Untitled design 20250112 193040 0000

 

 

സിപിഎം സംസ്ഥാന സമ്മേളനത്തിലെ പൊതുചര്‍ച്ചയിൽ എംവി ഗോവിന്ദന് രൂക്ഷ വിമര്‍ശനവും മുഖ്യമന്ത്രി പിണറായി വിജയന് തലോടലും. വിമര്‍ശനങ്ങൾ ഉണ്ടാകുമ്പോൾ പ്രതിരോധിക്കാൻ പോലും ആളില്ലാതെ മുഖ്യമന്ത്രി ഒറ്റപ്പെടുകയാണ്. പദവികളെല്ലാം കണ്ണൂരുകാര്‍ക്ക് വീതം വെക്കുന്നെന്ന രൂക്ഷ വിമര്‍ശനമാണ് എംവി ഗോവിന്ദനെതിരെ ഉയര്‍ന്നത്. കേരളം ബംഗാളാക്കരുതെന്ന മുന്നറിയിപ്പ് അടക്കമുള്ള സമ്മേളന റിപ്പോര്‍ട്ട് നേരത്തെപുറത്ത് വന്നിരുന്നു.

 

ട്രംപിന്‍റെ ഇറക്കുമതി താരിഫ് നയത്തിനെക്കുറിച്ചും റഷ്യ-യുക്രെയിന്‍ യുദ്ധത്തെക്കുറിച്ചും ചര്‍ച്ച ചെയ്തു പ്രമേയം പാസാക്കുന്ന സിപിഎം സംസ്ഥാന സമ്മേളനം എന്തു കൊണ്ട് കേരളത്തെ വരിഞ്ഞുമുറുക്കുന്ന ലഹരിമാഫിയയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നില്ലെന്ന് രമേശ് ചെന്നിത്തല ചോദിച്ചു.ഓരോ ദിവസവും ഞെട്ടിക്കുന്ന വാര്‍ത്തകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. കണ്ണടച്ച് ഇരുട്ടാക്കുകയാണ് ഈ സിപിഎം സംസ്ഥാന സമ്മേളനമെന്നും ചെന്നിത്തല പരിഹസിച്ചു.

 

മാടായി കോളേജ് നിയമന വിവാദത്തിൽ സ്വീകരിച്ച നടപടി പിൻവലിച്ച് കണ്ണൂർ ഡിസിസി. കെപിസിസി സമിതി നിർദേശത്തെ തുടർന്നാണ് എട്ട് പേരുടെ സസ്പെൻഷൻ പിൻവലിച്ചത്. എംകെ രാഘവൻ എംപിക്കെതിരെ പ്രതിഷേധിച്ചവരെ ഡിസിസി സസ്പെൻഡ് ചെയ്തിരുന്നു.

 

ആശാവർക്കർമാരെക്കുറിച്ച് ആവർത്തിച്ചുള്ള ചോദ്യങ്ങളിൽ പ്രകോപിതനായി സംസ്ഥാന സര്‍ക്കാരിന്‍റെ ദില്ലിയിലെ പ്രതിനിധി കെവി തോമസ്. ആശാവർക്കർമാരുടെ സമരം മാത്രമല്ല സംസ്ഥാനത്തെ പ്രശ്നമെന്നായിരുന്നു കെവി തോമസിന്റെ മറുപടി. കണക്കുകൾ സംബന്ധിച്ചുള്ള ചോദ്യങ്ങൾക്കും മറുപടിയില്ല. മുഖ്യമന്ത്രി ധനമന്ത്രി നിർമല സീതാരാമനെ കാണുമെന്നും കെ വി തോമസ് പറഞ്ഞു.

 

സ്കൂളുകളിൽ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളെ പഠിപ്പിക്കാനുള്ള സ്പെഷ്യൽ എജുക്കേറ്റർമാരുടെ നിയമനത്തിൽ നിർണ്ണായക ഇടെപലുമായി സുപ്രീം കോടതി. സംസ്ഥാനങ്ങളിലെ സ്കുകളുകളിലെ സ്പെഷ്യൽ എജുക്കേറ്റർമാരുടെ തസ്തികകൾ 12 ആഴ്ചകൾക്കകം കണ്ടെത്തി പ്രസിദ്ധീകരിക്കാനാണ് സൂപ്രീം കോടതി നിർദ്ദേശം. ഇവരുടെ സ്ഥിര നിയമനം സംബന്ധിച്ച് 2021ലെ സുപ്രീം കോടതി വിധി നടപ്പാക്കാത്തത് ചോദ്യം ചെയ്തുള്ള കോടതിയലക്ഷ്യ ഹർജിയിലാണ് ഉത്തരവ്.

 

ചോദ്യപേപ്പര്‍ ചോര്‍ച്ച കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷുഹൈബിനെ കോടതി റിമാന്‍ഡ് ചെയ്തു. താമരശ്ശേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് എംഎസ് സൊല്യൂഷന്‍ സിഇഒ കൂടിയായ ഷുഹൈബിനെ റിമാന്‍ഡ് ചെയ്തത്. ഇയാളെ കസ്റ്റഡിയില്‍ ലഭിക്കാന്‍ തിങ്കളാഴ്ച പൊലീസ് അപേക്ഷ നല്‍കും. ചോദ്യപേപ്പര്‍ അധ്യാപകര്‍ക്ക് ചോര്‍ത്തി നല്‍കിയ മലപ്പുറത്തെ അണ്‍ എയ്ഡഡ് സ്കൂളിലെ പ്യൂണായ അബ്ദുല്‍ നാസറിന്റെ ജാമ്യാപേക്ഷ താമരശ്ശേരി കോടതി ഇന്ന് തള്ളി.

 

പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ ലഹരിക്കടത്ത് കേസിൽ അറസ്റ്റ് ചെയ്തു. യൂത്ത് കോൺഗ്രസ് പ്രവർത്തകനായ എസ്.നസീബാണ് പിടിയിലായത്. എക്സൈസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 300 ഗ്രാം കഞ്ചാവാണ് പ്രതിയുടെ പക്കൽ നിന്നും കണ്ടെടുത്തത്. ഒരു വർഷം മുൻപും ഇയാൾക്കെതിരെ എക്സൈസ് കഞ്ചാവ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

 

താനൂരിൽ നിന്ന് കാണാതായ പെണ്‍കുട്ടികളുമായി പൊലീസ് സംഘം കേരളത്തിലേക്ക് പുറപ്പെട്ടു. താനൂരിൽ നിന്നും എത്തിയ പൊലീസ് സംഘത്തോടൊപ്പമാണ് പെണ്‍കുട്ടികള്‍ ട്രെയിനിൽ നാട്ടിലേക്ക് വരുന്നത്. നാളെ വൈകിട്ടോടെ പെൺകുട്ടികളെ രക്ഷിതാക്കൾക്ക് അടുത്ത് എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. അതേസമയം ഇവർക്ക് ഒപ്പമുണ്ടായിരുന്ന യുവാവ് ഏതെങ്കിലും തരത്തിൽ കുട്ടികൾക്ക് ഇത്തരത്തിലുള്ള യാത്രയ്ക്ക് പ്രേരണ നൽകിയിട്ടുണ്ടോ എന്നതിനെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

 

താനൂരിലെ പെൺകുട്ടികളെ കാണാതായ സംഭവത്തിൽ മുംബൈയിലെ ബ്യൂട്ടിപാർലറിന്‍റെ റോൾ അന്വേഷണ വിധേയമാക്കണമെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. അവിടെനിന്നും അറിഞ്ഞ കൃത്യമായ ചില വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പറയുന്നത്. കസ്റ്റമറുടെ വീഡിയോ എടുത്ത് സൂക്ഷിച്ചു എന്നൊക്കെ പറയുന്നതിലുള്ള അവിശ്വസനീയത കൊണ്ടാണ് അന്വേഷിച്ചത്.

പൊതുജനങ്ങളുടെ ജീവനും വസ്തുവകകൾക്കും കൃഷിക്കും സ്വൈര്യ ജീവിതത്തിനും ഭീഷണിയാകുന്ന പന്നികളെ കൊന്നൊടുക്കുന്നവർക്ക് നൽകുന്ന ഹോണറേറിയം വർദ്ധിപ്പിച്ചു. പന്നികളെ കൊല്ലുവാൻ അംഗീകാരമുള്ള ഷൂട്ടർമാർക്ക് അവയെ വെടിവെച്ച് കൊലപ്പെടുത്തിയാൽ 1500 രൂപ നിരക്കിൽ ഹോണറേറിയം അനുവദിക്കും. സംസ്ഥാന സവിശേഷ ദുരന്തമായി മനുഷ്യ- വന്യജീവി സംഘർഷം ഉൾപ്പെടുത്തിയ സാഹചര്യത്തിൽ ഇത്തരം പ്രതിരോധ നടപടികൾക്ക് വേണ്ടിവരുന്ന തുക സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് ചിലവഴിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകിയിരുന്നു.

 

മലപ്പുറം കോഡൂരിൽ ബസ് ജീവനക്കാരുടെ മർദ്ദനത്തിന് പിന്നാലെ ഓട്ടോറിക്ഷ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിലെ ദൃശ്യങ്ങൾ പുറത്ത്. മലപ്പുറം മാണൂർ സ്വദേശി അബ്ദുൽ ലത്തീഫ് ആണ് മരിച്ചത്. മർദനത്തിൽ പരിക്കേറ്റ അബ്ദുൽ ലത്തീഫ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയപ്പോൾ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടതിന് ശേഷം മർദ്ദനമാണ് മരണകാരണമെന്ന് കണ്ടെത്തുകയാണെങ്കിൽ കൊലക്കുറ്റം അടക്കമുള്ള വകുപ്പുകൾ ബസ് ജീവനക്കാർക്കെതിരെ ചുമത്തും.

 

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട് പ്രതി അഫാനെ വിവിധ സ്ഥലങ്ങളിൽ കൊണ്ട് പോയി തെളിവെടുപ്പ് നടത്തി. അമ്മൂമ്മയെ കൊലപ്പെടുത്തിയ കേസിലായിരുന്നു തെളിവെടുപ്പ്. വൈകിട്ട് നാലരയോടെയാണ് പൊലിസ് സംഘം അഫാനുമായി പാങ്ങോട് സ്റ്റേഷനിൽ നിന്നിറങ്ങിയത്. ആറ്റിങ്ങൽ ഡിവൈഎസ്പി മഞ്ജുനാദ് അടക്കമുള്ള ഉദ്യഗസ്ഥരുടെ കീഴിൽ വൻ പൊലീസ് സുരക്ഷയോടെയായിരുന്നു തെളിവെടുപ്പ്.

 

യുവാവിന്‍റെ കാല് തല്ലിയൊടിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍. ക്വട്ടേഷന്‍ നല്‍കിയ ആളെയും ഗുണ്ടാ സംഘത്തിലെ അംഗത്തേയുമാണ് ഫറൂഖ് പൊലീസ് പിടികൂടിയത്. കരുമകന്‍ കാവിന് സമീപം താമസിക്കുന്ന ലിന്‍സിത്ത് ശ്രീനിവാസന്‍ (37)എന്നയാളാണ് ക്വട്ടേഷന്‍ നല്‍കിയത്. ഇയാളേയും ക്വട്ടേഷന്‍ സംഘത്തിലെ ജിതിന്‍ റൊസാരിയോ(27) എന്ന യുവാവിനേയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഒറ്റപ്പാലത്ത് സി.പി.എം ഭരിക്കുന്ന സഹകരണ അർബൻ ബാങ്കിൽ വൻ ക്രമക്കേട്. ബാങ്ക് സീനിയർ അക്കൗണ്ടൻറ് മോഹന കൃഷ്ണൻ മുക്കുപണ്ടം പണയം വെച്ച് 45 ലക്ഷം രൂപ തട്ടി. മോഹന കൃഷ്ണനെ സസ്പെൻ്റ് ചെയ്ത് ബാങ്ക് അധികൃതർ പൊലീസിൽ പരാതി നൽകി. മോഹനകൃഷ്ണനും സി പി എം ലോക്കൽ കമ്മിറ്റി അംഗം ഉൾപ്പെടെയുള്ള 3 ബന്ധുക്കൾക്കും എതിരെ പൊലീസ് കേസെടുത്തു.

 

മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട് നിർണായക നീക്കവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. കേരളമടക്കം ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോ​ഗം വിളിച്ചു. ഈ മാസം 22ന് ചെന്നൈയിലാണ് യോഗം നടക്കുക.സംയുക്ത സമിതി രൂപീകരിച്ച് മണ്ഡല പുനർനിർണയത്തിനെതിരെ സമ്മർദം ചെലുത്താനാണ് സ്റ്റാലിന്‍റെ നീക്കം.

ഇന്ത്യൻ വ്യോമ സേനയുടെ ജാഗ്വാർ യുദ്ധവിമാനം സിസ്റ്റം തകരാർ മൂലം തകർന്നു വീണു. ഹരിയാനയിലെ പഞ്ചകുളയ്ക്കടുത്താണ് സംഭവം. പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെട്ടു. ജനവാസമേഖല ഒഴിവാക്കിയാണ് പൈലറ്റ് യുദ്ധവിമാനത്തെ മലയിടുക്കള്‍ക്ക് സമീപം ഇടിച്ചിറക്കിയത്.

 

ആശാ വര്‍ക്കര്‍മാരുടെ സമരം ശക്തമാകുന്നതിനിടെ കേന്ദ്രധനമന്ത്രിക്ക് മുന്നില്‍ കേരളത്തിന് കിട്ടാനുള്ള വിഹിതത്തിന്‍റെ കണക്ക് ബോധ്യപ്പെടുത്താനാവാതെ സംസ്ഥാന സര്‍ക്കാരിന്‍റെ ദില്ലിയിലെ പ്രതിനിധി കെ വി തോമസ്. കൂടിക്കാഴ്ചക്കെത്തിയ കെ വി തോമസിനോട് സീതാരാമന്‍ വിശദമായ കുറിപ്പ് ഹാജരാക്കാന്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ആവശ്യപ്പെട്ടു. ബുധനാഴ്ച മുഖ്യമന്ത്രി കേന്ദ്ര ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.

 

തെലങ്കാന ടണൽ ദുരന്തസ്ഥലത്ത് മനുഷ്യശരീരത്തിന്റെ ഗന്ധം ലഭിച്ച രണ്ട് ഇടങ്ങൾ കണ്ടെത്തി കേരളത്തിൽ നിന്നുള്ള കഡാവർ നായ്ക്കൾ. മായയും മർഫിയുമാണ് ഇന്ന് രാവിലെ ടണലിന് അകത്ത് പരിശോധന നടത്തിയത്. ഈ രണ്ട് ഇടങ്ങളിലേക്കും മൺവെട്ടി കൊണ്ട് മാത്രമേ ഇന്നും പരിശോധിക്കാൻ സാധിക്കുന്നുള്ളൂ. വലിയ യന്ത്രസാമഗ്രികൾ ഇന്നും കൊണ്ട് വരാൻ കഴിഞ്ഞില്ല ഒരു മാസമെങ്കിലും നീണ്ട ശേഷമേ ദൗത്യം അവസാനിപ്പിക്കാനാകൂ എന്ന് തെരച്ചിൽ സംഘം അറിയിച്ചു.

 

അനധികൃത കുടിയേറ്റത്തിന്റെ പേരില്‍ യുഎസില്‍ നിന്നും നാടുകടത്തിയ പതിനൊന്ന് ഇന്ത്യക്കാർക്ക് ഇഡിയുടെ നോട്ടീസ്. ഇന്ത്യയില്‍ നിന്നും ആളുകളെ ഡങ്കി റൂട്ടുകള്‍ വഴി യുഎസിലേക്ക് എത്തിക്കുന്ന ഏജന്റുമാര്‍ക്ക് എതിരായ അന്വേഷണത്തിന്റെ ഭാഗമായാണ് ഇഡി സമന്‍സ് അയച്ചത്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമാണ് നടപടി.

 

ഐപിഎസ് ഓഫീസറുടെ മകളും നടിയുമായി രന്യ റാവു സ്വർണക്കടത്ത് കേസിൽ പിടിയിലായതിന് പിന്നാലെ ബെംഗളൂരു വിമാനത്താവളത്തിലെ സുരക്ഷാ നടപടികൾ പുനക്രമീകരിക്കാൻ തീരുമാനം. പ്രോട്ടോകോൾ പ്രകാരമുള്ള പരിരക്ഷ ഇനി ഐപിഎസ്, ഐഎഎസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾക്ക് ലഭിക്കില്ല. പ്രോട്ടോകോൾ പരിരക്ഷ സ്വർണക്കടത്തിനായി ദുരുപയോഗം ചെയ്യപ്പെട്ട സാഹചര്യത്തിലാണ് കർണാടക സർക്കാരിന്‍റെ തീരുമാനം.

ഇറാനുമായി ആണവക്കരാറിന് തയ്യാറാണെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കരാറില്‍ ചര്‍ച്ചയ്ക്ക് തയ്യറാണെന്ന് അറിയിച്ച് ഇറാന് കത്തെഴുതിയതായി ട്രംപ് അറിയിച്ചു. ഇറാന്‍ ചര്‍ച്ചയ്ക്ക് തയ്യാറാവുമെന്നാണ് പ്രതീക്ഷയെന്നും ഫോക്‌സ് ബിസിനസ് നെറ്റ്‌വര്‍ക്കിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് വ്യക്തമാക്കി.

യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവഭീഷണിക്കിടെ ഇന്ത്യയും ചൈനയും ഒന്നിച്ചുപ്രവര്‍ത്തിക്കണമെന്ന ആഹ്വാനവുമായി ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി. അധികാരരാഷ്ട്രീയത്തേയും ‘ഹെജിമണി’ (മേധാവിത്വം)യേയും എതിര്‍ക്കുന്നതില്‍ ഇരുരാജ്യങ്ങളും നേതൃപരമായ പങ്കുവഹിക്കണമെന്ന്‌ വാങ് യി ആവശ്യപ്പെട്ടു.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *