കെ കരുണാകരന്റെ മകൾ പത്മജ വേണുഗോപാലിന് പിന്നാലെ തിരുവനന്തപുരം നഗരസഭ മുൻ പ്രതിപക്ഷ നേതാവും കെപിസിസി എക്സിക്യൂട്ടീവ് അംഗവുമായിരുന്ന മഹേശ്വരൻ നായർ ബിജെപിയിൽ ചേർന്നു. കായിക താരം കൂടിയായിരുന്ന പദ്മിനി തോമസ്, തമ്പാനൂര്‍ സതീഷ് എന്നിവർ ബിജെപിയിൽ ചേർന്നതിനു പിന്നാലെയാണ് മഹേശ്വരൻ നായരും ബിജെപിയിൽ ചേരുന്നത്.
വിദ്വേഷ പ്രസ്താവനയില്‍ കര്‍ണാടകയിലെ ബിജെപി സ്ഥാനാര്‍ത്ഥി ശോഭ കരന്ത്ലജെക്കെതിരെ കേസെടുത്ത് തമിഴ്നാട് മധുര പൊലീസ്. കലാപം ഉണ്ടാക്കാൻ ശ്രമിച്ചുവെന്നും സാമുദായിക സ്പര്‍ദ്ധ ഉണ്ടാക്കാൻ ശ്രമിച്ചുവെന്നും എഫ്ഐആറിലുണ്ട്. അതോടൊപ്പം കേരളത്തെയും മലയാളികളെയും ആക്ഷേപിച്ചുള്ള പരാമര്‍ശം പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയാന്‍ കേന്ദ്ര മന്ത്രി ശോഭ കരന്ദലജെ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.
രാജീവ് ചന്ദ്രശേഖറും ഇ പി ജയരാജനും തമ്മിൽ ബിസിനസ് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകൾ തന്റെ കയ്യിൽ ഉണ്ടെന്ന് വി ഡി സതീശൻ. കൊടകര കുഴൽപ്പണ കേസിൽ ഇതുവരെയും കൃത്യമായ അന്വേഷണം നടന്നിട്ടില്ല. ബിജെപിയുമായുള്ള ബന്ധത്തിനു വേണ്ടി പിണറായി വിജയൻ ഇപിയെ ഉപയോഗിക്കുകയാണെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.
ഇ പി ജയരാജനും ആയി തനിക്ക് യാതൊരു ബിസിനസ് ഡീലും ഇല്ലെന്ന് രാജീവ് ചന്ദ്രശേഖർ. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണം ശരിയല്ലെന്നും എൻഡിഎ സ്ഥാനാർത്ഥി കൂടിയായ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇതുപോലെയുള്ള ആരോപണങ്ങൾക്കും അർദ്ധസത്യങ്ങൾക്കും പുറകെ പോകാൻ തനിക്ക് സമയമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തി സിപിഐഎം മുൻ ദേവികുളം എംഎൽഎ എസ്.രാജേന്ദ്രൻ. ഡൽഹിയിൽ വച്ചാണ് അദ്ദേഹം പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയത്. സൗഹൃദ സന്ദർശനം മാത്രമാണെന്നും ബിജെപിയിൽ ചേരാൻ ഉദ്ദേശിച്ചിട്ടില്ലെന്നും എസ് രാജേന്ദ്രൻ വ്യക്തമാക്കി.
മാർച്ച് 22 മുതൽ എല്ലാ ജില്ലകളിലും വേനൽ മഴ ലഭ്യമാകുമെന്ന് കാലാവസ്ഥാ പ്രവചനം. അടുത്ത നാല് ദിവസത്തെ മഴ സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ മഴ ലഭിക്കാൻ സാധ്യതയുള്ള ജില്ലകൾ പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നിവയാണ്. മാർച്ച് 22ന് കേരളത്തിൽ വ്യാപകമായി മഴ ലഭ്യമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
തിരുവനന്തപുരം പനവിള ജംഗ്ഷനിലുണ്ടായ അപകടത്തിൽ മലയൻകീഴ് സ്വദേശി സുധീർ മരിച്ചു . അമിതവേഗത്തിലെത്തിയ ടിപ്പറാണ് അപകടമുണ്ടാക്കിയത്. ടിപ്പറിനടിയിലേക്ക് സുധീര്‍ ഓടിച്ചിരുന്ന വാഹനം വീഴുകയായിരുന്നു. അധ്യാപകനാണ് സുധീര്‍. തലക്ക് ഗുരുതരമായി പരിക്കേറ്റ സുധീര്‍ അപകട സ്ഥലത്ത് വെച്ച് തന്നെ മരിച്ചെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.
സാമൂഹ്യമാധ്യമങ്ങളിലൂടെ നടക്കുന്ന വ്യക്തി അധിക്ഷേപങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കെ കെ ശൈലജ. കൊവിഡ് കള്ളി എന്നുൾപ്പെടെ വിളിച്ച് നടത്തുന്ന പ്രചാരണങ്ങളെ നിയമപരമായി നേരിടും. വടകരയിൽ സ്ഥാനാർത്ഥിയായി പേര് നിശ്ചയിച്ചതിന് ശേഷം തനിക്കെതിരെ നടക്കുന്ന സോഷ്യൽ മീഡിയ അധിക്ഷേപങ്ങൾക്കെതിരെ പ്രതികരിക്കുകയായിരുന്നു കെ കെ ശൈലജ.
തൃശ്ശൂർ പുതുക്കാട് പാഴായിലെ കർഷകൻ മനോജിന്റെ വാഴകൾ വൈദ്യുതി കമ്പിക്ക് കീഴിലാണെന്ന് ചൂണ്ടിക്കാട്ടി കെഎസ്ഇബി അധികൃതർ വെട്ടിക്ക്കളഞ്ഞെന്ന് പരാതി. കെഎസ്ഇബിയുടേത് നീതികരിക്കാനാവാത്ത നടപടിയാണ്, ഇനി കർഷക ദ്രോഹമുണ്ടാകാതിരിക്കാൻ നടപടി എടുക്കുമെന്നും കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടിട്ടുണ്ട് എന്നും മന്ത്രി അറിയിച്ചു.
ആനയെ ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ ആന പാപ്പാന് ദാരുണാന്ത്യം.ആനയ്ക്കിടയില്‍ കുരുങ്ങി ആന പാപ്പാൻ കുനിശ്ശേരി കൂട്ടാല ദേവനാണ് (58) മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ നെന്മാറയിലെ സ്വകാര്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മാതൃക പെരുമാറ്റ ചട്ടം പാലിക്കുന്നത് ഉറപ്പാക്കാൻ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ. പൊതുജനങ്ങൾക്ക് പെരുമാറ്റച്ചട്ടം സംബന്ധിച്ച പരാതികൾ Cvigil എന്ന ആപ്പിലൂടെ അറിയിക്കാം. 100 മിനിറ്റിനുള്ളിൽ ഇതിൽ നടപടി ഉണ്ടാകും. കൂടാതെ സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം പെരുമാറ്റ ചട്ടത്തിന് വിരുദ്ധമായ പ്രചാരണം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി.
പ്രകടനപത്രിക പുറത്തിറക്കി ഡിഎംകെ. പുതുച്ചേരിക്ക് സംസ്ഥാന പദവിയും നീറ്റ് പരീക്ഷ നിരോധനവുമാണ് ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡിഎംകെ പുറത്തിറക്കിയ പ്രകടനപത്രികയിലെ പ്രധാന വാദ്ഗാനങ്ങൾ. ഡിഎംകെയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടികയും ഇതോടൊപ്പം പുറത്തിറക്കി. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, കനിമൊഴി എംപി ഉൾപ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പ്രകടനപത്രിക പുറത്തിറക്കിയത്.
‘ശക്തി’ പരാമർശത്തിൽ രാഹുൽ ഗാന്ധിക്കെതിരെ പരാതി നൽകി ബിജെപി. ഹിന്ദുമത വിശ്വാസത്തെ മുറിവേൽപ്പിക്കുന്നതും പരസ്പരം മത വൈരം വളർത്തുന്നതുമായ പ്രസ്താവനയാണ് രാഹുൽ ഗാന്ധി നടത്തിയതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനിൽ നൽകിയ പരാതിയിൽ ബിജെപി ആരോപിച്ചു. മുംബൈയിലെ ഭാരത് ജോഡോ ന്യായ് യാത്ര സമാപന വേദിയിൽ, തങ്ങള്‍ പോരാടുന്നത് മോദിക്കെതിരെയല്ല ഒരു ശക്തിക്കെതിരെ (അധികാരത്തിന്) ആണെന്നായിരുന്നു രാഹുലിന്‍റെ പരാമര്‍ശം.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി, വിക്രം സാരാഭായ് സ്പേസ് സെന്‍ററുമായി സമഗ്ര ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.ബഹിരാകാശ പദ്ധതികള്‍ക്കുള്ള വസ്തുക്കള്‍ വികസിപ്പിക്കാനും, ഗവേഷണം ശക്തിപ്പെടുത്തുന്നതിനുമായി ആണ് ധാരണപത്രം തയ്യാറാക്കിയിരിക്കുന്നത്.
റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. റഷ്യയിലെ ജനങ്ങളുടെ സമാധാനത്തിനും പുരോഗതിക്കും സമൃദ്ധിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകള്‍ അറിയിക്കുകയും ചെയ്തു. വരും വര്‍ഷങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര സഹകരണവും, തന്ത്രപരവുമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് യോജിച്ച ശ്രമങ്ങള്‍ നടത്താന്നും ഇരു നേതാക്കളും ധാരണയിലായി.
ഡാനിഷ് അലി, പപ്പു യാദവ് എന്നിവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. എഐസിസി ആസ്ഥാനത്തെത്തി ഇരുവരും പാര്‍ട്ടി അംഗത്വമെടുത്തു. പപ്പു യാദവിനൊപ്പം ‘ജന്‍ അധികാര്‍ പാര്‍ട്ടി’യും കോൺഗ്രസിൽ ലയിച്ചു. യുപിയിലെ അംരോഹയില്‍ നിന്ന് ഡാനിഷ് അലിയും, ബിഹാറിലെ പുര്‍ണിയയില്‍ നിന്ന് പപ്പു യാദവും ലോക് സഭയിലേക്ക് മത്സരിക്കും.