ഇന്ത്യയിൽ ഒരു അന്വേഷണ ഏജന്‍സിക്കും ഡിജിറ്റല്‍ രീതിയില്‍ അറസ്റ്റ് ചെയ്യാനാവില്ലെന്നും അത്തരം കോളുകൾ വരുമ്പോൾ ഒരു വ്യക്തിഗത വിവരവും കൈമാറരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മൻ കി ബാത്തിന്‍റെ 115ാം എപ്പസോഡിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പൊലീസ് ഉദ്യോഗസ്ഥന്‍റെ വേഷത്തില്‍ ഒരാള്‍ തട്ടിപ്പ് നടത്തുന്ന ദൃശ്യവുമായാണ് മന്‍ കി ബാത്തില്‍ ഡിജിറ്റല്‍ അറസ്റ്റിനെതിരെ പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കിയത്.
ഇസ്രേയലിനൊപ്പം ഇന്ത്യ നിൽക്കുന്നത് അമേരിക്കയുടെ താൽപര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇന്ത്യയുടെ നിലപാട് ജനങ്ങൾക്ക് അപമാനമാണ് പലസ്തീന്‍ ജനതയെ ഇസ്രായേല്‍ കൊന്നൊടുക്കുന്നുവെന്നും ഇന്ത്യ സാമ്രാജ്യത്തെ പിന്തുണക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി അടുത്തിടെ അമേരിക്ക സന്ദർശിച്ചപ്പോൾ സംസാരിച്ചു വാക്കുകൾ അമേരിക്കയെ പ്രീണിപ്പിക്കുന്നതാണെന്നും പുന്നപ്ര വയലാർ സമര വാരാചരണ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.
ലെറ്റർ ബോംബ് നിർവീര്യമായെന്നും കത്ത് പുറത്ത് വന്നത് തന്‍റെ വിജയം തടയില്ലെന്നും രാഹുൽ മാങ്കൂട്ടത്തില്‍. കെ മുരളീധരൻ കേരളത്തിൽ എവിടെയും നിർത്താവുന്ന മികച്ച സ്ഥാനാർത്ഥിയാണെന്നും , രാഹുൽ മാങ്കൂട്ടത്തിൽ പോരെന്ന് കത്തിൽ പറയുന്നില്ല കൂടാതെ കത്ത് കൊടുത്ത ഡിസിസി പ്രസിഡണ്ട് തന്നോടൊപ്പം പ്രചാരണത്തിൽ സജീവമാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി. പാലക്കാട് കെ മുരളീധരനെ സ്ഥാനാർത്ഥിയാക്കണം എന്നാവശ്യപ്പെടുന്ന ഡിസിസി പ്രസിഡന്‍റിന്‍റെ കത്ത് പുറത്തുവന്നതോടെയായിരുന്നു രാഹുലിന്റെ പ്രതികരണം.
പാലക്കാട് ഉപ തെരഞ്ഞെടുപ്പ് സ്ഥാനാർഥിയുമായി ബന്ധപ്പെട്ട ഡി സി സിയുടെ കത്ത് പുറത്ത് വന്ന സംഭവത്തിൽ അന്വേഷണം നടത്തി അതനുസരിച്ചുള്ള നടപടിയുണ്ടാകുമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എംപി . അഭിപ്രായ സ്വാതന്ത്ര്യവും സംഘടനാ പ്രവര്‍ത്തനത്തില്‍ സുതാര്യതയുമുള്ള പ്രസ്ഥാനമാണ് കോണ്‍ഗ്രസെന്നും സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പ് പല അഭിപ്രായങ്ങളും ഉയര്‍ന്നുവരും. അതെല്ലാം വിലയിരുത്തിയാണ് നേതൃത്വം അന്തിമ തീരുമാനം എടുക്കുന്നതെന്നും സുധാകരൻ പറഞ്ഞു. പാര്‍ട്ടി ഒരു തീരുമാനമെടുത്താല്‍ ഒറ്റക്കെട്ടായി അതനുസരിക്കുകയാണ് കോണ്‍ഗ്രസിന്റെ സംസ്‌കാരമെന്നും കെ സുധാകരന്‍ കൂട്ടിച്ചേർത്തു.
ഡിസിസിയുടെ കത്തിൽ ചര്‍ച്ചകൾ തുടരുമ്പോൾ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എല്ലാ പാര്‍ട്ടികളും തെരഞ്ഞെടുപ്പില്‍ നിരവധി പേരുകള്‍ ചര്‍ച്ച ചെയ്യും. അത് ആദ്യം കിട്ടുന്ന അവസരത്തില്‍ തിരുത്തുമെന്ന് അന്ന് പറഞ്ഞതാണ്. അതിന്‍റെ ഭാഗമായി ചെറുപ്പക്കാരായ രണ്ടു പേര്‍ക്ക് കോണ്‍ഗ്രസ് ഇത്തവണ സീറ്റ് നല്‍കിയെന്നും സതീശൻ കൂട്ടിച്ചേര്‍ത്തു. ബിജെപിയില്‍ പോയി സീറ്റ് ചോദിച്ച് കിട്ടാതെ, കോണ്‍ഗ്രസ് വിട്ടെത്തി വാതില്‍ക്കല്‍ മുട്ടിയവന് 24 മണിക്കൂറിനകം സീറ്റ് നല്‍കിയ ഗോവിന്ദന് വി ഡി സതീശന്‍റെ പ്ലാന്‍ ആണെന്നു പറയാന്‍ നാണമില്ലേ എന്നും അദ്ദേഹം ചോദിച്ചു.
ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയായി രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ പേരുള്ള കത്തേ കിട്ടിയുള്ളുവെന്ന് കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി പറഞ്ഞു.കെ പി സി സി പ്രസിഡന്‍റും പ്രതിപക്ഷ നേതാവും ഒപ്പിട്ട കത്താണ് അത്. രാഹുലിന്‍റെ പേരുള്ള ഒരു കത്ത് മാത്രമേ കേരളത്തിൽ നിന്ന് എഐസിസിക്ക് മുന്നിൽ കിട്ടിയിട്ടുള്ളു.ആ കത്തിന് അംഗീകാരം നൽകിയാണ് എഐസിസി രാഹുലിനെ സ്ഥാനാർത്ഥി ആക്കിയത്.കെ മുരളീധരന്‍റെ പേര് എഴുതിയ കത്ത് സി പി എം ഓഫീസിൽ നിന്ന് പുറത്ത് വന്നതാണെന്നും ദീപാദാസ് മുൻഷി പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് സ്ഥാനാര്‍ത്ഥിയായി ഷാഫി പറമ്പില്‍ നിര്‍ദേശിച്ചെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരന്‍. ഷാഫിയുടെ നിർദ്ദേശം കൂടി കണക്കിലെടുത്ത് പാർട്ടി അംഗീകരിച്ചാണ് രാഹുലിനെ സ്ഥാനാർത്ഥിയാക്കിയതെന്നും സ്ഥാനാർത്ഥിയെ സംബന്ധിച്ച് പാലക്കാട് ഡിസിസിയിൽ പല അഭിപ്രായങ്ങളും ഉണ്ടായിരുന്നു. എന്നാൽ തീരുമാനം എടുത്ത ശേഷം പിന്നീട് വിവാദങ്ങളിൽ കഴമ്പില്ലെന്നും സുധാകരൻ വ്യക്തമാക്കി.
കോൺഗ്രസ് ജില്ലാ നേതൃത്വം പാലക്കാട് കെ മുരളീധരനെയാണ് ശുപാർശ ചെയ്തതെന്ന കാര്യം ഇപ്പോൾ പുറത്തുവന്നിരിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സ്ഥാനാർത്ഥിയായി രാഹുൽ മാങ്കൂട്ടത്തിൽ വന്നിട്ടുള്ളത് സതീശനും ഷാഫിയും ചേർന്ന് നടപ്പാക്കിയ പ്രത്യേക പാക്കേജ് ആണെന്നും, ഇക്കാര്യം കോൺഗ്രസിനകത്ത് വലിയ ചർച്ചയായിട്ടുണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ഇടതുമുന്നണിക്ക് അനുകൂലമായ സാഹചര്യം ഒരുങ്ങാൻ ഇത് കാരണമാകുമെന്നും എംവി ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
തൃശ്ശൂർ പൂരം കലങ്ങിയത് തന്നെയെന്നാവർത്തിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തൃശ്ശൂർ പൂരം നടക്കേണ്ട പോലെ നടന്നിട്ടില്ല നടത്താൻ ചിലർ സമ്മതിച്ചില്ലെന്നും മുഖ്യമന്ത്രിയുടെ പരാമർശം ഒരു വാക്കിന്റെ പ്രശ്നമല്ല പൂര വിവാദവുമായി ബന്ധപ്പെട്ട എല്ലാ സത്യങ്ങളും പുറത്തുവരണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
തൃശ്ശൂർ പൂരം കലങ്ങിയതല്ല കലക്കിയത് തന്നെയാണെന്നും, യാതൊരു സംശയവുമില്ലാത്ത കാര്യമാണതെന്നുംസിപിഐ നേതാവ് വി എസ് സുനിൽ കുമാർ . വെടിക്കെട്ട് അൽപ്പം വൈകിയതിനാണോ തൃശൂർ പൂരം കലക്കി എന്ന് പ്രചരിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു ഇതിനോടായിരുന്നു സുനിൽകുമാറിന്റെ പ്രതികരണം.
തൃശ്ശൂര്‍ പൂരം കലങ്ങിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ വാദത്തെ തള്ളി തിരുവമ്പാടി ദേവസ്വം ബോര്‍ഡ്. പൂരം എന്താണെന്ന് മുഴുവനായി മനസിലാക്കിയാലേ തടസമുണ്ടായോ ഇല്ലയോ എന്ന് അറിയാന്‍ കഴിയൂ എന്ന് ദേവസ്വം സെക്രട്ടറി കെ. ഗിരീഷ്‌കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. പുലര്‍ച്ചെ എഴുന്നള്ളിപ്പ് തുടങ്ങുന്ന സമയം മുതല്‍ തടസ്സങ്ങള്‍ ഉണ്ടായിരുന്നുവെന്നും സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സംഘം ഇതുവരെ ദേവസ്വത്തെ സമീപിച്ചിട്ടില്ലെന്നും ഗിരീഷ്‌കുമാര്‍ പറഞ്ഞു.
വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് വോട്ട് കൂട്ടാനായി തെരഞ്ഞെടുപ്പ് ചുമതലക്കാരനായ രാജ്‍മോഹൻ ഉണ്ണിത്താന്‍റെ നേതൃത്വത്തിൽ കോണ്‍ഗ്രസിന്‍റെ ഗൃഹസന്ദർശനം. രാഹുൽ ഗാന്ധിക്ക് കഴിഞ്ഞ തവണ വോട്ട് കുറഞ്ഞത് ഇത്തവണ ഉണ്ടാകാതിരിക്കാൻ നല്ല പ്രവർത്തനം വേണമെന്നതാണ് നേതൃത്വത്തിന്‍റെ നിര്‍ദേശം. അതിനായി പ്രത്യേക കണക്കെടുപ്പ് നടത്തി പോളിങ് കൂട്ടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. പ്രിയങ്ക ഗാന്ധി നാളെ വീണ്ടും മണ്ഡലത്തിലെത്തും.
വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക്പുനരധിവാസം വൈകുന്നതിൽ പ്രതിഷേധിച്ച് ചൂരൽമല ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ ധർണ നടത്തും. ദുരിത ബാധിതരുടെ പുനരധിവാസം വൈകുന്നതടക്കം ഉന്നയിച്ചാണ് പ്രതിഷേധം. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സഹായം നൽകുന്നില്ലെന്ന് ജനശബ്ദം ആക്ഷൻ കമ്മിറ്റി ആരോപിച്ചിരുന്നു ഇതിനു പിന്നാലെയാണ് അവഗണനയ്ക്കെതിരെ സമരത്തിലേക്ക് ഇറങ്ങുന്നത്.
മദനിക്കു ഏറ്റവും കൂടുതൽ പിന്തുണ നൽകിയ പാർട്ടി സിപിഎം ആണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പി ജയരാജന്‍റെ പുസ്തകം കേരളത്തിലെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമമാണെന്നും ഇപ്പോൾ ലീഗ് വിരോധം പറയുന്നത് ഭൂരിപക്ഷ സമുദായ വോട്ട് ലക്ഷ്യമിട്ടാണെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട് എന്നീ സംഘടനകളുമായി സിപിഎം സഖ്യം ഉണ്ടാക്കിയെന്നും സുരേന്ദ്രൻ ആരോപിച്ചു.
സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കൊടുത്ത സത്യവാങ്മൂലത്തില്‍ 7000 പൊലീസുകാരെ വ്യന്യസിച്ചാല്‍ തൃശൂര്‍ പൂരം ഭംഗിയായി നടത്താം എന്ന് പറഞ്ഞത് പ്രായോഗികമല്ലെന്ന് ഹിന്ദു ഐക്യവേദി. പൊലീസിന്റെ എണ്ണം കൂടിയതു കൊണ്ട് ഭക്ഷണം താമസം, യാത്രപ്പടി എന്നീ വകകളില്‍ ദശലക്ഷങ്ങള്‍ അധിക ചെലവ് വരും എന്നല്ലാതെ പൂരം ഭംഗിയാകില്ല. പൊലീസ് ബന്തവസ് പ്ലാന്‍ തയ്യാറാക്കണമെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു.
ഈ വർഷത്തെ ശബരിമല തീർത്ഥാടകർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ജില്ലയിൽ ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടർ വി വിഘ്നേശ്വരി. ശബരിമലതീർത്ഥാടനം സംബന്ധിച്ച് ജനപ്രതിനിധികളുടെയും ജില്ലാതല വകുപ്പ് മേധാവികളുടെയും അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടര്‍.
വടകരയിലെ കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണനെതിരെ വീണ്ടും അന്വേഷണത്തിന് പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. ആദ്യ അന്വേഷണ റിപ്പോര്‍ട്ട് തൃപ്തികരമല്ലെന്ന് പറഞ്ഞാണ് വീണ്ടും അന്വേഷണത്തിന് നിദേശിച്ചത്. അന്വേഷണത്തിന് തോടന്നൂർ എഇയെയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ചുമതലപ്പെടുത്തിയിരുന്നത്.
ജമാഅത്തെ ഇസ്ലാമിയായി നേരത്തെ സഖ്യമുണ്ടായത് സിപിഎമ്മിനെന്ന് മുസ്ലിം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍. കഴിഞ്ഞ തെരെഞ്ഞെടുപ്പിലാണ് മുസ്ലീം ലീഗ് സഹകരിച്ചത്. അത് പരസ്യമാണ്. ന്യൂനപക്ഷങ്ങളെ തമ്മിൽ തെറ്റിച്ച് അടിപ്പിച്ച് ഗുണം ഉണ്ടാക്കാനാവുമോ എന്ന് നോക്കിയ പാർട്ടിയാണ് സി.പി.എമ്മെന്നും മുസ്ലീം ലീഗ് പ്രവർത്തകർ ആരും തീവ്രവാദത്തിലേക്ക് പോകുന്നില്ലെന്നും ഇടി മുഹമ്മദ് ബഷീർ വ്യക്തമാക്കി.
എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത കേസിൽ, പി പി ദിവ്യക്കെതിരെ ചൊവ്വാഴ്ച വരെ നടപടിയുണ്ടാകില്ല. മുൻകൂർ ജാമ്യഹർജിയിൽ ഉത്തരവ് കാത്തിരിക്കുകയാണ് പൊലീസ്. കൈക്കൂലി പരാതി നൽകിയ പ്രശാന്തിനെ ആരോഗ്യവകുപ്പ് സസ്പെൻഡ് ചെയ്യുകയും ദിവ്യയുടെ ഇടപെടൽ സംശയത്തിലാവുകയും ചെയ്തതോടെ, കണ്ണൂരിലെ സിപിഎമ്മും പ്രതിരോധത്തിലാണ്.
കാരാട്ട് റസാഖ് തനിക്കെതിരേ ഉന്നയിച്ച ആരോപണത്തില്‍ പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്. ഒരു ജനാധിപത്യരാജ്യത്ത് ആര്‍ക്കും ആര്‍ക്കെതിരെയും ആരോപണം ഉന്നയിക്കാമെന്നും മന്ത്രിസ്ഥാനത്തിരിക്കുന്ന ആളുകള്‍ക്കെതിരെ വിമര്‍ശനം ഉന്നയിക്കപ്പെടുമെന്നും റിയാസ് പറഞ്ഞു. അതിനെ അസഹിഷ്ണുതയോടെ കാണേണ്ടതില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
തിരുവനന്തപുരത്തെ മുതലപ്പൊഴി ഹാർബർ വികസനത്തിന് കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ മന്ത്രാലയം അനുമതി നൽകിയതായി കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ . തിരുവനന്തപുരത്ത് തൈക്കാട് ഗസ്റ്റ്ഹൗസിൽ വാർത്താസമ്മേളനത്തിലാണ് ജോർജ് കുര്യൻ ഇക്കാര്യം അറിയിച്ചത്. സംസ്ഥാന ഗവൺമെന്റ് സമർപ്പിച്ച പുതിയ ഡി.പി. ആറിൻ്റെ അടിസ്ഥാനത്തിൽ 60:40 അനുപാതത്തിലാണ് അംഗീകാരം നൽകിയതെന്ന് അദ്ദേഹം പറഞ്ഞു.
അഷ്ടമുടി കായലിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി. കുതിരക്കടവ്, മുട്ടത്തുമൂല ഭാഗങ്ങളിലാണ് മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങിയത്. ഇന്നലെ വൈകിട്ട് മുതലാണ് മീനുകൾ ചത്ത് പൊങ്ങുന്നത് ആദ്യമായി ശ്രദ്ധയിൽപ്പെട്ടത്. ഇന്ന് രാവിലെയോടെ വലിയ തോതിൽ മീനുകൾ ചത്ത്കരയ്ക്ക് അടിഞ്ഞുതുടങ്ങുകയായിരുന്നു.
അത്യാഹിതത്തിലായ ഗർഭിണിയായ രോഗിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് അടിയന്തിര ചികിത്സ നൽകിയ സി ഐ ടി യു നേതാവായ 108 ആംബുലൻസ് ഡ്രൈവറെ സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച് കണ്ണൂർ പേരാവൂരിൽ 108 ആംബുലൻസ് ജീവനക്കാർ സമരത്തിൽ. സ്വകാര്യ ആശുപത്രി സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ അനുമതി ഇല്ലാതെ പങ്കെടുത്തിന്‍റെ പേരിലാണ് ആംബുലൻസ് ഡ്രൈവറെ സ്ഥലം മാറ്റിയത് എന്നാണ് ആക്ഷേപം.
തോമസ് കെ തോമസിന് മന്ത്രിയാകാനുള്ള സാധ്യത മങ്ങിയതോടെ നിർണായക നീക്കത്തിലേക്ക് എൻസിപി. ഇടത് മന്ത്രിസഭയിൽ നിന്ന് നിലവിലെ മന്ത്രി എ.കെ.ശശീന്ദ്രനെ പിൻവലിക്കാനാണ് ആലോചന. ഉപതെരഞ്ഞെടുപ്പിന് ശേഷം ഇക്കാര്യം എൽഡിഎഫിനെ അറിയിച്ചേക്കും. എന്നാൽ ഇതിനെതിരെ ശക്തമായ എതിർപ്പുമായി ഭൂരിപക്ഷം ജില്ലാ പ്രസിഡൻ്റുമാരും രംഗത്ത് വന്നിട്ടുണ്ട്.
കൊല്ലം ചെമ്മാൻമുക്കിൽ പ്ലസ് ടു വിദ്യാർത്ഥിനികളോട് ഓട്ടോ ഡ്രൈവറുടെ അതിക്രമമെന്ന് പരാതി. വഴി മാറി ഓടിയ ഓട്ടോ നിർത്താൻ ആവശ്യപെട്ടിട്ടും ഡ്രൈവർ കേട്ടില്ല പേടിച്ച് പുറത്തേക്ക് ചാടിയ വിദ്യാർത്ഥിനിയുടെ കൈയ്ക്കും കാലിനും പരിക്കേറ്റതിനെ തുടർന്ന് സംഭവത്തിൽ ഓട്ടോ ഡ്രൈവറായ കൊല്ലം കരിക്കോട് സ്വദേശി നവാസിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ആലുവ പുന്നേലിക്കടവിൽ പെരിയാറിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ പതിനെട്ടുകാരൻ മുങ്ങിമരിച്ചു. മുപ്പത്തടം സ്വദേശി ലൈജുവിന്‍റെ മകൻ വൈഷ്ണവാണ് മരിച്ചത്. ഫുട്ബോൾ കളി കഴിഞ്ഞ് പെരിയാറിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വൈഷ്ണവ് ഒഴുക്കിൽ പെടുകയായിരുന്നു. പ്രാഥമിക ശുശ്രൂഷ ഉള്‍പ്പെടെ നല്‍കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തമിഴക വെട്രി കഴകത്തിന്‍റെ പ്രഥമ സംസ്ഥാന സമ്മേളനത്തിൽ വേദിയിൽ പ്രത്യേകം സജ്ജമാക്കിയ റാംപിലൂടെ നടന്നുനീങ്ങിയ വിജയ് ആയിരകണക്കിന് വരുന്ന പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. പാര്‍ട്ടിയുടെ ഗാനവും വേദിയിൽ അവതരിപ്പിച്ചു. ചുവപ്പും മഞ്ഞയും കലർന്ന പാർട്ടി പതാക വിജയ് ഉയര്‍ത്തി. പ്രഥമ സംസ്ഥാന സമ്മേളനത്തിൽ നടൻ വിജയ് ടിവികെയുടെ നയം പ്രഖ്യാപിച്ചു. ആശയപരമായി ബിജെപിയും രാഷ്ട്രീയപരമായി ഡിഎംകെയും എതിരാളികളായിരിക്കുമെന്ന് വിജയ് പ്രഖ്യാപിച്ചു. ഡിഎംകെയുടേത് ജനവിരുദ്ധ സര്‍ക്കാരാണെന്നും എപ്പോഴും ഫാസിസം എന്ന് പറഞ്ഞുകൊണ്ടിരിക്കുമെന്നും വിജയ് പറഞ്ഞു. ഡിഎംകെ ദ്രാവിഡ മോഡൽ എന്ന് പറഞ്ഞ് ജനങ്ങളെ വഞ്ചിക്കുകയാണെന്നും തമിഴ്നാടിനെ കൊള്ളയടിക്കുകയാണ് ഡിഎംകെ കുടുംബമെന്നും വിജയ് കൂട്ടിച്ചേർത്തു.
ബഹ്റൈനിൽ അനധികൃത മത്സ്യബന്ധനത്തിൽ ഏർപ്പെട്ട നാല് ഏഷ്യക്കാർ പിടിയിൽ. അനധികൃത വലകൾ ഉപയോഗിച്ച് ചെമ്മീൻ പിടിച്ചതിനാണ് നാല് മത്സ്യത്തൊഴിലാളികളെ പിടികൂടിയത്. ഇവരെ ഒരു മാസത്തെ ജയിൽശിക്ഷക്ക് ശേഷം നാടുകടത്തും. മറൈൻ പട്രോളിങ് ബോട്ടാണ് ഇവരെ പിടികൂടിയത്. ലൈസൻസില്ലാതെയാണ് ഇവർ മത്സ്യബന്ധനം നടത്തിയതെന്ന് കോടതി പറഞ്ഞു.
മുംബൈ ബാന്ദ്ര ടെര്‍മിനല്‍ റെയില്‍വെ സ്റ്റേഷനിലുണ്ടായ തിരക്കില്‍പ്പെട്ട് ഒമ്പതോളം പേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന ഉദ്ധവ് വിഭാഗം നേതാവ് ആദിത്യ താക്കറെ. കഴിവുകെട്ട മന്ത്രിമാർ രാജ്യത്തെ നയിക്കുന്നത് ലജ്ജാകരമാണെന്ന് ആദിത്യ പറഞ്ഞു. റീൽ മന്ത്രി ഒരിക്കലെങ്കിലും റെയിൽവേ മന്ത്രി ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ ഗ്രീക്ക് ഓർത്തഡോക്സ് പള്ളിയുടെ നിർമ്മാണത്തിനായി ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ സ്ഥലം അനുവദിച്ചു. സീഫ് ഏരിയയിലാണ് പുതിയ പള്ളി നിർമ്മിക്കുക.മതസ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കുന്നതിലുള്ള രാജ്യത്തിന്‍റെ പ്രതിബദ്ധതയുടെയും വിവിധ വിശ്വാസങ്ങളിൽപ്പെട്ട ആളുകളിൽ പരസ്പര ബഹുമാനം നിലനിർത്തുന്ന സംസ്കാരം വളർത്തുന്നതിന്‍റെയും ഭാഗമാണ് ഈ തീരുമാനം.
മുംബൈ ബാന്ദ്ര ടെര്‍മിനല്‍ റെയില്‍വെ സ്റ്റേഷനിലുണ്ടായ തിരക്കില്‍പ്പെട്ട് ഒമ്പതോളം പേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന ഉദ്ധവ് വിഭാഗം നേതാവ് ആദിത്യ താക്കറെ. കഴിവുകെട്ട മന്ത്രിമാർ രാജ്യത്തെ നയിക്കുന്നത് ലജ്ജാകരമാണെന്ന് ആദിത്യ പറഞ്ഞു.
നിരന്തര കുറ്റവാളികള്‍ക്കെതിരെയുള്ള നിയമ നടപടികള്‍ കര്‍ശനമാക്കി എറണാകുളം റൂറല്‍ ജില്ലാ പോലീസ്. 2024 ഒക്ടോബര്‍മാസം വരെ വിവിധ കുറ്റകൃത്യങ്ങള്‍ ചെയ്ത 68 പേര്‍ക്കെതിരേ കാപ്പ നിയമ പ്രകാരം നടപടി സ്വീകരിച്ചിട്ടുണ്ട്. അതേസമയം, വരുംദിവസങ്ങളില്‍ കൂടുതല്‍ കുറ്റവാളികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേന പറഞ്ഞു.
വിശ്വാസികള്‍’ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെ പരിഹസിച്ച് ബി.ജെ.പി. ഡി.എം.കെയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് ആശംസകള്‍ അറിയിച്ചതിനൊപ്പമാണ് ഉദയനിധി സ്റ്റാലിൻ വിശ്വാസികള്‍ക്കും അത് ആഘോഷിക്കുന്നവര്‍ക്കും ദീപാവലി ആശംസകള്‍ നേര്‍ന്നത്.