Screenshot 2024 02 27 20 21 14 990 com.android.chrome edit 1

 

അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ സ്മാരക വിവാദത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെ.സി വേണുഗോപാൽ. മൻമോഹൻ സിംഗിന്റെ അന്തിമ ചടങ്ങുകൾ പ്രത്യേക സ്ഥലത്ത് അയിരുന്നില്ലേ നടത്തേണ്ടിയിരുന്നതെന്ന് അദ്ദേഹം ചോദിച്ചു. മൻമോഹൻ സിംഗിന് അനുസൃതമായ രീതിയിൽ ചടങ്ങ് നടത്താൻ പറ്റിയ സ്ഥലം അനുവദിച്ചില്ല. സ്ഥലം കണ്ടെത്താൻ കേന്ദ്രസർക്കാർ വിചാരിച്ചാൽ ആണോ നടക്കാത്തതെന്ന് ചോദിച്ച അദ്ദേഹം വാജ്പേയിക്ക് സ്ഥലം കണ്ടെത്തിയല്ലോ എന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു.

ഇ പി ജയരാജന്റെ ആത്മകഥ വിവാദത്തിൽ കോട്ടയം എസ്പിയുടെ റിപ്പോർട്ട് പുറത്ത്. ഇപി കോടതിയെ സമീപിക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നു. എല്ലാം തെളിയണമെങ്കിൽ കേസെടുത്തുള്ള അന്വേഷണം വേണമെന്നാണ് പൊലീസ് പറയുന്നത്. വിശദമായ ചോദ്യം ചെയ്യൽ ആവശ്യമാണ്. പല കാര്യങ്ങളിലും ഇപ്പോഴും അവ്യക്തത തുടരുന്നുണ്ട്. എന്നാൽ നേരിട്ട് കേസെടുക്കാനാകില്ല. പരാതിക്കാരൻ കോടതിയെ സമീപിക്കണമെന്നും റിപ്പോർട്ടിലുണ്ട്.

ആത്മകഥ’ ചോർന്നതുമായി ബന്ധപ്പെട്ട കേസിലെ പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയ കാര്യങ്ങൾ സി പി എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജനും ശരിവച്ചു. നേരത്തെ താൻ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് അന്വേഷണത്തിലും തെളിഞ്ഞതെന്നാണ് ഇ പി പറഞ്ഞത്. ആത്മകഥ ചോർന്നത് ഡി സി ബുക്സിൽ നിന്ന് തന്നെയാണ്. എന്ത് അഹന്തയും ധിക്കാരവുമാണതെന്നും ഇ പി ചോദിച്ചു. ആത്മകഥ ഡി സി ബുക്സിൽ നിന്ന് എങ്ങനെയാണ് ചോർന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് വ്യക്തമായിട്ടുണ്ടെന്നും ഇ പി വിവരിച്ചു.

 

വയനാട്ടിലെ കോൺഗ്രസ് നേതാവിന്റെയും മകന്റെയും ആത്മഹത്യയിൽ പ്രതികരണവുമായി വിഡി സതീശൻ. കെപിസിസിക്ക് പരാതി കിട്ടിയതായി അറിയില്ല. സംഭവത്തിൽ ഏത് അന്വേഷണവും നടത്തിക്കോട്ടെ. ആരെങ്കിലും തെറ്റ് ചെയ്തെങ്കിൽ സംരക്ഷിക്കില്ലെന്നും വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

പെരിയ ഇരട്ടക്കൊലകേസിലെ കോടതി വിധിയിൽ ഉൾപ്പെടുത്താത്ത ആളുകൾക്കെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. കേരളത്തിൽ ഇത്രയധികം ആളുകളെ ശിക്ഷിച്ച കേസുകളുണ്ടോ എന്ന് അറിയില്ലെന്നും വീണ്ടും നമ്മൾ കോടതിയിലേക്ക് പോകുകയാണ് ഇപ്പോൾ വന്ന വിധിയിൽ ഉൾപ്പെടാത്ത ആളുകൾക്കെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

പെരിയ ഇരട്ടക്കൊലക്കേസ് വിധിയിലൂടെ കുടുംബത്തിന് നീതി ലഭിച്ചുവെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. കുടുംബവും മുന്നണിയും ഒന്നിച്ച് നിന്ന് പോരാടിയതിന്റെ ഫലമാണിതെന്നും വിധിയെ യുഡിഎഫ് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ഖജനാവിൽ നിന്ന് പണം മുടക്കിയത് നീതീകരിക്കാൻ കഴിയാത്ത സംഭവമാണെന്നും ഖജനാവിലെ പണം കൊല്ലപ്പെട്ടവന്റേതു കൂടിയാണെന്നും പികെ കുഞ്ഞാലിക്കുട്ടി വിമർശിച്ചു.

 

പെരിയ ഇരട്ടക്കൊല കേസിലെ കോടതി വിധിയോട് പ്രതികരിച്ച് സി പി എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ. വിധിന്യായം പൂർണമായും പുറത്തുവന്നിട്ടില്ലെന്നും സി ബി ഐ കോടതിയുടെ വിധി അന്തിമമാണെന്ന് പറയാൻ കഴിയില്ലെന്നുമാണ് ഇപി ജയരാജൻ പറഞ്ഞത്. സി പി എമ്മിന് നേരെ വിമർശനവുമായി കോൺഗ്രസ് നേതാക്കൾ ഇറങ്ങിപ്പുറപ്പെട്ടിട്ടുണ്ട്. കോൺഗ്രസ് നടത്തുന്ന അക്രമ പ്രവർത്തനങ്ങളെ മറച്ചുവെക്കലാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നും ഇ പി അഭിപ്രായപ്പെട്ടു.

 

പമ്പയിലെ സ്പോട്ട് ബുക്കിം​ഗ് കൗണ്ടറുകളുടെ എണ്ണം വർധിപ്പിക്കും. നിലവിൽ ഏഴ് കൗണ്ടറുകളാണുള്ളത്. അവ പത്താക്കി ഉയർത്തും. 60 വയസ് പൂർത്തിയായവർക്ക് മാത്രമായി പ്രത്യേക കൗണ്ടർ തുറക്കും. ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ ചേർന്ന അവലോകന യോഗത്തിൽ ആണ് തീരുമാനം. ഡിസംബർ മുപ്പതിന് വൈകിട്ടാണ് മകരവിളക്ക് മഹോത്സവത്തിനായി ഇനി ശബരിമല നട തുറക്കുന്നത്.

 

സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ നേതാക്കൾക്കെതിരെ രൂക്ഷവിമർശനവുമായി എം.വി. ഗോവിന്ദൻ. ജില്ലയിലെ നേതാക്കളിൽ പണ സമ്പാദന പ്രവണത വർധിക്കുന്നു. തിരുവല്ല ഏരിയ കമ്മിറ്റിയിലെ വിഭാഗീയത അനുവദിക്കില്ല. നേതാക്കൾക്കെതിരെ സംസ്ഥാന കമ്മിറ്റിക്ക് പരാതി പ്രളയമാണ്. പത്തനംതിട്ടയിലെ പാർട്ടി കമ്മ്യൂണിസ്റ്റ് മൂല്യങ്ങളിൽ നിന്ന് അകന്നെന്നും ജില്ലാ സമ്മേളനത്തിൽ എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി.

കാസർകോട് എരഞ്ഞിപ്പുഴയിൽ മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു. റിയാസ്(17), യാസീൻ (13), സമദ് (13) എന്നിവരാണ് മരിച്ചത്. മൂന്ന് കുട്ടികളും ഒഴുക്കിൽ പെടുകയായിരുന്നു. തെരച്ചിലിൽ ആദ്യം റിയാസിൻ്റെ മൃതദേഹം കണ്ടെടുത്തെങ്കിലും മണിക്കൂറുകൾ നീണ്ട തെരച്ചിലിലാണ് മറ്റു കുട്ടികളുടെ മൃതദേഹം കണ്ടെടുക്കാനായത്.

 

കരുവന്നൂർ ബാങ്കിനെതിരെ പരാതിയുമായി നിക്ഷേപകൻ മാടായിക്കോണം സ്വദേശിയായ നെടുപുറത്ത് ​ഗോപിനാഥൻ. ചികിത്സയ്ക്ക് പണം നിഷേധിച്ചെന്നാണ് ഗോപിനാഥന്റെ പരാതി. ബാങ്കിൽ 30 ലക്ഷത്തിലേറെ നിക്ഷേപമുണ്ടെന്നും പത്ത് ലക്ഷം രൂപയാണ് ചികിത്സക്ക് ആവശ്യമായി വേണ്ടത് എന്നാൽ ബാങ്ക് 3 തവണയായി നൽകിയത് ഒന്നരലക്ഷം മാത്രമെന്ന് ​​ഗോപിനാഥന്റെ ഭാര്യ പ്രഭ വ്യക്തമാക്കി.

 

പരുതൂർ പഞ്ചായത്ത്‌ പ്രസിഡന്‍റ് എപിഎം സക്കറിയക്കെതിരെ മന്ത്രി എം.ബി രാജേഷ്. പരുതൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെയും അസിസ്റ്റന്റ് സെക്രട്ടറിയെയും വീണ്ടും സ്ഥലം മാറ്റി പഞ്ചായത്ത് ഭരണസംവിധാന അസ്ഥിരപ്പെടുത്താൻ ശ്രമിക്കുകയാണെന്ന പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് മന്ത്രി പറഞ്ഞു. നുണ പറച്ചിൽ അവസാനിപ്പിച്ച് ജനങ്ങളോട് സത്യം പറയാൻ പ്രസിഡന്റ്‌ തയ്യാറാവണമെന്ന് എംബി രാജേഷ് ഫേസ്ബുക്കിൽ കുറിച്ചു.

 

വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെയും മകൻ ജിജേഷിൻ്റെയും മരണത്തിൽ ദുരൂഹത നിലനിൽക്കുന്നതിനാൽ അന്വേഷണം വേണമെന്ന് സിപിഎം. സുൽത്താൻ ബത്തേരി അർബൻ ബാങ്കിലെ നിയമനങ്ങളുടെ പേരിൽ തട്ടിപ്പ് നടന്നതായി പരാതിയുണ്ടെന്നും കോടികൾ തട്ടിയെടുത്തവർ എൻ എം വിജയനെ ബലിയാടാക്കിയതാണെന്ന് കോൺഗ്രസിലെ നേതാക്കൾ രഹസ്യമായി പറയുന്നുവെന്നും സിപിഎം ഏരിയാ കമ്മിറ്റി നേതൃത്വം കുറ്റപ്പെടുത്തി.

 

സുൽത്താൻ ബത്തേരി അർബൻ ബാങ്ക് കോഴയിൽ കോൺ​ഗ്രസിനെ വെട്ടിലാക്കി പഴയ കരാർ രേഖ. ബാങ്ക് നിയമനത്തിനായി ഉദ്യോ​ഗാർഥിയുടെ പിതാവിൽ നിന്ന് 30 ലക്ഷം രൂപ വാങ്ങിയതായി കരാർ. ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷററായിരുന്ന എന്‍. എം വിജയനാണ് രേഖയിൽ ഒപ്പിട്ടിരിക്കുന്നത്.

 

ഉത്തർപ്രദേശിലെ ബറേലി ജില്ലയിൽ വീടിൻ്റെ വരാന്തയിൽ കിടന്ന് ഉങ്ങുകയായിരുന്ന 62 കാരനായ കർഷകനെ അജ്ഞാതരായ അക്രമികൾ കഴുത്തറുത്ത് കൊലപ്പെടുത്തി.സിറൗലി പോലീസ് സ്റ്റേഷൻ പരിധിയിലെ ജഗന്നാഥ്പൂർ ഗ്രാമത്തിലാണ് സംഭവം. ശനിയാഴ്ച പുലർച്ചെ 2:30 ഓടെ ഗ്യാനി പ്രസാദ് എന്നയാൾ ഉറങ്ങിക്കിടക്കുമ്പോഴാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.

 

കൊടുംതണുപ്പിനൊപ്പം രാജ്യ തലസ്ഥാനമായ ദില്ലിയിൽ കനത്ത മഴയും. ദില്ലിയിൽ 101 വർഷത്തിനിടെ ഡിസംബർ മാസത്തിൽ ഒരു ദിവസം ഏറ്റവും കൂടുതൽ മഴ പെയ്തത് കഴിഞ്ഞ ദിവസമാണ്. ഇന്ന് ദില്ലിയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

 

അണ്ണാ സർവകലാശാല ബലാത്സം​ഗ കേസിൽ പ്രത്യേക സംഘം അന്വേഷിക്കണമെന്ന് നിർദേശിച്ച് മദ്രാസ് ഹൈക്കോടതി. 3 മുതിർന്ന വനിത ഐപിഎസ് ഉദ്യോഗസ്ഥർ സംഘത്തിലുണ്ട്. കേസിലെ എഫ്ഐആർ ചോർന്നത് പ്രത്യേകം അന്വേഷിക്കണമെന്നും മദ്രാസ് ഹൈക്കോടതി നിർദേശിച്ചു.

 

അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് പ്രത്യേക സ്മാരകം വേണമെന്ന കോൺ​ഗ്രസ് ആവശ്യത്തിൽ രൂക്ഷവിമർശനം ഉന്നയിച്ച് മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകൾ ശർമിഷ്ഠ മുഖർജി. തന്റെ പിതാവ് മരിച്ചപ്പോൾ കോൺ​ഗ്രസ് വർക്കിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരു അനുശോചന യോ​ഗം വിളിക്കാൻ പോലും നേതൃത്വം തയ്യാറായില്ല. ഈ വിഷയത്തിൽ കോൺ​ഗ്രസ് നേതൃത്വം തന്നെ തെറ്റിദ്ധരിപ്പിച്ചതായും ശർമിഷ്ഠ ആരോപിച്ചു.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ സംസ്‌കാരം നിഗംബോധ് ഘട്ടില്‍ നടത്തിയതിലൂടെ കേന്ദ്ര സര്‍ക്കാര്‍ അദ്ദേഹത്തെ അപമാനിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എക്‌സില്‍ പങ്കുവെച്ച കുറിപ്പിലാണ് കേന്ദ്ര സര്‍ക്കാരിനെതിരേ രാഹുല്‍ ആഞ്ഞടിച്ചിരിക്കുന്നത്. സംസ്‌കാരത്തിനും സ്മാരകത്തിനുമായി പ്രത്യേക സ്ഥലം അനുവദിക്കണമായിരുന്നുവെന്നും രാഹുല്‍ പറഞ്ഞു.

 

യെമനിൽനിന്ന് വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലിനെ തകർത്ത് ഇസ്രയേൽ. യു.എസിന്റെ ടെർമിനൽ ഹൈ ആൾട്ടിറ്റ്യൂഡ് ഏരിയ ഡിഫൻസ് സിസ്റ്റം (താഡ്) ഉപയോ​ഗിച്ചാണ് ഇസ്രയേൽ മിസൈലുകളെ തകർത്തത്. ഇറാൻ പിന്തുണയുള്ള ഹൂതി വിമതരാണ് ആക്രമണത്തിന് പിന്നിലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ട്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *