മഹാരാഷ്ട്ര, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പും, കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളുടെ തീയതികളും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ പ്രഖ്യാപിച്ചു.കേരളത്തിൽ നവംബര്‍ 13 നു വയനാട്, ചേലക്കര, പാലക്കാട് എന്നിവിടങ്ങളിൽ ഉപതെരഞ്ഞെടുപ്പുകൾ നടത്തും. വോട്ടെണ്ണല്‍ നവംബര്‍ 23 നും നടത്തും.
സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പിന് എൽഡിഎഫ് സജ്ജമാണെന്ന് എൽഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണൻ. വൈകാതെ തന്നെ മൂന്നിടത്തും എൽഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു.എൽഡിഎഫ് യുദ്ധത്തിനൊരുങ്ങിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും മന്ത്രി എംബി രാജേഷും പറഞ്ഞു.വരും ദിവസങ്ങളിൽ ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകും.
ഉപതെരഞ്ഞെടുപ്പുതീയതി പ്രഖ്യാപിച്ചതിന് പിന്നാലെ സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കാൻ കോണ്‍ഗ്രസ്. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലും ചേലക്കരയിൽ രമ്യ ഹരിദാസുമായിരിക്കും സ്ഥാനാര്‍ത്ഥികളാകുക. വയനാട്ടിൽ സ്ഥാനാര്‍ത്ഥിയായി നേരത്തെ തന്നെ പ്രിയങ്ക ഗാന്ധിയെ തീരുമാനിച്ചിരുന്നു. സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവും ഉടനുണ്ടാകും.
സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പുകള്‍ക്കായി എന്‍ഡിഎ ഒരുങ്ങിയെന്ന് കെ സുരേന്ദ്രൻ . എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടികയിൽ ഒരോ മണ്ഡലത്തിലും മൂന്നുപേരുടെ പേരുകളാണ് പരിഗണനയിലുള്ളത്. അന്തിമ തീരുമാനം കേന്ദ്ര നേതൃത്വം എടുക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.സംസ്ഥാന നേതൃത്വം കൊടുത്ത ലിസ്റ്റിനു പുറത്തു നിന്നും സ്ഥാനാർഥി വരാമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.
സംസ്ഥാനത്ത് നവംബർ 13 ന് ഉപതെരഞ്ഞെടുപ്പ് നിശ്ചയിച്ചതിന് പിന്നാലെ പാലക്കാട്ടെ തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന ആവശ്യവുമായി കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും . നവംബർ 13 മുതൽ 15 വരെയുള്ള തീയ്യതികളിൽ വോട്ടെടുപ്പ് നടത്തരുതെന്നാണ് ആവശ്യം. കൽപ്പാത്തി രഥോത്സവം നടക്കുന്നത് ഈ തീയ്യതികളിലായതിനാൽ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നാണ് ആവശ്യം.
കേരളത്തിലെ ധനപ്രതിസന്ധിയുമായി ബന്ധപ്പെട്ട അടിയന്തിര പ്രമേയ ചർച്ചക്കിടെ എഡിഎമ്മിൻ്റെ മരണത്തിൽ മറുപടി ആവശ്യപ്പെട്ട് പ്രതിപക്ഷ ബഹളം. പിന്നാലെ സഭാ നടപടികൾ ബഹിഷ്കരിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. എഡിഎമ്മിന്റെ മരണത്തിൽ ധനമന്ത്രി മറുപടി പറയുന്നില്ലെന്ന് ആരോപിച്ചാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.
പ്രതിപക്ഷത്തിൻ്റെ അനാവശ്യമായ ബഹളം അംഗങ്ങൾ എല്ലാവരും നാട്ടിലേക്ക് മടങ്ങാൻ ട്രെയിൻ ടിക്കറ്റ് എടുത്തത് കൊണ്ടാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. പ്രതിപക്ഷം സ്വന്തം അടിയന്തര പ്രമേയത്തിൽ നിന്ന് ഒളിച്ചോടുന്നത് രണ്ടാം തവണയെന്ന് മന്ത്രി രാജീവും കുറ്റപ്പെടുത്തി. ട്രെയിനിന്റെ സമയം അനുസരിച്ച് സഭ ബഹിഷ്കരിക്കുന്നത് ശരിയല്ലെന്ന് എംബി രാജേഷും വ്യക്തമാക്കി.
ചരിത്രത്തിലില്ലാത്ത വിധം ധന പ്രതിസന്ധിയാണ് സംസ്ഥാനം അഭിമുഖീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നിയമസഭയിൽ അടിയന്തിര പ്രമേയ ചർച്ചയിലാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. മന്ത്രിമാരും വകുപ്പുകളും പോലും പ്രതിസന്ധിയിലാണെന്നും ഒന്നും ചെയ്യാനാകാത്ത അവസ്ഥയാണെന്നും ട്രഷറിയിൽ ഒന്നുമില്ലെന്നും ഒരു ലക്ഷം രൂപയുടെ ബില്ല് പോലും ട്രഷറിയിൽ പാസാകുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.
സംസാര, ഭാഷാ വൈകല്യങ്ങൾ എംബിബിഎസ് പ്രവേശനത്തിന് തടസമാകില്ലെന്ന് സുപ്രീം കോടതി. സംസാര, ഭാഷാ വൈകല്യങ്ങളുള്ളവരെ ഡിസെബിലിറ്റി അസസ്മെൻ്റ് ബോർഡിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും ഇനി എംബിബിഎസ് കോഴ്സിൽ നിന്നും അയോഗ്യരാക്കുക . നേരത്തെ, 40 ശതമാനത്തിലധികം സംസാര, ഭാഷാ വൈകല്യങ്ങളുള്ളവരെ എംബിബിഎസ് പ്രവേശനത്തിൽ നിന്നും വിലക്കിയിരുന്ന 1997ലെ ഗ്രാജ്വേറ്റ് മെഡിക്കൽ എഡ്യൂക്കേഷൻ റെഗുലേഷനിലെ നിയമം റദ്ദാക്കുകയായിരുന്നു സുപ്രീം കോടതി.
എഡിഎം നവീൻ ബാബുവിന്റെ മരണം ദൗര്‍ഭാഗ്യകരവും അപ്രതീക്ഷിതവുമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ്. അഴിമതിക്കെതിരായ സദുദ്ദേശപരമായ വിമർശനമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ നടത്തിയതെന്നും, എന്നാൽ പറഞ്ഞ രീതി ഒഴിവാക്കേണ്ടിയിരുന്നതായിരുന്നുവെന്നുമാണ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തൽ.
കണ്ണൂരിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ എഡിഎം നവീൻ ബാബുവിൽ നിന്ന് ഇന്നലെ വിജിലൻസ് മൊഴിയെടുത്തതായി വിവരം. കണ്ണൂരിലെ ഓഫീസിലെത്തിയാണ് വിജിലൻസ് ഡിവൈഎസ്പി വിവരങ്ങൾ അന്വേഷിച്ചത്.പെട്രോൾ പമ്പിന് അനുമതി നൽകാൻ കൈക്കൂലി വാങ്ങിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പ്രാഥമിക പരിശോധനയാണ് നടത്തിയതെന്ന് വിജിലൻസ് അധികൃതർ പറയുന്നു.
കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തിൽ പ്രതിഷേധിച്ച് നാളെ മലയാലപ്പുഴ ഗ്രാമപഞ്ചായത്തിൽ കോണ്‍ഗ്രസ് ഹര്‍ത്താൽ . നാളെ രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഹര്‍ത്താലിൽ നിന്ന് ഒഴിവാക്കി.അതേസമയം കണ്ണൂർ എഡിഎം കെ നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച് കണ്ണൂര്‍ ജില്ലാ കളക്ടർ റവന്യു വകുപ്പ് മന്ത്രിക്ക് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു.
ധിക്കാരത്തിന്റേയും ധാര്‍ഷ്ട്യത്തിന്റേയും ആള്‍രൂപമായ പി.പി. ദിവ്യ ഒരു മനുഷ്യനെ പച്ചയായി കൊന്നിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍.കണ്ണൂര്‍ എഡിഎം കെ. നവീന്‍ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ഈ പെട്രോള്‍ പമ്പ് പി.പി. ദിവ്യയുടെ തന്നെ കുടുംബത്തിന്റെ ബിനാമിയുടേതാണോ എന്ന് സംശയമുണ്ട്. അതുകൊണ്ടാണ് അവര്‍ ഇതില്‍ ഇത്രയും വാശി കാണിച്ചതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
കണ്ണൂർ എഡിഎം കെ നവീന്‍ ബാബു മരണപ്പെട്ട സംഭവത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യക്ക് പിന്തുണയുമായി സിപിഎം നേതാവ് ജെയ്ക്ക് സി തോമസ്.ആരോപണം ഉന്നയിച്ചു എന്നതിന്റെ പേരില്‍ ഒരാളുടെ രാഷ്ട്രീയ ജീവിതം പകരം എടുക്കാന്‍ അനുവദിക്കില്ല. സംരംഭകന്‍ കൈക്കൂലി കൊടുത്തു എന്ന വിവരം കൂടി പുറത്തുവരുന്നുണ്ട്. വസ്തുതകള്‍ പുറത്തുവരട്ടെയെന്നും ജെയ്ക്ക് കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 131 പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഭൂരിഭാഗവും കടുത്ത നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് സിഎജി റിപ്പോര്‍ട്ട്. നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങളുടെ സഞ്ചിത നഷ്ടം 18,026.49 കോടിയാണെന്ന് നിയമസഭയില്‍ വെച്ച 2022-23ലെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
പാലാരിവട്ടം മേല്‍പാലം നിര്‍മിച്ച കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പെടുത്തിയ സര്‍ക്കാര്‍ നടപടി റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്ക് എതിരായ ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ് അയച്ചു. നിര്‍മാണ കമ്പനിയായ ആര്‍ഡിഎസ് പ്രോജക്ടിനെ കരിമ്പട്ടികയില്‍ പെടുത്തിയ സംസ്ഥാന സര്‍ക്കാര്‍ നടപടി ആണ് കേരള ഹൈക്കോടതി റദ്ദാക്കിയത്.
ദേവികുളം കുറിഞ്ഞി സങ്കേതവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഹരിക്കുന്നതിന് റവന്യൂ, ഫോറസ്റ്റ്, സർവ്വെ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചുകൊണ്ട് സ്ഥലം എം.എൽ.എയുടെ സാന്നിധ്യത്തിൽ അടിയന്തരമായി യോഗം വിളിച്ചു ചേർക്കുമെന്ന് റവന്യുവകുപ്പ് മന്ത്രി കെ. രാജൻ.കൂടാതെ സങ്കേതത്തിന്‍റെ അതിരുകൾ തിട്ടപ്പെടുത്തതിന് പ്രസ്തുത വില്ലേജുകളിൽ ഡിജിറ്റൽ സർവേ നടത്തുന്ന കാര്യവും സർക്കാരിൻറെ പരിഗണനയിലാണെന്നും നിയമസഭയിൽ എ രാജ എം.എൽ.എയുടെ സബ്മിഷന് മറുപടിയായി റവന്യൂ മന്ത്രി പറഞ്ഞു.
രോഗം മൂര്‍ഛിച്ചതിനെ തുടർന്ന് പി ഡി പി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനിയെ എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിശദമായ പരിശോധനക്ക് ശേഷം മഅ്ദനിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നടന്‍ ശ്രീനാഥ് ഭാസിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. മട്ടാഞ്ചേരി സ്വദേശിയായ ബൈക്ക് യാത്രക്കാരനെ കാറിടിച്ച ശേഷം നിര്‍ത്താതെ പോയ സംഭവത്തിലാണ് എറണാകുളം ആര്‍ ടി ഒ യുടെ നടപടി. ഒരു മാസത്തേക്കാണ് ശ്രീനാഥ് ഭാസിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്.
തിരുവനന്തപുരം കരവാരം പഞ്ചായത്തിൽ ബിജെപിക്ക് ഭരണം നഷ്ടമായി. എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഇന്നത്തെ കൗൺസിലിൽ പാസായതോടെയാണ് ഭരണം നഷ്ടമായത്. പഞ്ചായത്തിലെ ഒരു കോൺഗ്രസ് അംഗവും രണ്ട് എസ്‌ഡിപിഐ അംഗങ്ങളും അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചതോടെ ബിജെപി അംഗം വി ഷിബുലാലിൻ്റെ പ്രസിഡൻ്റ് സ്ഥാനം നഷ്ടമായി.
തൂണേരി ഷിബിൻ വധക്കേസിൽ മുസ്‌ലിം ലീഗ് പ്രവർത്തകരായ ആറ് പ്രതികൾക്ക് ജീവപര്യന്തം തടവ് . ഡിവൈഎഫ്ഐ പ്രവർത്തകനായ 19 വയസുകാരൻ ഷിബിനെ വടകരയിലെ തൂണേരിയിൽ വച്ച് കൊലപ്പെടുത്തിയ കേസിലാണ് വിധി. ഒന്ന് മുതൽ നാല് വരെ പ്രതികൾക്കും 15, 16 പ്രതികൾക്കുമാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. അഞ്ച് ലക്ഷം രൂപ ഷിബിൻ്റെ മാതാപിതാക്കൾക്ക് പ്രതികൾ നൽകാനും കോടതി വിധിച്ചു.
ട്രെയിനിൽ ദമ്പതികളെ ബോധം കെടുത്തിയുള്ള കവർച്ചയില്‍ ശാസ്ത്രീയ പരിശോധനകൾ തുടരുന്നു. മയക്കുമരുന്ന് കലർത്തിയെന്ന് കരുതുന്ന ഫ്ലാസ്ക്കിലെ വെള്ളം ശാസ്ത്രീയ പരിശോധനയ്ക്കായി റെയിൽവേ പൊലീസ് സംഘം കൊണ്ടുപോയി. തമിഴ്നാട്ടിലെ ഹുസൂരിലെ ദമ്പതികളുടെ വീട്ടിലെത്തി പൊലീസ് സംഘം മൊഴിയെടുത്തു.സ്വർണവും പണവുമെല്ലാം കൂടെ യാത്ര ചെയ്തിരുന്നയാൾ മോഷ്ടിച്ചുവെന്നാണ് നിഗമനം.
സംസ്ഥാനത്ത് രണ്ട് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തീരപ്രദേശങ്ങളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു.കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഉത്തർപ്രദേശിലെ ബഹറൈച്ചിൽ കനത്ത ജാഗ്രത .രണ്ടു വിഭാഗങ്ങൾക്കിടയിൽ സംഘർഷമുണ്ടായ ഉത്തർപ്രദേശിലെ ബഹറൈച്ചിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും സംസ്ഥാന ആഭ്യന്തര സെക്രട്ടറിയും ക്യാംപ് ചെയ്യുകയാണ്. സംഘർഷത്തിൽ കൊല്ലപ്പെട്ട രാംഗോപാല്‍ മിശ്രയുടെ കുടുംബം യുപി പൊലീസിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചു.ബഹ്റൈച്ചില്‍ ദുര്‍ഗ്ഗാ പൂജാ ഘോഷയാത്രയ്ക്കിടെയാണ് രണ്ട് വിഭാഗങ്ങൾക്കിടയിൽ സംഘർഷം നടന്നത്.
എട്ട് അവശ്യ മരുന്നുകളുടെ വില കൂട്ടാൻ അനുമതി നൽകി നാഷണൽ ഫാർമസ്യൂട്ടിക്കൽസ് പ്രൈസിംഗ് അതോറിറ്റി. ആസ്ത്മ, ക്ഷയം മാനസികാരോഗ്യം, ഗ്ലൂക്കോമ ഉൾപ്പെടെയുള്ള അസുഖങ്ങളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളുടെ വില കൂട്ടാനാണ് അനുവാദം നൽകിയിരിക്കുന്നത്. ഈ മരുന്നുകളുടെ വില 50 ശതമാനം വരെ ഉയരും. വില വർധിപ്പിക്കാൻ മരുന്ന് നിർമ്മാതാക്കളിൽ നിന്ന് എൻപിപിഎയ്ക്ക് അപേക്ഷകൾ ലഭിച്ചതിനെ തുടർന്നാണ് മരുന്നുകളുടെ വില ഉയർത്താനുള്ള നടപടി സ്വീകരിച്ചത്.
പ്രതിരോധ സേനകൾക്കായി 31 പ്രിഡേറ്റർ ഡ്രോണുകൾ വാങ്ങുന്നതിനുള്ള കരാറിൽ ഇന്ത്യയും അമേരിക്കയും ഒപ്പുവെച്ചു . 32,000 കോടി രൂപയുടെ കരാറിലാണ് ഇരുരാജ്യങ്ങളും ഏർപ്പെട്ടിരിക്കുന്നത്. മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള കരാർ ഒപ്പിട്ടതെന്ന് പ്രതിരോധ ഉദ്യോഗസ്ഥർ അറിയിച്ചു.
മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദിഖി വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ ഒരാളെക്കൂടി അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് സ്വദേശിയായ ഹരീഷ് കുമാർ ബാലക് രാമിനെയാണ് അറസ്റ്റ് ചെയ്തത്. ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിന്റെ ഗൂഢാലോചന നടന്നത് ഇയാളുടെ നേതൃത്വത്തിലാണെന്നും കൊലപാതകികൾക്ക് പണം നൽകിയത് ഇയാളാണെന്നും പോലീസ് വ്യക്തമാക്കുന്നു.
ബോംബ് ഭീഷണിയെ തുടർന്ന് എയർ ഇന്ത്യയുടെ ദില്ലി – ചിക്കാഗോ വിമാനം കാനഡ ഇഖാലൂട് വിമാനത്താവളത്തിൽ ഇറക്കി. എഐ 127 നമ്പർ വിമാനത്തിലാണ് ബോംബ് ഭീഷണി ഉണ്ടായത്. യാത്രക്കാരെയും വിമാനവും സുരക്ഷാ മാനദണ്ഡ പ്രകാരം പരിശോധിച്ചെന്നും യാത്രക്കാരെ വിമാനത്താവളത്തിലേക്ക് മാറ്റിയെന്നും എയർ ഇന്ത്യ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ബെംഗളൂരു നഗരത്തിൽ കനത്ത മഴ. നഗരത്തിലെ ഹെബ്ബാൾ, ഇലക്ട്രോണിക് സിറ്റി, ഔട്ടർ റിങ് റോഡ്, ശേഷാദ്രിപുരം, മാരത്തഹള്ളി, സഞ്ജയ് നഗര, മഹാദേവപുര എന്നിവിടങ്ങളിൽ റോഡുകൾ വെള്ളത്തിൽ മുങ്ങി. ഇന്ന് വൈകിട്ടോടെയാണ് മഴ ശക്തമായത്.മൈസുരു- ബംഗളുരു ഹൈവേയിൽ യാത്ര ചെയ്യുന്നവർക്ക് ജാഗ്രതാ നിർദേശവും പുറത്തിറക്കിയിട്ടുണ്ട്.