി വന്നോട്ടെയെന്നുമുള്ള നിലപാടിലാണ് പദ്മകുമാർ. വീണ ജോർജിനെ പ്രത്യേക ക്ഷണിതാവാക്കിയിട്ടും തന്നെ തഴഞ്ഞതാണ് പദ്മകുമാറിനെ ചൊടിപ്പിച്ചത്.

 

ലൗ ജിഹാദ് പരാമർശത്തില്‍ ബിജെപി നേതാവ് പി സി ജോർജിനെതിരെ തൊടുപുഴയിൽ പരാതി. യൂത്ത് കോൺഗ്രസ് തൊടുപുഴ നിയോജക മണ്ഡലം പ്രസിഡൻ്റ് ബിലാൽ സമദാണ് തൊടുപുഴ പൊലീസിൽ പരാതി നൽകിയത്. കേരളത്തിൽ ഒരു കേസ് പോലും ലൗ ജിഹാദിൻ്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടില്ല. പി സി ജോർജ് നടത്തുന്നത് കള്ള പ്രചരണം ആണെന്നും പരാതിയിൽ പറയുന്നു.

 

ഇരിങ്ങാലക്കുട ക്ഷേത്രത്തിൽ ജാതി വിവേചനം നടന്നിട്ടില്ലെന്ന് യോഗക്ഷേമസഭ തൃശ്ശൂർ ജില്ലാ കമ്മിറ്റി. തന്ത്രി സമൂഹത്തെയും ക്ഷേത്രത്തെയും അപകീർത്തി പെടുത്താനുള്ള നീക്കം അപലപനീയമാണ്. ഇതിനെ ജാതി വിവേചനമായി ചിത്രീകരിക്കുന്നത് ദൗർഭാഗ്യകരമാണ്. കൂടൽമാണിക്യ ക്ഷേത്രത്തെയും അവിടുത്തെ ആചാരങ്ങളെയും മനസ്സിലാക്കാതെയുള്ള പ്രവർത്തികളാണിതെന്നും യോഗക്ഷേമ സഭ ജില്ലാ കമ്മിറ്റി വാർത്താ കുറിപ്പിലൂടെ അറിയിച്ചു.

 

ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി ജാതി വിവേചനത്തിന് ഇരയായ ബാലു. ഇനി കഴകം ജോലിക്ക് ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലേക്കില്ലെന്നും ദേവസ്വം പുനഃക്രമീകരിച്ച ഓഫീസ് ജോലിക്കാണെങ്കിൽ വരാമെന്നും അദ്ദേഹം പറഞ്ഞു.

 

മയക്കു മരുന്ന് വ്യാപനത്തിനെതിരെ കേരള എക്സൈസ് നടത്തിയ ഓപറേഷൻ ക്ലീൻ സ്ലേറ്റിൽ ആദ്യ അഞ്ച് ദിവസം കൊണ്ട് 360 എൻഡിപിഎസ് കേസുകളിലായി 368 പേരെ അറസ്റ്റ് ചെയ്തു. മന്ത്രി എം ബി രാജേഷാണ് ഇക്കാര്യം അറിയിച്ചത്. വിവിധ കേസുകളിലായി 378 പേരെ പ്രതിചേർത്തു.മയക്കുമരുന്നിനെതിരെ കൂടുതൽ നടപടികളുമായി എക്സൈസ് മുന്നോട്ടുപോകുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു.

 

പരുന്തുംപാറയിൽ വൻകിട കയ്യേറ്റം ഒഴിപ്പിക്കാതിരിക്കാൻ പണിത കുരിശ് റവന്യൂസംഘം പൊളിച്ചു മാറ്റി. ചങ്ങനാശ്ശേരി സ്വദേശി സജിത്ത് ജോസഫ് കയ്യേറ്റ ഭൂമിയിൽ സ്ഥാപിച്ച കുരിശാണ് പൊളിച്ചുമാറ്റിയത്. കർശന നടപടി സ്വീകരിക്കുമെന്ന് റവന്യൂമന്ത്രി നിയമസഭയിൽ അറിയിച്ചു. രണ്ട് മാസത്തേക്ക് പരുന്തുംപാറയിൽ നിരോധനാജ്ഞ ഏ‍ർപ്പെടുത്തിയെന്നും 15 ഉദ്യോഗസ്ഥരെ ഒഴിപ്പിക്കൽ നടപടിക്കായി നിയോഗിച്ചെന്നും മന്ത്രി അറിയിച്ചു.

 

കേരള സംസ്ഥാന യുവജന കമ്മീഷൻ 2024-25 വർഷത്തെ യൂത്ത് ഐക്കൺ അവാർഡുകൾ പ്രഖ്യാപിച്ചു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച യുവജനങ്ങൾക്കാണ് കമ്മീഷൻ അവാർഡ് നൽകുന്നത്. മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയയായ അഭിനേത്രി നിഖില വിമൽ അവാർഡിനർഹയായി.ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെ ഓൾറൗണ്ടർ സജന സജീവനാണ് കായികരംഗത്തു നിന്ന് അവാർഡിനർഹയായത്. ​

 

തന്റെ സംസ്കാരചടങ്ങുകൾ എങ്ങനെ വേണമെന്നത് സംബന്ധിച്ച് അന്തരിച്ച സിപിഎം മുതിർന്ന നേതാവ് എം എം ലോറൻസ് പറയുന്ന വീഡിയോ ഉണ്ടെന്ന അവകാശ വാദവുമായി പെൺമക്കൾ. സ്വർഗത്തിൽ പോകണമെന്നും യേശുവിനെ കാണണമെന്നും മകൾ പറയുന്നിടത്ത് അടക്കണമെന്നും വീഡിയോയിൽ എം എം ലോറൻസ് പറയുന്നുണ്ടെന്നാണ് മക്കളുടെ അവകാശ വാദം. മുഖം ഇല്ലാതെ ശബ്ദം മാത്രമുള്ള വീഡിയോ ആണ് പെൺമക്കൾ പുറത്ത് വിട്ടിരിക്കുന്നത്.

ചരിത്രപ്രസിദ്ധമായ ഗുരുവായൂർ ആനയോട്ടത്തിൽ ജേതാവായി ഗുരുവായൂർ ബാലു. മഞ്ജുളാൽ പരിസരത്തു നിന്നും ഓട്ടം തുടങ്ങി ക്ഷേത്രനടയിൽ ആദ്യം ഓടിയെത്തുന്ന ആനയാണ് വിജയിക്കുന്നത്. വിജയിച്ച ഗുരുവായൂർ ബാലുവിനെ നിറപറ വെച്ച് പാരമ്പര്യാവകാശികൾ ക്ഷേത്രത്തിന് ഉള്ളിലേക്ക് വരവേറ്റു. ഗുരുവായൂർ ദേവസ്വത്തിന്റെ ചെന്താമരാക്ഷനാണ് രണ്ടാം സ്ഥാനത്ത് എത്തിയത്.

 

ആലപ്പുഴ കൈനടിയിൽ സ്‌കൂളിലുണ്ടായ അപകടത്തിൽ പാചക തൊഴിലാളി മരിച്ചു. കിഴക്കേ ചേന്നങ്കരി സെൻ്റ് ആൻ്റണീസ് എൽപി സ്‌കൂളിലെ താത്കാലിക തൊഴിലാളി മേരി (65) ആണ് മരിച്ചത്. ഇന്ന് സ്‌കൂളിൽ ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനിടെ സാരിക്ക് തീപിടിച്ചപ്പോൾ ഭയന്നോടിയ മേരി തലയടിച്ച് വീണാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം.

 

സംസ്ഥാനത്തെ കോൺഗ്രസ് പാർട്ടിയിൽ ഇന്ന് നേതൃ തലത്തിൽ തർക്കമൊന്നും ഉണ്ടാകില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി ഉറപ്പ് നൽകിയെന്ന് മാണി സി കാപ്പൻ. കൂടിക്കാഴ്ചയ്ക്ക് ശേഷം തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്നണി വിപുലീകരണം ചർച്ചയായില്ലെന്നും എന്നാൽ കേരള യുഡിഎഫിലേക്ക് കോൺഗ്രസ് എം തിരികെ വരുന്നതിൽ പ്രശ്നമില്ലെന്നും പറഞ്ഞ അദ്ദേഹം പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്നും വ്യക്തമാക്കി.

 

തിരുവല്ലയിലെ എംഡിഎംഎ കേസിൽ പൊലീസിനെതിരെ പ്രതിയുടെ ഭാര്യ. പ്രതി ലഹരി കടത്തിനായി സ്വന്തം മകനെ ഉപയോഗിച്ചെന്നത് പൊലീസ് ഉണ്ടാക്കിയ കെട്ടുകഥയെന്നാണ് ആരോപണം. മകന്റെ ശരീരത്തിൽ എംഡിഎംഎ പൊതികൾ ഒട്ടിച്ച് വിൽപ്പന നടത്തിയിട്ടില്ലെന്നും ഒരു വർഷമായി ഭർത്താവുമായി പിരിഞ്ഞു കഴിയുകയാണെന്നും ഇവർ പറഞ്ഞു. ആരോപണം തള്ളിയ പൊലീസ് കുട്ടിയെ ലഹരി വിൽപനയ്ക്ക് ഉപയോഗിച്ചെന്ന കേസ്, അമ്മയുടെ മൊഴിപ്രകാരം രജിസ്റ്റർ ചെയ്തതാണെന്ന് തിരുവല്ല ഡിവൈഎസ്പിയും വ്യക്തമാക്കി.

 

തൊഴിലാളികളെ മറന്ന ഇടത് സർക്കാർ ബ്രൂവറി കമ്പനികൾക്കും വ്യവസായ നിക്ഷേപ സംഗമങ്ങൾക്കും പിന്നാലെ പോകുകയാണെന്ന് നിയമസഭയിൽ വിമർശിച്ച് പ്രതിപക്ഷം. ക്ഷേമനിധി ബോർഡുകളിലെ പെൻഷൻ കുടിശ്ശിക നൽകാൻ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നായിരുന്നു കുറ്റപ്പെടുത്തൽ. എന്നാൽ മുഴുവൻ കുടിശ്ശികയും ഉടൻ തീർക്കുമെന്നും പ്രതിപക്ഷത്തിൻേറത് മുതലക്കണ്ണീരാണെന്നും ധനമന്ത്രി മറുപടി നൽകി.

ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ. സ്ഥിരം ട്രെയിനുകള്‍ക്ക് താല്‍ക്കാലിക സ്റ്റോപ്പുകളും സമയ പുനഃക്രമീകരണവും പ്രഖ്യാപിച്ചു.

 

ഓട്ടോറിക്ഷകളിൽ മീറ്റര്‍ ഇട്ടില്ലെങ്കിൽ യാത്ര സൗജന്യമെന്ന സ്റ്റിക്കര്‍ നിര്‍ബന്ധമാക്കാനുള്ള തീരുമാനത്തിൽ നിന്ന് പിൻവാങ്ങി സര്‍ക്കാര്‍. ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ നേതാക്കളും ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറും നടത്തിയ ചര്‍ച്ചയിലാണ് സ്റ്റിക്കര്‍ നിര്‍ബന്ധമാക്കില്ലെന്ന് തീരുമാനിച്ചത്. മീറ്റര്‍ ഇടാതെ ഓടിയാൽ യാത്ര സൗജന്യം എന്ന സ്റ്റിക്കര്‍ പതിക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിക്കും.

ഹൈക്കോടതി ഉത്തരവിന് വിരുദ്ധമായി വെടിക്കെട്ട് നടത്തിയതിന് പിന്നാലെ മരട് ദേവീക്ഷേത്രം വടക്കേ ചേരുവാരം ഭാരവാഹികൾക്കെതിരെ പൊലീസ് കേസെടുത്തു. സ്ഫോടക വസ്തു നിയമ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിയമാനുസൃത അനുമതിയില്ലാതെ ഉപയോഗിക്കാൻ പാടില്ലാത്ത സ്ഫോടക വസ്തുക്കൾ വെടിക്കെട്ടിൽ ഉൾപ്പെടുത്തിയതിനാണ് കേസ്.

 

തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ മുഴുവന്‍ സീറ്റിലും സ്ഥാനാര്‍ഥികളെ നിര്‍ത്താനൊരുങ്ങി എന്‍ഡിഎ. ഇത് സംബന്ധിച്ച് സംസ്ഥാന ഘടകത്തിന് ബി.ജെ.പി. കേന്ദ്ര നേതൃത്വത്തില്‍നിന്ന് നിര്‍ദേശമുണ്ട്. പരമാവധി സീറ്റുകളില്‍ വിജയം നേടാനും ഇതിനായി മുന്‍കൂട്ടി സ്ഥാനാര്‍ഥികളെ കണ്ടെത്താനും കൊച്ചിയില്‍ ചേര്‍ന്ന ബിജെപി കോര്‍ കമ്മറ്റി യോഗത്തില്‍ തീരുമാനമായി.

 

ലീഗിനെ പലരും മാടിവിളിക്കുകയാണെന്നും എന്നാല്‍ ലീഗിന്റേതായ സ്വപ്‌നങ്ങളുണ്ടെന്നും മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍. മുസ്‌ലിം ലീഗ് സ്ഥാപകദിന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തമിഴ്നാട്ടിലെ നിരത്തുകളിലേക്ക് പിങ്ക് ഓട്ടോകളെത്തി. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഗുണഭോക്താക്കളായ വനിതകൾക്ക് ഓട്ടോകൾ കൈമാറി. നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിലായിരുന്നു ചടങ്ങ്. സംസ്ഥാന സാമൂഹികക്ഷേമ, വനിതാ ശാക്തീകരണ വകുപ്പിന്റെ നേതൃത്വത്തിലാണ് 100 പിങ്ക് ഓട്ടോകൾ നിരത്തുകളിലേക്ക് ഇറക്കിയത്.

 

കേരളത്തിൽ നിന്നുള് ബ്രാൻഡഡ് പുട്ടുപൊടിയും അരിപ്പൊടിയുമെന്ന പേരിൽ കടത്തിയത് 33 കോടിയുടെ ലഹരി വസ്തുക്കൾ. തൂത്തുക്കുടിയിൽ നിന്ന് മാലിദ്വീപിലേക്ക് കടത്താൻ ശ്രമിച്ച 30 കിലോ ഹഷീഷ് ഓയിലാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് നിരവധിപ്പേരെ ഡിആർഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഷ്വേ ലിൻ യോനെ എന്ന ടഗ് ബോട്ടിലാണ് വലിയ രീതിയിൽ ലഹരി വസ്തുക്കൾ കടത്തിയത്.

 

ചാമ്പ്യൻസ് ട്രോഫി കിരീട നേട്ടത്തിൽ ആഘോഷിക്കുന്നതിനായി നടത്തിയ വിജയഘോഷയാത്രക്ക് പിന്നാലെ മധ്യപ്രദേശിലെ ഇൻഡോർ ജില്ലയിലെ അംബേദ്കർ നഗർ-മോവ് പട്ടണത്തിൽ വർഗീയ സംഘർഷം. സംഘർഷത്തിൽ നാല് പേർക്ക് പരിക്കേറ്റു. പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി 10.45 ഓടെ വിജയഘോഷയാത്ര നടത്തിയവർ രാത്രി വൈകി പ്രാർത്ഥന നടത്തുകയായിരുന്ന ജുമാ മസ്ജിദിന് സമീപം എത്തിയപ്പോൾ പടക്കം പൊട്ടിച്ചതോടെയാണ് സംഘർഷത്തിന് തുടക്കം.

 

രാജ്യത്ത് റെയിൽവെ നിയമത്തിൽ ഭേദഗതി ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ കൊണ്ടുവന്ന റെയിൽവെ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി. ഇടത് എംപിമാരുടെ ഭേദഗതി തള്ളിക്കൊണ്ടാണ് ബില്ല് പാസാക്കിയത്. തിരക്കേറിയ റെയില്‍വേ സ്റ്റേഷനുകളില്‍ യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി സ്റ്റേഷന് പുറത്ത് പുതിയ കാത്തിരിപ്പ് കേന്ദ്രം തുറക്കാൻ ബില്ല് ശുപാർശ ചെയ്യുന്നുണ്ട്.

ഹിന്ദുക്കളുടെ ഉടമസ്ഥതയിലുള്ള മട്ടൻ കടകൾക്ക് മൽഹാർ സർട്ടിഫിക്കറ്റ് നൽകുമെന്ന് മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ. ഹലാൽ സർട്ടിഫിക്കറ്റിന് തുല്യമാണ് മൽ​ഹാർ സർട്ടിഫിക്കറ്റെന്നും എല്ലാ ജട്ക മട്ടൺ കടകളും പുതുതായി ആരംഭിച്ച മൽഹാർ സർട്ടിഫിക്കറ്റിന് കീഴിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള സംവിധാനം ആരംഭിച്ചെന്നും ഇത്തരം കടകൾ ഹിന്ദുക്കൾ മാത്രമായി നടത്തുന്നതാണെന്ന് ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

 

യുക്രൈന്‍ പ്രസിഡന്റ് വൊളൊദിമിര്‍ സെലന്‍സ്‌കിയെ രൂക്ഷമായി ഭാഷയില്‍ വിമര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബൈഡന്റെ ഭരണകാലത്ത് കോടികണക്കിന് ഡോളര്‍ അമേരിക്കയില്‍നിന്ന് സ്വീകരിച്ചിട്ടും അതിന്റെ നന്ദി കാണിക്കാത്ത ആളാണ് സെലന്‍സ്‌കിയെന്നാണ് ട്രംപ് കുറ്റപ്പെടുത്തിയിരിക്കുന്നത്.

 

ഹോളി ദിനത്തില്‍ മുസ്ലീങ്ങള്‍ വീടിന് പുറത്തിറങ്ങിപ്പോവരുതെന്ന ബിഹാറിലെ ബി.ജെ.പി. എം.എല്‍.എ. ഹരിഭൂഷന്‍ ടാക്കൂര്‍ ബചോലിന്റെ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ ..ഭാഷയില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്. ഈ സംസ്ഥാനം എം.എല്‍.എയുടെ അച്ഛന്റെ സ്വന്തമാണോ എന്ന് ചോദിച്ച തേജസ്വി യാദവ്, എം.എല്‍.എയെ ശാസിക്കാനും മാപ്പുപറയിപ്പിക്കാനും മുഖ്യമന്ത്രി നിതീഷ് കുമാറിനോട് ആവശ്യപ്പെട്ടു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *