പാലിയേറ്റീവ് പരിചരണം സാര്‍വത്രികമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി. രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. മുഖ്യമന്ത്രി പ്രഖ്യാപിച്ച സാര്‍വത്രിക പാലിയേറ്റീവ് കെയര്‍ സേവനത്തിനായി തയ്യാറാക്കിയ ഒന്നാം ഘട്ട പദ്ധതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ യോഗം ചര്‍ച്ച ചെയ്ത് അന്തിമ രൂപമാക്കി.
പത്താംക്ളാസ് വിദ്യാര്‍ത്ഥി ഷഹബാസിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് മെറ്റ കമ്പനിയില്‍ നിന്ന് വിവരങ്ങള്‍ തേടി അന്വേഷണ സംഘം. സംഘര്‍ഷം ആസൂത്രണം ചെയ്ത ഇന്‍സ്റ്റഗ്രാം ഗ്രൂപ്പിനെക്കുറിച്ചുളള വിവരങ്ങള്‍ അറിയാനായാണ് നീക്കം. താമരശ്ശേരിയിലെ ഷഹബാസിന്‍റെ വീട്ടിലെത്തിയ അന്വേഷണ സംഘം മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെ പരിശോധിച്ചു. സൈബര്‍ പൊലീസ് ഉള്‍പ്പെടുന്ന അന്വേഷണ സംഘം താമരശ്ശേരിയിലെ ഷഹബാസിന്‍റെ വീട്ടിലെത്തി പരിശോധനയും നടത്തി. ഷഹബാസിന്‍റെ ഫോണുള്‍പ്പെടെ സംഘം പരിശോധിച്ചു.
ആശാ വർക്കർമാരുടെ സമരത്തെ പിന്തുണച്ചും സി ഐ ടി യു നേതാവ് കെ എൻ ഗോപിനാഥിന്‍റെ ‘ഉമ്മ കൊടുത്തോ’ പരാമർശത്തെ വിമർശിച്ചും വടകര എം പി ഷാഫി പറമ്പിൽ . മനസാക്ഷി ഉള്ളവർക്ക് ആശാ വർക്കർമാർക്ക് ഉമ്മ കൊടുക്കാൻ തോന്നുമെന്ന് പറഞ്ഞ ഷാഫി, ഒരു കുഞ്ഞ് ജനിക്കുന്നതിന് മുന്നേ തന്നെ അമ്മയെ പരിപാലിച്ച് തുടങ്ങുന്നവരാണ് ആശാ വർക്കർമാരെന്നും ചൂണ്ടികാണിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപി സമരം ചെയ്യുന്ന ആശ വർക്കർമാർക്ക് കുട മാത്രമാണോ ഇനി ഉമ്മ കൂടി കൊടുത്തോ എന്നറിയില്ലെന്ന സി ഐ ടി യു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥിന്‍റെ അധിക്ഷേപത്തിനായിരുന്നു ഷാഫിയുടെ മറുപടി.
വാളയാർ കേസിൽ സുപ്രധാന നീക്കവുമായി സിബിഐ കോടതിയിൽ. മരിച്ച പെൺകുട്ടികളുടെ അമ്മയെയും, ഇളയ പെൺകുട്ടിയുടെ അച്ഛനും, മൂത്ത കുട്ടിയുടെ രണ്ടാനച്ഛനുമായ വ്യക്തിയെയും കേസിൽ പ്രതി ചേർക്കണമെന്ന് സിബിഐ വിചാരണ കോടതിയിൽ ആവശ്യപ്പെട്ടു. വാളയാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിൽ അമ്മയ്ക്കും പങ്കുണ്ടെന്നാണ് സിബിഐ കണ്ടെത്തൽ. ആകെയുള്ള 9 കേസുകളിൽ 6 എണ്ണത്തിൽ അമ്മയെയും അച്ഛനെയും പ്രതി ചേർത്തതായി സിബിഐ കോടതിയെ അറിയിച്ചു.
സംസ്ഥാനത്തെ റാഗിങ് കേസുകളിൽ യുജിസിയെ കക്ഷി ചേര്‍ക്കാനുള്ള സുപ്രധാന തീരുമാനമെടുത്ത് ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച്. റാഗിങ് കേസുകള്‍ പരിഗണിക്കാനായി രൂപീകരിച്ച പ്രത്യേക ബെഞ്ചിന്‍റെ ആദ്യ സിറ്റിങിലാണ് നിര്‍ണായക തീരുമാനം. റാഗിങ് നിരോധന നിയമം പ്രകാരം സംസ്ഥാനത്തെ കോളേജുകളിൽ പ്രത്യേക നിയമങ്ങൾ രൂപീകരിക്കണമെന്നും സർക്കാരിനും പ്രവർത്തന ഗ്രൂപ്പ് രൂപീകരിക്കാമെന്നും പ്രത്യേക ബെഞ്ച് നിര്‍ദേശിച്ചു.
അന്താരാഷ്ട്ര വനിതാ ദിനാചരണത്തോടനുബന്ധിച്ച് വനിതാ-ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 8ന് തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി ആഡിറ്റോറിയത്തിൽ സംസ്ഥാനതല പരിപാടികൾ സംഘടിപ്പിക്കും. പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം മാർച്ച് 8ന് വൈകുന്നേരം അഞ്ച് മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ച് ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് നിർവഹിക്കും. വിവിധ മേഖലകളിൽ തങ്ങളുടേതായ വ്യക്തിമുദ്രയും മികവും പ്രകടമാക്കിയ വിശിഷ്ട വ്യക്തിത്വങ്ങൾക്ക് വനിതാ രത്ന പുരസ്‌കാരം നൽകും.
മതനിരപേക്ഷ കക്ഷികള്‍ക്ക് കോണ്‍ഗ്രസിനെ വിശ്വസിക്കാനാവില്ലെന്ന ബിജെപിയുടെ പല്ലവി ഏറ്റുപാടുന്ന മുഖ്യമന്ത്രി പിണറായി വിജയനെ ആര്‍എസ്എസ് പ്രചാരക് ആക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ബിജെപിയെ ഫാസിസ്റ്റ് എന്നു വിളിക്കാന്‍ പോലും നാക്കുപൊന്താത്ത മുഖ്യമന്ത്രി ഇന്ത്യാസഖ്യത്തിനു നേതൃത്വം കൊടുക്കുന്ന കോണ്‍ഗ്രസിനെയാണ് വളഞ്ഞിട്ട് ആക്രമിക്കുന്നതെന്ന് സുധാകരൻ കുറ്റപ്പെടുത്തി.
ബസ് റൂട്ട് പെര്‍മിറ്റ് മാറ്റാൻ കൈക്കൂലിയായി മദ്യവും പണവും ആവശ്യപ്പെട്ട കേസിൽ എറണാകുളം മുൻ ആര്‍ടിഒ ജേഴ്സന് ജാമ്യം. കേസിലെ മറ്റു രണ്ടു പ്രതികള്‍ക്കും ജാമ്യം ലഭിച്ചു. ജേഴ്സന്‍റെ റിമാന്‍ഡ് കാലാവധി തീരാനിരിക്കെയാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചത്. നേരത്തെ കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു.ജേഴ്സൻ എറണാകുളം ആര്‍ടിഒ ആയിരിക്കെയാണ് ബസ് റൂട്ട് പെര്‍മിറ്റ് മാറ്റാൻ കൈക്കൂലിയായി പണവും മദ്യവും ആവശ്യപ്പെട്ടത്.
സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് കൊടിയേറ്റം. ആശ്രാമത്തെ സീതാറാം യെച്ചൂരി നഗറിൽ സ്വാഗത സംഘം ചെയർമാൻ കെ.എൻ.ബാലഗോപാൽ പാതാക ഉയർത്തി. മധുരയിൽ ഏപ്രിൽ 2 മുതൽ 6 വരെ നടക്കുന്ന 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി മാർച്ച് 6 മുതൽ 9 വരെയാണ് സംസ്ഥാന സമ്മേളനം.കോടിയേരി ബാലകൃഷ്‌ണൻ നഗറിലാണ് പ്രതിനിധി സമ്മേളനം. പൊളിറ്റ്‌ബ്യൂറോ അംഗം പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും.
കണ്ണൂർ കരിക്കോട്ടക്കരിയിലെ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വെച്ചു പിടികൂടി. വെറ്റിനറി ഡോക്ടർ അജീഷ് മോഹൻദാസിൻ്റെ നേതൃത്വത്തിലാണ് മയക്ക് വെടി വെച്ചത്. പിടികൂടിയ ആനയുടെ കാലില്‍ വടം കെട്ടി മുറിവില്‍ മരുന്നുവെച്ചു. താടിയെല്ലിന് ഗുരുതരമായി പരിക്കേറ്റ നിലയിലാണ് കുട്ടിയാനയുടെ അവസ്ഥ. ആനയ്ക്ക് വിദഗ്ധ ചികിത്സ നൽകുമെന്ന് വനംവകുപ്പ് അറിയിച്ചു.
പത്തുവര്‍ഷം മുന്‍പ് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ ഇന്‍ഷുറന്‍സ് ക്ലെയിം അനുവദിക്കാത്ത കമ്പനിക്കെതിരെ മനുഷ്യാവകാശ കമ്മിഷന്‍. അവകാശികള്‍ക്ക് ക്ലെയിം അനുവദിക്കുന്ന കാര്യത്തില്‍ കമ്പനി രണ്ടുമാസത്തിനകം തീരുമാനം എടുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവിട്ടു. വിഴിഞ്ഞം കടപ്പുറത്തുനിന്നും 2014 നവംബര്‍ 16-ന് കടലില്‍ പോയ പള്ളിത്തുറ പുരേടത്തില്‍ ബിജുവിനെയാണ് കാണാതായത്.
വയനാട് മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ 207 വായ്പകളിലായി 3.85 കോടി രൂപ എഴുതിത്തള്ളുമെന്ന് കേരള ബാങ്ക്. ഉരുള്‍പ്പൊട്ടലില്‍ സര്‍വ്വതും നഷ്ടപ്പെട്ട ആളുകളില്‍ കേരള ബാങ്കിന്റെ ചൂരല്‍മല, മേപ്പാടി ശാഖകളില്‍ വായ്പ ഉള്ളവരുടെ വായ്പ എഴുതിത്തള്ളുന്നതിന്റെ ഭാഗമായാണ് നടപടി.
കാക്കനാട് തെങ്ങോട് ഗവ. ഹൈസ്കൂളിൽ വിദ്യാർത്ഥിനിക്ക് നേരെ സഹപാഠികൾ നായ്ക്കുരണ പൊടി എറിഞ്ഞ സംഭവത്തിൽ അധ്യാപകര്‍ക്കെതിരെ നടപടി. മൂന്ന് അധ്യാപകരെ സസ്പെൻ്റ് ചെയ്യുകയും ഒരാളെ സ്ഥലം മാറ്റുകയും ചെയ്തു. പി എസ് ശ്രീകാന്ത്, ജിഷ ജോസഫ്, എൻ.എസ് ദീപ എന്നിവരെയാണ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സസ്പെൻ്റ് ചെയ്തത്. അധ്യാപികയായ ആർ എസ് രാജിയെയാണ് സ്ഥലം മാറ്റിയത്.
തിരുവനന്തപുരം നാവായിക്കുളത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഗ്രീഷ്മ. ജി. ഗിരീഷിനെയാണ് കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കല്ലമ്പലം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
പാലക്കാട് അട്ടപ്പാടിയിൽ മാനസിക വെല്ലുവിളി നേരിടുന്ന അച്ഛനെ മക്കൾ കൊലപ്പെടുത്തി. അഗളി ഒസത്തിയൂരിലെ ഈശ്വരനെയാണ് മക്കളായ രാജേഷും, രഞ്ജിത്തും അടിച്ചു കൊലപ്പെടുത്തിയത്.നാട്ടുകാർ അറിയിച്ചതിന്നെ തുടർന്നാണ് അഗളി പൊലീസെത്തി ഇവരെ പിടികൂടിയത്. മക്കൾ മദ്യലഹരിയിലായിരുന്നു.
കോട്ടയം ഏറ്റുമാനൂരിൽ അമ്മയും രണ്ട് പെൺമക്കളും ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. തൊടുപുഴ സ്വദേശി ചേരിയിൽ വലിയപറമ്പിൽ നോബി ലൂക്കോസിനെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി.നിലവിൽ കേസിൽ നോബി മാത്രമാണ് പ്രതി. കുടുംബത്തിലെ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും പൊലീസ് പരിശോധിക്കുകയാണ്.
മലപ്പുറത്ത് മയക്കുമരുന്ന് കേസുകളിലെ രണ്ട് പ്രതികളെ കാപ്പ ചുമത്തി തടവിലാക്കി. നിരവധി മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ട കുപ്രസിദ്ധ ഗുണ്ടകളായ കൊണ്ടോട്ടി ഒളവട്ടൂർ സ്വദേശി മുഹമ്മദ് ഷാഫി, കല്പകഞ്ചേരി വൈലത്തൂർ സ്വദേശി ജാഫറലി, എന്നിവരെയാണ് കാപ്പ നിയമം ചുമത്തി അറസ്റ്റ് ചെയ്തത്. കഞ്ചാവ്, എംഡിഎംഎ തുടങ്ങിയ നിരോധിത മയക്കുമരുന്ന് ഉൽപ്പന്നങ്ങൾ വിൽപ്പനക്കായി കൈവശം വെച്ച കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരാണ് രണ്ട് പേരും.
കന്നട യുവനടി രന്യ റാവുവിന്റെ അറസ്റ്റിന് പിന്നാലെ മകളുമായി മാസങ്ങളായി ബന്ധമില്ലെന്ന പ്രതികരണവുമായി കർണാടക ഡിജിപി കെ രാമചന്ദ്ര റാവു. കേസിൽ നിന്ന് സ്വയം അകലം പാലിക്കുന്നുവെന്നാണ് മാധ്യമങ്ങളോട് കർണാടക ഡിജിപി കെ രാമചന്ദ്ര റാവു പ്രതികരിച്ചത്. നിലവിലെ സംഭവം വലിയ അപമാനവും ഞെട്ടലും നിരാശയും ഉണ്ടാക്കുന്ന ഒന്നാണെന്നും അദ്ദേഹം വിശദമാക്കി.1850 പവൻ സ്വർണമാണ് യുവ നടിയിൽ നിന്ന് ഡിആർഐ പിടികൂടിയത്. 12 കോടിയിലേറെ വിലവരുന്ന സ്വർണമാണ് യുവനടി കടത്തിക്കൊണ്ട് വന്നത്.
സിഐഎസ്എഫിന്റെ 56-ാമത് സ്ഥാപക ദിനത്തോടനുബന്ധിച്ച് രാജ്യത്തിന്റെ പടിഞ്ഞാറൻ, കിഴക്കൻ കടൽത്തീരങ്ങൾ ചുറ്റി സഞ്ചരിക്കുന്ന 6,553 കിലോമീറ്റർ ദൈർഘ്യമുള്ള സൈക്കിൾ റാലി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഫ്ലാഗ് ഓഫ് ചെയ്യും. 14 സ്ത്രീകൾ ഉൾപ്പെടെ 125 സൈക്ലിസ്റ്റുകളാണ് പങ്കെടുക്കുന്നത്. മാർച്ച് 7 ന് ഗുജറാത്തിൽ നിന്നും പശ്ചിമ ബംഗാളിൽ നിന്നും ഒരേസമയം സൈക്ലോത്തൺ ആരംഭിക്കും. 25 ദിവസത്തെ പരിപാടിയിൽ 11 സംസ്ഥാനങ്ങളിലൂടെ റാലി സഞ്ചരിക്കും.
ദില്ലി അംബേദ്കർ സർവ്വകലാശാലയിലെ യൂണിയൻ തെരഞ്ഞെടുപ്പിൽ എസ് എഫ് ഐക്ക് വിജയം. 45 സീറ്റിൽ 24 സീറ്റും വിജയിച്ച എസ് എഫ് ഐ സർവകലാശാല യൂണിയൻ ഭരണവും പിടിച്ചെടുത്തു. ആറു വർഷത്തിന് ശേഷം സർവ്വകലാശാലയിൽ നടന്ന തെരഞ്ഞെടുപ്പിലാണ് എസ് എഫ് ഐ അധികാരം പിടിച്ചെടുത്തത്.