Untitled design 20250112 193040 0000 2

 

പാലക്കാട് ബ്രൂവറി വിവാദത്തിൽ പ്രതിപക്ഷ നേതാവിനെതിരെ മന്ത്രി എംബി രാജേഷ്. വിഡി സതീശൻ അതീവ രഹസ്യമെന്ന് പറഞ്ഞ് പുറത്തുവിട്ട കാബിനറ്റ് നോട്ട് 13 ദിവസം മുൻപ് documents.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചതാണ്. അതിന് ഒരു രഹസ്യസ്വഭാവവുമില്ല. കള്ളത്തരം പൊളിഞ്ഞാലെങ്കിലും പ്രതിപക്ഷ നേതാവിന് അൽപം ജാള്യതയാവാം. അപവാദം ഭയന്ന് പദ്ധതിയിൽ നിന്ന് പിന്നോട്ട് പോവില്ലെന്നും മന്ത്രി തിരുവനന്തപുരത്ത് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

 

മന്ത്രിസഭ പ്രാരംഭ അനുമതി നൽകിയ പാലക്കാട് എലപ്പുള്ളിയിലെ ബ്രൂവറി പ്ലാന്റിനായി ഒരു തുള്ളി ഭൂഗർഭ ജലം പോലും എടുക്കില്ലെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. ഇതുകൂടാതെ പ്ലാന്റിൽ അഞ്ച് ഏക്കർ ഭൂമിയിൽ ജലസംഭരണി നിർമിക്കുമെന്ന കാര്യം പ്രെപ്പോസലിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

 

ബ്രൂവറി അനുമതിയിൽ വിശദമായ ചർച്ച വേണമെന്ന് ജെഡിഎസ്. അനുമതി നൽകുമ്പോൾ മന്ത്രി കൃഷ്ണൻ കുട്ടി ജാഗ്രത കാണിച്ചില്ലെന്നാണ് വിമർശനം. പാർട്ടി നേതൃ യോഗത്തിലാണ് വിമർശനം. മന്ത്രിയെ മാറ്റണം എന്ന ആവശ്യവും യോഗത്തിൽ ഉയർന്നു. പാർട്ടിക്ക് ഗുണം ചെയ്യാത്ത മന്ത്രിയെ മാറ്റണമെന്ന ആവശ്യമാണ് ഉയർന്നത്. ഇത്തരം ചർച്ചകൾ വീറ്റോ ചെയ്യുകയാണെന്ന് സംസ്ഥാന അധ്യക്ഷൻ മാത്യു ടി തോമസ് വ്യക്തമാക്കി.

 

സംസ്ഥാനത്തെ 30 തദ്ദേശ വാര്‍ഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 24ന് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. വയനാട് ഒഴികെയുള്ള 13 ജില്ലകളിലായി ഒരു കോര്‍പ്പറേഷന്‍വാര്‍ഡ്, രണ്ട് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍, മൂന്ന് മുനിസിപ്പാലിറ്റി വാര്‍ഡുകള്‍, 24 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവയിലേയ്ക്കാണ് ഉപതിരഞ്ഞെടുപ്പ്.

 

വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായ വിദ്യാർത്ഥികൾക്ക് പഠനം തുടരാൻ അനുമതി. ഇവർക്ക് വെറ്ററിനറി സർവകലാശാലയുടെ മണ്ണുത്തി ക്യാമ്പസിൽ പഠനം തുടരാമെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവച്ചു. സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന വെറ്ററിനറി സർവകലാശാലയുടെ ഹർജി ഡിവിഷൻ ബെഞ്ച് അംഗീകരിച്ചില്ല. തുടർ പഠനത്തിന് പ്രതികളായ വിദ്യാർത്ഥികളുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാനും കോടതിയുടെ നിർദ്ദേശം നൽകി.

മാധ്യമ പ്രവർത്തകർ വേട്ടയാടപ്പെടുകയും അക്രമിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യം രാജ്യത്ത് നിലനിൽക്കുമ്പോൾ മാധ്യമ പ്രവർത്തകർക്ക് കേരള സമൂഹത്തിൽ മികച്ച സ്വീകാര്യത ലഭിക്കുന്നതായി നിയമസഭാ സ്പീക്കർ എ എൻ ഷംസീർ. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ മാസ്‌കറ്റ് ഹോട്ടലിൽ സംഘടിപ്പിച്ച മാധ്യമ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 

ഹോമിയോ മരുന്നുകൾ നിർമ്മിക്കുന്ന പൊതുമേഖലാ സ്ഥാപനമായ ഹോംകോയ്ക്ക് അനുവദിച്ച സ്പിരിറ്റിന്‍റെ പെർമിറ്റ് നഷ്ടപ്പെട്ടു. 20,000 ലിറ്റർ സ്പിരിറ്റിന്‍റെ പെർമിറ്റാണ് നഷ്ടപ്പെട്ടത്. സ്പിരിറ്റ് കിട്ടാതായതോടെ മരുന്നുകളുടെ ഉത്പാദനം സ്തംഭിച്ചു. പെർമിറ്റ് നഷ്ടപ്പെട്ട സംഭവം ഗൗരവമുള്ളതാണെന്നും വിഷയത്തിൽ സമഗ്രാന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് തൊഴിലാളി സംഘടനകൾ രംഗത്ത് എത്തിയിട്ടുണ്ട്.

 

ഗുജറാത്ത് മുന്ദ്ര തുറമുഖത്തിന്‍റെ മാതൃകയില്‍ വിഴിഞ്ഞത്ത് പ്രത്യേക സാമ്പത്തിക മേഖല വികസിപ്പിക്കാന്‍ പദ്ധതിയുണ്ടെന്ന് അദാനി പോര്‍ട്സ് സെസ് കണ്ടെയ്നര്‍ ബിസിനസ് മേധാവി ഹരികൃഷ്ണന്‍ സുന്ദരം പറഞ്ഞു . വിഴിഞ്ഞം കോണ്‍ക്ലേവിന്‍റെ രണ്ടാം ദിനത്തില്‍ ‘തുറമുഖത്തിനപ്പുറം: വിഴിഞ്ഞം കേരളത്തെ ആഗോള സാമ്പത്തിക ശക്തികേന്ദ്രമാക്കി മാറ്റുന്നു’ എന്ന സെഷനില്‍ സംസാരിക്കുകായിരുന്നു അദ്ദേഹം.

 

അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഹജ്ജ് യാത്ര പുറപ്പെടുന്ന തീർഥാടകാരിൽ നിന്ന് വിമാനയാത്രാ ഇനത്തിൽ അധിക തുക ഈടാക്കുന്ന വിഷയത്തിൽ അടിയന്തര പരിഹാരം ആവശ്യപ്പെട്ട് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ അഡ്വ. ഹുസൈൻ സഖാഫി ചുള്ളിക്കോട് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ നസീം അഹ്‌മദുമായി കൂടിക്കാഴ്ച നടത്തി. ഇത്തവണ യാത്ര പുറപ്പെടുന്ന തീർഥാടകർ സമർപ്പിച്ച ഭീമൻ ഹരജിയിലെ ആവശ്യങ്ങൾ സി ഇ ഒ യുടെ ശ്രദ്ധയിൽപ്പെടുത്തി.

 

നെന്മാറ ഇരട്ടക്കൊല കേസിൽ 100 വ‍ർഷം തന്നെ ശിക്ഷിക്കണമെന്ന് ചെന്താമര കോടതിയിൽ. പരുക്ക് വല്ലതും ഏറ്റിട്ടുണ്ടോയെന്ന കോടതിയുടെ ചോദ്യത്തോടാണ് പ്രതിയുടെ പ്രതികരണം. മുൻ വൈരാഗ്യം വെച്ച് ആസൂത്രണത്തോടെ നടത്തിയ കൊലയെന്നാണ് സംഭവത്തിൽ പൊലീസ് കോടതിയിൽ സമ‍ർപ്പിച്ച റിമാൻ്റ് റിപ്പോർട്ട് പറയുന്നത്. മനസ്താപമില്ലാത്ത കുറ്റവാളിയാണ് പ്രതിയെന്നും തൻ്റെ പദ്ധതി കൃത്യമായി നടപ്പാക്കിയതിൻ്റെ സന്തോഷം പ്രതിക്കുണ്ടെന്നും പൊലീസ് റിപ്പോ‍ടർട്ടിൽ പറയുന്നു.

 

വട്ടിയൂർക്കാവിൽ ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിനുള്ളിൽ കത്തിക്കുത്ത്. നെട്ടയത്തെ സ്വകാര്യ സ്കൂളിൻ്റെ ബസിൽ വച്ച് പ്ലസ് വൺ വിദ്യാർത്ഥി ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെയാണ് കുത്തിപ്പരിക്കേൽപ്പിച്ചത്. നെട്ടയം മലമുകളിൽ വച്ചാണ് ബസിനുള്ളിൽ ആക്രമണം നടന്നത്. കുത്തേറ്റ വിദ്യാർത്ഥിയെ ഉടനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. കുത്തിയ വിദ്യാർത്ഥി വട്ടിയൂർക്കാവ് പൊലീസിൻ്റെ കസ്റ്റഡിയിലാണ്.

വേനൽക്കാലത്ത് വന്യമൃഗങ്ങൾക്ക് കാട്ടിൽ തന്നെ ഭക്ഷണവും വെള്ളവും ഉറപ്പാക്കാൻ പദ്ധതിയുമായി സർക്കാർ. മിഷൻ ഫുഡ് ഫോഡർ ആൻഡ് വാട്ടർ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു. ഇതിനായി 50 ലക്ഷം രൂപ ദുരന്ത നിവാരണ അതോറിറ്റി പ്രത്യേക ഫണ്ടായി അനുവദിച്ചു.

 

സ്ത്രീയും പുരുഷനും തുല്യമല്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമിന്‍റെ വിവാദ പരാമര്‍ശത്തെ ന്യായീകരിച്ച് എസ് വൈ എസ് നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍. ഇസ്ലാമിൽ ഒരു സ്ത്രീ എങ്ങനെ ആവണമെന്ന് മുസ്ലിങ്ങള്‍ തീരുമാനിക്കുമെന്നും അത് അംഗീകരിക്കേണ്ടവര്‍ അംഗീകരിച്ചാൽ മതിയെന്നും അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു.സ്ത്രീകള്‍ക്ക് അവരുടേതായ പരിമിതികള്‍ ഉണ്ടെന്നും തുല്യ നീതിയാണ് വേണ്ടതെന്നും അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു.

 

ഇരിക്കൂർ ആയിപ്പുഴയിൽ ഹൈസ്കൂൾ വിദ്യാർത്ഥി പുഴയിൽ ഒഴുക്കിൽപ്പെട്ട് മരിച്ചു. ഇരിക്കൂർ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ ഒമ്പതാം ക്ലാസ്‌വിദ്യാർത്ഥി സി. മുഹമ്മദ് ഷാമിൽ (14) ആണ് മരിച്ചത്.ഇന്ന് രാവിലെ ഇരിക്കൂർ ആയിപ്പുഴ പുഴകടവിൽ കൂട്ടുകാരോടൊപ്പം കുളിക്കാൻ പോയപ്പോൾ വഴുതി വീണ് ഒഴുക്കിൽപ്പെടുകയായിരുന്നു.

 

ഫെബ്രുവരി 3 അര്‍ദ്ധരാത്രി മുതല്‍ ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ നേതൃത്വത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഒരു ദിവസത്തെ പണിമുടക്ക് നടത്തുമെന്ന് റ്റി.ഡിഎഫ് സംസ്ഥാന പ്രഡിസന്റ് തമ്പാനൂര്‍ രവി മുന്‍ എംഎല്‍എ അറിയിച്ചു.കെഎസ്ആര്‍ടിസി ജീവനക്കാരെ മൊത്തത്തില്‍ ബാധിക്കുന്ന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് റ്റിഡിഎഫ് സമരത്തിലേക്ക് പോകുന്നത്. അതിനാല്‍ രാഷ്ട്രീയത്തിന് അതീതമായ എല്ലാവരുടെയും പിന്തുണ ഉണ്ടാകണമെന്നും തമ്പാനൂര്‍ രവി ആവശ്യപ്പെട്ടു.

 

 

സംസ്ഥാനത്ത് കനത്ത ചൂട് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. താപനില ഉയരുന്നത് മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സ്വയം പ്രതിരോധം വളരെ പ്രധാനമാണ്. രാവിലെ 11 മണി മുതല്‍ വൈകുന്നേരം മൂന്ന് മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അറിയിപ്പിൽ പറയുന്നു.

 

സംസ്ഥാനത്തെ സിവില്‍ സര്‍വീസ് മേഖലയില്‍ അഴിച്ചുപണി. പി.ബി നൂഹ്, ശ്രീറാം വെങ്കിട്ട രാമന്‍, ഡോ. അദീല അബ്ദുള്ള തുടങ്ങിയ മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കാണ് മാറ്റം.കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ പി.ബി നൂഹ് ഐ.എ.എസ് നെ ഗതാഗത വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയായി മാറ്റി നിയമിച്ചു.

 

പുതിയ യുജിസി കരട് ഭേദഗതിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ സിറോ മലബാര്‍ സഭ. പുതിയ കരട് ഭേദഗതി ന്യൂനപക്ഷ വിരുദ്ധവും ഭരണഘടന വിരുദ്ധവുമാണെന്നും ന്യൂനപക്ഷ അവകാശങ്ങള്‍ക്ക് മേലുള്ളകടന്നു കയറ്റമാണെന്നും സഭാ നേതൃത്വം വ്യക്തമാക്കി.

 

സംസ്ഥാന സെക്രട്ടറിയേറ്റിന് മുന്നിൽ മുഖ്യമന്ത്രിയുടെ ചിത്രമുള്ള കൂറ്റൻ ഫ്ലക്സ് വച്ച സംഭവത്തിൽ സിപിഎം അനുകൂല കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ ഭാരവാഹികള്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യം. തദ്ദേശ സ്വയം ഭരണവകുപ്പ് സെക്രട്ടറി ടിവി അനുപമ ഇക്കാര്യം ആവശ്യപ്പെട്ട് പൊതുഭരണ വകുപ്പിന് കത്ത് നൽകി. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് കോടതിയെ അറിയിക്കണം എന്നാണ് ആവശ്യം.

 

കൊരട്ടി സ്വദേശിയും സിപിഎം പ്രവർത്തകനുമായ രാമകൃഷ്ണനെ കൊലപ്പെടുത്തിയ കേസിൽ ആർഎസ്എസ് പ്രവർത്തകൻ വിനോഭായിയെ സുപ്രീംകോടതി വെറുതെ വിട്ടു. വിചാരണ കോടതിയും ഹൈക്കോടതിയും കുറ്റക്കാരനാണെന്ന് വിധിച്ച കേസിലാണ് സുപ്രീം കോടതി ജസ്റ്റിസ് അഭയ് ഓകാ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. 2010 ൽ നടന്ന കൊലക്കേസിലാണ് പ്രതിയെ വെറുതെവിട്ടത്.

 

നീറ്റ് പി.ജി പ്രവേശനത്തില്‍ താമസ സ്ഥലം അടിസ്ഥാനമാക്കിയുള്ള സംവരണം തടഞ്ഞ് സുപ്രീം കോടതി. സംസ്ഥാന ക്വാട്ടയില്‍ തദ്ദേശീയര്‍ക്ക് നല്‍കുന്ന സംവരണമാണ് തടഞ്ഞത്. ഇത്തരം സംവരണം ഭരണഘടന നല്‍കുന്ന തുല്യതയ്ക്കുള്ള അവകാശത്തിന്‍റെ ലംഘനമാണെന്ന് ജസ്റ്റിസ് ഹൃഷികേശ് റോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു. സംസ്ഥാന ക്വാട്ടയിലും മെറിറ്റിന്‍റെ അടിസ്ഥാനത്തിലാണ് പ്രവേശനം നടത്തേണ്ടെതെന്ന് മൂന്നംഗ ബെഞ്ച് നിര്‍ദേശിച്ചു.

മഹാകുംഭമേളയിൽ ബുധനാഴ്ച പുലർച്ചെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 30 പേർക്ക് ജീവൻ നഷ്ടമായതായി പൊലീസ്. 25 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ബാക്കിയുള്ള 5 പേരെ തിരിച്ചറിയാനുണ്ടെന്നും ഡിഐജി വൈഭവ് കൃഷ്ണ പറഞ്ഞു. പത്ത് പേര്‍ മരിച്ചെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ട് എന്നാൽ പിന്നീട് മരണസംഖ്യ ഉയരുകയായിരുന്നു. 90 പേർക്കാണ് പരിക്കേറ്റതെന്നും ഡിഐജി സ്ഥിരീകരിച്ചു.

 

മഹാകുംഭമേളയ്ക്കെത്തുന്ന ഭക്തര്‍ സ്വയം അച്ചടക്കം പാലിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തിരക്കൊഴിവാക്കാൻ സര്‍ക്കാരുമായി സഹകരിക്കണം. ഒപ്പം ഏറ്റവും അടുത്തുള്ള ഘട്ടിൽ മാത്രം സ്നാനം നടത്താൻ ശ്രമിക്കണമെന്നും എല്ലാവരും സംഗമത്തിലേക്ക് പോയി സ്നാനം ചെയ്യാൻ ശ്രമിക്കരുതെന്നും അദ്ദേഹം എക്സിൽ പങ്കുവച്ച കുറിപ്പിൽ ആവശ്യപ്പെട്ടു.

 

പ്രയാഗ് രാജിലെ മഹാകുംഭമേളക്കിടെ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ കുടുംബങ്ങളോട് അനുശോചനം അറിയിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. ‘പ്രയാഗ് രാജിലെ മഹാകുംഭമേളയിൽ ഉണ്ടായ സംഭവത്തിൽ അതീവ ദുഃഖമുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അനുശോചനം അറിയിക്കുന്നു. അപകടത്തിൽ പരിക്കേറ്റവർക്ക് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും’-മോദി പറഞ്ഞു. അമൃത് സ്നാനത്തിനിടെ ബാരിക്കേഡ് തകർന്നാണ് അപകടമുണ്ടായത്.

മുത്തലാഖ് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിവരങ്ങള്‍ തേടി സുപ്രീം കോടതി. മുത്തലാഖ് ചൊല്ലിയതിന് എത്ര മുസ്ലീം പുരുഷന്മാർക്കെതിരെ കേസെടുത്തിട്ടുണ്ട്, തുടര്‍നടപടികളെന്ത് തുടങ്ങിയ വിവരങ്ങള്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു.മുത്തലാഖ് ചൊല്ലുന്നത് ക്രിമിനല്‍ കുറ്റമാക്കിയത് ചോദ്യംചെയ്ത് കേരളത്തിൽ നിന്നുള്ള മുസ്ലീം സംഘടനകളുള്‍പ്പെടെ നല്‍കിയ ഹർജികൾ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന്‍റെ നിര്‍ദേശം.

 

പ്രശസ്തമായ മുംബൈ സിദ്ധിവിനായക ക്ഷേത്രത്തിൽ ഡ്രസ് കോഡ് നിർബന്ധമാക്കി. ശരീരഭാഗങ്ങൾ പുറത്തു കാണിക്കുന്ന വസ്ത്രങ്ങൾക്കും കീറിയ ജീൻസിനും ഷോർട്ട് സ്കർട്ടുകൾക്കും ക്ഷേത്രത്തിൽ വിലക്ക് ഏർപ്പെടുത്തി. പുതിയ ഡ്രസ് കോഡ് പാലിക്കാത്തവരെ അടുത്ത ആഴ്ച മുതൽ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കില്ല. ക്ഷേത്രത്തിന്‍റെ പവിത്രതയെ മാനിച്ചുകൊണ്ടാണ് പുതിയ തീരുമാനമെടുത്തതെന്ന് ക്ഷേത്രം ട്രസ്റ്റ് അറിയിച്ചു.

 

ലഡാക്കിലെ തര്‍ക്കമേഖലയില്‍ നിന്ന് സേനാപിന്മാറ്റം പൂര്‍ത്തിയായെങ്കിലും നിയന്ത്രണരേഖയോട് ചേര്‍ന്ന് അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിക്കുന്നത് തുടര്‍ന്ന് ചൈന. ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിലുള്ള യഥാര്‍ഥ നിയന്ത്രണ രേഖയിലുടനീളം സൈനിക പോസ്റ്റുകളും അതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ചൈനീസ് സേന വര്‍ധിപ്പിക്കുന്നുണ്ട് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

38-ാം ദേശീയ ഗെയിംസിൽ നീന്തൽ താരം സാജൻ പ്രകാശിലൂടെ കേരളത്തിന് ആദ്യ മെഡൽ. 200 മീറ്റർ ഫ്രീസ്റ്റൈൽ,100 മീറ്റർ ബട്ടർഫ്ലൈ ഇനങ്ങളിൽ സാജൻ പ്രകാശ് വെങ്കലം നേടി.

 

യു.എസില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഉയര്‍ന്ന വിലയുള്ള ചില സാധനങ്ങളുടെ തീരുവ ഇന്ത്യ കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. പ്രത്യേകതരം സ്റ്റീല്‍, വിലകൂടിയ മോട്ടോര്‍സൈക്കിളുകള്‍, ഇലക്ട്രോണിക് വസ്തുക്കള്‍ എന്നിങ്ങനെയുള്ള സാധനങ്ങളുടെ ഇറക്കുമതിത്തീരുവയില്‍ ഇന്ത്യ കുറവ് വരുത്തിയേക്കുമെന്ന് എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്തു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *