വമ്പൻ നിക്ഷേപ പ്രഖ്യാപനത്തോടെ ഇൻവെസ്റ്റ് കേരള നിക്ഷേപക സംഗമത്തിന് സമാപനം. കൊച്ചിയിൽ നടന്ന ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപ സംഗമത്തിലൂടെ കേരളത്തിലേക്ക് ഒന്നര ലക്ഷം കോടിയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചതായി വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അറിയിച്ചു. ഇതിനോടകം കേരളത്തിൽ പ്രവർത്തിക്കുന്നതുൾപ്പെടെ 374 കമ്പനികൾ നിക്ഷേപ താത്പര്യ കരാറിൽ ഒപ്പിട്ടു. ആകെ 1,52,905 കോടിയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചുവെന്നും മന്ത്രി അറിയിച്ചു. കേരളത്തിന്റെ തൊഴിൽ സംസ്കാരം മാറി. കമ്പനികളുടെ നിക്ഷേപത്തിന് സമയമെടുക്കുമെന്നും രാജീവ് വ്യക്തമാക്കി.
ആശാവർക്കർമാരുടെ സമരത്തിന് ഉത്തരവാദി കേന്ദ്രസർക്കാരെന്ന് മുതിർന്ന സിപിഐ നേതാവ് ആനി രാജ . ആശാവർക്കരർമാരെ കേന്ദ്രമിപ്പോഴും തൊഴിലാളികളായി അംഗീകരിച്ചിട്ടില്ല. അങ്ങനെ ചെയ്താൽ തൊഴിലാളികൾക്ക് ആനുകൂല്യം കിട്ടുമെന്നും ആനി രാജ പറഞ്ഞു. പ്രതിമാസം ഏഴായിരം രൂപ സംസ്ഥാനത്ത് കിട്ടുന്നത് വലിയ കാര്യമാണ്. മറ്റ് പല സംസ്ഥാനങ്ങളിലും ആയിരമോ, ആയിരത്തഞ്ഞൂറോ രൂപയാണ് കിട്ടുന്നത്. പിഎസ്‍സിയിലെ ശമ്പള വർധനക്കും കെ വി തോമസിൻ്റെ യാത്രാബത്ത കൂട്ടിയതിനും തക്ക കാരണങ്ങളുണ്ടാകുമെന്നും ആനി രാജ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി വിചാരിച്ചാൽ അര മണിക്കുർ കൊണ്ട് തിരാവുന്ന വിഷയമാണ് ആശാ വർക്കർമാരുടെതെന്ന് രമേശ് ചെന്നിത്തല. അവരുടെ പ്രയാസങ്ങൾ എന്തെന്ന് അറിയണം. വെറും 232 രൂപ കൊണ്ട് ഇക്കാലത്ത് ആർക്കാണ് ജീവിക്കാൻ കഴിയുക? മുഖ്യമന്ത്രി ഈ പ്രശ്നം പരിഹരിക്കാൻ അടിയന്തിരമായി ഇടപ്പെടുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ 28 തദ്ദേശവാർഡുകളിൽ ഫെബ്രുവരി 24 ന് വോട്ടെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. വോട്ടെടുപ്പ് തിങ്കളാഴ്ച രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ്.വയനാട് ഒഴികെയുള്ള 13 ജില്ലകളിലെ 30 വാർഡുകളിലെ ഉപതെരഞ്ഞെടുപ്പിനാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നത്.വോട്ടെണ്ണൽ ഫെബ്രുവരി 25 ന് രാവിലെ 10 ന് വിവിധ കേന്ദ്രങ്ങളിൽ നടത്തും.
സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’ ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിനില്‍ പങ്കെടുത്തുകൊണ്ട് 3 ലക്ഷത്തിലധികം പേര്‍ കാന്‍സര്‍ സ്‌ക്രീനിംഗ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ 1381 സര്‍ക്കാര്‍ ആശുപത്രികളില്‍ സ്‌ക്രീനിംഗിനായുള്ള സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്. ഏറ്റവും അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിലെത്തിയാല്‍ സ്ത്രീകള്‍ക്ക് കാന്‍സര്‍ സ്‌ക്രീനിംഗ് നടത്താവുന്നതാണ്. എല്ലാ സ്ത്രീകളും സ്‌ക്രീനിംഗില്‍ പങ്കെടുത്ത് കാന്‍സര്‍ ഇല്ലായെന്ന് ഉറപ്പാക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
മുണ്ടക്കയം ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായി, കണക്കെടുപ്പ് പൂർത്തിയായതിന് ശേഷം പ്രഖ്യാപിച്ച പുനരധിവാസ പാക്കേജിൽ നിന്ന് എല്ലാത്തരത്തിലും സർക്കാർ പിന്മാറിയിരിക്കുകയാണെന്ന് കൽപ്പറ്റ എംഎൽഎ ടി. സിദ്ദിഖ്. ചൂരൽമല മുണ്ടക്കൈ ദുരിതാശ്വാസ പ്രവർത്തനങ്ങളെ കുറിച്ച് എന്തെങ്കിലും ചോദിച്ചാൽ ജീവൻ ഇല്ലാത്തവരോട് സംസാരിക്കുന്നതിനു തുല്യമാണെന്നും എംഎൽഎ കൽപ്പറ്റയിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ചോദ്യ പേപ്പര്‍ ചോര്‍ത്തിയിട്ടില്ലെന്ന് ക്രൈംബ്രാഞ്ചിന്‍റെ ചോദ്യം ചെയ്യലില്‍ എം എസ് സൊല്യൂഷന്‍സ് സി ഇ ഓ എം ഷുഹൈബ്. നേരത്തെ അറസ്റ്റിലായ അധ്യാപകരാണ് ചോദ്യങ്ങള്‍ തയ്യാറാക്കിയതെന്നും ഷുഹൈബ് ക്രൈംബ്രാഞ്ചിന് മൊഴി നൽകി. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് ഷുഹൈബ് ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ചിന് മുമ്പില്‍ ഹാജരായത്.ഓണ്‍ലൈന്‍ ക്ലാസുകളില്‍ താന്‍ അവതരിപ്പിച്ച ചോദ്യങ്ങള്‍ പ്രവചനം മാത്രമാണെന്നും ഷുഹൈബ് ക്രൈംബ്രാഞ്ചിനോട് പറഞ്ഞു.
മാവോയിസ്റ്റ് നേതാവ് സന്തോഷ് അറസ്റ്റിൽ. ഇന്ന് പുലര്‍ച്ചെ തമിഴ്നാട്ടിലെ ഹൊസൂരിൽ നിന്നാണ് സന്തോഷ് എന്നറിയപ്പെടുന്ന രവിയെ കേരള തീവ്രവാദ വിരുദ്ധ സ്ക്വാഡ് ശ്രമകരമായ ദൗത്യത്തിലൂടെ പിടികൂടിയത്. 2013 മുതൽ നാടുകാണി, കബനി, നാടുകാണി ദളങ്ങളിൽ സന്തോഷ് സജീവമായിരുന്നു. സന്തോഷ് കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത ഏകദേശം 45 ഓളം യുഎപിഎ കേസുകളിൽ പ്രതിയാണ്.
മണാലിയിലേക്ക് വിനോദയാത്ര പോയ നബീസുമ്മയെ വിമർശിച്ച കാന്തപുരം വിഭാഗം നേതാവും മതപണ്ഡിതനുമായ ഇബ്രാഹിം സഖാഫിയെ ന്യായീകരിച്ച് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. ഭർത്താവ് മരിച്ച സ്ത്രീകൾ വീട്ടിലിരിക്കണമെന്നായിരുന്നു ഇബ്രാഹിം സഖാഫിയുടെ പ്രസ്താവന. ഇതിനെ പിന്തുണച്ച്, സ്ത്രീകൾക്ക് യാത്ര പോകാൻ ഭർത്താവ് അല്ലെങ്കിൽ പിതാവോ മകനോ കൂടെ വേണം എന്നാണ് കാന്തപുരത്തിന്റെ പ്രതികരണം. ഒട്ടുമിക്ക ആളുകളും വിശ്വസ്തരായ ആളുകൾക്കൊപ്പം വിടാനാകില്ലേ താൽപര്യപ്പെടുകയെന്നും കാന്തപുരം ചോദിച്ചു.
കോഴിക്കോട് യുവതിയെ സൈബർ തട്ടിപ്പിനിരയാക്കി 3.6 ലക്ഷം രൂപ കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ. ചെന്നൈ സ്വദേശി വിശ്വനാഥനെയാണ് കോഴിക്കോട് റൂറൽ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. അത്തോളി സ്വദേശിയായ യുവതിയാണ് തട്ടിപ്പിന് ഇരയായത്. ഓൺലൈനിൽ ടാസ്ക്കുകൾ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. ഇത്തരത്തിൽ 3,59,050 രൂപയാണ് യുവതിക്ക് നഷ്ടമായത്.
കേരള ഫിനാൻഷ്യൽ കോര്‍പ്പറേഷന്‍റെ പേരിൽ വ്യക്തിഗത വായ്പ വാഗ്ദാനം ചെയ്ത് വ്യാജ ഫേസ് ബുക്ക് പേജ് വഴി തട്ടിപ്പ് നടത്തിയതിനെതിരെ കേസ്. കെഎഫ്സി യുടെ പരാതിയിൽ തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസാണ് കേസെടുത്തത്. കേരള സര്‍ക്കാരിന്‍റെ ലോഗോ പ്രൊഫൈൽ പിക്ച്ചറുള്ള അപ്ലൈ ടുഡേ ഓണ്‍ലൈൻ സര്‍വീസ് എന്ന എന്ന ഫേസ് ബുക്ക് പേജ് വഴിയാണ് ഓണ്‍ലൈൻ വായ്പാ തട്ടിപ്പ്.
കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഐആർഎസ് ഉദ്യോഗസ്ഥന്‍റെയും അമ്മയുടെയും സഹോദരിയുടെയും പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി. മൂന്നുപേരും തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പോസ്റ്റ്‍മോര്‍ട്ടത്തിനുശേഷമുള്ള പ്രാഥമിക റിപ്പോര്‍ട്ടെന്ന് പൊലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹങ്ങൾ കാക്കനാട് അത്താണിയിലെ പൊതുസ്മശാനത്തിൽ സംസ്കരിച്ചു.
കന്യാകുമാരി തീരത്ത് നാളെ കള്ളക്കടൽ ജാഗ്രത നിർദ്ദേശം. നാളെ ഉച്ചയ്ക്ക് 02.30 മുതൽ രാത്രി 11.30 വരെ 0.9 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം എന്നും അറിയിച്ചിട്ടുണ്ട് .
ജാര്‍ഖണ്ഡ് സ്വദേശികളായ അച്ഛനമ്മമാര്‍ സ്വകാര്യ ആശുപത്രി ഐസിയുവില്‍ ഉപേക്ഷിച്ച് പോയ മൂന്നാഴ്ച മാത്രം പ്രായമായ നവജാത ശിശുവിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് തുടര്‍ന്നുള്ള വിദഗ്ധ പരിചരണം ഉറപ്പാക്കി. കുഞ്ഞിന്റെ സംരക്ഷണം വനിത ശിശുവികസന വകുപ്പ് ഏറ്റെടുക്കുമെന്ന് കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞിരുന്നു. കുഞ്ഞിന് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ജനറല്‍ ആശുപത്രി സൂപ്രണ്ടിനും മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി.
തൃശൂർ ഇരിഞ്ഞാലക്കുടയിൽ ഷെയർ ട്രേഡിങ്ങിന്റെ പേരിൽ വൻ നിക്ഷേപ തട്ടിപ്പ്. സ്ഥാപനത്തിന്റെ ഉടമകളായ ബിബിൻ കെ ബാബുവും സഹോദരങ്ങളുമാണ് 150 കോടി തട്ടിയെടുത്ത് മുങ്ങിയത്. 10 ലക്ഷം മുടക്കിയാൽ പ്രതിമാസം 30,000 മുതൽ അര ലക്ഷം രൂപ വരെ ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.ഇരിങ്ങാലക്കുട പോലീസ് നാല് കേസുകൾ രജിസ്റ്റർ ചെയ്തു. 32 പേരാണ് ഇതുവരെ പരാതി നൽകിയത്.വിദേശത്തുള്ള പ്രതികളെ നാട്ടിലേക്ക് മടക്കികൊണ്ടുവരാൻ പോലീസിന്റെ ശ്രമങ്ങൾ തുടരുകയാണ്.
ലോകത്ത് അസാധാരണമായ സ്വയം ശുദ്ധീകരണ ശക്തിയുള്ള നദിയാണ് ഗംഗയെന്ന് അവകാശപ്പെട്ട് പ്രമുഖ ശാസ്ത്രജ്ഞന്റെ പഠനം. 60 കോടിയിലധികം ആളുകൾ കുംഭമേളയിൽ സ്നാനം നടത്തിയിട്ടും ഗംഗ രോഗാണുക്കളിൽ നിന്ന് മുക്തമായി തുടരുകയാണെന്നും അതിന് കാരണം മറ്റൊരു നദിക്കുമില്ലാത്ത സ്വയം ശുദ്ധീകരണ ശക്തിയാണെന്നുമാണ് പഠനം നടത്തിയ ശസ്ത്രജ്ഞൻ പത്മശ്രീ ഡോ. അജയ് സോങ്കർ പറയുന്നു.
എയർ ഇന്ത്യക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാൻ. ഭോപ്പാലിൽ നിന്ന് ദില്ലിയിലേക്കുള്ള യാത്രക്ക് എയർ ഇന്ത്യ വിമാനത്തിൽ തനിക്ക് ലഭിച്ചത് തകർന്ന സീറ്റാണെന്നും യാത്രക്കാരെ വഞ്ചിക്കുന്ന നടപടിയാണ് എയർ ഇന്ത്യ സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ടാറ്റ ഏറ്റെടുത്തതിനുശേഷം എയർ ഇന്ത്യയുടെ സേവനം മെച്ചപ്പെട്ടു എന്ന് കരുതിയെങ്കിലും യാഥാർത്ഥ്യം അങ്ങനെയല്ലെന്നും അദ്ദേഹം പറഞ്ഞു.
തെലങ്കാനയില്‍ നിര്‍മാണപ്രവൃത്തികള്‍ക്കിടെ തുരങ്കം തകര്‍ന്നു. ഏഴ് തൊഴിലാളികള്‍ തുരങ്കത്തിനുള്ളിൽ കുടുങ്ങിയതായി റിപ്പോർട്ട് . നാഗർകുർണൂൽ ജില്ലയിലെ ശ്രീശൈലം ഡാമിന് പിന്നിലുള്ള തുരങ്കമാണ് തകർന്നത്. തുരങ്കത്തിന്‍റെ ഒരു ഭാഗത്തുണ്ടായ ചോര്‍ച്ച പരിഹരിക്കാന്‍ തൊഴിലാളികള്‍ അകത്ത് കയറിയപ്പോഴാണ് അപകടം സംഭവിച്ചത്. തുരങ്കത്തിൽ 14 കിലോമീറ്ററോളാം ഉള്ളിലാണ് അപകടം നടന്നതെന്നാണ് വിവരം. രക്ഷാപ്രവർത്തനത്തിനായി നടപടികൾ തുടങ്ങി കഴിഞ്ഞു.
കേന്ദ്രം പതിനായിരം കോടി രൂപ ഫണ്ട് നൽകാമെന്ന് വാഗ്ദാനം ചെയ്താലും ദേശീയ വിദ്യാഭ്യാനയം തമിഴ്നാട്ടിൽ നടപ്പിലാക്കില്ലെന്ന നിലപാടിലുറച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഹിന്ദി അടിച്ചേൽപ്പിക്കൽ എന്നതിൽ മാത്രമല്ല വിദ്യാർത്ഥികളുടെ ഭാവിയിലും സാമൂഹിക നീതി വ്യവസ്ഥയിലും ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന മറ്റുനിരവധി ഘടങ്ങൾ ഇതിലുണ്ടെന്നും എം.കെ. സ്റ്റാലിൻ പറഞ്ഞു. തമിഴ്നാട്ടിലെ കടലൂരിൽ വെച്ച് നടന്ന രക്ഷാകർതൃ- അധ്യാപക സംഘടനയുടെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്‍ ഗവര്‍ണര്‍ ശക്തികാന്ത ദാസിനെ നിയമിച്ചു. നിലവിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.കെ. മിശ്രയ്ക്ക് പുറമെയാണ് ശക്തികാന്ത ദാസ് കൂടി പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് എത്തുന്നത്.
ഇന്ത്യയിലെ തിരഞ്ഞെടുപ്പിനായി യു.എസ്. ഫണ്ട് നല്‍കിയിരുന്നുവെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാദം തെറ്റെന്ന് അമേരിക്കയിലെ മുന്‍നിര ദിനപത്രമായ വാഷിങ്ടണ്‍ പോസ്റ്റ്. തിരഞ്ഞെടുപ്പിലെ ജനങ്ങളുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനായി യു.എസ്.എ.ഐ.ഡിയില്‍ നിന്ന് ഇന്ത്യയ്ക്ക് 2.1 കോടി ഡോളര്‍ നല്‍കിയെന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇലോണ്‍ മസ്‌കിന് കീഴിലുള്ള ‘ഡോജും’ പറഞ്ഞത്.
ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ പുതിയ ചരിത്രമെഴുതിച്ചേര്‍ത്ത് ഇംഗ്ലണ്ടിന്റെ ബെന്‍ ഡക്കറ്റ്. ഗ്രൂപ്പ് ബി-യില്‍ ഓസ്‌ട്രേലിയക്കെതിരേ 143 പന്തില്‍ 165 റണ്‍സാണ് ഡക്കറ്റ് നേടിയത്. ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തിലെ ഏറ്റവും വലിയ വ്യക്തിഗത സ്‌കോറാണിത്.ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 351 റണ്‍സ് നേടി.