പാലക്കാട്ടെ പാതിരാ റെയ്ഡിൽ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് സിപിഎം. കോൺ​ഗ്രസ് കളളപ്പണം കടത്തിയെന്ന ആരോപണത്തിൽ കെപിഎം ഹോട്ടലിന് പുറത്തുള്ള ദൃശ്യങ്ങളാണ് പുറത്ത് വിട്ടത്. ഇന്നലെ ഹോട്ടലിൻ്റെ അകത്തുള്ള ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു.ദൃശ്യങ്ങളിൽ കെഎസ്‍യു നേതാവായ ഫെന്നി നൈനാൻ നീല ട്രോളി ബാ​ഗുമായി പോകുന്നത് കാണാമായിരുന്നു. എന്നാൽ ട്രോളി ബാ​ഗിൽ വസ്ത്രങ്ങളായിരുന്നുവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചിരുന്നു.

ഫെന്നി ട്രോളി ബാഗ് വെച്ച കാറിൽ അല്ല രാഹുൽ മാങ്കൂട്ടത്തിൽ പോയതെന്നു സിപിഎം പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. രാഹുൽ പോയത് മറ്റൊരു കാറിലായിരുന്നു. ട്രോളി ബാഗ് വെച്ച കാർ രാഹുൽ പോയ കാറിനെ പിന്തുടരുകയായിരുന്നു . വസ്ത്രങ്ങളുള്ള ബാ​ഗാണെങ്കിൽ രാഹുൽ മാങ്കൂട്ടത്തിൽ എന്തുകൊണ്ട് ആ കാറിൽ പോയില്ലെന്നാണ് സിപിഎം ഉയർത്തുന്ന വാ​ദം.

 

വി.ഡി.സതീശന്റെ വാഹനത്തിലാണ് പണം പാലക്കാടെത്തിയതെന്ന് യൂത്ത് കോൺ​ഗ്രസ് മുൻ നേതാവ് എ.കെ. ഷാനിബ്. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ വി.ഡി. സതീശന് കിട്ടുന്ന സുരക്ഷ ഉപയോ​ഗിച്ചുകൊണ്ടാണിത്. കഴിഞ്ഞദിവസം കെ.സി. വേണു​ഗോപാൽ പാലക്കാട് വന്നപ്പോഴും പണം എത്തിയിട്ടുണ്ട്. ഇതെല്ലാം കൈകാര്യം ചെയ്യുന്നത് വി.ഡി. സതീശന്റെ ബിനാമിയായ നവാസ് മാഞ്ഞാലിയാണെന്നും ഇയാൾ ഇ.ഡി അന്വേഷണം നേരിടുന്നയാളാണെന്നും ഷാനിബ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

 

രാഹുലിന്റെ കളവ് തെളിയിക്കുന്നതാണ് പുതിയ സിസിടിവി ദൃശ്യങ്ങളെന്ന് എം വി​ ​ഗോവിന്ദൻ. കള്ളം പറഞ്ഞ് രക്ഷപ്പെടാനുള്ള ശ്രമം പൂർണമായി പൊളിഞ്ഞു പാളീസായി എന്നും എം വി ​ഗോവിന്ദൻ പരിഹാസരൂപേണ പറഞ്ഞു. കൊണ്ടുപോയത് എൻ്റെ വസ്ത്രമാണെന്ന് പറഞ്ഞത് തെറ്റെന്ന് വ്യക്തമായി. കളവിൽ നിന്ന് രക്ഷപെടാൻ വേണ്ടി ഓരോന്ന് മാറ്റി മാറ്റി പറഞ്ഞുകൊണ്ടിരിക്കുന്നുവെന്നും ​ഗോവിന്ദൻ കുറ്റപ്പെടുത്തി.

സിപിഎം ഇന്ന് പുറത്തുവിട്ട സിസിടിവി ദൃശ്യത്തിന് മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ. സുഹൃത്തും താനും രണ്ട് വാഹനത്തിലാണ് ഹോട്ടലിൽ നിന്ന് പോയതെന്ന് സ്ഥിരീകരിച്ച രാഹുൽ താൻ കയറിയത് ഷാഫി പറമ്പിലിൻ്റെ കാറിലാണെന്നും. തൻ്റെ കാറിലാണ് സുഹൃത്ത് വന്നതെന്നും പറഞ്ഞു. ചില കാര്യങ്ങൾ സംസാരിക്കാനുണ്ടായിരുന്നത് കൊണ്ടാണ് ഷാഫിക്കൊപ്പം കാറിൽ കയറിയത്. സുഹൃത്ത് കൊണ്ടുവന്ന തൻ്റെ കാറിലേക്ക് പാലക്കാട് പ്രസ് ക്ലബിന് സമീപത്ത് വച്ച് മാറിക്കയറി എന്നും രാഹുൽ കൂട്ടിച്ചേർത്തു.

 

പാലക്കാട്ടെ റെയ്ഡിനും കള്ളപ്പണ ആരോപണത്തിനുമിടെ വടകര എം.പി. ഷാഫി പറമ്പിലിനെതിരേ രൂക്ഷ വിമർശനവുമായി കെ.ടി. ജലീൽ എം.എൽ.എ. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വേണ്ടി ചാരിറ്റി പ്രവർത്തന രംഗത്തുണ്ടായിരുന്നു ഫിറോസ് കുന്നുംപറമ്പിലിന്റെ പക്കൽ നിന്ന് ഷാഫി പറമ്പിൽ എം.എൽ.എ. രണ്ടു കോടി രൂപ വാങ്ങി എന്ന മുൻ യൂത്ത് കോൺഗ്രസ് നേതാവ് ഷാനിബിന്റെ ആരോപണം ചൂണ്ടിക്കാട്ടിയാണ് വിമർശനം..

 

പ്രതിപക്ഷ നേതാവ് വി ഡി സതീശന് തന്നോട് പകയാണെന്നും കഴിഞ്ഞ കുറച്ചുനാളായി പകയോടെ പെറുമാറുകയാണെന്നും മന്ത്രി എംബി രാജേഷ്. രാഷ്ട്രീയത്തിൽ വിമർശനമുണ്ടാവാറുണ്ടെന്നും, രാഷ്ട്രീയ എതിർപ്പും, വിമർശനവും സാധാരണമാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ പാലക്കാടെ റെയിഡുമായി ബന്ധപ്പെട്ട് എന്തിനായിരുന്നു പരിഭ്രാന്തിയെന്ന് സിസിടിവിയിൽ വ്യക്തമാണെന്നും പരിശോധന പാതകമല്ലല്ലോ എന്തിനാണ് തടയാൻ ശ്രമിക്കുന്നത് ഗൂഢാലോചന സിപിഎമ്മിൻ്റെ തലയിൽ കെട്ടിവെക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

 

പാലക്കാട്ടെ പാതിരാ റെയ്ഡിൽ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പാലക്കാട്ടെ റെയ്ഡ് മന്ത്രി എം ബി രാജേഷിന്റെ നിർദേശ പ്രകാരമെന്ന് കെ സുധാകരൻ ആരോപിച്ചു. മന്ത്രി പൊലീസിന് നേരിട്ട് നിർദേശം നൽകിയെന്നും കെ സുധാകരൻ പ്രതികരിച്ചു.

 

വയനാട് പാർലമെന്‍റ് നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിക്കായി ചുവപ്പ് യുവജനസേന സ്ക്വാഡ് റവല്യൂഷനറി യൂത്ത് ഫ്രണ്ടിന്‍റ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ചുവന്ന കൊടിയുമായി പ്രിയങ്കയ്ക്ക് വോട്ട് അഭ്യർത്ഥന നടത്തിയ യുവജന ക്യാമ്പയനിംഗ് വോട്ടർമാരിൽ കൗതുകമുണർത്തി. വയനാടിന്‍റെ വിവിധ കേന്ദ്രങ്ങളിൽ യുവജന റെഡ് സ്ക്വാഡും, കലാജാഥയും തുടർ ദിവസങ്ങളിൽ പര്യടനം നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു.

എഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യ കേസിൽ റവന്യൂ വകുപ്പ് അന്വേഷണത്തിലെ വിവരങ്ങൾ തേടാൻ പൊലീസ്. എ ഗീത ഐഎഎസിന്‍റെ മൊഴിയെടുക്കും. എഡിഎമ്മിന്‍റെ യാത്രയയപ്പ് ദിവസം പ്രശാന്ത് വിജിലൻസ് ഓഫീസിലെത്തിയതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. പി പി ദിവ്യയുടെ ജാമ്യാപേക്ഷയിൽ നാളെയാണ് ഉത്തരവ്.

മാധ്യമങ്ങളെ നിയന്ത്രിക്കണമെന്ന ഹർജി ഹൈക്കോടതി തീർപ്പാക്കി. മാധ്യമ സ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശമെന്നും നിയന്ത്രിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ക്രിമിനൽ കേസുകളിൽ ആരെയും കുറ്റക്കാരെന്നോ നിരപരാധിയെന്നോ ചിത്രീകരിക്കുന്ന നിലയിൽ വാർത്ത നൽകുന്നത് ഒഴിവാക്കണമെന്നും, വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്ന നടപടികൾ മാധ്യമങ്ങളിൽ നിന്നുണ്ടായാൽ കോടതിയെ സമീപിക്കാനുളള അവകാശം ഭരണഘടനയും നിയമങ്ങളും നൽകുന്നുണ്ടെന്നും, മാധ്യമ ഇടപെടലിൽ സത്പേര് കളങ്കപ്പെടുമെന്ന് തോന്നിയാൽ ആവലാതിക്കാരന് കോടതിയെ സമീപിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി.

 

വയനാട് തോൽപ്പെട്ടിയിൽ നിന്ന് തെരഞ്ഞെടുപ്പ് ഫ്ലയിങ് സ്കോഡ് ഭക്ഷ്യ കിറ്റുകൾ പിടികൂടി. രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രം പതിപ്പിച്ചിട്ടുള്ള കിറ്റുകളാണ് പിടികൂടിയത്. ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് നൽകാനാണെന്ന് കിറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് വിതരണം ചെയ്യാൻ നേരത്തെ കൊണ്ടുവന്ന കിറ്റുകളാണ് ഇതെന്നാണ് കോൺഗ്രസ് വ്യക്തമാക്കുന്നത്.

 

വയനാട്ടിൽ കിറ്റ് കൊടുത്ത് തെരഞ്ഞെടുപ്പിൽ വിജയിക്കേണ്ട സാഹചര്യം കോൺ​ഗ്രസിന് ഇല്ലെന്ന് കോൺ​ഗ്രസ് നേതാവ് ടി സിദ്ദിഖ് എംഎൽഎ. വയനാട്ടിലെ കോൺ​ഗ്രസ് നേതാക്കളായ രാഹുൽ ​ഗാന്ധിയുടേയും പ്രിയങ്ക ​ഗാന്ധിയുടേയും ചിത്രമുള്ള ഭക്ഷ്യ കിറ്റുകൾ പിടിച്ചെടുത്ത സംഭവത്തിൽ‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രളയബാധിതർക്ക് നൽകാൻ എത്തിച്ച കിറ്റുകളാണ് കോൺഗ്രസ് നേതാവിന്റെ വീട്ടിൽ ഉണ്ടായിരുന്നതെന്നും , തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ വിതരണം ചെയ്യാതെ സൂക്ഷിച്ചുവെന്നും ടി സിദ്ദിഖ് പറഞ്ഞു.

 

ബിജെപി പ്രസിഡണ്ടിൻറെ പാർട്ടിയിൽ സജീവമാകണമെന്ന ആവശ്യം തള്ളി സന്ദീപ് വാര്യർ. കെ സുരേന്ദ്രനെ കടന്നാക്രമിച്ച സന്ദീപ് പാർട്ടിയിൽ നിന്ന് പുറത്തേക്കാണെന്നാണ്സൂചന . സന്ദീപ് ഇനിയും കടുപ്പിച്ചാൽ തെരഞ്ഞെടുപ്പ് തീരും മുമ്പ് അച്ചടക്ക നടപടി എടുക്കുന്നതിനെ കുറിച്ചും ബിജെപിയിൽ ചർച്ചകളുണ്ട്.

 

.ഡി.എം നവീൻ ബാബുവിൻ്റെ ആത്മഹത്യകേസ് പരാമര്‍ശിക്കുന്ന ചോദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപകനെ പുറത്താക്കി കണ്ണൂര്‍ സര്‍വകലാശാല. മഞ്ചേശ്വരം ലോ കോളേജ് താത്കാലിക അധ്യപകനായിരുന്ന ഷെറിന്‍ പി എബ്രഹാമിനെയാണ് ജോലിയില്‍ നിന്ന് പുറത്താക്കിയത്. എസ് എഫ് ഐ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി എന്നാണ് ആരോപണം.

 

 

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഡോ.പി.സരിൻ്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ വിമർശനം. സിപിഎം വഞ്ചിയൂർ ഏരിയാ സമ്മേളനത്തിലാണ് വിമർശനം ഉയർന്നത്. ഇന്നലെവരെ കോൺഗ്രസ് ആയിരുന്ന ആളാണ് സരിനെന്നും പിവി അൻവർ വിട്ടുപോയത് മറക്കരുതെന്ന് ഏരിയാ സമ്മേളനത്തിൽ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്ത് വിമർശിച്ചു.

വിവരാവകാശ കമ്മീഷണര്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ കോഴിക്കോട് ഫറോക്ക് നഗരസഭയില്‍ ഗുരുതരമായ വീഴ്ച കണ്ടെത്തി. സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരമായിരുന്നു വിവരാവകാശ കമ്മീഷണര്‍ പരിശോധന നടത്തിയത്. രേഖകളില്‍ തിരുത്തല്‍ നടന്നതായും ഓരോ വര്‍ഷം നല്‍കേണ്ട വിവരാവകാശ കണക്കുകള്‍ നഗരസഭയില്‍ നൽകിയില്ലെന്നും പരിശോധനയില്‍ വ്യക്തമായി.14 ദിവസത്തിനുള്ളിൽ രേഖകൾ വിവരവകാശ കമ്മീഷൻ്റെ വെബ് സൈറ്റിൽ അപ ലോഡ് ചെയ്യണം അല്ലാത്ത പക്ഷം നടപടി ഉണ്ടാകുമെന്ന് കമ്മീഷണർ ഡോ. എ.അബ്ദുൾ ഹക്കിം വ്യക്തമാക്കി.

 

അങ്കമാലി അർബൻ സഹകരണ സംഘത്തിലെ തട്ടിപ്പ് കേസിൽ രണ്ടു പേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.ഡയറക്ടർ ബോർഡ് അംഗങ്ങൾ ആയിരുന്ന ടി .പി. ജോർജ് കാലടി, സെബാസ്റ്റ്യൻ മാടൻ മഞ്ഞപ്ര എന്നിവരെയാണ് തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. റോയ് വർഗ്ഗീസ് അറസ്റ്റ് ചെയ്തത്. മുൻ ഭരണസമിതിയിലെ ചില അംഗങ്ങൾ ഇപ്പോഴും ഒളിവിലാണ്.

 

ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാന്‍ സംസ്ഥാന വ്യാപകമായി വിവിധ തരത്തിലുള്ള എഎംആര്‍ അവബോധ പരിപാടികള്‍ നടത്തി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആന്റിബയോട്ടിക്കുകള്‍ തിരിച്ചറിയാനായി അവ നീല നിറത്തിലുള്ള പ്രത്യേക കവറുകളില്‍ നല്‍കാനുള്ള പദ്ധതി ആരംഭിച്ചു. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക് നല്‍കരുതെന്ന് മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വോട്ടെടുപ്പ് ദിവസമായ നവംബര്‍ 13 ന് ചേലക്കര നിയോജകമണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും, ബാങ്കുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വേതനത്തോടുകൂടിയുള്ള പൊതുഅവധി പ്രഖ്യാപിച്ചു.

 

കൊച്ചിയിൽ ഒഡിഷ സ്വദേശിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ പ്രതി ശിവപ്രസാദിനായി പൊലീസിന്റെ ലുക്ക് ഔട്ട് സർക്കുലർ. 26 ദിവസമായി പ്രതി ഒളിവിലാണ്. പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം ജില്ല സെഷൻസ് കോടതി കഴിഞ്ഞയാഴ്ച തള്ളിയിരുന്നു. 22 വയസ്സുള്ള ഒഡീഷ സ്വദേശിയായ വീട്ടുജോലിക്കാരിയെ ശിവപ്രസാദ് മദ്യം നൽകി ബലാത്സംഗം ചെയ്തെന്നാണ് കേസ്.

 

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി നിരവധി ക്ഷേമ പദ്ധതികളുമായി ഇൻഡ്യ മുന്നണിയുടെ മഹാവികാസ് അഘാഡി പ്രകടന പത്രിക പുറത്തിറക്കി.മുംബൈയിലെ എംഎംആർഡിഎ ഗ്രൗണ്ടിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, ഉദ്ധവ് താക്കറെ തുടങ്ങിയവർ പങ്കെടുത്ത മെഗാ റാലിയിലാണ് തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കിയത്.

അഫ്ഗാനിസ്ഥാനുമായുള്ള ബന്ധത്തിൽ സുപ്രധാന നീക്കവുമായി ഇന്ത്യ. താലിബാൻ ആക്ടിംഗ് പ്രതിരോധ മന്ത്രി മുഹമ്മദ് യാക്കൂബ് മുജാഹിദുമായി ഇന്ത്യ ബുധനാഴ്ച ആദ്യ കൂടിക്കാഴ്ച നടത്തി. താലിബാന്റെ രണ്ടാം വരവിൽ ഇന്ത്യ ആദ്യമായിട്ടാണ് ഔദ്യോ​ഗിക ചർച്ച നടത്തുന്നത്. യാക്കൂബും വിദേശകാര്യ ജോയിൻ്റ് സെക്രട്ടറി ജെപി സിംഗും തമ്മിലാണ് കാബൂളിൽ കൂടിക്കാഴ്ച നടത്തിയത്.

 

നിയമന നടപടികള്‍ ആരംഭിച്ച ശേഷം നിയമന ഏജൻസികൾക്ക് മാനദണ്ഡങ്ങള്‍ മാറ്റാനാവില്ലെന്ന് സുപ്രിം കോടതി. നിയമം അനുവദിക്കുന്നില്ലെങ്കില്‍ മാനദണ്ഡങ്ങള്‍ ഇടയ്ക്ക് വച്ച് തിരുത്തുന്നത് ഭരണഘടനാ വിരുദ്ധമെന്ന് അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടു. സർക്കാർ ഉദ്യോഗങ്ങളിലേക്കുള്ള നിയമന നടപടികള്‍ ഉദ്യോഗാര്‍ത്ഥികളെ നിയമന ഏജന്‍സി മുന്‍കൂട്ടി അറിയിക്കണം എന്നും കോടതി നിർദേശിച്ചു .

 

ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറിന്റെ വാര്‍ത്താസമ്മേളനം സംപ്രേഷണം ചെയ്ത ഓസ്‌ട്രേലിയന്‍ മാധ്യമത്തിന് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തി കാനഡ. ഓസ്‌ട്രേലിയന്‍ വിദേശകാര്യമന്ത്രി പെന്നി വോങുമായി നടത്തിയ കൂടിക്കാഴ്ചയുടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണ് ‘ഓസ്‌ട്രേലിയ ടുഡേ’ എന്ന ഓസ്‌ട്രേലിയന്‍ മാധ്യമത്തിന് കാനഡ നിരോധനം ഏര്‍പ്പെടുത്തിയത്. വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് രണ്‍ധീര്‍ ജയ്‌സ്‌വാള്‍ ആണ് വ്യാഴാഴ്ച ഇതുസംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടത്.

 

കാനഡയില്‍ നടത്തിവന്നിരുന്ന കോണ്‍സുലര്‍ ക്യാമ്പുകളില്‍ ചിലത് താത്കാലികമായി നിര്‍ത്തിവയ്ക്കുന്നതായി കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍. ആവശ്യമായ സുരക്ഷയൊരുക്കാന്‍ കനേഡിയന്‍ സര്‍ക്കാരിന് കഴിയാത്ത സാഹചര്യത്തിലാണ് തീരുമാനമെന്ന് ഹൈക്കമ്മീഷന് അറിയിച്ചു.

 

ഭരണഘടനാ സംരക്ഷണത്തിലൂന്നി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഉള്ളടക്കമില്ലാത്ത ഭരണഘടന വിതരണം ചെയ്തുവെന്ന ആരോപണവുമായി ബിജെപി.മഹാരാഷ്ട്രയിലെ നാഗ്പുരില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് സംഭവം.

 

ബിജെപിക്കെതിരെ ആഞ്ഞടിച്ച് ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ. തന്നെ ജയിലിൽ അടച്ചത് സർക്കാരിനെ താഴെയിറക്കാനും ഝാർഖണ്ഡ് മുക്തി മോർച്ചയെ തകർക്കാനുമാണെന്ന് അദ്ദേഹം ആരോപിച്ചു. റാഞ്ചിയിൽ തിരഞ്ഞെടുപ്പ് പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *