കോണ്‍ഗ്രസിന്‍റെ പലസ്തീന്‍ റാലിക്ക് ബീച്ചിൽ തന്നെ വേദി അനുവദിക്കും.നവകേരള സദസ്സിന്‍റെ വേദിയില്‍ നിന്ന് 100 മീറ്റർ മാറി കോൺഗ്രസ്സിനൂ സ്ഥലം അനുവദിക്കുമെന്ന് കളകടര്‍ ഉറപ്പ് നല്‍കി.മന്ത്രി മുഹമ്മദ് റിയാസ് കളക്ടറുമായും ഡിസിസി പ്രസിഡൻ്റുമായും സംസാരിച്ചതിനെതുടര്‍ന്നാണ് പ്രശ്ന പരിഹരാത്തിന് വഴിയൊരുങ്ങിയത്.
കണ്ടല ബാങ്ക് കള്ളപ്പണക്കേസിൽ സിപിഐ നേതാവും ബാങ്കിന്റെ മുൻ പ്രസിഡൻ്റുമായ എൻ ഭാസുരാംഗൻ, മകൻ അഖിൽ ജിത്ത് എന്നിവർക്ക് വീണ്ടും ഇഡി സമൻസ്. നാളെ രാവിലെ 10.30 ന് കൊച്ചി ഇഡി ഓഫീസിൽ ഹാജരാകണമെന്നാണ് ഇരുവര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പിൽ 2,21,986 വോട്ടുകൾ നേടി, രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുപ്പെട്ടു. അഭിമുഖം കൂടി കഴിഞ്ഞ ശേഷമാകും ഔദ്യോഗിക പ്രഖ്യാപനം. സംഘടനയെ കൂടുതല്‍ മികവോടെ ഒറ്റക്കെട്ടായി നയിക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു.
സംഘടനയെ കൂടുതൽ മികവോടെ ഒറ്റക്കെട്ടായി നയിക്കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തില്‍. ഫലമറിയാൻ ഉമ്മൻ ചാണ്ടി ഇല്ലാത്തതിൽ വിഷമമുണ്ട്, അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ ഒരുപാട് സന്തോഷിച്ചേനെയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
ബാലസൗഹൃദ കേരളം ലക്ഷ്യമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുഞ്ഞുങ്ങളുടെ ബൗദ്ധികവും ശാരീരികവുമായ വളര്‍ച്ചയ്ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കുക, പിന്തുണ സാധ്യമാക്കുക എന്നതാണ് പ്രധാനം. വനിത ശിശുവികസന വകുപ്പിന്റെ ശിശു ദിനാഘോഷ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനവും, കോഫി ടേബിള്‍ ബുക്ക് പ്രകാശനവും, ഉജ്ജ്വലബാല്യം പുരസ്‌കാര വിതരണവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കണ്ണൂർ അയ്യൻകുന്നിൽ മാവോയിസ്റ്റുകൾക്കായി ദൗത്യസംഘത്തിന്‍റെ തെരച്ചിൽ. ഇന്നലെ രാത്രി 2 തവണ വെടിവയ്പ്പുണ്ടായെന്നും ആരും കൊല്ലപ്പെട്ടിട്ടില്ലെന്നും ഡിഐജി പുട്ട വിമലാദിത്യ പറഞ്ഞു. അതേസമയം, മാവോയിസ്റ്റുകൾക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഡിഐജി അറിയിച്ചു. ആരും കസ്റ്റഡിയിൽ ഇല്ലെന്നും ആയുധങ്ങൾ കണ്ടെടുത്തെന്നും ഡിഐജി വ്യക്തമാക്കി.
കോൺഗ്രസിന്റെ പരിപാടികൾ എകെജി സെന്ററിൽ നിന്ന് തീരുമാനിക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പലസ്തീൻ ഐക്യദാർഢ്യ റാലി ആദ്യം നടത്തിയത് മുസ്ലീം ലീഗാണ്. അതിനും ആഴ്ചകൾക്ക് ശേഷമാണ് സിപിഐഎം പരിപാടി നടത്തിയത്. വേദി സംബന്ധിച്ച് ശാശ്വത പരിഹാരമുണ്ടാകുമെന്നും വിഡി സതീശൻ പറഞ്ഞു.
അനുമതി തന്നാലും ഇല്ലെങ്കിലും കോൺഗ്രസ്സിൻ്റെ പലസ്തീൻ ഐക്യദാർഢ്യ റാലി നടക്കുമെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ. ഒന്നുകിൽ റാലി നടക്കും ഇല്ലെങ്കിൽ പൊലീസും കോൺഗ്രസ്സും തമ്മിൽ യുദ്ധമുണ്ടാവുമെന്നും സുധാകരൻ പറഞ്ഞു. ചോര കൊടുത്തും 23ന് റാലി നടത്തുമെന്നും സുധാകരൻ പറഞ്ഞു.
നവംബർ 18, 19 തീയതികളിൽ കേരളത്തിൽ എട്ട് ട്രെയിനുകൾ പൂർണമായി റദ്ദാക്കിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. തിരുവനന്തപുരം ഡിവിഷനിലെ ഇരിങ്ങാലക്കുട- പുതുക്കാട് സെക്ഷനിൽ പാലം പണി നടക്കുന്നതിനാലാണ് ഈ രണ്ട് ദിവസങ്ങളിൽ ട്രെയിനുകൾ റദ്ദാക്കിയത്. യാത്രക്കാർക്ക് നേരിടുന്ന അസൗകര്യത്തിൽ ഖേദിക്കുന്നതായും റെയിൽവേ അറിയിച്ചു.
പിഎല്‍ഒ നേതാവ് യാസര്‍ അറാഫത്തിനെ ഡല്‍ഹിയില്‍ വിളിച്ച് ലോകരാഷ്ട്രത്തലവന്‍മാര്‍ക്ക് നല്‍കുന്ന എല്ലാ ബഹുമതികളോടെയും ആദരിച്ച പാരമ്പര്യമാണ് കോണ്‍ഗ്രസിന്‍റേതെന്ന് എകെ ആന്‍റണി.ജവഹര്‍ലാല്‍ നെഹ്‌റുവിന്‍റെ 134-ാംജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് കെപിസിസി ആസ്ഥാനത്ത് സംഘടിപ്പിച്ച സിമ്പോസിയം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അനിശ്ചിതകാല ബസ് സമരത്തിൽ നിന്ന് പിൻമാറിയതായി സ്വകാര്യ ബസ് ഉടമകൾ. ഗതാഗത മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. 140 കിലോമീറ്റർ ദൈർഘ്യത്തിൽ സർവ്വീസ് നടത്തിയിരുന്ന 149 ബസുകളുടെ പെർമിറ്റ് റദ്ദാക്കിയത് പുനരാലോചിക്കാമെന്ന് മന്ത്രി ചർച്ചയിൽ ഉറപ്പ് നൽകി. അതേ സമയം സീറ്റ് ബെൽറ്റും ക്യാമറയും വേണമെന്ന തീരുമാനത്തിൽ മാറ്റമില്ലെന്നും മന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും ചികിത്സയ്ക്ക് അമേരിക്കയിലും കേരളത്തിലുമായി ചെലവായ തുക അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. 2021 മുതലുള്ള ചികിത്സാ ചെലവുകളാണ് അനുവദിച്ചത്. അമേരിക്കയിലെ മയോ ക്ലിനിക്കിൽ മാത്രം 72,09,482 രൂപയാണ് ചെലവായത്. കേരളത്തിൽ മുഖ്യമന്ത്രിയുടെ ഭാര്യ കമലയുടെ ചികിത്സയ്ക്ക് ചെലവായതടക്കം 74.99 ലക്ഷം രൂപയാണ് (7499932 രൂപ) സർക്കാർ ഖജനാവിൽ നിന്ന് അനുവദിച്ചത്.
ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തിനു മുന്നോടിയായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. എല്ലാ തീർത്ഥാടകർക്കും സുഗമവും സുരക്ഷിതവുമായ സൗകര്യങ്ങൾ ഒരുക്കിയതായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു.
ആലുവ വിധി ആശ്വാസമെന്ന് പറയുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കുട്ടികളുടെ സംരക്ഷണത്തിന് മുന്തിയ പരിഗണന വേണം. കുട്ടികൾക്കും സ്ത്രീകൾക്കും പൂർണമായ പരിരക്ഷ നൽകാൻ സർക്കാരിന് കഴിയണമെന്നും പൊലീസും ഇന്റലിജൻസും കുറച്ചു കൂടി കാര്യക്ഷമമാക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.
ബംഗാൾ ഉൾക്കടലിൽ ന്യൂന മർദം രൂപപ്പെട്ടു. പടിഞ്ഞാറ് വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദം വ്യാഴാഴ്ച്ചയോടെ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ തീവ്ര ന്യൂന മർദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
കണ്ണൂർ നഗരത്തിന്റെ മാലിന്യ കേന്ദ്രമായ ചേലോറയിൽ , കുട്ടികൾക്കായി പാർക്കൊരുക്കി കോർപ്പറേഷൻ. മാലിന്യങ്ങൾ തള്ളിയിരുന്ന ട്രഞ്ചിങ് ഗ്രൌണ്ടിനോട് ചേർന്നാണ് പാർക്ക്. അമൃത് പദ്ധതിയിലുൾപ്പെടുത്തി ഒരു കോടി അറുപത്തിയൊന്ന് ലക്ഷം രൂപ ചെലവിട്ടാണ് നെഹ്‌റു പാർക്ക് നിർമിച്ചത്.
നരിക്കുനി എരവന്നൂർ എയുപി സ്കൂളിലെ സ്റ്റാഫ് മീറ്റിംഗിനിടെ കൈയ്യാങ്കളിയിൽ പൊലീസും എഇഒയും അന്വേഷണം തുടങ്ങി.പ്രധാന അധ്യാപകനും അധ്യാപികമാരുമടക്കം ഏഴ് പേർക്കാണ് സംഘർഷത്തിൽ പരിക്കേറ്റത്.കാക്കൂർ പൊലീസ് സംഭവത്തിൽ അന്വേഷണം തുടങ്ങി.
9 വയസ്സുകാരിയെ കളിത്തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയയാൾ പിടിയിൽ. എറണാകുളം കിഴക്കമ്പലം സ്വദേശി ആൽബിൻ തോമസ് ആണ് പിടിയിലായത്. കാറിൽ ഇരുന്നിരുന്ന കുട്ടിയെ ഇയാൾ കളിത്തോക്ക് കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ പൊലീസ് പോക്സോ കേസെടുത്തു.
പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ഭിക്ഷ യാചിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ഭൂമിയും വീടുമുണ്ടെന്ന വ്യാജ പ്രചരണം നടത്തിയതിനെതിരെ മറിയക്കുട്ടി ഹൈക്കോടതിയെ സമീപിക്കും. ഭൂമിയില്ലെന്ന് വില്ലേജ് ഓഫീസര്‍ സാക്ഷ്യപത്രം നല്‍കിയതോടെയാണ് തീരുമാനം.
വയനാട്ടിൽ കാട്ടാനയെ പ്രകോപിപ്പിച്ചവർക്കെതിരെ കേസെടുത്ത് വനംവകുപ്പ്. സുൽത്താൻബത്തേരി പുൽപ്പള്ളി പാതയിൽ വാഹനം നിർത്തി 3 പേരാണ് കാട്ടാനയെ പ്രകോപിപ്പിച്ചത്. വാഹന ഉടമയോട് ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്.
ദീപാവലി ദിനത്തില്‍ റെക്കോര്‍ഡ് മദ്യവില്‍പ്പനയുമായി തമിഴ്‌നാട്. 467.69 കോടി രൂപയുടെ മദ്യമാണ് തമിഴ്‌നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പ്പറേഷന്‍ വില്‍പ്പന നടത്തിയത്. മധുരയിലാണ് റെക്കോര്‍ഡ് വില്‍പ്പന. ദീപാവലിയുടെ തലേന്ന് 52.73 കോടിയും ദീപാവലി ദിനത്തില്‍ 51.97 കോടിയും നേടി.
തമിഴ്നാട് രാജ്ഭവന് നേരെയുണ്ടായ ബോംബ് ആക്രമണത്തിന്റെ അന്വേഷണം ഏറ്റെടുത്ത് എൻഐഎ. സംഭവത്തിൽ മൂന്ന് വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പൊലീസ് അറസ്റ്റ് ചെയ്ത കറുക വിനോദിനെ പ്രതിയാക്കിയാണ് എഫ്ഐആർ തയ്യാറാക്കിയിരിക്കുന്നത്.
ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി നരേഷ് കുമാറിനെയും ഡിവിഷൻ കമ്മീഷണർ അശ്വനി കുമാറിനെയും സ്ഥാനങ്ങളിൽ നിന്ന് നീക്കാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനോടാവശ്യപ്പെട്ട് ഡൽഹി വിജിലൻസ് മന്ത്രി അതിഷി. ചൊവ്വാഴ്ചയാണ് മന്ത്രി മുഖ്യമന്ത്രിക്ക് ശുപാർശ നൽകിയത്. തെളിവുകൾ നശിപ്പിക്കുകയോ നശിപ്പിക്കാൻ കൂട്ടുനിൽക്കുകയോ ചെയ്യുന്നത് തടയാൻ ഇതുമായി ബന്ധപ്പെട്ട ഫയലുകൾ അവരിൽ നിന്ന് പിടിച്ചെടുക്കണമെന്നും അതിഷി ആവശ്യപ്പെട്ടു.
ഇസ്രയേൽ പലസ്തീൻ യുദ്ധത്തിൽ ഗാസയിൽ കുടുങ്ങിയ ഇന്ത്യക്കാരായ അമ്മയെയും മകളെയും രക്ഷപ്പെടുത്തി. കശ്മീർ സ്വദേശികളായ ലുബ്ന നസീർ ഷബൂ, മകൾ കരീമ എന്നിവരാണ് ഗാസയിൽ നിന്നും രക്ഷപ്പെട്ടത്. വാർത്താ ഏജൻസിയായ പിടിഐയാണ് ഇന്ത്യക്കാരായ അമ്മയേയും മകളെയും രക്ഷപ്പെടുത്തിയ വിവരം പുറത്തറിയിച്ചത്.
മണൽക്കടത്ത് തടയാൻ ശ്രമിച്ച യുവ സബ് ഇൻസ്പെക്ടറെ ട്രാക്ടർ കയറ്റി കൊലപ്പെടുത്തി. ബീഹാറിലെ ജാമുയി ജില്ലയിലാണ് സംഭവം. അനധികൃതമായി ഖനനം ചെയ്ത മണൽ കടത്തുകയായിരുന്ന സംഘത്തെ തടയാൻ ശ്രമിക്കവെയാണ് ആക്രമണം.
ഉത്തരാഖണ്ഡ് തുരങ്ക അപകടത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. അന്വേഷണത്തിനായി വിദഗ്ധരടക്കം ആറംഗ സംഘത്തെയാണ് നിയോഗിച്ചത്. തുരങ്ക അപകടത്തിന്‍റെ കാരണം ഉള്‍പ്പെടെ സംഘം അന്വേഷിക്കും.
യൂറോപ്യൻ യൂണിയൻ ഷെങ്കൻ വിസ അപേക്ഷ ഡിജിറ്റൽ ആക്കുന്നു. ഡിജിറ്റലാകുന്നതോടെ, വിസ അപേക്ഷകർക്ക് അവരുടെ പാസ്‌പോർട്ടിൽ സ്റ്റിക്കർ പതിപ്പിക്കേണ്ടി വരില്ല. കോൺസുലേറ്റ് അല്ലെങ്കിൽ സേവന ദാതാക്കളുടെ സഹായമില്ലാതെ തന്നെ വിസ നേടാം. സ്വിറ്റ്‌സർലൻഡ്, നോർവേ, ഐസ്‌ലാൻഡ്, എന്നിവയ്‌ക്കൊപ്പം 27 യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിൽ 23 എണ്ണവും ഷെങ്കനിൽ ഉൾപ്പെടുന്നു.