Untitled design 20250112 193040 0000 1

 

പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചതോടെ 76ാം റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകൾക്ക് തുടക്കമായി. പത്തരയോടെ രാഷ്ട്രപതി ദ്രൗപതി മുർമു ദില്ലിയിലെ കർത്തവ്യപഥിൽ എത്തി. ദേശീയ പതാക ഉയർത്തിയതിന് പിന്നാലെ 21 ഗൺ സല്യൂട്ട് ചടങ്ങ് നടന്നു. ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ മുഖ്യാത്ഥിയായ ചടങ്ങിൽ കര-വ്യോമ-നാവിക സേനകളുടെയും വിവിധ സായുധ സേനകളുടെയും പ്രകടനത്തിനൊപ്പം സംസ്ഥാനങ്ങളുടെ അടക്കം 31 നിശ്ചലദൃശ്യങ്ങളും പരേഡിൽ അണിനിരന്നു.

 

സംസ്ഥാനത്തെയും മുഖ്യമന്ത്രിയെയും പുകഴ്ത്തി ഗവർണർ രാജേന്ദ്ര അർലേകർ. മുഖ്യമന്ത്രിക്ക് കേരളത്തെപ്പറ്റി കൃത്യമായ ദീർഘവീക്ഷണമുണ്ടെന്നും വികസിത കേരളമാണ് അദ്ദേഹത്തിൻ്റെ ലക്ഷ്യമെന്നും പറഞ്ഞ ഗവർണർ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസിത് ഭാരതം വികസിത കേരളമില്ലാതെ സാക്ഷാത്കരിക്കാനാവില്ലെന്നും അഭിപ്രായപ്പെട്ടു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ റിപ്പബ്ലിക് ദിന പരേഡിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയയിരുന്നു അദ്ദേഹം.

 

വയനാട് പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ മകന് താത്ക്കാലിക ജോലിക്കായുള്ള നിയമന ഉത്തരവ് കൈമാറി വനംമന്ത്രി എ കെ ശശീന്ദ്രൻ. പ്രദേശവാസികളുടെ കടുത്ത പ്രതിഷേധത്തിനൊടുവിലാണ് മന്ത്രി കൊല്ലപ്പട്ടെ രാധയുടെ വീട്ടിലെത്തുന്നത്. മന്ത്രിയെ കൂകിവിളിച്ചായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. പൊലീസ് സന്നാഹം ഒരുക്കിയ വഴിയിലൂടെയാണ് ഒടുവിൽ മന്ത്രി രാധയുടെ വീട്ടിലെത്തിയത്.

 

മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ കടിച്ചുകൊന്ന കടുവയെ ഒടുവിൽ നരഭോജി കടുവയായി പ്രഖ്യാപിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. നിര്‍ണായക ഉത്തരവ് പുറത്തിറങ്ങിയതോടെ കടുവയെ വെടിവെച്ച് കൊല്ലാനാകുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു. കടുവയെ നരഭോജിയായി പ്രഖ്യാപിക്കുന്ന സംസ്ഥാനത്തെ ആദ്യ തീരുമാനമാണിത്. മുഖ്യമന്ത്രി വിളിച്ച ഉന്നത തല യോഗത്തിലാണ് നിര്‍ണായക തീരുമാനം.

 

വയനാട്ടിൽ നിരന്തരമായി നടക്കുന്ന വന്യജീവി ആക്രമണത്തിൽ ജനങ്ങൾ ഭീതിയിലാണെന്നും ജനങ്ങളുടെ ആശങ്ക അകറ്റി സുരക്ഷ ഉറപ്പാക്കുന്ന നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എം.പി. പഞ്ചാരക്കൊല്ലിയിൽ കടുവയെ വെടി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജനങ്ങൾ സമരം ശക്തിപ്പെടുത്തിയ പശ്ചാത്തലത്തിൽ മേഖല ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് പ്രിയങ്ക ഇക്കാര്യം ആവശ്യപ്പെട്ടത്.

 

 

പഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ ആക്രമിച്ച് കൊന്ന കടുവയെ കണ്ടെത്താൻ തീവ്ര ശ്രമം തുടരുകയാണെന്നും കടുവ ഉണ്ടാകാൻ സാധ്യതയുള്ള ഏരിയ മാർക്ക് ചെയ്തതായും ഡിഎഫ്ഒ അറിയിച്ചു. മാർക്ക് ചെയ്ത സ്ഥലത്ത് വനംവകുപ്പ് പരിശോധന നടത്തും. കടുവയെ കണ്ടെത്താൻ തെർമ്മൽ ക്യാമറ കൂടി ഉപയോഗിക്കും. അതോടൊപ്പം കടുവയെ പിടികൂടാനായി ഇറങ്ങിയ ദൗത്യ സംഘത്തിന് നേരെ കടുവയുടെ ആക്രമണമുണ്ടായി. മാനന്തവാടി ആർആർടി അംഗം ജയസൂര്യക്കാണ് പരിക്കേറ്റത്.

വയനാട് ഭീതി പരത്തുന്ന നരഭോജി കടുവയെ ഇനിയും പിടികൂടാൻ സാധിക്കാത്ത സാഹചര്യത്തിൽ വിവിധ മേഖലകളിൽ കർഫ്യൂ പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാവിലെ ആറുമണിമുതൽ 48 മണിക്കൂർ സമയത്തേക്കാണ് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. പഞ്ചാരക്കൊല്ലി , മേലേചിറക്കര, പിലാക്കാവ് മൂന്നു റോഡ് ഭാഗം, മണിയംകുന്ന് ഭാഗങ്ങളിലാണ് നിയന്ത്രണം.

പഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ ആക്രമിച്ച് കൊന്ന കടുവയെ കണ്ടെത്താൻ നടത്തുന്ന തെരച്ചിലിനെ കുറിച്ച് വിശദീകരിക്കവേ വയനാട് ഡിഎഫ്ഒ മാർട്ടിൻ ലോവറിന്റെ പ്രതികരണം തടസപ്പെടുത്തി പൊലീസ്. മാധ്യമങ്ങളെ കാണുന്നതിനിടെ ഡിഎഫ്ഓയെ പൊലീസ് തടഞ്ഞ മാനന്തവാടി എസ്എച്ച്ഒക്ക് എതിരെ നടപടി വേണമെന്ന് പത്രപ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടു.

 

 

വയനാട് കടുവാ ഭീതിയിൽ കഴിയുന്നതിനിടെ കോഴിക്കോട് നടന്ന ഫാഷൻ ഷോയിൽ പാട്ടു പാടിയ സംഭവത്തിൽ വിശദീകരണവുമായി മന്ത്രി എകെ ശശീന്ദ്രൻ. വിമർശനം ഉയർന്നപ്പോൾ ശ്രദ്ധിക്കേണ്ടതായിരുന്നുവെന്ന് തോന്നിയെന്നും ഇനി അക്കാര്യങ്ങളിൽ ശ്രദ്ധിക്കുമെന്നുമാണ് മന്ത്രി ശശീന്ദ്രന്റെ പ്രതികരണം. അതോടൊപ്പം സ്വകാര്യ പരിപാടിയിൽ പാട്ടു പാടിയ മന്ത്രി എ കെ ശശീന്ദ്രന്റെ പ്രവർത്തി റോമാസാമ്രാജ്യം കത്തിയപ്പോൾ ചക്രവർത്തി വീണ വായിച്ചത് പോലെയാണെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ വിമർശിച്ചു. കേരളത്തോട് വനം മന്ത്രി മാപ്പ് പറയണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

 

വയനാട് പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ വെടിവെച്ചു കൊല്ലാൻ പൊലീസിലെ ഷാര്‍പ്പ് ഷൂട്ടര്‍മാര്‍ ഉള്‍പ്പെടെ പത്തംഗം സംഘത്തെ നിയോഗിച്ചതായി സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. ശാരദ മുരളീധരൻ പറഞ്ഞു. കടുവയെ എത്രയും വേഗം വെടിവെച്ച് കൊല്ലും. പഞ്ചാരക്കൊല്ലി മേഖലയിൽ കര്‍ഫ്യൂ ശക്തമാക്കും. അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണ് എന്നും പറഞ്ഞു .

 

വയനാട് പഞ്ചാരക്കൊല്ലിയിലെ കടുവയെ നരഭോജി കടുവയായി പ്രഖ്യാപിച്ച‍് ഉത്തരവിറങ്ങിയത് മുഖ്യമന്ത്രിയുടെ ഇടപെടലിൽ. അടിയന്തരപരിഹാരം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി കടുത്ത നിലപാടെടുത്തു. വനനിയമം പറഞ്ഞ് കടിച്ചു തൂങ്ങരുതെന്നും ജനങ്ങളുടെ ജീവന് ആപത്തുണ്ടാകരുതെന്നും ആയിരുന്നു മുഖ്യമന്ത്രിയുടെ കർശന നിർദേശം. ഉന്നതതലയോഗത്തിന് മുമ്പ് വനം മന്ത്രിയെയും ചീഫ് സെക്രട്ടറിയെയും ഇക്കാര്യം അറിയിച്ചു .

 

വയനാട് പെരുന്തട്ടയിൽ പശുവിനെ വന്യജീവി ആക്രമിച്ചു. നേരത്തെ കടുവയെ കണ്ട മേഖലയിലാണ് പശുക്കിടാവ് ആക്രമിക്കപ്പെട്ടത്. പുലി ആണോ എന്ന് സംശയമുണ്ടെന്നും സ്ഥലത്ത് കൂട് വെക്കുമെന്നും വനം വകുപ്പ് അറിയിച്ചു.

 

 

എറണാകുളം ജില്ലയിലെ ചില നേതാക്കൾ സമ്പത്തിനും, വ്യക്തിപരമായ ധന സമാഹരണത്തിനും പിന്നാലെയാണെന്ന് സി.പി.എം. എറണാകുളം ജില്ലാ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇത് ശരിയല്ലെന്നും മാറ്റം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ട് അവതരണത്തിന് മുൻപു സമ്മേളന പ്രതിനിധികളെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതിനു ഇടയിൽ ആണ് പരാമർശം.

 

സെക്രട്ടറിയേറ്റ് ഗേറ്റിൽ മുഖ്യമന്ത്രിയുടെ ചിത്ര മടങ്ങിയ കൂറ്റൻ ഫ്ലക്സ് സ്ഥാപിച്ചതിന് സെക്രട്ടറിയേറ്റ് എംപ്ലോയ്സ് അസോസിയേഷൻ പിഴ അടച്ചു. 5600 രൂപയാണ് സംഘടന നഗരസഭക്ക് പിഴയായി നൽകിയത്. നിയമം നടപ്പാക്കേണ്ട ഉദ്യോഗസ്ഥർ ഫ്ലക്സ് വച്ചതിൽ നടപടി വേണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഉദ്യോഗസ്ഥരായ നേതാക്കളെ പ്രതി ചേർത്തത്.

 

റേഷൻ സമരത്തില്‍ നിന്നും വ്യാപാരികൾ നിന്നും പിൻമാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ജനങ്ങൾക്ക് റേഷൻ കിട്ടുന്നുണ്ട് എന്ന് ഉറപ്പാക്കേണ്ടവരാണ് ഗവൺമെന്റും കച്ചവടക്കാരുമെന്ന് അദ്ദേഹം പറഞ്ഞു. കേവലം കച്ചവടക്കാർ മാത്രമല്ല. ലൈസൻസികളാണ് ഉത്തരവാദിത്തം കാണിക്കേണ്ടതെന്നും അത് കാണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

 

സി.പി.എം. സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്ററുടെ കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാരുമായി ബന്ധപ്പെട്ട പ്രസ്താവന സിപിഎം കേരളത്തിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന പുതിയ രാഷ്ട്രീയ നയത്തിന്‍റെ ഭാഗമാണെന്ന് പിവി അന്‍വര്‍. നടക്കാനിരിക്കുന്ന ത്രിതല പഞ്ചായത്ത്,നിയമസഭാ തിരഞ്ഞെടുപ്പുകൾ മുൻകൂട്ടി കണ്ട് പാർട്ടി മനപ്പൂർവ്വം തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണിതെന്നും കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷമാണ് ന്യൂനപക്ഷങ്ങൾക്കെതിരെ സി.പി.ഐ.എം. നിലപാട് സ്വീകരിച്ചു തുടങ്ങിയതെന്നും അൻവർ പറഞ്ഞു.

 

 

പാലക്കാട് ബിജെപിയിൽ പൊട്ടിത്തെറി. യുവമോർച്ച ജില്ലാ പ്രസിഡൻറ് പ്രശാന്ത് ശിവനെ പാലക്കാട് ബിജെപി ജില്ലാ പ്രസിഡന്റ് ആക്കുന്നതിനെതിരെ പ്രതിഷേധിച്ച് നഗരസഭാ കൌൺസിലർമാർ രാജി പ്രഖ്യാപിച്ചതോടെ ബിജെപിക്ക് കേരളത്തിൽ ഭരണമുളള ഏക നഗരസഭയായ പാലക്കാട് ഭരണം തുലാസിലായി. ഒൻപത് കൗൺസിലർമാരാണ് നാളെ പാർട്ടിക്ക് രാജിക്കത്ത് നൽകുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

 

പാലക്കാട്ടെ ബിജെപി പ്രതിസന്ധിയിൽ നിലപാട് വ്യക്തമാക്കി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ജില്ല പ്രസിഡന്റ് പട്ടിക കേന്ദ്ര നേതൃത്വം അംഗീകരിച്ചതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ഇതിനെതിരെ സംസാരിക്കാൻ ആർക്കും ആകില്ലെന്ന് വ്യക്തമാക്കിയ കേ സുരേന്ദ്രൻ ഇത്രയും സമീകൃതമായ പട്ടിക ഇതിന് മുമ്പ് ഉണ്ടായിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. നിങ്ങൾ വിചാരിക്കുന്ന ഒന്നും പാലക്കാട്‌ നടക്കില്ല, നഗരസഭ താഴെ വീഴില്ല, പന്തളത്തും ഇ‌തല്ലേ പറഞ്ഞതെന്നും കെ സുരേന്ദ്രൻ ചോദിച്ചു.

 

പൊതുപരിപാടിയിൽ ഓൺലൈനായി പങ്കെടുത്ത് ഉമ തോമസ് എംഎൽഎ. ആശുപത്രിയിൽ നിന്നാണ് കാക്കനാട് എം എ അബൂബക്കർ മെമ്മോറിയൽ സ്കൂൾ വികസനത്തിന്‍റെ ഭാഗമായി നിർമ്മിച്ച പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടന ചടങ്ങിൽ എംഎൽഎ മുഖ്യാതിഥിയായി പങ്കെടുത്തത്. വലിയൊരു അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് ചികിത്സയിലാണെന്നും തിരിച്ചുവരവിന് നിങ്ങളുടെയെല്ലാം പ്രാർത്ഥനയുണ്ടായിരുന്നുവെന്ന് ഞാൻ വളരെ നന്ദിയോടെ ഓർക്കുന്നുവെന്നും എംഎൽഎ പറഞ്ഞു.

 

ലൈംഗിക പീഡന പരാതിയിൽ കാസർകോട് സി പിഎം നേതാവിനെതിരെ അച്ചടക്ക നടപടി. ഡിവൈഎഫ്ഐ തൃക്കരിപ്പൂർ ബ്ലോക്ക് സെക്രട്ടറിയും സിപിഎം ഏരിയാകമ്മിറ്റി അംഗവുമായ സുജിത് കൊടക്കാടിനെതിരെയാണ് നടപടി. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി സ്ഥാനത്ത് നിന്നും സിപിഎം ഏരിയ കമ്മിറ്റിയിൽ നിന്നും സുജിത്തിനെ പുറത്താക്കി.

 

കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3°C വരെ താപനില ഉയരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.

 

കോഴിക്കോട് പയ്യോളി തിക്കോടിയിൽ കടലിൽ ഇറങ്ങിയ രണ്ട് സ്ത്രീകളടക്കം നാലു പേര്‍ തിരയിൽപ്പെട്ട് മരിച്ചു. വയനാട് കല്‍പ്പറ്റ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് വൈകിട്ടോടെ പയ്യോളി തിക്കോടി കല്ലകത്ത് ബീച്ചിലാണ് സംഭവം. അപകടത്തിൽപ്പെട്ട ഒരാളെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്‍പ്പറ്റയിലെ ജിമ്മിൽ ഒരുമിച്ച് പരിശീലനം നടത്തുന്നവരാണ് അപകടത്തിൽപ്പെട്ടത്.

വയനാട് ഡിസിസി യോഗത്തിൽ നേതാക്കൾ തമ്മിൽ വൻ വാക്ക് പോര്. എൻ എം വിജയന്‍റെ മരണത്തിന് പിന്നാലെ ഉയർന്ന വിവാദത്തെ ചൊല്ലിയാണ് നേതാക്കൾ തമ്മിൽ വാക് പോര് ഉണ്ടായത്. ആരോപണം ഉയർന്ന ഡിസിസി പ്രസിഡന്‍റ് എൻ ഡി അപ്പച്ചനും ഐ സി ബാലകൃഷ്ണൻ എംഎൽഎയും സ്ഥാനമൊഴിയണമെന്ന് ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടു. വയനാടിന്‍റെ ചുമതലയുള്ള മുതിർന്ന നേതാവ് സണ്ണി ജോസഫ്, ടി എൻ പ്രതാപൻ തുടങ്ങിയവരും ഡിസിസി യോഗത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

 

സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ നാളെ മുതൽ നടത്താനിരിക്കുന്ന കടയടച്ചുള്ള പണിമുടക്ക് സമരത്തിൽ നിന്നും പിൻമാറണമെന്നാണ് സർക്കാരിന് അഭ്യർത്ഥിക്കാനുള്ളതെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ.ആരുടെ വീഴ്ച്ചകൊണ്ടാണോ ജനങ്ങൾക്ക് ഭക്ഷ്യ ധാന്യങ്ങൾ നിഷേധിക്കപ്പെട്ടത് അവർ ഗുണഭോക്താക്കൾക്ക് ഫുഡ് സെക്യൂരിറ്റി അലവൻസ് നൽകേണ്ടിവരും. ഇവിടെ സർക്കാരിന്റെ വീഴ്ചകൊണ്ടല്ല ജനങ്ങൾക്ക് ഭക്ഷ്യ ധാന്യങ്ങൾ മുടങ്ങുന്നത് എന്നും അദ്ദേഹം പറഞ്ഞു .

 

അടൂരിൽ പ്ലസ് ടൂ വിദ്യാർത്ഥിനിയെ 9 പേർ പീഡിപ്പിച്ച കേസിൽ മന്ത്രവാദി അറസ്റ്റിൽ. ഏഴാം ക്ലാസിൽ പഠിക്കുന്ന സമയത്ത് പെൺകുട്ടിയെ ചൂഷണത്തിനിരയാക്കിയ, തങ്ങൾ എന്നു വിളിക്കുന്ന ആദിക്കാട്ടുകുളങ്ങര സ്വദേശി ബദർ സമൻ (62) ആണ് നൂറനാട് പോലീസിന്റെ പിടിയിലായിരിക്കുന്നത്.

 

സംവിധായകന്‍ ഷാഫിയെ അനുസ്മരിച്ച് നടന്‍ ദിലീപ്. സോഷ്യല്‍ മീഡിയയില്‍ എഴുതിയ കുറിപ്പിലാണ് തന്‍റെ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍റെ അകാലവിയോഗത്തില്‍ ദിലീപ് അനുശോചനം രേഖപ്പെടുത്തിയത്. ഞങ്ങൾ ഇരുവരും സഹകരിക്കുന്ന പുതിയ ചിത്രത്തിന്റെ ചർച്ചകൾ നടക്കുന്നതിനിടയിലാണ് ഈ വേർപാട് എന്നും ദിലീപ് കുറിപ്പിൽ പറയുന്നു.

 

 

നെയ്യാറ്റിൻകര ജനറൽ ആശുപത്രിക്കെതിരെ ആരോപണവുമായി ശ്വാസ തടസവും പനിയും അനുഭവപ്പെട്ട് ചികിത്സക്കെത്തി ഭക്ഷ്യവിഷബാധ അനുഭവപ്പെട്ട കുട്ടികളുടെ രക്ഷിതാക്കൾ. ആശുപത്രിയിൽ കഴിഞ്ഞ ദിവസങ്ങളിൽ ചികിത്സയ്ക്കെത്തിയ കുരുന്നുകൾക്കാണ് വയറിളക്കവും ഛർദിയും അനുഭവപ്പെട്ടത്. ആശുപത്രിയിലെ വൃത്തിഹീനമായ സാഹചര്യത്തിൽ നിന്നാണ് രോഗം ഉണ്ടായിരിക്കുന്നതെന്നും രക്ഷിതാക്കൾ ആരോപിച്ചു. കൂടാതെ വിവരം അറിയിച്ചിട്ട് നഴ്സുമാർ ആരും തിരിഞ്ഞ് നോക്കിയില്ലെന്നും നാളെ നോക്കാമെന്ന മറുപടിയാണ് ലഭിച്ചതെന്നും കുട്ടികളുടെ രക്ഷിതാക്കൾ കുറ്റപ്പെടുത്തുന്നു.

 

ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നാളെ ലോഞ്ച് ചെയ്യും. വിവാഹം, വിവാഹമോചനം, അനന്തരാവകാശം എന്നിവയുമായി ബന്ധപ്പെട്ട വ്യക്തിനിയമങ്ങളിൽ നിയമപരമായ തുല്യത കൊണ്ടുവരികയാണ് ഏകീകൃത സിവിൽ കോഡിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്നവർ ഉൾപ്പെടെ ഉത്തരാഖണ്ഡിലെ എല്ലാ നിവാസികൾക്കും ഏകീകൃത സിവിൽ കോഡ് ബാധകമാകുമെന്ന് മുഖ്യമന്ത്രിയുടെ സെക്രട്ടറി ശൈലേഷ് ബഗോളി അറിയിച്ചു.

 

തമിഴ്നാട്ടിൽ നിന്നുള്ള 33 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവിക സേന അറസ്റ്റ് ചെയ്തു. രാമേശ്വരത്ത് നിന്ന് പോയവരെയാണ് സമൂദ്രാതിർത്തി ലംഘിച്ചെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തത്. ഇവരുടെ മൂന്ന് ബോട്ടുകളും ശ്രീലങ്കൻ നാവിക സേന പിടിച്ചെടുത്തു. രാമേശ്വരത്ത് നിന്നുള്ള 18 മത്സ്യത്തൊഴിലാളികളെ ധനുഷ്‌കോടിക്കും തലൈമന്നാറിനും ഇടയിൽ വെച്ചാണ് ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തത്.

 

ഇന്ത്യ- ബംഗ്ലാദേശ് അതിർത്തിക്ക് സമീപം ഭൂഗർഭ അറകളിൽ നിന്ന് 1.4 കോടി രൂപ വിലമതിക്കുന്ന നിരോധിത കഫ് സിറപ്പ് പിടികൂടി. റെയ്ഡിൽ നിരോധിത കഫ് സിറപ്പായ ഫെൻസഡിലിന്റെ 62,200 കുപ്പികളാണ് കണ്ടെടുത്തതെന്ന് ബിഎസ്എഫ് വൃത്തങ്ങൾ അറിയിച്ചു. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് തുങ്കി അതിര്‍ത്തി ഔട്ട്‌പോസ്റ്റിലെ ബിഎസ്എഫ് ഉദ്യോഗസ്ഥരും ലോക്കൽ പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് മരുന്ന് കുപ്പികൾ പിടിച്ചെടുത്തത്.

 

ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിൽ ദാർഫർ മേഖലയിലെ എൽ ഫാഷറിൽ പ്രവർത്തിക്കുന്ന ആശുപത്രിക്കു നേരെ ഡ്രോൺ ആക്രമണം. ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 67 ആയി. സംഭവത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. വെള്ളിയാഴ്ച സൗദി ആശുപത്രിക്കു നേരെയും ബോംബാക്രമണം ഉണ്ടായിരുന്നു.

 

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങളില്‍ തമിഴ് സിനിമ താരം അജിത് കുമാറിന് പത്മഭൂഷൺ. പത്മ അവാർഡ് ലഭിക്കുന്നതിൽ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമുള്ള തന്റെ ഹൃദയത്തിൽ നിന്ന് വരുന്ന നന്ദി വിനയപൂർവം അറിയിക്കുന്നുവെന്നും നമ്മുടെ രാജ്യത്തോടുള്ള എന്റെ സംഭാവനകൾ അംഗീകരിക്കപ്പെട്ടത് ഞാൻ ഭാഗ്യമായി കരുതുന്നുവെന്നുമുള്ള കുറിപ്പ് അദ്ദേഹം പങ്കുവച്ചു.

 

 

ഇന്ത്യയിൽ ഹിന്ദുക്കളുടെ ജനനനിരക്ക് കുറയുകയാണെന്ന് വിശ്വ ഹിന്ദു പരിഷത്ത്. ജനനനിരക്ക് കുറയുന്നത് പരിഹരിക്കാനായി ഹിന്ദു ദമ്പതികൾക്ക് കുറഞ്ഞത് മൂന്ന് കുട്ടികളെങ്കിലും വേണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടു. യു.പിയിലെ പ്രയാഗ് രാജിൽ നടന്ന സന്യാസി സമ്മേളനത്തിൽ സംസാരിക്കവെ ജനറൽ സെക്രട്ടറി ബജ്രംഗ് ലാൽ ബംഗ്രയാണ് ഇക്കാര്യം പറഞ്ഞത്.

 

 

ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തില്‍ പൊലീസിനെ അമ്പരപ്പിച്ച് വിരലടയാള റിപ്പോർട്ട്. നടന്റെ വസതിയിൽ നിന്ന് ശേഖരിച്ച 19 സെറ്റ് വിരലടയാളങ്ങളിൽ ഒന്ന് പോലും സംഭവത്തിൽ അറസ്റ്റിലായ ഷരീഫുൾ ഇസ്ലാമിന്റേതുമായി ഇല്ലെന്നതാണ് പൊലീസിന്റെ റിപ്പോർട്ട്.

 

മോഷ്ടാവിന്റെ ആക്രമണത്തിൽ കുത്തേറ്റ് ചികിത്സയിലായിരുന്ന ബോളിവുഡ് നടൻ സെയ്ഫ് അലിഖാന് അതിവേ​ഗത്തിൽ ഇൻഷുറൻസ് അനുവദിച്ചതിൽ ആശങ്ക ഉന്നയിച്ച് അസോസിയേഷൻ ഓഫ് മെഡിക്കൽ കൺസൾട്ടൻ്റ്സ്. അപേക്ഷ സമർപ്പിച്ച് മണിക്കൂറുകൾക്കം ക്ലെയിം അനുവദിച്ചതിൽ ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെൻ്റ് അതോറിറ്റി അന്വേഷണം നടത്തണമെന്നും എ.എം.സി. ആവശ്യപ്പെട്ടു.

 

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന് കാന്‍സര്‍ കണ്ടെത്താനും ഓരോ രോഗിക്കും അനുസരിച്ച് 48 മണിക്കൂറിനുള്ളിൽ കസ്റ്റമൈസ്‌ഡ് കാൻസർ വാക്സിനുകൾ സൃഷ്ടിക്കാനും കഴിവുണ്ടെന്ന് ടെക് സ്ഥാപനമായ ഒറാക്കിളിന്‍റെ എക്‌സിക്യുട്ടീവ് ചെയർമാൻ ലാറി എലിസണ്‍ വ്യക്തമാക്കി. അടുത്തിടെ വൈറ്റ് ഹൗസിൽ നടന്ന സ്റ്റാർഗേറ്റ് പ്രൊജക്‌ടിന്‍റെ ലോഞ്ച് വേളയിലാണ് ലാറി എലിസണ്‍ കാന്‍സര്‍ ചികിത്സ രംഗത്ത് എഐയുടെ പുത്തന്‍ സാധ്യത അനാവരണം ചെയ്‌തത്.

 

തായ്‌വാന് സമീപം സൈനിക നീക്കങ്ങൾ ശക്തമാക്കി ചൈന. ശനിയാഴ്ച രാവിലെ 6 മണിയ്ക്കും ഞായറാഴ്ച രാവിലെ 6 മണിയ്ക്കും ഇടയിൽ തായ്‌വാന് ചുറ്റും ആറ് ചൈനീസ് സൈനിക വിമാനങ്ങളും ഏഴ് നാവിക കപ്പലുകളും കണ്ടെത്തിയതായി തായ്‌വാൻ ദേശീയ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചൈനീസ് നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച ശേഷം ആവശ്യമായ നടപടികൾ സ്വീകരിച്ചെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.

 

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് പുരുഷ സിംഗിള്‍സില്‍ തുടര്‍ച്ചയായ രണ്ടാംതവണയും കിരീടം ചൂടി ഇറ്റാലിയുടെ ലോക ഒന്നാം നമ്പര്‍ താരം യാനിക് സിന്നര്‍. ഞായറാഴ്ച നടന്ന ഫൈനലില്‍ ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വരേവിനെ 6-3, 7-6 (4), 6-3 എന്ന സ്‌കോറിന് തകര്‍ത്തു. മൂന്ന് സെറ്റുകളും നേടി സിന്നറിന്റെ സമ്പൂര്‍ണ ആധിപത്യമാണ് ഫൈനലില്‍ കണ്ടത്.

 

ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ വസതിയായ മുംബൈയിലെ വസതി ‘മന്നത്തിന്‍റെ’ പാട്ടവ്യവസ്ഥ ഉടമസ്ഥാവകാശമാക്കി മാറ്റാന്‍ അധികമായി നൽകിയ ഒമ്പത് കോടി രൂപ മഹാരാഷ്ട്ര സർക്കാർ തിരികെ നൽകും.കണക്കിലെ പിഴവിനെത്തുടർന്ന് ഷാരൂഖിനും കുടുംബത്തിനും മഹാരാഷ്ട്ര സർക്കാരിൽ നിന്ന് 9 കോടി രൂപ റീഫണ്ട് ചെയ്യാൻ ഒരുങ്ങുന്നത് എന്നാണ് ദേശീയ മാധ്യമങ്ങളിലെ വാര്‍ത്ത.

 

തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പരസ്യം നൽകിയെന്ന ആരോപണത്തിൽ സിവിൽ സർവീസസ് കോച്ചിങ് സ്ഥാപനത്തിന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പിഴ ചുമത്തി. വിഷൻ ഐഎഎസ് എന്ന സ്ഥാപനത്തിനാണ് മൂന്ന് ലക്ഷം രൂപയുടെ പിഴ ലഭിച്ചത്. പരസ്യങ്ങളിൽ നിന്ന് ചില കോഴ്സുകളെ സംബന്ധിച്ച വിവരങ്ങൾ മറച്ചുവെച്ചു എന്നായിരുന്നു പരാതി.

 

വെടി നിർത്തലിന് ശേഷവും ഇസ്രായേലിന് 2,000 പൗണ്ട് ബോംബുകൾ നൽകാൻ ട്രംപിന്റെ തീരുമാനം. ബോംബുകൾ നൽകാൻ മുൻ പ്രസിഡന്റ് ജോ ബൈഡൻ ഏർപ്പെടുത്തിയ നിയന്ത്രണം ഒഴിവാക്കാൻ ട്രംപ് യുഎസ് സൈന്യത്തിന് നിർദ്ദേശം നൽകിയതായാണ് വിവരം.ഗാസയിലെ കൂട്ടക്കൊലയിൽ ആശങ്കപ്പെട്ടാണ് ബൈഡൻ നേരത്തെ ബോംബ് വിതരണം തടഞ്ഞത്.

 

ഖൈബർ പഖ്തൂൺഖ്വയിൽ നടന്ന മൂന്ന് വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി 30 ഭീകരരെ വധിച്ചെന്ന് പാകിസ്താൻ സൈന്യം. ലക്കി മർവാട്ട് ജില്ലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെ സുരക്ഷാ സേനയുടെ രഹസ്യാന്വേഷണ വിഭാഗം വെള്ളി, ശനി ദിവസങ്ങളിൽ തെരച്ചിൽ നടത്തിയിരുന്നുവെന്ന് പാക് സൈന്യത്തിന്റെ മീഡിയ വിഭാഗമായ ഇൻ്റർ സർവീസസ് പബ്ലിക് റിലേഷൻസ് അറിയിച്ചു.

 

ഗാസ മുനമ്പിൽ നിന്നുള്ള അഭയാർത്ഥികളെ ജോർദൻ, ഈജിപ്റ്റ് ഉൾപ്പടെയുള്ള അറബ് രാജ്യങ്ങൾ ഇനിയും ഏറ്റെടുക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഗാസ`ക്ലീൻ’ ആകണമെങ്കിൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

 

ഫ്രാൻസിസ് മാർപ്പാപ്പയെ രൂക്ഷമായി വിമർശിച്ച് അമേരിക്കയിലെ അതിർത്തിരക്ഷാ ചുമതലയുള്ള ടോം ഹോമൻ. വത്തിക്കാന് ചുറ്റും മതിൽ കെട്ടി ഉയർത്തിയ പോപ്പിന്, അമേരിക്കയിലെ നാടുകടത്തലിനെ കുറ്റപ്പെടുത്താനാകില്ലെന്നും കത്തോലിക്ക സഭയിലെ പ്രശ്നങ്ങൾ തീർക്കാനാണ് പോപ്പ് ആദ്യം ശ്രമിക്കേണ്ടതെന്നും ടോം ഹോമൻ പറഞ്ഞു. കുടിയേറ്റക്കാരെ നാടുകടത്താനുള്ള ട്രംപിന്‍റെ തീരുമാനത്തെ വിമർശിച്ച് മാർപ്പാപ്പ നേരത്തെ രംഗത്തെത്തിയിരുന്നു.

 

വിമാന യാത്രയ്ക്കിടെ യാത്രക്കാര്‍ തമ്മിൽ ഏറ്റുമുട്ടി. കൊച്ചി-ചെന്നൈ ഇൻഡിഗോ വിമാനത്തിൽ ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ഡേവിസ് എന്ന മലയാളിയും അമേരിക്കൻ പൗരനും തമ്മിലാണ് ഏറ്റുമുട്ടിയത്. ഇതിന് പിന്നാലെ കൈവശം ബോംബ് ഉണ്ടെന്നും വിമാനം തകർക്കുമെന്നും ഇരുവരും ഭീഷണി മുഴക്കി. ഇതോടെ പൈലറ്റ്, എയർ ട്രാഫിക് കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയും ജാഗ്രതാ നിർദേശം നൽകിയതിന് ശേഷം ചെന്നൈയിൽ വിമാനം ഇറക്കുകയുമായിരുന്നു. ചെന്നൈ പൊലീസിന് കൈമാറിയ ഇരുവരെയും ചോദ്യം ചെയ്തുവരുകയാണ്.

 

റെയിൽവെ ട്രാക്കിൽ വീണുപോയ ബ്ലൂടൂത്ത് ഇയർ ഫോൺ തിരയുന്നിതിനിടെ വിദ്യാർത്ഥി ട്രെയിനിടിച്ച് മരിച്ചു. ചെന്നൈ കോടമ്പാക്കം റെയിൽവെ സ്റ്റേഷന് സമീപത്തായിരുന്നു സംഭവം. നന്ദനത്തെ ഗവ. ആർട്സ് കോളേജിൽ രണ്ടാം വ‍ർഷ ബിരുദ വിദ്യാർത്ഥിയായ രാജഗോപാൽ (19) ആണ് മരിച്ചത്.

 

യുക്രൈന്‌-റഷ്യ യുദ്ധം അവസാനിപ്പിക്കാൻ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുട്ടിനുമായി ഉടന്‍ സംസാരിക്കുമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചര്‍ച്ചകള്‍ക്ക് റഷ്യ തയ്യാറാണെന്ന് പുട്ടിന്‍ അറിയിച്ചതിന് പിന്നാലെയാണ് വ്യക്തത വരുത്തി ട്രംപ് രംഗത്തെത്തിയത്. ‘യുക്രൈന്‍ പ്രസിഡന്റ് വൊളോദിമര്‍ സെലെന്‍സ്‌കിയുമായി സംസാരിച്ചു.

 

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം-മധ്യപ്രദേശ് മത്സരം സമനിലയില്‍ കലാശിച്ചു. രണ്ടാം ഇന്നിങ്‌സില്‍ 363 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ കേരളം നാലാംദിനം സ്റ്റമ്പെടുക്കുമ്പോള്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 268 റണ്‍സെന്ന നിലയിലായിരുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *