Untitled design 20250112 193040 0000 1

 

 

ആശാ പ്രവർത്തകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സഹകരിച്ചുള്ള പ്രവർത്തനം വേണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. ദേശീയ തലത്തിൽ ആശ പ്രവർത്തകരുമായും ഉദ്യോഗസ്ഥരുമായും നടത്തിയ ചർച്ചയിലാണ് നിർദേശം. ആശ പ്രവർത്തകരുടെ ജോലി സാഹചര്യവും ജീവിത നിലവാരവും മെച്ചപ്പെടുത്താൻ വ്യക്തമായ നയവും നടപടികളും സ്വീകരിക്കണമെന്നും കമ്മിഷൻ നിർദേശിച്ചു.

സമരം ചെയ്യുന്ന ആശാവർക്കർമാരോടുള്ള നിഷേധാത്മക സമീപനം കേരള സർക്കാർ അവസാനിപ്പിക്കണമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. പാവപ്പെട്ട സ്ത്രീകള്‍ തെരുവില്‍സമരം ചെയ്യുമ്പോള്‍ പി.എസ്.സി. അംഗങ്ങള്‍ക്കും കെ.വി.തോമസിനുമെല്ലം ലക്ഷങ്ങള്‍ കൂട്ടിക്കൊടുക്കുന്നതിലൂടെ ആശാവർക്കർമാരെ അപമാനിക്കുകയാണ് എൽഡിഎഫ് സർക്കാരെന്നും അദ്ദേഹം പറഞ്ഞു.

പിഎസ്‍സി അം​ഗങ്ങളുടെ ശമ്പള വർധനയെ ന്യായീകരിച്ച് ധനമന്ത്രി കെ എൻ ബാല​ഗോപാൽ. ഭരണഘടനാ സ്ഥാപനമായ പിഎസ്‍സിയിൽ നിയമപരമായി ശമ്പളം കൊടുക്കേണ്ടതാണ്. പ്രിൻസിപ്പൽ ഡിസ്ട്രിക്റ്റ് ജഡ്ജിന് തുല്യമായ ശമ്പളമാണ് ചെയർമാന് കൊടുക്കേണ്ടതെന്നും ധനമന്ത്രി വ്യക്തമാക്കി. വിവിധ സംസ്ഥാനങ്ങളുടെ സാഹചര്യമടക്കം പരിശോധിച്ചാണ് തീരുമാനം. കുറച്ച് നാളായി ധനകാര്യ വകുപ്പിൽ ഈ ഫയലുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

 

ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് നാട്ടാനകളെ കൊണ്ടുവരുന്നത് തടഞ്ഞ കേരള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. നാട്ടാനകളെ കൊണ്ടുവരാനുള്ള അനുമതി നൽകരുതെന്ന് സംസ്ഥാന ചീഫ് വൈൽഡ് ലൈഫ് വാർഡന് ഹൈക്കോടതി നൽകിയ നിർദേശത്തിനാണ് സ്റ്റേ.കേസിൽ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കും ചീഫ് വൈല്‍ഡ് ലൈഫ് വാ‍ര്‍ഡനും മൃഗസ്നേഹികളുടെ സംഘടനയ്ക്കും കോടതി നോട്ടീസ് അയച്ചു.

 

സി പി എം നേതാവ് പി പി ദിവ്യക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച് അന്വേഷണം ആവശ്യപ്പെട്ട് കെ എസ് യു രംഗത്ത്. കാര്‍ട്ടൻ ഇന്ത്യ അലയന്‍സ് കമ്പനിയുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് നൽകിയ കരാറുകൾ ചൂണ്ടികാട്ടി വിജിലന്‍സ് ഡയറക്ടര്‍ക്ക് കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്‍റ് മുഹമ്മദ് ഷമ്മാസ് പരാതി നൽകി. ദിവ്യ അഴിമതി നടത്തി ബിനാമി പേരിൽ ഭൂമി വാങ്ങിക്കൂട്ടിയെന്നും, ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ആയിരിക്കെ നടത്തിയ എല്ലാ ഇടപാടുകളും അന്വേഷിക്കണമെന്നും ഷമ്മാസ് ആവശ്യപ്പെട്ടു.

 

കണ്ണൂർ അഴീക്കോട് ക്ഷേത്രോത്സവത്തിനിടെ അമിട്ട് ആൾക്കൂട്ടത്തിനിടയിൽ വീണ് പൊട്ടി അഞ്ച് പേർക്ക് പരിക്കേറ്റ സംഭവത്തില്‍ പത്ത് പേർക്കെതിരെ പൊലീസ് കേസെടുത്തു. അഞ്ച് ക്ഷേത്രം ഭാരവാഹികൾക്കും കണ്ടാലറിയാവുന്ന മറ്റ് അഞ്ച് പേർക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. അമിട്ട് ആൾക്കൂട്ടത്തിനിടയിൽ വീണ് 5 പേർക്ക് പരിക്കേറ്റിരുന്നു. ആരുടെയും നില ഗുരുതരമല്ല.

 

എസ് എഫ് ഐക്ക് പുതിയ നേതൃത്വം. കണ്ണൂരിൽ നിന്നുള്ള പി എസ് സഞ്ചീവിനെ സംസ്ഥാന സെക്രട്ടറിയായും ആലപ്പുഴയിൽ നിന്നുള്ള എം ശിവ പ്രസാദിനെ പ്രസിഡന്റായും തെരഞ്ഞെടുത്തു. പി എം ആർഷോക്കും അനുശ്രീക്കും പകരമാണ് പുതിയ ഭാരവാഹികൾ. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സമ്മേളനത്തിൽ ആണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

 

ചൈനീസ് ഇൻസ്റ്റൻഡ് ലോൺ തട്ടിപ്പ്കേസിൽ രണ്ട് മലയാളികൾ കൂടി റിമാൻഡിൽ. കോഴിക്കോട് സ്വദേശി സയ്യിദ് മുഹമ്മദ്, ഫോർട്ട് കൊച്ചി സ്വദേശി വർഗീസ് എന്നിവരെ നാല് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ അപേക്ഷയും കൊച്ചിയിലെ പിഎംഎൽഎ കോടതി അനുവദിച്ചു.നേരത്തെ അറസ്റ്റിലായ നാല് പ്രതികൾ ലോൺ ആപ്പ് വഴി നിരവധി പേരിൽ നിന്ന് തട്ടിച്ച പണം സിംഗപ്പൂരിലേക്ക് മാറ്റി ക്രിപ്റ്റോ നിക്ഷേപം നടത്തിയെന്നാണ് ഇഡി നിഗമനം.

 

ടെലിവിഷൻ ചർച്ചയ്ക്കിടെ നടത്തിയ വിദ്വേഷ പരാമർശത്തിൽ ബിജെപി നേതാവ് പി.സി ജോർജിന് മുൻകൂർ ജാമ്യമില്ല. ഈരാട്ടുപേട്ട പൊലീസ് എടുത്ത കേസിൽ പി. സി ജോർജ്ജിന് ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചു. നേരത്തെ കോട്ടയം ജില്ലാ സെഷൻസ് കോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ടെലിവിഷൻ ചർച്ചയ്ക്കിടെ വിദ്വേഷജനകമായ പരാമർശം നടത്തിയത് അബദ്ധത്തിൽ പറ്റിപ്പോയ പിഴവെന്നായിരുന്നു പി.സി ജോർജിന്‍റെ വാദം. പരാമ‍ർശത്തിൽ കോടതി കടുത്ത അതൃപ്തിയും രേഖപ്പെടുത്തിയിരുന്നു.

 

കൊച്ചിയിൽ ജാർഖണ്ഡ് സ്വദേശികളായ രക്ഷിതാക്കൾ ആശുപത്രിയിൽ ഉപേക്ഷിച്ചു പോയ കു‍ഞ്ഞിന്റെ ആരോ​ഗ്യസ്ഥിതിയിൽ പുരോ​ഗതിയെന്ന് ഡോക്ടർമാർ അറിയിച്ചു. ആശുപത്രിയിലെത്തിച്ചപ്പോൾ ശ്വാസമെടുക്കാൻ പോലും ബുദ്ധിമുട്ടായിരുന്നു. അന്ന് മുതൽ വെന്റിലേറ്ററിലായിരുന്നു. ഒരുമാസം കൂടി ചികിത്സ വേണ്ടിവരുമെന്നും ഡോക്ടർ കൂട്ടിച്ചേർത്തു. ഇപ്പോൾ കുഞ്ഞിനെ വെന്റിലേറ്ററിൽ നിന്ന് മാറ്റിയിട്ടുണ്ട്.

 

കെഎസ്ആർടിസി ഡിപ്പോകളിലും വർക് ഷോപ്പുകളിലും കെട്ടിക്കിടക്കുന്ന റെക്സിൻ, പ്ലാസ്റ്റിക്, ഇ – വേസ്റ്റ് മാലിന്യങ്ങൾ നീക്കം ചെയ്തുതുടങ്ങി. ക്ലീൻ കേരള ക്യാമ്പയിന്‍റെ ഭാഗമായാണ് മാലിന്യ നീക്കം. മാലിന്യ മുക്ത നവകേരളം ക്യാമ്പയിനിന്‍റെ ഭാഗമായി മാലിന്യ മുക്ത കെഎസ്ആർടിസി എന്ന ലക്ഷ്യത്തിലേക്ക് മികച്ച പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണെന്ന് അധികൃതർ പറഞ്ഞു. കെഎസ്ആർടിസിയിൽ കെട്ടിക്കിടന്നിരുന്ന മാലിന്യങ്ങൾ കേരള സർക്കാർ ഉടമസ്ഥതയിലുള്ള ക്ലീൻ കേരള കമ്പനിയാണ് ഏറ്റെടുക്കുന്നത്.

 

സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ. വി റസൽ അന്തരിച്ചു. അർബുദ ബാധിതനായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.13 വർഷം ചങ്ങനാശേരി ഏരിയ സെക്രട്ടറിയായിരുന്നു. സിഐടിയു ജില്ലാ സെക്രട്ടറിയായും നേതൃരംഗത്തുണ്ടായിരുന്നു.റസലിൻ്റെ വിയോഗം കോട്ടയത്തെ പാർട്ടിക്കും ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങൾക്കും കനത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി.

 

ദില്ലി റയില്‍വേ സ്റ്റേഷന്‍ ദുരന്തത്തിന്‍റെ ദൃശ്യങ്ങള്‍ നീക്കം ചെയ്യാന്‍ റയില്‍വേ മന്ത്രാലയം സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിന് നിര്‍ദ്ദേശം നല്‍കി. ദുരന്തം വ്യക്തമാക്കുന്ന 285 ലീങ്കുകള്‍ നീക്കം ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 36 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണമെന്നാണ് ആവശ്യം. തിക്കും തിരക്കും ദുരന്തമായി മാറിയതില്‍ റയില്‍വേയുടെ അനാസ്ഥ ചര്‍ച്ചചെയ്യപ്പെടുന്ന ഉള്ളടക്കത്തിലാണ് മന്ത്രാലയം അസ്വസ്ഥത പ്രകടിപ്പിച്ചിരിക്കുന്നത്.

 

ബെംഗളൂരുവിലെ ട്രാഫിക് പ്രശ്‌നങ്ങളും അടിസ്ഥാന സൗകര്യ പ്രശ്‌നങ്ങളും പെട്ടെന്ന് പരിഹരിക്കാൻ ദൈവത്തിന് പോലും കഴിയില്ലെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. റോഡ് നിർമാണത്തെക്കുറിച്ചുള്ള ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കാനുള്ള പദ്ധതികൾ സർക്കാർ വൈകിപ്പിക്കുകയാണെന്ന് വിമർശനം ഉയരുന്നുണ്ട്.

 

ഇന്ത്യ അശങ്ക അറിയിച്ചതിന് ശേഷം അനധികൃത കുടിയേറ്റക്കാരായ സ്ത്രീകളേയും കുട്ടികളേയും അമേരിക്ക ഇന്ത്യയിലേക്ക് അയച്ചത് വിലങ്ങണിയിക്കാതെയാണെന്ന് കേന്ദ്രവിദേശകാര്യമന്ത്രാലയം. വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ആണ് പ്രതിവാര വാർത്താ സമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.

 

വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഹമാസ് കഴിഞ്ഞ ദിവസം കൈമാറിയ നാല് ബന്ദികളുടെ മൃതദേഹങ്ങളില്‍ ഷിരി ബിബാസിന്റേതില്ലെന്ന് ഇസ്രയേല്‍ അധികൃതര്‍. കൈമാറിയ മൃതദേഹങ്ങളുടെ ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷമാണ് ഇസ്രയേലിന്റെ ആരോപണം. ഹമാസ് നടത്തിയത് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഈ ക്രൂരതയ്ക്ക് കനത്ത വിലനല്‍കേണ്ടി വരുമെന്നും വ്യക്തമാക്കി.

ഇന്ത്യയിലെ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ നീക്കിവെച്ച 21 മില്യണ്‍ ഡോളറിന്റെ ഫണ്ട് റദ്ദാക്കിയ വിഷയത്തില്‍ വീണ്ടും വിവാദ പരാമര്‍ശവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അത് കൈക്കൂലി ആണെന്നാണ് ട്രംപ് ആരോപിക്കുന്നത്. താന്‍ മുമ്പ് പലതവണ പറഞ്ഞതുപോലെ വ്യക്തികള്‍ക്കുള്ള കൈക്കൂലിയാണ് അതെന്ന് റിപ്പബ്ലിക്കന്‍ ഗവര്‍ണേഴ്സ് അസോസിയേഷന്‍ യോഗത്തില്‍ ട്രംപ് ആരോപിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *