വിവാദങ്ങൾക്കിടെ കിറ്റ് വിതരണം നിർത്തിവെക്കാൻ വയനാട്കളക്ടർ മേപ്പാടി പഞ്ചായത്തിന് നിർദ്ദേശം നൽകി. ഭക്ഷ്യവിഷബാധയടക്കം പരാതി ഉയർന്ന സാഹചര്യത്തിലാണ് നടപടി. സ്റ്റോക്കിലുള്ള ഭക്ഷ്യസാധനങ്ങൾ പരിശോധിക്കാനും ഫുഡ് സേഫ്റ്റി വകുപ്പിന് കളക്ടർ നിർദ്ദേശം നൽകി. യുഡിഎഫ് ഭരിക്കുന്ന മേപ്പാടി പഞ്ചായത്തില്‍ നിന്നും വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് പഴകിപ്പൂത്തതും പുഴുവരിച്ചതുമായ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തതുമായി ബന്ധപ്പട്ട് വിവാദങ്ങളും സമരങ്ങളും കൂടുതല്‍ ശക്തമാവുകയാണ്. അതിനിടെയാണ് കളക്ടറുടെ നടപടി.

ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് നൽകിയ അരിയിൽ പുഴുവിനെ കണ്ടെത്തിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ സര്‍ക്കാരും കോണ്‍ഗ്രസും തുറന്ന പോരിലേക്ക്. മേപ്പാടി ഗ്രാമപഞ്ചായത്തിനെതിരെ ആരോപണവുമായി രംഗത്തെത്തിയ റവന്യു മന്ത്രി കെ രാജനെ വെല്ലുവിളിച്ച് യു.ഡി.എഫ് നേതാക്കളായ ടി സിദ്ദിഖ് എംഎല്‍എ, രാജ്മോഹൻ ഉണ്ണിത്താൻ, എൻകെ പ്രേമചന്ദ്രൻ തുടങ്ങിയവര്‍ രംഗത്തെത്തി. ഗോഡൗണുകള്‍ തുറന്ന് പരിശോധിക്കാൻ മന്ത്രിയെ വെല്ലുവിളിച്ചു. കിറ്റ് വിവാദത്തിൽ വൈകിട്ട് പ്രതിഷേധിക്കുമെന്നും യുഡിഎഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തിൽ പറ‍ഞ്ഞു.

 

കോൺഗ്രസ് -ബിജെപി ഡീൽ ആരോപണം ചേലക്കര തെരഞ്ഞെടുപ്പിൽ ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ . നേമത്തും തൃശ്ശൂരിലും ബിജെപി അക്കൗണ്ട് തുറന്നത് കോൺഗ്രസുമായുണ്ടായിരുന്ന ഡീലിന്റെ ഭാഗമായിരുന്നു. തൃശ്ശൂരിലൂടെ ലോക്സഭയിലേക്ക് ബിജെപിക്ക് അക്കൗണ്ട് തുറക്കാനായി. ബിജെപി- കോൺഗ്രസ്‌ മാനസിക ഐക്യം അത്രത്തോളമാണ്. ഇരുവരുടെയും പ്രധാന ശത്രു എൽഡിഎഫാണെന്നും പിണറായി പറഞ്ഞു.

 

വഖഫിലെ വിവാദപ്രസ്താവനയിൽ സുരേഷ് ഗോപിക്കെതിരെ പൊലീസിൽ പരാതി. കമ്പളക്കാട് നടത്തിയ പ്രസംഗത്തിൽ വർഗീയ പരാമർശമുണ്ടെന്ന പരാതി കോൺഗ്രസ്‌ നേതാവ് അനൂപ് വി ആർ ആണ് നൽകിയത്. നാല് അക്ഷരങ്ങളിൽ ഒതുങ്ങുന്ന കിരാതമെന്നും ആ കിരാതത്തെ ഒതുക്കിയിരിക്കുമെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പരാമർശം.

 

എൻ പ്രശാന്ത് ഐ എ എസ്ന്റെ പരസ്യ പ്രതികരണം ശക്തമായി തുടരുന്നു. ‘ഓണക്കിറ്റിൽ ഫ്രീ കിട്ടിയതല്ല ഐ എ എസ് എന്നും കരിയർ തീർക്കാൻ മാത്രം ആരും കേരളത്തിലില്ലെന്നുമാണ് എൻ പ്രശാന്ത് ഏറ്റവും ഒടുവിലായി കുറിച്ചത്. അഡീഷണൽ ചീഫ് സെക്രട്ടറി എ ജയതിലക് ഐ എ എസിനെതിരായ പരസ്യ വിമർശനമുന്നയിച്ച ഫേസ്ബുക്ക് പോസ്റ്റിനടിയിൽ വന്ന കമന്‍റിനുള്ള മറുപടിയായാണ് എൻ പ്രശാന്ത് ഇക്കാര്യം കുറിച്ചത്.

 

ഡോ. എ. ജയതിലകിനെതിരെ സാമൂഹിക മാധ്യമത്തില്‍ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ എന്‍. പ്രശാന്തിനെതിരെ നടപടിയുണ്ടാകും . പ്രശാന്തിനെതിരെ ഉടന്‍ നടപടിയുണ്ടാകുമെന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ പറഞ്ഞു. എന്ത് നടപടിയാണ് ഉണ്ടാകുക എന്ന് ഇപ്പോള്‍ വ്യക്തമല്ല. സംസ്ഥാനത്തെ മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ കൂടിയായ അഡീഷണല്‍ ചീഫ് സെക്രട്ടറി എ. ജയതിലകിനെതിരായ പ്രശാന്തിന്റെ പരാമര്‍ശം ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ക്കിടയിലും അമര്‍ഷത്തിന് ഇടയാക്കിയിട്ടുണ്ട്.

 

മല്ലു ഹിന്ദു ഗ്രൂപ്പ് വിവാദത്തില്‍ ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറി ഡിജിപി . വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണന്‍റെ ഫോൺ ഹാക്ക് ചെയ്തിട്ടില്ല എന്ന് റിപ്പോർട്ടിൽ വ്യക്തമാണ്. ചീഫ് സെക്രട്ടറി ഗോപാലകൃഷ്ണനോട് വിശദീകരണം തേടും. ഇതിന് പിന്നാലെ ഗോപാലകൃഷ്ണനെതിരെ നടപടി ഉണ്ടാകാനാണ് സാധ്യത.

വണ്ടൂരിൽ പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി പരിഹസിച്ച് മുസ്ലിം ലീഗ് നേതാവ് എം കെ മുനീർ . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ബന്ധപ്പെടുത്തിയാണ് മുനീർ പിണറായിക്കെതിരെ പരിഹാസവുമായി രംഗത്തെത്തിയത്. ‘സ്വന്തം വീടിൻ്റെ ഐശ്വര്യം മോദി’ എന്ന അവസ്ഥയിലാണ് പിണറായി വിജയനെന്നാണ് മുനീർ പറഞ്ഞത്. ഗതികേടേ നിന്‍റെ പേര് പിണറായി എന്നും മുനീർ പറഞ്ഞു.

 

സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ മുനമ്പം സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. മുനമ്പം നിരാഹാര സമരപ്പന്തലിലെത്തിയ അദ്ദേഹം സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സമരത്തിൽ നിങ്ങൾ ഒറ്റയ്ക്കല്ല, ഏത് അതിർത്തി വരെ പോകേണ്ടിവന്നാലും സമരക്കാരുടെ കൂടെയുണ്ടാകുമെന്നും, സമരക്കാരിൽ അവസാനത്തെ പോരാളി മരിച്ചു വീഴുന്നത് വരെ താനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

സീപ്ലെയ്൯ പദ്ധതി കേരളത്തിലെ വിനോദ സഞ്ചാരമേഖലയിൽ വിപ്ലവം സൃഷ്ടിക്കുമെന്ന് ഏവിയേഷ൯ സെക്രട്ടറി ബിജു പ്രഭാക൪.ഈ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.കൊച്ചി ബോൾഗാട്ടി മറീനയിൽ സീപ്ലെയിനിന്റെ പരീക്ഷണപ്പറക്കലിനു മുന്നോടിയായി മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉയ൪ന്ന മൂല്യമുള്ള വിനോദ സഞ്ചാര സാധ്യതകൾ വികസിപ്പിക്കുകയാണ് ലക്ഷ്യം.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൊണ്ടുവന്ന സീപ്ലെയിന്‍ പദ്ധതി അട്ടിമറിച്ച സി പി എം അതേ പദ്ധതി നടപ്പാക്കുമ്പോള്‍ 11 വര്‍ഷവും 14 കോടി രൂപയും നഷ്ടപ്പെടുത്തിയതിന് മാപ്പെന്നൊരു വാക്കെങ്കിലും മുഖ്യമന്ത്രി പറയണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. രാജ്യത്തെ ആദ്യത്തെ സീപ്ലെയില്‍ പദ്ധതി 2013 ജൂണിലാണ് ഉമ്മന്‍ ചാണ്ടി കൊല്ലം അഷ്ടമുടിക്കായലില്‍ ഫ്‌ളാഗ് ഓഫ് ചെയ്തത്. അന്ന് സിപിഎം മത്സ്യത്തൊഴിലാളികളെ ഇറക്കി വിമാനം ആലപ്പുഴയില്‍ ഇറക്കാന്‍ പോലും  സമ്മതിച്ചില്ല. സിപിഎമ്മിന്റെ രാഷ്ട്രീയലാഭത്തില്‍ അവയെല്ലാം എഴുതിച്ചേര്‍ത്തെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.

 

സിനിമ കാണുന്നതിനിടെ കണ്ണൂരിൽ തിയേറ്ററിലെ വാട്ടര്‍ ടാങ്ക് തകര്‍ന്ന് അപകടം. സിനിമ കാണാനെത്തിയ രണ്ട് പേര്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍ മട്ടന്നൂരിലെ സഹിന സിനിമാസിലെ വാട്ടര്‍ ടാങ്കാണ് തകര്‍ന്നത്. വാട്ടര്‍ ടാങ്ക് പൊട്ടിയതോടെ മുകളിൽ നിന്ന് വെള്ളം തിയേറ്ററിലേക്ക് ഒഴുകിയെത്തി. വാട്ടര്‍ ടാങ്കിനൊപ്പം കെട്ടിടത്തിലെ  സിമന്‍റ് കട്ടകളും സീലിങും സീറ്റിലേക്ക് വീണാണ് സിനിമ കാണാനെത്തിയവര്‍ക്ക് പരിക്കേറ്റത്.

 

കള്ളനോട്ട് നിർമ്മിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ സോൻഭദ്ര ജില്ലയിലാണ് സംഭവം. 30,000 രൂപയുടെ കള്ളനോട്ട് നിർമ്മിച്ച ഇവര്‍ ഡമ്മി നോട്ടുകൾ പ്രചരിപ്പിക്കുകയായിരുന്നു. സതീഷ് റായി, പ്രമോദ് മിശ്ര എന്നിങ്ങനെ രണ്ട് യുവാക്കളാണ് അറസ്റ്റിലായത്.10 രൂപയുടെ സ്റ്റാമ്പ് പേപ്പറില്‍ കമ്പ്യൂട്ടര്‍ പ്രിന്‍റ് ചെയ്താണ് ഇവര്‍ 500 രൂപയുടെ നോട്ടുകൾ അച്ചടിച്ചത്. എല്ലാ നോട്ടുകൾക്കും ഒരേ സീരിയൽ നമ്പറായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

തിരൂർ ഡപ്യൂട്ടി തഹസിൽദാറുടെ തിരോധാനത്തിന് കാരണം ബ്ലാക്‌മെയ്‌ലിങെന്ന് പൊലീസ്. സംഭവത്തിൽ തിരൂർ പൊലീസ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. രണ്ടത്താണി സ്വദേശികളായ ഷഫീഖ് (35),ഫൈസൽ (43) വെട്ടിച്ചിറ സ്വദേശി അജ്മൽ (37) എന്നിവരാണ് പിടിയിലായത്. ഡെപ്യൂട്ടി തഹസിൽദാറെ ഭീഷണിപ്പടുത്തി പത്ത് ലക്ഷം രൂപ പ്രതികൾ തട്ടി എടുത്തിരുന്നു.

 

സംസ്ഥാനത്ത് പകല്‍ സമയത്ത് താപനില കൂടുന്നു. തുലാവർഷ മഴ വൈകുന്നേരവും രാത്രിയിലുമായി ഒതുങ്ങിയതോടെ സംസ്ഥാനത്ത് പകൽ ചൂട് സാധാരണയിലും കൂടുതലാണ്. കോഴിക്കോട് സിറ്റിയിൽ കഴിഞ്ഞ രണ്ട് ദിവസമായി പകൽ താപനില 35 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ്. ഇത് സാധാരണയിലും മൂന്ന് ഡിഗ്രി സെല്‍ഷ്യസ് കൂടുതലാണ്.

 

ആൺസുഹൃത്ത് ബന്ധത്തിൽ നിന്ന് പിൻവാങ്ങിയതിലെ മനോവിഷമത്തിൽ യുവാവ് പൊലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. എറണാകുളം കടവന്ത്ര പൊലീസ് സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷനിലുണ്ടായിരുന്ന പൊലീസുകാര്‍ യുവാവിന്‍റെ ആത്മഹത്യാശ്രമം തടഞ്ഞ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. യുവാവിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു.

 

ബിജെപി ഉള്ള കാലത്തോളം മതം അടിസ്ഥാനമാക്കിയുള്ള സംവരണം അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാക്കൾ മുസ്‌ലിങ്ങൾക്ക് 10 ശതമാനം സംവരണം നൽകാൻ സഹായിക്കുമെന്ന് പറയുന്നു. എന്നാൽ ഭരണഘടനയിൽ മതാടിസ്ഥാനത്തിൽ സംവരണം നൽകാൻ വ്യവസ്ഥയില്ല. മുസ്‌ലിങ്ങൾക്ക് 10 ശതമാനം സംവരണം നൽകിയാൽ പിന്നാക്ക വിഭാഗക്കാരുടെ സംവരണം കുറയുമെന്നും ഇത് തങ്ങൾ അനുവദിക്കില്ലെന്നും അമിത്ഷാ പറഞ്ഞു.

 

ട്രെയിൻ കോച്ചുകൾക്കിടയിൽ കുടുങ്ങി ജീവനക്കാരന് ദാരുണാന്ത്യം. ശനിയാഴ്ച ബീഹാറിലെ ബെഗുസാരായിയിലെ ബറൗണി ജംഗ്ഷനിലാണ് സംഭവം. റെയിൽവേ പോർട്ടർ ഷണ്ടിംഗ് ഓപ്പറേഷനിലാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. സോൻപൂർ റെയിൽവേ ഡിവിഷനു കീഴിലുള്ള സ്റ്റേഷനിൽ പോർട്ടർ ജോലി ചെയ്യുന്ന അമർ കുമാർ റാവുവാണ് കൊല്ലപ്പെട്ടത്.

 

ഹിമാചൽ പ്രദേശ് മുൻ മുഖ്യമന്ത്രി ജയറാം താക്കൂർ വെള്ളിയാഴ്ച ബിജെപി പ്രവർത്തകർക്കായി സമൂസ വിരുന്നൊരുക്കി. മുഖ്യമന്ത്രിക്ക് കരുതിയിരുന്ന സമൂസകളും കേക്കുകളും സുരക്ഷാ ഉദ്യോഗസ്ഥർക്ക് വിളമ്പിയ സംഭവത്തിൽ അന്വേഷണത്തിന് ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ സിഐ‍ഡ‍ി അന്വേഷണത്തിന് ഉത്തരവിട്ടത് വലിയ ചര്‍ച്ചയാകുന്നതിനിടെയാണ് വിരുന്ന്. പ്രതിപക്ഷ നേതാവായ ജയറാം താക്കൂർ സമൂസ കഴിക്കുന്നതും ബിജെപി പ്രവർത്തകരുമായി സംസാരിക്കുന്നതിന്‍റെയും വീഡിയോ ആണ് പുറത്ത് വന്നിട്ടുള്ളത്.

 

യു.എസ്. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപിന് ആശംസകളറിയിച്ച് പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. പാകിസ്താനില്‍ നിരോധിച്ച സാമൂഹിക മാധ്യമമായ എക്‌സിലൂടെയാണ് അദ്ദേഹം ആശംസയറിയിച്ചത്. നിരോധനം മറികടക്കാനായി വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്ക് ഉപയോഗിച്ചാണ് പാക് പ്രധാനമന്ത്രി എക്‌സ് ഉപയോഗിച്ചത് എന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. .

 

പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യലുള്ള റെയില്‍വേ സ്റ്റേഷനില്‍ നടന്ന ചാവേര്‍ ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ശനിയാഴ്ച രാവിലെ ക്വറ്റ റെയില്‍വേ സ്റ്റേഷനില്‍ നടന്ന ആക്രമണത്തില്‍ 24 പേര്‍ കൊല്ലപ്പെടുകയും 46 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതു. പെഷാവറിലേക്കുള്ള തീവണ്ടി പുറപ്പെടാനൊരുങ്ങുമ്പോഴായിരുന്നു സ്‌ഫോടനം.

ഝാർഖണ്ഡിൽ അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടത്തുമെന്ന രാഹുൽ ​ഗാന്ധിയുടെ വാ​ഗ്ദാനത്തെ ചോദ്യം ചെയ്ത് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. എന്ത് അടിസ്ഥാനത്തിൽ ജാതി സെൻസസ് നടത്തുമെന്നും എത്ര സംവരണം ലഭിക്കുമെന്നും ചോദിച്ച അദ്ദേഹം ജനങ്ങളെ വിഡ്ഢികളാക്കരുതെന്നും പറഞ്ഞു. ഛത്രയിൽ ബിജെപി തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

ഇന്ത്യ-കാനഡ നയതന്ത്രപ്രശ്‌നങ്ങള്‍ തുടരുന്നതിനിടെ വിദേശവിദ്യാര്‍ഥികള്‍ക്ക് ഫാസ്റ്റ് ട്രാക്ക് വിസ നല്‍കുന്നത് അവസാനിപ്പിച്ച് കാനഡ. സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം അടിയന്തരമായി അവസാനിപ്പിക്കുന്നതായി ഇമിഗ്രേഷന്‍ റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ് കാനഡ വെള്ളിയാഴ്ച പ്രസ്താവനയില്‍ അറിയിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *