കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വയനാട് പുനരധിവാസത്തിനുള്ള സഹായ വാഗ്ദാനത്തോട് കേരളം പ്രതികരിച്ചില്ലെന്ന ആരോപണത്തിന് മറുപടി നൽകി കേരളം. വയനാട്ടിലെ ദുരന്തബാധിതരുടെ പുനരധിവാസത്തിനായുള്ള ടൗൺഷിപ്പ് പദ്ധതി അന്തിമരൂപത്തിലാകുമ്പോൾ കർണാടകയെ അറിയിക്കാമെന്ന് മുഖ്യമന്ത്രി പറയുന്നു. 100 വീടുകള്‍ നിർമ്മിച്ചു നൽകാണമെന്നായിരുന്നു കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വാഗ്ദാനം.
ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി പൊലീസും മോട്ടോര്‍ വാഹന വകുപ്പും. അമിത വേഗം, മദ്യപിച്ചുള്ള ഡ്രൈവിംഗ് എന്നിവയ്ക്കെതിരെയാണ് കര്‍ശന നടപടി സ്വീകരിക്കും. അമിതവേഗം, മദ്യപിച്ചുള്ള ഡ്രൈവിംഗ്, ഹെൽമറ്റ്-സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതെയുള്ള യാത്രയ്ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സംസ്ഥാന വനിത വികസന കോര്‍പ്പറേഷന് 175 കോടി രൂപയുടെ അധിക സര്‍ക്കാര്‍ ഗ്യാരന്റി അനുവദിക്കാന്‍ കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമാനിച്ചത് ധാരാളം വനിതകള്‍ക്ക് സഹായകരമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ നിന്ന് വായ്പ സ്വീകരിക്കാനാണ് ഈ ഗ്യാരന്റി അധികമായി അനുവദിച്ചിരിക്കുന്നത്.
ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ജനറലിനാണ് അന്വേഷണ ചുമതല. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടുവെന്നും വീഴ്ചകൾ തിരുത്തി മുന്നോട്ട് പോകുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. എംഎസ് സൊല്യൂഷൻസിനെ കടുത്ത ഭാഷയിൽ വിമർശിച്ച മന്ത്രി, അധ്യാപകരുടെ സ്വകാര്യ ട്യൂഷനടക്കം അന്വേഷിക്കുമെന്നും പറഞ്ഞു.
കോഴിക്കോട് പന്തീരാങ്കാവില്‍ വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടിക്ക് നേരെ കരിങ്കൊടി പ്രതിഷേധം. വൈദ്യുതി നിരക്ക് കൂട്ടിയതില്‍ പ്രതിഷേധിച്ചാണ് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. ഒളവണ്ണ മണ്ഡലം പ്രസിഡണ്ട് എന്‍.വി റാഷിദിന്‍റെ നേതൃത്ത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധിച്ച രണ്ട് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും ലഹരി വേട്ട. പൊതുവിപണിയിൽ 4.25 കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്. ബാങ്കോക്കിൽ നിന്നും എത്തിയ മലപ്പുറം സ്വദേശി ആമിൽ ആസാദിനെയാണ് കഞ്ചാവുമായി കസ്റ്റംസ് പിടികൂടിയത്.
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് . തെക്കു കിഴക്കൻ അറബിക്കടലിനു മുകളിൽ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ടെന്നും കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കണ്ണൂരിൽ ചികിത്സയിലുള്ള ഒരാൾക്ക് മങ്കി പോക്സ് സ്ഥിരീകരിച്ചു. അബുദാബിയിൽ നിന്ന് എത്തിയ വയനാട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാൾ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം, ദുബായിൽ നിന്ന് എത്തിയ മറ്റൊരാൾക്കും സമാന രോഗലക്ഷണമുണ്ട്. ഇയാളുടെ രക്ത സാമ്പിൾ പരിശോധനക്ക് അയച്ചു.
ഭാര്യയെ തീ വെച്ച് കൊലപ്പെടുത്തിയ കേസിൽ ജാമ്യം നേടി മുങ്ങിയ പ്രതിയെ 14 വർഷത്തിനുശേഷം പോലീസ് പിടികൂടി. പത്തനംതിട്ട കോയിപ്രം പോലീസ് ആണ് പിടികൂടിയത്. കടമാങ്കുഴി സ്വദേശി സിന്ധു കൊല്ലപ്പെട്ട കേസിൽ ഭർത്താവ് രാജീവ് ആണ് പിടിയിലായത്.
ആന എഴുന്നള്ളിപ്പ് നിയന്ത്രണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വങ്ങൾ സുപ്രീംകോടതിയെ സമീപിച്ചു. തൃശൂർ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടതാണ് ദേവസ്വങ്ങൾ സുപ്രീംകോടതിയെ സമീപിച്ചത്.
വയനാട് ദുരന്തം സർക്കാറിന്റെ കണക്കുകൾ തെറ്റെന്ന് സംസ്ഥാനത്തെ ആം ആദ്മി പാർട്ടി. 14 കുട്ടികൾ അനാഥരായി എന്നാണ് സർക്കാർ കണക്ക്. പക്ഷേ 21 കുട്ടികളാണ് അനാഥരായിരിക്കുന്നത് എന്നാണ് പാർട്ടി കണ്ടെത്തിയതെന്നും ആം ആദ്മി വാര്‍ത്താക്കുറിപ്പിൽ പറഞ്ഞു.
ശബരിമല സന്നിധാനത്തെ മേൽപ്പാലത്തിൽ നിന്ന് അയ്യപ്പ ഭക്തൻ താഴേക്ക് ചാടി. മാളികപ്പുറത്തേക്കുള്ള ഫ്ലൈ ഓവറിൽ നിന്നാണ് അയ്യപ്പ ഭക്തനായ കർണാടക രാം നഗർ സ്വദേശി കുമാരസാമി താഴേക്ക് ചാടിയത്. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് ഇയാളെന്ന് സംശയമുണ്ട്. പൊലീസെത്തി സന്നിധാനത്തെ ആശുപത്രിയിലേക്ക് കുമാരസാമിയെ മാറ്റി.
കൊല്ലത്ത് ഓഷ്യനേറിയവും മറൈന്‍ ബയോളജിക്കല്‍ മ്യൂസിയവും സ്ഥാപിക്കുന്ന പദ്ധതിക്കായി ധാരണാപത്രത്തിൽ ഒപ്പിട്ടു.കേരള സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷനാണ് പദ്ധതി നടത്തിപ്പിന്റെ നോഡല്‍ ഏജന്‍സി.സമുദ്രജൈവ വൈവിധ്യങ്ങളുടെ സംരക്ഷണം, അത് സംബന്ധിച്ച ശാസ്ത്രിയ പഠനങ്ങളുടെ പ്രോത്സാഹനം, പരിസ്ഥിതി സംരക്ഷണം, ടൂറിസം വികസനം, സാംസ്കാരിക പാരമ്പര്യ സംരക്ഷണം, പൊതുജന പങ്കാളിത്തം എന്നീ പ്രധാന മേഖലകളെ കേന്ദ്രീകരിച്ചായിരിക്കും പദ്ധതിയുടെ രൂപകല്‍പ്പന.
ആദിവാസി സ്ത്രീയുടെ മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോകാൻ ആംബുലൻസ് കിട്ടാതെ വന്നതോടെ ഓട്ടോറിക്ഷയിൽ കൊണ്ടുപോയതിനെ ചൊല്ലി പ്രതിഷേധം. വയനാട് എടവക പള്ളിക്കൽ കോളനിയിലെ ചുണ്ടമ്മയുടെ മൃതദേഹമാണ് ഓട്ടോറിക്ഷയിൽ കൊണ്ടുപോയത്. ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിൽ അറിയിച്ചിട്ടും മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസ് വിട്ടു നൽകിയില്ലെന്നാണ് പരാതി. സംഭവത്തിൽ വീഴ്ചയുണ്ടായെന്നാരോപിച്ച് ട്രൈബൽ പ്രമോട്ടറെ സർവീസിൽ നിന്ന് സസ്പെൻ്റ് ചെയ്തു.
ഡിസംബർ മൂന്നിന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച ‘വ്യാജ കളക്ടർ’ പിടിയിൽ. മലപ്പുറം ജില്ലാ കളക്ടറുടെ പേരിൽ വ്യാജ സന്ദേശം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച 17 -കാരനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. തിരുനാവായ വൈരങ്കോട് സ്വദേശിയാണ്.
മലപ്പുറം അരീക്കോട് സ്പെഷ്യല്‍ ഓപ്പറേഷന്‍ പോലീസ് ക്യാമ്പിലെ ഗ്രൂപ്പ് കമാന്‍ഡോ ജീവനൊടുക്കിയ സംഭവത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്വി.ഡി. സതീശന്‍. നിയമവും നീതിയും നടപ്പാക്കേണ്ട പോലീസ് സേനയില്‍ ആത്മഹത്യ നിത്യസംഭവമായി മാറിയിരിക്കുകയാണെന്നും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും.അദ്ദേഹം അവശ്യപ്പെട്ടു.
ഹക്കീം ഫൈസിക്ക് മത രാഷ്ട്രവാദമുണ്ടെന്ന് സമസ്ത. കേന്ദ്ര മുശാവറ അംഗം സലാം ബാഖവി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ആരോപണം ഉന്നയിച്ചത്.
കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പി മാധവൻ നമ്പൂതിരി അന്തരിച്ചു. 73 വയസ്സായിരുന്നു.
പ്രതീക്ഷിച്ച മന്ത്രി സ്ഥാനങ്ങൾ കിട്ടാതിരുന്ന ഷിൻഡെ വിഭാഗം ശിവസേന അഞ്ച് വർഷക്കാലയളവ് വിഭജിച്ച് കൂടുതൽ പേർക്ക് അവസരം നൽകാൻ ആലോചിക്കുന്നതായി റിപ്പോർട്ട്. നിലവിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ 11 മന്ത്രിമാരോട് രണ്ടര വർഷത്തിന് ശേഷം രാജിവെക്കുമെന്ന് സത്യവാങ്മൂലം ഒപ്പിട്ട് വാങ്ങാനാണ് ആലോചിക്കുന്നത്. മന്ത്രി സ്ഥാനം ലഭിക്കാതെ അതൃപ്തരായ നേതാക്കളുടെ സമ്മർദ്ദത്തെ തുടർന്നാണ് നടപടിയെന്ന് റിപ്പോർട്ടുകൾ പറയുന്നു.
“പലസ്തീൻ” എന്നെഴുതിയ ബാഗ് ധരിച്ച് പാര്‍ലമെന്റിലെത്തി വയനാട് എം പി പ്രിയങ്ക ഗാന്ധി. പലസ്തീന്‍ ഐക്യദാര്‍ഢ്യ സന്ദേശവുമായെത്തിയ പ്രിയങ്കക്കെതിരെ ബിജെപി രൂക്ഷമായ എതിര്‍പ്പുയര്‍ന്നു. വയനാട്ടില്‍ നിന്ന് വിജയിച്ച ശേഷം ആദ്യമായാണ് പ്രിയങ്കാഗാന്ധി പാര്‍ലമെന്റ് സമ്മേളനത്തിനെത്തുന്നത്. മാസങ്ങളായി ഗസയിലെ ഇസ്രായേൽ സൈന്യത്തിൻ്റെ നടപടികൾക്കെതിരെ ശബ്ദമുയർത്തി വരികയാണ് പ്രിയങ്കാ ഗാന്ധി.
ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിൽ വീണ്ടും തുറന്ന പുരാതന ക്ഷേത്രത്തിന് സമീപത്തെ കിണറ്റിൽ നിന്ന് മൂന്ന് വിഗ്രഹങ്ങൾ കണ്ടെടുത്തു. 1978-ലെ വർഗീയ കലാപത്തെത്തുടർന്ന് പൂട്ടിക്കിടക്കുന്ന ക്ഷേത്രം കയ്യേറ്റമൊഴിപ്പിക്കുന്നതിനിടെയാണ് കണ്ടെത്തിയത്. ക്ഷേത്രത്തിന്റെ യഥാർഥ കാലയളവ് കണ്ടെത്താൻ കാർബൺ ഡേറ്റിംഗ് നടത്താനായി സംഭാൽ ജില്ലാ ഭരണകൂടം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്ക് കത്തയച്ചു.
യാചകരെ നിരത്തുകളില്‍നിന്ന് പൂര്‍ണമായും ഒഴിവാന്‍ കടുത്ത നടപടി സ്വീകരിക്കാനൊരുങ്ങി രാജ്യത്തെ ഏറ്റവും ശുചിത്വമുള്ള നഗരമായ ഇന്ദോര്‍. യാചകര്‍ക്ക് പണം നല്‍കുന്നവര്‍ക്കെതിരെ കേസെടുക്കാനാണ് നീക്കം. ജനുവരി ഒന്നുമുതല്‍ ഇത്തരത്തില്‍ കേസെടുത്ത് തുടങ്ങുമെന്നാണ് ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നത്.
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്‌സ് മുഖ്യപരിശീലകസ്ഥാനത്തുനിന്ന് മിക്കേല്‍ സ്റ്റാറേയെ പുറത്താക്കി. സീസണിലെ ടീമിന്റെ ദയനീയപ്രകടനങ്ങളുടെ പശ്ചാത്തലത്തിലാണ് ക്ലബ്ബിന്റെ നടപടി. സഹപരിശീലകരെയും പുറത്താക്കിയിട്ടുണ്ട്. സാമൂഹികമാധ്യമങ്ങളിലൂടെയാണ് ക്ലബ്ബ് ഇക്കാര്യം അറിയിച്ചത്.
ബംഗ്ലാദേശ് വിജയദിവസ് ആഘോഷിക്കാത്തതില്‍ രാജ്യസഭയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം. ഇതുസംബന്ധിച്ച് സംസാരിക്കവേ പ്രിയങ്ക ഗാന്ധി എം.പി.യുടെ മൈക്ക് ഓഫ് ചെയ്തത് വലിയ പ്രതിഷേധത്തിന് വഴിവെച്ചു. പാക് സൈന്യം കീഴടങ്ങുന്ന ചിത്രം പ്രതിരോധ മന്ത്രാലയത്തില്‍നിന്ന് നീക്കം ചെയ്തതായി ചൂണ്ടിക്കാട്ടിയ പ്രിയങ്ക ഗാന്ധി ഇത് യുദ്ധത്തില്‍ മരിച്ച സൈനികരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ചൂണ്ടിക്കാട്ടി.
ഭരണഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ രാജ്യസഭയില്‍ കടുത്ത വാക്പോര്. ധനമന്ത്രി നിര്‍മല സീതാരാമനും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമാണ് ഏറ്റുമുട്ടിയത്…കോണ്‍ഗ്രസിനെയും മുന്‍കാല നേതാക്കളെയും കടുത്തഭാഷയില്‍ വിമര്‍ശിച്ച് നിര്‍മല സീതാരാമന്‍ രംഗത്തെത്തിയതോടെയാണ് രൂക്ഷമായ ഏറ്റുമുട്ടലിന് സഭ സാക്ഷ്യംവഹിച്ചത്.
2014-15 മുതൽ 2023-24 സാമ്പത്തിക വർഷങ്ങളിൽ ഇന്ത്യൻ വാണിജ്യ ബാങ്കുകൾ 12.3 ലക്ഷം കോടി രൂപയുടെ വായ്പ എഴുതിത്തള്ളി. കേന്ദ്ര സർക്കാർ പാർലമെൻ്റിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. പൊതുമേഖലാ ബാങ്കുകൾ കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ 6.5 ലക്ഷം കോടി രൂപ എഴുതിത്തള്ളിയതായി പറയുന്നു.
ശ്രീലങ്കയുടെ മണ്ണ് ഇന്ത്യ വിരുദ്ധ നീക്കങ്ങൾക്ക് ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് അവർത്തിച്ച് പ്രസിഡൻറ് അനുര കുമാര ദിസനായകെ. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ദിസനായകെയുടെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശ്രീലങ്കയിലേക്ക് ക്ഷണിച്ചതായും ശ്രീലങ്കൻ പ്രസിഡൻറ് അറിയിച്ചു.
സിറിയയിലെ സര്‍ക്കാരിനെ വീഴ്ത്തി വിമതര്‍ ഭരണം പിടിച്ചതിനുപിന്നാലെ വിഷയത്തില്‍ ആദ്യ പ്രതികരണവുമായി പുറത്താക്കപ്പെട്ട പ്രസിഡന്റ് ബാഷര്‍ അല്‍ അസദ്. സിറിയ വിടാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും വിമതരോട് പോരാടാന്‍ തന്നെയായിരുന്നു തീരുമാനമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
മയോട്ട ദ്വീപിനെ നിലംപരിശാക്കി ചിഡോ ചുഴലിക്കാറ്റ്. നൂറ്റാണ്ടിലെ ഏറ്റവും ഭീകരമായ ചുഴലിക്കാറ്റെന്ന് വിലയിരുത്തപ്പെടുന്ന ചിഡോ ചുഴലിക്കാറ്റില്‍ ആയിരക്കണക്കിന് ജനങ്ങള്‍ മരിച്ചതായാണ് ഫ്രെഞ്ച് ആഭ്യന്തരമന്ത്രാലയത്തിന്റെ വിലയിരുത്തല്‍..