എഡിഎം നവീന്‍ ബാബുവിൻ്റെ മരണത്തിൽ പ്രതിയായ പി പി ദിവ്യയെ റിമാന്‍ഡ് ചെയ്തു. രണ്ടാഴ്ചത്തേക്കാണ് ദിവ്യയെ മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. പള്ളിക്കുന്നിലെ വനിത ജയിലിലാണ്ദി വ്യയെ പാര്‍പ്പിക്കുന്നത്. അടുത്ത മാസം 12-ാം തിയതി വരെയാണ് റിമാന്‍ഡ്. കനത്ത പൊലീസ് സുരക്ഷയോടെയാണ് ദിവ്യയെ തളിപ്പറമ്പ് മജിസ്ട്രേറ്റിന്‍റെ വീട്ടില്‍ ഹാജരാക്കിയത്. ഇന്ന് ഉച്ചയോടെയാണ് പി പി ദിവ്യ പോലീസ് കസ്റ്റഡിയിൽ ആയത്. പി പി ദിവ്യ കേസ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങുകയായിരുന്നു.കണ്ണപുരം പോലീസ് ആണ് ദിവ്യയെ കസ്റ്റഡിയിലെടുത്തത്. തലശ്ശേരി സെഷൻസ് കോടതിയിൽ നൽകി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ദിവ്യ പിടിയിലായിരിക്കുന്നത്.
പൊലീസിന് മുന്നിൽ കീഴടങ്ങിയ പി പി ദിവ്യ ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു. കീഴടങ്ങി മണിക്കൂറുകൾ കഴിഞ്ഞാണ് ദിവ്യയെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കുന്നത്. ദിവ്യക്കെതിരെ യൂത്ത് കോൺഗ്രസിൻ്റെ കരിങ്കൊടി പ്രതിഷേധമുണ്ടായി. വൈദ്യപരിശോധനയ്ക്ക് ശേഷം ദിവ്യയെ കോടതിയിൽ ഹാജരാക്കും. നാളെ തലശ്ശേരി സെഷൻസ് കോടതിയിൽ ജാമ്യ ഹർജി നൽകുമെന്നാണ് വിവരം.
മുൻകൂർ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള സെഷൻസ് കോടതി ഉത്തരവിൽ പിപി ദിവ്യയ്ക്കെതിരെ ഗൗരവതരമായ കണ്ടെത്തലുകൾ. ദിവ്യയുടെ പ്രവൃത്തി ദുരുദ്ദേശപരമാണ്. അതിനാലാണ് നവീന്റെ ജന്മദേശമായ പത്തനംതിട്ടയിലും വീഡിയോ പ്രചരിപ്പിക്കപ്പെട്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി.ക്ഷണിച്ചിട്ടാണ് നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിൽ എത്തിയതെന്ന ദിവ്യയുടെ വാദം കോടതി തള്ളിക്കളയുകയായിരുന്നു. പ്രതി രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിച്ചേക്കാം എന്ന ആശങ്കയും കോടതി ഉത്തരവില്‍ പങ്കുവെച്ചു.
പി പി ദിവ്യ കീഴടങ്ങിയത് സിപിഎം നിര്‍ദ്ദേശം അനുസരിച്ചെന്ന് ആക്ഷേപം. കീഴടങ്ങൽ ഉന്നയിച്ചുള്ള പ്രതിരോധത്തിനാകും ഇനി പാർട്ടിയുടെ ശ്രമം. എന്നാൽ രണ്ടാഴ്ച്ച ദിവ്യക്ക് ഒരുക്കിയ സംരക്ഷണത്തിന് വരും ദിവസങ്ങളിലും പാര്‍ട്ടി മറുപടി പറയേണ്ടിവരും.പക്ഷെ, പി പി ദിവ്യക്ക് പാർട്ടിയുടെ സംരക്ഷണമെന്ന വിമർശനം നേതാക്കൾ തള്ളുകയാണ്.
എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണത്തില്‍ ആരേയും സഹായിക്കാനോ രക്ഷപ്പെടാനോ അനുവദിക്കില്ലെന്ന് റവന്യൂമന്ത്രി കെ. രാജന്‍. കൃത്യമായ നീതി ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. പി.പി. ദിവ്യയെ കസ്റ്റഡിയില്‍ എടുത്തതുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എഡിഎമ്മിന്‍റെ മരണത്തില്‍ പൊലീസ് അന്വേഷണത്തില്‍ വിശ്വാസമെന്ന് നവീന്‍ ബാബുവിന്‍റെ കുടുംബം. പി പി ദിവ്യയെ കസ്റ്റഡിയിലെടുത്തത് ആശ്വാസം നൽകുന്നുവെന്ന് നവീന്‍ ബാബുവിന്‍റെ ഭാര്യ മഞ്ജുഷ പറഞ്ഞു. പൊലീസ് അന്വേഷണം കാര്യക്ഷമമായി നടക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മഞ്ജുഷ മാധ്യമങ്ങളോട് പ്രതികരിച്ചു.
യാത്രയയപ്പു ചടങ്ങില്‍ ദിവ്യ ആരോപണം ഉന്നയിച്ചതിന് പിന്നാലെ എ.ഡി.എം. നവീന്‍ ബാബു ചേംബറിലെത്തി തന്നെ കണ്ടിരുന്നതായി കളക്ടറുടെ മൊഴി. തെറ്റുപറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞുവെന്നും കളക്ടര്‍ മൊഴി നല്‍കിയതായി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള വിധിയിൽ പറയുന്നു. എന്നാല്‍, ഇത് കൈക്കൂലി വാങ്ങിയെന്നോ മറ്റേതെങ്കിലും അഴിമതി നടത്തിയെന്നോ ഉള്ള കുറ്റസമ്മതമായി കണക്കാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
പി പി ദിവ്യയെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരുടെ നിർദ്ദേശപ്രകാരം സിപിഎമ്മാണ് ഒളിപ്പിച്ചത് എന്ന് വി ഡി സതീശൻ . അഴിമതിക്കാരനായി എഡിഎo നവീൻ ബാബുവിനെ താറടിക്കാനായിരുന്നു ശ്രമം. അത് മാധ്യമങ്ങൾ പൊളിച്ചു. മുൻകൂർ ജാമ്യം നിഷേധിച്ച് മണിക്കൂറുകൾക്കകം പാർട്ടി ഗ്രാമത്തിൽ നിന്നാണ് ദിവ്യയെ കസ്റ്റഡിയിലെടുത്തത്. ഒരു കുടുംബത്തിന് നീതി കൊടുക്കാനാകാത്ത മുഖ്യമന്ത്രി എന്തിനാണ് ആ കസേരയിൽ ഇരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.ദിവ്യ വിഐപി പ്രതിയാണെന്നുo, ഉപതെരഞ്ഞെടുപ്പായത് കൊണ്ടാണ് അറസ്റ്റ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.
പി പി ദിവ്യ കീഴടങ്ങിയതിന് പിന്നാലെ പ്രതികരണവുമായി മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ . അപകീർത്തിപ്പെടുത്തൽ, ഭീഷണിപ്പെടുത്തൽ തുടങ്ങി നിരവധി ക്രിമിനൽ കുറ്റങ്ങളും നിയമ ലംഘനങ്ങളും നടത്തിയ കേരള മാർക്‌സിസ്റ്റ് ഗുണ്ടയായ പി പി ദിവ്യയെ പ്രോസിക്യൂട്ട് ചെയ്യണമെന്നാണ് രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടത്.
പി പി ദിവ്യയ്ക്ക് വക്കീലിനെ കൊടുത്തത് സിപിഎം അല്ലെന്ന് എം വി ഗോവിന്ദൻ. പി പി ദിവ്യ കീഴടങ്ങണം എന്നോ കീഴടങ്ങേണ്ട എന്നോ സിപിഎം പറയില്ല. ദിവ്യക്ക് ജാമ്യം കിട്ടുമെന്നാണ് പൊലീസ് പ്രതീക്ഷിച്ചതെന്നും ഗോവിന്ദൻ പ്രതികരിച്ചു.ദിവ്യയെ പാർട്ടി സംരക്ഷിച്ചിട്ടില്ലെന്ന് ഗോവിന്ദൻ വ്യക്തമാക്കി.
രണ്ട് എംഎൽഎമാർക്ക് 100 കോടി കോഴകൂറുമാറ്റത്തിന് വാഗ്ദാനം ചെയ്തെന്ന ആരോപണത്തിൽ അന്വേഷണ കമ്മീഷനെ വെച്ച് എന്‍സിപി. നാലംഗ കമ്മീഷനാണ് അന്വേഷണ ചുമതല. 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമര്‍പ്പിക്കണമെന്നാണ് നിർദേശം. പാർട്ടി അന്വേഷണം മാത്രമാണിത്, ആരോപണത്തിൽ എന്‍സിപി പൊലീസ് അന്വേഷണം ആവശ്യപ്പെട്ടിട്ടില്ല.
സംസ്ഥാനത്ത് സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളില്‍ 12 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അനുമതി ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.ഈ സര്‍ക്കാര്‍ വന്ന ശേഷം പുതുതായി 92 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് അനുമതി നേടിയെടുക്കാനായി. കൂടുതല്‍ വിഭാഗങ്ങള്‍ക്ക് പിജി സീറ്റുകള്‍ നേടിയെടുക്കാനുള്ള പരിശ്രമത്തിലാണ് സര്‍ക്കാരെന്നും മന്ത്രി വ്യക്തമാക്കി.
വയനാട് ദുരന്തത്തിന്റെ സാമ്പത്തിക സഹായം നൽകാൻ കേന്ദ്രം ഇതുവരെ തയ്യാറായില്ലെന്ന് വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി. മുണ്ടക്കൈ ദുരന്തത്തിൽ രക്ഷപ്പെട്ടവരെ കാണാൻ പ്രധാനമന്ത്രി വന്നു. പക്ഷേ അവർക്ക് ആവശ്യം ഉള്ളത് നൽകിയില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ചുങ്കത്തറയിൽ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി. എൻ്റെ സഹോദരൻ്റെ ഹൃദയത്തിൽ വയനാട്ടുകാരോടുള്ളത് ആഴത്തിൽ ഉള്ള ബഹുമാനം ആണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
അഞ്ച് ജുഡീഷ്യല്‍ ഓഫീസര്‍മാരെ കേരള ഹൈക്കോടതി ജഡ്ജിമാരായി നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ പി. കൃഷ്ണകുമാര്‍, ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ കെ.വി. ജയകുമാര്‍, കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് ജഡ്ജി മുരളി കൃഷ്ണ എസ്, ഹൈക്കോടതിയിലെ ജില്ലാ ജുഡീഷ്യറി രജിസ്ട്രാര്‍ ജോബിന്‍ സെബാസ്റ്റ്യന്‍, തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് ജഡ്ജി പി.വി. ബാലകൃഷ്ണന്‍എന്നിവരെയാണ് ഹൈക്കോടതി ജഡ്ജിമാരായി നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്.
പൂരം അലങ്കോലപ്പെട്ട ദിവസത്തെ ആംബുലൻസ് യാത്രാ വിവാദത്തെക്കുറിച്ച് ചോദിച്ചപ്പോൾ മാധ്യമപ്രവർത്തകരോട് ‘മൂവ് ഔട്ട്’ പറഞ്ഞ് സുരേഷ് ഗോപി . പൂരം അലങ്കോലപ്പെട്ട ദിവസത്തെ ആംബുലൻസ് യാത്രാ വിവാദത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു പ്രതികരണം. തനിക്ക് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയാൻ സൗകര്യമില്ലെന്നും അത് താൻ സിബിഐയോട് പറഞ്ഞോളാമെന്നും സുരേഷ് ഗോപി തൃശ്ശൂരിൽ പറഞ്ഞു.
പൂരം കലങ്ങിയില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയെ തള്ളി മന്ത്രി കെ രാജൻ. പൂരം കലക്കിയത് തന്നെയാണ്, കലങ്ങിയെന്ന വാക്കാണ് പ്രശ്നമെങ്കിൽ പുതിയ വാക്ക് കണ്ടെത്തിയാൽ മതിയെന്നും അദ്ദേഹം വിമർശിച്ചു. നിയമസഭയ്ക്കകത്തും പുറത്തും പറയാൻ ഉള്ളതെല്ലാം പറയുo . മുഖ്യമന്ത്രിയുടെ നിലപാടിൽ കടുത്ത അതൃപ്തിയിലാണ് സിപിഐ.
കേന്ദ്ര സർക്കാർ പിൻവലിച്ച കാർഷിക നിയമത്തെ പിന്തുണച്ച് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. കർഷക സമൂഹത്തിന്റെ അന്തസ് കാത്തുസൂക്ഷിക്കാൻ കേരളത്തിന്റെ നിയമസഭയ്ക്ക് സാധിച്ചില്ലെന്ന് അദ്ദേഹം പാലക്കാട് ബിജെപി സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് കൺവൻഷനിൽ കുറ്റപ്പെടുത്തി. കർഷകർ കൊയ്തെടുത്ത വിളകൾ വാരിക്കൂട്ടിയിട്ട നിലയിലാണ്. അത് കരിതാരാക്കാൻ വെള്ളമില്ല. വാങ്ങിക്കൊണ്ടുപോകാൻ ആളില്ല. കാർഷിക നിയമം പ്രാബല്യത്തിൽ വന്നിരുന്നെങ്കിൽ ഈ പ്രശ്നമൊന്നും ഉണ്ടാകില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
അതിമാരക മയക്കുമരുന്നായ 1.19 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. ഫവാസ് എന്ന യുവാവിനെയാണ് ചാവക്കാട് എസ്എച്ച്ഒ വി.വി വിമലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. അന്യ സംസ്ഥാനത്ത് നിന്ന് വാങ്ങുന്ന മയക്കുമരുന്ന് വിതരണം നടത്തുന്ന പ്രദേശത്ത് വളർന്നു വരുന്ന ലഹരി മാഫിയയുടെ കണ്ണിയാണ് പിടിയിലായ ഫവാസ്.
ആറ് ദിവസം മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം താനൂർ കടലിൽ നിന്ന് കണ്ടെത്തി. തൃശ്ശൂർ കൊടുങ്ങല്ലൂർ സ്വദേശി സനൂപ് (34) ആണ് മരണപ്പെട്ടത്. താനൂർ കടലിൽ നിന്നും ഒമ്പത് നോട്ടിക്കൽ മൈൽ അകലെ നിന്നാണ് മൃതദേഹം ലഭിച്ചത്. മത്സ്യത്തൊഴിലാളികളാണ് ആദ്യം മൃതദേഹം കണ്ടത്.
ചാത്തമംഗലം ഈസ്റ്റ് മലയമ്മയിൽ മുത്തശ്ശിയും പേരമകളും കിണറ്റിൽ മരിച്ച നിലയിൽ. ഈസ്റ്റ് മലയമ്മ വട്ടക്കണ്ടിയിൽ സുഹാസിനി (56), ശ്രീ നന്ദ (12) എന്നിവരെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
ആയുഷ്മാന്‍ ഭാരത് പദ്ധതി പശ്ചിമബംഗാളിലും ഡല്‍ഹിയിലും നടപ്പാക്കാത്തതിനെതിരേ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പദ്ധതി ഇരുസംസ്ഥാനങ്ങളിലും നടപ്പാക്കാതിരിക്കുന്നതിനതിരേ ത്രിണമൂല്‍ കോണ്‍ഗ്രസിനെയും ആം ആദ്മി പാര്‍ട്ടിയെയും പ്രധാനമന്ത്രി വിമര്‍ശിച്ചു. വരുമാനം പരിഗണിക്കാതെ 70 കഴിഞ്ഞ എല്ലാവരെയും ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടുത്തുന്ന പദ്ധതി ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.
പലസ്തീനിലേക്ക് വീണ്ടും ഇന്ത്യയുടെ സഹായം. 30 ടൺ മെഡിക്കൽ സാമഗ്രികളും മരുന്നുകളും കേന്ദ്ര സർക്കാർ പലസ്തീനിലേക്ക് അയച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ ഒദ്യോഗിക വക്താവ് രൺധീർ ജെയ്സ്വാളാണ് ദുരിതാശ്വാസ സാമഗ്രികൾ അയച്ച വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
അഭിഭാഷകരും ജഡ്ജിയും തമ്മിൽ ഗാസിയാബാദ് ജില്ലാ കോടതിയിൽ സംഘർഷം. ബാർ അസോസിയേഷനിലെ ഒരു ഉദ്യോഗസ്ഥന്റെ കേസുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഘർഷം രൂക്ഷമായതോടെ അഭിഭാഷകരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാർജ് നടത്തി. സംഭവത്തിൽ നിരവധി അഭിഭാഷകർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.
നടന്‍ സല്‍മാന്‍ ഖാനെതിരേയും മഹാരാഷ്ട്ര എം.എല്‍.എ. സീഷാന്‍ സിദ്ദിഖിക്കെതിരേയും വധഭീഷണി മുഴക്കിയ യുവാവിനെ പോലീസ് പിടികൂടി. ഉത്തര്‍പ്രദേശ് ബരേയ്‌ലി സ്വദേശിയായ ത്വയിബ് അന്‍സാരിയാണ് മുംബൈ പോലീസും നോയിഡ പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തില്‍ പിടിയിലായത്.
വിമാനങ്ങളിലെ വ്യാജബോംബ് ഭീഷണികള്‍ക്ക് പിന്നിൽ പ്രവർത്തിച്ചവരിൽ ഒരാളെ തിരിച്ചറിഞ്ഞതായി നാഗ്പൂര്‍ പോലീസ്. ഗോന്തിയ ജില്ലയിലെ 35-കാരനായ ജഗദീഷ് ഉയ്‌ക്കെയെ ആണ് നാഗ്പൂര്‍ സിറ്റി പോലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച് തിരിച്ചറിഞ്ഞത്. ഇയാള്‍ തീവ്രവാദത്തേക്കുറിച്ച് പുസ്തകമെഴുതിയിട്ടുണ്ടെന്നും 2021-ല്‍ ഒരു കേസില്‍ അറസ്റ്റിലായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
മത്സരിക്കാന്‍ ടിക്കറ്റ് നല്‍കാതിരുന്നതോടെ ഷിന്ദേപക്ഷക്കാരനായ എം.എല്‍.എ ഉദ്ദവ് പാളയത്തിലേക്ക്. പല്‍ഗാര്‍ എല്‍.എല്‍.എ ആയിരുന്ന ശ്രീനിവാസ് വംഗയാണ് ഷിന്ദേയെ കൈവിട്ടത്.ഇതിനിടെ ശ്രീനിവാസ് ഉദ്ദവ് താക്കറയെ സന്ദര്‍ശിച്ചതായും നേരത്തെ കൂറുമാറിയതില്‍ ഉദ്ദവിനോട് ക്ഷമ ചോദിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ഇത്തവണത്തെ ദീപാവലി പ്രത്യേകതകള്‍ ഏറെയുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അയോധ്യയിലെ ക്ഷേത്രം യാഥാര്‍ഥ്യമായത് ചൂണ്ടിക്കാട്ടിയാണ് മോദിയുടെ പരാമര്‍ശം.500 വര്‍ഷങ്ങള്‍ക്കുശേഷം രാമനോടൊപ്പമുള്ള ദീപാവലിയാണ് ഇത്തവണത്തേതെന്നും അദ്ദേഹം പറഞ്ഞു. റോസ്ഗാര്‍ മേളയില്‍ നിയമന ഉത്തരവ് നല്‍കിയ ശേഷം സംസാരിക്കുയായിരുന്നു അദ്ദേഹം.
ലെബനനനിലെ സായുധസംഘവും രാഷ്ട്രീയശക്തിയുമായ ഹിസ്ബുള്ളയുടെ തലവനായി ഷേയ്ക്ക് നയീം കാസിമിനെ തിരഞ്ഞെടുത്തു. ഹിസ്ബുള്ളയുടെ തലവനായിരുന്ന ഹസന്‍ നസ്രല്ല ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് അദ്ദേഹത്തിന്‍റെ പിന്‍ഗാമിയായി ഷേയ്ക്ക് നയീം കാസിം എത്തുന്നത് .