ഡോണള്‍ഡ് ട്രംപ് വീണ്ടും അധികാരത്തിലെത്തുമ്പോള്‍ വ്യാപാര, നയതന്ത്ര മേഖലകളില്‍ കൂടുതല്‍ സഹകരണം പ്രതീക്ഷിച്ച് ഇന്ത്യ. ഇന്ത്യ- കാനഡ വിഷയത്തിലടക്കം ട്രംപ് ഇടപെടല്‍ നടത്തുമോയെന്നും ഉറ്റുനോക്കുന്നു. ഇന്ത്യ അമേരിക്ക ബന്ധം കൂടുതല്‍ ദൃഢമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും, ആഗോള സമാധാനത്തിനായി ഒന്നിച്ച് നീങ്ങാമെന്നും ട്രംപിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കും പ്രായപൂർത്തിയാകാത്ത കുട്ടികൾക്കും നിയമപരമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് സുപ്രീം കോടതി.പോക്‌സോ കേസുകളിലും ലൈംഗിക പീഡന കേസുകളിലും വിധികൾ പ്രസ്താവിക്കുന്ന രാജ്യത്തെ എല്ലാ സെഷൻസ് കോടതികളും ഇക്കാര്യം ഉറപ്പ് വരുത്തണമെന്നും സുപ്രീം കോടതി നിർദേശിച്ചു. ജസ്റ്റിസുമാരായ ബി വി നാഗരത്ന, പങ്കജ് മിത്തൽ എന്നിവരാണ് സുപ്രധാനമായ നിർദേശം നൽകിയത്.
ഹോട്ടലിൽ കോൺഗ്രസ് നേതാക്കൾ കള്ളപ്പണം കൊണ്ടുവന്നുവെന്ന ആരോപണം ബലപ്പെടുത്താൻ സിസി ടിവി ദൃശ്യങ്ങളുമായി സിപിഎം. ഹോട്ടലിലെ ഇന്നലത്തെ സിസിടിവി ദൃശ്യങ്ങൾ സിപിഎം പുറത്തുവിട്ടു . നീല ട്രോളി ബാഗുമായി കെഎസ്‍യു നേതാവ് ഫെനി നടന്നുപോവുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ഷാഫി പറമ്പിൽ എംപി, ശ്രീകണ്ഠൻ എംപി, ജ്യോതികുമാർ ചാമക്കാല എന്നിവർ കെപിഎം ഹോട്ടലിലേക്ക് കയറുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
പാലക്കാട് ഹോട്ടലിൽ നടത്തിയ പാതിരാ റെയ്ഡിൽ പരസ്പരം ആരോപണമുന്നയിച്ച് കോൺഗ്രസ്-സിപിഎം-ബിജെപി നേതാക്കൾ . നീല ബാഗിൽ രാഹുൽ മാങ്കൂട്ടത്തിൽ പണം കടത്തിയെന്ന് സിപിഎം ആരോപിച്ചു, നീല ട്രോളിയുമായി മറുപടിപറഞ്ഞു രാഹുൽ മാങ്കൂട്ടത്തിലും രംഗത്തെത്തി. നീല ട്രോളി ബാഗ് കള്ളപ്പണം ആവാൻ സാധ്യതയെന്നാണ് സിപിഎമ്മിൻ്റെ ആരോപണം.
പാലക്കാട് കള്ളപ്പണം എത്തിയെന്ന ആരോപണത്തിൽ പ്രതികരിച്ച് വി ഡി സതീശൻ. ബാഗിൽ പണമെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണ് . റെയ്ഡിന് പിന്നിൽ ബിജെപി സിപിഎം ഒത്തുകളിയെന്നും വി ഡി സതീശൻ ആരോപിച്ചു. സിപിഎം ജില്ലാ സെക്രട്ടറി പാലക്കാട് എസ്പിയാണോ എന്ന് ചോദിച്ച സതീശൻ കൊടകരക്കേസിന്റെ ജാള്യത മറയ്ക്കാനുള്ള തിരക്കഥയാണെന്നുംകൂട്ടിച്ചേർത്തു.
പാലക്കാട് വനിതാ ഹോട്ടൽമുറിയിൽ പരിശോധന നടത്തിയ സംഭവത്തിൽ പ്രതികരണവുമായി സിപിഎം നേതാവ് കെപി അനിൽകുമാർ. കോൺഗ്രസ് നാടകം ഗംഭീരമാണെന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോഴ പണം വരാറുണ്ടെന്നും കെപി അനിൽകുമാർ പറഞ്ഞു. പണം ഇന്നലെ വന്നിട്ടുണ്ട്. ആ സമയം ഷാഫി അവിടെ ഉണ്ട്. പൊലീസ് എത്തുമ്പോൾ എന്തിന് രക്ഷപ്പെട്ടുവെന്നും ശ്രീകണ്ഠൻ തിരിച്ചെത്തിയത് മൂന്ന് മണിക്കൂറിന് ശേഷമാണെന്നും കെപി അനിൽകുമാർ പറഞ്ഞു.
പാലക്കാട് കള്ളപ്പണം എത്തിയെന്ന ആരോപണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യപ്പെട്ട് പരാതി നൽകി സിപിഎം. എസ്പിക്കാണ് സിപിഎം പരാതി നല്‍കിയത്. കള്ളപ്പണം എത്തിച്ചുവെന്നും വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുയാണ് പരാതി നൽകിയത്.
സിപിഎം പുറത്ത് വിട്ട ദൃശ്യങ്ങളില്‍ പ്രതികരിച്ച് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. ബാഗിൽ പണമാണെന്ന് ദൃശ്യങ്ങളിലുണ്ടോയെന്നാണ് രാഹുലിന്‍റെ പരിഹാസം. പൊലീസ് പിടിച്ചെടുത്ത സിസിടിവി ദൃശ്യങ്ങള്‍ സിപിഎമ്മിന് ലഭിച്ചതില്‍ പോളിറ്റിക്കല്‍ അജണ്ടയില്ലേ എന്നും രാഹുല്‍ ചോദിക്കുന്നു. പെട്ടിയില്‍ വസ്ത്രങ്ങളാണെന്ന് ആവര്‍ത്തിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ പെട്ടിയില്‍ പണമുണ്ടായിരുന്നുവെന്ന് തെളിയിക്കാന്‍ ശാസ്ത്രീയ അന്വേഷണം നടക്കട്ടെ എന്നും പറഞ്ഞു.
പാലക്കാട്ട് ഇന്നലെ പൊലീസ് റെയ്ഡ് നടത്തിയ കെപിഎം ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളുടെ ഹാർഡ് ഡിസ്ക് പിടിച്ചെടുത്ത് പൊലീസ്. പൊലീസിന് വിവരം കിട്ടിയത് മുതലുള്ള എല്ലാ ദൃശ്യങ്ങളും പരിശോധിക്കും. സൗത്ത് സി ഐയാണ് പരിശോധന നടത്തുന്നത്. സി ഐക്കൊപ്പം സൈബർ വിദഗ്ധരും സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരും പരിശോധനയ്ക്കൊപ്പമുണ്ട്.
കോൺഗ്രസിനായി കള്ളപ്പണം എത്തിയെന്ന് എം വി ഗോവിന്ദൻ. പൊലീസ് എത്തും മുൻപ് ഒളിപ്പിച്ചു. കള്ളപ്പണം എത്തിച്ചതിന്റെ വിവരം സിപിഎമ്മിനും പൊലീസിനുമുണ്ട്. അധികം വൈകാതെ എല്ലാ വിവരവും പുറത്തുവരും. ഹോട്ടലിലെ പരിശോധനയിൽ അത്ഭുതമില്ലെന്നും എല്ലാ വിവരവും പൊലീസിനും കിട്ടിയിട്ടുണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
പാലക്കാട് റെയ്ഡിന് പിന്നാലെ സിപിഎം നേതാവ് എഎ റഹീമും കോൺഗ്രസ് നേതാവ് വി.ടി. ബൽറാമും തമ്മിൽ സോഷ്യൽമീഡിയയിൽ വാക്പോര്. ബല്‍റാമിന്‍റെ ഫേസ്ബുക്ക് പേജിൽ നിന്നാണ് തുടക്കം. റഹീമിന്‍റെ ഫോട്ടോയോടൊപ്പം ‘ദാറ്റ് അവസ്ഥ’ എന്നായിരുന്നു പോസ്റ്റ്. ‘ഹലോ വി ടി ബൽറാം, അങ്ങ് ‘അവിടെ സേഫ്’ആണല്ലോ അല്ലേ?’ – എന്നായിരുന്നു റഹീമിന്റെ മറുപടി.
കോണ്‍ഗ്രസിനെതിരെ ഉയരുന്ന കള്ളപ്പണ ആരോപണത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. പെട്ടിക്കുള്ളിൽ പണം ആണെന്ന് ആര് പറഞ്ഞെന്ന് കെ മുരളീധരൻ ചോദിക്കുന്നു. കോൺഗ്രസിനോട് സിപിഎം സ്വീകരിക്കുന്ന പുതിയ നയത്തിന്റെ പ്രവർത്തന ഉദ്ഘാടനമാണ് നടന്നത്. സിപിഎമ്മിനും ബിജെപിക്കും ഒരേ സ്വരം, ഒരേ നിറം, ഒരേ താളം. തൃശൂർ ഡീൽ വീണ്ടും പാലക്കാട് ആവർത്തിക്കുകയാണെന്നും കെ മുരളീധരൻ ആരോപിച്ചു.
.
കോൺഗ്രസ് വനിതാ നേതാക്കളുൾപ്പെടെ താമസിക്കുന്ന ഹോട്ടലിൽ നടത്തിയ പാതിരാ റെയ്ഡിൽ കണ്ടാലറിയാവുന്ന 10 പേർക്കെതിരെ കേസെടുത്തു. കെപിഎം ഹോട്ടലിൻ്റെ പരാതിയിലാണ് സൗത്ത് പൊലീസ് കേസെടുത്തത്. അതിക്രമിച്ച് കയറി നാശനഷ്ടം ഉണ്ടാക്കുകയും ജീവനക്കാരെ മർദ്ദിക്കുകയും ചെയ്തതിനാണ് കേസെടുത്തിരിക്കുന്നത്.
പാലക്കാട് ഹോട്ടൽ റെയ്ഡുമായി ബന്ധപ്പെട്ട് കോൺഗ്രസിനെതിരെ വിമർശനവുമായി എം.പി എ.എ.റഹീം. ഒരു വിവരം ലഭിച്ച് പോലീസ് വരുമ്പോൾ അതിനോട് സഹകരിക്കുകയല്ലേ വേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. കോൺഗ്രസ് കേന്ദ്രത്തിൽനിന്നുതന്നെയാണ് അവർക്ക് വിവരം ലഭിച്ചിട്ടുണ്ടാവുക. പരിശോധനയെ തടസപ്പെടുത്താൻ ശ്രമിച്ച രീതി ജനാധിപത്യ വിരുദ്ധമാണെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം ആരോപിച്ചു.
വടകര തെരഞ്ഞെടുപ്പ് സമയത്ത് അധിക്ഷേപിച്ച് പോസ്റ്റിട്ടയാളെ കോടതിയിൽ ശിക്ഷിച്ചതിൽ പ്രതികരണവുമായി സിപിഎം നേതാവ് കെ.കെ. ശൈലജ. എല്ലാ സീമകളും ലംഘിച്ചുള്ള വ്യാജപ്രചാരണമാണ് യുഡിഎഫ് നേതാക്കളും അണികളും അവരുടെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ വഴി നടത്തിയതെന്നും അവർ കുറിച്ചു.
സംസ്ഥാനത്തെ 653 ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ ഹെല്‍ത്ത് സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.മുഴുവന്‍ ആശുപത്രികളും ഇ ഹെല്‍ത്ത് സംവിധാനം നടപ്പിലാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ഇ ഹെല്‍ത്ത് സംവിധാനം വന്‍ വിജയമാണ്.
മരടിൽ പൊളിച്ച ഫ്ലാറ്റുകൾ നിലനിന്ന സ്ഥലത്ത് ഇനി എത്രത്തോളം നിർമ്മാണം അനുവദിക്കാം എന്നതിനെ സംബന്ധിച്ച് റിപ്പോർട്ട് കൈമാറാൻ സുപ്രീംകോടതി നിർദേശം. മരട് കേസിലെ അമിക്കസ് ക്യൂറി ഗൗരവ് അഗർവാളിന് ആണ് സുപ്രീംകോടതി നിർദേശം നൽകിയത്.
ശോഭാ സുരേന്ദ്രനെതിരെ നല്‍കിയ മാനനഷ്ടക്കേസില്‍ നടപടി വൈകുന്നതിനെതിരെ ഇപി ജയരാജന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഇ പി ജയരാജൻ ബിജെപി യിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ച് ദല്ലാളിനൊപ്പം തന്നെ വന്നുകണ്ടുവെന്ന ശോഭ സുരേന്ദ്രന്റെ വെളിപ്പെടുത്തലിലായിരുന്നു മാനനഷ്ട കേസ് ഫയൽ ചെയ്തത്. കേസിന്റെ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ മജിസ്ട്രേട്ടു കോടതിയ്ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി.
സിറോ മലബാർ സഭ കുർബാന തർക്കത്തില്‍ സഭാ തീരുമാനങ്ങൾ പാലിക്കാത്ത വൈദികർക്കെതിരെ നടപടിയെടുക്കാമെന്ന് വത്തിക്കാൻ. വൈദികരെ പുറത്താക്കുന്നതടക്കമുള്ള നടപടികളുമായി മുന്നോട്ടുപോകാമെന്ന് വത്തിക്കാൻ അറിയിച്ചു. അപ്പസ്തോലിക് ന്യൂൺയോയാണ് വത്തിക്കാൻ നിലപാട് അറിയിച്ചിരിക്കുന്നത്. സിറോ മലബാർ സഭാ അധ്യക്ഷനാണ് കത്ത് നൽകിയിരിക്കുന്നത്.
വഞ്ചനാക്കേസിൽ പത്തനംതിട്ടയിൽ അറസ്റ്റിലായ സിഐടിയു നേതാവ് അർജുൻ ദാസിനെ രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പാറ പൊട്ടിക്കുന്ന യന്ത്രങ്ങൾ വാടക നൽകാതെ തട്ടിയെടുത്തെന്ന കേസിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന അർജുൻ ദാസിനെ റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്തിയതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ ആള്‍ പൊലീസിന്‍റെ പിടിയിൽ. തിരുവല്ല കടപ്ര സ്വദേശി അജിൻ ജോർജാണ് മാന്നാർ പൊലീസിന്‍റെ പിടിയിലായത്. നഴ്സിംഗ് വിദ്യാർത്ഥികളെയും സ്ത്രീകളെയും ലക്ഷ്യമിട്ടായിരുന്നു തട്ടിപ്പ്.
558 കോടി രൂപയുടെ വസ്തുവകകൾ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ നിന്നായി പിടിച്ചെടുത്തെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. സംസ്ഥാനങ്ങളിൽ നിന്ന് പിടിച്ചെടുത്ത തുകയുടെ കണക്കാണ് കമ്മീഷൻ വിവരിച്ചത്. മഹാരാഷ്ട്രയിൽ നിന്ന് മാത്രം 280 കോടിയുടെ വസ്തുവകകൾ പിടിച്ചെടുത്തെന്ന് കമ്മീഷൻ വിവരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റൊരു സംസ്ഥാനമായ ജാർഖണ്ഡിൽ നിന്ന് ഇതുവരെ 158 കോടി രൂപയുടെ വസ്തുവകകൾ പിടിച്ചെടുത്തെന്നും കമ്മീഷൻ വ്യക്തമാക്കി.
എയർ ഇന്ത്യയുടെ കരിപ്പൂരിൽ നിന്ന് ഷാർജയിലേക്കുള്ള ഐ എക്സ് 351 വിമാനം വൈകുന്നു. എൻജിൻ തകരാർ മൂലമാണ് വിമാനം പുറപ്പെടാൻ വൈകുന്നത് . പകൽ 11.45 നാണ് വിമാനം പുറപ്പെടേണ്ടിയിരുന്നത് . എൻജിൻ തകരാർ കണ്ടെത്തിയതോടെ രണ്ടരയോടെ മുഴുവന്‍ യാത്രക്കാരെയും വിമാനത്തിൽ നിന്ന് പുറത്തിറക്കി എയർപോർട്ടിലേക്ക് മാറ്റി. ഇനി എപ്പോൾ യാത്ര തുടങ്ങാൻ ആകുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.
മുഡ കേസുമായി ബന്ധപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ ലോകായുക്ത പൊലീസ് ബുധനാഴ്ച രണ്ട് മണിക്കൂറോളം ചോദ്യം ചെയ്തു. മൈസൂർ ലോകായുക്ത സൂപ്രണ്ട് ടിജെ ഉദേഷിൻ്റെ ഓഫീസിൽവെച്ചായിരുന്നു ചോദ്യം ചെയ്യൽ. നടപടിക്രമങ്ങൾ പൂർത്തിയാക്കാനും തനിക്ക് മുഖ്യമന്ത്രിയെന്ന ഇളവ് നൽകരുതെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഭാരത് അരി വീണ്ടും വിപണിയിലെത്തുന്നു. ആട്ടയും അരിയും ഉൾപ്പെടെ സബ്‌സിഡി നിരക്കിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ള ഭാരത് ബ്രാൻഡ് റീട്ടെയിൽ പ്രോഗ്രാമിൻ്റെ രണ്ടാം ഘട്ടമാണ് ആരംഭിച്ചത്. രണ്ടാം ഘട്ടത്തിൽ, ഭാരത് ആട്ടയുടെ വില കിലോക്ക് 30 രൂപയായി ഉയർന്നു.
അനധികൃതമായി വീടുകൾ പൊളിച്ച സംഭവത്തിൽ സുപ്രീംകോടതിയിൽ ഉത്തർപ്രദേശ് സർക്കാരിന് കനത്ത തിരിച്ചടി. റോഡ് വികസനത്തിന്റെ പേരിൽ അനധികൃതമായി വീടുകൾ പൊളിച്ച നടപടിയെ രൂക്ഷമായി വിമർശിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്. വീടുകൾ പൊളിക്കപ്പെട്ട പരാതിക്കാരന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു .
ഹിമാചൽ പ്രദേശിലെ കോൺഗ്രസിന്റെ എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടു. സംസ്ഥാന കമ്മിറ്റിയുൾപ്പെടെയാണ് പിരിച്ചുവിട്ടത്. ജില്ലാ പ്രസിഡന്റുമാരെയും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളും പിരിച്ചുവിട്ടിട്ടുണ്ട്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗേ അനുമതി നല്‍കിയതിനെ തുടര്‍ന്നാണിത്.